Monday, 28 June 2010

ഫലസ്തീനികള്‍ ജയിക്കുന്ന പബ്ലിക് റിലേഷന്‍ യുദ്ധം

article appeared in Madhyamam Newspaper on 28 June 2010
http://www.madhyamam.com/story/ഫലസ്തീനികള്‍-ജയിക്കുന്ന-പബ്ലിക്-റിലേഷന്‍-യുദ്ധം

താജ് ആലുവ

ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും പബ്ലിക് റിലേഷനില്‍ വളരെയൊന്നും മുന്നിലല്ല. എന്നല്ല, ഇസ്രായേലിനെ അപേക്ഷിച്ച് ആ വിഷയത്തില്‍ തീരെ ശ്രദ്ധിക്കാത്തവരും അതിന് കാര്യമായി പണം മുടക്കാത്തവരുമാണ്. ഇസ്രായേലാകട്ടെ ലോകത്തിലെ ഏറ്റവും മുന്തിയ ഏജന്‍സികളെ പബ്ലിക് റിലേഷന് നിയമിക്കുകയും തങ്ങളുടെ കേസ് പരമാവധി പൊലിപ്പിക്കുന്നതിന് വേണ്ടി അതീവ ജാഗ്രതയോടെ പരിശ്രമിക്കുകയും ചെയ്യുന്നു. തികച്ചും ഏകപക്ഷീയമായ ഈ യുദ്ധം ഇതുവരെ ജൂതരാഷ്ട്രം ജയിക്കുകയായിരുന്നു. ഏതുതരം എതിര്‍പ്പിനെയും സെമിറ്റിക് വിരുദ്ധതയെന്ന മുദ്ര കുത്തി ഇല്ലാതാക്കാന്‍ ഇസ്രായേലിന് കഴിഞ്ഞതായിരുന്നു അതിന്റെ അടിസ്ഥാനം. ഒപ്പം, ഹോളോകാസ്റ്റ് എന്ന വിശുദ്ധ പശുവിനെ തൊടുന്നവരെയൊക്കെ തൊട്ടുകൂടാത്തവരായി തീണ്ടാപ്പാടകലെ നിര്‍ത്താനും ഈ ഏജന്‍സികളുടെ കഠിനപരിശ്രമം മൂലം കഴിഞ്ഞു.

പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നുണ്ടോ? ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയോടുള്ള പിന്തുണ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ കൂടിവരുന്നുണ്ടോ? അങ്ങനെ ഫലസ്തീന്‍ പ്രശ്‌നം ആഗോള സമൂഹത്തിന്റെ അജണ്ടയിലെ പ്രധാന ഇനമായി മാറുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം അതേ എന്നാണ് മറുപടി എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ഈയിടെയായി ലഭിച്ചുകൊണ്ടിരിക്കുന്നു.

