Wednesday, 29 January 2014


ഈജിപ്തില്‍ അള്‍ജീരിയ ആവര്‍ത്തിക്കുമോ?

താജ് ആലുവ / കവര്‍ സ്‌റ്റോറി‌

http://www.prabodhanam.net/detail.php?cid=2809&tp=1

മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുക വഴി ഈജിപ്തിലെ പട്ടാള ഭരണകൂടം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. ഡിസംബര്‍ 24-ന് മന്‍സൂറയില്‍ സൈനിക ആസ്ഥാനത്തെ ലക്ഷ്യം വെച്ചുനടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ ബന്ധമുള്ള 'അന്‍സാറുല്‍ ബൈത്തില്‍ മഖ്ദിസ്' എന്ന സംഘം ഏറ്റെടുത്തിട്ടും ബ്രദര്‍ഹുഡിനെയാണ് സൈനിക ഗവണ്‍മെന്റ് 'ഭീകരരായി' പ്രഖ്യാപിച്ചത്! തുടര്‍ന്ന്, ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരെ ചൂണ്ടിക്കാണിക്കാന്‍ ജനങ്ങളോട് ഗവണ്‍മെന്റ് ആവശ്യപ്പെടുകയും അതിന് വേണ്ടി പ്രത്യേക 'ഹോട്ട്‌ലൈന്‍' സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ജനഹിതത്തെ അട്ടിമറിച്ച സ്വേഛാധിപത്യ ഭരണകൂടം പൊതുസമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ നടത്തുന്ന അത്യന്തം ഹീനമായ കുതന്ത്രമായി സ്വതന്ത്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.

കഴിഞ്ഞ എട്ടര പതിറ്റാണ്ടിലധികമായി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡ്, സൈനിക സ്വേഛാധിപത്യം നിലനിന്ന അധികകാലവും നിരോധത്തിലായിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ആയുധമെടുക്കാന്‍ ബ്രദര്‍ഹുഡ് അതിന്റെ അനുയായികളെ പ്രേരിപ്പിച്ചിട്ടില്ലെന്നത് ശത്രുക്കള്‍ പോലും സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. 2011-ല്‍ ജനകീയ വിപ്ലവത്തിലൂടെ ഹുസ്‌നി മുബാറക്കിനെ തൂത്തെറിഞ്ഞതിന് ശേഷം നടന്ന ഭരണഘടനാ ഹിതപരിശോധനയിലും പാര്‍ലമെന്റ് - പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കരസ്ഥമാക്കിയ ബ്രദര്‍ഹുഡിനെ ജനാധിപത്യപരമായി നേരിടാന്‍ ത്രാണിയില്ലാത്ത അള്‍ട്രാസെക്യുലരിസ്റ്റുകളും അധികാര ഭിക്ഷാംദേഹികളായ പട്ടാള മേധാവികളും വൈദേശിക ശക്തികളുടെ പിന്തുണയോടെ നടത്തിയ സൈനിക അട്ടിമറിക്ക് ന്യായം ചമക്കാനാണിപ്പോള്‍ ഈ തത്രപ്പാട്.

ഈജിപ്തിന്റെ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതനാക്കിയ ജൂലൈ മൂന്നിലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ ഏതാണ്ടെല്ലാ നേതാക്കളെയും ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. അട്ടിമറിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച സംഘടനയുടെ ആയിരത്തിലധികം പ്രവര്‍ത്തകരെ നിഷ്‌കരുണം സൈന്യം കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴും ദിനേനയെന്നോണം നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുകൊണ്ടിരിക്കുകയുമാണ്. പ്രതിസന്ധി ഘട്ടത്തില്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കേണ്ട മുതിര്‍ന്ന നേതൃത്വം മുഴുവനായിത്തന്നെ തടവിലായതിനാല്‍ കിട്ടിയ സന്ദര്‍ഭം മുതലെടുത്ത് സംഘടനയില്‍ ആശയക്കുഴപ്പം വിതക്കാനും ചിലരെയെങ്കിലും ആയുധമെടുപ്പിക്കാനും സൈനിക ഭരണകൂടം കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന് സര്‍വവിധ പിന്തുണയുമായി ചില വൈദേശിക ശക്തികളും രംഗത്തുണ്ട്. എല്ലാവരും കൂടി ഇതുവരെ അണിയറയില്‍ ഒരുക്കിക്കൊണ്ടിരുന്ന പദ്ധതി ഇപ്പോള്‍ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. പിന്നില്‍ ഒരേയൊരു ലക്ഷ്യം മാത്രം: ഈജിപ്തില്‍ മറ്റൊരു അള്‍ജീരിയ തീര്‍ക്കുക.

എന്താണ് അള്‍ജീരിയയില്‍ നടന്നത്? 1991-ലെ പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) വ്യക്തമായ ജനപിന്തുണ കരസ്ഥമാക്കുന്നു. എന്നാല്‍, എഫ്.ഐ.എസിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ച ഭരണകക്ഷിയായ നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ട് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയും തൊട്ടുടനെ പ്രസിഡന്റ് ഷാദുലി ബിന്‍ ജദീദിനെ പുറത്താക്കി പട്ടാളം അധികാരം ഏല്‍ക്കുകയും ചെയ്യുന്നു. എഫ്.ഐ.എസിനെ നിരോധിച്ച സൈന്യം അതിന്റെ നേതൃത്വത്തെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നു. ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെട്ട പല ഇസ്‌ലാമിസ്റ്റുകളും ഗറില്ലാ യുദ്ധമുറകളിലേക്ക് തിരിയുകയും സൈന്യത്തിനും അതിന്റെ പിണിയാളുകള്‍ക്കുമെതിരെ ആയുധമെടുക്കുകയും ചെയ്യുന്നു. 10 വര്‍ഷത്തോളം നീണ്ടുനിന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ ഏതാണ്ട് രണ്ട് ലക്ഷം വിലപ്പെട്ട മനുഷ്യജീവന്‍ ഹോമിക്കപ്പെട്ടു. 2002-ഓട് കൂടി മുഴുവന്‍ പോരാളികളെയും അടിച്ചമര്‍ത്തുന്നതില്‍ സൈനിക ഗവണ്‍മെന്റ് വിജയിച്ചു. നാടുവിട്ട ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതാവ് അബ്ബാസി മദനി ഇപ്പോള്‍ ദോഹയില്‍ വിശ്രമജീവിതം നയിക്കുന്നു.

ഈജിപ്ഷ്യന്‍ ഭരണകൂടം അള്‍ജീരിയയെ തങ്ങളുടെ മാതൃകയാക്കാനൊരുങ്ങുകയാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഖാലിദ് അല്‍ അനാനിയെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രദര്‍ഹുഡിന് ഒരു ബന്ധവുമില്ലാത്ത സ്‌ഫോടനത്തിന്റെ പേരിലാണ് അവരെ ഇപ്പോള്‍ 'ഭീകരസംഘ'മായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രദര്‍ഹുഡ് നേതൃത്വം ആയുധമെടുക്കാന്‍ ഒരിക്കലും അണികളോട് ആഹ്വാനം ചെയ്യുകയില്ലെന്ന് അനാനി തറപ്പിച്ച് പറയുന്നു. പക്ഷേ, സംഘടനയുടെ നേതൃത്വവും അനുയായികളും തമ്മില്‍ ആശയവിനിമയമില്ലാത്ത ഈ സന്ദര്‍ഭത്തില്‍, സൈനിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ മനംമടുത്ത വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ബ്രദര്‍ഹുഡ് അനുയായികളില്‍ ചിലരെങ്കിലും ആയുധമെടുക്കാന്‍ പ്രേരിതരായേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വാസ്തവത്തില്‍ സൈനിക സര്‍ക്കാറിന് വേണ്ടതും അതാണ്. സീനായ് പ്രദേശത്ത് നേരത്തെതന്നെ ചില സലഫി സംഘങ്ങള്‍ ആയുധം എടുത്ത് തുടങ്ങിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലേക്ക് കൂടി ഇത്തരം സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതോടെ ഏതുതരം പ്രതിഷേധത്തെയും ഭീകരപ്രവര്‍ത്തനത്തിലുള്‍പ്പെടുത്തി അടിച്ചമര്‍ത്താനും ഭരണഘടനാ ഹിതപരിശോധന പ്രയാസമേതുമില്ലാതെ ജയിക്കാനും പട്ടാള ഭരണകൂടത്തിന് സാധിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് -–പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ഇതേ സംഘര്‍ഷത്തിന്റെ മറവില്‍ സര്‍ക്കാര്‍ തന്നെ അടിച്ചെടുക്കും. പ്രസിഡന്റാകാന്‍ കുപ്പായം തയ്ച്ചുവെച്ചിരിക്കുന്ന പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് സീസി തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആജീവനാന്തം ആ കസേര സംരക്ഷിക്കുന്നതിന്റെ വഴികളെക്കുറിച്ച് ഈജിപ്ഷ്യന്‍ പട്ടാളമേധാവിയെ ആരും പഠിപ്പിക്കേണ്ടതില്ല!.

ബ്രദര്‍ഹുഡിന് തീരെ പങ്കാളിത്തം നല്‍കാത്ത തെരഞ്ഞെടുപ്പുകളായിരിക്കും വരികയെന്നത് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഈ അവസ്ഥ സൃഷ്ടിക്കാന്‍ മീഡിയയെ ഉപയോഗപ്പെടുത്തി ഒരു വന്‍ വേട്ടയാടല്‍ കാമ്പയിന്നാണ് പട്ടാള ഭരണകൂടം നേതൃത്വം നല്‍കിയത്. ബ്രദര്‍ഹുഡിന്റെ ടി.വി ചാനലും പത്രവും മാത്രമല്ല, നൂറു ശതമാനം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറയുടെ കയ്‌റോ ബ്യൂറോ പോലും പലപ്പോഴും അടച്ചിടേണ്ടിവന്നു. ഇപ്പോള്‍ ഈജിപ്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ മാധ്യമങ്ങളും പട്ടാള സ്തുതിയാണ് പാടുന്നത്. ഭീകരസംഘടനയായി ബ്രദര്‍ഹുഡിനെ പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ സംഘടനയുടെ അനുയായികള്‍ നടത്തുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ പട്ടാളത്തെ പിന്തുണക്കുന്നവരെന്ന് പറയപ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ തീയിടുകയും കൊള്ള നടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപനം വന്ന ഉടനെ, ഈ സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, അറബ് ലീഗിനെ ഉപയോഗപ്പെടുത്തി എല്ലാ അറബ് നാടുകളിലും ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നവരെ വേട്ടയാടാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുബാറക്ക് യുഗത്തില്‍പ്പോലും ഇല്ലാത്ത ഭീകരമായ സ്വേഛാധിപത്യ ഭരണത്തിലേക്കാണ് ഈജിപ്ത് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈജിപ്ത് അള്‍ജീരിയയുടെ വഴിതന്നെ തെരഞ്ഞെടുക്കണമെന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. സാല്‍വേഷന്‍ ഫ്രണ്ടും ബ്രദര്‍ഹുഡും തമ്മിലുള്ള കാതലായ ചില വ്യത്യാസങ്ങളാണ് അതിന് കാരണം. ഒന്നാമതായി, ബ്രദര്‍ഹുഡിന് ഇത്തരം അടിച്ചമര്‍ത്തലുകള്‍ പുത്തരിയല്ല. എതിര്‍പ്പിന്റെ സ്വരങ്ങള്‍ തീരെ സഹിക്കാത്ത സ്വേഛാധിപത്യത്തിന്റെ കരങ്ങള്‍ എപ്പോഴും ആദ്യം നീണ്ടിരുന്നത് ബ്രദര്‍ഹുഡിനെതിരെയായിരുന്നു. അവരുടെ സ്ഥാപക നേതാവായ ഹസനുല്‍ ബന്നായെ ഫാറൂഖ് രാജാവിന്റെ കിങ്കരന്‍മാര്‍ ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയപ്പോള്‍, പ്രസ്ഥാനത്തിന് ബൗദ്ധിക നേതൃത്വം നല്‍കിയിരുന്ന സയ്യിദ് ഖുത്വ്ബിനെയും അബ്ദുല്‍ഖാദിര്‍ ഔദയെയും ജമാല്‍ അബ്ദുന്നാസിര്‍ തൂക്കിലേറ്റുകയായിരുന്നു. ജയിലിലാണ് തങ്ങളുടെ അധികരാത്രികളുമെന്നും തൂക്കുമരത്തിലാണ് തങ്ങളുടെ അന്ത്യവിശ്രമമെന്നും മിക്ക ബ്രദര്‍ഹുഡ് നേതാക്കളും അനുയായികളും മനസ്സിലുറപ്പിച്ചിരിക്കുന്നു. അതിനാല്‍തന്നെ, ഭരണകൂടം എത്രതന്നെ ഭീകരമായി നേരിട്ടാലും തങ്ങള്‍ നിര്‍ഭയമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുമെന്ന് അവരിലെ ഓരോ പ്രവര്‍ത്തകനും പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ നേതൃത്വവും ജയിലിലായിട്ടും തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും ബ്രദര്‍ഹുഡ് അനുയായികള്‍ മുന്നിട്ടിറങ്ങുന്നതിന്റെ കാരണവും അതുതന്നെ.

രണ്ടാമതായി, '90-കളിലെ അള്‍ജീരിയയുടെയും ഇപ്പോള്‍ സിറിയയുടെയും ഉദാഹരണങ്ങള്‍ വ്യക്തമായി ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്നിലുണ്ട്. ആയുധമെടുക്കുന്നത് ഏതുതരത്തിലും ആപത്തിലേക്കായിരിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പുകളെ അവഗണിക്കാനവര്‍ക്ക് സാധ്യമല്ല. രാഷ്ട്രത്തിന്റെ ഔദ്യോഗിക സൈന്യത്തോട് ഏറ്റുമുട്ടാനൊരുങ്ങിയാല്‍ അതു വന്‍ പരാജയത്തില്‍ കലാശിക്കുമെന്ന് മാത്രമല്ല, രാഷ്ട്രത്തിനകത്ത് വിവിധ വിഭാഗം ജനങ്ങളില്‍ നിന്നും പുറത്ത് അന്താരാഷ്ട്രസമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെ അതെത്ര ചെറുതാണെങ്കിലും ഇല്ലാതാക്കാനുമേ അത് ഉപകരിക്കുകയുള്ളൂ.

മൂന്നാമതായി, മുര്‍സിക്കെതിരെ നിലകൊണ്ടിരുന്ന പ്രതിപക്ഷത്തിലെ പല കക്ഷികളും നേതാക്കളും ഇപ്പോള്‍ പട്ടാളത്തിന്റെ വിശ്വരൂപം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് (നേരത്തെതന്നെ ഇത് മനസ്സിലാക്കാന്‍ ദീര്‍ഘ ദൃഷ്ടിയുണ്ടായിരുന്നതുകൊണ്ട് വൈസ് പ്രസിഡന്റായി പട്ടാളം നിശ്ചയിച്ച മുഹമ്മദ് അല്‍ ബറാദിഇയുടെ കൈയില്‍ ഈ രക്തക്കറ വല്ലാതെയില്ലായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും). മുര്‍സിക്കെതിരെ തഹ്‌രീര്‍ സ്‌ക്വയറിലിറങ്ങിയ ചെറുപ്പക്കാരുടെ സംഘമായ 'തമര്‍റുദ്' നേതാക്കള്‍ക്കും 'ഏപ്രില്‍ 6' പ്രസ്ഥാനക്കാര്‍ക്കുമൊക്കെ ഇപ്പോള്‍ നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ 'ഏപ്രില്‍ 6' പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ അഹ്മദ് മാഹിറിനെയും പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് ആദിലിനെയും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവായ അഹ്മദ് ദൂമയെയും 3 വര്‍ഷത്തെ തടവിന് പട്ടാളക്കോടതി ശിക്ഷിച്ചത് അവരെ ഞെട്ടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അബ്ദുല്‍ ഫത്താഹ് സീസിയുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ താല്‍ക്കാലികമായി യാഥാര്‍ഥ്യമായേക്കാമെങ്കിലും ബ്രദര്‍ഹുഡിനെസ്സംബന്ധിച്ചിടത്തോളം ഭാവി പൂര്‍ണമായും ഇരുളടഞ്ഞതല്ല. ഇനിയും മറ്റു പ്രതിപക്ഷകക്ഷികളുമായി ചേര്‍ന്ന് യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമുണ്ട്. ആയുധം കൈയിലെടുക്കുന്നതിനേക്കാളും അറസ്റ്റിന് നിന്ന് കൊടുക്കുന്നതാണ് ഇപ്പോഴത്തെ അവസരത്തില്‍ എന്തുകൊണ്ടും നല്ലതെന്ന് ബ്രദര്‍ഹുഡ് നേതാക്കളും അനുയായികളും നന്നായി മനസ്സിലാക്കാന്‍ ഇത് മതിയായ ന്യായമാണ്. tajaluva@gmail.com

Tuesday, 10 September 2013

'ക്ഷമിക്കണം' എന്നൊരു വാക്ക്‌

താജ് ആലുവ‌

http://www.prabodhanam.net/detail.php?cid=2395&tp=1

ഇമാം ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസി (റ) അദ്ദേഹത്തോട് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന പണ്ഡിതനോട് സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്ന ഒരു സംഭവം 'മദാരിജുസ്സാലിക്കീന്‍' എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്:

'കിട്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഇമാമിനെ വളരെയധികം ഉപദ്രവിക്കുന്നവനായിരുന്നു ഈ പണ്ഡിതന്‍. തീരെ പ്രതിപക്ഷ ബഹുമാനമില്ലാതെ മൂര്‍ച്ചയേറിയ പദങ്ങളുപയോഗിച്ച് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല അയാള്‍. ചെറിയ ചെറിയ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ പേരില്‍ പോലും ഇമാമിനെ പഴിക്കാന്‍ അയാള്‍ മിടുക്കുകാട്ടി. അങ്ങനെ കാലം കഴിയവെ, ഈ പണ്ഡിതന്‍ മരണപ്പെട്ടു. പ്രസ്തുത വിവരം ഇമാമിനെ അറിയിക്കാന്‍ അനുയായികളിലൊരാള്‍ പാഞ്ഞെത്തി. അത്യധികം ആഹ്ലാദ ചിത്തനായി ഇമാമിനടുത്തെത്തിയ ആളോട് ഇമാം പറഞ്ഞു: ''ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. ആരുടെ മരണത്തിലും സന്തോഷിക്കാന്‍ നമുക്ക് വകയില്ല. ജനനവും മരണവും അല്ലാഹുവിന്റെ പക്കല്‍ രേഖപ്പെടുത്തപ്പെട്ട സംഗതികളാണ്. അവന്റെ കൃത്യമായ സമയത്തിനനുസരിച്ച് അവ നടക്കും.'' തുടര്‍ന്നദ്ദേഹം പരേതന്റെ വീട്ടിലേക്ക് വഴി കാണിക്കാന്‍ അനുയായിയോടാവശ്യപ്പെട്ടു. വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ച് അദ്ദേഹം മൊഴിഞ്ഞു: ''ഇനി മുതല്‍ നിങ്ങള്‍ക്ക് ഞാനുണ്ട്. നിങ്ങളുടെ കുടുംബനാഥന്റെ സ്ഥാനത്ത് എന്നെ കാണണം. എന്താവശ്യമുണ്ടെങ്കിലും വിവരമറിയിക്കണം.'' ആ കുടംബാംഗങ്ങളും അവിടെ കൂടിയിരുന്നവരും ഇമാമിന്റെ മഹാ മനസ്‌കതക്ക് മുന്നില്‍ അത്ഭുത സ്തബ്ധരായി (മദാരിജു സ്സാലിക്കീന്‍, ഭാഗം 2, പേജ് 345).

രണ്ടാളുകള്‍ തമ്മിലുള്ള ഒരു സ്വത്തുതര്‍ക്കത്തിന്റെ കഥ ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ചു. അയല്‍വാസികളായിരുന്ന അവര്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്ന അതിര്‍ത്തിത്തര്‍ക്കം വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമായിരുന്നു. രണ്ടു കുടുംബങ്ങള്‍ മാനസികമായി വളരെ അകന്നു. ഇതിലൊരാള്‍ക്ക് തന്റെ ഭൂമി അത്യാവശ്യമായി വില്‍ക്കേണ്ടതായി വന്നു. നാട്ടില്‍ മുഴുവന്‍ പാട്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ അയാള്‍ ചോദിച്ച വില നല്‍കാന്‍ ആരും തയാറായില്ലെന്ന് മാത്രമല്ല, പലരും തര്‍ക്കമുള്ള ഭൂമി വേണ്ടെന്ന് തന്നെ തീര്‍ത്തുപറഞ്ഞു. അവസാനം അന്നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആ ഭൂമി വാങ്ങാന്‍ മുന്നോട്ടു വന്നു. തര്‍ക്കത്തിന്റെ പേരുപറഞ്ഞ് ആളുകള്‍ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വകവെക്കാതെ അയാള്‍ ഭൂമി വാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഉടമസ്ഥന് അഡ്വാന്‍സ് കൊടുത്ത ശേഷം നേരെ അയല്‍വാസിയുടെ അടുത്ത് ചെന്ന് അതിര്‍ത്തിതര്‍ക്കത്തിന്റെ കഥയന്വേഷിച്ചു. വേലി ഒരല്‍പം മാറ്റിക്കെട്ടുന്നിടത്തായിരുന്നു അയാളുടെ പ്രശ്‌നം! ഒരു തുണ്ട് ഭൂമി മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് ആ നല്ല മനുഷ്യന്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. സ്വന്തത്തിനും അയല്‍വാസിക്കും നാട്ടുകാര്‍ക്കും മനസ്സമാധാനം തിരിച്ചു നല്‍കി.

വളരെ നിസ്സാരമായ ഈഗോ ക്ലാഷുകള്‍ നമ്മുടെ അമൂല്യമായ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്ന തീരാനഷ്ടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ അനുഭവം പറഞ്ഞുവെച്ചത്. 'ക്ഷമിക്കണം' എന്ന വാക്ക് സ്ഥാനത്തുച്ചരിക്കാന്‍ നമുക്കാകുമെങ്കില്‍ അനാവശ്യമായ ധാരാളം മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നല്ല, ഒരിക്കലും കടന്നുചെല്ലാന്‍ സാധിക്കില്ലെന്ന് നാം കണക്കാക്കിയിരുന്ന പല ഇടങ്ങളിലും സ്വതന്ത്രമായി വിഹരിക്കാനുള്ള താക്കോല്‍ കൂടിയാകും അത്. കുടുംബത്തിനകത്താണിത് ഏറ്റവുമധികം പ്രസക്തമായിട്ടുള്ളത്. കുടുംബ പ്രശ്‌നങ്ങള്‍ ധാരാളമായി കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്ര കൗണ്‍സലര്‍മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, നിസ്സാര പ്രശ്‌നങ്ങളാണ് പല ബന്ധങ്ങളെയും തകര്‍ക്കുന്നത് എന്നത്. ദമ്പതികളാരെങ്കിലും വിട്ടുവീഴ്ചക്ക് തയാറായിട്ടുണ്ടെങ്കില്‍ എളുപ്പത്തില്‍ തീര്‍ക്കാമായിരുന്ന പ്രശ്‌നം പക്ഷേ, വിട്ടുകൊടുക്കില്ലെന്ന രണ്ടാളുടെയും വാശി കാരണമായി പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നു. അതിനിടയില്‍ പുതിയ പ്രശ്‌നങ്ങളും കടന്നുവരുന്നതോടെ അകല്‍ച്ചക്ക് കനം വര്‍ധിക്കുന്നു. പുതിയ പ്രശ്‌നങ്ങള്‍ക്കിടയില്‍ പഴയ പ്രശ്‌നത്തിലേക്കുള്ള ദുസ്സൂചനകള്‍ ഇരുവരും ധാരാളമായി ഉപയോഗിക്കുന്നു. അവസാനം ഒരിക്കലും അടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കതെത്തിപ്പെടുന്നു. പിന്നെ വിവാഹമോചനം മാത്രം പരിഹാരം എന്ന് രണ്ടു പേരും സ്വാഭാവികമായും തീരുമാനിക്കുകയും ചെയ്യുന്നു.

