Wednesday, 29 December 2010

വിരസതയകറ്റുക, ജീവിതം പുതുമ നിറഞ്ഞതാക്കുക!

താജ് ആലുവ

ആണ്‍-പെണ്‍ സ്ഥല-കാല-പ്രായ ഭേദമന്യേ പുതിയ കാലത്തെ ജനങ്ങളുടെ പ്രധാന പ്രതിസന്ധിയാണ് വിരസത. ജീവിതം ഒരു ബോറായിരിക്കുന്നു എന്ന കമന്റ് സ്ഥിരമായിരിക്കുന്നു. മിക്കവാറും എല്ലാവരുടെയും ജീവിതത്തിന് ഒരേ ചുവ! ഒരേ താളം! ഒരേ ശ്രുതി! ഗള്‍ഫില്‍ ജീവിക്കുന്നവരാണെങ്കില്‍ പറയുകയേ വേണ്ട എന്നായിരിക്കുന്നു. എന്നും ഒരേ രീതി. രാവിലെ എഴുന്നേല്‍ക്കുക, നമസ്കരിക്കുക, പ്രാഥമിക ദിനചര്യകള്‍, ജോലിക്ക് പോവുക, അവിടെയും ഒരേ രീതിയിലുള്ള പണികള്‍, തിരിച്ചുവന്നാല്‍ എന്നും ചെയ്യുന്ന സംഗതികള്‍ തന്നെ ആവര്‍ത്തിക്കുക. വല്ലപ്പോഴും ഒരു വെള്ളിയാഴ്ചയോ മറ്റോ എന്തെങ്കിലും വ്യത്യാസമുണ്ടായാല്‍ അതു ഭാഗ്യം!

ജീവിതം ഇങ്ങിനെ അറുബോറനാകാന്‍ കാരണമെന്താകാം? അതിനോടുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെയാണെന്നതാണ് സത്യം. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ പലപ്പോഴും നാം ശീലിക്കാറില്ല. വൈവിധ്യത്തെ പലര്‍ക്കും പേടിയാണ്. ചിരപരിചിതമായ വഴികളും രീതികളും തന്നെ നമുക്കെപ്പോഴും പഥ്യം.

എന്നാല്‍ അങ്ങിനെയാകരുത് ജീവിതമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരു സത്യവിശ്വാസിയുടെ രണ്ടു ദിവസങ്ങള്‍ തുല്യമാകരുതെന്ന് നബി (സ) പറയുമ്പോള്‍ അതര്‍ഥമാക്കുന്നത് ഓരോ ദിനവും പുതിയതെന്തെങ്കിലും പഠിക്കാനും പ്രവര്‍ത്തിക്കാനും ഓരോരുത്തരും തയാറാകണമെന്നാണ്. പരിശുദ്ധ ഖുര്‍ആനോട് പോലും നമ്മുടെ നിലപാട് അതായിരിക്കണം. എന്നും അതിങ്ങനെ അര്‍ഥമറിയാതെ പാരായണം മാത്രം ചെയ്തുകൊണ്ടിരുന്നാല്‍ വിരസത അനുഭവപ്പെടും. അതിനാല്‍ ചിലപ്പോളത് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കണം. അതിനായി ക്യാസറ്റുകളും സിഡികളുമൊക്കെ ഉപയോഗപ്പെടുത്തണം. മറ്റു ചിലപ്പോള്‍ ഏതാനും ഭാഗങ്ങള്‍ മന:പ്പാഠമാക്കാന്‍ ശ്രദ്ധിക്കണം. വേറെ ചിലപ്പോള്‍ വ്യഖ്യാന ഗ്രന്ഥങ്ങള്‍ മുന്നില്‍ വച്ച് അപഗ്രഥിക്കാന്‍ ശീലിക്കണം. ഇനിയും ചില സന്ദര്‍ഭങ്ങളില്‍ അതിലെ അത്ഭുതങ്ങളെസ്സംബന്ധിച്ച് കണ്ണും പൂട്ടിയിരുന്ന് ചിന്തിക്കണം. അങ്ങിനെയാകുമ്പോള്‍ ഖുര്‍ആന്‍ നമുക്ക് വ്യത്യസ്തമായ ഒരനുഭവമായി മുന്നില്‍ വരും. ഇതുതന്നെയാണല്ലോ തിരുമേനി (സ) ചെയ്തത്. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നോട് ഒരിക്കല്‍ നബി (സ) ഖുര്‍ആന്‍ പാരായണം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞല്ലോ 'ഞാനിത് താങ്കള്‍ക്ക് വേണ്ടി പാരായണം ചെയ്യുകയോ? താങ്കള്‍ക്കല്ലേ ഇതവതരിച്ചത്? ജിബ്രീലല്ലേ താങ്കള്‍ക്കിത് പാരായണം ചെയ്ത് തന്നത്?' തിരുമേനിയുടെ മറുപടി: 'ഞാനത് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്നു.' അങ്ങിനെ ഇബ്നു മസ്ഊദ് (റ) ഓതി. സൂറത്തുന്നിസാഇലെ പ്രവാചകനെ പരലോകത്ത് സാക്ഷിയായി കൊണ്ടുവരുന്ന രംഗം വിവരിച്ചപ്പോള്‍ പ്രവാചകന്‍ കരഞ്ഞു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. പലപ്പോഴും സ്വന്തമായി പാരായണം ചെയ്യുന്നതിനേക്കാളും മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുമ്പോഴുള്ള ആസ്വാദനാനുഭവം നബിതിരുമേനി പ്രാവര്‍ത്തികമാക്കിക്കാണിച്ചു തന്നു.

നിര്‍ബന്ധ ആരാധനാകാര്യങ്ങളില്‍ ഒരേരീതി സ്വീകരിക്കുകയെന്നത് അനിവാര്യമായി വന്നേക്കാം. എന്നാല്‍ സുന്നത്തായ കാര്യങ്ങളില്‍ വൈവിധ്യമാണ് നബി (സ) പ്രോല്‍സാഹിപ്പിച്ചിട്ടുള്ളതെന്ന് കാണാന്‍ സാധിക്കും. തന്റെ വീട്ടില്‍ വച്ച് എല്ലാദിവസവും നോമ്പനുഷ്ഠിക്കുമെന്നും എല്ലാ രാത്രിയും നമസ്കാരത്തില്‍ മുഴുകുമെന്നും വിവാഹമേ വേണ്ടെന്ന് വച്ച് സന്യാസമനുഷ്ഠിക്കുമെന്നുമൊക്കെപ്പറഞ്ഞ ആളുകളോട് പ്രവാചകന്‍ പറഞ്ഞത് 'എന്നെ നോക്കൂ, ഞാന്‍ ചിലപ്പോള്‍ നോമ്പെടുക്കുന്നു, ചിലപ്പോള്‍ എടുക്കാതിരിക്കുന്നു. രാത്രി അല്‍പം ഉറങ്ങുന്നു, പിന്നെ എഴുന്നേറ്റ് നമസ്കരിക്കുന്നു. വിവാഹം കഴിച്ചിരിക്കുന്നു, കുടുംബ ജീവിതം നയിക്കുന്നു' എന്നിങ്ങനെയാണ്. ആരാധനകള്‍ അറുബോറാകാതെ നോക്കണം. പള്ളിയില്‍ റമദാനിലെ രാത്രി നമസ്കാരത്തിനിടയില്‍ ക്ഷീണം തോന്നുമ്പോള്‍ പിടിക്കാനായി താങ്ങുകെട്ടി നിറുത്തിയ പ്രിയ പത്നിയോട് അതെടുത്തുകളയാന്‍ പറഞ്ഞിട്ട് 'നിങ്ങള്‍ക്ക് മടുപ്പില്ലെങ്കിലേ സര്‍വ്വ ശക്തനും മടുപ്പില്ലാതിരിക്കൂ' എന്ന മുന്നറിയിപ്പ് നല്‍കിയ പ്രവാചകന്‍ മറ്റെന്ത് സന്ദേശമാണ് നല്‍കുന്നത്!

