Wednesday, 29 January 2014


ഈജിപ്തില്‍ അള്‍ജീരിയ ആവര്‍ത്തിക്കുമോ?

താജ് ആലുവ / കവര്‍ സ്‌റ്റോറി‌

http://www.prabodhanam.net/detail.php?cid=2809&tp=1

മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുക വഴി ഈജിപ്തിലെ പട്ടാള ഭരണകൂടം എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായി വരികയാണ്. ഡിസംബര്‍ 24-ന് മന്‍സൂറയില്‍ സൈനിക ആസ്ഥാനത്തെ ലക്ഷ്യം വെച്ചുനടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ ബന്ധമുള്ള 'അന്‍സാറുല്‍ ബൈത്തില്‍ മഖ്ദിസ്' എന്ന സംഘം ഏറ്റെടുത്തിട്ടും ബ്രദര്‍ഹുഡിനെയാണ് സൈനിക ഗവണ്‍മെന്റ് 'ഭീകരരായി' പ്രഖ്യാപിച്ചത്! തുടര്‍ന്ന്, ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരെ ചൂണ്ടിക്കാണിക്കാന്‍ ജനങ്ങളോട് ഗവണ്‍മെന്റ് ആവശ്യപ്പെടുകയും അതിന് വേണ്ടി പ്രത്യേക 'ഹോട്ട്‌ലൈന്‍' സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ജനഹിതത്തെ അട്ടിമറിച്ച സ്വേഛാധിപത്യ ഭരണകൂടം പൊതുസമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ നടത്തുന്ന അത്യന്തം ഹീനമായ കുതന്ത്രമായി സ്വതന്ത്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.

കഴിഞ്ഞ എട്ടര പതിറ്റാണ്ടിലധികമായി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡ്, സൈനിക സ്വേഛാധിപത്യം നിലനിന്ന അധികകാലവും നിരോധത്തിലായിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ ഒരിക്കല്‍ പോലും ആയുധമെടുക്കാന്‍ ബ്രദര്‍ഹുഡ് അതിന്റെ അനുയായികളെ പ്രേരിപ്പിച്ചിട്ടില്ലെന്നത് ശത്രുക്കള്‍ പോലും സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. 2011-ല്‍ ജനകീയ വിപ്ലവത്തിലൂടെ ഹുസ്‌നി മുബാറക്കിനെ തൂത്തെറിഞ്ഞതിന് ശേഷം നടന്ന ഭരണഘടനാ ഹിതപരിശോധനയിലും പാര്‍ലമെന്റ് - പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കരസ്ഥമാക്കിയ ബ്രദര്‍ഹുഡിനെ ജനാധിപത്യപരമായി നേരിടാന്‍ ത്രാണിയില്ലാത്ത അള്‍ട്രാസെക്യുലരിസ്റ്റുകളും അധികാര ഭിക്ഷാംദേഹികളായ പട്ടാള മേധാവികളും വൈദേശിക ശക്തികളുടെ പിന്തുണയോടെ നടത്തിയ സൈനിക അട്ടിമറിക്ക് ന്യായം ചമക്കാനാണിപ്പോള്‍ ഈ തത്രപ്പാട്.

ഈജിപ്തിന്റെ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതനാക്കിയ ജൂലൈ മൂന്നിലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ ഏതാണ്ടെല്ലാ നേതാക്കളെയും ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. അട്ടിമറിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച സംഘടനയുടെ ആയിരത്തിലധികം പ്രവര്‍ത്തകരെ നിഷ്‌കരുണം സൈന്യം കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴും ദിനേനയെന്നോണം നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുകൊണ്ടിരിക്കുകയുമാണ്. പ്രതിസന്ധി ഘട്ടത്തില്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കേണ്ട മുതിര്‍ന്ന നേതൃത്വം മുഴുവനായിത്തന്നെ തടവിലായതിനാല്‍ കിട്ടിയ സന്ദര്‍ഭം മുതലെടുത്ത് സംഘടനയില്‍ ആശയക്കുഴപ്പം വിതക്കാനും ചിലരെയെങ്കിലും ആയുധമെടുപ്പിക്കാനും സൈനിക ഭരണകൂടം കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന് സര്‍വവിധ പിന്തുണയുമായി ചില വൈദേശിക ശക്തികളും രംഗത്തുണ്ട്. എല്ലാവരും കൂടി ഇതുവരെ അണിയറയില്‍ ഒരുക്കിക്കൊണ്ടിരുന്ന പദ്ധതി ഇപ്പോള്‍ വെളിച്ചത്തുവന്നുകൊണ്ടിരിക്കുന്നു. പിന്നില്‍ ഒരേയൊരു ലക്ഷ്യം മാത്രം: ഈജിപ്തില്‍ മറ്റൊരു അള്‍ജീരിയ തീര്‍ക്കുക.

