http://www.prabodhanam.net/Issues/24.7.2010/taj.html
നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില് തല്പരരായവര് ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്ക്കടിപ്പെടാന് സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന് നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
tajaluva@gmail.com
Subscribe to:
Post Comments (Atom)
സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?
ഡോ. താജ് ആലുവ "ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
ലങ്കാവിയുടെ വശ്യതയില്‍.. താജ് ആലുവ മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടി...
-
ഡോ. താജ് ആലുവ "ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
article appeared in Madhyamam Newspaper on 28 June 2010 http://www.madhyamam.com/story/ഫലസ്തീനികള്‍-ജയിക്കുന്ന-പബ്ലിക്-റിലേഷന്‍-യുദ്ധം താജ് ...
1 comment:
whats up everyone
great forum lots of lovely people just what i need
hopefully this is just what im looking for, looks like i have a lot to read.
Post a Comment