Monday, 22 May 2017


അറിവ്: പ്രയോഗവത്കരണത്തിന്റെ പ്രതിസന്ധികള്‍

താജ് ആലുവ

വിദ്യാഭ്യാസ പ്രക്രിയയില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വിവരം (Information), ആശയഗ്രഹണം (Understanding), പ്രയോഗവത്കരണം (Application). വിദ്യാഭ്യാസം വിശിഷ്യാ, മതവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരും പൊതുവെ ഊന്നാറുള്ളത് പ്രയോഗവല്‍ക്കരണം നടക്കാത്തതിനെക്കുറിച്ചാണ്. നേടുന്ന അറിവുകള്‍ ഒന്നുകില്‍ വിദ്യാര്‍ഥികള്‍ പ്രയോഗവല്‍ക്കരിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന വിദ്യ പ്രായോഗികജീവിതത്തിന് വേണ്ട അളവില്‍ ഉപകാരപ്പെടുന്നവയല്ല എന്നിങ്ങനെയാണ് പരാതികള്‍. പക്ഷേ പ്രയോഗവല്‍ക്കരണത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന്, വിവരത്തിന്റെ ആധിക്യം നാം ഒട്ടുവളരെ അനുഭവിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി വിദ്യാര്‍ഥികള്‍ക്ക് കൈമാറാനോ കുട്ടികള്‍ വ്യക്തമായി അത് ഗ്രഹിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനോ സംവിധാനമില്ല എന്നതാണ്. വിവരവും വിജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ന് മാധ്യമങ്ങള്‍ വഴി ധാരാളം വിവരങ്ങള്‍ ലഭിക്കുന്നു്. സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ വഴിയെല്ലാം വിവരങ്ങളുടെ തള്ളലാണ്. പക്ഷേ ഈ വിവരങ്ങളിലൊട്ടുമിക്കതും നമ്മുടെ അറിവിനെ പരിപോഷിപ്പിക്കുന്നില്ല. പലപ്പോഴും കേവല വിവരങ്ങളായി മാത്രം അവശേഷിക്കുന്ന ഇവയില്‍ പലതും ശരിയായി അനുവാചകന്റെ മനസ്സിലേക്ക് കയറുകയോ അവര്‍ അതിനോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഉപകാരപ്രദമായ വിജ്ഞാനമെന്നാല്‍, അനുവാചകന് അത് വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുകയും ജീവിതത്തില്‍ യുക്തമായ സ്ഥലത്തും സന്ദര്‍ഭത്തിലും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയും ചെയ്യണം. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ വിജ്ഞാനം നേടിയിരുന്നത് വ്യക്തികളില്‍നിന്നായിരുന്നു. ദിവസങ്ങളും മാസങ്ങളും യാത്രചെയ്ത്, പണ്ഡിതവര്യരുടെ അടുക്കല്‍ താമസിച്ച് പഠിച്ചാണ് നമ്മുടെ പൂര്‍വികര്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരണങ്ങളും ഹദീസുകളുമൊക്കെ മനസ്സിലാക്കിയത്. ആ പണ്ഡിതവര്യരായിരുന്നു ഒരര്‍ഥത്തില്‍ അന്നത്തെ യൂനിവേഴ്‌സിറ്റികള്‍. നാല് മദ്ഹബിന്റെ ഇമാമുകളായ അബൂഹനീഫയും ശാഫിഈയും അഹ്മദുബ്‌നു ഹമ്പലും മാലിക്കുമെല്ലാം ഒരര്‍ഥത്തില്‍ അന്നത്തെ നിലവിലുള്ള സര്‍വകലാശാലകളായിരുന്നു. വിദ്യാഭ്യാസത്തില്‍ വന്‍ വിപ്ലവങ്ങളുണ്ടായിട്ടുള്ള ആധുനിക കാലഘട്ടത്തില്‍, പഴയ ആ രീതിയില്‍നിന്ന് കടമെടുത്തായിരിക്കണം, ഏറ്റവും ഉന്നതമായ ബിരുദം (പി.എച്ച്.ഡി) ഒരാളില്‍നിന്ന് പഠിക്കണമെന്ന് സര്‍വകലാശാലകള്‍ തീരുമാനമെടുത്തത്. ഗൈഡ് എന്ന് പേരിട്ട ഒറ്റയാളാണ് നാം എങ്ങനെ ഗവേഷണം നടത്തണമെന്ന് തീരുമാനിക്കുന്നത്. ഏകാധ്യാപക വിദ്യാലയത്തില്‍ പോകാന്‍ അന്ന് മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. വസ്തുതകള്‍ കൃത്യമായി ഗ്രഹിക്കുകയെന്നതിനപ്പുറം നല്ല സഹവാസവും അതിന്റെ ലക്ഷ്യമായിരുന്നു. ആ ഗുരുവര്യന്‍ തന്റെ ശിഷ്യര്‍ക്ക് മാര്‍ഗദര്‍ശിയും വഴികാട്ടിയുമായിരുന്നു. അന്ന് വിജ്ഞാനത്തിന്റെ പ്രയോഗവല്‍ക്കരണം, അധ്യാപകന്‍ പ്രകടിപ്പിക്കുന്ന കുടുംബ-സാമൂഹിക മര്യാദകളും സ്വഭാവ സവിശേഷതകളുമൊക്കെ കണ്ട് മനസ്സിലാക്കി വേണമായിരുന്നു.

വിവരഗ്രഹണത്തിന്റെ പ്രശ്‌നങ്ങള്‍

ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ പാശ്ചാത്യലോകത്തും പൗരസ്ത്യ രാജ്യങ്ങളിലും വിഭിന്നങ്ങളാണ്. പൗരസ്ത്യലോകത്ത്, ഇന്‍ഫര്‍മേഷന്‍ മനഃപാഠമാക്കുകയെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ദൗത്യം. വിവരങ്ങള്‍ മനസ്സിലില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം തന്നെയില്ല എന്ന അവസ്ഥ. ആശയഗ്രഹണം വേണ്ട രൂപത്തില്‍ നടന്നില്ലെങ്കിലും വിവരങ്ങള്‍ മനസ്സിലുണ്ടായാല്‍ മതിയെന്ന ധാരണ. വാസ്തവത്തില്‍ ആശയഗ്രഹണം നടക്കേണ്ടത് പുസ്തകങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയുമാണ്. ക്ലാസ്സ് റൂമുകളില്‍ ഇത് കുറഞ്ഞുവരുന്ന കാഴ്ചയാണ് പൗരസ്ത്യ ലോകത്ത്. പാശ്ചാത്യ ലോകത്താവട്ടെ, ആശയഗ്രഹണത്തിനാണ് കൂടുതല്‍ പ്രാധാന്യം. അവര്‍ വിവരങ്ങള്‍ മനഃപാഠമാക്കുന്നതിനെ ഏറക്കുറെ പൂര്‍ണമായും അവഗണിക്കുന്നു. അതിനാല്‍ ശരി/തെറ്റ് കണ്ടുപിടിക്കാനുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളാണവിടെ കൂടുതല്‍. പാരഗ്രാഫ് വായിച്ച് ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും ധാരാളമായി കാണാം.