ഒരു 15 വര്‍ഷം മുമ്പായിരുന്നെങ്കില്‍, പ്രശസ്ത പത്രപ്രവര്‍ത്തകയും ഗ്രന്ഥകാരിയും 57 വര്‍ഷത്തോളം വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റുമായിരുന്ന ഹെലന്‍ തോമസ് ഈയിടെ ഇസ്രായേലിനെതിരെ നടത്തിയ ആ വിവാദ അഭിപ്രായപ്രകടനത്തിന് മുതിരുമായിരുന്നില്ലെന്നല്ല, അങ്ങനെ ഒന്ന് ആലോചിക്കുക പോലും ചെയ്യുമായിരുന്നില്ല. ഗസ്സ സഹായക്കപ്പലിനെ ഇസ്രായേല്‍ ആക്രമിച്ച് 9 പേരെ വധിച്ച സംഭവത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധം തിളച്ചുമറിയുന്ന സന്ദര്‍ഭത്തില്‍ ഇസ്രായേലിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞ ജൂതപുരോഹിതനോട്, ജൂതന്‍മാര്‍ ഫലസ്തീനില്‍ നിന്ന് പുറത്ത് പോകണമെന്ന് മാത്രമല്ല, അവര്‍ ഇസ്രായേല്‍ തന്നെ ഉപേക്ഷിച്ച് പോളണ്ടിലേക്കോ ജര്‍മനിയിലേക്കോ തിരിച്ച് വണ്ടി കയറണമെന്നാണ് അവര്‍ പറഞ്ഞു കളഞ്ഞത്! അതിന്റെ പേരില്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് സ്ഥാനം ഉപേക്ഷിച്ച് മാപ്പ് പറയാനും പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിന്ന് തന്നെ വിരമിക്കാനും നിര്‍ബന്ധിതയായെങ്കിലും, അങ്ങനെയൊരു പ്രസ്താവന അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകയുടെ വായില്‍ നിന്ന് വന്നുവെന്നത് അദ്ഭുതകരമായിത്തന്നെ അവശേഷിക്കുന്നു. ജൂതരാഷ്ട്രത്തെ ഇപ്പോള്‍ ഏറ്റവുമധികം അലട്ടുന്ന ഈ വേവലാതിയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഈയിടെ പങ്കുവെച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ ജൂതകൂട്ടായ്മയായ അമേരിക്കന്‍ ഇസ്രായേലി പബ്ലിക് അഫയേഴ്‌സ് കമ്മിറ്റിയുടെ വാഷിങ്ടണില്‍ നടന്ന വാര്‍ഷിക കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് അവര്‍ പറഞ്ഞതിന്റെ സാരമിതായിരുന്നു: 1993 മുതല്‍ 2001 വരെ 8 വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ഭാര്യയായി, പ്രഥമ വനിതയുടെ പദവി അലങ്കരിച്ച് താന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ആ സന്ദര്‍ശനങ്ങളില്‍ താനും ഭര്‍ത്താവും നേരിടാറുണ്ടായിരുന്ന ചോദ്യങ്ങളില്‍ വൈവിധ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും സുപ്രധാന ചോദ്യം ഫലസ്തീനാണ്. ഇതെന്ത് കൊണ്ടെന്ന് അദ്ഭുതപ്പെടുകയും പ്രശ്‌നപരിഹാരാര്‍ഥം രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ എന്ന ഫോര്‍മുല ഇസ്രായേലീ നേതാക്കളോട് ഇടക്കിടെ പറയാറുണ്ടെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വരെ ഇപ്പോഴത്തെ ഇസ്രായേലീ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വിരുന്നിന് വിളിച്ചുവരുത്തി 'അവഹേളിക്കുന്ന' സംഭവങ്ങള്‍ പുതുമയല്ലാതായി. കഴിഞ്ഞ മാര്‍ച്ച് 24ന് വൈറ്റ് ഹൗസില്‍ ഒരുമണിക്കൂറോളം കാത്തിരുന്ന ശേഷം ഒബാമയോടൊപ്പം രാത്രി വിരുന്ന് കഴിക്കാതെ പോകേണ്ടിവന്ന സംഭവം ഓര്‍ക്കുക. അതിനും രണ്ടാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍, ജറൂസലമില്‍ നെതന്യാഹുവുമൊത്തുള്ള വിരുന്നിന് 90 മിനിറ്റ് വൈകിയെത്തി പ്രതിഷേധം അറിയിച്ചിരുന്നു. കിഴക്കന്‍ ജറൂസലമില്‍ പുതിയ ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടര്‍ക്കും യോജിപ്പിലെത്താന്‍ സാധിക്കാതെ പോയതായിരുന്നു ഇരു സംഭവങ്ങള്‍ക്കും കാരണം. ഫലസ്തീന് അനുകൂലമായ നിലപാട് മാറ്റമൊന്നും ഇതില്‍ നിന്നു വായിച്ചെടുക്കണമെന്നില്ല. പക്ഷേ, നേരത്തേതന്നെ ബാലന്‍സ് ഇല്ലാത്ത തങ്ങളുടെ ഫലസ്തീന്‍ നയം ഇനിയും ഒരുവശത്തേക്ക് തന്നെ തൂങ്ങിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തന്നെയാണ് അമേരിക്കന്‍ നേതാക്കളെ അല്‍പമെങ്കിലും കടുത്ത ചില നിലപാടുകള്‍ക്ക് പ്രേരിപ്പിച്ചത്.

