Sunday, 20 March 2011
സമര്‍പ്പിത ജീവിതത്തിന് മാതൃകയായി അബ്‌ദുല്‍ മജീദ്
ചില ജീവിതങ്ങള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ടവ. സ്വന്തമായി പ്രശ്‌നങ്ങളുടെ നടുക്കയത്തിലാണ് അവരെങ്കിലും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മറ്റുള്ളവരെ സമാധാനിപ്പിക്കാനായി അവര്‍ ഓടിനടക്കും. കൈ -മെയ് മറന്ന് അവശര്‍ക്ക് ആശ്വാസമായി തണലൊരുക്കും. ഗാഢമായി സ്‌നേഹിക്കുന്ന ആദര്‍ശത്തിന് വേണ്ടി, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അവഗണിച്ച് കഠിനമായി പ്രയത്‌നിക്കും. അങ്ങനെ നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പുറ്റി വീഴ്‌കെ നാഥന്‍ അവരെ തന്റെയടുക്കലേക്ക് പെട്ടെന്നങ്ങോട്ട് തിരിച്ച് വിളിക്കും. ഭൂമിയില്‍ ബാക്കിയാകുന്നവര്‍ക്കത് കടുത്ത മാനസികപ്രയാസം സൃഷ്‌ടിക്കുമെങ്കിലും അവരെസ്സംബന്ധിച്ചേടത്തോളം നാഥന്റെയടുക്കലേക്കുള്ള സന്തോഷകരമായ യാത്രയായിരിക്കുമത്; ഏറെ കൊതിച്ചിരുന്ന അനശ്വര സുഖത്തിലേക്കുള്ള സുഗമമായ പ്രയാണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഇഹലോകവാസം വെടിഞ്ഞ സഹോദരന്‍ അബ്‌ദുല്‍ മജീദ് വി.എച്ച് (49) ആ ഗണത്തിലുള്‍പ്പെടുന്നയാളാണെന്ന് അദ്ദേഹത്തെ അറിയുന്ന ഏതൊരാളും സമ്മതിക്കും. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ (എഡ്‌മാക്) പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ ബസിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നുവരെ പ്രാസ്‌ഥാനിക മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് വി.എ ഇബ്രാഹിം കുട്ടിയെയും ബഷീര്‍ മുഹ്‌യുദ്ദീനെയും അവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ച ശേഷം എയര്‍പോര്‍ട്ടില്‍ യാത്രയയച്ച് തിരിച്ചുവന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, രാത്രി വൈകിയുറങ്ങി, പിറ്റേന്ന് രാവിലെ ജോലിക്ക് പോയ അദ്ദേഹത്തെ ജോലി സ്‌ഥലമായ ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള വഴിയില്‍ കാത്തിരുന്നത് അല്ലാഹുവിന്റെ അലംഘനീയമായ വിധിയായിരുന്നു. പ്രഭാതഭക്ഷണത്തിന് ഒപ്പം താമസിക്കുന്ന സുഹൃത്ത് ക്ഷണിച്ചിട്ട്, അത് സ്‌നേഹപൂര്‍വം നിരസിച്ച് ബേക്കറിയിലേക്കദ്ദേഹം വഴി മുറിച്ച് കടന്നത് അല്ലാഹുവിന്റെ വിളി കേട്ടുകൊണ്ടായിരുന്നുവോ? മുമ്പൊരിക്കല്‍ മരണവക്‌ത്രത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടശേഷം തനിക്ക് കിട്ടിയ ജീവിതത്തെ രണ്ടാം ജന്മമായി കണക്കാക്കുകയും അത് പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ത്തന്നെ ചെലവഴിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച് അതില്‍ത്തന്നെ നിലകൊള്ളുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് പറയകാട് വാത്തുശ്ശേരി പരേതനായ ഹൈദ്രോസിന്റെ മകന്‍ അബ്‌ദുല്‍ മജീദ് ഒരു വ്യക്‌തിയായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സ്‌നേഹസാഗരത്തില്‍ നിന്ന് ഒരല്‍പമെങ്കിലും രുചിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആരും സാക്ഷി പറയും. ഒരു സംഘത്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ് ഒരു പുരുഷായുസ്സ് തികച്ചു ജീവിക്കുന്നതിന് മുമ്പ് അദ്ദേഹം ചെയ്‌ത് തീര്‍ത്തത്. പ്രസംഗങ്ങളെക്കാള്‍ വലുത് പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ് അതപ്പടി പ്രാവര്‍ത്തികമാക്കിയ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും എഡ്‌മാകും പ്രത്യേകം സംഘടിപ്പിച്ച അനുസ്‌മരണയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച് പറഞ്ഞുവച്ചതതാണ്. ജനസേവനത്തിന് ഒരുതരത്തിലുമുള്ള അതിര്‍വരമ്പുകളും നിശ്ചയിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വഴിഞ്ഞൊഴുകിയ ആര്‍ദ്രതയുടെ പച്ചപ്പ് കണ്ട് അവര്‍ മൂക്കത്തുവിരല്‍ വച്ചു. സഹോദരസമുദായാംഗങ്ങളായ സുഹൃത്തുക്കളെ അവരുടെ വിവാഹ വാര്‍ഷികദിനങ്ങള്‍ പോലും കൊല്ലങ്ങളായി കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന പശിമയുള്ള ഹൃദയത്തിന്റെ ഉടമ! മാരകരോഗികളും തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നവരും വീടില്ലാത്തവരും നിര്‍ധനരുമായ അനവധി പേരുടെ കണ്ണീരൊപ്പാന്‍ വിശ്രമം പോലും മറന്നുള്ള ഓടിപ്പാച്ചിലുകള്‍! ഏല്‍പിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ പാതിരാത്രി വരെ ഉറക്കമിളക്കുമെങ്കിലും തഹജ്ജുദിനും അതിന് ശേഷം സുബ്‌ഹ് ബാങ്ക് കൊടുക്കാനുമായി പള്ളിയില്‍ കൃത്യമായി ഹാജരാകാനുള്ള ഔല്‍സുക്യം! അതിനേക്കാളൊക്കെ ഏറെ, ജീവിതത്തിന്റെ ഈ വ്യത്യസ്‌ത മുഖഭാവങ്ങളെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച്, ലോകമാന്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളെയും മനസ്സിനെയും സദാ സംരക്ഷിച്ചു നിര്‍ത്തിയ നിഷ്‌കളങ്കത. ഒരു സാദാ പ്രവര്‍ത്തകനായി ജനക്കൂട്ടത്തിലലിയാന്‍ തീരെ വൈഷമ്യമില്ലാത്ത ഒരാള്‍, ഇതായിരുന്നു ഞങ്ങളുടെ മജീദ്‌ക്ക.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ വളണ്ടിയര്‍ വിഭാഗത്തില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, നോമ്പുതുറ പോലെ വിശാല ജനപങ്കാളിത്തമുള്ള പരിപാടികളിലും മറ്റും ഏല്‍പിച്ച ദൗത്യം ഭംഗിയാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തു അദ്ദേഹം. താന്‍ നേതൃത്വം ഏറ്റെടുത്ത രണ്ട് വര്‍ഷങ്ങളില്‍ എഡ്‌മാക്കിനെ പുതിയ സേവന-സാംസ്‌കാരിക-വൈഞ്‌ജാനിക മേഖലകളിലേക്ക് കൈപിടിച്ചുനടത്താന്‍ അസാമാന്യമായ നേതൃപാടവവും ഇഛാശക്‌തിയും കാണിച്ചു. ഒരു സന്ദര്‍ഭത്തിലും നേതാവിന്റെ ഹാവഭാവങ്ങളില്ലാതെ അനുയായി വൃന്ദത്തിലെ ഏറ്റവും സാധാരണക്കാരനോടൊപ്പം നിന്നു. നാട്ടില്‍ നിന്നുമെത്തുന്ന സഹായപേക്ഷകളിലേക്കുള്ള ഫണ്ടുപിരിവുകളില്‍ കുറഞ്ഞ ശമ്പളക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ വലിപ്പം കണ്ട് അത് കുറക്കണമെന്നാവശ്യപ്പെട്ടത് അവരോടുള്ള മമതയുടെ നിദര്‍ശനമായിരുന്നു. വീട്ടുജോലിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആരായാലും പുതുതായി ഖത്തറില്‍ ജോലിക്കെത്തുന്ന എറണാകുളം ജില്ലക്കാരെ സംഘടനയുമായി അടുപ്പിക്കാനും വ്യത്യസ്‌ത ഫണ്ടുകളിലൂടെ നാട്ടില്‍ നിസ്സഹായരായ ധാരാളം പേര്‍ക്ക് സഹായമെത്തിക്കാനും ഒരുപാട് സേവനപരിശ്രമങ്ങളര്‍പ്പിച്ചു. നാട്ടില്‍ ലീവില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി സഹായത്തിന് അര്‍ഹരായവര്‍ക്ക് അത് നേരിട്ടെത്തിച്ചുകൊടുത്തു. ഖത്തറിലും നാട്ടിലുമൊക്കെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുമായും സൗഹൃദം സ്‌ഥാപിക്കാനും അവരുമായി ഇഴുകിച്ചേരാനുമുള്ള പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയെത്ര മനുഷ്യപ്പറ്റുള്ള സംഭവങ്ങള്‍! നിലപാടുകള്‍! എല്ലാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവ.
അല്ലാഹു അബ്‌ദുല്‍ മജീദ് സാഹിബിന്റെ പാപങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും സന്തപ്‌ത കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
tajaluva@gmail.com
Subscribe to:
Post Comments (Atom)
സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?
ഡോ. താജ് ആലുവ "ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
ലങ്കാവിയുടെ വശ്യതയില്.. താജ് ആലുവ മലേഷ്യയെന്ന് കേള്ക്കുമ്പോള് ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില് ഓടി...
-
ഡോ. താജ് ആലുവ "ചരിത്രത്തില് സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്ടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...
-
article appeared in Madhyamam Newspaper on 28 June 2010 http://www.madhyamam.com/story/ഫലസ്തീനികള്-ജയിക്കുന്ന-പബ്ലിക്-റിലേഷന്-യുദ്ധം താജ് ...
No comments:
Post a Comment