രണ്ട് നിലപാടുകള്‍ക്കും അതിന്റേതായ ദൗര്‍ബല്യങ്ങളുണ്ട്. ഒരു വശത്ത് മനഃപാഠമാക്കിയ സംഗതികള്‍ ആശയം ഗ്രഹിക്കാത്തതിനാല്‍ എവിടെ പ്രയോഗിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പഠിതാക്കള്‍. മറുവശത്ത് പലതും മനഃപാഠമാക്കാത്തതിനാല്‍ പലപ്പോഴും വേണ്ട സമയത്ത് വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ചോദ്യം ചോദിക്കുന്ന സമയത്ത് ഓര്‍മയുള്ള സംഗതി ആറുമാസം കഴിഞ്ഞാല്‍ ഓര്‍മയില്‍ വരുന്നില്ല. ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും ഈ പ്രശ്‌നമുണ്ട്. അറബി വ്യാകരണം മനഃപാഠമാക്കിയവരില്‍ പലരും പിന്നീടത് ഉപയോഗിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ തപ്പിത്തടയുന്നു. അച്ചടിഭാഷയിലുള്ള അറബി സ്ഫുടമായും വ്യക്തമായും അറബികളേക്കാള്‍ നന്നായി വായിക്കുന്ന ഈ പഠിതാക്കള്‍ പക്ഷേ അറബി സംസാരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ (പ്രാദേശിക വകഭേദങ്ങള്‍ മാത്രമല്ല, ശരിയായ അറബി തന്നെ സംസാരിക്കേണ്ട ഘട്ടത്തില്‍) പരാജയപ്പെടുന്നു. അതുപോലെ, ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരും അതേത്തുടര്‍ന്ന് അതിന്റെ അര്‍ഥവും ആശയവും ഗ്രഹിക്കാത്തതിനാലും നിരന്തര ആവര്‍ത്തനത്തിന്റെ അഭാവത്തിലും അത് മറന്നുപോകുന്നതും കാണാം. കുട്ടികള്‍ക്ക് മനഃപാഠമാക്കാനുള്ള കഴിവിനെ ചെറുപ്പത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് അഭിലഷണീയം തന്നെയാണ്. എന്നാല്‍ ചെറുപ്രായം കഴിയുമ്പോഴേക്ക് കൃത്യമായ ഫോളോഅപ്പും അനുയോജ്യമായ തുടര്‍വിദ്യാഭ്യാസവും നല്‍കിയില്ലെങ്കില്‍ ആ മനഃപാഠമാക്കിയതിന് ഫലമില്ലാതെ വരും. അതിനാല്‍ ഏറ്റവും ബുദ്ധിപൂര്‍വകമായത്, വിവരങ്ങള്‍ ചെറുപ്പത്തില്‍ ഫീഡ് ചെയ്യുകയും വലുതാകുന്ന മുറക്ക് ആശയഗ്രഹണത്തിന് പറ്റുന്ന അവസ്ഥ ഉണ്ടാക്കിക്കൊടുക്കുകയുമാണ്. ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന വിദ്യാര്‍ഥിയെ അറബി ഭാഷ പഠിപ്പിക്കാനുള്ള ഉദ്യമം കൂടി തുടര്‍ന്ന് നടത്തേണ്ടതുണ്ട്. തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസകള്‍ ഉന്നത ഭാഷാപഠനവും കൂടി തുടര്‍ന്ന് നല്‍കുന്ന രൂപത്തില്‍ വേണം ഡിസൈന്‍ ചെയ്യാന്‍.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ജനാധിപത്യവല്‍ക്കരണം വിവരസാങ്കേതികവിദ്യ അതിന്റെ ഉച്ചിയില്‍ നില്‍ക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവരശേഖരണമെന്നത് ഒരു പ്രശ്‌നമല്ല. പണ്ട് ഒരു ഹദീസ് ശേഖരിക്കാന്‍ മാത്രം ആറുമാസം യാത്ര ചെയ്ത ചരിത്രമാണ് നമ്മുടെ പൂര്‍വികര്‍ക്കുള്ളത്. പത്തിരുപതു വര്‍ഷം മുമ്പ് വരെ രണ്ടും മൂന്നും ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ റഫര്‍ ചെയ്യണമെങ്കില്‍ അതിന്റെ വലിയ വാല്യങ്ങളെടുത്തു വെച്ച് പേജുകള്‍ നോക്കി കണ്ടുപിടിക്കാന്‍ പെടാപ്പാട് പെടണമായിരുന്നു. ഇന്ന് ഇത്തിരിപ്പോന്ന ടാബുകളില്‍ പതിമൂന്ന് നൂറ്റാണ്ടുകളായി രചിക്കപ്പെട്ട സകല തഫ്‌സീറുകളും ഒറ്റ ആയത്തിന് കീഴില്‍ തെരഞ്ഞെടുക്കാന്‍ സെക്കന്റുകള്‍ക്കുള്ളില്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഏറെ ലഭ്യമാണ്. ലക്ഷക്കണക്കിന് ഹദീസുകള്‍ മാത്രമല്ല, അതിനെക്കുറിച്ച സകല വിവരണങ്ങളും ഒറ്റയിരുപ്പില്‍ നിമിഷങ്ങള്‍ കൊണ്ട് ലഭ്യമാകുന്നു. നമ്മുടെ ചെറിയ ടാബിലും യു.എസ്.ബി ഡിസ്‌കിലുമൊക്കെ ഒതുങ്ങിയിരിക്കുന്ന തഫ്‌സീറുകളും ഹദീസ് ഗ്രന്ഥങ്ങളും മുമ്പ് പണ്ഡിതശ്രേഷ്ഠരുടെ പോലും വീട്ടിലോ അവരുടെ പട്ടണത്തിലോ രാജ്യത്ത് പോലുമോ ഉണ്ടായിരുന്നില്ല. വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് പണ്ഡിതരുടെ ഗ്രന്ഥങ്ങളും നമ്മുടെ കണ്‍മുന്നിലെത്താന്‍ നിമിഷങ്ങള്‍ മതി. വിവരങ്ങള്‍ ഇങ്ങനെ വ്യാപിക്കുമ്പോള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അവ കൃത്യമായ ഒരു ഫ്രെയിമിലൊതുക്കി സമൂഹത്തിനെങ്ങനെ എത്തിച്ചുകൊടുക്കും എന്നതാണ്. ദീനീ വിഷയത്തില്‍ എന്ത് സംശയമുണ്ടായാലും ഗൂഗിളില്‍ പരതിയാല്‍ മതിയെന്നിടത്ത് സമൂഹം എത്തിനില്‍ക്കുമ്പോള്‍, അവിടെനിന്ന് ലഭിക്കുന്ന അനന്തമായ വിവരങ്ങള്‍ പ്രായോഗികമായി അവരില്‍ പലര്‍ക്കും എത്രമാത്രം ഉപകാരപ്പെടുന്നുണ്ടെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. അതുപോലെത്തന്നെ പഠിക്കേണ്ടതാണ് ഈ വിവരങ്ങളില്‍ പലതിന്റെയും ആധികാരികതയും. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്നതുപോലെ, ദീനിനെക്കുറിച്ച് അല്‍പമൊക്കെ അറിയുന്നവന്‍ പോലും സോഷ്യല്‍ മീഡിയയിലും മറ്റും മുഫ്തിയായി വേഷം കെട്ടുമ്പോള്‍ പ്രത്യേകിച്ചും. അതേ സന്ദര്‍ഭത്തില്‍, ഒരല്‍പം ശ്രദ്ധ വെച്ചാല്‍ സൈബര്‍ യുഗത്തിലെ വളര്‍ച്ചയെ തികച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള അവസരം ധാരാളമായുണ്ടു താനും. അങ്ങനെ ദീനീവിദ്യാഭ്യാസമെന്നത് കലാലയങ്ങളുടെ അകത്ത് മാത്രമല്ല, അതിനു പുറത്തുള്ള ഒരു വലിയ സമൂഹത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായി മാറണം. സ്വന്തം മക്കളെ അത്യാവശ്യം ദീന്‍ പഠിപ്പിക്കാനുതകുന്ന തരത്തില്‍ മാതാപിതാക്കളെക്കൂടി മാറ്റുന്ന ഒരു പ്രക്രിയക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. അപ്പോള്‍ മാത്രമാണ്, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം പൂര്‍ത്തിയാവുക. മൂന്ന് തരത്തില്‍ ഈ വിദ്യാഭ്യാസം