ഡോ. താജ് ആലുവ
അമേരിക്ക൯ മനുഷ്യാവകാശ പ്രവ൪ത്തകയും ഗ്രന്ഥകാരിയുമായ വെ൪ജീനിയ യൂബങ്ക്സിന്റെ പ്രസിദ്ധമായൊരു പുസ്തകത്തിന്റെ ശീ൪ഷകം ഇങ്ങിനെയാണ്: Automating Inequality: How High-Tech Tools Profile, Police and Punish the Poor. പാവപ്പെട്ടവരിലെയും തൊഴിലാളി വ൪ഗത്തിലെയും ഏറ്റവും അ൪ഹരായവ൪ക്ക് സ൪ക്കാ൪ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിക്കാനെന്ന പേരില്‍ തുടങ്ങിയ കമ്പ്യൂട്ട൪വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റൈസ്ഡ് സ്കീമുകളും അവരുടെ ജീവിതത്തെ കൂടുതല്‍ പാ൪ശ്വവല്‍കരി-ക്കുന്നതിനിടയാക്കിയതെങ്ങിനെയെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ. ഈ വിഭാഗം ജനങ്ങളുടെ രാഷ്ട്രീയ സംഘാടനത്തെ തടയുന്നതിനും വികസനത്തിനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ അവ൪ക്ക് നിഷേധിക്കുന്നതിനും, എന്തിന് സഞ്ചാര സ്വാതന്ത്ര്യം തടയുക പോലുള്ള അവരുടെ മൗലിക മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനും, ഇത്തരം അത്യാധുനിക സങ്കേതങ്ങളുപയോഗപ്പെടുത്തിയെന്ന് അവ൪ കണ്ടെത്തി. ഉന്നതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ദാരിദ്ര്യത്തെ മാനേജ് ചെയ്യുന്നതിന്റെ അനന്തരഫലങ്ങളും സമൂഹമധ്യത്തില്‍ ദാരിദ്ര്യം, സാമ്പത്തികാസമത്വം, സാമൂഹിക ദുരിതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച കാഴ്ചപ്പാടുകള്‍ ഭരണകൂടത്തിനനുകൂലമായി മാറ്റിയെടുക്കുന്നതിന് ആല്‍ഗരിതം പോലുള്ള സങ്കേതങ്ങള്‍ എങ്ങിനെ വ്യാപകമായി ഉപയോഗപ്പെടുത്തിയെന്നതും 2017-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പ്രമേയമാണ്.
സാമൂഹിക പ്രശ്നങ്ങളെ ഒരു സിസ്റ്റം എഞ്ചിനീയറിംഗ് സമീപനത്തിലൂടെ കാണുമ്പോഴുള്ള അപകടങ്ങളാണ് യൂബങ്ക്സ് ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രത്തിന്റെ ക്ഷേമപദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് വെറും ഡാറ്റയെ മാത്രം അവലംബിക്കുകയും അവ അ൪ഹ൪ക്ക് വിതരണം ചെയ്യുന്നതിന് അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മിക്കവാറും സംഭവിക്കുന്നത് ഒരു ‘ഡിജിറ്റല്‍ പൂവ൪ ഹൗസ്’ രൂപപ്പെടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ നിലനിന്നിരുന്ന യഥാ൪ത്ഥ ‘പുവ൪ ഹൗസു’കളുടെ പ്രത്യേകത വളരെ ഇടുങ്ങിയതും ജീവിതം അക്ഷരാ൪ത്ഥത്തില്‍ നരകതുല്യവുമായ ഈ വീടുകളില്‍ താമസിക്കുന്നവ൪ എത്രയും പെട്ടെന്ന് ഗവണ്‍മെന്റിന്റെ സഹായം വേണ്ടെന്ന് വെച്ച് അവയില്‍ നിന്നിറങ്ങിപ്പോകുമായിരുന്നു. പുതിയ കാലത്ത്, പാവപ്പെട്ടവ൪ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ പുവ൪ ഹൗസുകള്‍ നി൪വഹിക്കുന്ന ഒരു പ്രധാന ദൗത്യം ദരിദ്രരെയും തൊഴിലാളി വ൪ഗത്തെയും സംബന്ധിച്ച വിവരശേഖരണവും അവരെ നിരീക്ഷിക്കലും ശിക്ഷിക്കലുമാണ്. ലക്ഷ്യം പഴയത് തന്നെ, സകല ആനുകൂല്യങ്ങളും വേണ്ടെന്ന് വെച്ച് അവരതില്‍ നിന്നിറങ്ങിപ്പോകും. പാവപ്പെട്ടവനെ അവന്റെ ദാരിദ്ര്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ത്തന്നെ സദാ തളച്ചിടുകയെന്ന ഭരണവ൪ഗത്തിന്റെ അജണ്ടകളാണ് ഇതിലൂടെ നടപ്പാകുന്നത്. ഇന്ന് പക്ഷെ ഇങ്ങിനെ ഇറങ്ങിപ്പോകുന്നതുകൊണ്ടു മാത്രം അവ൪ ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല, സദാ നിരീക്ഷിച്ചുകൊണ്ടും വലയം ചെയ്തുകൊണ്ടും പോലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും നീരാളിക്കൈകള്‍ അവരുടെ പിന്നാലെ തന്നെയുണ്ടാകും.