പ്രവാചകന്‍ തിരുമേനി (സ) തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട രീതികള്‍ ഇവിടെ സ്മരണീയമാണ്. ഒരിക്കല്‍ രാത്രിയില്‍ പ്രവാചകനെ കിടക്കയില്‍ കാണാതിരുന്ന ആഇശ (റ) അദ്ദേഹത്തെ അന്വേഷിച്ച് പുറപ്പെടുന്ന ഒരു രംഗം ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. വാതില്‍ തുറന്ന് പുറത്തിറങ്ങുന്ന പ്രവാചകനെ ആഇശയും പിന്തുടരുന്നു. അവസാനം ജന്നത്തുല്‍ ബഖീഇല്‍ മരണപ്പെട്ടുപോയ തന്റെ സഖാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച് തിരിച്ചുവരുന്ന പ്രവാചകന്‍ ആഇശ(റ)യെ കാണുന്നു. എന്നാല്‍, തിരുമേനി തന്നെ കണ്ടിട്ടില്ലെന്നു കരുതി തിരികെവന്ന ആഇശ(റ) ഉറക്കം അഭിനയിച്ചു കിടക്കുമ്പോള്‍ പ്രവാചകന്‍(സ) തിരികെയെത്തി അവരോട് സംയമനം കൈവിടാതെ ചോദിക്കുന്നു: 'എന്താ ആഇശാ, ഈ സന്ദേഹത്തിന് കാരണം? നിന്റെ ശൈത്താന്‍ നിന്നോടൊപ്പം കൂടിയോ?' അതുകേട്ട ആഇശ (റ) ഉടന്‍ പ്രതികരിക്കുന്നു: 'അപ്പോള്‍ പ്രവാചകരേ, താങ്കള്‍ക്ക് ശൈത്താനില്ലേ?' തിരുമേനിയുടെ മറുപടി: 'ഉണ്ട്. പക്ഷേ അല്ലാഹു എന്നെ അനുഗ്രഹിക്കുകയും അവനെ മുസ്‌ലിമാക്കിത്തരികയും ചെയ്തിരിക്കുന്നു!' ഈ രംഗം സാധാരണ ഒരു കുടുംബത്തില്‍ എങ്ങനെയാണ് അരങ്ങേറുകയെന്ന് ചിന്തിച്ചാല്‍ അതിന്റെ അനന്തരഫലം നമുക്കൊക്കെ ഊഹിക്കാന്‍ കഴിയും. നല്ലൊരു കാര്യത്തിനിറങ്ങിത്തിരിച്ച തന്നെ സംശയിച്ച (തനിക്കനുവദിച്ച് കിട്ടിയ രാത്രിയില്‍ പ്രവാചകന്‍ (സ) മറ്റു ഭാര്യാ വീടുകളില്‍ പോകുന്നുണ്ടോയെന്നതായിരുന്നു ആഇശ(റ)യുടെ സംശയം) സഹധര്‍മിണിയെ അല്‍പം ഫലിതം കലര്‍ന്ന ശൈലിയില്‍ ചോദ്യം ചെയ്യുന്ന പ്രവാചകന്‍ (സ). അദ്ദേഹത്തിന്റെ ചോദ്യം പിടിക്കാത്തതുപോലെ, അതിനു പകരം മറ്റൊരു ചോദ്യമുന്നയിക്കുന്ന ആഇശ(റ). അതിനെയും സംയമനത്തോടെയും യുക്തിഭദ്രമായും നേരിടുന്നു പ്രവാചകന്‍ (സ) വീണ്ടും. അവിടെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല. ദമ്പതികള്‍ പരസ്പരം അറിഞ്ഞും അടുത്തും ഇടപഴകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിത്തരുന്നു ഈ പ്രവാചക മാതൃക.

മറ്റൊരിക്കല്‍ പ്രവാചകനോട് ഉച്ചത്തില്‍ സംസാരിക്കുന്ന ആഇശയെക്കുറിച്ചറിഞ്ഞ അവരുടെ പിതാവ് അബൂബക്ര്‍ (റ) ഗുണദോഷിക്കാന്‍ തിരുമേനിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. എന്നാല്‍, അബൂബക്‌റിന്റെയും ആഇശയുടെയും മധ്യത്തില്‍ കയറി നിന്ന് തിരുമേനി അവരെ പിതാവിന്റെ ശകാരത്തില്‍ നിന്ന് രക്ഷിക്കുന്നു. അബൂബക്ര്‍ (റ) അവരെ വിട്ടുപോയപ്പോള്‍ നബി (സ) ആഇശയോട്: 'കണ്ടോ ഞാനെങ്ങനെയാണ് നിന്നെ അദ്ദേഹത്തില്‍ നിന്നും രക്ഷിച്ചത്?' അതുകേട്ട് ആഇശ ചിരിച്ചു, പ്രവാചകനും. രണ്ടു പേരുടെയും ചിരികേട്ട് തിരിച്ചുവന്ന അബൂബക്‌റും ആ ചിരിയില്‍ പങ്കുചേരുന്നു. സ്‌ഫോടനാത്മകമായ അന്തരീക്ഷത്തെ സ്‌നേഹത്തിന്റെ മധുരിമയില്‍ ചാലിച്ച, മൃദുവായ ഇടപെടലുകളിലൂടെ ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങളായി മാറ്റിമറിക്കുന്ന പ്രവാചകന്റെ മഹിത മാതൃകകള്‍ ജീവിതത്തില്‍ പാലിച്ചിരുന്നുവെങ്കില്‍ അറ്റുപോയ പല ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാനവ ധാരാളമായിരുന്നു.

അസ്ഥാനത്തുള്ള നമ്മുടെ ഈഗോ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരിടമാണിന്ന് പൊതുനിരത്തുകള്‍. 'റോഡ് റേജ്' എന്ന ഒരു പ്രയോഗം തന്നെ കടന്നുവരാനുള്ള കാരണം, വഴി ഉപയോഗിക്കുന്നിടത്ത് 'വിട്ടുകൊടുക്കില്ലാ'യെന്ന മനോഭാവം ഏറിവരുന്നതാണ്. കേരളത്തിലെ റോഡുകളില്‍ ട്രാഫിക് സിഗ്‌നലുകളുടെയടുത്ത് വാഹനങ്ങള്‍ നിറുത്തിയിടുന്ന രീതി ശ്രദ്ധിച്ചാല്‍ ഇതെളുപ്പം ബോധ്യമാകും. രണ്ടു ലൈനുകളുള്ള റോഡില്‍ നാലും അഞ്ചും ലൈനുകളിലാണ് എല്ലാവരുടെയും നില്‍പ്! എല്ലാവര്‍ക്കും ആദ്യം പോകാനാണ് ഈ ഏര്‍പ്പാട്. ഫലത്തില്‍ എല്ലാവരും വൈകുന്നു. കൂട്ടത്തില്‍ പല വാഹനങ്ങള്‍ക്കും യാത്രികര്‍ക്കുമൊക്കെ പരിക്കേല്‍ക്കാനും ഇത് കാരണമാകുന്നു. ഇത് ഏതെങ്കിലും ഒരു നാടിന് മാത്രം പ്രത്യേകമായുള്ളതല്ലായെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പറഞ്ഞുതരും. ഒരു യൂറോപ്യന്‍ നഗരത്തില്‍, തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ യുവാവ് മറ്റൊരു വാഹനത്തിന്റെ ഡ്രൈവറെ മനഃപൂര്‍വം വാഹനമിടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വായിച്ചിട്ട് അധികം നാളായിട്ടില്ല. ഒരല്‍പം ക്ഷമയുണ്ടെങ്കില്‍, മറ്റുള്ളവന് മുന്‍ഗണന കൊടുക്കാനുള്ള ചെറിയൊരു വിശാലതയുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുഗമമായി, സമാധാനപരമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന ലളിതപാഠം മനുഷ്യര്‍ മറന്നതിന്റെ തെളിവാണിതൊക്കെ. വാഹനമോടിക്കുമ്പോള്‍ ക്ഷമ കൈവിടുന്ന െ്രെഡവര്‍മാര്‍ക്ക് ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും അവരുടെ ആയുസ്സ് കുറയാന്‍ സാധ്യതയുണ്ടെന്നുമൊക്കെയുള്ള പഠനങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക.

വഴിയിലൂടെ നടന്നു പോകുമ്പോള്‍ തന്നെ അകാരണമായി ശകാരിക്കുകയും ചീത്തപറയുകയും ചെയ്ത ആളോട് ഇമാം സൈനുല്‍ ആബിദീന്‍ സ്വീകരിച്ച നിലപാട് ഇവിടെ പ്രസ്താവ്യമാണ്. ആളുകള്‍ അയാളെ തടയാന്‍ തുനിഞ്ഞപ്പോള്‍ അവരോടദ്ദേഹം പറഞ്ഞു: 'അയാള്‍ക്ക് എന്നെക്കുറിച്ച് വളരെക്കുറച്ചു മാത്രമേ അറിയൂ. ഏറെ അറിയുമായിരുന്നെങ്കില്‍ അയാള്‍ക്ക് ഇനിയും എന്നെക്കുറിച്ച് പറയാനുണ്ടാകുമായിരുന്നു.' തുടര്‍ന്ന് തന്നെ ശകാരിക്കുന്നയാളുടെ നേരെ തിരിഞ്ഞ് ഇമാം പറഞ്ഞു: 'സഹോദരാ, താങ്കള്‍ ഇവിടെ പറയാത്ത ചില കുറവുകളും കൂടി എന്നിലുണ്ട്. എന്റെ കുറവുകളെക്കുറിച്ച് ഓര്‍മിപ്പിച്ചതിനിതാ താങ്കള്‍ക്ക് ഞാന്‍ ആയിരം ദിര്‍ഹം സമ്മാനം നല്‍കുന്നു. കൂടാതെ എന്റെ ഈ വസ്ത്രവും താങ്കള്‍ക്കുള്ളതാണ്.' ഇതു പറഞ്ഞ് അദ്ദേഹം തന്റെ മേല്‍ക്കുപ്പായം ഊരി അയാള്‍ക്കു കൊടുത്തു. പശ്ചാത്താപവിവശനായ അയാള്‍ ഇമാമിനോട് ക്ഷമ ചോദിച്ചുവെന്നതാണ് സംഭവത്തിന്റെ പരിണാമഗുപ്തി.

ഈയടുത്ത് ഒരു പ്രമുഖ പ്രഭാഷകന്‍ തന്റെ പ്രസംഗ മധ്യേ ഉദ്ധരിച്ച രണ്ടു സംഭവങ്ങള്‍ കൂടി: ഒരു മുസ്‌ലിം മത സംഘടനയുടെ പൊതുയോഗം കഴിഞ്ഞ് ആളുകള്‍ രാത്രി തിരികെ വീടുകളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നു. ബസ്സ്റ്റാന്റില്‍ നിറയെ ആളുകളുണ്ട്, സ്ത്രീകളും കുട്ടികളുമടക്കം. നിശ്ചിത സ്ഥലത്തേക്ക് പോകാനുള്ള ബസ് വന്ന് നിര്‍ത്തിയതും യുവാക്കളും കൈക്കരുത്തുള്ളവരുമായ ഈ ആളുകള്‍ തിക്കിത്തിരക്കി ബസിനകത്ത് കയറി സീറ്റ് മുഴുവന്‍ 'പിടിച്ചെടുത്തു.' നിസ്സഹായരായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയുമൊക്കെ പുറത്തുനിര്‍ത്തി മുത്തുനബിയുടെ അനുയായികള്‍ യാത്ര പുറപ്പെട്ടു!

മറ്റൊരിടത്ത്, ബസിനകത്ത് ഒരു ഒരു ചെറിയ കശപിശ നടക്കുകയാണ്. സീറ്റുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ ശണ്ഠ കൂടുകയാണ്, ആരാണ് ഒഴിവായ സീറ്റില്‍ ഇരിക്കേണ്ടതെന്നതിനെ ചൊല്ലി. തര്‍ക്കം മൂത്ത് പ്രശ്‌നം കൈക്കരുത്തിലേക്ക് കടക്കുമെന്ന ഘട്ടമെത്തി. ഉടനെ വരുന്നു പിറകില്‍ നിന്ന് ഒരു വിളി: 'മകനേ ഇങ്ങോട്ടു വരൂ, ഇതാ ഇവിടെയിരിക്കാം!' എല്ലാവരും തിരിഞ്ഞുനോക്കി. ഒരു ക്രിസ്തീയ പുരോഹിതന്‍! സ്‌നേഹമസൃണമായ സ്വരത്തില്‍ രണ്ടിലൊരാളെ ക്ഷണിക്കുകയാണ്, തന്റെ സീറ്റിലിരിക്കാന്‍. രണ്ടു സംഭവങ്ങളെയും താരതമ്യം ചെയ്ത് ഫലം കണ്ടെത്താനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിടുകയാണ്.

ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിലേക്ക് ഓടിയടുക്കുന്ന ദൈവഭക്തര്‍ എന്ന് പരിശുദ്ധ ഖുര്‍ആന്‍. ഒരാള്‍ക്ക് മറ്റൊരാളുമായി പിണങ്ങി നില്‍ക്കാനുള്ള പരമാവധി സമയം മൂന്ന് ദിവസമാണെന്ന് പ്രവാചകവചനം. അവരില്‍ ആരാണ് പിണക്കം തീര്‍ക്കാന്‍ മുന്‍കൈയെടുത്ത് സലാം കൊണ്ടാരംഭിക്കുന്നത് അവനിലാണ് നന്മയെന്നും തിരുമേനി (സ). മനസ്സില്‍ വിദ്വേഷവും പകയുമില്ലാത്തവന്‍ ആരാധനാ കാര്യത്തില്‍ അല്‍പം പിറകിലാണെങ്കിലും സ്വര്‍ഗാവകാശിയാണെന്ന് ഒരിക്കല്‍ ഒരാളെത്തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ടു മൂന്ന് തവണ പറഞ്ഞു പ്രവാചകന്‍. ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ടല്ലോ: To err is human, to forgive is divine (തെറ്റു ചെയ്യുക മനുഷ്യ സഹജമാണ്, പക്ഷേ മാപ്പ് കൊടുക്കുന്നത് ദൈവിക ഗുണമാണ്). തന്റെ ഭൃത്യന് എത്ര തവണ പൊറുത്തുകൊടുക്കണമെന്ന അനുയായിയുടെ ചോദ്യത്തിന് എഴുപത് തവണയെന്ന് ഉത്തരം പറഞ്ഞ പ്രവാചകന്റെ (സ) സേവകന്‍ അനസ് (റ) പറഞ്ഞല്ലോ: ''ഞാന്‍ പ്രവാചകനെ 10 വര്‍ഷം സേവിച്ചു. ഒരിക്കല്‍ പോലും എന്നോട് തിരുമേനി 'ഛെ' എന്നുപോലും പറഞ്ഞിട്ടില്ല. ഞാന്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടിത് ചെയ്തില്ലെന്നും ചെയ്ത കാര്യത്തെക്കുറിച്ച് എന്തിനിത് ചെയ്തുവെന്നും ചോദിച്ചിട്ടില്ല''

അതേ, 'ക്ഷമിക്കണം' എന്നൊരു വാക്ക് നമുക്ക് തിരിച്ചുതരുന്നത് സമാധാനപൂര്‍ണമായ, സംതൃപ്തിദായകമായൊരു ജീവിതമായിരിക്കും! tajaluva@gmail.com

Monday, 1 July 2013

സിറിയയുടെ ഭാവി, മധ്യ-പൂ൪വദേശത്തിന്റെയും

താജ് ആലുവ

http://www.madhyamam.com/news/232202/130628

സമകാലിക ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനപര്‍വത്തിലൂടെ കടന്നുപോവുന്ന സിറിയന്‍ ജനത, അവരുടെ പ്രതിസന്ധിയുടെ ഏറ്റവും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. മേഖലയിലെ പുതുവസന്തത്തിന്റെ മുല്ലപ്പൂ പരിമളം ആസ്വദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സമരരംഗത്തേക്കെടുത്തുചാടിയ അവരെ കാത്തിരുന്നത് ഇത്ര വലിയ ദുരന്തമാണെന്ന് ആ ജനത സ്വപ്നേപി നിനച്ചിട്ടുണ്ടാകില്ല. പൗരസ്വാതന്ത്ര്യത്തിനും ഭരണപങ്കാളിത്തത്തിനും വേണ്ടിയുള്ള അവരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിച്ച ബശ്ശാര്‍ അല്‍അസദും പിണിയാളുകളും രണ്ടു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തോളം പേരെ പരലോകത്തേക്കയച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലും ദശലക്ഷങ്ങള്‍ ആശ്രയമില്ലാതെ മധ്യപൂര്‍വദേശത്തിന്‍ന്റെ മൊത്തം സമാധാനം കെടുത്താന്‍ പാകത്തില്‍ സിറിയന്‍ പ്രതിസന്ധി വളര്‍ന്നിരിക്കുന്നു. എല്ലാവരും ആശങ്കപ്പെട്ടിരുന്ന ശിയാ-സുന്നി സംഘര്‍ഷമായിത്തീരാനുള്ള എല്ലാ ചേരുവകളും ഇപ്പോള്‍ ഈ പ്രശ്നത്തിലുള്‍ച്ചേര്‍ന്നിരിക്കുന്നു. ഹിസ്ബുല്ലക്കെതിരെ ലബനാനിലെയും ജോര്‍ഡനിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സുന്നി ഗ്രൂപ്പുകള്‍ രംഗത്തുവന്നതും ചിലരെങ്കിലും പോരാളിസംഘങ്ങളെ സിറിയയിലേക്കയച്ചുകൊണ്ടിരിക്കുന്നെന്ന വാര്‍ത്തകളും ആശങ്കയുളവാക്കുന്നതാണ്. സിറിയന്‍ പ്രശ്നത്തില്‍ പ്രത്യക്ഷമായി ഇടപെടാന്‍ ഹിസ്ബുല്ലക്കുള്ള ന്യായം ഇതാണ്: സിറിയയാണ് ഇസ്രായേലിനെതിരായ പോരാട്ടങ്ങളില്‍ തങ്ങളെ സഹായിച്ചതും സഹായിച്ചുകൊണ്ടിരിക്കുന്നതും. ബശ്ശാര്‍ ഭരണകൂടം വീണാല്‍ ഇസ്രായേല്‍ ദക്ഷിണ ലബനാന്‍ വീണ്ടും കീഴടക്കും. അതിനാല്‍ സിറിയന്‍ ഭരണകൂടത്തെ പിന്തുണക്കേണ്ടത് തങ്ങളുടെ നിലനില്‍പിന്റെകൂടി ആവശ്യമാണ്. വിമതര്‍ വിജയിച്ചാല്‍ അവര്‍ ലബനാനിലേക്ക് കടന്നുകയറുകയും ഹിസ്ബുല്ല അടക്കമുള്ള ശിയാ ഗ്രൂപ്പുകളെ നേരിടുകയും ചെയ്യുമെന്നതും ഉറപ്പാണെന്ന് സംഘടന പറയുന്നു. സിറിയന്‍ യുദ്ധം ലബനാനിലേക്ക് വ്യാപിക്കാതിരിക്കാനാണ് തങ്ങള്‍ അവിടേക്ക് പോരാളികളെ അയച്ചതെന്നാണ് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല പ്രസ്താവിച്ചത്. സിറിയയല്ല, ഇറാനാണ് ഹിസ്ബുല്ലയുടെ പിന്നാമ്പുറ ശക്തിയെന്നിരിക്കെ ഇസ്രായേല്‍ തങ്ങളെ ആക്രമിക്കും എന്ന് പറയുന്നത് മുടന്തന്‍ ന്യായമാണെന്ന് വ്യക്തമാണെന്നാണ് എതിര്‍വാദം. അതിനുപുറമെ, ഈ ന്യായവാദത്തിലടങ്ങിയ അപകടം കൃത്യമായി വിശകലനം ചെയ്യാന്‍ മേഖലയുടെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍വെച്ച് ഹിസ്ബുല്ലയും അതിന്റെ പ്രായോജകരായ ഇറാനും തുനിയേണ്ടതായിരുന്നു. ലബനാനാണ് ഹിസ്ബുല്ലയുടെ നിലപാടിന്‍െറ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത്. അവിടെ ഇപ്പോള്‍തന്നെ ആഭ്യന്തരയുദ്ധത്തിന്‍െറ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് ഈ അര്‍ഥത്തില്‍ വേണം നോക്കിക്കാണാന്‍. കൂടാതെ, ഹിസ്ബുല്ല തങ്ങളുടെ പോരാളികളെ സിറിയയില്‍നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ലബനാനിലെ അവരുടെ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് സിറിയന്‍ വിമതരും ആണയിടുന്നുണ്ട്. നേരത്തേതന്നെ ഹെര്‍മല്‍ പോലുള്ള പട്ടണങ്ങളില്‍ അവര്‍ റോക്കറ്റാക്രമണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ബെക്ക താഴ്വരയില്‍ വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സിവിലിയന്മാരടക്കം കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ വാദങ്ങള്‍ പൂര്‍ണരൂപത്തില്‍ വിഴുങ്ങാന്‍ കൂട്ടാക്കാത്തവര്‍ ലബനാനിലെ ശിയാ വിഭാഗത്തില്‍ത്തന്നെയുണ്ട്. ഉദാഹരണ ത്തിന്, സംഘടനയുടെ രൂപവത്കരണത്തില്‍ പങ്കുവഹിക്കുകയും 15 വര്‍ഷം മുമ്പ് വിഘടിച്ചുപോവുകയും ചെയ്ത ശൈഖ് സുബ്ഹി അല്‍ തുഫൈലി പറയുന്നത് ഇറാന്റെ കളിപ്പാവ മാത്രമാണ് ഹിസ്ബുല്ലയെന്നാണ്. ഇറാന്റെ തീട്ടൂരം നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ഹസന്‍ നസ്റുല്ല ചെയ്തിട്ടുള്ളത്. എന്നാല്‍, സംഘടനയുടെ തീരുമാനം നാശത്തിനാണെന്നത് നേതൃത്വത്തിനുതന്നെ ബോധ്യമുള്ള സംഗതിയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഒരു വലിയ ശിയാ-സുന്നി സംഘര്‍ഷത്തിന് മേഖല സാക്ഷ്യംവഹിച്ചേക്കാം. ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിനിത് കാരണമാകാം. ലബനാനില്‍നിന്ന് ഹിസ്ബുല്ലയുടെ പോരാളികള്‍ സിറിയയിലേക്ക് യുദ്ധത്തിന് പോകുന്നത് പുറത്തുനിന്ന് മറ്റുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാനുള്ള തുറന്ന ക്ഷണമാണ്. ഹിസ്ബുല്ലക്കകത്തുതന്നെ സിറിയന്‍ ഇടപെടലില്‍ എതിരഭിപ്രായമുള്ളവരുണ്ടെന്നും തുഫൈലി പറയുന്നു. ഏതാനും മുതിര്‍ന്ന നേതാക്കളടക്കം ഇതിലുള്‍പ്പെടുന്നു. എന്നാല്‍, ഇറാനില്‍നിന്ന് യുദ്ധം അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ആണയിടുന്നു. നേതാക്കളുടെ എതിരഭിപ്രായത്തിന് കാരണം അത്തരമൊരു ഇടപെടല്‍ മേഖലയിലുണ്ടാക്കിയേക്കാവുന്ന വിവരണാതീതമായ ദുരന്തഫലങ്ങള്‍ തന്നെയാണ്. അത് സുന്നി-ശിയാ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കും. ഇറാനെയും ഹിസ്ബുല്ലയെയും അപലപിച്ചുകൊണ്ടുള്ള അറേബ്യന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രസ്താവനയും സിറിയയില്‍ ജിഹാദില്‍ പങ്കെടുക്കാനുള്ള പ്രമുഖ പണ്ഡിതന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ആഹ്വാനവും ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല മേധാവിയും ഹിസ്ബുല്ലയെയും ഇറാനെയും കടുത്തഭാഷയില്‍ അപലപിച്ച് പ്രസ്താവനയിറക്കി. നേരത്തേതന്നെ ഹിസ്ബുല്ലയെ നഖശിഖാന്തം എതിര്‍ത്തുപോരുന്ന ലബനാനിലെ സുന്നി പണ്ഡിതന്‍ ശൈഖ് അഹ്മദ് അല്‍ അസീറിനെ പോലെയുള്ളവരും ഇത്തരം ആഹ്വാനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ പ്രസ്താവനകളും ആഹ്വാനങ്ങളും പല സംഘങ്ങളിലും സ്വാധീനം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ പലരും സിറിയയില്‍ വിമതരോടൊപ്പം പോരാടാനായി ചെറുസംഘങ്ങളെ അയച്ചുകഴിഞ്ഞു. ഹിസ്ബുല്ല ലബനാനിന്റെ ഭാവിയാണ് ഈ നീക്കത്തിലൂടെ അപകടത്തിലാക്കിയതെന്ന് ദോഹയിലെ ബ്രൂക്കിങ്സ് സെന്‍റര്‍ ഡയറക്ടര്‍ സല്‍മാന്‍ ശൈഖ് പറയുന്നു. ലബനാന് അതിന്റെ പരമാധികാരം നഷ്ടപ്പെടുത്തുന്ന അപകടകരവും യുദ്ധസമാനവുമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് ‘ദ ചലഞ്ച് ഓഫ് സിറിയന്‍ യൂനിറ്റി’ എന്ന പേരില്‍ ബ്രൂക്കിങ്സ് സെന്‍റര്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. മുന്‍ ലബനീസ് പ്രധാനമന്ത്രി ഫുആദ് സിനിയോരയും ഹിസ്ബുല്ലയുടെ ഇടപെടലിനെ അത്യന്തം അപകടകരമെന്നാണ് വിശേഷിപ്പിച്ചത്. അത് ഉടന്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം സംഘടനയോടാവശ്യപ്പെട്ടു. തങ്ങളുടെ വര്‍ത്തമാനവും ഭാവിയും നശിപ്പിക്കാന്‍ ഹിസ്ബുല്ലയുടെ യുക്തിരഹിതമായ നടപടികളിലൂടെ അനുവദിക്കില്ലെന്ന് അദ്ദേഹം തുറ ന്നടിച്ചു. ലബനീസ് ജനത നിശ്ശബ്ദരായിരിക്കില്ല. സിറിയന്‍ ഭരണകൂടവും അവിടത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിന് ചാവേറുകളെ അയക്കുന്ന താവളമാകാന്‍ ലബനാന് പറ്റില്ല. എല്ലാതരം വിഭജനപദ്ധതികള്‍ക്കും തങ്ങള്‍ എതിരാണ്. മറ്റു രാജ്യങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ തങ്ങളുടെ നാട്ടിലേക്ക് കയറ്റി അയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, വിമതരെ ആയുധമണിയിക്കുമെന്ന് അമേരിക്കയും ബ്രിട്ടനുമൊക്കെ പറയുമ്പോഴും തീരുമാനം വൈകുകയാണ്. പോരാട്ടത്തിന്റെ ഒന്നാം ദിനം തന്നെ ആയുധവിതരണം സംബന്ധിച്ച് ചര്‍ച്ചചെയ്തതാണെങ്കിലും ആയുധങ്ങള്‍ ആരുടെയൊക്കെ കൈയിലെത്തിപ്പെടുന്നതിനെക്കുറിച്ച ആശങ്ക നിലനില്‍ക്കുന്നതാണ് അമേരിക്കന്‍ തീരുമാനം വൈകുന്നതിന്റെ കാരണമെന്ന് പറയപ്പെടുന്നു. അതോടൊപ്പം, മിഡിലീസ്റ്റിലെ ഏത് പ്രശ്നത്തിലുമെന്നപോലെ സിറിയന്‍ പ്രശ്നത്തിലും പൂര്‍ണമായും ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്കാണ് അമേരിക്കയും സഖ്യകക്ഷികളും മുന്‍തൂക്കം നല്‍കുന്നത്. സിറിയന്‍ സംഘര്‍ഷത്തില്‍ നയമില്ലായ്മ അമേരിക്ക സ്വീകരിക്കുന്നത് ബോധപൂര്‍വമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കാരണം, ഈ പ്രശ്നം ശിയാ-സുന്നി സംഘര്‍ഷമായി വ്യാപിക്കുന്നത് അന്തിമാര്‍ഥത്തില്‍ ഇസ്രായേലിന് ഗുണം ചെയ്യുമെന്നാണ് ഒബാമ ഭരണകൂടത്തിന്‍െറ കണക്കുകൂട്ടല്‍. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഫസറായ ബോബ് ഫ്രീഡ്മാന്റെ അഭിപ്രായത്തില്‍ സിറിയന്‍ സംഘര്‍ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ഇസ്രായേലിനെയായിരിക്കും. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇത് ജൂതരാഷ്ട്രത്തിന് ഗുണകരമായി ഭവിക്കുമെന്ന് ‘ദ ജ്യൂയിഷ് ഡെയ്ലി ഫോര്‍വേഡ്’ എന്ന ഇസ്രായേലി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ജൂതരാഷ്ട്രത്തിന് കനത്ത ഭീഷണിയായ ഹിസ്ബുല്ലയുടെ ശ്രദ്ധ തല്‍ക്കാലത്തേക്കെങ്കിലും സിറിയയിലേക്ക് തിരിയുന്നത് ഇസ്രായേലിന് ഗുണം ചെയ്യും. ഉത്തര ഇസ്രായേല്‍ വരെയെത്തുന്ന റോക്കറ്റുകളും മിസൈലുകളും സ്വന്തമായുള്ള ഹിസ്ബുല്ല അതെല്ലാം ഇനി പുതിയ ‘എതിരാളികളെ’ നേരിടാന്‍ തിരിച്ചുവെക്കുന്നത് തെല്ലൊന്നുമല്ല ഇസ്രായേലിനെ സന്തോഷിപ്പിക്കുന്നത്. ഇതുവരെ അറബ് ലോകത്ത് ഹിസ്ബുല്ലക്കുണ്ടായിരുന്ന പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്നതും പ്രശ്നത്തിന്റെ ബാക്കിപത്രമാണ്. സിറിയയില്‍ അവരുടെ പോരാളികള്‍ മരിച്ചുവീഴുന്നതും ആയുധങ്ങള്‍ ഉപയോഗിച്ചുതീരുന്നതും മാത്രമല്ല ഹിസ്ബുല്ലയുടെ പ്രശ്നമെന്ന് ബ്രാന്‍ൈറസ് സര്‍വകലാശാലയിലെ ക്രൗണ്‍ സെന്‍റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസിലെ ഷായ് ഫെല്‍ഡ്മാന്‍ അഭിപ്രായപ്പെടുന്നു. ലബനാനിലെ രാഷ്ട്രീയ എതിരാളികളും അറബ് ലോകത്തെ പ്രമുഖ രാഷ്ട്രീയ, മത, സാംസ്കാരിക നായകരുമൊക്കെ ഹിസ്ബുല്ലക്കെതിരാണിപ്പോള്‍. ‘ദൈവത്തിന്റെ പാര്‍ട്ടി’യെ (ഹിസ്ബുല്ലയെന്ന അറബി പദത്തിന്‍െറ അര്‍ഥം) പിശാചിന്റെ പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ചാക്ഷേപിക്കുന്നത് അറബ് മുസ്ലിം നേതാക്കള്‍തന്നെയാകുമ്പോള്‍ ഇസ്രായേലി നേതാക്കളുടെ കാതില്‍ അത് സംഗീതമായാണ് മുഴങ്ങുന്നത്. ഇതിനൊക്കെപ്പുറമെ, തല്‍ക്കാലത്തേക്കെങ്കിലും മൊത്തം ലോകത്തിന്‍െറ ശ്രദ്ധ ഫലസ്തീനില്‍നിന്ന് സിറിയയിലേക്ക് തിരിയുന്നതും ജൂതരാഷ്ട്രത്തിന് തെല്ലൊന്നുമല്ല ഗുണം ചെയ്യുക. സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണക്കുന്ന ഹമാസിന് ഇറാനില്‍നിന്ന് ലഭിച്ചിരുന്ന രാഷ്ട്രീയ പിന്തുണക്കും സാമ്പത്തികസഹായത്തിനും ഇടിവ് വരുമെന്നതും ഇസ്രായേലിനെ ആഹ്ളാദിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍, പൂര്‍ണമായും സമാധാനമടയാന്‍ ഇസ്രായേലിന് കഴിയില്ലെന്നതാണ് വസ്തുത. സിറിയന്‍ അതിര്‍ത്തിയിലെ ജൂലാന്‍ കുന്നുകളുടെ സുരക്ഷയെക്കുറിച്ച ആശങ്ക ആ രാഷ്ട്രത്തെ വലച്ചുകൊണ്ടിരിക്കും. സിറിയന്‍ സൈന്യം സ്വന്തം ജനതക്കെതിരെ ശൗര്യം കാണിക്കുന്നുണ്ടെങ്കിലും ഇസ്രായേലിനെതിരെ വിരലനക്കാന്‍ മടിക്കുന്നവരാണെന്ന ധൈര്യം ഇതുവരെ ജൂതരാഷ്ട്രത്തിന് കൂട്ടിനുണ്ടായിരുന്നു. എന്നാല്‍, വിപ്ളവത്തിന്‍െറ പരിണതി എന്തായാലും ജൂലാന്‍ കുന്നുകളില്‍ അസ്വസ്ഥത വിതക്കാന്‍ സിറിയയിലെ ഏതെങ്കിലും ഒരു വിഭാഗം ഉണ്ടായിരിക്കുമെന്ന വസ്തുത ഇസ്രായേലിനെ അലട്ടുന്ന വിഷയമാണ്. സിറിയന്‍ സര്‍ക്കാറിന് രാസായുധങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതും ഒരു പ്രശ്നമായി ഇസ്രായേല്‍ മനസ്സിലാക്കുന്നു. സിറിയന്‍ പ്രശ്നം അങ്ങനെ അത്യന്തം നിര്‍ണായകമാവുകയാണ്. മേഖലയില്‍ എല്ലാവരും താല്‍പര്യത്തോടെ ഉറ്റുനോക്കുന്നു, ആരാണ് ജയിക്കുകയെന്ന്. ഇതിനെല്ലാമിടയില്‍, നിരപരാധരായ ഒരു ജനത സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായു ശ്വസിക്കാന്‍ ആഗ്രഹിച്ചുപോയ ആ അഭിശപ്ത നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും.