നല്‍കാവുന്നതാണ്. ഒന്നാമതായി, നിത്യജീവിതത്തിലേക്ക് വേണ്ട പ്രാര്‍ഥനകളും ദിക്‌റുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു 'അടിസ്ഥാന ആത്മീയ' വിദ്യാഭ്യാസം. അതായത്, അല്ലാഹുവിനെ എപ്പോഴും ഓര്‍ത്തിരിക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടാവുന്ന പ്രാര്‍ഥനകളും ദിക്‌റുകളും പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു കരിക്കുലം. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനിണങ്ങിയ രൂപത്തില്‍ ഈ വിദ്യാഭ്യാസം ചെറുപ്പത്തിലേ നല്‍കിയാല്‍ അവര്‍ എത്ര വലുതായാലും അവ ഓര്‍ത്തിരിക്കുകയും അല്ലാഹുവിനെക്കുറിച്ച സ്മരണ അവരുടെ മനസ്സില്‍ നിറയുകയും ചെയ്യും.'അല്ലാഹുവിനോടുള്ള ദാസ്യത്തില്‍ വളര്‍ന്ന യുവാവ്' എന്ന അന്ത്യനാളില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്ന വിഭാഗത്തിലുള്‍പ്പെടുന്നവനാകാന്‍ ഇതവനെ തുണക്കും. പാഠസ്ഥലത്തും കളിസ്ഥലത്തും അവര്‍ ഇത് ശീലിക്കട്ടെ. അതോടൊപ്പം മാതാപിതാക്കളും ഇവ പഠിക്കാന്‍ ഔത്സുക്യം കാണിക്കണം. കാരണം, പ്രാര്‍ഥനകളും ദിക്‌റുകളും കുട്ടികള്‍ കൃത്യമായി ശീലിക്കുക, വീട്ടില്‍ മാതാപിതാക്കളും മറ്റുള്ളവരും അത് എത്രമാത്രം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ്. വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എന്ന തോതില്‍ ഇതിന് ഒരു ലക്ഷ്യവും നിര്‍ണയിക്കാവുന്നതാണ്.

രണ്ടാമതായി, ചില പ്രായോഗിക വിജ്ഞാനങ്ങള്‍ നല്‍കുക. വുദൂ, നമസ്‌കാരം തുടങ്ങിയ ഇബാദത്തുകളില്‍ തുടങ്ങി, എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം, വസ്ത്രം ധരിക്കേണ്ടതെങ്ങനെ, മറ്റുള്ളവരുമായി ഇടപഴകുമ്പോഴുള്ള പെരുമാറ്റ മര്യാദകള്‍, സാമൂഹിക മര്യാദകള്‍, അടിസ്ഥാന കര്‍മശാസ്ത്രം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രായോഗിക വിജ്ഞാനീയങ്ങള്‍. മൂന്നാമതായി, ഇസ്‌ലാമിക ചരിത്രം, അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം. ആരാണ് അല്ലാഹു, മനുഷ്യസൃഷ്ടിപ്പ്, വിശ്വാസകാര്യങ്ങള്‍, പ്രവാചകന്മാര്‍, മലക്കുകള്‍, അന്ത്യദിനം, വിധിവിശ്വാസം തുടങ്ങിയ കാര്യങ്ങളിലെ ആഴത്തിലുള്ള അറിവ്. മേല്‍ സൂചിപ്പിച്ചതുപോലെ ഈ വിഷയങ്ങളിലുള്ള വിജ്ഞാനീയങ്ങള്‍ പരന്നുകിടക്കെ, അവ വിഭജിച്ച് ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ കണക്കുകൂട്ടി ഒരു സിലബസ് ആയി പരിവര്‍ത്തിപ്പിക്കണം. ദിവസവും 20 മിനിറ്റ് എന്ന തോതില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരമാവധി 7 മുതല്‍ 8 വരെ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഒരു കരിക്കുലമാണ് ലക്ഷ്യമിടേണ്ടത്.