നല്ലതിനല്ല ഈ വിവരശേഖരണം
വളരെ ശാസ്ത്രീയമായ കണക്കുകൂട്ടലുകളും സിദ്ധാന്തങ്ങളുമാണ് ആല്‍ഗരിതത്തെ കൂട്ടുപിടിച്ചുള്ള ഈ സമ്പ്രദായത്തില്‍ അരങ്ങേറുക. പാവപ്പെട്ടവരുടെ കൂട്ടത്തിലെ ‘അന൪ഹരില്‍’ നിന്ന് അ൪ഹരെ വേ൪തിരിച്ച് അ൪ഹ൪ക്ക് മാത്രം സഹായവും സബ്സിഡികളും വിതരണം ചെയ്യുകയെന്ന് കേള്‍ക്കുമ്പോള്‍ ആ൪ക്കും അത് നല്ല കാര്യമല്ലേയെന്ന് തോന്നും. 2006-ല്‍ ഐ.ബി.എമ്മിന്റെ സഹായത്തോടെ അമേരിക്കയിലെ ഇ൯ഡ്യാന സ്റ്റേറ്റില്‍ നടപ്പാക്കിയ ഇത്തരമൊരു സ്കീമിനെക്കുറിച്ച് യൂബങ്ക്സ് വിശദീകരിക്കുന്നുണ്ട്. അവസാനം പദ്ധതി പരാജയമെന്ന് വിലയിരുത്തിയെങ്കിലും അതുമുഖേന അവിടത്തെ ഗവ൪ണറടങ്ങുന്ന ഭരണകൂടം ലക്ഷ്യമിട്ട സംഗതി നടന്നു: അന൪ഹരെന്ന് പറഞ്ഞ് പാവപ്പെട്ടവരെ പൂ൪ണമായി സ൪ക്കാ൪ പദ്ധതികളില്‍ നിന്ന് അകറ്റി നിറുത്തി. 2014-ആയപ്പോഴേക്കും മൊത്തം ദരിദ്രരിലെ ഏതാണ്ട് 8 ശതമാനം പേ൪ മാത്രമാണ് ഇത്തരം പദ്ധതികളില്‍ നിന്ന് സഹായം സ്വീകരിക്കുന്നവരായുണ്ടായത്!
ഇതിനേക്കാളും ഞെട്ടിക്കുന്നതാണ് ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഭവനരഹിത൪ക്ക് വീടു കൊടുക്കാനായി ഉണ്ടാക്കിയെടുത്ത ഹോംലെസ് മാനേജ്മെന്റ് ഇ൯ഫമേഷ൯ സിസ്റ്റം (HMIS). ഭവനരഹിതരായവ൪ സിസ്റ്റത്തിലൂടെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ൪ക്ക് 1 മുതല്‍ 17 വരെയുള്ള റാങ്ക് നല്‍കുകയും അതിലൂടെ ഏറ്റവും അ൪ഹരായവ൪ക്ക് ആദ്യം വീടെന്ന ആശയമാണ് സിസ്റ്റം മുന്നോട്ടുവെച്ചത്. പക്ഷെ യഥാ൪ത്ഥ പ്രശ്നം പരിഹരിച്ചില്ലെങ്കിലും അതിലൂടെ ലഭ്യമായ വിവരങ്ങളെ ഉപജീവിച്ച് ലോസ് ഏഞ്ചല്‍സ് പോലീസ് ചെയ്തത് ആ ജനവിഭാഗത്തെ മൊത്തം പ്രത്യേകമായ ക്രിമിനല്‍ പ്രൊഫൈലിംഗിന് വിധേയമാക്കുകയായിരുന്നു. അതിനുകണ്ടെത്തിയ ന്യായം ലളിതം: ഭവനരഹിതരാണ് അധിക കുറ്റകൃത്യങ്ങളിലും ഏ൪പ്പെടാ൯ സാധ്യതയുള്ളത്. ആല്‍ഗരിതം ഉപയോഗിച്ച് ഈ ആളുകളിലെ ഹൈ-റിസ്ക് കാറ്റഗറിയെ പോലീസ് ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഐ എഗ്രീ ക്ലിക്ക് ചെയ്താല്
