താജ് ആലുവ
ഈദുല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ബലിയുടെയും ത്യാഗത്തിന്റെയും സ്മരണകളുമായാണ് കടന്നുവരുന്നത്. നമുക്ക് പ്രിയപ്പെട്ടതെന്തോ അത് ദൈവത്തിന്റെ മാര്‍ഗത്തില്‍ അര്‍പിക്കാനുള്ള സന്നദ്ധതയാണ് ദൈവം നമ്മില്‍ നിന്നാവശ്യപ്പെടുന്നത്. മൂന്ന് സെമിറ്റിക് മതങ്ങളുടെ അനുയായികളാലും ആദരിക്കപ്പെടുന്ന അബ്രഹാം പ്രവാചകന്റെ ചരിത്രസ്മരണകളാണ് ഈദുല്‍ അദ്ഹയിലെ പ്രധാന പാഠങ്ങള്‍. ത്യാഗമായിരുന്നു അബ്രഹാം പ്രവാചകന്റെ ജീവിതത്തിന്റെ മുഖമുദ്ര. ആദ്യം പൂര്‍വികമതത്തിലെ തെറ്റായ വിശ്വാസാചാരങ്ങള്‍. പിന്നെ അതിന്റെ പേരില്‍ സ്വന്തം വീടും കുടുംബവും നാടും. പുരോഹിതനായ പിതാവിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട്, നാട്ടുകാരാല്‍ വിഗ്രഹഭജ്ഞകനെന്ന് മുദ്രകുത്തപ്പെട്ട്, നംറൂദ് രാജാവിന്റെ അഗ്നികുണ്ഠം ഭേദിച്ച് പുറത്തുവന്ന അദ്ദേഹം ദൈവികമാര്‍ഗത്തില്‍ സകലതും ബലികഴിക്കാന്‍ തയാറായ മനസ്സുമായാണ് നാട്ടതിരുകള്‍ ഭേദിച്ച് പുരാതന ബാബിലോണും ഈജിപ്തും ഫലസ്തീനുമൊക്കെ ചുറ്റിയത്. അവസാനം, ദൈവികവിളിക്കുത്തരം നല്കി മക്കാ മരുഭൂവില്‍ ഭാര്യ ഹാജറിനെയും മകന് ഇസ്മാഈലിനെയും തനിച്ചാക്കി തിരിഞ്ഞുനടന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്ന അദ്ദേഹത്തെ കാത്തിരിക്കുന്നത് ദൈവികപരീക്ഷണത്തിന്റെ ഏറ്റവും കടുത്ത ഘട്ടമായിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ ഏക ആണ്തരിയെ ജീവിതത്തിന്റെ സായം സന്ധ്യയില്‍ ദൈവത്തിന് ബലിയര്‍പ്പിക്കുക! അതിനും മടിയേതുമില്ലാതെ തയ്യാറാകുന്ന പ്രവാചകപുംഗവന്‍! മാനവ സമൂഹത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗത്തിന്റെ ജ്വലിക്കുന്ന മാതൃക! പക്ഷെ ദൈവത്തിന് വേണ്ടിയിരുന്നത് ഇബ്റാഹീമി കുടുംബത്തിന്റെ രക്തമല്ലായിരുന്നു, മറിച്ച് അവരുടെ സമ്പൂര്‍ണ സമര്‍പ്പണമായിരുന്നു. അത് സംശയലേശമന്യേ തെളിയിച്ച അദ്ദേഹത്തെ ദൈവം തന്റെ അടുത്ത സുഹൃത്തും മാനവകുലത്തിന്റെ പിതാവുമായി തെരഞ്ഞെടുത്തു.
