Sunday, 23 October 2011

ലിബിയന്‍ വിപ്ളവം

താജ് ആലുവ
http://www.madhyamam.com/news/127476/111022


അറബുവസന്തത്തിലേക്ക് ഒരു ലിബിയന്‍ പുഷ്പം കൂടി. ഈ പുഷ്പത്തിന് പക്ഷേ, രക്തത്തിന്റെ മണം അല്‍പം കൂടി എന്നുമാത്രം. തുനീഷ്യയില്‍ മുല്ലപ്പൂവിന്റെ സുഗന്ധമായി തുടങ്ങി, ഈജിപ്തില്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് ലിബിയയില്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ ബലത്തില്‍ ഏകാധിപതികളെ കടപുഴക്കിയ പുതിയ ജനകീയ വിപ്ളവത്തിന്റെ അടുത്തവേദി ഏതെന്നുമാത്രമേ ഇപ്പോള്‍ സംശയമുള്ളൂ. അത് സിറിയ ആയാലും യമന്‍ ആയാലും ശരി ഒരു കാര്യം ഉറപ്പിക്കാം; സാധാരണ പൗരസഞ്ചയത്തിന്റെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിനുമുന്നില്‍ സ്വേച്ഛാധിപതികളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
അവസാനത്തെ ‘ലിബിയന്‍ പൗരന്‍’ മരിച്ചുവീഴുന്നതുവരെയും ഒടുവിലത്തെ വെടിയുണ്ട തീരുന്നതുവരെയും പോരാടിനില്‍ക്കുമെന്ന് വീരവാദം മുഴക്കിയ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിയെ മാത്രമേ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും നാലുപതിറ്റാണ്ട് തങ്ങളെ അടിച്ചമര്‍ത്തിയ ഖദ്ദാഫിയെയും അയാളുടെ ചാരത്തലവനടക്കമുള്ള കൂട്ടാളികളെയും ഇല്ലാതാക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ് ലിബിയന്‍ ജനത. കഴിഞ്ഞ ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി കീഴടക്കിയശേഷം ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ അയാളുടെ സൈന്യം നടത്തിയ ചെറുത്തുനില്‍പും അവസാനിച്ചതില്‍ മതിമറന്നാഹ്ളാദിക്കുകയാണ് അവരിപ്പോള്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചിതരാകാന്‍ ആഗ്രഹിച്ച യുവതയുടെ അടിയുറച്ച സ്വാതന്ത്ര്യവാഞ്ഛയുടെയും ത്യാഗപൂര്‍ണമായ സമരപോരാട്ടത്തിന്റെയും സ്വാഭാവിക പരിണാമമാണ് ലിബിയന്‍ ജനതയുടെ ഈ വിജയമെന്ന് പറയാം.
കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ 42 വര്‍ഷംനീണ്ട ഏകാധിപത്യത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ബഹുജനപ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തിനിന്ന സന്ദര്‍ഭത്തിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ് ആ നാവില്‍നിന്നുതിര്‍ന്നുവീണുകൊണ്ടിരുന്നത്. വിചിത്രമായ വേഷവിധാനവും അമ്പരപ്പിക്കുന്ന സ്വഭാവചേഷ്ടകളുമായി അറബ് ലോകത്തും അന്താരാഷ്ട്ര വേദികളിലും പ്രത്യക്ഷപ്പെട്ട ഈ വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരിയെന്നതിനെക്കാളുപരി കോമാളിയായിരുന്നു. അവസാനം, നാറ്റോയടക്കമുള്ള അന്താരാഷ്ട്ര സേനകളുടെയും ജനകീയ പോരാളികളുടെയും ശക്തമായ നിരീക്ഷണവലയത്തിലായിരുന്നതിനാല്‍ ലിബിയ വിട്ടുപോകാന്‍ സാധിക്കാതെ, സിര്‍ത്തിലെ പഴയ കെട്ടിടങ്ങളിലൊന്നില്‍ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയ ഖദ്ദാഫിയുടെ കാര്യത്തില്‍ വിധിയുടെ കാവ്യനീതിയാണ് പുലര്‍ന്നത്! സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്വന്തം ജനതയെ എലികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ലിബിയയുടെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി ഈ എലികളെ വാലുപൊക്കി എറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാള്‍ക്കുതന്നെ ചുണ്ടെലിയെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കേണ്ടിവരുകയും മരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തു. ഒരുകാലത്ത് ബെനിറ്റോ മുസോളിനി നേതൃത്വം കൊടുത്ത ഇറ്റാലിയന്‍ സാമ്രാജ്യത്വദാഹത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയായ ലിബിയന്‍ ജനതയെയും അവരുടെ സമ്പത്തിനെയും അതേ ഇറ്റലിയുടെ നവകോര്‍പറേറ്റ് സാമ്രാജ്യാധിപതി സില്‍വിയോ ബെര്‍ലുസ്കോനിയുടെ ആലയില്‍ കൊണ്ടുപോയിക്കെട്ടിയ ഖദ്ദാഫിക്ക് ലിബിയന്‍ സ്വാതന്ത്ര്യപോരാളി ഉമര്‍ മുഖ്താറിന്റെ പിന്‍ഗാമികള്‍ നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയായി ഈ വിജയത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. അയല്‍ രാജ്യങ്ങളില്‍ നിന്നും മധേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ നിന്നും ഇറക്കുമതിചെയ്ത കൂലിപ്പട്ടാളമായിരുന്നു പലപ്പോഴും സ്വന്തം ജനതയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഖദ്ദാഫിയും മകന്‍ സൈഫുല്‍ ഇസ്ലാമും ലിബിയന്‍ ചാരവലയത്തിന്റെ തലവനായിരുന്ന അബ്ദുല്ല സനൂസിയും ഉപയോഗിച്ചിരുന്നത്. ആഴ്ചക്ക് 10,000 യൂറോ വരെ ആയിരുന്നത്രെ അവരില്‍ ചിലരുടെ കൂലി! വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഈ ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഖദ്ദാഫിക്ക് പ്രത്യുപകാരം ചെയ്തത്‌ കൂലിപ്പട്ടാളത്തെ സപ്ലൈ ചെയ്തുകൊണ്ടാണ്. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി തികഞ്ഞ ആത്മധൈര്യത്തോടെയും ശക്തമായ മനോദാര്‍ഡ്യത്തോടെയും പോരാടിയ 'ഫെബ്രുവരി 17' എന്ന വിപ്ലവസംഘത്തിന് അവരുടെ ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും ഫലം കൊയ്യാന്‍ സാധിച്ചു. ബെന്‍ഗാസിയില്‍ നിന്ന് തുടങ്ങി ട്രിപ്പോളിയിലൂടെ കടന്ന് സി൪ത്തില്‍ അവസാനിച്ച ഈ പ്രയാണത്തിനിടയില്‍ 8000-ല്‍ പരം രക്തസാക്ഷികളെ അവര്‍ക്ക് ബലികഴിക്കേണ്ടി വന്നുവെങ്കിലും, കൃത്യമായ ആസൂത്രണവും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും അവരെ അന്തിമ വിജയത്തിന് സഹായിച്ചു.
വിപ്ലവം വിജയിച്ചുനില്‍ക്കുമ്പോഴും അതിന് മുന്നിലുള്ള വെല്ലുവിളികള്‍ ചില്ലറയല്ലയെന്നതും വാസ്തവമാണ്. മുസ്തഫ അബ്ദുല്‍ ജലീല്‍ എന്ന പഴയ നീതിന്യായ മന്ത്രിയുടെ കീഴിലുള്ള നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ മേധാവിയുടെ ജോലി ഏറെ ഭാരിച്ചതാണെന്ന് ചുരുക്കം. മുമ്പ് ഖദ്ദാഫി ഭരണകൂടത്തിന്റെ ഭാഗമായിരുന്നെങ്കിലും നീതിന്യായ മന്ത്രിയായിരിക്കുമ്പോഴും അതിന് മുമ്പ് ജഡ്ജിയുടെ പദവി വഹിച്ചിരുന്നപ്പോഴും ഖദ്ദാഫിയുടെ രീതികളെയും അതിന്റെ ആളുകളെയും വിമര്‍ശിച്ചിരുന്ന ആളെന്ന് നിലക്ക്, ഇസ്ലാമിസ്റ്റുകളും ലിബറലുകളും മതേതരവിശ്വാസക്കാരുമൊക്കെയുള്ള പ്രതിപക്ഷത്തെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. താന്‍ നേതൃത്വം നല്‍കുന്ന ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ലിബിയ ഭരിക്കാനില്ലെന്നും ഭരണാധികാരികളെ ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, കഴിഞ്ഞ നാല് ദശകങ്ങളായി ജനാധിപത്യം പരിചയമില്ലാത്ത ഒരു സമൂഹത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നതും പെട്ടെന്ന് ആയുധം കൈയില്‍ക്കിട്ടിയ പലതരം സ്വഭാവസവിശേഷതകളുള്ള വിവിധ ഗോത്രവര്‍ഗങ്ങളില്‍ നിന്ന് അത് തിരിച്ചുവാങ്ങി രാജ്യം മുഴുവന്‍ ക്രമസമാധാനം നിലനിറുത്തുകയെന്നതുമൊക്കെ കൗണ്‍സിലിന് മുന്നിലുള്ള വെല്ലുവിളികളായി അവശേഷിക്കും.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു ഇതുവരെ. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഈ സന്പത്ത് കണ്ടെടുക്കുകയെന്നതും അത് ജനോപകാരപ്രദമായ പദ്ധതികളിലേക്ക് തിരിച്ചു വിടുകയെന്നതും പുതിയ ഗവണ്‍മെന്റിന് മുന്നിലുള്ള വെല്ലുവിളിയാണ്.