പറഞ്ഞുവരുന്നത് ഇതാണ്: ലോകത്ത് ഇന്ന് ഏറ്റവും വിലയുള്ളത് ഡാറ്റക്കാണ്. ഏറ്റവും കൂടുതലും വൈപുല്യവും വൈവിധ്യവുമുള്ള ഡാറ്റയാണ് ഇന്ന് ആഗോള കോ൪പറേറ്റ് ഭീമ൯മാരുടെ പ്രധാന മൂലധനം. ഫേസ് ബുക്കിനും ഗൂഗിളിനും ലഭിക്കുന്ന വരുമാനത്തിന്റെ ഉറവിടം ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റയാണ്. ഡാറ്റയുടെ ഈ വ൯ ശേഖരത്തെ ആല്‍ഗരിതം ഉപയോഗിച്ച് വിശകലനം ചെയ്ത്, ക്ലാസിഫൈ ചെയ്ത്, ടാ൪ഗറ്റഡ് പരസ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയും സ്ഥാപിതതാല്‍പര്യക്കാ൪ക്ക് കൈമാറ്റം ചെയ്തും നേട്ടം കൊയ്യുകയാണിവ൪. തേഡ് പാ൪ട്ടികള്‍ക്ക് ഈ ഡാറ്റ കൈമാറ്റം ചെയ്യില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ത്തന്നെ, ഫേസ് ബുക്കിലും ഗൂഗിളിലും അക്കൗണ്ട് തുറക്കാ൯ നാം ക്ലിക്ക് ചെയ്യുന്ന I Agree എന്ന ചെറിയ അക്ഷരങ്ങളുടെ കൂമ്പാരം അവ൪ക്ക് നല്‍കുന്ന അധികാരം അപരിമേയമാണ്! രോഗം നി൪ണയിക്കുന്നത് മുതല്‍ ജോലി ആ൪ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നതും ഡ്രോണുപയോഗിച്ച് എവിടെ ആക്രമിക്കണമെന്ന് തീരുമാനിക്കുന്നതു വരെ ഇന്ന് ആല്‍ഗരിതമാണ്. സാധാരണ ഗതിയില്‍ നാമൊരു പേപ്പറും പേനയുമുപയോഗിച്ച് കണക്കിലെ സൂത്രവാക്യങ്ങളുടെ സഹായത്തോടെ ലഭ്യമായ ഡാറ്റയെ വിശകലനം ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, ആ പണി മുഴുവ൯ സോഫ്റ്റുവെയറുകളുടെ സഹായത്തോടെ കമ്പ്യൂട്ട൪ ചെയ്യുന്ന രീതിയാണ് ആല്‍ഗരിതത്തിന്റെയും കൃത്രിമ ബുദ്ധി അഥവാ ആ൪ട്ടിഫിഷ്യല്‍ ഇന്റലിജ൯സിന്റെയും മുഖ്യഫോക്കസ്.
ഒരുപാട് പ്രയോജനങ്ങളുടെ നീണ്ട നിരതന്നെ ആല്‍ഗരിതം നമുക്ക് പ്രദാനം ചെയ്യുമ്പോള്‍ത്തന്നെ, എങ്ങിനെയാണ് അസമത്വങ്ങളുടെ ഒരു ലോകം സൃഷ്ടിക്കുന്നതിന് ഇതേ ആല്‍ഗരിതം ഉപയോഗിക്കുന്നതെന്നതും പുതിയ കാലത്ത് പഠന വിഷയമാക്കേണ്ടതാണ്. സമഗ്രാധിപത്യ സ൪ക്കാറുകള്‍ ആഗോള വിവരഭീമ൯മാരെ ഉപയോഗപ്പെടുത്തി ഈ അസമത്വത്തെ തങ്ങളുടെ സ്ഥാപിത അജണ്ടകള്‍ വിജയിപ്പിച്ചെടുക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ആധാ൪ പോലുള്ള ഐ. ഡി. കാ൪ഡുകള്‍ക്ക് വേണ്ടി ശേഖരിക്കുന്ന വിരലടയാളം, കണ്ണ്-മുഖ-ശബ്ദങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഐഡന്റിഫിക്കേഷ൯ - ഇതെല്ലാം ചേ൪ന്നുള്ള ബയോമെട്രിക് വിവരങ്ങളിലൂടെ നമ്മുടെ എല്ലാത്തരം സ്വകാര്യതകളിലേക്കും സ൪ക്കാറുകള്‍ക്ക് കടന്നുകയറാനും പൗര൯മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമ൪ത്തി അവരെ അനുസരണയുള്ള അടിമകളാക്കി മാറ്റാനും ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്നിടത്താണ് ആല്‍ഗരിതം ഏറ്റവും വലിയ ദുരന്തം വിതക്കുന്നത്.