tajaluva@gmail.com

Monday, 22 October 2012

ഇറാന്‍: മാറുന്ന സമീപനങ്ങള്‍

താജ് ആലുവ

http://www.madhyamam.com/news/196877/121022

കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വതന്ത്ര വിചാര കേന്ദ്രമായ അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ അറബ് രാജ്യങ്ങളില്‍ വ്യാപകമായ സര്‍വേ നടത്തുകയുണ്ടായി. അമേരിക്കയിലെ അറബ് സമൂഹത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സോഗ്ബി ഇന്‍റര്‍നാഷനല്‍ പ്രൊമോട്ടര്‍മാരായ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയുടെ വിഷയം മധ്യപൂര്‍വദേശത്തെ ഇറാന്‍െറ രാഷ്ട്രീയ ഇടപെടലുകളായിരുന്നു. ഈജിപ്ത്, മൊറോകോ, ലബനാന്‍, യു.എ.ഇ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 4000 അറബ് പൗരന്മാരുമായി നടത്തിയ സര്‍വേയിലൂടെ വെളിവായ സുപ്രധാന സംഗതി അറബികള്‍ക്കിടയില്‍ ഇറാന്‍െറ ജനപ്രീതിക്ക് കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്നായിരുന്നു. ഇത് ഏതാണ്ട് ഒന്നരവര്‍ഷം മുമ്പത്തെ അവസ്ഥയാണെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. 2006ലും 2008ലുമൊക്കെ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാനും അവര്‍ പിന്തുണക്കുന്ന ഹിസ്ബുല്ലക്കും അറബ് സമൂഹത്തിലുണ്ടായിരുന്ന വന്‍ ജനപ്രീതിയുടെ സുപ്രധാന കാരണം അമേരിക്കക്കെതിരെ നെഞ്ചുവിരിച്ചുനിന്നിരുന്ന തന്‍േറടികള്‍ എന്ന നിലയിലായിരുന്നു. എന്നാല്‍, അറബ്വസന്തത്തിന്‍െറ കാറ്റടിച്ചുവീശിയ പുതിയ കാലത്ത് തികച്ചും പ്രതിലോമപരമായ രാഷ്ട്രീയ നിലപാടുകളാല്‍ കലുഷിതമാണ് ഇറാന്‍െറ പ്രതിച്ഛായ. അറബ്നാടുകളിലെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ അമേരിക്കയും അതിന്‍െറ നയനിലപാടുകളും ഏറക്കുറെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അവരുടെ കടുത്ത എതിരാളികളായ ഇറാന്‍െറ നിലപാടുകള്‍ അറബ്ജനതയുടെ ഇഴകീറിയ പരിശോധനക്ക് വിധേയമായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിപ്ളവത്തിന്‍െറ അലയൊലികള്‍ ആദ്യം ആഞ്ഞുവീശിയ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് കാണിച്ച അതേ സമീപനമല്ല സിറിയയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോള്‍ സംഭവിച്ചത്. ബഹ്റൈനിലടക്കം പൊതുജനങ്ങളുടെ ജനാധിപത്യമോഹത്തിന് ഭരണകൂടം വിലങ്ങുതടിയാകരുതെന്ന് ആഗോളസമൂഹത്തെ ഉപദേശിച്ച ഇറാന്‍ പക്ഷേ, സിറിയയിലേക്ക് വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അവിടെ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ വിദേശചാരന്മാരും സാമ്രാജ്യത്വത്തിന്‍െറ കുഴലൂത്തുകാരുമായി മാറി. എന്നല്ല, ബശ്ശാര്‍ അല്‍അസദിനെ സഹായിക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഏറക്കുറെ പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു. ഇറാഖിന്‍െറ വ്യോമമേഖലയിലൂടെ വന്‍തോതില്‍ ആയുധങ്ങള്‍ സാധാരണ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി സിറിയയിലേക്ക് കടത്തിക്കൊണ്ടിരിക്കുകയാണ് ഇറാനിപ്പോള്‍. മാത്രവുമല്ല, ഹിസ്ബുല്ലയുടെ പോരാളികള്‍ ഇപ്പോള്‍ സിറിയന്‍ സര്‍ക്കാര്‍ സേനക്കൊപ്പം നിന്ന് പൊരുതുന്നുണ്ടെന്നാണ് വിശ്വാസയോഗ്യമായ വിവരം. രണ്ടു മാസം മുമ്പ് ഡമസ്കസില്‍ വന്നിറങ്ങിയ ഉടനെ സിറിയന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ 48 ഇറാനികള്‍, തീര്‍ഥാടകരായിരുന്നുവെന്ന് ഇറാന്‍ ഗവണ്‍മെന്‍റ് വാദിക്കുമ്പോള്‍തന്നെ അവരില്‍ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആളും അര്‍ഥവും കൂടാതെ, വിമതരുടെ ഇന്‍റര്‍നെറ്റും ആശയവിനിമയ സംവിധാനങ്ങളും നിരീക്ഷിക്കുക, പാശ്ചാത്യരും യു.എന്നും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാന്‍ സഹായിക്കുക, സായുധപോരാട്ടങ്ങളെ കീഴ്പ്പെടുത്തുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതുമൊക്കെ ഇറാന്‍ സിറിയയില്‍ പയറ്റുന്നുണ്ട്. സ്വന്തംനിലക്ക് ഇത്തരം പോരാട്ടങ്ങളെ നേരിട്ട രാജ്യമെന്ന നിലക്ക് ഇറാന് ആ രംഗത്ത് നല്ല പരിചയവുമുണ്ടെന്നത് ബശ്ശാര്‍ ഭരണകൂടത്തിന് സഹായകമാവുകയാണ്. അതുകൊണ്ടുതന്നെയാണ് 20 മാസം പിന്നിട്ടിട്ടും സിറിയന്‍ വിപ്ളവം വഴിമുട്ടി നില്‍ക്കുന്നത്. തുര്‍ക്കിയുമായുള്ള സിറിയയുടെ പ്രശ്നങ്ങള്‍ക്കു പിന്നിലും ഇറാനാണ് ചരടുവലിക്കുന്നതെന്ന സംശയം ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. അമേരിക്ക അധിനിവേശം നടത്തി ഒരു പരുവത്തിലാക്കിയ ഇറാഖിനെയും അവിടത്തെ ഗവണ്‍മെന്‍റിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണിത് സാധിക്കുന്നത്. നിസ്സാര കേസിലകപ്പെടുത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇറാഖി വൈസ് പ്രസിഡന്‍റ് താരിഖ് അല്‍ഹാശിമിക്ക് തുര്‍ക്കി അഭയംകൊടുത്തതിലുള്ള വിരോധം ഇതിന് മറയായി ഉപയോഗപ്പെടുത്തുന്നു. അതുപോലെത്തന്നെ ഹിസ്ബുല്ലയെ ഉപയോഗപ്പെടുത്തി തുര്‍ക്കിയെ ഭീഷണിപ്പെടുത്താനും ഇറാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നു വരുമ്പോള്‍, സങ്കുചിത ശിയാ പക്ഷപാതിത്വത്തിനപ്പുറത്തേക്ക് വികസിക്കാത്ത ആ രാജ്യത്തിന്‍െറ സാമ്രാജ്യത്വവിരോധത്തില്‍ അദ്ഭുതം കൂറുകയാണ് നിഷ്പക്ഷരായ നിരീക്ഷകര്‍. തൊണ്ണൂറുകളിലെ ലബനാനിന്‍െറ അവസ്ഥയിലേക്ക് സിറിയ ഇപ്പോള്‍ എത്തിപ്പെട്ടു നില്‍ക്കുന്നതിന്‍െറ പിന്നില്‍ ഇറാന്‍െറ കടുത്ത ഈ ശിയാ പക്ഷപാതിത്വത്തിന്‍െറ പിടിവാശിയുണ്ട്. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ആ നാളുകളില്‍ തകര്‍ന്നടിഞ്ഞ കെട്ടിടക്കൂമ്പാരങ്ങളും കൊടുംഭീതിയാല്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനങ്ങളുമായി തികഞ്ഞ പ്രേതാലയമായി മാറിയ ബൈറൂതിനെപ്പോലെയാണ് ഡമസ്കസും അലപ്പോയും ഹമായും ഇദ്ലിബുമൊക്കെ ഇപ്പോള്‍. പിഞ്ചുകുട്ടികളും സ്ത്രീകളും വൃദ്ധന്മാരുമടക്കം 30,000 പേരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ അവിടെ കശാപ്പ് ചെയ്യപ്പെട്ടത്. മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് പിതാവ് ഹാഫിസുല്‍ അസദ് ഹമാ പട്ടണത്തില്‍ നടത്തിയ 40,000 പേരുടെ കൂട്ടക്കൊലയുടെ റെക്കോഡ് ഏറ്റവും അടുത്ത ഘട്ടത്തില്‍ മകന്‍ ഭേദിക്കുമെന്ന അവസ്ഥയാണിപ്പോഴുള്ളത്. സിവിലിയന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കനത്ത ബോംബാക്രമണം നടത്താനും, വിമതരുണ്ടെന്ന് സംശയിക്കുന്ന പള്ളികളും സ്കൂളുകളും ആശുപത്രികളുമടക്കം അത്യാധുനിക വെടിക്കോപ്പുകളുപയോഗിച്ച് തകര്‍ത്തെറിയാനും തീരെ മടിയില്ലാത്തവരായി ബശ്ശാറും പട്ടാളവും മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം ജനങ്ങളെ കൊല്ലുന്നതില്‍ അങ്ങേയറ്റം ക്രൂരവും നികൃഷ്ടവുമായ രീതികളാണ് ബശ്ശാറിന്‍െറ സൈന്യം ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡമസ്കസില്‍നിന്നും അലപ്പോയില്‍നിന്നും ഹമായില്‍നിന്നുമൊക്കെ നിസ്സഹായരായ ജനതയുടെ ദീനരോദനം കേള്‍ക്കാന്‍ ആഗോളവേദികളൊന്നുമില്ലെന്ന് വന്നിരിക്കുന്നു. അത്യധികം ആത്മാഭിമാനികളായിരുന്ന സിറിയന്‍ പൗരന്മാരുടെ നല്ലൊരു ശതമാനം ഇപ്പോള്‍ ജോര്‍ഡനിലും ലബനാനിലും തുര്‍ക്കിയിലുമായി അഭയാര്‍ഥികളായി കഴിയുകയാണ്. അടുത്തകാലത്ത് യു.എന്‍ ഇടപെട്ടിട്ടുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്നമായി ഇത് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. (സിറിയയില്‍ നടക്കുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കരളലിയിപ്പിക്കുന്ന വിവരണങ്ങള്‍ സിറിയന്‍ ഹ്യൂമന്‍റൈറ്റ്സ് ഒബ്സര്‍വേറ്ററിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിലാസം: http://www.syriahr.com/ കഴിഞ്ഞ 10 വര്‍ഷമായി അമേരിക്കക്കും ഇസ്രായേലിനുമെതിരെ ശക്തമായ പ്രതിരോധത്തിന്‍െറ അച്ചുതണ്ടായി മാറിയെന്ന് സ്വയം വിശേഷിപ്പിച്ച ഇറാനും സിറിയയും ഹിസ്ബുല്ലയും സിറിയന്‍ ജനതയുടെ വിപ്ളവമുന്നേറ്റം കണ്ട് ആദ്യം അന്തിച്ചുനിന്നുപോയെന്നതാണ് വാസ്തവം. ബിന്‍ അലിക്കും മുബാറകിനും പറ്റിയത് തനിക്ക് സംഭവിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന ബശ്ശാര്‍ പക്ഷേ, സ്വാതന്ത്രേ്യച്ഛുക്കളായ സ്വന്തം ജനതയുടെ പെട്ടെന്നുള്ള ഇളക്കം കണ്ട് ഞെട്ടിപ്പോയി. നാല് ദശകം പിതാവും ഒരു വ്യാഴവട്ടക്കാലമായി മകനും മുറുകെപ്പിടിച്ചിരുന്ന കസേരയുടെ അലകും പിടിയും മാറ്റിയേ അടങ്ങൂവെന്ന ജനതയുടെ ഇച്ഛാശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബശ്ശാര്‍ ഭരണകൂടം പാടുപെടുകയാണ്. അവര്‍ക്കെതിരെ നീതിയുടെയും മാന്യതയുടെയും സകല സീമകളും ലംഘിച്ച് കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങളഴിച്ചുവിടുമ്പോഴും വര്‍ധിച്ചുവരുന്ന വിപ്ളവവീര്യത്തിന് മുന്നില്‍ ഉത്തരം കിട്ടാതെ നില്‍ക്കുകയാണ് ബശ്ശാറും അയാളെ പിന്തുണക്കുന്ന ഇറാന്‍, റഷ്യ, ചൈന പ്രഭൃതികളും. അമേരിക്കയുടെ മൂടുതാങ്ങികളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ കസേര വിട്ടിറങ്ങിയ ഈ സന്ദര്‍ഭം ഇറാനും കൂട്ടാളികള്‍ക്കും ഏറെ ആഹ്ളാദിക്കാനും ആഘോഷിക്കാനും പറ്റേണ്ടതായിരുന്നു. കാരണം, ഇസ്രായേലിനും അമേരിക്കക്കും അവരുടെ മധ്യപൂര്‍വദേശത്തെ പിണിയാളുകളായിരുന്ന അറബ് സ്വേച്ഛാധിപതികള്‍ക്കുമെതിരെ കൃത്യവും വ്യക്തവുമായ പ്രത്യയശാസ്ത്രയുദ്ധംതന്നെ അഴിച്ചുവിട്ടവരാണ് ഇറാനികള്‍. ജനാധിപത്യത്തോടും സ്വാതന്ത്ര്യത്തോടും പക്ഷംചരിഞ്ഞുള്ള നില്‍പ് കാരണം ഇറാനിപ്പോള്‍ അത് സാധിക്കുന്നില്ലെന്ന് മാത്രമല്ല, സിറിയന്‍ ജനതയുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പിന് മുന്നില്‍ ഇസ്ലാമിക് റിപ്പബ്ളിക്കിന്‍െറയും റഷ്യ, ചൈന തുടങ്ങിയ സ്വാര്‍ഥ താല്‍പര്യക്കാരുടെയും അതിശക്തമായ പിന്തുണയുണ്ടായിട്ടും ബശ്ശാറിന് മുട്ടിടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇറാനെ സംബന്ധിച്ചിടത്തോളം സിറിയ മറ്റൊരര്‍ഥത്തിലും കടുത്ത പരീക്ഷണശാലയാണ്. ആയത്തുല്ല ഖുമൈനിയുടെ കാലത്ത് ഇറാഖിനെതിരെ ഇറാന്‍ പടനയിക്കുമ്പോള്‍ അറബ് ഭരണാധികാരികള്‍ മാത്രമാണ് ഇറാനെതിരെ നിലകൊണ്ടിരുന്നത്. എന്നാല്‍, സിറിയയില്‍ ബശ്ശാറിനെ ഇറാന്‍ പിന്തുണക്കുമ്പോള്‍ ഏതാണ്ട് മൊത്തം അറബ് ജനതയും ആ രാജ്യത്തിനെതിരാണ്. ഇത്തരം വിഷയങ്ങളില്‍ താരതമ്യേന നിഷ്പക്ഷമായും നീതിപൂര്‍വകമായും കാര്യങ്ങളെ വിലയിരുത്തിപ്പോരുന്ന പ്രമുഖ പണ്ഡിതന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലെ അറബ് ജനതയെ കാര്യമായി സ്വാധീനിക്കുന്നവരടക്കം ഇറാന്‍െറ ഈ നിലപാടിന്‍െറ കടുത്ത വിമര്‍ശകരാണ്. ഹജ്ജിന് പോകുന്നവരോട് ഇറാനെതിരെ പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുമാറ് ഈ വിമര്‍ശനങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ശിയാക്കളിലെ അലവി വിഭാഗത്തില്‍പെട്ട ബശ്ശാര്‍ അല്‍അസദിന്‍െറയും കൂട്ടരുടെയും പതനം തങ്ങള്‍ക്ക് ഏല്‍പിക്കുന്ന പരിക്ക് കടുത്തതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് അറബ് വസന്തത്തിന്‍െറ പൊതുവികാരത്തിന് എതിരായി നിലകൊള്ളാന്‍ ഇറാന്‍ തീരുമാനിച്ചത്. കടുത്ത ഈ ശീഈ പക്ഷപാതിത്വം മാറ്റിവെച്ച് അറബ്മുസ്ലിം ജനതയുടെ പൊതുനന്മയിലധിഷ്ഠിതമായ നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ ഈയൊരു ഗതികേടിലേക്ക് ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ എത്തിപ്പെടുമായിരുന്നില്ല. അന്ധമായ പക്ഷപാതിത്വത്തിന് അവര്‍ നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്ന് നിസ്സംശയം പറയാം. അറബ് ജനസാമാന്യത്തിന്‍െറ നിലപാട് ആരുടെയും അന്താരാഷ്ട്ര നയങ്ങളെ അത്രപെട്ടെന്ന് സ്വാധീനിക്കില്ലെന്ന് വാദത്തിന് വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍, ഒരുകാര്യം ഉറപ്പ് -ഇതുവരെ സയണിസ്റ്റ് ലോബിയും അമേരിക്കയിലെ നവ യാഥാസ്ഥിതികരും ഏതൊന്നിനെയാണോ പേടിച്ചുനിന്നിരുന്നത് ആ പേടി സ്വാഭാവികമായി ഇല്ലാതായിത്തീരുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഇറാനെതിരായ ആക്രമണം പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നതെങ്കില്‍, മാറിയ സാഹചര്യത്തില്‍ അറബ് ജനതയെ കൈയിലെടുക്കാന്‍ അത്തരമൊരു ആക്രമണം അവര്‍ ഉടനെ നടപ്പാക്കിക്കൂടായ്കയില്ല. ഇറാഖിലെ ഓസിറാക്ക് ആണവനിലയം ആക്രമിച്ചതുപോലെ ഇറാന്‍െറ ബൂശഹര്‍ പോലുള്ള ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ തുനിഞ്ഞാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടിവരില്ല. കടുത്ത സാമ്പത്തിക-വാണിജ്യ ഉപരോധങ്ങള്‍ നേരിടുകയും ഇറാനിയന്‍ ദീനാര്‍ അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാന്‍ ഇറാന്‍ ശ്രമിക്കണമായിരുന്നു

Sunday, 8 July 2012

http://www.prabodhanam.net/detail.php?cid=1173&tp=1

ഈജിപ്ത്: മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍

താജ് ആലുവ

അര നൂറ്റാണ്ടോളം നീണ്ട പീഡനപര്‍വത്തിന് ശേഷം ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന് ഇത് വിജയാഹ്ളാദത്തിന്റെ അസുലഭാവസരം. സ്വേഛാധിപത്യത്തിന്റെ നുകത്തില്‍ നിന്ന് മോചനം ലഭിച്ച ഒന്നാമത്തെ അവസരത്തില്‍ തന്നെ, മീഡിയയുടെയും സൈനിക-രാഷ്ട്രീയ-ബിസിനസ് മാഫിയകളുടെയും വ്യാപകമായ കുപ്രചാരണങ്ങളുടെ വലിയ ഒരു മല തന്നെ മറികടന്ന്, അത്രയൊന്നും അറിയപ്പെടാത്ത സൌമ്യനായ ഒരു പ്രസിഡന്റിനെ ജയിപ്പിച്ചെടുക്കാനായത് ബ്രദര്‍ഹുഡിനെ സംബന്ധിച്ചേടത്തോളം ചരിത്ര നേട്ടം തന്നെ.