എന്താണ് അള്‍ജീരിയയില്‍ നടന്നത്? 1991-ലെ പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ഇസ്‌ലാമിസ്റ്റുകളുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് (എഫ്.ഐ.എസ്) വ്യക്തമായ ജനപിന്തുണ കരസ്ഥമാക്കുന്നു. എന്നാല്‍, എഫ്.ഐ.എസിന്റെ ജനപിന്തുണയില്‍ വിറളി പിടിച്ച ഭരണകക്ഷിയായ നാഷ്‌നല്‍ ലിബറേഷന്‍ ഫ്രണ്ട് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയും തൊട്ടുടനെ പ്രസിഡന്റ് ഷാദുലി ബിന്‍ ജദീദിനെ പുറത്താക്കി പട്ടാളം അധികാരം ഏല്‍ക്കുകയും ചെയ്യുന്നു. എഫ്.ഐ.എസിനെ നിരോധിച്ച സൈന്യം അതിന്റെ നേതൃത്വത്തെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നു. ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെട്ട പല ഇസ്‌ലാമിസ്റ്റുകളും ഗറില്ലാ യുദ്ധമുറകളിലേക്ക് തിരിയുകയും സൈന്യത്തിനും അതിന്റെ പിണിയാളുകള്‍ക്കുമെതിരെ ആയുധമെടുക്കുകയും ചെയ്യുന്നു. 10 വര്‍ഷത്തോളം നീണ്ടുനിന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ ഏതാണ്ട് രണ്ട് ലക്ഷം വിലപ്പെട്ട മനുഷ്യജീവന്‍ ഹോമിക്കപ്പെട്ടു. 2002-ഓട് കൂടി മുഴുവന്‍ പോരാളികളെയും അടിച്ചമര്‍ത്തുന്നതില്‍ സൈനിക ഗവണ്‍മെന്റ് വിജയിച്ചു. നാടുവിട്ട ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതാവ് അബ്ബാസി മദനി ഇപ്പോള്‍ ദോഹയില്‍ വിശ്രമജീവിതം നയിക്കുന്നു.

ഈജിപ്ഷ്യന്‍ ഭരണകൂടം അള്‍ജീരിയയെ തങ്ങളുടെ മാതൃകയാക്കാനൊരുങ്ങുകയാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഖാലിദ് അല്‍ അനാനിയെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രദര്‍ഹുഡിന് ഒരു ബന്ധവുമില്ലാത്ത സ്‌ഫോടനത്തിന്റെ പേരിലാണ് അവരെ ഇപ്പോള്‍ 'ഭീകരസംഘ'മായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രദര്‍ഹുഡ് നേതൃത്വം ആയുധമെടുക്കാന്‍ ഒരിക്കലും അണികളോട് ആഹ്വാനം ചെയ്യുകയില്ലെന്ന് അനാനി തറപ്പിച്ച് പറയുന്നു. പക്ഷേ, സംഘടനയുടെ നേതൃത്വവും അനുയായികളും തമ്മില്‍ ആശയവിനിമയമില്ലാത്ത ഈ സന്ദര്‍ഭത്തില്‍, സൈനിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ മനംമടുത്ത വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ബ്രദര്‍ഹുഡ് അനുയായികളില്‍ ചിലരെങ്കിലും ആയുധമെടുക്കാന്‍ പ്രേരിതരായേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വാസ്തവത്തില്‍ സൈനിക സര്‍ക്കാറിന് വേണ്ടതും അതാണ്. സീനായ് പ്രദേശത്ത് നേരത്തെതന്നെ ചില സലഫി സംഘങ്ങള്‍ ആയുധം എടുത്ത് തുടങ്ങിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലേക്ക് കൂടി ഇത്തരം സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതോടെ ഏതുതരം പ്രതിഷേധത്തെയും ഭീകരപ്രവര്‍ത്തനത്തിലുള്‍പ്പെടുത്തി അടിച്ചമര്‍ത്താനും ഭരണഘടനാ ഹിതപരിശോധന പ്രയാസമേതുമില്ലാതെ ജയിക്കാനും പട്ടാള ഭരണകൂടത്തിന് സാധിക്കും. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് -–പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും ഇതേ സംഘര്‍ഷത്തിന്റെ മറവില്‍ സര്‍ക്കാര്‍ തന്നെ അടിച്ചെടുക്കും. പ്രസിഡന്റാകാന്‍ കുപ്പായം തയ്ച്ചുവെച്ചിരിക്കുന്ന പട്ടാള മേധാവി അബ്ദുല്‍ ഫത്താഹ് സീസി തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആജീവനാന്തം ആ കസേര സംരക്ഷിക്കുന്നതിന്റെ വഴികളെക്കുറിച്ച് ഈജിപ്ഷ്യന്‍ പട്ടാളമേധാവിയെ ആരും പഠിപ്പിക്കേണ്ടതില്ല!.