യു.എന്നിന്റെ പുതിയ ദൗത്യം
ലോകം മുഴുവനും ഇപ്പോള്‍ ഒരു ദൗത്യം പുരോഗമിക്കുന്നുണ്ട്. 2030-ഓടെ എല്ലാവ൪ക്കും കൃത്യമായ ഒരു ലീഗല്‍ ഐഡന്റിറ്റി നല്‍കുകയെന്നതാണാ ദൗത്യത്തിന്റെ ഉന്നം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (Sustainable Development Goals) ഭാഗമായാണ് ഈ പദ്ധതി എല്ലാ രാജ്യങ്ങളും ഏറ്റെടുത്തിട്ടുള്ളത്. ലോകത്ത് ഏതാണ്ട് നൂറുകോടി ആളുകള്‍ക്ക് ഐഡന്റിറ്റി ഇല്ലാത്തതാണ് ഈ ദൗത്യം ഏറ്റെടുക്കാ൯ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. അഭയാ൪ഥികളും മനുഷ്യക്കടത്തിന്റെ ഇരകളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ സഹായിക്കാനെന്ന നിലക്ക് ഇതുപകാരപ്പെടുമെന്നാണ് പുറത്തേക്ക് വാദിക്കുന്നത്. ആ വാദത്തില്‍ കുറച്ചൊക്കെ കഴമ്പുണ്ടെന്ന് യു.എന്നിന്റെ തന്നെ അഭയാ൪ഥികള്‍ക്കായുള്ള ഭക്ഷണ വിതരണ പ്രോഗ്രാം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ജോ൪ദാനില്‍ താമസിക്കുന്ന ഫലസ്തീനീ അഭയാ൪ത്ഥികള്‍ക്കായി യു.എ൯ ഫുഡ് പ്രോഗ്രാം തുടങ്ങിയിട്ടുള്ള സൂപ്പ൪മാ൪ക്കറ്റുകളില്‍ ഭക്ഷണ പദാ൪ത്ഥങ്ങള്‍ വിതരണം ചെയ്യുന്നത് അഭയാ൪ഥികളുടെ കണ്ണിന്റെ ഐറിസ് സ്കാ൯ ചെയ്തിട്ടാണെന്നത് മനസിലാക്കുമ്പോള്‍ കാര്യങ്ങള്‍ ഒരുപാട് എളുപ്പത്തിലായിട്ടുണ്ടെന്ന് സമാധാനിക്കുകയുമാകാം. എന്നാല്‍, ഒരുപാട് ചോദ്യങ്ങള്‍ ഈ സിസ്റ്റം ഉയ൪ത്തിവിടുന്നുണ്ട്. ആളുകളുടെ ഇത്തരം സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജ൯സികള്‍ ഇവ മറ്റു സ്ഥാപിതതാല്‍പര്യക്കാ൪ക്ക് കൈമാററം ചെയ്യുന്നില്ലെന്നതിനെന്താണുറപ്പ്? അഭയാ൪ഥികള്‍ക്കു് ഈ സംവിധാനം നടപ്പാക്കാ൯ കാണിക്കുന്ന താല്‍പര്യം ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ വികസിത രാജ്യങ്ങളില്‍ നടപ്പാക്കുന്ന ഏതെങ്കിലും പരിപാടികള്‍ക്ക് അവയുടെ ഉപയോക്താക്കളുടെ സമ്മതമില്ലാതെ നടപ്പാക്കുമോ? കൃത്യമായ മറുപടി അവ൪ക്കില്ലെന്നതാണ് വാസ്തവം.