എന്നാല്‍ ബ്രദര്‍ഹുഡ് രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ചെയര്‍മാന്‍ മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രഥമ സിവിലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വിചാരിച്ചിരുന്നത്ര എളുപ്പത്തിലായിരുന്നില്ല. കഴിഞ്ഞ ആറു ദശകങ്ങളിലായി നാലു സൈനിക പ്രസിഡന്റുമാര്‍ വാണ നൈലിന്റെ നാട്ടില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പെന്നത് ഇതുവരെ കേട്ടുകേള്‍വിയായിരുന്നു. 99.99 ശതമാനം വോട്ടുകള്‍ നേടി സൈനിക ജനറലുമാര്‍ എതിരില്ലാതെ വാണിരുന്ന നാട്ടില്‍ ജനാധിപത്യപരമായി വോട്ടവകാശം വിനിയോഗിക്കുകയെന്നതും സമാധാനപരമായ അന്തരീക്ഷത്തില്‍ അത് നേടിയെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുകയെന്നതുമൊക്കെ ആദ്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. വിജയിക്കുന്ന വിപ്ളവത്തിന് അവകാശികള്‍ കൂടുതലുണ്ടാവുകയെന്നത് സ്വാഭാവികമാണെങ്കിലും മറ്റുള്ളവരെയെല്ലാം മാറ്റിനിര്‍ത്തി എല്ലാം തന്റേതാക്കാനുള്ള ഭാവവുമായി ചിലരെങ്കിലും രംഗത്ത് വന്നത് വിപ്ളവനാന്തര രാഷ്ട്രീയത്തെ എല്ലാ അര്‍ഥത്തിലും കലുഷിതമാക്കി. ഒപ്പം അവസാന റൌണ്ടില്‍ ബ്രദര്‍ഹുഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ലിബറലുകളും ഇടതന്മാരും കോപ്റ്റിക്കുകളും കളിച്ച കളികള്‍ വളരെ വൃത്തികെട്ടതായിരുന്നു. പഴയ ഭരണകൂടത്തിന്റെ അവശിഷ്ടമായ അഹ്മദ് ശഫീഖ് ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയേക്കാള്‍ നല്ല സ്ഥാനാര്‍ഥിയായി പലര്‍ക്കും 'അനുഭവപ്പെടുകയും' അങ്ങനെത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തു.

പലതരം കടമ്പകള്‍ കടന്ന് ജയിച്ചുവന്ന മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍ ചില്ലറയല്ല. ഒന്നാമതായി സൈന്യത്തിന്റെ ഔദാര്യത്തില്‍ കഴിയേണ്ട പ്രസിഡന്റിന്റെ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. ഹുസ്നി മുബാറക് കൈവശം വെച്ച അത്ര വിപുലമായ അധികാരം കൈയാളുകയെന്നത് മുര്‍സിയുടെ ലക്ഷ്യമല്ലെങ്കിലും ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന നിലക്കുള്ള സ്വതന്ത്രാധികാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അത് തടയാനാണ് സ്കാഫ് (സുപ്രീം കൌണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സ്) തുനിയുന്നതെങ്കില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും ഫലം. പിന്നീട് അത് മറയാക്കി മുര്‍സിയെ പുകച്ചുപുറത്ത് ചാടിക്കാനും സ്കാഫ് തുനിഞ്ഞേക്കും. പാര്‍ലമെന്റ് പിരിച്ചുവിട്ടത് സൂചിപ്പിക്കുന്നത് അതാണ്. പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ കൈവക്കാന്‍ തുനിഞ്ഞ സ്കാഫിനെ സ്പീക്കര്‍ സഅദ് അല്‍ കത്താത്ത്നി തടഞ്ഞതും ചില വിഷയങ്ങളില്‍ അദ്ദേഹമെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പാര്‍ലമെന്റിനെ പിരിച്ചുവിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്. അതിനാല്‍ത്തന്നെ കരുതലോടെയായിരിക്കും മുര്‍സിയുടെ മുന്നോട്ടുള്ള നീക്കം. ജാഗ്രതയാണീ വിഷയത്തില്‍ പ്രധാനമെന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തില്‍ നിന്നും മാധ്യമ വിമര്‍ശനങ്ങളില്‍ നിന്നും വ്യക്തമായ പാഠങ്ങള്‍ ബ്രദര്‍ഹുഡിന് ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് തുല്യ പ്രധാന്യമുള്ള സംഗതിയാണ്. ശരാശരി ഈജിപ്ഷ്യന്റെ ജീവിതനിലവാരത്തില്‍ കുറഞ്ഞകാലം കൊണ്ടുതന്നെ മാറ്റം പ്രകടമായിട്ടില്ലെങ്കില്‍ തഹ്രീര്‍ സ്ക്വയര്‍ വീണ്ടും സജീവമാവും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എട്ടരക്കോടി ജനങ്ങളില്‍ മുപ്പത് ശതമാനം പേരും ദാരിദ്യ്രരേഖക്ക് താഴെയാണ്. തൊഴിലില്ലായ്മ 9.7 ശതമാനം. ഇതിന് കാരണമായ ഭരണകൂട അഴിമതി ഇല്ലായ്മ ചെയ്യാന്‍ സാമൂഹിക നീതിയുടെ പ്ളാറ്റ്ഫോമില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുര്‍സിക്ക് സാധിക്കുമെന്ന് കരുതാം. അധികാരമേറ്റെടുത്ത ഉടനെ തനിക്ക് ശമ്പളം ആവശ്യമില്ലെന്ന് പ്രസിഡന്റ് മുര്‍സി പ്രഖ്യാപിച്ചത് അതാണ് സൂചിപ്പിക്കുന്നത്. തന്നെ അഭിനന്ദിച്ചുകൊണ്ട് പത്രങ്ങളില്‍ വന്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. താനും കുടുംബവും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താമസിക്കില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നുമുള്ള മുര്‍സിയുടെ പ്രസ്താവനകളും നല്ല ദിശയിലുള്ള കാല്‍വെപ്പുകളാണ്. തനിക്ക് പ്രഥമ വനിതയെന്ന സ്ഥാനം വേണ്ടെന്നും താന്‍ സാധാരണക്കാരോടൊപ്പമായിരിക്കും നിലകൊള്ളുകയെന്നും അദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞിട്ടുണ്ട്.

നിലവിലെ അവസ്ഥയില്‍ രാഷ്ട്രത്തിന്റെ 39 ശതമാനം സമ്പത്തും കൈയടക്കിവെച്ചിരിക്കുന്നത് 20 ശതമാനം വരുന്ന സമ്പന്നവര്‍ഗമാണ്. ഒരുഭാഗത്ത് വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുകയും മക്കളെ വിദേശത്ത് സ്കൂളുകളിലും സര്‍വകലാശാലകളിലും അയച്ചു പഠിപ്പിക്കുകയും ചെയ്യുന്ന സമ്പന്ന വര്‍ഗം സര്‍വവിധ സുഖാഡംബരങ്ങളിലും മുഴുകി ജീവിക്കുമ്പോള്‍ മറുഭാഗത്ത് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദിവസം രണ്ട് ഡോളര്‍ പോലും സമ്പാദിക്കാനാകാതെ, ഭക്ഷണമോ വിദ്യാഭ്യാസമോ മറ്റടിസ്ഥാന സൌകര്യങ്ങളോ ഇല്ലാതെ ജീവിതം തള്ളി നീക്കുന്നവരെയും തലസ്ഥാനമായ കയ്റോയില്‍ ധാരാളമായി കാണാം. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരികയെന്നത് പുതിയ പ്രസിഡന്റിന്റെ മുന്‍ഗണനയില്‍ വരേണ്ട കാര്യമാണ്.

തെരഞ്ഞെടുപ്പോടു കൂടി വിഭജിക്കപ്പെട്ടുപോയ ഈജിപ്ഷ്യന്‍ സമൂഹത്തെ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്ന ദൌത്യമാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഷയം. അവസാനറൌണ്ടില്‍ ബ്രദര്‍ഹുഡും 'ഫുലൂലും'(മുബാറക് ഭരണകൂട അവശിഷ്ടങ്ങള്‍) മാത്രം ബാക്കിയായപ്പോള്‍ വിപ്ളവത്തില്‍ പങ്കെടുത്തവരില്‍ തന്നെ പലരും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമാറ് ശക്തമായ ബ്രദര്‍ഹുഡ് വിരോധം കൊണ്ടുനടന്നവര്‍ പലരുമുണ്ടായിരുന്നു. ഇവര്‍ മുഖേന ഒരു ഘട്ടത്തില്‍ അഹ്മദ് ശഫീഖ് കരപറ്റുമോയെന്ന് വരെ ആശങ്കപ്പെട്ട ഘട്ടത്തില്‍ പരസ്പരധാരണക്ക് മുര്‍സി മുന്‍കൈയെടുത്തെങ്കിലും പല അവസരങ്ങളിലും നിരാശയായിരുന്നു ഫലം. വിപ്ളവത്തില്‍ നേരിട്ട് പങ്കാളികളായ ചില ഈജിപ്ഷ്യന്‍ യുവാക്കളുമായി നേരിട്ട് സംവദിച്ച ഈ ലേഖകനോട് അവരില്‍ ചിലരുടെയെങ്കിലും മറുപടി, തങ്ങള്‍ ആഗ്രഹിച്ച മാറ്റം ഇതായിരുന്നില്ലായെന്നായിരുന്നു. ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് ഒരു നവ ഈജിപ്തിനെക്കുറിച്ച തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലീകരിക്കുമോയെന്നതായിരുന്നു ഈ യുവാക്കളുടെ ആശങ്ക.

വിദേശ നയവുമായി ബന്ധപ്പെട്ട് ഇസ്രയേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാറിനെക്കുറിച്ചാണ് അമേരിക്കയടക്കമുള്ള മിക്ക വന്‍ശക്തികളുടെയും ആശങ്ക. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ ടെലിവിഷന്‍ സംഭാഷണത്തില്‍ രാജ്യത്തിന്റെ എല്ലാ അന്തര്‍ദേശീയ സന്ധികളും മാനിക്കുമെന്ന മുര്‍സിയുടെ പ്രഖ്യാപനം ഇത് സംബന്ധിച്ച ആശങ്കളകറ്റുന്നതായിരുന്നു.

ജനാധിപത്യത്തിലേക്ക് പിച്ചവെക്കുന്ന ഈജിപ്തിന്റെ പ്രശ്ന കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍, ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടെങ്കിലും തങ്ങളുടെ പ്രസിഡന്റില്‍ നിന്ന് ഈജിപ്ഷ്യന്‍ ജനത ഒരുപാട് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകള്‍ സഫലീകരിക്കുന്നതിനനുസരിച്ചിരിക്കും പുതിയ പ്രസിഡന്റിന് ജനങ്ങളിലുള്ള സ്വീകാര്യതയും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയഭാവിയും. tajaluva@gmail.com

Wednesday, 4 April 2012

ഈജിപ്തിന്റെ പിന്നാമ്പുറത്ത് നടക്കുന്നതെന്ത്?

http://www.prabodhanam.net/detail.php?cid=872&tp=1

താജ് ആലുവ

ഈജിപ്തിലെ പോര്‍ട്ട് സഈദില്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടിയ രക്തപങ്കിലമായ സംഭവം ഏറെ നിഗൂഢതകള്‍ നിറഞ്ഞതായിരുന്നു. പ്രശസ്തമായ അല്‍ അഹ്‌ലി ക്ലബ്ബിന്റെ 74 ആരാധകര്‍ വധിക്കപ്പെട്ടതും ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റിയതും ആഫ്രിക്കയിലെന്നല്ല ലോകഫുട്‌ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തമായി പരിണമിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച ഗവണ്‍മെന്റ് കമീഷന്റെ ഭാഷ്യമനുസരിച്ച് അല്‍ അഹ്‌ലിയും അല്‍ മസ്‌രിയും തമ്മിലുള്ള ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മല്‍സരത്തില്‍ അല്‍ മസ്‌രി ജയിച്ചതിനെത്തുടര്‍ന്ന് ഗ്രണ്ടിലേക്ക് ഇരച്ചുകയറിയ അല്‍ അഹ്‌ലി ആരാധകര്‍ ('അല്‍ അഹ്‌ലി അള്‍ട്രാസ്' എന്നാണിവര്‍ അറിയപ്പെടുന്നത്) കൈയില്‍ കരുതിയിരുന്ന മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അല്‍ മസ്‌രിയുടെയോ അല്‍ അഹ്‌ലിയുടെയോ ആരാധകര്‍ മാത്രമല്ല, ഇരുവിഭാഗത്തിലും പെടാത്ത ധാരാളം നിരപരാധികളും അക്രമികളുടെ കൊലക്കത്തിക്കിരയായി എന്നതും സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരുന്ന പോലീസ് സേന നിഷ്‌ക്രിയരായതും മണിക്കൂറുകളോളം അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടതും സംഭവത്തിലെ നിഗൂഢത വര്‍ധിപ്പിക്കുകയാണുണ്ടായത്. ഗവണ്‍മെന്റ് ഭാഷ്യമെന്തായാലും, ഈജിപ്ഷ്യന്‍ കായികരംഗത്തെ സ്തബ്ധമാക്കിയ ഈ ഭീകരസംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്നത് ഒറ്റ നോട്ടത്തില്‍ത്തന്നെ മുഴുവന്‍ ജനങ്ങള്‍ക്കും വ്യക്തമായിരുന്നുവെന്നതാണ് വാസ്തവം.


2011 ഫെബ്രുവരി ഒന്നിന് തഹ്‌രീര്‍ സ്‌ക്വയറില്‍ മുബാറക് ഭരണകൂടത്തിന്റെ 'ഒട്ടക സ്‌ക്വാഡ്' നടത്തിയ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ നടന്ന ഈ കലാപം ഒട്ടനേകം ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അന്ന് ഒട്ടകപ്പുറത്തേറിയ പ്രഛന്നവേഷധാരികള്‍ പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ ധാരാളം പ്രകടനക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്റെ പിണിയാളുകായിരുന്ന അവരുടെ ദൗത്യം മുഴുമിക്കാന്‍ അനുവദിക്കാതെ അന്നവരെ തടഞ്ഞതിന്റെയും വിപ്ലവം ജയിപ്പിച്ചെടുക്കുന്നതിന്റെയും പിന്നില്‍ ഫുട്‌ബോള്‍ ആരാധകരുടെ പങ്ക് വളരെ വലുതായിരുന്നു. അല്‍ അഹ്‌ലിയുടെയും അല്‍ മസ്‌രിയുടെയും ആരാധകര്‍ ക്ലബ്ബുകളോടുള്ള കൂറ് വെടിഞ്ഞ് രാഷ്ട്രത്തോട് കറകളഞ്ഞ കൂറ് പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു അത്. ഫുട്‌ബോളിനേക്കാളും അവര്‍ രാജ്യത്തെയാണ് സ്‌നേഹിക്കുന്നതെന്നതിന് വേറെ തെളിവ് വേണ്ടിയിരുന്നില്ല. പരമ്പരാഗതമായി പരസ്പര വൈരികളായ വിവിധ ക്ലബ്ബുകളുടെ അനുയായികള്‍ ഇവ്വിധം രാജ്യനന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു വിഭാഗം ഭരണകൂടവും അവരുടെ പിണിയാളുകളുമായിരുന്നു. പക്ഷേ മൊത്തം ജനങ്ങള്‍ ഇളകിവശായ ആ ഘട്ടത്തില്‍ നിസ്സഹായരായിപ്പോയ അവര്‍ മറ്റൊരവസരത്തിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ പോര്‍ട്ട് സഈദ് ദുരന്തത്തില്‍ പട്ടാളഭരണാധികാരികള്‍ക്കും മുബാറക്ക് ഗവണ്‍മെന്റിന്റെ ഇനിയും വംശനാശം സംഭവിച്ചിട്ടില്ലാത്ത അവരുടെ ഉദ്യോഗസ്ഥ വൃന്ദത്തിനും പങ്കുള്ളതായി ഈജിപ്ഷ്യന്‍ ജനത ന്യായമായും സംശയിക്കുന്നു. അവരുടെ സംശയത്തിനുള്ള അടിസ്ഥാനം, കലാപം നടന്ന സമയത്തിന്റെ സിംഹഭാഗവും സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാസേനയും വെറുതെ നില്‍ക്കുകയായിരുന്നുവെന്നതാണ്. മല്‍സരം കഴിഞ്ഞ ഉടനെ അല്‍ അഹ്‌ലി ആരാധകരെന്ന വ്യാജേന മാരകായുധങ്ങളുമായി സ്‌റ്റേഡിയത്തിനകത്തേക്ക് കടന്നവരെ തടുക്കാനോ നിരായുധരായവരെ സംരക്ഷിക്കാനോ പോലീസ് സേന ശ്രമിച്ചില്ല. അക്രമികളുടെ അഴിഞ്ഞാട്ടത്തിന് ശേഷമാണ് എന്തെങ്കിലും ചെയ്യാന്‍ അവര്‍ തുനിഞ്ഞത്. പക്ഷേ ആ ഇടപെടല്‍ കൊണ്ട് കാര്യമുണ്ടായില്ലെന്ന് മാത്രം. അതിനകം സംഭവിക്കാനുള്ളതെല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു.

പോലീസിന്റെയും സൈനിക ഭരണകൂടത്തിന്റെയും ഇത്തരം നിഷേധാത്മക നിലപാടുകള്‍ പുതിയതല്ലെന്നതാണ് സത്യം. മുബാറക്കിനെതിരെ അരങ്ങേറിയ 18 ദിവസത്തെ കലാപത്തില്‍ കൊല്ലപ്പെട്ടതിനേക്കാളധികം ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വധിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ ഭരണകൂടത്തിന്റെ എതിരാളികളായ ഏതാണ്ട് 12,000 പേരെ സൈനിക െ്രെടബൂണലിന്റെ വിചാരണക്കായി തടവിലിട്ടിരിക്കുകയാണ്. ഹുസ്‌നി മുബാറക്കിന്റെ 29 വര്‍ഷത്തെ സ്വേഛാധിപത്യ ഭരണകാലത്തെക്കാളും അധികം വരും ഇത്.

ഇങ്ങനെ വിചാരണ നേരിടുന്നവരില്‍പെട്ട അല അബ്ദുല്‍ഫത്താഹ് എന്ന യുവാവിന്റെ ഒരു കത്ത് ഈയിടെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തന്റെ ഇരുണ്ട ജയില്‍ മുറിയിലിരുന്ന് എഴുതിയ ആ കത്ത് തുടങ്ങുന്നതിങ്ങനെ: 'അഞ്ച് വര്‍ഷം മുമ്പ് എന്റെ നാട്ടില്‍ നിലവിലുണ്ടായിരുന്ന അതേ പോലീസ് വാഴ്ചയിലേക്ക് തിരികെ പോകേണ്ടി വരുമെന്ന് 2011 ജനുവരി 25ന് ശേഷം ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല. ഒരു കൊടും സേഛാധിപതിയെ കടപുഴക്കിയ വിപ്ലവത്തിന് ശേഷം ഞാന്‍ അകാരണമായി ജയിലില്‍ പോവുകയോ? ആറടി വീതിയും 12 അടി നീളവും മാത്രമുള്ള കൂറ നിറഞ്ഞ സെല്ലില്‍ മറ്റ് എട്ടാളുകളോടൊപ്പമാണ് എന്നെയും പാര്‍പ്പിച്ചത്. അവരില്‍ നിരപരാധികളുണ്ട്, ചെറിയ കുറ്റങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരുമുണ്ട്.'

2011 ജനുവരി 25ന് തുടങ്ങിയ, ഈജിപ്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച വിപ്ലവത്തില്‍ സജീവമായി പങ്കെടുത്തയാളാണ് 29കാരനായ ഈ യുവാവ്. സ്വപ്നങ്ങള്‍ കരിഞ്ഞ് തുടങ്ങിയ കാലത്ത്, പ്രതീക്ഷകളുടെ തേരിലേറാന്‍ അലയടക്കമുള്ള യുവാക്കള്‍ക്ക് പ്രേരണയായത് തുനീഷ്യയിലെ സംഭവവികാസങ്ങളാണ്. ഹുസ്‌നി മുബാറക്കിന് കീഴില്‍ ഏറെക്കാലം ജയില്‍വാസം അനുഭവിച്ചിരുന്ന ഇദ്ദേഹത്തെ സൈനിക കൗണ്‍സില്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ബാബല്‍ ഖാലെഖ് ജയിലില്‍ അടച്ചിരിക്കുകയാണ്. കാരണം? കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു കളഞ്ഞു!

ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച വിപ്ലവത്തിന് ശേഷം ഏതാണ്ട് 12,000 പേരെയെങ്കിലും സൈനിക െ്രെടബ്യൂണലുകളിലൂടെ വിചാരണചെയ്തിട്ടുണ്ടെന്ന് അല ഓര്‍ക്കുന്നു. അവരില്‍ സമാധാനപൂര്‍വമായ അധികാരക്കൈമാറ്റത്തിന് വേണ്ടി നില കൊണ്ട വിപ്ലവകാരികളും മറ്റ് രാഷ്ട്രീയ തടവുകാരും പെറ്റിക്കേസുകളിലകപ്പെട്ട ക്രിമിനലുകളുമുള്‍പ്പെടും. ബ്ലോഗുകളിലൂടെയും സ്വതന്ത്ര വെബ്‌സൈറ്റുകളിലൂടെയും മറ്റും ആശയ വിനിമയത്തിന് ശ്രമിച്ചവരും ഇതില്‍പ്പെടുന്നു. മൈക്കല്‍ നബീലിനെയും വാഇല്‍ അബ്ബാസിനെയും പോലുള്ള ബ്ലോഗര്‍മാര്‍ ചെയ്ത കുറ്റം തങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് മാത്രമാണ്. 2012 ജനുവരി 12 വിപ്ലവത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് 3000 തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ നബീലുമുണ്ടായിരുന്നു. എന്നാല്‍ വിപ്ലവം നല്‍കിയ ആവേശം ചോര്‍ന്നുപോയിട്ടില്ലാത്ത നബീലിന്റെ പ്രതികരണം തനിക്ക് സൈനിക കൗണ്‍സിലിന്റെ മാപ്പ് ആവശ്യമില്ലെന്നായിരുന്നു.