പരിശീലനപ്രധാനമായ ക്ലാസ്സുകള്‍

ഭൗതിക ദീനീഭേദമില്ലാതെ നമ്മുടെ വിദ്യാഭ്യാസം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ക്ലാസ്സ് റൂമുകളിലെ വിരസതയാണ്. അതിന് പ്രധാന കാരണം ക്ലാസ്സ് റൂമുകളിലെ നെടുങ്കന്‍ പ്രഭാഷണങ്ങളാണ്. ആ വിഷയങ്ങളുടെ പ്രായോഗിക പരിശീലനമാകട്ടെ ഹോം വര്‍ക്ക് രൂപത്തിലുമാണ് നടക്കുന്നത്. നല്ലൊരു ശതമാനം ക്ലാസ്സ് റൂമുകളും പൊതുവെ അനുഭവിക്കുന്ന പ്രശ്‌നം കുട്ടികള്‍ക്ക് ഈ പ്രഭാഷണങ്ങളില്‍ താല്‍പര്യമില്ല എന്നതാണ്. പലപ്പോഴും അവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ക്ലാസ്സുകളെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ടുതന്നെ ആകര്‍ഷണീയമല്ലാത്ത ക്ലാസ്സുകള്‍ ഏത് വിഷയങ്ങളിലാണോ, ആ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് എന്നെന്നേക്കുമായി താല്‍പര്യം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ഒരു പ്രത്യേക വിഷയത്തിലെ ക്ലാസ്സ് നന്നായിരുന്നെങ്കില്‍ ആ വിഷയത്തില്‍ പിന്നീട് അത്ഭുതം കാണിക്കാന്‍ തയാറുള്ള കുട്ടികള്‍ അവിടെയുണ്ടായിരിക്കാം. പക്ഷേ കൈകാര്യം ചെയ്യുന്നവരുടെ വീഴ്ചകൊണ്ട് എത്രയോ പ്രതിഭകള്‍ കൊഴിഞ്ഞുപോകുന്നുണ്ടാകാം. അതോടൊപ്പം, ഹോം വര്‍ക്ക് ഒരു പ്രഹസനമായി മാറിയ കാലത്താണ് നാമുള്ളത്. അതിന്റെ പ്രധാന കാരണം, കുട്ടികള്‍ക്ക് തെറ്റുതിരുത്താനുള്ള അവസരം പല ഹോം വര്‍ക്കുകളിലും ഇല്ല എന്നുള്ളതാണ്. വിഷയങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള വീടുകളില്‍, മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ സമയമുള്ളിടത്ത് ഇതൊരു പക്ഷേ നടന്നേക്കാം. പക്ഷേ അധിക വീടുകളിലും അങ്ങനെയല്ല സ്ഥിതി. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇത്തരം പ്രശ്‌നങ്ങളെ വിദഗ്ധമായി നമുക്ക് മറികടക്കാം. കാലിഫോര്‍ണിയയിലെ ഖാന്‍ അക്കാദമി ഈ വിഷയത്തില്‍ ഒരു മികച്ച മാതൃകയാണ്. ഈ സ്ഥാപനത്തിലെ രീതി ഇങ്ങനെയാണ്: ഓരോ വിഷയത്തിലും ഏറ്റവും നല്ല അധ്യാപകരുടെ പ്രഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പത്തിരുപത് മിനിറ്റ് വീതമുള്ള വീഡിയോകളാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും. അതത് ദിവസങ്ങളില്‍ കുട്ടികള്‍ ഈ പ്രഭാഷണങ്ങള്‍ വീട്ടിലിരുന്ന് കേള്‍ക്കും. അതായത് അവരുടെ ഹോംവര്‍ക്ക് ലക്ചറുകള്‍ കേള്‍ക്കുക എന്നതാണ്. ക്ലാസ്സ് വര്‍ക്കാവട്ടെ, പ്രായോഗിക പരിശീലനം മാത്രവും. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്കൊപ്പം നിന്ന് പ്രായോഗിക പരിശീലനം നല്‍കാനും അവരുടെ തെറ്റുകള്‍ തിരുത്താനും മുഴുസമയവും അധ്യാപകര്‍ കൂടെയുണ്ടാവും. വിരസതയുള്ള ലക്ചറുകള്‍ക്ക് പകരം ഏറ്റവും നല്ല ലക്ചറുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ക്ലാസ്സുകളുടെ വിരസത കൊണ്ട് ഒരു വിഷയവും കുട്ടികള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല. സാധാരണ ഗതിയില്‍ ഹോം വര്‍ക്കെന്ന പേരില്‍ നടക്കുന്ന പ്രഹസനം ഇല്ലാതാകുന്നത് കുട്ടികള്‍ക്ക് ആശ്വാസമാകും. ക്ലാസ് റൂം സമയം ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഗുണം, ഏറ്റവും നല്ല അധ്യാപകരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ സാധിക്കുമെന്നതാണ്. മാത്രവുമല്ല, എല്ലാ ക്ലാസ്സുകളും പരമാവധി ഏകീകരിക്കാനും മിക്കവാറും എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കും. ഭൗതിക വിഷയങ്ങളില്‍ മാത്രമല്ല, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഈ മോഡല്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. അങ്ങനെ വന്നാല്‍ ഏറ്റവും നല്ല അറബി അധ്യാപകനെ, ചരിത്ര അധ്യാപകനെ, ഫിഖ്ഹ് അധ്യാപികയെ, ഖുര്‍ആന്‍ അധ്യാപികയെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ അവസരം കിട്ടും. ക്ലാസ്സുകളില്‍ ചര്‍ച്ചക്കും ആശയസംവാദത്തിനും ഏറെ സമയം ലഭിക്കും. വിദ്യാഭ്യാസത്തെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന രീതിയിലും വിദ്യാര്‍ഥികളുടെ ഗ്രാഹ്യതയിലും അത്ഭുതകരമായ മാറ്റം ഉണ്ടാക്കാന്‍ ഇത് സഹായകമാകും. ഇവിടെ ഒരു സംശയമുണ്ടാവും, കുട്ടികള്‍ യൂട്യൂബും മറ്റും ഉപയോഗിക്കുന്നത് എങ്ങനെയാണ് നിയന്ത്രിക്കുക? അതിന് പറ്റുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് എന്നതാണ് ഉത്തരം. കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വിധം, സമയം, സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഇതൊക്കെ അറിയാനുള്ള മാട്രിക്‌സ് ഉപയോഗിക്കാം. കൃത്യവും വ്യക്തവുമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്താനും സാധിക്കും. ഇതു മുഖേന ലഭിക്കുന്ന മറ്റൊരു ഗുണം, ഏത് മദ്‌റസയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടിയാണെങ്കിലും അവന്/അവള്‍ക്ക് എന്തൊക്കെ അറിയണമെന്നതില്‍ കൃത്യമായ ഒരു സ്റ്റാന്റേര്‍ഡ് നിശ്ചയിക്കാന്‍ സാധിക്കുമെന്നതാണ്. 5, 10, 15 വയസ്സുകളില്‍ കുട്ടികള്‍ ഏത് നിലവാരത്തില്‍ എത്തണമെന്നു തീരുമാനിക്കാനും അവ ഏകീകരിക്കാനും സാധിക്കും.