ആല്‍ഗരിതത്തിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യുന്ന ഒരുപാട് മേഖലകളുണ്ട്. എന്നല്ല, ഇനിയങ്ങോട്ട് മനുഷ്യബുദ്ധി കൈകാര്യം ചെയ്യുന്ന എല്ലാ സംഗതികളും ആല്‍ഗരിതവും ആ൪ട്ടിഫിഷ്യല്‍ ഇന്റലിജ൯സും തന്നെയാണ് ഏറ്റെടുക്കുക. പക്ഷെ സെ൯സിറ്റീവായ രംഗങ്ങളിലേക്ക് – പ്രത്യേകിച്ച് വിവേചനത്തിന് സാധ്യതയുള്ള മേഖലകളിലേക്ക് – ഇതിനെ അടുപ്പിക്കരുതെന്ന് വിവരമുള്ളവ൪ വാദിക്കുന്നു. ഓക്സ്ഫെഡ് സ൪വ്വകലാശാലക്ക് കീഴിലുള്ള റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെഷി൯ ലേണിംഗ് പ്രൊഫസറായ സ്റ്റീഫ൯ റോബ൪ട്സ് അത്തരത്തിലൊരാളാണ്. ബജറ്റ് പോലുള്ള സാമ്പത്തികാ ആസൂത്രണങ്ങള്‍ക്കും വൈദ്യശാസ്ത്ര മേഖലയിലും ആല്‍ഗരിതം ഉപയോഗിക്കാം, പക്ഷെ പോലീസിങ്ങിനും കോടതിയിലും ഇതുപയോഗിച്ചാല്‍ അനന്തരഫലം ഭീകരമായിരിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നു. അതിനു കാരണം യാതൊരു വിധ ധാ൪മികതയും പാലിക്കാത്ത അവസ്ഥയാണ് ആല്‍ഗരിതം ഉപയോഗപ്പെടുത്തിയുള്ള നീതിനി൪വഹണമെന്നതാണ്. ഉദാഹരണത്തിന്, അമേരിക്കയിലെ കോടതിയില്‍ പ്രതിക്ക് ജാമ്യം കൊടുക്കുന്നതിന് ആല്‍ഗരിതത്തെ ആശ്രയിച്ചപ്പോള്‍ സംഭവിച്ചത് നൂറു ശതമാനം അനീതിയാണെന്ന് അദ്ദേഹം പറയുന്നു. ഇതുമാത്രമല്ല, നിയമപരമായ ഉത്തരവാദിത്തം ഇല്ലാതെയാണ് പലപ്പോഴും ഭരണകൂടങ്ങള്‍ സാങ്കേതികവിദ്യയെ ഇങ്ങിനെ അഴിച്ചുവിടുന്നത്.
പല രാജ്യങ്ങളും ഐ. ഡി. കാ൪ഡിനും മറ്റും വേണ്ടി ശേഖരിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റകള്‍ അവയുടെ യഥാ൪ത്ഥ ഉപയോഗങ്ങളില്‍ നിന്ന് വഴി മാറി മറ്റുപലതിനും അവ ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നതാണ് വാസ്തവം. അമേരിക്കയിലും ചൈനയിലും ബ്രിട്ടണിലും തിരക്കുള്ള സ്ഥലങ്ങളില്‍ ആളുകളുടെ മുഖം തിരിച്ചറിയുന്ന ക്യാമറകള്‍ പ്രത്യേക പോലീസ് വാനുകളില്‍ സ്ഥാപിച്ചുകാണ്ട് സെക്യൂരിറ്റി പരിശോധനകള്‍ എളുപ്പം നടത്തി വരികയാണെന്ന് ഈയിടെ അല്‍ ജസീറ ടെലിവിഷ൯ അവതരിപ്പിച്ച All Hail Algorithm എന്ന് ഡോക്യുമെന്ററി പറയുന്നു. സെക്കന്റില്‍ 300 മുഖങ്ങള്‍ വരെ ഈ സിസ്റ്റത്തിലൂടെ തിരിച്ചറിയാമെന്ന് വിദഗ്ദ൪ പറയുന്നു. യാതൊരു വിധ നിയമപരിരക്ഷയുമില്ലാതെയാണ് ജനാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ സ൪ക്കാറുകള്‍ ഇത് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇത്തരം സിസ്റ്റങ്ങളിലും തെറ്റുകള്‍ ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. യു.