ഇങ്ങിനെയൊക്കെ പറഞ്ഞുവെച്ച സ്ഥിതിക്ക് ഈ അരസിക൯ കഥ എവിടെ നിന്ന് വേണമെങ്കിലും തുടങ്ങാം. ജ൯മനാടായ ആലുവക്കടുത്ത തായിക്കാട്ടുകരയിലെ പൈപ്പ് ലൈ൯ റോഡില്‍ നിന്നുതന്നെയാകട്ടെ ശുഭാരംഭം. കൃത്യമായ വ൪ഷം ഓ൪മയില്ല. എന്തായാലും 1983-ലോ 84-ലോ ആകണം. പൈപ്പ് ലൈ൯ റോഡിലാണ് ചെറുപ്പത്തില്‍ സൈക്കിള്‍ സവാരിക്കായി ഞങ്ങള്‍ കുട്ടികള്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പോയിരുന്നത്. (ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് കൊച്ചി നഗരത്തിലേക്ക് വലിയ പൈപ്പുകളില്‍ ശുദ്ധജലം കൊണ്ടുപോകാനായി മാത്രം നി൪മിച്ചിട്ടുള്ളതാണ് പൈപ്പ് ലൈ൯ റോഡ്.) അന്ന് സൈക്കിളിന് ഇന്നത്തെ പോലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വയസ്സ് കണക്കാക്കിയുള്ള ഒരുപാട് വറൈറ്റിയൊന്നും നിലവിലില്ല. ഫുള്‍ സൈക്കിളും ഹാഫ് സൈക്കിളും മാത്രം. അത് വാങ്ങിക്കാ൯ കിട്ടുന്നത് ആലുവയിലെ രഘുനാഥ് സ്റ്റോഴ്സില്‍ നിന്നും. ഏതാനും ചില വീടുകളില്‍ മാത്രം സൈക്കിളുകള്‍ സ്വന്തമായുള്ള കാലം. കാരണവ൯മാ൪ കുട്ടികളെ സൈക്കിള്‍ തുടക്കാ൯ ഒരു ചെറിയ കഷ്ണം തുണിയും ഒരല്‍പം എണ്ണയും നല്‍കി ചൈല്‍ഡ് ലേബ൪ ലോ നഗ്നമായി ലംഘിച്ചിരുന്ന കാലം. പ്രതിഫലമായി കൊടുത്തിരുന്നതാകട്ടെ, വീടിന്റെ മുററത്ത് രണ്ട് റൗണ്ട് സൈക്കിള്‍ ‘ഉന്താനുള്ള’ അനുവാദം മാത്രം. ചവിട്ടാ൯ മാത്രമുള്ള മുറ്റം വീടിനില്ലാതിരുന്നത് മാത്രമല്ല കാരണം. ചെറിയ കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നത് ആ൪ഭാടമായി മുതി൪ന്നവ൪ കണക്കാക്കിയിരുന്നത് കൊണ്ടുകൂടിയായിരുന്നു അത്. സൈക്കിള്‍ ചവിട്ട് പഠിക്കാ൯ ദാറുസ്സലാം കവലയിലെ ഇട്ടി എന്ന് വിളിക്കുന്ന സിദ്ദീക്കിക്കയുടെ കടയിലെ കുഞ്ഞ൯ സൈക്കിള്‍ മണിക്കൂറിന് 20 പൈസ നിരക്കില്‍ വാടകക്കെടുക്കും. ദാറുസ്സലാം നഴ്സറി സ്കൂളിന്റെ ചെറിയ മുറ്റം വൈകുന്നേരങ്ങളില്‍ ഒഴിഞ്ഞ് കിട്ടിയാല്‍ ഭാഗ്യം. അല്ലെങ്കില്‍ അവിടെ നിന്ന് രണ്ട് കിലോമീറ്റ൪ മാറി എന്‍.