വിപ്ലവനാന്തര ഈജിപ്തിന്റെ രാഷ്ട്രീയ പിന്നാമ്പുറത്ത് നടക്കുന്ന അത്യന്തം വിചിത്രവും നിഗൂഢവുമായ കളികളിലേക്ക് വെളിച്ചം വീശുന്ന കത്തുകളിലൊന്നായിരുന്നു അലയുടെത്. ഒരു ഭാഗത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അതിന്റെ മൂന്ന് ഘട്ടങ്ങളും പിന്നിട്ട് വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. 50 ശതമാനത്തിനടുത്ത് സീറ്റ് നേടി മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പിന്തുണയുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് സഅദ് അല്‍ ഖത്താത്ത്‌നി പാര്‍ലമെന്റ് അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. വിവിധ പാര്‍ലമെന്ററി സമിതികളുടെ തലപ്പത്തും ഇസ്‌ലാമിസ്റ്റുകള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഈ വര്‍ഷം മെയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ട് മല്‍സരിക്കുകയില്ലെങ്കിലും മന്ത്രിസഭാ രൂപവല്‍ക്കരണത്തിലും തുടര്‍ന്നങ്ങോട്ട് രാജ്യത്തിന്റെ ഭരണകാര്യങ്ങളിലും ഇഖ്‌വാന്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ഉറപ്പായിരിക്കുന്നു.

എന്നാല്‍ അധികാരം ഇപ്പോഴും കൈവശം വച്ചിരിക്കുന്ന സൈനിക കൗണ്‍സിലാകട്ടെ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ മുബാറക്ക് ഭരണത്തിന്റ അത്യാചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതാണ് സത്യം. രാഷ്ട്രീയ മേഖലയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ തുടര്‍ന്നും ലഭിക്കണമെന്ന സൈന്യത്തിന്റെ ആഗ്രഹമാണ് ഈ അരാജകത്വം സൃഷ്ടിക്കുന്നതിന് പിന്നിലെന്നതാണ് നിരീക്ഷകമതം. ബൈറൂത്ത് ആസ്ഥാനമായ കാര്‍നീജ് മിഡില്‍ ഈസ്റ്റ് സെന്ററിലെ റിസര്‍ച്ച് ഡയറക്ടറും കയ്‌റോ യൂനിവേഴിസിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രഫസറുമായ അംറ് ഹംസാവിയുടെ അഭിപ്രായത്തില്‍ 180 ബില്യണ്‍ ഡോളര്‍ വരുന്ന ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനവും (അഥവാ 60 ബില്യന്‍ ഡോളര്‍) നിയന്ത്രിക്കുന്നത് സൈന്യമാണ്. മുബാറക്കിന്റെ പതനത്തോടെ നഷ്ടപ്പെട്ടേക്കാവുന്ന ഈ സ്വാധീനം നിലനിറുത്തുന്നതിന് വേണ്ടിയാണ് ഈ കളി മുഴുവന്‍ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈയടുത്ത് രാജ്യ ഖജനാവിലേക്ക് സൈന്യം ഒരു ബില്യണ്‍ ഡോളന്‍ സംഭാവന ചെയ്തുവെന്ന് പറയുമ്പോള്‍ അത് പ്രശംസക്കപ്പുറം സംശയങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഹംസാവി പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കയ്‌റോയുടെ രാഷ്ട്രീയ പരിസരത്ത് ഇനിയും എന്തോ ചീഞ്ഞുനാറുന്നുവെന്ന് ചിന്തിക്കാന്‍ ഇട നല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

ഇതിനിടയിലാണ് ഈജിപ്തിനകത്ത് ജനാധിപത്യമനുഷ്യാവകാശങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏതാനും അമേരിക്കന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെയുള്ള ഒരു കേസ് പൊന്തിവരുന്നത്. അമേരിക്കയില്‍ നിന്ന് നേരിട്ട് സഹായം ലഭിക്കുന്ന നാഷ്‌നല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്റര്‍നാഷ്‌നല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഫ്രീഡം ഹൗസ്, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും അമേരിക്കന്‍ ഗതാഗത സെക്രട്ടറി സാം ലഹൂദിന്റെ മകന്‍ റേ ലഹൂദ് അടക്കം ഒട്ടനവധി അമേരിക്കക്കാരും കേസില്‍കുടുങ്ങി ഇപ്പോള്‍ വിചാരണത്തടവിലാണ്. വിപ്ലവനാന്തര ഈജിപ്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരിലുള്ള കുറ്റം. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് നിര്‍ബന്ധമുള്ള അമേരിക്കക്കാര്‍ക്ക് ഈ വിഷയത്തില്‍ അവരുടെ ആളുകള്‍ തെറ്റ് ചെയ്തിട്ടില്ലായെന്നതില്‍ തരിമ്പും സംശയമില്ലായെന്ന് മാത്രമല്ല അവരെ ഉടന്‍ വിട്ടയക്കണമെന്ന് പ്രസിഡന്റ് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍, പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ തുടങ്ങിയവര്‍ നേരിട്ടുതന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലെങ്കില്‍ ഈജിപ്തിനുള്ള ബില്യന്‍ ഡോളര്‍ സഹായം നിര്‍ത്തലാക്കണമെന്നുള്ള പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു ചില സെനറ്റര്‍മാര്‍. ഈജിപ്തുകാരുടെ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് കുറ്റകരമാണോയെന്നതാണ് അമേരിക്കക്കാരുടെ 'നിഷ്‌കളങ്കമായ' ചോദ്യം.

സ്വേഛാധിപതിയായ മുബാറക്കിന്റെ ഭരണകാലഘട്ടത്തില്‍ സ്വാതന്ത്യത്തിനോ ജനാധിപത്യത്തിനോ വേണ്ടി വിരലനക്കാത്ത ഈ കടലാസ് പുലികള്‍ സാധാരണക്കാരായ പൊതുജനം തങ്ങളെ ഗ്രസിച്ചിരുന്ന ഭീതി കുടഞ്ഞെറിഞ്ഞ്, തെരുവിലിറങ്ങി, ധാരാളം മനുഷ്യജീവന്‍ ബലി നല്‍കി സ്വാതന്ത്ര്യം നേടിയെടുത്തപ്പോള്‍ അവരെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നുവെന്നത് കുലുങ്ങിച്ചിരിക്കാന്‍ വക നല്‍കുന്നതാണ്. വാസ്തവത്തില്‍ അവരുദ്ദേശിക്കുന്ന ജനാധിപത്യം എന്താണെന്നുള്ളത് വ്യക്തം. ഏത് വകയിലും സയണിസ്റ്റ് ഇംപീരിയലിസ്റ്റ് താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കുക. 'നാഗരികതകളുടെ സംഘട്ടന'വും 'ചരിത്രത്തിന്റെ അന്ത്യ'വുമൊക്കെ പ്രതീക്ഷിച്ചിരുന്നവര്‍ കാലം തിരിഞ്ഞുകൊത്തുന്നത് കണ്ട് അന്തിച്ചുനില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. സൈനിക കൗണ്‍സില്‍ ഈ കേസിനെ എങ്ങിനെ നേരിടുന്നുവെന്നത് ഈജിപ്ഷ്യന്‍ ആത്മാഭിമാനത്തിന്റെ കൊടിയടയാളമാകുമെന്ന് മാത്രമല്ല, ആ രാജ്യത്ത് ജനാധിപത്യവും പൗരസ്വാതന്ത്യവുമൊക്കെ എങ്ങോട്ട് തിരിയുമെന്നതിന്റെ ദിശയും നിര്‍ണയിക്കും.

tajaluva@gmail.com

Sunday, 23 October 2011

ലിബിയന്‍ വിപ്ളവം

താജ് ആലുവ
http://www.madhyamam.com/news/127476/111022


അറബുവസന്തത്തിലേക്ക് ഒരു ലിബിയന്‍ പുഷ്പം കൂടി. ഈ പുഷ്പത്തിന് പക്ഷേ, രക്തത്തിന്റെ മണം അല്‍പം കൂടി എന്നുമാത്രം. തുനീഷ്യയില്‍ മുല്ലപ്പൂവിന്റെ സുഗന്ധമായി തുടങ്ങി, ഈജിപ്തില്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ച് ലിബിയയില്‍ തളരാത്ത പോരാട്ടവീര്യത്തിന്റെ ബലത്തില്‍ ഏകാധിപതികളെ കടപുഴക്കിയ പുതിയ ജനകീയ വിപ്ളവത്തിന്റെ അടുത്തവേദി ഏതെന്നുമാത്രമേ ഇപ്പോള്‍ സംശയമുള്ളൂ. അത് സിറിയ ആയാലും യമന്‍ ആയാലും ശരി ഒരു കാര്യം ഉറപ്പിക്കാം; സാധാരണ പൗരസഞ്ചയത്തിന്റെ അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിനുമുന്നില്‍ സ്വേച്ഛാധിപതികളുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു.
അവസാനത്തെ ‘ലിബിയന്‍ പൗരന്‍’ മരിച്ചുവീഴുന്നതുവരെയും ഒടുവിലത്തെ വെടിയുണ്ട തീരുന്നതുവരെയും പോരാടിനില്‍ക്കുമെന്ന് വീരവാദം മുഴക്കിയ സൈഫുല്‍ ഇസ്ലാം ഖദ്ദാഫിയെ മാത്രമേ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും നാലുപതിറ്റാണ്ട് തങ്ങളെ അടിച്ചമര്‍ത്തിയ ഖദ്ദാഫിയെയും അയാളുടെ ചാരത്തലവനടക്കമുള്ള കൂട്ടാളികളെയും ഇല്ലാതാക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ് ലിബിയന്‍ ജനത. കഴിഞ്ഞ ആഗസ്റ്റില്‍ തലസ്ഥാനമായ ട്രിപളി കീഴടക്കിയശേഷം ഖദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ അയാളുടെ സൈന്യം നടത്തിയ ചെറുത്തുനില്‍പും അവസാനിച്ചതില്‍ മതിമറന്നാഹ്ളാദിക്കുകയാണ് അവരിപ്പോള്‍. സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചിതരാകാന്‍ ആഗ്രഹിച്ച യുവതയുടെ അടിയുറച്ച സ്വാതന്ത്ര്യവാഞ്ഛയുടെയും ത്യാഗപൂര്‍ണമായ സമരപോരാട്ടത്തിന്റെയും സ്വാഭാവിക പരിണാമമാണ് ലിബിയന്‍ ജനതയുടെ ഈ വിജയമെന്ന് പറയാം.
കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ 42 വര്‍ഷംനീണ്ട ഏകാധിപത്യത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ബഹുജനപ്രക്ഷോഭം അതിന്റെ മൂര്‍ധന്യത്തിലെത്തിനിന്ന സന്ദര്‍ഭത്തിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ് ആ നാവില്‍നിന്നുതിര്‍ന്നുവീണുകൊണ്ടിരുന്നത്. വിചിത്രമായ വേഷവിധാനവും അമ്പരപ്പിക്കുന്ന സ്വഭാവചേഷ്ടകളുമായി അറബ് ലോകത്തും അന്താരാഷ്ട്ര വേദികളിലും പ്രത്യക്ഷപ്പെട്ട ഈ വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചിടത്തോളം ഭരണാധികാരിയെന്നതിനെക്കാളുപരി കോമാളിയായിരുന്നു. അവസാനം, നാറ്റോയടക്കമുള്ള അന്താരാഷ്ട്ര സേനകളുടെയും ജനകീയ പോരാളികളുടെയും ശക്തമായ നിരീക്ഷണവലയത്തിലായിരുന്നതിനാല്‍ ലിബിയ വിട്ടുപോകാന്‍ സാധിക്കാതെ, സിര്‍ത്തിലെ പഴയ കെട്ടിടങ്ങളിലൊന്നില്‍ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയ ഖദ്ദാഫിയുടെ കാര്യത്തില്‍ വിധിയുടെ കാവ്യനീതിയാണ് പുലര്‍ന്നത്! സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സ്വന്തം ജനതയെ എലികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ലിബിയയുടെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി ഈ എലികളെ വാലുപൊക്കി എറിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാള്‍ക്കുതന്നെ ചുണ്ടെലിയെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കേണ്ടിവരുകയും മരണം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തു. ഒരുകാലത്ത് ബെനിറ്റോ മുസോളിനി നേതൃത്വം കൊടുത്ത ഇറ്റാലിയന്‍ സാമ്രാജ്യത്വദാഹത്തിന്റെ കൊടുംക്രൂരതകള്‍ക്കിരയായ ലിബിയന്‍ ജനതയെയും അവരുടെ സമ്പത്തിനെയും അതേ ഇറ്റലിയുടെ നവകോര്‍പറേറ്റ് സാമ്രാജ്യാധിപതി സില്‍വിയോ ബെര്‍ലുസ്കോനിയുടെ ആലയില്‍ കൊണ്ടുപോയിക്കെട്ടിയ ഖദ്ദാഫിക്ക് ലിബിയന്‍ സ്വാതന്ത്ര്യപോരാളി ഉമര്‍ മുഖ്താറിന്റെ പിന്‍ഗാമികള്‍ നല്‍കിയ ഏറ്റവും വലിയ തിരിച്ചടിയായി ഈ വിജയത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. അയല്‍ രാജ്യങ്ങളില്‍ നിന്നും മധേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ നിന്നും ഇറക്കുമതിചെയ്ത കൂലിപ്പട്ടാളമായിരുന്നു പലപ്പോഴും സ്വന്തം ജനതയെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഖദ്ദാഫിയും മകന്‍ സൈഫുല്‍ ഇസ്ലാമും ലിബിയന്‍ ചാരവലയത്തിന്റെ തലവനായിരുന്ന അബ്ദുല്ല സനൂസിയും ഉപയോഗിച്ചിരുന്നത്. ആഴ്ചക്ക് 10,000 യൂറോ വരെ ആയിരുന്നത്രെ അവരില്‍ ചിലരുടെ കൂലി! വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഈ ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഖദ്ദാഫിക്ക് പ്രത്യുപകാരം ചെയ്തത്‌ കൂലിപ്പട്ടാളത്തെ സപ്ലൈ ചെയ്തുകൊണ്ടാണ്. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി തികഞ്ഞ ആത്മധൈര്യത്തോടെയും ശക്തമായ മനോദാര്‍ഡ്യത്തോടെയും പോരാടിയ 'ഫെബ്രുവരി 17' എന്ന വിപ്ലവസംഘത്തിന് അവരുടെ ക്ഷമയുടെയും സ്ഥൈര്യത്തിന്റെയും ഫലം കൊയ്യാന്‍ സാധിച്ചു. ബെന്‍ഗാസിയില്‍ നിന്ന് തുടങ്ങി ട്രിപ്പോളിയിലൂടെ കടന്ന് സി൪ത്തില്‍ അവസാനിച്ച ഈ പ്രയാണത്തിനിടയില്‍ 8000-ല്‍ പരം രക്തസാക്ഷികളെ അവര്‍ക്ക് ബലികഴിക്കേണ്ടി വന്നുവെങ്കിലും, കൃത്യമായ ആസൂത്രണവും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും അവരെ അന്തിമ വിജയത്തിന് സഹായിച്ചു.
വിപ്ലവം വിജയിച്ചുനില്‍ക്കുമ്പോഴും അതിന് മുന്നിലുള്ള വെല്ലുവിളികള്‍ ചില്ലറയല്ലയെന്നതും വാസ്തവമാണ്. മുസ്തഫ അബ്ദുല്‍ ജലീല്‍ എന്ന പഴയ നീതിന്യായ മന്ത്രിയുടെ കീഴിലുള്ള നാഷനല്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍ മേധാവിയുടെ ജോലി ഏറെ ഭാരിച്ചതാണെന്ന് ചുരുക്കം. മുമ്പ് ഖദ്ദാഫി ഭരണകൂടത്തിന്റെ ഭാഗമായിരുന്നെങ്കിലും നീതിന്യായ മന്ത്രിയായിരിക്കുമ്പോഴും അതിന് മുമ്പ് ജഡ്ജിയുടെ പദവി വഹിച്ചിരുന്നപ്പോഴും ഖദ്ദാഫിയുടെ രീതികളെയും അതിന്റെ ആളുകളെയും വിമര്‍ശിച്ചിരുന്ന ആളെന്ന് നിലക്ക്, ഇസ്ലാമിസ്റ്റുകളും ലിബറലുകളും മതേതരവിശ്വാസക്കാരുമൊക്കെയുള്ള പ്രതിപക്ഷത്തെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. താന്‍ നേതൃത്വം നല്‍കുന്ന ട്രാന്‍സിഷനല്‍ കൗണ്‍സില്‍ ലിബിയ ഭരിക്കാനില്ലെന്നും ഭരണാധികാരികളെ ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കട്ടെയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, കഴിഞ്ഞ നാല് ദശകങ്ങളായി ജനാധിപത്യം പരിചയമില്ലാത്ത ഒരു സമൂഹത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നതും പെട്ടെന്ന് ആയുധം കൈയില്‍ക്കിട്ടിയ പലതരം സ്വഭാവസവിശേഷതകളുള്ള വിവിധ ഗോത്രവര്‍ഗങ്ങളില്‍ നിന്ന് അത് തിരിച്ചുവാങ്ങി രാജ്യം മുഴുവന്‍ ക്രമസമാധാനം നിലനിറുത്തുകയെന്നതുമൊക്കെ കൗണ്‍സിലിന് മുന്നിലുള്ള വെല്ലുവിളികളായി അവശേഷിക്കും.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു ഇതുവരെ. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഈ സന്പത്ത് കണ്ടെടുക്കുകയെന്നതും അത് ജനോപകാരപ്രദമായ പദ്ധതികളിലേക്ക് തിരിച്ചു വിടുകയെന്നതും പുതിയ ഗവണ്‍മെന്റിന് മുന്നിലുള്ള വെല്ലുവിളിയാണ്.
നാറ്റോ നല്‍കിയ സൈനിക സഹായം വിപ്ലവകാരികള്‍ക്ക് ബാധ്യതയായി അവശേഷിക്കും. പ്രത്യേകിച്ച് ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് പോരാളികള്‍ക്ക് ആയുധം നല്‍കിയതും അവരെ പരിശീലിപ്പിച്ചതും പലിശയടക്കം തിരിച്ചുവാങ്ങാന്‍ അവര്‍ ഒരുങ്ങിയാല്‍ കുഴങ്ങുന്നത് പുതിയ ഭരണകൂടമായിരിക്കും. ലോകം വളര്‍ന്നുവലുതായിട്ടും ദശകങ്ങളായി പുരോഗതിയുടെ അരികിലൂടെ പോലും കടന്നുപോകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാതിരുന്ന ലിബിയന്‍ ജനതയെ ഒരു ക്ഷേമരാഷ്ട്രത്തിലേക്ക് കൈപിടിച്ച് നയിക്കുകയെന്ന നിയോഗം ഇതിനിടയില്‍ എങ്ങിനെ ബാഹ്യസമ്മര്‍ദ്ദമില്ലാതെ സാധ്യമാകുമെന്നതും പ്രശ്നമാണ്. സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുടെ പൂര്‍ണമായ അഭാവത്തില്‍ വളര്‍ന്നുവന്ന ഒരു ജനതയെ ഏകോപിപ്പിക്കുകയെന്നതും ശക്തമായ ഒരു സിവില്‍ സൊസൈറ്റിയെ വളര്‍ത്തിക്കൊണ്ടുവരികയെന്നതും ഏറെക്കാലം പുതിയ ഭരണാധികാരികളെ വെള്ളം കുടിപ്പിക്കാന്‍ പോന്നതാണ്. എന്നാല്‍ വളരെ ഫ്ലെക്സിബിളാണ് ലിബിയന്‍ ജനതയെന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. എണ്ണം പറഞ്ഞ ഈ സൈനികവിജയത്തിനിടയിലും തീരെ അഹങ്കരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ലായെന്നത് ശ്രദ്ധേയമാണ്. വിപ്ലവത്തിന് ശേഷം നടക്കുമായിരുന്ന കൂട്ടപ്രതികാരമോ തടവുകാരോടുള്ള അപമാനമോ ഇതുവരെ സംഭവിച്ചിട്ടില്ല. സൈഫുല്‍ ഇസ്ലാമിന് പുറമെ ഖദ്ദാഫിയുടെ മറ്റൊരു മകനായ മുഹമ്മദ് ഖദ്ദാഫിയെയും തടവുകാരനാക്കിയിട്ടുണ്ടെങ്കിലും ഇരുവരെയും വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. ശത്രുപക്ഷത്ത് നിന്ന് കഴിഞ്ഞ എട്ടുമാസക്കാലയളവില്‍ കൂട്ടക്കൊലകള്‍ക്ക് നേരിട്ടുകാരണക്കാരാകാത്ത എല്ലാവര്‍ക്കും പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ലിബിയയുടെ ഭാവിഭരണാധികാരി ആരായാലും ഒരുകാര്യം ഉറപ്പിക്കാം: ജനങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിമാറ്റി ഇനിയും മുന്നോട്ടുപോകാന്‍ ലിബിയയിലെന്നല്ല അറബ് ലോകത്തെവിടെയും സാധ്യമല്ല. ജനങ്ങളുടെ പേടി മാറിക്കഴിഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തി കാലാകാലം തനിക്കും പിന്നെ അവരുടെ മക്കള്‍ക്കും അടുത്ത തലമുറക്കും കുടുംബസ്വത്തായി കൈകാര്യം ചെയ്യാന്‍ പൊതുജനത്തെ കിട്ടില്ലെന്ന് തുനീഷ്യക്കും ഈജിപ്തിനും ശേഷം ലിബിയയും തെളിയിച്ചു കഴിഞ്ഞു. സിറിയയില്‍ ബശ്ശാറുല്‍ അസദും യമനില്‍ അലി അബ്ദുല്ല സ്വാലിഹും ചെവി തുറന്ന് പിടിച്ചിട്ടുണ്ടോ ആവോ?
tajaluva@gmail.com

Friday, 13 May 2011

ബിന്‍ലാദിന്‍യുഗം അവസാനിക്കുമ്പോള്‍

താജ് ആലുവ
http://www.prabodhanam.net/detail.php?cid=95&tp=1

ജീവിതത്തിലെന്ന പോലെ മരണത്തിലും നിഗൂഢതകള്‍ ബാക്കിവെച്ച് ഉസാമ ബിന്‍ ലാദിന്‍ നാടുനീങ്ങുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി. ആരുടെ പ്രശ്‌നങ്ങളെ താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് ബിന്‍ ലാദിന്‍ ആണയിട്ടു പറഞ്ഞിരുന്നുവോ ആ ജനത അവരുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ വിപ്ലവ വസന്തത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ പ്രത്യേകിച്ച് ഒരു പങ്കും വഹിക്കാത്ത ഉസാമയുടെ മരണം അദ്ദേഹം പ്രതിനിധാനം ചെയ്ത അതിതീവ്ര ആശയങ്ങളുടെ കൂടി മരണമായി കണക്കാക്കുന്നതാണ് ഭംഗി. ഈ മരണത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവര്‍, അതിന് തെരഞ്ഞെടുത്ത സമയം നടേ പറഞ്ഞ കാരണത്താല്‍ ഒരല്‍പം തെറ്റിപ്പോയി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതും കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനേ തല്‍ക്കാലം ആ ജനതക്ക് നിവൃത്തിയുള്ളൂ.


പ്രശസ്ത പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞത് പോലെ, 'പാകിസ്താനില്‍ ഒരു മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടുവെന്നതില്‍ കൂടുതലായി മറ്റൊരു പ്രാധാന്യവും ഇല്ലാത്ത സംഭവ'ത്തെ ചരിത്ര നേട്ടമായും വൈകിയെത്തിയ നീതിയായുമൊക്കെ വ്യാഖ്യാനിച്ച് ആഘോഷിക്കുന്നത് സ്ഥാപിത താല്‍പര്യക്കാരുടെ ആവേശം മാത്രമായിക്കാണുന്നതാണ് നല്ലത്. അല്‍പമൊന്നാലോചിച്ചാല്‍ നമ്മുടെ മുംബൈയിലെ അധോലോക രാജാക്കന്മാര്‍ ദിനേനയെന്നോണം നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ അടുത്തുപോലും വരാത്ത ഒരു സംഗതിയാണ് പത്ത് വര്‍ഷത്തിന് ശേഷം ലോകപോലീസിന്റെ റോള്‍ വഹിക്കുന്ന അമേരിക്ക നിര്‍വഹിച്ചത്. ലോകത്തെവിടെയുമുള്ള എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവര്‍ക്കും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് ഉയര്‍ത്തിക്കാണിക്കാന്‍ വേണം. ബുഷിനും ക്ലിന്റണുമൊക്കെ അത് യുദ്ധങ്ങളായിരുന്നുവെങ്കില്‍ യുദ്ധത്തെ എതിര്‍ത്തുകൊണ്ട് പടികയറി വന്ന ഒബാമക്ക് ഉസാമയെക്കാളും പറ്റിയ വിഷയം വേറെയെന്തുണ്ട്! പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചേടത്തോളം യുദ്ധമുണ്ടാകേണ്ട പല രാജ്യങ്ങളിലും ഇനിയൊരു യുദ്ധത്തിന്റെ ആവശ്യകതയേയില്ലാതാക്കിക്കൊണ്ട് അറബ് യുവത രംഗത്തുവന്ന സമയത്ത് പ്രത്യേകിച്ചും!