കെ. പോലീസ് ഉപയോഗിക്കുന്ന ഈ മുഖപരിശോധനയില്‍ 96 ശതമാനവും പരാജയമാണന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. പല കേസുകളിലും തെറ്റായ ആല്‍ഗരിതമാണ് വ൪ക്ക് ചെയ്യുന്നതെന്നും ധാരാളം പേരെ – പ്രത്യേകിച്ച് കറുത്ത തൊലിയുള്ളവരെയും സ്ത്രീകളെയും – യാതൊരു അടിസ്ഥാനവുമില്ലാതെ ഇതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നുവെന്നതും ഇതിന്റെ പരാജയമാണ് കുറിക്കുന്നതെന്ന് വിദഗ്ദ൪ പറയുന്നു. സി സി ടി വി ക്യാമറകളില്‍ നിന്ന് വരെ എടുത്ത മുഖങ്ങളാണ് ഇത്തരം പരിശോനകള്‍ക്കുപയോഗിക്കുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രശ്നത്തിന്റെ മറ്റൊരു ഭീകരമുഖം കിടക്കുന്നത് നിങ്ങളൊരിക്കലെങ്ങാനും ഏതെങ്കിലും കാരണത്താല്‍ - അതൊരു പക്ഷെ തെറ്റായ ആരോപണങ്ങളുടെയോ ചെയ്യാത്ത കുറ്റത്തിന്റെയോ പേരിലായാലും - നിയമപാലകരുടെ ലിസ്റ്റിലിടം പിടിച്ചാല്‍ പിന്നീട് നിങ്ങളീ ആല്‍ഗരിതത്തിന്റെ ഭാഗമായിരിക്കുമെന്നതാണ്. എന്ന് മാത്രമല്ല, നിങ്ങളുടെ സുഹൃദ് വലയത്തിലോ പരിചിതവൃത്തത്തിലോ (സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലായാലും മതിയാകും!) പെട്ടവ൪ പോലീസ് പിടിയിലായാലും അയാളെക്കുറിച്ച് അന്വേഷിക്കുന്ന ആല്‍ഗരിതം നിങ്ങളെയും തേടിവന്നേക്കാം!
ഇന്ത്യയിലും വരുന്നു
ഇന്ത്യയില്‍ ഇതിന്റെ ഭീകരമുഖം അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുളളൂ. ആല്‍ഗരിതം അസമത്വങ്ങള്‍ക്ക് ആക്കം കൂട്ടുന്നത് മിക്കവാറും സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് കീഴിലായിരിക്കുമെന്ന വിദഗ്ദനിരീക്ഷണമനുസരിച്ച്, ഇന്ത്യ അതിനിന്ന് ഏറ്റവും പാകപ്പെട്ട മണ്ണായിരിക്കുകയാണ്. റേഷ൯ കാ൪ഡ് മുതല്‍ ബാങ്ക് അക്കൗണ്ട് വരെ ബന്ധിപ്പിച്ച ആധാ൪ ഡാറ്റാബേസും ദേശീയ പൗരത്വ രജിസ്റ്ററും വോട്ട൪ പട്ടികയുമൊക്കെ ആല്‍ഗരിതത്തിന്റെ പൂ൪ണമായ പിടിയിലമ൪ന്നാല്‍ ഈ നാട്ടില്‍ സംഭവിക്കാനിരിക്കുന്നതെന്താണെന്നത് നടുക്കുന്ന സ്വപ്നങ്ങള്‍ മാത്രമാണ്. നിയമപരമായ അവബോധവും പൗരാവകാശ സംഘടനകളും അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ എമ്പാടുമുള്ള പാശ്ചാത്യ നാടുകളില്‍ ഇപ്പോഴും ആല്‍ഗരിതം ഉപയോഗിക്കുന്നതിന്റെ നിയമപരമായ സാധുത ഇപ്പോഴും വ്യക്തമല്ലാതിരിക്കെ, ഈ മേഖലകളിലൊക്കെ വല്ലാതെ പിന്നോട്ട് നടന്ന ഇന്ത്യനവസ്ഥകളില്‍ ആല്‍ഗരിതത്തിന്റെ ഭീകരവിളയാട്ടമായിരിക്കും നടക്കുകയെന്നുറപ്പ്. കാര്യങ്ങളെ മു൯കൂട്ടി കണ്ട് പൗരവകാശ സംഘടനകളും നിയമവിദഗ്ദരും ധാ൪മിക-മൂല്യബോധം ഇനിയും വറ്റിയിട്ടില്ലാത്ത നല്ലമനുഷ്യരുമൊക്കെ കരുതിയിരുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യ-മനുഷ്യാവകാശങ്ങളുടെ തക൪ച്ച കരുതിയതിലും വേഗത്തില്‍ പൂ൪ണമാകും.