താജ് ആലുവ
Appeared in Madhyamam Newspaper on Monday, July 5, 2010
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ബ്രിട്ടീഷ് പെട്രോളിയത്തോട് പ്രകടിപ്പിച്ച ഉശിര് ഇന്ത്യന്‍ഭരണാധികാരികള്‍ ശ്രദ്ധിച്ചുവോ ആവോ? മെക്‌സിക്കോ കടലിടുക്കില്‍ ബി.പിയുടെ റിഗ് പൊട്ടിത്തെറിച്ച് ദിനേന 30,000 മുതല്‍ 80,000 വരെ ബാരല്‍ എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുന്ന സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ആ കമ്പനി ഏറ്റെടുക്കണമെന്നും പരിസ്ഥിതിക്കും പൊതുജനങ്ങള്‍ക്കും ഇതുവരെ ഉണ്ടായതും ഇനിയങ്ങോട്ട് ഉണ്ടായേക്കാവുന്നതുമായ എല്ലാത്തരം കഷ്ടനഷ്ടങ്ങള്‍ക്കും പ്രായശ്ചിത്തം അവര്‍തന്നെ ചെയ്യണമെന്നുമാണ് കമ്പനി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടത്. കമ്പനി ഉടന്‍ പ്രതികരിച്ചു. 20 ബില്യന്‍ ഡോളര്‍ ഈയവശ്യാര്‍ഥം രൂപവത്കരിച്ച ഫണ്ടിലേക്ക് അടക്കാന്‍ സമ്മതിച്ചു. ഷെയറുടമകളുടെ ഈ വര്‍ഷത്തെ ഡിവിഡന്റ് റദ്ദാക്കിയാണ് ഈ തീരുമാനം കമ്പനി എടുത്തത്.
ബ്രിട്ടനിലെ പെന്‍ഷന്‍ പറ്റുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന നല്ലൊരു വിഭാഗം ഓഹരി ഉടമകളുടെ അതൃപ്തി ഏറ്റുവാങ്ങിയാണ് ഈ തീരുമാനത്തിലേക്ക് കമ്പനി അധികൃതര്‍ എത്തിച്ചേരുന്നത്. അതിനാല്‍ത്തന്നെ ഒബാമയുടെ വാശി ഒരു ഘട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വടംവലിയോളം എത്തിയിരുന്നു. ബ്രിട്ടീഷ് പെട്രോളിയം ബ്രിട്ടന്റെ മാത്രം കമ്പനിയല്ലെന്നും ഓഹരി ഉടമകളില്‍ ധാരാളം അമേരിക്കക്കാരുണ്ടെന്നും പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന് ഒബാമയെ ഓര്‍മിപ്പിക്കേണ്ടി വന്നു. പിന്നീട് ഒബാമയും വാക്കുകള്‍ മയപ്പെടുത്തിയതോടെ കൂടുതല്‍ വഷളാകാതെ ആ തര്‍ക്കം അവിടെ അവസാനിച്ചെങ്കിലും ബി.പി.ക്കെതിരിലുള്ള കര്‍ശന നിലപാടുകള്‍ ഒബാമയും അമേരിക്കന്‍ സെനറ്റും തുടരുകയാണ്.