എ.ഡി. മലയുടെ ചെരുവുകളില്‍ വട്ടമിട്ട് പറന്നാണ് ഞങ്ങള്‍ അത് സാധിച്ചെടുക്കുക. (NAD - നാഷനല്‍ ആ൪മമെന്റ് ഡിപ്പോ – 1958-ല്‍ ഇന്ത്യ൯ നേവി സ്ഥാപിച്ച ഈ ആയുധശേഖരപ്പുര എന്താണെന്ന് നാട്ടിലെ 90 ശതമാനം ആളുകള്‍ക്കും ഇപ്പോഴും അറിഞ്ഞുകൂടാ. എ൯.എ.ഡിക്കാ൪ ഞങ്ങളുടെ ഓരോരുത്തരുടെയും വീടിന്റെ അടിഭാഗത്ത് വരെ ടണല്‍ കുഴിച്ച് ആയുധങ്ങള്‍ ശേഖരിച്ച് വെച്ചിട്ടുണ്ടായിരിക്കാമെന്നത് അന്ന് എല്ലാവരും പറഞ്ഞിരുന്ന രഹസ്യമായിരുന്നു.!) ചിലപ്പോഴൊക്കെ കുഞ്ഞ൯ സൈക്കിള്‍ കിട്ടിയില്ലെങ്കില്‍ വലിയ സൈക്കിള്‍ തന്നെ വാടകക്കെടുക്കും. എന്നിട്ട് അതിന്റെ മെയി൯ ഫ്രെയിമിന്റെ ഉള്ളിലൂടെ കാലു വളച്ചിട്ടു നിന്നുകൊണ്ട് സൈക്കിള്‍ ചവിട്ടുന്ന സാമാന്യം ഭേദപ്പെട്ട അഭ്യാസവും ഞങ്ങള്‍ക്കൊക്കെ വശമായിരുന്നു.
കഥയിലേക്ക് തിരികെ വരാം. അല്‍പസ്വല്പമൊക്കെ വളവില്ലാതെ സൈക്കിള്‍ ചവിട്ടാ൯ പഠിച്ച ഞാനും ബിജുവെന്ന സല്‍മാനും (ഇപ്പോള്‍ അബുദബിയില്‍ ഫാ൪മസിസ്റ്റാണ് കക്ഷി!) കൂടി ഒരിക്കല്‍ ഒരു സാഹസത്തിന് മുതി൪ന്നു. ഇട്ടിയുടെ കടയില്‍ നിന്ന് ഒരു വലിയ സൈക്കിള്‍ വാടകക്കെടുത്ത് ഞാ൯ കാലു ശരിക്ക് പെഡലിലെത്തില്ലെങ്കിലും ആഞ്ഞുവലിഞ്ഞ് സീറ്റിലും അവ൯ എന്റെ മുന്നില്‍ സൈക്കിളിന്റെ ഫ്രെയിമിന്റെ കമ്പിയില്‍ ഇരുകാലുകളും ഇടതുഭാഗത്തേക്കിട്ട് ഇരുപ്പുറപ്പിച്ച് യാത്രക്കൊരുങ്ങി. കൂട്ടിന് വേറെ ചില൪ അവരുടെ വകയായി എടുത്ത സൈക്കിളിലുമുണ്ട്. അന്ന് അധികം വീടുകളൊന്നും പൈപ്പ് ലൈ൯ റോഡിനിരുവശവുമില്ല. ഉള്ളത് നല്ല താഴ്ചയില്‍ ചിറ എന്ന് വിളിക്കുന്ന രണ്ട് കുളങ്ങളും ബാക്കി ഭാഗം കട്ടേപ്പാടം എന്ന് ഞങ്ങള്‍ വിളിക്കുന്ന ചെളിനിറഞ്ഞ വലിയ പാടശേഖരങ്ങളും. സൈക്കിള്‍ സവാരി വളരെ നന്നായി പുരോഗമിക്കുന്നു. ഞാ൯ ഏന്തിവലിഞ്ഞ് സൈക്കിള്‍ അത്യാവശ്യം നന്നായി ചവിട്ടുന്നു. മുമ്പില്‍ ബിജു സൈക്കിളിന്റെ ബെല്ല് മുറുക്കിയടിച്ച് ആളുകളെ വകഞ്ഞുമാറ്റി നല്ല പാതയൊരുക്കിത്തരുന്നു. അങ്ങിനെ ചെളി നിറഞ്ഞ പാടശേഖരങ്ങളെ വശങ്ങളിലാക്കി ഞങ്ങള്‍ മുന്നോട്ട് കുതിക്കവെ, ബിജുവിനൊരു പെട്ടെന്നൊരു ദിവ്യവെളിപാട്. “താജു, നീയൊരു കാര്യം ചെയ്യ്. സൈക്കിള്‍ നീ ചവിട്ട്. ഹാന്റില്‍ ഞാ൯ പിടിക്കാം. നീ നിന്റെ കൈകള്‍ എന്റെ തോളത്ത് വെച്ചോളൂ.” പെട്ടെന്ന് എനിക്കും തോന്നി അതു കൊള്ളാല്ലോ! “പക്ഷെ, നിനക്ക് സൈക്കിള്‍ ചവിട്ടാനറിയാമോ ബിജു?” “ഞാ൯ പഠിക്കുന്നേയുള്ളൂ. എങ്കിലും എന്റെ മാമാടൊപ്പം സൈക്കിളില്‍ പോകുമ്പോള്‍ ഇതുപോലെ ഹാന്റില്‍ പിടിച്ച് എനിക്ക് നല്ല പരിചയമുണ്ട്.” ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന അവന്റെ വാക്കുകള്‍ കേട്ട്, ഈ പുതിയ അഭ്യാസം കണ്ട് നാട്ടുകാ൪ കോള്‍മയി൪കൊള്ളുന്നത് മനസില്‍ കണ്ട്, ഞാ൯ ഹാന്റില്‍ ബിജുവിന് കൊടുത്തു, എന്റെ കൈകള്‍ അവന്റെ തോളത്ത് വെച്ചു. ദൈ൪ഘ്യമേറിയ രണ്ട് സെക്കന്റുകള്‍ കഴിഞ്ഞ് കാണും. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നതിന് മുമ്പ് ഞാനും ബിജുവും കണ്ണ് തുറന്ന് നോക്കുമ്പോള്‍ സാമാന്യം നല്ല ആഴമുള്ള ചെളിയില്‍ മനോഹരമായി മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. ദുഷ്ട൯മാരായ സുഹൃത്തുക്കള്‍ പൈപ്പ് ലൈ൯ റോഡിനിരുവശവും നിന്ന് ആ൪ത്ത് ചിരിക്കുന്നുമുണ്ട്. ഒരു വളിച്ച ചിരിയോടെ, ബിജുവിനോട് അപ്പോള്‍ തോന്നിയ സകല ‘സ്നേഹാദരവുകളും’ അടക്കിപ്പിടിച്ചുകൊണ്ട്, ഈ കോലത്തില്‍ വീട്ടിലേക്ക് ചെന്നാല്‍ കിട്ടാവുന്ന ‘രാജകീയ’ സ്വീകരണത്തെ സ്വപ്നം കണ്ടുകൊണ്ട്, ഏറ്റവുമടുത്ത വീടിന്റെ കിണറ്റി൯ കരയിലേക്ക് ഞാ൯ നടന്നു. നനഞ്ഞുകുതി൪ന്ന വസ്ത്രങ്ങളുണങ്ങാനും ചെളിയില്‍ പൂണ്ട സൈക്കിള്‍ ഇട്ടിക്ക് ഒരുമാതിരി നല്ലനിലയില്‍ തിരിച്ചുകൊടുക്കുന്ന വിധത്തിലാക്കാനും ഏതാനും മണിക്കൂറുകള്‍ പിന്നെയും അധ്വാനിക്കേണ്ടി വന്നു. അന്ന് പഠിച്ച പാഠം പക്ഷെ ജീവിതത്തിലിന്നുവരെ മറന്നിട്ടില്ല: നമ്മള്‍ ചവിട്ടുന്ന സൈക്കിളിന്റെ (ജീവിതത്തിന്റെയും) ഹാന്റില്‍ പിടിക്കാ൯ വേറെ ഒരുത്തനെയും ഏല്‍പിക്കരുത്!