2006-ലെ ബലിപെരുന്നാള്‍ ദിവസം സദ്ദാം ഹുസൈനെ തൂക്കിലേറ്റാനും അതിന്റെ വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടാനും തീരെ ആലോചിക്കേണ്ടി വന്നില്ലാത്ത യാങ്കികള്‍ക്ക് ബിന്‍ ലാദിന്റെ അന്ത്യനിമിഷത്തിലെ ആ ഭീകരചിത്രങ്ങള്‍ പുറത്തുവിടാനും വലിയ പ്രയാസമുണ്ടാകേണ്ടതില്ല (ഒരു പക്ഷേ, ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേക്കും അത്തരം ചിത്രങ്ങളില്‍ ചിലത് നമുക്ക് ലഭിക്കുകയും ചെയ്‌തേക്കാം. തങ്ങളതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ ഭരണകൂട വക്താക്കള്‍ പറയുന്നത്). ഉസാമക്കെതിരിലുള്ള 'ഓപറേഷന്‍ ഗെറോനിമോ' (അതാണത്രെ അതിന്റെ പേര്!) 'നേവി സീല്‍' എന്ന അതിവിദഗ്ധ വിഭാഗത്തില്‍പ്പെട്ട സൈനികന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സാറ്റലൈറ്റ് വഴി വൈറ്റ് ഹൗസിലിരുന്ന് കണ്ട ഒബാമയും ജോ ബിഡനും ഹിലരിയുമടങ്ങുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത സംഘത്തിന് നിഗൂഢമായ ഈ ഓപറേഷനെതിരെയുയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനെങ്കിലും അത് വേണ്ടിവരും.


ഓപ്പറേഷനെക്കുറിച്ച് ഒട്ടനവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. യാങ്കി ഭരണകൂടം വാദിക്കുന്നത് പോലെ ഇതൊരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നോ? അമേരിക്ക അതിന്റെ ഏറ്റവും ശക്തമായ ചാരവലയം ഉപയോഗിച്ച് ബിന്‍ ലാദിന്റെ താമസസ്ഥലം കണ്ടെത്തുകയായിരുന്നോ? എന്നിട്ട് അതിവിദഗ്ധമായ ആസൂത്രണത്തിലൂടെ, കടുകിട തെറ്റാത്ത ഓപ്പറേഷനിലൂടെ അയാളെ വകവരുത്തുകയായിരുന്നോ? ജീവനോടെ പിടികൂടാമായിരുന്നിട്ടും എന്തുകൊണ്ട് അതിന് വേണ്ടി ശ്രമിച്ചില്ല? ഭീകരവിരുദ്ധ യുദ്ധത്തില്‍ തങ്ങളുടെ സന്തത സഹചാരിയായ പാക് ഭരണകൂടത്തെ എന്തുകൊണ്ട് ഈ വിഷയത്തില്‍ അമേരിക്ക വിശ്വാസത്തിലെടുത്തില്ല? ഇത്തരം സംശയങ്ങളുയരുന്നതിന്റെ പ്രധാന കാരണം, പാകിസ്താന്റെ 'സാന്‍ഡ്‌ഹേഴ്‌സ്റ്റ്' (ബ്രിട്ടനിലെ സൈനിക അക്കാദമിയോട് ചേര്‍ത്തു പറയുന്ന പേര്) എന്നറിയപ്പെടുന്ന അബറ്റാബാദിലെ സൈനികപട്ടണത്തിന് ഒത്ത നടുവില്‍ത്തന്നെയുള്ള വീടാണ് കഴിഞ്ഞ ആറേഴ് വര്‍ഷമായി താമസിക്കാന്‍ ലാദിന്‍ തെരഞ്ഞെടുത്തതെന്നതാണ്. തലക്ക് രണ്ടരക്കോടി ഡോളര്‍ വിലയുള്ള, ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഒന്നിച്ചന്വേഷിക്കുന്ന ഈ കൊടും കുറ്റവാളി പാകിസ്താന്‍ സൈന്യത്തിന്റെ മൂക്കിന് താഴെ വന്ന് ഇങ്ങനെ താമസിക്കുമെന്നത് വിശ്വസിക്കണോ അവിശ്വസിക്കണോ? അതോ ഇതും ഒരു ഒത്തുകളിയായിരുന്നോ? ആര്‍ക്കറിയാം.


യുദ്ധക്കൊതിയന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിന് സദാ അനിവാര്യമായ ശത്രുക്കുപ്പായത്തിലേക്ക് അവര്‍പോലും ആവശ്യപ്പെടാത്ത വേഗത്തില്‍ നിന്നുകൊടുത്തുവെന്നതായിരുന്നു ഉസാമ ബിന്‍ ലാദിന്‍ ഇങ്ങനെ വെറുക്കപ്പെടാന്‍ കാരണം. സോവിയറ്റ് റഷ്യക്കെതിരെ തന്നെ ഉപയോഗപ്പെടുത്തിയ അമേരിക്കക്കെതിരെ, തന്റെ രണ്ടാം പടപ്പുറപ്പാടിന് തയാറായപ്പോള്‍ ആ നീക്കത്തിന്റെ ഗൗരവത്തെക്കുറിച്ച് ഉത്തമബോധ്യം വേണ്ടിയിരുന്ന ബിന്‍ ലാദിന് അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പകരം ചോദിക്കാനിറങ്ങിയയാള്‍ പലപ്പോഴും അവര്‍ക്കെതിരെ നിലകൊള്ളുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരമുള്ള ശത്രുക്കളെക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തിലെ ആളുകളെ ഉസാമക്ക് കൊല്ലേണ്ടിവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി (റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍) വൃക്കരോഗം ബാധിച്ച്, പല്ലുകൊഴിഞ്ഞ സിംഹമായി മാറിയ ഉസാമയെ ആളുകള്‍ മറന്നുതുടങ്ങിയ സമയത്താണ് അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ അമേരിക്ക നമുക്ക് മുന്നില്‍ കൊണ്ടുവന്നിടുന്നത്.


ഒഴിയാബാധയായി മാറിയ അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ നിന്ന് കഴിയും വേഗം പിന്മാറണമെന്ന അമേരിക്കയുടെ ഉദ്ദേശ്യമായിരിക്കാം ഇപ്പോഴത്തെ ഉസാമ വധം ആട്ടക്കലാശത്തിന്റെ പൊരുള്‍ എന്ന് വാദിക്കുന്നവരുണ്ട്. അതിനവര്‍ നിരത്തുന്ന ന്യായം അമേരിക്കയെപ്പോലൊരു വന്‍ശക്തിക്ക് തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വരുത്താതെ മുന്‍കൂട്ടി നിശ്ചയിച്ചൊരു പിന്മാറ്റം അഫ്ഗാനിസ്താനില്‍ നിന്ന് സാധ്യമല്ലെന്നുള്ളതാണ്. അത് ശരിയുമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ഒരു ദശകത്തോളം വിടാതെ പിന്നാലെ നടന്നിട്ടും ഉസാമയെപ്പോലൊരാളെ കിട്ടിയില്ലെന്ന് പറഞ്ഞാല്‍ അതില്‍പ്പരം നാണക്കേട് മറ്റെന്തുണ്ട്? അതുകഴിയാതെ യുദ്ധം അവസാനിപ്പിക്കുകയെന്ന് പറഞ്ഞാല്‍ അതതിനേക്കാളും വലിയ മാനക്കേടുതന്നെയാകും.


ഒരുപക്ഷേ, ബിന്‍ ലാദിനെ വളരെ നേരത്തെതന്നെ അഫ്ഗാനില്‍ നിന്ന് പിടികൂടി പാകിസ്താനില്‍ ഇങ്ങനെയൊരു നാടകം കളിച്ചതുമാകാം. അവിടെയും ലക്ഷ്യം ഒന്നുതന്നെ: എത്രയും പെട്ടെന്ന് അഫ്ഗാനില്‍ നിന്ന് തലയൂരുക. പക്ഷേ അതിന് മുമ്പ് പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചിട്ടുവേണം പോകാന്‍. ബിന്‍ ലാദിന് ഇത്രയും നല്ല പഞ്ചനക്ഷത്ര താമസവും സുരക്ഷിതത്വവും നല്‍കിയ കുറ്റത്തില്‍ നിന്ന് ഇനിയെങ്ങനെ പാകിസ്താന് തലയൂരാനാകും? സൈനിക അക്കാദമിയുടെ അടുത്ത് 10 ലക്ഷം ഡോളര്‍ വിലയുള്ള മൂന്ന് നില ബംഗ്ലാവില്‍ തങ്ങള്‍ തേടുന്ന കൊടും കുറ്റവാളിയെ ആറുവര്‍ഷത്തിലധികം താമസിപ്പിച്ചതിന് ഇനിയുള്ള കാലം പാകിസ്താന്‍ അമേരിക്കയുടെ മുന്നില്‍ എത്ര ഏത്തമിട്ടാലും മതിയാകില്ലെന്ന് ഭാവി സംഭവവികാസങ്ങള്‍ തെളിയിക്കും. സി.ഐ.എ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ ടൈം മാഗസിനോട് പറഞ്ഞതില്‍ നിന്നുള്ള സൂചന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാകിസ്താനെ അറിയിക്കാതെ 'ഓപറേഷന്‍ ഗെറോനിമോ' നടത്തിയതിന് കാരണം, അവര്‍ വിവരങ്ങള്‍ ഉസാമ ബിന്‍ ലാദിന് ഒറ്റുകൊടുക്കുമോയെന്ന് ഭയന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയുണ്ട് പാകിസ്താനി ഫ്രണ്ട്‌സുമായുള്ള ഒബാമയുടെ വാര്‍ ഓണ്‍ ടെറര്‍ കോഓപറേഷന്‍! കരളുപറിച്ചു കൊടുത്താലും ചെമ്പരത്തിപ്പൂവാണെന്നേ അമേരിക്കക്കാര്‍ പറയൂവെന്ന് ഇപ്പോഴെങ്കിലും സര്‍ദാരിമാര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ!


പാകിസ്താന്റെ കാര്യത്തില്‍ ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍. ഒരു പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുമതി കൂടാതെ ഹെലികോപ്റ്ററുകളുമായി പാഞ്ഞുചെന്ന് ആരെയെങ്കിലും കൊല്ലുന്നത് ഒന്നാം ലോകവും മൂന്നാം ലോകവുമായുള്ള വ്യത്യാസമായി മാത്രം മനസ്സിലാക്കിയാല്‍ മതിയാകും. എന്നാല്‍, അതിന് ശേഷം ഇപ്പോള്‍ അവിടെ നടക്കുന്ന വന്‍ ഭൂകമ്പത്തില്‍ പ്രസിഡന്റ് സര്‍ദാരിയും പ്രധാനമന്ത്രി ഗീലാനിയുമൊക്കെ വിറച്ചിരിപ്പാണ്. തങ്ങളുടെ ഭരണാധികാരികള്‍ക്കിതെന്താണ് പണിയെന്നാണ് സാധാരണ ജനം ചോദിക്കുന്നത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് കേവലം 61 കിലോമീറ്റര്‍ മാത്രമുള്ള അബറ്റാബാദിലെ സൈനിക അക്കാദമിക്ക് മൂക്കിന് താഴെ 40 മിനിറ്റ് ഹെലികോപ്റ്റര്‍ പറന്നിട്ടും അക്ഷരാര്‍ഥത്തില്‍ പൊടിപാറിയ വെടിവെപ്പ് നടന്നിട്ടും രാജ്യസുരക്ഷക്ക് നിയുക്തരായവര്‍ ഏതടുപ്പില്‍ പോയി കിടക്കുകയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. പ്രധാനമന്ത്രിയും പ്രസിഡന്റും വിദേശകാര്യ വക്താവും പറയുന്നതിലൊക്കെ പ്രകടമായ വൈരുധ്യങ്ങള്‍. സര്‍ദാരി പറയുന്നു ഓപറേഷനെക്കുറിച്ച് തങ്ങള്‍ക്ക് തീരെ അറിയില്ലെന്ന്, ഗീലാനി പറയുന്നു തങ്ങളുടെ കൂടി സഹകരണത്തോടെയാണ് ബിന്‍ ലാദിന്റെ കോമ്പൗണ്ടിനടുത്തേക്ക് അമേരിക്കന്‍ സൈന്യം എത്തിയതെന്ന്, വിദേശകാര്യ വക്താവ് പറയുന്നു ദീര്‍ഘനാളത്തെ സഹകരണത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്! ഏതായാലും ജനങ്ങള്‍ കാത്തിരിക്കുന്നത് ഇനി ഒരേയൊരു സംഗതിയാണ്: അമേരിക്കയുമായുള്ള ഈ സഹകരണം സര്‍ദാരിയും കൂട്ടരും ഇതേ രൂപത്തില്‍ തുടരുമോ? തുടര്‍ന്നാല്‍, അത് ശക്തമായ ജനരോഷത്തിന് കാരണമാകും, തുടര്‍ന്നില്ലെങ്കില്‍ അമേരിക്കയുടെ സൗഹൃദവും സഹായവും സര്‍ദാരിക്ക് നഷ്ടമാകും.


അറബ് ലോകത്തെ സംബന്ധിച്ചേടത്തോളം തികഞ്ഞ അസംബന്ധമെന്ന നിലക്കാണ് അവിടത്തെ യുവത ഈ സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ഗത്തിലെ കട്ടുറുമ്പായി ബിന്‍ ലാദിന്‍ ഇങ്ങനെ കയറിവരുമെന്ന് അവര്‍ നിനച്ചതേയുണ്ടായിരുന്നില്ല. ഭീകരവിരുദ്ധ യുദ്ധത്തില്‍ ബുഷിന്റെ പങ്കാളികളായിരുന്ന പലരും ഒന്നുകില്‍ സിംഹാസനം തെറിച്ച്, രക്തസമ്മര്‍ദം കൂടി ഇപ്പോള്‍ ഐ.സി.യുവിലാണ്. അല്ലെങ്കില്‍ എപ്പോഴാണ് ഈ സൂനാമി തന്നെയും തന്റെ കുടുംബത്തെയും ഇതുവരെ തങ്ങള്‍ വാരിക്കൂട്ടിയതിനെയൊക്കെയും കടപുഴക്കിയെറിയുന്നതെന്ന് പേടിച്ച് വിറച്ച് സ്വന്തം കൊട്ടാരത്തില്‍ത്തന്നെ ഉയര്‍ന്ന ഹൃദയമിടിപ്പുമായി കഴിഞ്ഞുകൂടുകയാണ്. ഒരര്‍ഥത്തില്‍ ചരിത്രത്തിന്റെ കാവ്യനീതിയാണ് പുലര്‍ന്നിരിക്കുന്നത്. മുബാറകിനെയും ബിന്‍ അലിയെയും ഖദ്ദാഫിയെയുമൊക്കെ കെട്ടുകെട്ടിക്കാമെന്ന് മോഹിപ്പിച്ചാണ് ഉസാമ ബിന്‍ ലാദിന്‍ ഒരു കാലത്ത് അറബ് യുവതയില്‍ ചിലരെയെങ്കിലും വരുതിയിലാക്കിയതെങ്കില്‍ അല്‍ഖാഇദയുടെയും അമേരിക്കയുടെയും സഹായമില്ലാതെ തന്നെ തങ്ങള്‍ക്കതിന് സാധിച്ചിരിക്കുന്നുവെന്ന് അറബ് ജനതയൊന്നടങ്കം തെളിയിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. തോക്കെടുത്തിരുന്നുവെങ്കില്‍ 28 നൂറ്റാണ്ട് കഴിഞ്ഞാലും സംഭവിക്കില്ലാത്ത വിപ്ലവം, തോക്കിനുമുന്നില്‍ വിരിമാറ് കാണിക്കാനുള്ള ഇഛാശക്തിയുടെയും സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകളുടെയും മുന്നില്‍ 28 ദിവസം കൊണ്ട് സംഭവിക്കുന്ന അത്ഭുതത്തിനാണ് അവര്‍ സാക്ഷ്യം വഹിച്ചത്. ജനതയുടെ ഇഛാശക്തിക്ക് മുന്നില്‍ ഇടഞ്ഞുനിന്നിരുന്ന ഫലസ്ത്വീന്‍ ഗ്രൂപ്പുകള്‍ വരെ ഐക്യപ്പെടുകയും സയണിസ്റ്റ് ശക്തിയെ ഒന്നായി വെല്ലുവിളിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് അവര്‍ ചെവികൊടുക്കവെയാണ് ഈ ഈച്ച അവരുടെ മൂക്കിന് മുകളില്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായും അതിനെ കൈകൊണ്ട് വീശിമാറ്റി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയും, കഴിയേണ്ടതുണ്ട്. ഇനിയും ഭീകരത, തീവ്രവാദം എന്നൊക്കെപ്പറഞ്ഞ് പറ്റിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് അത്യുച്ചത്തില്‍ വിളിക്കാന്‍ പാകത്തില്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അവര്‍ തയാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


tajaluva@gmail.com

Sunday, 20 March 2011

ലിബിയയില്‍ പിറക്കാനിരിക്കുന്ന `പിശാചിന്റെ കസേരകള്‍'