ഈ മാതൃകയുടെ ആഘോഷമാണ് ഈദുല്‍ അദ്ഹ. അബ്റഹാം പ്രവാചകന്റെ ബലിയുടെ ഓര്മ പുതുക്കിക്കൊണ്ടാണ് പെരുന്നാളവസരത്തില്‍ വിശ്വാസികളുടെ സമൂഹം മൃഗങ്ങളെ ബലിയറുക്കുന്നത്. ഒന്നാലോചിച്ചാല്‍ ദൈവത്തിന് മനുഷ്യന്റെ ഒരുതരത്തിലുളള ബലിയും ആവശ്യമില്ല. മറിച്ച് ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് സമൂഹത്തിലെ ദരിദ്രരും അഗതികളുമായ ജനവിഭാഗമാണ്. പക്ഷെ ദൈവത്തിന് വേണ്ടത് നമ്മുടെ സമര്‍പ്പണ മനസ്സും അവനെ സൂക്ഷിച്ച് ജീവിക്കാനുളള നമ്മുടെ സന്നദ്ധതയുമാണ്. അത് നല്കാന് കഴിഞ്ഞാല്‍ ഒരുവേള ബലിയറുത്തില്ലെങ്കിലും വിശ്വാസിയുടെ പെരുന്നാള്‍ സാര്‍ഥകമായി. അതില്ലെങ്കില്‍ എത്രയറുത്താലും അത് വെറുതെയായി.
ഈദ് എന്ന വാക്കിന് ആവര്‍ത്തിക്കപ്പെടുന്നത് എന്നര്‍ഥം. ദേഹേഛകള്‍ക്കുമേല്‍ ദൈവേഛയുടെ വിജയം ആവര്‍ത്തിക്കപ്പെടുന്നതിന്റെ ആഘോഷമാണ് ഈദ്. പൈശാചിക പ്രേരണകള്‍ക്കുമേല്‍ മനുഷ്യപ്പറ്റുള്ള സല്‍കര്‍മങ്ങളുടെ വിജയം. അതുകൊണ്ടുതന്നെയാണ് ബലിമാംസം അഗതികള്‍ക്ക് ഭക്ഷണമായി ദൈവം നിശ്ചയിച്ചത്. റമദാന് വ്രതത്തിന് ശേഷം വരുന്ന ഈദുല്‍ ഫിത്വ്റില്‍ വ്രതത്തിന് ശുദ്ധിയായും അഗതികള്‍ക്ക് ഭക്ഷണവുമായി ഫിത്വ്ര് സകാത്ത് എന്ന നിര്‍ബന്ധ ദാനം നിശ്ചയിച്ചിട്ടുള്ളതും ഇതേ ഉദ്ദേശ്യം വച്ചുതന്നെ. അത്ഭുതകരം തന്നെ ഇത്! വിശന്നുപൊരിയുന്നവന്റെ നിലവിളി കേള്‍ക്കാതെ ദൈവവിളി കേള്‍ക്കുന്നവന്റെ പ്രാര്‍ഥനകള്‍ അന്തസ്സാരശãൂന്യമാണെന്നാണ് ഇതൊക്കെയും തെളിയിക്കുന്നത്. സ്രഷ്ടാവുമായുളള ബന്ധം നന്നായിരിക്കണമെങ്കില്‍ സൃഷ്ടികളുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടണം.