കമ്പനിയുടെ സി.ഇ.ഒ ടോണി ഹേവാഡിനെ സെനറ്റംഗങ്ങള്‍ നിര്‍ത്തിപ്പൊരിച്ചു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ ഹേവാഡ് രാജിവച്ചു. എന്നാല്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും നീണ്ടുനിന്നേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ എല്ലാ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെയാണ് സെനറ്റംഗങ്ങളുടെ രോഷം അല്‍പമെങ്കിലും തണുത്തത്. ലോകത്തെ ഏറ്റവും ആഴമേറിയ എണ്ണക്കിണറെന്ന (Deep Water Horizon) റെക്കോഡ് നേട്ടത്തിനിറങ്ങിയ ബി.പിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇനി നമ്മുടെ സ്വന്തം ഭോപാലിലേക്ക് വരിക. 20,000 മനുഷ്യര്‍ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഈ ദുരന്തത്തിന്റെ രക്തസാക്ഷികളായി ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നരകിച്ചുകൊണ്ടിരിക്കുന്നു. (മെക്‌സിക്കോ കടലിടുക്കിലെ റിഗ് പൊട്ടിത്തെറിയില്‍ 11 പേരാണ് മരിച്ചത്.) പ്രദേശമൊന്നാകെ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിവെള്ളത്തില്‍ വരെ വിഷം കലരുന്ന അവസ്ഥയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മമാര്‍ വികലാംഗരായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. വിവിധ തരം കാന്‍സറുകള്‍ ബാധിച്ച അംഗങ്ങളുള്ളവരാണ് ഭോപാലിലെ ഓരോ കുടുംബവും. വികസനത്തിന്റെ പേരില്‍ ബഹുരാഷ്ട്ര കുത്തകകളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നതില്‍ അത്യന്തം ഉല്‍സാഹം കാണിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ നമ്മുടെ നാടിന്റെ വിഭവങ്ങള്‍ മാത്രമല്ല, നാട്ടുകാരെയും വിദേശികള്‍ക്ക് പണയം വെച്ചതിന്റെ ഒന്നാന്തരം തെളിവായിരുന്നു ഭോപാല്‍ദുരന്തം. പരലോകം പുല്‍കിയ ഇത്രയധികം മനുഷ്യമക്കള്‍ക്കും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലുള്ള ബാക്കി പൗരന്‍മാര്‍ക്കും നീതിക്ക് വേണ്ടി വാദിക്കാന്‍ സാമ്രാജ്യത്വ ദാസ്യത്താല്‍ ആന്ധ്യം ബാധിച്ച ഭരണാധികാരികള്‍ തയാറായില്ല. അധിനിവേശം സൈനികമായി മാത്രമേ നടക്കാതുള്ളൂ, പക്ഷേ, നമ്മുടെ അധികാരികളുടെ മനസ്സ് ഇപ്പോഴും സായ്പിന്റെ കാല്‍ചുവട്ടില്‍ തന്നെയെന്നതിന് തെളിവുകള്‍ ഏറെ വേണ്ടതില്ല. എന്നിട്ടിപ്പോള്‍ കോടതി വിധി വിവാദമായപ്പോള്‍ മന്ത്രിമാര്‍ പത്ത് ലക്ഷത്തിന്റെ പുതിയ നഷ്ടപരിഹാരവുമായി വന്നിരിക്കുന്നു. അതെന്തിനെന്നത് പകല്‍ പോലെ വ്യക്തം. സ്വന്തം പൗരന്‍മാരെ കൊലക്ക് കൊടുത്തവരുടെ (ഈ വിഷയത്തില്‍ നമ്മുടെ മുന്‍ പ്രധാനമന്ത്രി വരെ പ്രതിക്കൂട്ടിലാണ്) അന്തഃപുര നാടകങ്ങള്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അത് മൗനത്തിന്റെ വല്‍മീകത്തിലൊളിപ്പിക്കാന്‍ സാധ്യമല്ലാത്തവണ്ണം കാര്യങ്ങള്‍ പുറത്ത്‌വിടുന്നത് മാധ്യമങ്ങള്‍ മാത്രമല്ല, അന്നതിന്റെയൊക്കെ ഗുണഫലമനുഭവിച്ച, പല കളികള്‍ക്കും ചുക്കാന്‍ പിടിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. തൊലി വെളുത്ത ആഢ്യന്‍മാരുടെ മുന്നില്‍ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ച് അവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ രാവിന്റെ മറവില്‍ പണിയെടുത്തവര്‍ ഇപ്പോള്‍ അതേ ആളുകളെ കുറ്റവാളികളായി തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നത് നമ്മള്‍ വിശ്വസിക്കണം പോലും! ലാഭം കൊയ്ത ബഹുരാഷ്ട്ര കമ്പനി തങ്ങളുടെ ആസ്തിവകകളൊക്കെ വിറ്റ് വേറൊരു കമ്പനിക്ക് ബാധ്യതകളൊക്കെ കൈമാറിയപ്പോള്‍പോലും അനങ്ങാതിരുന്ന നമ്മുടെ രാഷ്ട്രീയ നേതൃതം, ഇപ്പോള്‍ രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് (അഥവാ നികുതിദായകരുടെ പണത്തില്‍ നിന്ന്) നഷ്ടപരിഹാരം കൊടുക്കാന്‍ അല്‍പം പോലും ലജ്ജയില്ലാതെ മുന്നോട്ടുവന്നിരിക്കുന്നു. ഇവരുടെയൊക്കെ ആത്മാര്‍ഥതയെ ഇനിയും സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സംഗതികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. അമേരിക്കയുമായുള്ള ആണവകരാറിലും ഇത്തരം കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അമേരിക്കക്ക് ബി.