ബ്രദര്‍ഹുഡിന് തീരെ പങ്കാളിത്തം നല്‍കാത്ത തെരഞ്ഞെടുപ്പുകളായിരിക്കും വരികയെന്നത് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഈ അവസ്ഥ സൃഷ്ടിക്കാന്‍ മീഡിയയെ ഉപയോഗപ്പെടുത്തി ഒരു വന്‍ വേട്ടയാടല്‍ കാമ്പയിന്നാണ് പട്ടാള ഭരണകൂടം നേതൃത്വം നല്‍കിയത്. ബ്രദര്‍ഹുഡിന്റെ ടി.വി ചാനലും പത്രവും മാത്രമല്ല, നൂറു ശതമാനം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറയുടെ കയ്‌റോ ബ്യൂറോ പോലും പലപ്പോഴും അടച്ചിടേണ്ടിവന്നു. ഇപ്പോള്‍ ഈജിപ്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ മാധ്യമങ്ങളും പട്ടാള സ്തുതിയാണ് പാടുന്നത്. ഭീകരസംഘടനയായി ബ്രദര്‍ഹുഡിനെ പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ സംഘടനയുടെ അനുയായികള്‍ നടത്തുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ പട്ടാളത്തെ പിന്തുണക്കുന്നവരെന്ന് പറയപ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ തീയിടുകയും കൊള്ള നടത്തുകയും ചെയ്തിരുന്നു. പ്രഖ്യാപനം വന്ന ഉടനെ, ഈ സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, അറബ് ലീഗിനെ ഉപയോഗപ്പെടുത്തി എല്ലാ അറബ് നാടുകളിലും ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നവരെ വേട്ടയാടാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മുബാറക്ക് യുഗത്തില്‍പ്പോലും ഇല്ലാത്ത ഭീകരമായ സ്വേഛാധിപത്യ ഭരണത്തിലേക്കാണ് ഈജിപ്ത് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈജിപ്ത് അള്‍ജീരിയയുടെ വഴിതന്നെ തെരഞ്ഞെടുക്കണമെന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. സാല്‍വേഷന്‍ ഫ്രണ്ടും ബ്രദര്‍ഹുഡും തമ്മിലുള്ള കാതലായ ചില വ്യത്യാസങ്ങളാണ് അതിന് കാരണം. ഒന്നാമതായി, ബ്രദര്‍ഹുഡിന് ഇത്തരം അടിച്ചമര്‍ത്തലുകള്‍ പുത്തരിയല്ല. എതിര്‍പ്പിന്റെ സ്വരങ്ങള്‍ തീരെ സഹിക്കാത്ത സ്വേഛാധിപത്യത്തിന്റെ കരങ്ങള്‍ എപ്പോഴും ആദ്യം നീണ്ടിരുന്നത് ബ്രദര്‍ഹുഡിനെതിരെയായിരുന്നു. അവരുടെ സ്ഥാപക നേതാവായ ഹസനുല്‍ ബന്നായെ ഫാറൂഖ് രാജാവിന്റെ കിങ്കരന്‍മാര്‍ ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തിയപ്പോള്‍, പ്രസ്ഥാനത്തിന് ബൗദ്ധിക നേതൃത്വം നല്‍കിയിരുന്ന സയ്യിദ് ഖുത്വ്ബിനെയും അബ്ദുല്‍ഖാദിര്‍ ഔദയെയും ജമാല്‍ അബ്ദുന്നാസിര്‍ തൂക്കിലേറ്റുകയായിരുന്നു. ജയിലിലാണ് തങ്ങളുടെ അധികരാത്രികളുമെന്നും തൂക്കുമരത്തിലാണ് തങ്ങളുടെ അന്ത്യവിശ്രമമെന്നും മിക്ക ബ്രദര്‍ഹുഡ് നേതാക്കളും അനുയായികളും മനസ്സിലുറപ്പിച്ചിരിക്കുന്നു. അതിനാല്‍തന്നെ, ഭരണകൂടം എത്രതന്നെ ഭീകരമായി നേരിട്ടാലും തങ്ങള്‍ നിര്‍ഭയമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുമെന്ന് അവരിലെ ഓരോ പ്രവര്‍ത്തകനും പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ നേതൃത്വവും ജയിലിലായിട്ടും തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും ബ്രദര്‍ഹുഡ് അനുയായികള്‍ മുന്നിട്ടിറങ്ങുന്നതിന്റെ കാരണവും അതുതന്നെ.