നാറ്റോ നല്‍കിയ സൈനിക സഹായം വിപ്ലവകാരികള്‍ക്ക് ബാധ്യതയായി അവശേഷിക്കും. പ്രത്യേകിച്ച് ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് പോരാളികള്‍ക്ക് ആയുധം നല്‍കിയതും അവരെ പരിശീലിപ്പിച്ചതും പലിശയടക്കം തിരിച്ചുവാങ്ങാന്‍ അവര്‍ ഒരുങ്ങിയാല്‍ കുഴങ്ങുന്നത് പുതിയ ഭരണകൂടമായിരിക്കും. ലോകം വളര്‍ന്നുവലുതായിട്ടും ദശകങ്ങളായി പുരോഗതിയുടെ അരികിലൂടെ പോലും കടന്നുപോകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതിരുന്ന ലിബിയന്‍ ജനതയെ ഒരു ക്ഷേമരാഷ്ട്രത്തിലേക്ക് കൈപിടിച്ച് നയിക്കുകയെന്ന നിയോഗം ഇതിനിടയില്‍ എങ്ങിനെ ബാഹ്യസമ്മര്‍ദ്ദമില്ലാതെ സാധ്യമാകുമെന്നതും പ്രശ്നമാണ്. സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുടെ പൂര്‍ണമായ അഭാവത്തില്‍ വളര്‍ന്നുവന്ന ഒരു ജനതയെ ഏകോപിപ്പിക്കുകയെന്നതും ശക്തമായ ഒരു സിവില്‍ സൊസൈറ്റിയെ വളര്‍ത്തിക്കൊണ്ടുവരികയെന്നതും ഏറെക്കാലം പുതിയ ഭരണാധികാരികളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍ വളരെ ഫ്ലെക്സിബിളാണ് ലിബിയന്‍ ജനതയെന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. എണ്ണം പറഞ്ഞ ഈ സൈനികവിജയത്തിനിടയിലും തീരെ അഹങ്കരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലായെന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് ശേഷം നടക്കുമായിരുന്ന കൂട്ടപ്രതികാരമോ തടവുകാരോടുള്ള അപമാനമോ ഇതുവരെ സംഭവിച്ചിട്ടില്ല. സൈഫുല്‍ ഇസ്ലാമിന് പുറമെ ഖദ്ദാഫിയുടെ മറ്റൊരു മകനായ മുഹമ്മദ് ഖദ്ദാഫിയെയും തടവുകാരനാക്കിയിട്ടുണ്ടെങ്കിലും ഇരുവരെയും വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. ശത്രുപക്ഷത്ത് നിന്ന് കഴിഞ്ഞ എട്ടുമാസക്കാലയളവില്‍ കൂട്ടക്കൊലകള്‍ക്ക് നേരിട്ടുകാരണക്കാരാകാത്ത എല്ലാവര്‍ക്കും പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ലിബിയയുടെ ഭാവിഭരണാധികാരി ആരായാലും ഒരുകാര്യം ഉറപ്പിക്കാം: ജനങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിമാറ്റി ഇനിയും മുന്നോട്ടുപോകാന്‍ ലിബിയയിലെന്നല്ല അറബ് ലോകത്തെവിടെയും സാധ്യമല്ല. ജനങ്ങളുടെ പേടി മാറിക്കഴിഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തി കാലാകാലം തനിക്കും പിന്നെ അവരുടെ മക്കള്‍ക്കും അടുത്ത തലമുറക്കും കുടുംബസ്വത്തായി കൈകാര്യം ചെയ്യാന്‍ പൊതുജനത്തെ കിട്ടില്ലെന്ന് തുനീഷ്യക്കും ഈജിപ്തിനും ശേഷം ലിബിയയും തെളിയിച്ചു കഴിഞ്ഞു. സിറിയയില്‍ ബശ്ശാറുല്‍ അസദും യമനില്‍ അലി അബ്ദുല്ല സ്വാലിഹും ചെവി തുറന്ന് പിടിച്ചിട്ടുണ്ടോ ആവോ?
tajaluva@gmail.com