താജ്‌ ആലുവ
http://www.prabodhanam.net/Issues/19.3.2011/thajaluva.html

കുറച്ചു മുമ്പ്‌ അല്‍ജസീറ ചാനലുമായി നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെ കളിയാക്കിക്കൊണ്ട്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി പറഞ്ഞു, അത്‌ (ഡെമോക്രസി) പിശാചുക്കള്‍ ഇരിക്കുന്ന കസേരകളാണെന്ന്‌! തന്റെ സ്വതസിദ്ധമായ ഭ്രാന്തന്‍ നിര്‍വചനമാണ്‌ അയാള്‍ അതിന്‌ നല്‍കിയത്‌: `ഡെമോ' എന്നാല്‍ ഡെമണ്‍സ്‌ അഥവാ പിശാചുക്കള്‍. `കറാസി'യെന്ന്‌ അറബിയില്‍ പറഞ്ഞാല്‍ കസേരകള്‍! ഇത്തരം കിറുക്കന്‍ ജല്‍പനങ്ങളുടെ ആകെത്തുകയായിരുന്നു കഴിഞ്ഞ 42 വര്‍ഷത്തെ ലിബിയന്‍ ജനതയുടെ ജീവിതം. അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിനു നടുവിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ്‌ ആ നാവില്‍ നിന്നുതിര്‍ന്നു വീണുകൊണ്ടിരിക്കുന്നത്‌. വിചിത്രമായ വേഷവിധാനവും അതിലേറെ അമ്പരിപ്പിക്കുന്ന സ്വഭാവചേഷ്‌ടകളുമായി അറബ്‌ ലോകത്തും അന്താരാഷ്‌ട്ര വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഈ വികൃത വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചേടത്തോളം ഭരണാധികാരിയെന്നതിനേക്കാളുപരി വെറുമൊരു ബഫൂണ്‍ മാത്രമായിരുന്നു.
ഇന്നിപ്പോള്‍ സ്വന്തം ജനങ്ങളാലും ഇതുവരെ താങ്ങിനിര്‍ത്തിയ പാശ്ചാത്യശക്തികളാലും വെറുക്കപ്പെട്ട്‌ ട്രിപ്പോളി നഗരത്തിലെ തന്റെ കൊട്ടാരത്തിനകത്ത്‌ മാത്രം സഞ്ചാര സ്വാതന്ത്ര്യമുള്ളയാളായി ഒതുക്കപ്പെട്ടിരിക്കുന്നു മരുഭൂമിയുടെ ഈ പുത്രന്‍ (വിശേഷണത്തിന്‌ ഖദ്ദാഫിയോടുതന്നെ കടപ്പാട്‌). അധികാരം നിലനിര്‍ത്തുന്നതിന്‌ വേണ്ടി സ്വന്തം ജനതയെ എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ യാതൊരു മടിയുമില്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ഖദ്ദാഫി. വെറും എലികളായി താന്‍ കാണുന്ന ജനാധിപത്യ പ്രക്ഷോഭകാരികളില്‍ നിന്ന്‌ ലിബിയയെ ശുദ്ധീകരിക്കാന്‍ വീടു-വീടാന്തരം കേറി വേണ്ടിവന്നാല്‍ എല്ലാവരെയും വാലു തൂക്കി എറിയുമെന്ന്‌ പരസ്യമായി പ്രഖ്യാചിച്ചിരിക്കുകയാണയാള്‍. നേരത്തെ തന്നെ അധികാരം ജനങ്ങളുടെ `കോണ്‍ഗ്രസുകള്‍'ക്ക്‌ വിട്ടുകൊടുത്തതിനാല്‍ താന്‍ രാജാവോ പ്രസിഡന്റോ അല്ലെന്നും അതുകൊണ്ടുതനെ അധികാരം ഒഴിയേണ്ട ആവശ്യമില്ലെന്നുമുള്ള പുതിയ കിറുക്കും ഇടക്കിടെ മൊഴിയുന്നുണ്ട്‌.
ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കുന്നതില്‍ ഇയാള്‍ ഒറ്റക്കായിരുന്നില്ല. മൂത്ത പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി, 2008-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ (LSE) നിന്നെടുത്ത ഡോക്‌ടറേറ്റ്‌ തീസിസിന്റെ ശീര്‍ഷകം നോക്കുക: ആഗോള ഭരണസ്ഥാപനങ്ങള്‍ ജനാധിപത്യവത്‌കരിക്കുന്നതില്‍ പൗരസമൂഹത്തിന്റെ പങ്ക്‌ (The Role of Civil Society in the Democratisation of Global Governance Institutions)! 400 പേജ്‌ വരുന്ന ഈ തീസിസിലെ പല `ഗവേഷണങ്ങളും' ഇവ്വിഷയകമായി നേരത്തെ നടത്തപ്പെട്ട പഠന-ഗവേഷണങ്ങളില്‍ നിന്ന്‌ പകര്‍ത്തിയെഴുതിയാണെന്നതിന്റെ പഴിയവിടെ നില്‍ക്കട്ടെ. സ്വന്തം തറവാട്‌ നോക്കാത്തവനാണ്‌ ലോകം നന്നാക്കാന്‍ നടക്കുന്നതെന്ന്‌ പറഞ്ഞ്‌ LSE ഇപ്പോള്‍ ഡോക്‌ടറേറ്റ്‌ തിരിച്ചുവാങ്ങിക്കാനുള്ള പുറപ്പാടിലാണ്‌. ഒപ്പം അയാള്‍ സ്ഥാപനത്തിന്‌ നല്‍കിയ പതിനഞ്ച്‌ ലക്ഷം പൗണ്ടിന്റെ സംഭാവനയും അവര്‍ തിരിച്ചടക്കും. ജനാധിപത്യത്തിലോ പൗരാവകാശങ്ങളിലോ തരിമ്പും വിശ്വാസമില്ലാത്തവനായിരുന്നു സൈഫുല്‍ ഇസ്‌ലാം എന്നതിന്‌ ഇപ്പോഴത്തെ ബഹുജനപ്രക്ഷോഭത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണം മതിയായ തെളിവാണ്‌. അയാള്‍ പറഞ്ഞു: ``പിതാവിനെതിരായ സമരം നയിക്കുന്നത്‌ മയക്കുമരുന്നിന്റെ അടിമകളും ഗോത്രപക്ഷപാതികളും ഇസ്‌ലാമിസ്റ്റുകളുമാണ്‌. ഏക ലിബിയയുടെ സ്ഥാനത്ത്‌ 15 ഇസ്‌ലാമിക എമിറേറ്റുകള്‍ സ്ഥാപിക്കാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. ഈ പോരാട്ടം അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ആഭ്യന്തരയുദ്ധമായിരിക്കും ഫലം. പിതാവിനെ അനുകൂലിക്കുന്നവര്‍ വെറുതെയിരിക്കുമെന്ന്‌ കരുതരുത്‌.'' സ്വേഛാധിപതികളുടെ അവസാനത്തെ അടവുകള്‍ എത്ര പരിതാപകരമാണെന്ന്‌ നോക്കുക!
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. സ്വന്തം സൈന്യത്തെയും സുരക്ഷാസേനയെയും വിശ്വാസമില്ലാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്‌ ഈ ഗുണ്ടകളെ അയാള്‍ക്ക്‌ ലഭിച്ചത്‌. ഇതിന്‌ പ്രേരകമായതോ ലിബിയ തന്റെ തറവാട്ടുസ്വത്താണെന്ന ധാര്‍ഷ്‌ട്യവും. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാലമത്രയും അള്ളിപ്പിടിച്ചിരുന്ന സിംഹാസനത്തില്‍ നിന്ന്‌ പൂച്ചയെപ്പോലെ ചെവിക്കുന്നി പിടിച്ച്‌ ധീരരായ ലിബിയന്‍ യുവാക്കള്‍ അയാളെ പുറത്തിടുന്നത്‌ ഇനി കേവലം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്‌. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാനപ്പെട്ട നഗരങ്ങളെല്ലാം പ്രക്ഷോഭകാരികളായ യുവാക്കളുടെ പിടിയിലാണിപ്പോള്‍.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. പക്ഷേ, എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റിക്കുള്ള 70 ബില്യന്‍ ഡോളര്‍ മൂലധനം മാത്രമാണ്‌ ഈയിനത്തില്‍ കണക്കില്‍പ്പെട്ടിട്ടുള്ളത്‌. അതുതന്നെയും നിക്ഷേപം നടത്തിയിരുന്നത്‌ വ്യക്തിതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിറുത്തിയായിരുന്നു. ഒരര്‍ഥത്തില്‍ ഇത്രയും കാലം ഖദ്ദാഫിയെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചത്‌ യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും നിലനിര്‍ത്തിപ്പോന്നിരുന്ന വിപുലമായ ബിസിനസ്‌ ബന്ധങ്ങളാണ്‌. രാജ്യത്തിന്റെ എണ്ണ സമ്പത്ത്‌ വഴിതിരിച്ച്‌ വിട്ടുകൊണ്ട്‌ ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ മാത്രമാണ്‌ അയാള്‍ മുന്‍ഗണന നല്‍കിയിരുന്നത്‌. 1986-ല്‍ ജര്‍മനിയിലെ നിശാക്ലബ്ബില്‍ ബോംബ്‌ സ്‌ഫോടനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക ആ വര്‍ഷം ഏപ്രിലില്‍ ലിബിയയില്‍ നടത്തിയ ബോംബുവര്‍ഷത്തില്‍ നിന്നും ലോക്കര്‍ബി വിമാനദുരന്തത്തെത്തുടര്‍ന്നുള്ള ഉപരോധത്തില്‍ നിന്നുമൊക്കെ തലയൂരാനായി ഖദ്ദാഫി ഉപയോഗപ്പെടുത്തിയത്‌ എണ്ണയാണ്‌. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയാണ്‌ ഖദ്ദാഫിയുടെ വിശ്വസ്‌തനായ ബിസിനസ്‌ പാര്‍ട്‌ണര്‍. ലിബിയയുടെ എണ്ണ സമ്പത്തിന്റെ 25 ശതമാനവും പ്രകൃതിവാതകത്തിന്റെ 15 ശതമാനവും പോകുന്നത്‌ ഇറ്റലിയിലേക്കാണ്‌. പകരം ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനി ഓയില്‍ കോര്‍പറേഷനിലും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിലും കാര്‍നിര്‍മാണ കമ്പനിയായ ഫിയറ്റിലും ഖദ്ദാഫിക്ക്‌ ഷെയറുണ്ട്‌.
ഇതിനൊക്കെപ്പുറമെയാണ്‌ ഖദ്ദാഫി കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ധൂര്‍ത്തുകള്‍. പുത്രന്‍ സൈഫുല്‍ ഇസ്‌ലാം 2009-ല്‍ തന്റെ 37-ാമത്തെ ജന്മദിനത്തിന്‌ തെക്കു-കിഴക്കന്‍ മോണ്‍ടിനീഗ്രോയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക്‌ കോടീശ്വരന്മാരെയും കലാകാരന്മാരെയും സ്വകാര്യവിമാനങ്ങളില്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‌ മുമ്പ്‌ സെയ്‌ന്റ്‌ ട്രോപ്പെസിലും മൊണാക്കോയിലുമൊക്കെ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവത്രെ! മകള്‍ ആഇശ ഖദ്ദാഫിയാകട്ടെ ഏറ്റവും പുതിയ വസ്‌ത്രങ്ങളുടെയും ആഭരണങ്ങളുടെയും പിന്നാലെയാണ്‌. ഓരോ അവസരത്തിലേക്കുമുള്ള തന്റെ വസ്‌ത്രം ഡിസൈന്‍ ചെയ്യുന്നതിന്‌ നാട്ടിലും മറുനാട്ടിലും പ്രത്യേകം ഡിസൈനര്‍മാരെ നിയമിച്ചിട്ടുണ്ട്‌. പോപ്‌ മ്യൂസിക്കിലും കമ്പമുള്ള ആഇശ, പ്രശസ്‌ത പോപ്‌ ഗായിക ശാക്കിറ കഴിഞ്ഞ വര്‍ഷം തുനീഷ്യയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക്‌ വന്‍ സംഘവുമായി പോയത്‌ വിവാദമായിരുന്നു. ഖദ്ദാഫിയുടെ അറിയപ്പെടുന്ന മറ്റുമക്കളായ ഹാനിബാളും മുഅ്‌ത്തസിമുമൊക്കെ ഇതുപോലെ ധൂര്‍ത്തിന്‌ പേരുകേട്ടവരാണ്‌. വിദേശങ്ങളില്‍ കറങ്ങിനടക്കുകയും രാജ്യത്തിന്റെ സമ്പത്ത്‌ തോന്നുംപോലെ ചെലവഴിക്കുകയുമാണ്‌ അവരുടെ രീതി.
ലിബിയന്‍ ജനത അവരുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്‌. നാല്‌ ദശകത്തോളം ചുമന്നുനിന്ന ഏകാധിപത്യത്തിന്റെ നുകം താഴെ വെക്കാന്‍ ലഭിച്ച അസുലഭാവസരം അവര്‍ പാഴാക്കുകയില്ലെന്നുതന്നെ ഉറപ്പിക്കാം. അല്ലെങ്കിലും ചരിത്രത്തിന്‌ ഫുള്‍സ്റ്റോപ്പിട്ട ഖദ്ദാഫി കാലയളവിലൊഴിച്ച്‌ സാമ്രാജ്യത്വാധിനിവേശത്തെയും സ്വേഛാപ്രമത്തതകളെയും സധീരം നേരിട്ട ഒരു പാരമ്പര്യമുണ്ട്‌ ലിബിയക്ക്‌. മുസോളിനിയുടെ ഇറ്റലിയെ കൊമ്പുകുത്തിച്ച ഉമര്‍ മുഖ്‌താറിന്റെ അനുയായികള്‍ക്ക്‌, അഭിനവ സ്വേഛാധിപതികളെ കീഴടക്കാനുള്ള ധൈര്യവും കരുത്തുമുണ്ട്‌. 1931-ല്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇറ്റാലിയന്‍ സൈനികരോട്‌ ഉമര്‍ മുഖ്‌താര്‍ പറഞ്ഞത്‌ അവരെങ്ങനെ മറക്കും: ``ഞങ്ങള്‍ കീഴടങ്ങുകയില്ല. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം. ഇതൊരവസാനമല്ല, എനിക്ക്‌ ശേഷം വരാനിരിക്കുന്ന തലമുറകളോട്‌ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും പോരാടേണ്ടി വരും. എന്നെ സംബന്ധിച്ചേടത്തോളം എന്റെ പ്രായം, എന്നെ തൂക്കിക്കൊല്ലുന്നവനേക്കാളും എന്തായാലും കൂടുതലായിരിക്കുകയും ചെയ്യും.'' 70-ാമത്തെ വയസ്സില്‍ മരണക്കുരുക്കിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുത്ത ആ മരുഭൂമിയിലെ സിംഹത്തെപ്പോലെ ഒരുപാട്‌ സിംഹങ്ങളെ നേരിട്ടുകൊണ്ടല്ലാതെ നവസാമ്രാജ്യത്വശക്തികളുടെ പിണിയാളായ ഖദ്ദാഫിക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല.
tajaluva@gmail.com

സമര്‍പ്പിത ജീവിതത്തിന്‌ മാതൃകയായി അബ്‌ദുല്‍ മജീദ്‌



ചില ജീവിതങ്ങള്‍ അങ്ങനെയാണ്‌. മറ്റുള്ളവര്‍ക്ക്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ടവ. സ്വന്തമായി പ്രശ്‌നങ്ങളുടെ നടുക്കയത്തിലാണ്‌ അവരെങ്കിലും ചുണ്ടില്‍ ചെറുപുഞ്ചിരിയുമായി മറ്റുള്ളവരെ സമാധാനിപ്പിക്കാനായി അവര്‍ ഓടിനടക്കും. കൈ -മെയ്‌ മറന്ന്‌ അവശര്‍ക്ക്‌ ആശ്വാസമായി തണലൊരുക്കും. ഗാഢമായി സ്‌നേഹിക്കുന്ന ആദര്‍ശത്തിന്‌ വേണ്ടി, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും അവഗണിച്ച്‌ കഠിനമായി പ്രയത്‌നിക്കും. അങ്ങനെ നെറ്റിത്തടത്തില്‍ നിന്ന്‌ വിയര്‍പ്പുറ്റി വീഴ്‌കെ നാഥന്‍ അവരെ തന്റെയടുക്കലേക്ക്‌ പെട്ടെന്നങ്ങോട്ട്‌ തിരിച്ച്‌ വിളിക്കും. ഭൂമിയില്‍ ബാക്കിയാകുന്നവര്‍ക്കത്‌ കടുത്ത മാനസികപ്രയാസം സൃഷ്‌ടിക്കുമെങ്കിലും അവരെസ്സംബന്ധിച്ചേടത്തോളം നാഥന്റെയടുക്കലേക്കുള്ള സന്തോഷകരമായ യാത്രയായിരിക്കുമത്‌; ഏറെ കൊതിച്ചിരുന്ന അനശ്വര സുഖത്തിലേക്കുള്ള സുഗമമായ പ്രയാണം.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന്‌ ഇഹലോകവാസം വെടിഞ്ഞ സഹോദരന്‍ അബ്‌ദുല്‍ മജീദ്‌ വി.എച്ച്‌ (49) ആ ഗണത്തിലുള്‍പ്പെടുന്നയാളാണെന്ന്‌ അദ്ദേഹത്തെ അറിയുന്ന ഏതൊരാളും സമ്മതിക്കും. ഖത്തറിലെ ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും എറണാകുളം ജില്ല മുസ്‌ലിം അസോസിയേഷന്‍ ഖത്തര്‍ (എഡ്‌മാക്‌) പ്രസിഡന്റുമായിരുന്ന അദ്ദേഹത്തെ അതിരാവിലെ ഓഫീസിലേക്ക്‌ പോകുന്ന വഴിയില്‍ ബസിന്റെ രൂപത്തിലെത്തിയ മരണം തട്ടിയെടുക്കുകയായിരുന്നു. മരിക്കുന്നതിന്റെ തലേന്നുവരെ പ്രാസ്‌ഥാനിക മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിച്ചു അദ്ദേഹം. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.എ ഇബ്രാഹിം കുട്ടിയെയും ബഷീര്‍ മുഹ്‌യുദ്ദീനെയും അവരുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ സഹായിച്ച ശേഷം എയര്‍പോര്‍ട്ടില്‍ യാത്രയയച്ച്‌ തിരിച്ചുവന്ന്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, രാത്രി വൈകിയുറങ്ങി, പിറ്റേന്ന്‌ രാവിലെ ജോലിക്ക്‌ പോയ അദ്ദേഹത്തെ ജോലി സ്‌ഥലമായ ഖത്തര്‍ പെട്രോളിയത്തിലേക്കുള്ള വഴിയില്‍ കാത്തിരുന്നത്‌ അല്ലാഹുവിന്റെ അലംഘനീയമായ വിധിയായിരുന്നു. പ്രഭാതഭക്ഷണത്തിന്‌ ഒപ്പം താമസിക്കുന്ന സുഹൃത്ത്‌ ക്ഷണിച്ചിട്ട്‌, അത്‌ സ്‌നേഹപൂര്‍വം നിരസിച്ച്‌ ബേക്കറിയിലേക്കദ്ദേഹം വഴി മുറിച്ച്‌ കടന്നത്‌ അല്ലാഹുവിന്റെ വിളി കേട്ടുകൊണ്ടായിരുന്നുവോ? മുമ്പൊരിക്കല്‍ മരണവക്‌ത്രത്തില്‍ നിന്ന്‌ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടശേഷം തനിക്ക്‌ കിട്ടിയ ജീവിതത്തെ രണ്ടാം ജന്മമായി കണക്കാക്കുകയും അത്‌ പരമാവധി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ത്തന്നെ ചെലവഴിക്കണമെന്ന്‌ തീരുമാനിച്ചുറപ്പിച്ച്‌ അതില്‍ത്തന്നെ നിലകൊള്ളുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത്‌ പറയകാട്‌ വാത്തുശ്ശേരി പരേതനായ ഹൈദ്രോസിന്റെ മകന്‍ അബ്‌ദുല്‍ മജീദ്‌ ഒരു വ്യക്‌തിയായിരുന്നില്ലെന്ന്‌ അദ്ദേഹത്തിന്റെ സ്‌നേഹസാഗരത്തില്‍ നിന്ന്‌ ഒരല്‍പമെങ്കിലും രുചിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആരും സാക്ഷി പറയും. ഒരു സംഘത്തിന്‌ മാത്രം ചെയ്യാന്‍ കഴിയുന്നതാണ്‌ ഒരു പുരുഷായുസ്സ്‌ തികച്ചു ജീവിക്കുന്നതിന്‌ മുമ്പ്‌ അദ്ദേഹം ചെയ്‌ത്‌ തീര്‍ത്തത്‌. പ്രസംഗങ്ങളെക്കാള്‍ വലുത്‌ പ്രവര്‍ത്തനമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അതപ്പടി പ്രാവര്‍ത്തികമാക്കിയ അപൂര്‍വം ചിലരിലൊരാള്‍. ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷനും എഡ്‌മാകും പ്രത്യേകം സംഘടിപ്പിച്ച അനുസ്‌മരണയോഗങ്ങളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച്‌ പറഞ്ഞുവച്ചതതാണ്‌. ജനസേവനത്തിന്‌ ഒരുതരത്തിലുമുള്ള അതിര്‍വരമ്പുകളും നിശ്ചയിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വഴിഞ്ഞൊഴുകിയ ആര്‍ദ്രതയുടെ പച്ചപ്പ്‌ കണ്ട്‌ അവര്‍ മൂക്കത്തുവിരല്‍ വച്ചു. സഹോദരസമുദായാംഗങ്ങളായ സുഹൃത്തുക്കളെ അവരുടെ വിവാഹ വാര്‍ഷികദിനങ്ങള്‍ പോലും കൊല്ലങ്ങളായി കൃത്യമായി ഓര്‍മ്മപ്പെടുത്തുന്ന പശിമയുള്ള ഹൃദയത്തിന്റെ ഉടമ! മാരകരോഗികളും തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നവരും വീടില്ലാത്തവരും നിര്‍ധനരുമായ അനവധി പേരുടെ കണ്ണീരൊപ്പാന്‍ വിശ്രമം പോലും മറന്നുള്ള ഓടിപ്പാച്ചിലുകള്‍! ഏല്‍പിക്കപ്പെട്ട പണി പൂര്‍ത്തിയാക്കാന്‍ പാതിരാത്രി വരെ ഉറക്കമിളക്കുമെങ്കിലും തഹജ്ജുദിനും അതിന്‌ ശേഷം സുബ്‌ഹ്‌ ബാങ്ക്‌ കൊടുക്കാനുമായി പള്ളിയില്‍ കൃത്യമായി ഹാജരാകാനുള്ള ഔല്‍സുക്യം! അതിനേക്കാളൊക്കെ ഏറെ, ജീവിതത്തിന്റെ ഈ വ്യത്യസ്‌ത മുഖഭാവങ്ങളെ ആരുമറിയാതെ ഒളിപ്പിച്ചുവച്ച്‌, ലോകമാന്യത്തില്‍ നിന്നും കാപട്യത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളെയും മനസ്സിനെയും സദാ സംരക്ഷിച്ചു നിര്‍ത്തിയ നിഷ്‌കളങ്കത. ഒരു സാദാ പ്രവര്‍ത്തകനായി ജനക്കൂട്ടത്തിലലിയാന്‍ തീരെ വൈഷമ്യമില്ലാത്ത ഒരാള്‍, ഇതായിരുന്നു ഞങ്ങളുടെ മജീദ്‌ക്ക.
ഇന്ത്യന്‍ ഇസ്‌ലാമിക്‌ അസോസിയേഷന്റെ വളണ്ടിയര്‍ വിഭാഗത്തില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന വര്‍ഷങ്ങളില്‍ അസോസിയേഷന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, നോമ്പുതുറ പോലെ വിശാല ജനപങ്കാളിത്തമുള്ള പരിപാടികളിലും മറ്റും ഏല്‍പിച്ച ദൗത്യം ഭംഗിയാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തു അദ്ദേഹം. താന്‍ നേതൃത്വം ഏറ്റെടുത്ത രണ്ട്‌ വര്‍ഷങ്ങളില്‍ എഡ്‌മാക്കിനെ പുതിയ സേവന-സാംസ്‌കാരിക-വൈഞ്‌ജാനിക മേഖലകളിലേക്ക്‌ കൈപിടിച്ചുനടത്താന്‍ അസാമാന്യമായ നേതൃപാടവവും ഇഛാശക്‌തിയും കാണിച്ചു. ഒരു സന്ദര്‍ഭത്തിലും നേതാവിന്റെ ഹാവഭാവങ്ങളില്ലാതെ അനുയായി വൃന്ദത്തിലെ ഏറ്റവും സാധാരണക്കാരനോടൊപ്പം നിന്നു. നാട്ടില്‍ നിന്നുമെത്തുന്ന സഹായപേക്ഷകളിലേക്കുള്ള ഫണ്ടുപിരിവുകളില്‍ കുറഞ്ഞ ശമ്പളക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ വലിപ്പം കണ്ട്‌ അത്‌ കുറക്കണമെന്നാവശ്യപ്പെട്ടത്‌ അവരോടുള്ള മമതയുടെ നിദര്‍ശനമായിരുന്നു. വീട്ടുജോലിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആരായാലും പുതുതായി ഖത്തറില്‍ ജോലിക്കെത്തുന്ന എറണാകുളം ജില്ലക്കാരെ സംഘടനയുമായി അടുപ്പിക്കാനും വ്യത്യസ്‌ത ഫണ്ടുകളിലൂടെ നാട്ടില്‍ നിസ്സഹായരായ ധാരാളം പേര്‍ക്ക്‌ സഹായമെത്തിക്കാനും ഒരുപാട്‌ സേവനപരിശ്രമങ്ങളര്‍പ്പിച്ചു. നാട്ടില്‍ ലീവില്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി സഹായത്തിന്‌ അര്‍ഹരായവര്‍ക്ക്‌ അത്‌ നേരിട്ടെത്തിച്ചുകൊടുത്തു. ഖത്തറിലും നാട്ടിലുമൊക്കെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ആ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുമായും സൗഹൃദം സ്‌ഥാപിക്കാനും അവരുമായി ഇഴുകിച്ചേരാനുമുള്ള പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്‌. അങ്ങനെ ഓര്‍ത്തെടുക്കാന്‍ എത്രയെത്ര മനുഷ്യപ്പറ്റുള്ള സംഭവങ്ങള്‍! നിലപാടുകള്‍! എല്ലാം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവ.
അല്ലാഹു അബ്‌ദുല്‍ മജീദ്‌ സാഹിബിന്റെ പാപങ്ങള്‍ പൊറുക്കുകയും അദ്ദേഹത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും സന്തപ്‌ത കുടുംബാംഗങ്ങള്‍ക്ക്‌ ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുമാറാകട്ടെ, ആമീന്‍.
tajaluva@gmail.com

Sunday, 20 February 2011

'ഹുവ യംശീ, മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)

Published in Madhyamam daily on Sat, 02/19/2011 (link: http://www.madhyamam.com/news/49484/110219)