രണ്ടാമതായി, '90-കളിലെ അള്‍ജീരിയയുടെയും ഇപ്പോള്‍ സിറിയയുടെയും ഉദാഹരണങ്ങള്‍ വ്യക്തമായി ഇസ്‌ലാമിസ്റ്റുകള്‍ക്ക് മുന്നിലുണ്ട്. ആയുധമെടുക്കുന്നത് ഏതുതരത്തിലും ആപത്തിലേക്കായിരിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പുകളെ അവഗണിക്കാനവര്‍ക്ക് സാധ്യമല്ല. രാഷ്ട്രത്തിന്റെ ഔദ്യോഗിക സൈന്യത്തോട് ഏറ്റുമുട്ടാനൊരുങ്ങിയാല്‍ അതു വന്‍ പരാജയത്തില്‍ കലാശിക്കുമെന്ന് മാത്രമല്ല, രാഷ്ട്രത്തിനകത്ത് വിവിധ വിഭാഗം ജനങ്ങളില്‍ നിന്നും പുറത്ത് അന്താരാഷ്ട്രസമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെ അതെത്ര ചെറുതാണെങ്കിലും ഇല്ലാതാക്കാനുമേ അത് ഉപകരിക്കുകയുള്ളൂ.

മൂന്നാമതായി, മുര്‍സിക്കെതിരെ നിലകൊണ്ടിരുന്ന പ്രതിപക്ഷത്തിലെ പല കക്ഷികളും നേതാക്കളും ഇപ്പോള്‍ പട്ടാളത്തിന്റെ വിശ്വരൂപം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് (നേരത്തെതന്നെ ഇത് മനസ്സിലാക്കാന്‍ ദീര്‍ഘ ദൃഷ്ടിയുണ്ടായിരുന്നതുകൊണ്ട് വൈസ് പ്രസിഡന്റായി പട്ടാളം നിശ്ചയിച്ച മുഹമ്മദ് അല്‍ ബറാദിഇയുടെ കൈയില്‍ ഈ രക്തക്കറ വല്ലാതെയില്ലായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും). മുര്‍സിക്കെതിരെ തഹ്‌രീര്‍ സ്‌ക്വയറിലിറങ്ങിയ ചെറുപ്പക്കാരുടെ സംഘമായ 'തമര്‍റുദ്' നേതാക്കള്‍ക്കും 'ഏപ്രില്‍ 6' പ്രസ്ഥാനക്കാര്‍ക്കുമൊക്കെ ഇപ്പോള്‍ നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു. പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ 'ഏപ്രില്‍ 6' പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ അഹ്മദ് മാഹിറിനെയും പൊളിറ്റിക്കല്‍ ബ്യൂറോ അംഗം മുഹമ്മദ് ആദിലിനെയും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവായ അഹ്മദ് ദൂമയെയും 3 വര്‍ഷത്തെ തടവിന് പട്ടാളക്കോടതി ശിക്ഷിച്ചത് അവരെ ഞെട്ടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അബ്ദുല്‍ ഫത്താഹ് സീസിയുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ താല്‍ക്കാലികമായി യാഥാര്‍ഥ്യമായേക്കാമെങ്കിലും ബ്രദര്‍ഹുഡിനെസ്സംബന്ധിച്ചിടത്തോളം ഭാവി പൂര്‍ണമായും ഇരുളടഞ്ഞതല്ല. ഇനിയും മറ്റു പ്രതിപക്ഷകക്ഷികളുമായി ചേര്‍ന്ന് യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമുണ്ട്. ആയുധം കൈയിലെടുക്കുന്നതിനേക്കാളും അറസ്റ്റിന് നിന്ന് കൊടുക്കുന്നതാണ് ഇപ്പോഴത്തെ അവസരത്തില്‍ എന്തുകൊണ്ടും നല്ലതെന്ന് ബ്രദര്‍ഹുഡ് നേതാക്കളും അനുയായികളും നന്നായി മനസ്സിലാക്കാന്‍ ഇത് മതിയായ ന്യായമാണ്. tajaluva@gmail.com