ഉന്നത പഠനത്തിന്റെ പുതിയ മേഖലകള്‍

പ്രായോഗിക പരിഹാരം കാണേണ്ട മറ്റൊരു മേഖല, പുതിയ ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നത പഠനമാണ്. ഉദാഹരണത്തിന്, ഇപ്പോള്‍ കാര്യമായ ഊന്നല്‍ ലഭിക്കേണ്ട ഒരു മേഖലയാണ് ഇസ്‌ലാമിക് കൗണ്‍സലിംഗ്. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ചേര്‍ത്തുവെച്ചുള്ള കൗണ്‍സലിംഗ് ഉന്നത ബിരുദമായി പഠനം നടത്താന്‍ സ്‌കോപ്പുള്ള മേഖലയാണ്. ഇസ്‌ലാമിക് എക്കണോമിക്‌സ് (ബാങ്കിംഗ് മാത്രമല്ല), ഇസ്‌ലാമിക് സോഷ്യോളജി, ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഇതിലൊക്കെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളു്. ശരീഅ, അഖീദ, ഉസ്വൂലുദ്ദീന്‍, ഫിഖ്ഹ്, ദഅ്‌വ കോഴ്‌സുകള്‍ നടക്കട്ടെ. അതിനപ്പുറം പുതിയ വിഷയങ്ങളില്‍ ഡിഗ്രി-ഡിപ്ലോമകള്‍ നല്‍കാന്‍ നമ്മുടെ ഉന്നത കലാലയങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. എ.ഐ.സി ഡിഗ്രിക്കപ്പുറം, ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, മാര്യേജ് കൗണ്‍സലിംഗ്, ടീന്‍സ് കൗണ്‍സലിംഗ്, ആന്ത്രോപോളജി, മുസ്‌ലിം ഡോക്ടര്‍മാര്‍ ഇഷ്ടം പോലെ പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക് പ്രത്യേകമായൊരു മെഡിക്കല്‍ എത്തിക്‌സ് കോഴ്‌സ് ഇതൊക്കെ ധാരാളം ശ്രദ്ധ ആവശ്യമുള്ള മേഖലകളാണ്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ഇത്തരം കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഉന്നത ബിരുദധാരികള്‍ക്ക് സാധിക്കും. ഉദാഹരണത്തിന് മനുഷ്യന്‍ തെറ്റുകളോടെയും പിഴവുകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ആധുനിക സൈക്കോളജി പറയുമ്പോള്‍ അങ്ങനെയല്ല, മനുഷ്യന്‍ അതിസുന്ദരമായ ഘടനയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ഇസ്‌ലാമിന്റെ വാദം യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇസ്‌ലാമിക് സൈക്കോളജി ബിരുദധാരികള്‍ക്ക് സാധിക്കണം. മനസ്സെന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യുകയാണ് വേണ്ടതെന്ന് ആധുനികര്‍ വാദിക്കുമ്പോള്‍, അല്ല നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കു മാത്രം ഗുണമുള്ളതല്ല, മറ്റുള്ളവര്‍ക്കു കൂടി ഗുണം ലഭിക്കുന്നതാകുമ്പോഴാണ് യഥാര്‍ഥ സന്തോഷം ലഭിക്കുകയെന്ന ഇസ്‌ലാമിക പാഠം പഠിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഏതു കാലത്തെയും പ്രശ്‌നങ്ങള്‍ക്ക് ബുദ്ധിപരമായ പരിഹാരങ്ങളും നിര്‍ദേശങ്ങളും നല്‍കാനുള്ള സഹജമായ കഴിവ് ഇസ്‌ലാമിനുണ്ടെന്ന് നമുക്ക് സ്ഥാപിക്കാനാവുന്നത് ഇക്കാലഘട്ടത്തില്‍ എന്തുമാത്രം ഫലങ്ങള്‍ പ്രദാനം ചെയ്യില്ല! ചുരുങ്ങിയത്, ആധുനിക വിദ്യാഭ്യാസത്തെത്തന്നെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തത്ത്വങ്ങള്‍ക്കു മേലാണ് നാം അടയിരിക്കുന്നതെങ്കിലും നാം ഓര്‍ത്തേ പറ്റൂ.

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...