താജ് ആലുവ

മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്‌നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചണിനിരന്ന ആ സമൂഹം പ്രകടിപ്പിച്ചത്. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 18 ദിവസങ്ങളില്‍ തങ്ങളെ കട്ടുമുടിച്ച സ്വേച്ഛാധിപതിയോടുള്ള പ്രതിഷേധാഗ്‌നി മാത്രമല്ല, ഈജിപ്ഷ്യന്‍ സമൂഹം ലോകത്തിന് കാണിച്ചു കൊടുത്തത്, രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ എത്രമാത്രം പക്വത ആര്‍ജിച്ചിട്ടുണ്ടെന്നതിന്റെ നേര്‍ചിത്രം കൂടിയായിരുന്നു.
അറബ് ലോകത്തിന്റെ ചരിത്രഗതി മാറ്റിയ ഈ സംഭവത്തെ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ടില്‍ വരവുവെക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശരിയാണ്, ഔദ്യോഗികമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്ത ടോണുകളില്‍ മുബാറക് സ്തുതി ഗീതം പാടിക്കൊണ്ടിരുന്നപ്പോള്‍, സംഘടിക്കാനുള്ള മാധ്യമമായി ഈജിപ്ഷ്യന്‍ ജനത ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. അല്‍ജസീറയുടെ നിരന്തരസാന്നിധ്യം വിപ്ലവദിനങ്ങളില്‍ അവരുടെ തുണക്കെത്തുകയും ചെയ്തു. പക്ഷേ, ഈ മാധ്യമങ്ങളെക്കാള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ആ ജനതക്ക് പ്രചോദനമായത് നിരന്തരമായ അടിച്ചമര്‍ത്തലുകളില്‍ മുറിവേറ്റ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പെട്ടെന്നുല്‍ഭൂതമായ ആത്മാഭിമാനബോധമാണ്. ഒരു ജനതയും സ്വയം മാറാന്‍ തയാറായില്ലെങ്കില്‍ ദൈവം പോലും അവരെ മാറ്റാന്‍ മെനക്കെടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉടലെടുത്തത്. വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയപ്പോള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്നവര്‍ അവര്‍ക്ക് കൂട്ടായി വന്നു. സെപ്റ്റംബറിലേക്ക് അവധി നീട്ടിയെടുത്ത് മാന്യമായ ഒരു പുറത്തുപോക്കിന് അവസരം നല്‍കണമെന്ന് അവസാനനിമിഷം വരെ കെഞ്ചിയെങ്കിലും അതുവരെ കാണിക്കാത്ത ഇച്ഛാശക്തിയോടെ ആ ജനത ഒന്നടങ്കം 'നോ' പറഞ്ഞപ്പോള്‍ സ്വേച്ഛാധിപതിക്ക് പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.
സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എന്നും ജനതയെ കാല്‍ച്ചുവട്ടിലാക്കാനുപയോഗിക്കുന്നത് പേടിയെയാണ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും പാവം ജനതയെ പേടിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കും. ഈജിപ്തും അപവാദമായിരുന്നില്ല. എന്നാല്‍, ആ പേടി കുടഞ്ഞുകളഞ്ഞ് സ്വന്തം വിധി നിര്‍ണയിക്കാന്‍ ധൈര്യസമേതം അവര്‍ മുന്നോട്ടുവന്നതാണ് വിപ്ലവം വിജയിക്കാനുള്ള പ്രധാന കാരണം. സൈബര്‍ലോകത്തെ സൂപ്പര്‍ഹൈവേകളില്‍ കൃത്രിമമായ ഐഡന്റിറ്റികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന പലരും തഹ്‌രീര്‍ സ്‌ക്വയറിന്റെ വിശാലവീഥിയിലേക്ക് മുഖമുയര്‍ത്തി കടന്നുവന്നതാണ് മാറ്റത്തിന് നാന്ദിയായത്. ഇറാഖില്‍ ഭരണമാറ്റത്തിന് അമേരിക്കക്ക് ലക്ഷക്കണക്കിന് ഇറാഖികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കുരുതി കൊടുക്കേണ്ടി വന്നെങ്കില്‍, ഈജിപ്തിലെ വിപ്ലവത്തിന് സമര്‍പ്പിക്കേണ്ടി വന്നത് 300 രക്തസാക്ഷികളെയാണ്. അതും ഹുസ്‌നി മുബാറക്കും കങ്കാണിമാരും ഇളക്കിവിട്ട കൂലിപ്പട്ടാളത്തിന്റെ വക ശക്തിപ്രകടനങ്ങളില്‍. അത്തരം വേലത്തരങ്ങളൊന്നും പക്ഷേ, ജനരോഷത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ ചെലവാകില്ലെന്ന് ശക്തിയുക്തം തെളിയിക്കാനായതാണ് ഈജിപ്ത് വിപ്ലവത്തിന്റെ ശക്തി. അമേരിക്കയിലെ എ.ബി.സി ചാനല്‍ ലേഖികയോട് തഹ്‌രീര്‍ സ്‌ക്വയര്‍ പ്രകടനത്തില്‍ അണിചേരാന്‍ വന്ന ഒരു മധ്യവയസ്‌കന്‍ തന്റെ സഞ്ചിയിലിരുന്ന വില്‍പത്രം ഉയര്‍ത്തിക്കാണിച്ച് പറഞ്ഞു: 'ഞാന്‍ മരിക്കാന്‍ തയാറായാണ് വന്നത്. എന്റെ മരണം ഈജിപ്തിന്റെ സ്വാതന്ത്ര്യത്തിന് മുതല്‍ക്കൂട്ടാകുമെങ്കില്‍ സസന്തോഷം അത് സ്വീകരിക്കുന്നു'വെന്ന് പറഞ്ഞ ധീരതയും ആത്മാഭിമാനവുമാണ് വിപ്ലവം വിജയിപ്പിച്ചത്.
'അരാഷ്ട്രീയക്കാരായ ഫേസ്ബുക് തലമുറയാണ് നിങ്ങളെ'ന്ന മുതിര്‍ന്നവരുടെ പരിഹാസത്തിന് ഈജിപ്ഷ്യന്‍ യുവത അവരുടെ സ്‌ഫോടനാത്മകമായ ക്രിയാമ്തകത കൊണ്ട് സുന്ദരമായ മറുപടി പറഞ്ഞുവെന്നാണ് ഒരു യുവ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ പ്രതികരിച്ചത്. അവര്‍ക്ക് പിന്തുണയുമായി അല്‍ ജസീറയും ഒപ്പം വന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പതിവുപോലെ മുസ്‌ലിം ബ്രദര്‍ ഹുഡ് അധികാരത്തില്‍ വന്നാലുണ്ടായേക്കാവുന്ന 'ഇസ്‌ലാമിക ഭരണ'ത്തിന്റെ പൊല്ലാപ്പുകളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അല്‍ ജസീറ ഈജിപ്ഷ്യന്‍ജനതയുടെ യഥാര്‍ഥ ശബ്ദത്തെ കലര്‍പ്പില്ലാതെ പുറത്ത് കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ആറ് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ഉപകരണങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ അല്‍ജസീറക്ക് ഈജിപ്തിലെ എട്ട് കോടി ജനങ്ങള്‍ ലേഖകരായുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങള്‍ വിളിച്ചുപറഞ്ഞു. അല്‍ ജസീറയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. ഇനി മുതല്‍ അറബ് ലോകത്തും മധ്യപൂര്‍വ ദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ഘോഷിക്കാന്‍ ബി.ബി.സിയോ സി.എന്‍.എന്നോ മാധ്യമ സാമ്രാജ്യാധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െ ചാനലുകളോ കടന്നുവരേണ്ടതില്ലെന്നും അതിന് തങ്ങള്‍ തന്നെ മതിയെന്നുമുള്ള പുതിയ മാധ്യമ പാഠവും അല്‍ ജസീറ നല്‍കി. അയ്മന്‍ മുഹ്‌യുദ്ദീനെയും റാവിയ റാജിഹിനെയും പോലെ നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും വിശകലന പാടവവുമുള്ള ഈജിപ്ഷ്യന്‍ യുവാക്കളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കിയാണ് ആ രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വന്തം സന്തതികളുടെ പങ്കാളിത്തം മാധ്യമ മേഖലയിലും ചാനല്‍ ഉറപ്പാക്കിയത്. വിപ്ലവാവേശം നിലനിര്‍ത്തുന്നതിന് മൊബൈല്‍ഫോണുകളും നല്ലൊരു പങ്ക് വഹിച്ചു. അല്‍ ജസീറയുടെ കീഴിലുള്ള 'യൂമീഡിയ' പോലെയുള്ള സൈറ്റുകള്‍ സിറ്റിസണ്‍ ജേണലിസത്തിനുള്ള അപാരസാധ്യതകളും കാണിച്ചുതന്നു. വിപ്ലവത്തിനിടയില്‍ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ ചെയ്ത അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രകടനക്കാര്‍ മൊബൈല്‍ഫോണുകളില്‍ ഷൂട്ട് ചെയ്ത ധാരാളം വീഡിയോകള്‍ സഹായിച്ചു. അവയൊക്കെ ഈ സൈറ്റിലൂടെ വെളിച്ചം കണ്ടു. ഒപ്പം പ്രകടനക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഗാനരൂപത്തിലവതരിച്ച പല മുദ്രാവാക്യങ്ങളും തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് സൈബര്‍സ്‌പേസിലേക്ക് കുടിയേറി. അവയിലേറ്റവും ജനപ്രീതിയാര്‍ജിച്ചതാണ് മുബാറക്കിനോട് അധികാരം വിടാനാവശ്യപ്പെട്ടുകൊണ്ടുള്ള 'ഹുവ യംശീ മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല) എന്ന ഗാനശകലം. കൈറോക്കപ്പുറം അലക്‌സാന്‍ഡ്രിയയിലും സൂയസിലും ഇസ്മാഈലിയ്യയിലുമൊക്കെ ഇച്ഛാശക്തി വിതറിയ ആ വീഡിയോ ക്ലിപ് ഇപ്പോഴും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ അത്യധികം പോപുലറാണ്.
അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ സഖ്യകക്ഷികളുടെയും ഉള്ളിലിരിപ്പ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നതാണ് സംഭവങ്ങളുടെ മറുവശം. ജനമുന്നേറ്റത്തിന്റെ ആദ്യനാളുകളില്‍ മുബാറക്ഗവണ്‍മെന്റ് സുസ്ഥിരമാണെന്ന് പറഞ്ഞ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മൂന്നാം ദിവസം അത് വിഴുങ്ങേണ്ടി വന്നു. പിന്നെ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന നിലപാടിലേക്ക് മാറി. ജനങ്ങളെ ഉപദ്രവിക്കരുതെന്നും (എന്തൊരു കനിവ്!) നിലവിലെ ടേം കഴിഞ്ഞാല്‍ മുബാറക്ക് ഒഴിഞ്ഞുകൊടുക്കണമെന്നുമായി അടുത്ത നിലപാട്. ക്രമാനുഗതമായ ഭരണമാറ്റം സാധ്യമാക്കണമെന്നും ആദ്യപടിയായി വൈസ് പ്രസിഡന്റിലേക്ക് മുഖ്യഅധികാരങ്ങള്‍ കൈമാറണമെന്നുമായി ശേഷമുള്ള നിലപാട്. അവസാനം വരെയും ഈജിപ്ഷ്യന്‍ താല്‍പര്യങ്ങള്‍ക്കെതിര് നിന്നു അമേരിക്ക. തുനീഷ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍, യമനിലും അല്‍ജീരിയയിലും ജോര്‍ഡനിലും ലിബിയയിലുമൊക്കെ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിന് വേണ്ടി വായ തുറക്കാത്ത ഒബാമക്ക് ഇറാന്‍ ജനതയുടെ കാര്യത്തില്‍ വലിയ വ്യസനമുണ്ട്. അവിടെ ഭരണകൂടം ഇപ്പോള്‍ത്തന്നെ ജനഹിതത്തിന് വഴിമാറണമത്രെ!
ഈ ഇരട്ടത്താപ്പ് പുനഃപരിശോധിക്കണമെന്നും ഈജിപ്തില്‍ നിന്നുള്ള പാഠങ്ങള്‍ കൃത്യമായി പഠിക്കണമെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' കോളമിസ്റ്റ് നിക്കോളസ് ക്രിസ്‌റ്റോഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. 'ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച വികല കാഴ്ചപ്പാടുകള്‍ അമേരിക്കയുടെ വിദേശനയത്തിന്റെ മൂലശിലയാകുന്നത് അവസാനിക്കണ'മെന്നാണ്. അങ്ങനെയായില്ലെങ്കില്‍ നമ്മുടെ ശത്രുവെന്ന് പേരിട്ട് വിളിക്കുന്ന മതമൗലികവാദത്തേക്കാള്‍ നാശം വിദേശനയം തന്നെയായിരിക്കുമെന്നും ക്രിസ്‌റ്റോഫ് പറയുന്നു. വിചാരിച്ചത്ര മോശമല്ല ഇസ്‌ലാമെന്ന് ചുരുക്കം. അല്‍ ഖാഇദയെപോലുള്ളവര്‍ തോല്‍ക്കുകയും അഹിംസയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ നവ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ മേഖലയില്‍ പിറവിയെടുക്കുകയും ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാന്‍ ഫലസ്തീനികളും ഇത്തരം അഹിംസാ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അറബ്‌ലോകം ജനാധിപത്യത്തിന് പാകമായിരുന്നില്ലെന്ന പൊള്ളയായ വാദത്തെ കേവലം 18 ദിവസം കൊണ്ട് തൂത്തെറിഞ്ഞു ഈജിപ്ത്. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന് അടിതെറ്റിയതുപോലെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലും ഏകാധിപത്യത്തിനും അടിതെറ്റി. തുനീഷ്യയും ഈജിപ്തും ഒരു തുടക്കം മാത്രമാണെന്ന് എല്ലാ നിരീക്ഷകരും പറയുന്നു. പൂര്‍ണാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും ആസ്വദിക്കാന്‍ ഈ പ്രദേശത്തെ ജനത്തിന് കഴിയുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, ഒന്നുറപ്പ്. ജനഹിതവും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും പരിഗണിച്ചുകൊണ്ടല്ലാതെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 2011 ജനുവരി 25 (അന്നാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ആദ്യമായി ജനങ്ങള്‍ തടിച്ചുകൂടിയത്) എന്ന തീയതി ഇനി കാലത്തിന്റെ കലണ്ടറില്‍നിന്നു മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല.
tajaluva@gmail.com


Published in Madhyamam daily on Sat, 02/19/2011 (link: http://www.madhyamam.com/news/49484/110219)
----------------------------------------------------------------------------


നിങ്ങളുടെ അഭിപ്രായങ്ങള്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.


Showing 10 of 12 comments

ഇനിയും അറബ ലോകത്ത് ''തഹ് രീര്‍ സ്കയര്‍'' ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ---താജ് നന്നായിട്ടുണ്ട് വിശകലനം ....
Flag Like Jawhar71 15 hours ago

GUD!!!!!!!!!!!!!!!!!!!!!!

Flag Like Edathil 16 hours ago

Mr. taj, If democracy is such a good thing, think about India, where it has reached. What is the difference between democratice country and monarchies, if the rulers don't care about the people. In this matter, Saudi Arabia is far better than India and its false democracy.
Flag Like Sasikunnathur 18 hours ago

Is everything fine ?No to some like me. If the so called revolution come to us what will happen to us ?Are we going to get a more equatable society or are we going to end our problems ?It will continue for ever ! Finally we may have to ask ourselves what for we did change some fool.This is something going on around world in the name of democracy including in US. So do not be over enthusiastic over a word freedom or democracy. All that glitters is not gold.
Flag 1 person liked this. Like Ameen 18 hours ago

well done.........congradulation
Flag 2 people liked this. Like aneeska 19 hours ago

ഡിയര്‍ താജ്, താങ്കളുടെ ലേഖനം വളരെ നന്നായി. ഇനിയും ഇനിയും മുന്നോട് പോകട്ടെ! ആശംസകള്‍!
Flag 3 people liked this. Like SANA, ABU DHABI 23 hours ago

THERE WAS LOT OF MARRIAGE INSTANTLY IN TAHRIRI SQUARE DURING THE REVOLT , THE WORLD WATHCHED SUCHA GATHERING FOR REVOLT NEVER BEFORE IN THE HUMAN HISTORY, THE BASIC ELEMENT FOR THIS IS THE DEMOCRATIC ISLAM,,
LOMG LIVE EGYPTIANS DOWN DOWN THE ARABB MONARCIES
Flag hafeezkv and 2 more liked this Like Harryehb 23 hours ago

good work...
Flag 1 person liked this. Like mohammad 1 day ago

വിലയിരുതതല് അവസരൊചിതം
Flag 1 person liked this. Like majnu 1 day ago

taj valare nannayittundu. keep it up. nalla avatharana reethi thudarnnum ezhuthuka
Flag Like

Sunday, 9 January 2011

സുഡാനെ വെട്ടിമുറിക്കുമ്പോള്‍

Published in Madhyamam Newspaper on Sunday, January 9, 2011 (http://www.madhyamam.com/news/33923/110109)

താജ് ആലുവ


ഇന്ന്, ജനുവരി ഒമ്പതിന്, തെക്കന്‍ സുഡാനിലെ ജനങ്ങള്‍ ചരിത്രത്തിലേക്ക് ബാലറ്റ് തൊടുക്കുകയാണ്. മധ്യാഫ്രിക്കയില്‍ മഹത്തായ വൈവിധ്യങ്ങളുടെ നാടായ സുഡാനെ തെക്കും വടക്കുമായി മുറിക്കണോ എന്ന് 39 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്ന് മറുപടി പറയും. മൊത്തം 80 ലക്ഷം ജനങ്ങളുള്ള ദക്ഷിണ സുഡാന്‍ മൂന്നരക്കോടിയോളം ജനങ്ങളുള്ള മാതൃരാജ്യത്തില്‍ നിന്ന് വേര്‍പിരിയണമെന്ന് വാദമുള്ളവര്‍ ഹിതപരിശോധനയില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നുതന്നെയാണ് മാധ്യമങ്ങളടക്കം ഉറപ്പ് പറയുന്നത്. ഒരാഴ്ചയോളം സമയം വേണ്ടിവരുന്ന ഹിതപരിശോധന സമാധാനപരമാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ആശങ്ക കലര്‍ന്ന ജാഗ്രതയാണ് പൊതുവെയുള്ളതെന്ന് പറയാം.
ഏകദേശം 20 ലക്ഷം മനുഷ്യരുടെ അന്ത്യത്തിന് കാരണമായ, 22 വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം 2005ല്‍ ഒപ്പിട്ട സമാധാന സന്ധിയുടെ ഭാഗമായി നടക്കുന്ന ഈ റഫറണ്ടം എല്ലാ അര്‍ഥത്തിലും സമാധാനപൂര്‍ണമായ ഒരു പുതിയ സ്വതന്ത്ര രാജ്യത്തിന് വഴി തെളിയിക്കുമെന്ന് തെക്കുള്ളവര്‍ വിശ്വസിക്കുമ്പോള്‍ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും ഭിന്നത തെരഞ്ഞെടുക്കുന്നവര്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് വടക്കുള്ളവരുടെ നിലപാട്. എന്നാല്‍, ഈയിടെ ദക്ഷിണ സുഡാന്‍ സന്ദര്‍ശിച്ച സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസനുല്‍ ബശീര്‍ പറഞ്ഞത് വേറിട്ടുപോകാനാണ് ദക്ഷിണ സ്‌റ്റേറ്റുകാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നാണ്.
ദശകങ്ങളോളം പട്ടിണിയും ക്ഷാമവുമായി കഴിഞ്ഞിരുന്ന സുഡാനില്‍ 1970ല്‍ എണ്ണ കണ്ടുപിടിച്ചിരുന്നെങ്കിലും അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്തു തുടങ്ങുന്നതും 2000 ആദ്യത്തില്‍ മാത്രമാണ്. തെക്കന്‍ സുഡാനിലെ അബിയെയിലാണ് എണ്ണയുടെ പ്രഭവസ്ഥാനമെന്നത് പണ്ടേ സംഘര്‍ഷത്തിലായിരുന്ന ഇരുവിഭാഗങ്ങളെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര എണ്ണക്കമ്പനികളും ഇതില്‍ കാര്യമായ പങ്ക് വഹിച്ചു.
400ഓളം ഭാഷ സംസാരിക്കുന്ന ഏതാണ്ട് 600ഓളം ഗോത്രങ്ങള്‍, അറബി സംസാരിക്കുന്ന മുസ്‌ലിംകളും നുബിയന്‍ വര്‍ഗക്കാരും, ചെങ്കടല്‍ തീരത്ത് നിന്നു വന്ന ബെജാ വംശക്കാര്‍, ദാര്‍ഫുറിലെ ബഗര്‍റാ നാടോടികള്‍, വിശേഷിപ്പിക്കാന്‍ കഴിയാത്ത വൈവിധ്യങ്ങളുള്ള നാട്ടില്‍ ആരാണ് അസമാധാനത്തിന്റെ വിത്തുകള്‍ വിതച്ചത്?ചരിത്രകാരന്മാരെ വിശ്വസിക്കാമെങ്കില്‍, പഴയ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനാണ് 1922ല്‍ മുസ്‌ലിം-ക്രിസ്ത്യന്‍ മതില്‍ക്കെട്ട് സൃഷ്ടിച്ചത്. തെക്കും വടക്കും തമ്മില്‍ ബന്ധപ്പെട്ടുകൂടെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. ഇരുസംസ്‌കാരങ്ങളെയും പരസ്‌പരം അടുപ്പിക്കുന്നതിനും അന്യോന്യം ഹൃദയം തുറന്ന് ആശയവിനിമയം നടത്തുന്നതിനും അവസരം കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ആഫ്രിക്കയിലെന്നല്ല, ലോകത്തിനുതന്നെ സുഡാന്‍ ഒരു മികച്ച മാതൃകയാകുമായിരുന്നു.
എന്നാല്‍, കുറ്റം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ മുതുകില്‍വെച്ച് കൈകഴുകാന്‍ കഴിഞ്ഞ 55 വര്‍ഷമായി സുഡാന്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും കഴിയില്ല. തെക്കന്‍ പ്രദേശത്തുകാരെ വിശ്വാസത്തിലെടുക്കാനും വികസനത്തിന്റെ സമതുലിത കാഴ്ചപ്പാട് പുലര്‍ത്താനും സാമൂഹിക നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വടക്കന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരവസ്ഥയുണ്ടാകാതെ കാക്കാമായിരുന്നു. ഫ്രാന്‍സിന്റെ അത്ര വിസ്തൃതിയുള്ള തെക്കന്‍ സുഡാനില്‍ 50 കിലോമീറ്റര്‍ മാത്രമേ ടാറിട്ട റോഡുള്ളൂ. സ്ത്രീസാക്ഷരത വെറും ഒറ്റ അക്കം. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ അപൂര്‍വം-ഇതൊക്കെ നീതിനിഷേധത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്, നവസാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍. ഇന്തോനേഷ്യക്കു ശേഷം പടിഞ്ഞാറ് ഇത്ര കൊണ്ടുപിടിച്ച മറ്റൊരു വിഭജനമുണ്ടാകില്ല. രാഷ്ട്രീയനേതൃത്വത്തിനുപുറമെ മുഴുവന്‍ അമേരിക്കന്‍ മാധ്യമങ്ങളും ധാരാളം നയതന്ത്രജ്ഞരും ക്രൈസ്തവ ഇവാഞ്ചലിസ്റ്റ് സംഘങ്ങളും 'സന്നദ്ധ സേവന' സംഘടനകളുമൊക്കെ ഒത്തുചേര്‍ന്നിരിക്കുന്നു.
സുഡാനിലും സാമ്രാജ്യത്യ കണ്ണ് തെക്കന്‍ പ്രദേശങ്ങളിലെ എണ്ണയിലാണ്. രാജ്യത്തെ മൊത്തം എണ്ണശേഖരം 6.7 ബില്യന്‍ ബാരലാണ്. ഇതിന്റെ 80 ശതമാനവും തെക്കന്‍ സുഡാനിലെ അബിയെ പ്രവിശ്യയിലാണ്. എന്നാല്‍, വെറും വിഭജനം കൊണ്ടുമാത്രം എണ്ണയുടെ പൂര്‍ണ ആധിപത്യം പാശ്ചാത്യശക്തികള്‍ക്ക് കൈവന്നുകൊള്ളണമെന്നില്ല. പൈപ്പ്‌ലൈനുകളും റിഫൈനറികളും വടക്കന്‍ സുഡാനിലാണ്. മാത്രവുമല്ല, അബിയെ പൂര്‍ണമായും തെക്കന്‍ സുഡാനോടൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. രണ്ടു പ്രധാനഗോത്രങ്ങളായ ഡിങ്ക നഗോക്ക്, മിസരിയ്യ എന്നിവയില്‍ ആദ്യഗോത്രത്തിനു മാത്രമാണ് അബിയെയെ തെക്കന്‍ സുഡാനോട് ചേരാന്‍ താല്‍പര്യം. മിസരിയ്യ വടക്കിനോട് ഒട്ടി നില്‍ക്കുമ്പോള്‍ത്തന്നെ അബിയെയില്‍ ഇപ്പോഴുള്ള അതേ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടണമെന്ന് വാശിപിടിക്കുന്നു. രാജ്യത്തെ മൊത്തം 105 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ ഭൂരിഭാഗവും തെക്കാണ്. നൈല്‍ നദിയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്ന 149 ബില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളത്തിലധികവും തെക്കന്‍ സുഡാനിലാണ് ലഭിക്കുന്നത്. അങ്ങനെ വെള്ളവും എണ്ണയും ചേര്‍ന്നൊരുക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ക്കുചുറ്റുമാണ് വിഭജനം. റഫറണ്ടം എത്ര സമാധാനപരമായി നടന്നാലും ശേഷമുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല.
ഇതിനിടയിലാണ് പ്രസിഡന്റ് ബശീറിന്റെ പഴയ ഗുരുവും ഇപ്പോള്‍ കഠിന വിമര്‍ശകനുമായ ഡോ. ഹസന്‍ തുറാബിയുടെ പ്രതിപക്ഷ നീക്കങ്ങള്‍. സമാധാനപരമായ വഴികളിലൂടെ തങ്ങള്‍ ഉമറുല്‍ ബശീറിനെ മറിച്ചിടുമെന്നാണ് തുറാബി പറയുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന സംഭാഷണങ്ങളില്‍ ഇനി വിശ്വാസമില്ലെന്നും ഹിതപരിശോധന കഴിയുന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നുമാണ് തുറാബിയുടെ പോപ്പുലര്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സാദിഖുല്‍ മഹ്ദിയുടെ ഉമ്മ പാര്‍ട്ടിയും കണക്കുകൂട്ടുന്നത്. അക്രമരഹിതമായിരിക്കും പ്രതിപക്ഷ നീക്കങ്ങളെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെങ്കിലും ജനങ്ങളെ തെരുവിലിറക്കുന്നതിനെതിരെ സുഡാന്‍ ഗവണ്‍മെന്റും ബശീര്‍ തന്നെയും പ്രതിപക്ഷത്തെ താക്കീത് ചെയ്ത് കഴിഞ്ഞു. മറുവശത്ത്, തലസ്ഥാനമായ ഖര്‍ത്തൂമില്‍ മാത്രം ഒതുങ്ങുന്നതല്ല ജനങ്ങളുടെ പ്രതിഷേധമെന്നും അത് മുഴുവന്‍ സുഡാനും വ്യാപിക്കുന്നതായിരിക്കുമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബശീര്‍, തുറാബിയെ ജയിലിലടച്ചിരുന്നു. ഗവണ്‍മെന്റിനെ മറിച്ചിടുക ക്ഷിപ്രസാധ്യമല്ലെന്ന് തുറാബിയടക്കമുള്ളവര്‍ക്ക് അറിയാം. പ്രതിപക്ഷത്തിന് കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കാനെങ്കിലും ഈ നീക്കം കാരണമായേക്കുമെന്ന പ്രതീക്ഷയേ പരമാവധി അവര്‍ പുലര്‍ത്തുന്നുള്ളൂ. തെക്കന്‍ സുഡാന്‍ വേര്‍പെട്ടുപോകുന്നത് ഹൃദയഭേദകമാണെങ്കിലും അതൊരു യാഥാര്‍ഥ്യമായി തുറാബി സ്വീകരിക്കുന്നു. ബശീറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഈ പതനത്തിലെത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹിതപരിശോധനക്ക് ശേഷം തെക്കും വടക്കും തമ്മില്‍ ഒരു യുദ്ധത്തിന് സാധ്യത കാണുന്നില്ലെങ്കിലും ദാര്‍ഫുറും കിഴക്കുഭാഗത്തുള്ള ചില്ലറ ആഭ്യന്തരപ്രശ്‌നങ്ങളുമൊക്കെ ഗവണ്‍മെന്റിന് ഇനിയും തലവേദന സൃഷ്ടിക്കുമെന്ന അഭിപ്രായക്കാരനാണ് തുറാബി.
സുഡാന്‍ വിഭജനം ആഫ്രിക്കക്ക് വന്‍പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക. സുഡാന്റെ ഗതി ആഫ്രിക്കയുടെ ഭൂമിശാസ്ത്ര, രാഷ്ട്രീയ ഘടനയെ അപകടത്തിലാക്കുമെന്ന സംശയം പല നേതാക്കളും പ്രകടിപ്പിച്ചുതുടങ്ങി. അറബ് രാഷ്ട്രങ്ങളെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ഈ വിഭജനത്തോടെ ഇസ്രായേലിന് ചെങ്കടലില്‍ ലഭിച്ചേക്കാവുന്ന ആധിപത്യത്തെക്കുറിച്ച് ഈയിടെ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് ബദീഅ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രങ്ങളുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അറബ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്. പ്രമുഖ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും വെള്ളിയാഴ്ച പ്രഭാഷണത്തില്‍ വിഭജനത്തിന് കൂട്ടുനില്‍ക്കരുതെന്ന് മുസ്‌ലിംകളെ ആഹ്വാനം ചെയ്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...