ഇപ്പോള്‍ ഫലസ്തീനികള്‍ക്കനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ പബ്ലിക് റിലേഷന്‍ മുന്‍തൂക്കമാണ് അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന പ്രമുഖ ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയുമൊക്കെ ഗസ്സയും വെസ്റ്റ് ബാങ്കും സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയാന്‍ ജൂതരാഷ്ട്രത്തെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ അവസാനത്തെ ഇരയാണ് ജൂതവംശജനും പ്രമുഖ ബുദ്ധിജീവിയുമായ നോം ചോംസ്‌കി. കഴിഞ്ഞ മേയില്‍ വെസ്റ്റ് ബാങ്കിലെ ബീര്‍സൈത്ത് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനിരുന്ന അദ്ദേഹത്തെ ജോര്‍ദാനില്‍ നിന്ന് ഫലസ്തീന്‍ മണ്ണിലേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല. ചോംസ്‌കിയെപ്പോലെത്തന്നെ ജൂതരാഷ്ട്രം ഭ്രഷ്ട് കല്‍പിച്ച പ്രമുഖ ചിന്തകനാണ് നോര്‍മന്‍ ഫിങ്കല്‍സ്‌റ്റൈന്‍. 'എ ഫെയര്‍വെല്‍ റ്റു ഇസ്രായേല്‍' (ഇസ്രായേലിനൊരു യാത്രാമൊഴി)എന്ന പുസ്തകത്തിന്റെ കര്‍ത്താവായ അദ്ദേഹത്തെ കിട്ടുന്ന വേദികളിലെല്ലാം എതിര്‍ക്കുകയും അടിച്ചിരുത്തുകയും ചെയ്യുകയാണ്. ബ്രിട്ടനിലെ റെസ്‌പെക്ട് പാര്‍ട്ടി നേതാവ് ജോര്‍ജ് ഗാലോവെ, ഇസ്‌ലാം സ്വീകരിച്ച പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി തുടങ്ങിയവരും ഇസ്രായേലിന്റെ കണ്ണിലെ കരടുകളാണ്. ഫലസ്തീന് അനുകൂലമായി ആഗോളതലത്തില്‍ പൊതുജനാഭിപ്രായം ശക്തിപ്പെടുന്നതിനുണ്ടായ രണ്ട് സുപ്രധാന കാരണങ്ങളിലൊന്ന് ആയുധമുപയോഗിച്ച ചെറുത്തുനില്‍പ് മയപ്പെടുത്താന്‍ ഹമാസ് തീരുമാനിച്ചതാണ്. 1987-1991 കാലയളവില്‍ വെറും കല്ലുകള്‍ മാത്രം ഉപയോഗിച്ച് ജൂതസേനയെ നേരിട്ട ഇന്‍തിഫാദയുടെ ഈ നിലപാടുമാറ്റം ജൂതരാഷ്ട്രത്തെ വിറളി പിടിപ്പിച്ചെന്ന് പറയുന്നതാകും ശരി. ഇതിന് പ്രേരിപ്പിച്ചതാകട്ടെ, തുര്‍ക്കിയും. നേരത്തേ ഇറാനില്‍ നിന്ന് മാത്രമാണ് ഒരു ഗവണ്‍മെന്റിന്റെ മുഴുവന്‍ പിന്തുണയും ഹമാസിന് ലഭിച്ചിരുന്നത്. ഈയിടെയായി അതിന് ഇടിവ് പറ്റിയപ്പോള്‍ ആ വിടവിലേക്ക് തുര്‍ക്കി കയറുകയായിരുന്നു. എന്നാല്‍, ഇറാനില്‍ നിന്ന് വ്യത്യസ്തമായി പ്രായോഗിക നിലപാടുകളില്‍ ഊന്നി നില്‍ക്കാനുള്ള ഉപദേശമാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനില്‍ നിന്ന് ഹമാസിന് ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ഫ്രീഡം ഫേ്‌ളാട്ടിലയുടെ ഭാഗമായ തുര്‍ക്കിയുടെ മാവി മര്‍മറ കപ്പലിനെ ഇസ്രായേല്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇനിയുള്ള സഹായക്കപ്പലുകള്‍ക്ക് തങ്ങളുടെ സൈനികക്കപ്പലിന്റെ സഹായം ലഭ്യമാക്കാമെന്ന ഇറാന്റെ ഓഫര്‍ ഹമാസ് തള്ളിക്കളഞ്ഞത്. അമേരിക്കയും യൂറോപ്പുമായും നല്ല ബന്ധമുള്ള തുര്‍ക്കിയെ കൂടെക്കൂട്ടുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് ഹമാസ് കരുതിയതിനെ ഈ പശ്ചാത്തലത്തില്‍ കുറ്റം പറയാന്‍ കഴിയില്ല. തുര്‍ക്കിയുടെ ഇടപെടല്‍ ഫലസ്തീന്‍ പ്രശ്‌നത്തെ സഹായിച്ചതിന്റെ തെളിവാണ് യൂറോപ്യന്‍ യൂനിയന്റെ അധ്യക്ഷത വഹിക്കുന്ന സ്‌പെയിന്‍ ഇസ്രായേലിനോട് ഗസ്സക്ക് മേലുള്ള ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്്. ഇസ്രായേലിന് കരുത്തനായ ഒരു മുസ്‌ലിം സഖ്യകക്ഷിയെയാണ് തുര്‍ക്കിയുടെ കൂടുമാറലിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.
ഒരു സംഗതി ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു: ഫലസ്തീനികള്‍ അഹിംസാ സമരം തുടരുകയും തുര്‍ക്കി ഫലസ്തീന്‍ പ്രശ്‌നത്തെ ഇതുപോലെ ശക്തമായി പിന്തുണക്കുകയും ചെയ്തുകൊണ്ടിരിക്കുകയുമാണെങ്കില്‍, പ്രശ്‌നം തീര്‍ച്ചയായും പുതിയ വഴിത്തിരിവിലെത്തുകതന്നെ ചെയ്യും.