ഈദിന്റെ ഏറ്റവും വലിയ സന്ദേശം ഇതേ മാനവികതയാണ്. 'മനുഷ്യ സമൂഹമേ, നിങ്ങളെ ഒരാത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും പിന്നീട് അവര്‍ രണ്ടുപേരില്‍ നിന്നും ധാരാളം സ്ത്രീ-പുരുഷന്മാരെ (ഈ ഭൂമിയില്‍) പരത്തുകയും ചെയ്ത നിങ്ങളുടെ നാഥന് നിങ്ങള്‍ വഴങ്ങുവിന്‍. ഏതൊരു അല്ലാഹുവിനെ മുന്‍ നിറുത്തി നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നുവോ അതേ അല്ലാഹുവിനെയും കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.' (അന്നിസാഅ്, 1) വ്യത്യസ്ത മത-ജാതി-പാര്‍ട്ടി-ഗ്രൂപ്പുകളില്‍ അംഗങ്ങളായ മാനവസമൂഹത്തെ നോക്കി അല്ലാഹുവിന്റെ കല്പനയാണ്, നിങ്ങളുടെ ഈ വൈജാത്യം വാസ്തവത്തില്‍ നിങ്ങളെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉതകേണ്ടത്. നിങ്ങളുടെ മാതാപിതാക്കള്‍ ഒന്നായിരിക്കെ നിങ്ങള്‍ക്ക് കരണീയമായത് ഏകോദര സഹോദരങ്ങളെപ്പോലെ വാഴുകയെന്നതാണ്. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതത്തില്‍ വ്യക്തികളെന്ന നിലക്കും സമൂഹമെന്ന നിലക്കും നിങ്ങളുടെ ജീവിതത്തിന്റെ നിലനില്പിന് ഉതകുക ഈ നിലപാട് തന്നെയാണ്. അതുകൊണ്ട് തന്നെ ഏത് സന്ദര്‍ഭത്തിലും വിശ്വാസികളുടെ സമൂഹം അമൂല്യമായ ഈ സമത്വവും സാഹോദര്യവും കാത്ത് സൂക്ഷിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നു. അതിന് വേണ്ടി ത്യാഗ-പരിശ്രമങ്ങള്‍ അര്‍പ്പിക്കാനും സത്യവിശ്വാസികളോട് അവന് കല്പിക്കുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ഈ ആഹ്വാനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. പരിക്കേല്പിക്കപ്പെട്ട നമ്മുടെ മതസൌഹാര്‍ദത്തിനും സൌഭ്രാതൃത്തിനും ഖുര്‍ആന്റെ ഈ ആഹ്വാനം കൊണ്ട് ചികില്‍സ നല്കാന് വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മുസ്ലിംകളും ഇസ്ലാമും ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം ജീവിത സാക്ഷ്യം കൊണ്ടവര്‍ സമകാലിക മാധ്യമജിഹാദുകള്‍ക്ക് മറുകുറി രചിക്കണം.
മനുഷ്യ ജീവിതത്തിന് നവോന്മേഷവും ആവേശവും നല്കുന്ന ചര്യകളും പ്രവൃത്തികളും പലതുണ്ട്. അതില്‍ മിക്കതും ദേഹപ്രധാനമാണ്. എന്നല്ല, സ്വേഛയുടെ തേട്ടത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് അവയധികവും. ദേഹിക്ക് പ്രാധാന്യം കൊടുക്കുന്നവ വളരെ ചുരുക്കം. എന്നാല്‍ ഇസ്ലാമിലെ ആരാധനകളും ആഘോഷങ്ങളും ഇതില്‍ നിന്ന് ഭിന്നമാണ്. ആഘോഷം തുടങ്ങുന്നതുതന്നെ മഹോന്നതനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്. മനസിനും ശരീരത്തിനും ഉല്ലസിക്കാനും വിനോദിക്കാനുമുള്ള അവസരം നല്‍കുന്നതോടൊപ്പം അല്പ സമയം പോലും ദൈവസ്മരണയില്‍ നിന്നകന്ന് നില്ക്കാന് വിശ്വാസിക്കവസരമില്ല. എല്ലാ ആരാധനകളുടെയും ആഘോഷങ്ങളുടെയും സത്തയായ ഈ ദൈവസ്മരണയാണ് വിശ്വാസിയുടെ മനസ്സിനെ സജീവമാക്കുന്നത്, അവന് മന:സ്സമാധാനവും ശാരീരിക സൌഖ്യവും പ്രദാനം ചെയ്യുന്നത്. അല്ലാഹുവെക്കുറിച്ചുള്ള ചിന്ത ഹൃദയത്തില്‍ നിന്നൊഴിഞ്ഞവന്‍ ആള്‍ത്താമസമില്ലാത്ത വീടു പോലെയാണ് എന്ന പ്രവാചകവചനത്തിന്റെ പൊരുളും അതുതന്നെയാണ്. ആള്‍ത്താമസമില്ലെങ്കില്‍ പിന്നെ അവിടെ കൂട് കൂട്ടുന്നത് പിശാചായിരിക്കും. പൈശാചിക ചിന്തകള്‍ പുറപ്പെടുവിക്കുന്ന മനസ്സിന്റെ ഉടമയില്‍ നിന്ന് പിന്നെ നന്മ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.
എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെട്ട ലോകത്ത് ഈദും അതില്‍നിന്നൊഴിവല്ല. നമ്മുടെ എല്ലാ അജണ്ടകളും ഇന്ന് തീരുമാനിക്കുന്നത് കമ്പോളമാണെന്ന് വന്നിരിക്കുന്നു. കമ്പോളമാകട്ടെ മാധ്യമങ്ങളാലാണ് നിയന്ത്രിക്കപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് എന്തും ബിസിനസുമാണ്. ഏത് തരം ആഘോഷങ്ങളും ഉല്‍സവങ്ങളും അവര്‍ വിറ്റ് കാശാക്കും. വിഡ്ഢിപ്പെട്ടിയുടെ മുന്നില്‍ ഈദാഘോഷിക്കാന്‍ തീരുമാനിച്ചവര്‍ ഇപ്പോള്‍ ഏറി വരുന്നു. അത് വിളമ്പുന്ന തേഡ് റേറ്റ് ഹാസ്യത്തിന്റെയും ബ്ലോക്ക് ബസ്റ്റര്‍ മൂവികളുടെയും അകമ്പടിയോടെയാണ് അവര്‍ ഈ സുദിനം കഴിച്ചുകൂട്ടുന്നത്. കലയുടെയും സംസ്കാരത്തിന്റെയും പേരില്‍ സമയം കൊല്ലികളായ പലതരം ഉല്‍സവങ്ങളും ഷോകളും കൊണ്ട് നിബിഡമാണ്് ഇപ്പോള്‍ ചാനലുകള്‍.
വളരെ ക്ഷണികമായ ഈ ജീവിതത്തെ ശാശ്വതമായ ഒരു ജീവിതത്തിലേക്കുളള ഏണിപ്പടിയായി കരുതുന്നവര്‍ക്കു മാത്രമേ ഈദ് എന്തെങ്കിലും പാഠങ്ങള്‍ നല്‍കുന്നുള്ളൂ. ജീവിതം ആസ്വദിക്കാനും ആഹ്ലാദിക്കാനും മാത്രമുള്ളതാണെന്നു കരുതുന്നവര്‍ക്ക് ഇതൊക്കെ വെറും കളിതമാശകള്‍ മാത്രം. അങ്ങിനെയുള്ളവരോട് പ്രപഞ്ച നാഥന്റെ ഈ പ്രസ്താവനയാണ് നമുക്ക് എത്തിക്കാനുള്ളത്: 'അവര്‍ തങ്ങളുടെ കളിതമാശകളില്‍ അങ്ങിനെ വിഹരിക്കട്ടെ. തങ്ങള്‍ നിഷേധിച്ചിരുന്ന ആ പരലോകം വന്നെത്തുമ്പോള്‍ അവര്‍ പറയുകതന്നെ ചെയ്യും, ഞങ്ങള്‍ക്ക് തിരിച്ചുപോകാന്‍ ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍!'
പക്ഷെ, ഈ ജീവിതം ഒന്നല്ലെയുള്ളൂ?
Subscribe to:
Post Comments (Atom)
സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?
ഡോ. താജ് ആലുവ "ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
ലങ്കാവിയുടെ വശ്യതയില്‍.. താജ് ആലുവ മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടി...
-
ഡോ. താജ് ആലുവ "ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
article appeared in Madhyamam Newspaper on 28 June 2010 http://www.madhyamam.com/story/ഫലസ്തീനികള്‍-ജയിക്കുന്ന-പബ്ലിക്-റിലേഷന്‍-യുദ്ധം താജ് ...
2 comments:
A thought-provoking piece..Reminds us about the aim of this life...
ചിന്തനീയം.
ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് മറ്റൊരു ബ്ലോഗ് തുടങ്ങുക.
ബ്ലോഗ് അഗ്രിഗേറ്ററില് രജിസ്റ്റര്‍ ചെയ്യുക.
Post a Comment