പിയില്‍ നിന്ന് ലഭിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി വേണം മനസ്സിലാക്കാന്‍. മുതലാളിത്ത വ്യവസ്ഥിതിയുടെ കൂടപ്പിറപ്പായ ലാഭക്കൊതിമൂലം അമേരിക്കന്‍ കോര്‍പറേഷനുകള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ വിതച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക, മാനുഷിക ദുരന്തങ്ങളുടെ ഒരു വന്‍പതിപ്പാണ് അലബാമയുടെയും ലൂസിയാനയുടെയുമൊക്കെ തീരങ്ങളിലിപ്പോള്‍ കറുത്തിരുണ്ട എണ്ണപ്പാടയുടെ രൂപത്തില്‍ വന്നടിയുന്നത്. കുവൈത്ത് അധിനിവേശകാലത്ത് സദ്ദാംഹുസൈന്‍ തീക്കൊടുത്ത എണ്ണക്കിണറുകളില്‍ നിന്ന് ഒഴുകിപ്പരന്ന എണ്ണപ്പാടയില്‍ ഒരു ഫെ്‌ളമിംഗോ പക്ഷി കൈകാലിട്ടടിക്കുന്നത് അന്ന് ലോകത്തെ ഞെട്ടിച്ച ഇമേജായിരുന്നെങ്കില്‍ ഇന്ന് നൂറുകണക്കിന് പെലികണുകള്‍ ക്രൂഡോയിലില്‍ മുങ്ങിക്കുളിക്കുന്നതും അതിനെ രക്ഷപ്പെടുത്താന്‍ പ്രകൃതിസംരക്ഷകര്‍ പാടുപെടുന്നതും എത്രപേര്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്? മെക്‌സിക്കന്‍ കടലിടുക്കിന്റെ തീരങ്ങളില്‍ നീന്തരുതെന്ന മുന്നറിയിപ്പ് ബോഡുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഫോട്ടോ എത്ര പത്രങ്ങളില്‍ വന്നു? ഇങ്ങനെ ഒളിച്ചുവെക്കാന്‍ കഴിയുന്നതാണോ ഈ വന്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍?
ഇതോടൊപ്പം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടിയുണ്ട്. സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിലും നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിലും താല്‍പര്യം പൂണ്ട് ബ്രിട്ടീഷ് പെട്രോളിയത്തോട് ബില്യണുകള്‍ ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒബാമ, ഈ ആവേശത്തിന്റെ പത്തിലൊരംശം എന്ത് കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ അമേരിക്കയുടെ സ്വന്തം യൂനിയന്‍ കാര്‍ബൈഡ് വിതച്ച വിനാശത്തിന്റെ വിഷയത്തില്‍ കാണിക്കുന്നില്ല? ചുരുങ്ങിയത് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഈ വ്യവസായ ദുരന്തത്തിന്റെ കാരണക്കാരനായ ആ വ്യക്തിയെ ഒന്ന് ഇങ്ങോട്ട് നാട് കടത്തുകയെങ്കിലും ചെയ്യുമോ? വെറുക്കപ്പെട്ട ആ വ്യക്തിക്ക് ഇനിയും ചുവപ്പ് പരവതാനി വിരിക്കാന്‍ കഴിയില്ലെന്നറിയാവുന്ന നമ്മുടെ മന്‍മോഹനും കൂട്ടരും അങ്ങനെയെങ്കിലും പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം വാങ്ങിക്കൊടുക്കട്ടെ. 11 അമേരിക്കക്കാരുടെ ജീവന് തുല്യമല്ലെങ്കിലും ഇത്രയധികം ഇന്ത്യക്കാരുടെ ജീവനും അല്‍പമെങ്കിലും വിലയുണ്ടെന്ന് സമ്മതിക്കാനുളള സുവര്‍ണാവസരമാണിത് ഒബാമക്ക്.
tajaluva@gmail.com
Subscribe to:
Post Comments (Atom)
സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?
ഡോ. താജ് ആലുവ "ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
ലങ്കാവിയുടെ വശ്യതയില്‍.. താജ് ആലുവ മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടി...
-
ഡോ. താജ് ആലുവ "ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
article appeared in Madhyamam Newspaper on 28 June 2010 http://www.madhyamam.com/story/ഫലസ്തീനികള്‍-ജയിക്കുന്ന-പബ്ലിക്-റിലേഷന്‍-യുദ്ധം താജ് ...
2 comments:
സ്വാഗതം..വൈകിയാണെങ്കിലും തുടക്കം കുറിച്ചതില്‍ സന്തോഷം എല്ലാ ഭാവുകങ്ങളും.
ബ്ളോഗ് ലോകത്തേയ്‌ക്ക് സ്വാഗതം .....
Post a Comment