പറഞ്ഞുവന്നത് വ്യത്യസ്തതയെക്കുറിച്ചാണ്. ഒരു ഭാഗത്ത് അമിതമായ ആരാധനകള്‍ വിരസമാകുമ്പോള്‍ മറന്നുപോകുന്ന ആരാധനകള്‍ ശീലമാക്കിയും വിരസതയകറ്റാം. റമദാനല്ലാത്ത ദിവസങ്ങളിലൊക്കെ കൃത്യമായി നാലും അഞ്ചും നേരം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ചില ദിവസങ്ങളില്‍ നോമ്പ് ശീലമാക്കുക. വിരസത പമ്പ കടക്കും. എല്ലാ രാത്രിയിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന് പകരം ചില രാത്രിയിലെങ്കിലും നിശാനമസ്കാരം ശീലമാക്കുക, ജീവിതത്തിന് നവോന്‍മേഷം കൈവരും!

വിത്റ് നമസ്കാരത്തില്‍ പ്രവാചകന്‍ വ്യത്യസ്ത രീതികള്‍ കൈക്കൊണ്ടിരിന്നുവെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ചിലപ്പോള്‍ രണ്ടും ഒന്നും എന്ന രീതിയില്‍, മറ്റുചിലപ്പോള്‍ മഗ്രിബ് നമസ്കാരത്തിന്റെ രൂപത്തില്‍ രണ്ടത്തഹിയ്യാത്തോട് കൂടി. വേറെ സന്ദര്‍ഭങ്ങളില്‍ മൂന്നു റക്അത്തുകള്‍ തുടര്‍ച്ചയായി നമസ്കരിച്ചശേഷം ഒറ്റ തശഹുദ് കൊണ്ട് അവസാനിപ്പിക്കും. ആരാധനാ കാര്യങ്ങളില്‍ പോലും ഇത്ര വൈവിധ്യം നിലനിര്‍ത്തിയതിലൂടെ ജീവിതം വിരസമായനുഭവപ്പെടരുതെന്ന മഹത്തായ പാഠമല്ലേ തിരുമേനി പകര്‍ന്നുതരുന്നത്!

പെരുന്നാള്‍ നമസ്കാരത്തിന് ഒരു വഴിയിലൂടെ ഈദ് ഗാഹിലെത്താനും തിരികെ വേറെ വഴിയിലൂടെ മടങ്ങാനും നമ്മള്‍ നിര്‍ദേശിക്കപ്പെട്ടത് എന്ത് കാരണത്താലാകും? തക്ബീര്‍ ധ്വനികള്‍ മുഴക്കി വഴിയിലുടനീളം വ്യത്യസ്ത ആളുകളെ അത് കേള്‍പ്പിക്കണമെന്നാകും പെട്ടെന്നുള്ള മറുപടി. ഈദുല്‍ ഫിത്വ്റിന് നമസ്കാരാനാന്തരം പിന്നെ തക്ബീര്‍ ഇല്ലെന്നിരിക്കെ, ആഘോഷദിനത്തില്‍ വ്യതിരിക്തത തന്നെയാണ് തിരുമേനി ഉദ്ദേശിച്ചിരിക്കുക. ഒപ്പം അത്രയുമധികം ആളുകളുമായി സംവദിക്കാനുമുള്ള അവസരം! പുതിയ ദിനത്തിന് പുതിയ വഴികള്‍!

ഈയിടെ, കുവൈത്തിലെ പ്രമുഖ പണ്ഡിതനായ നബീല്‍ അല്‍ അവദിയുടെ ഒരു പ്രഭാഷണം കേള്‍ക്കാനിടയായി. അതിലദ്ദേഹം ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്നുണ്ട്. ജീവിതം ബോറായിത്തീര്‍ന്ന ഒരു പറ്റം ചെറുപ്പക്കാര്‍. പുതിയ കാലത്തെ ചെറുപ്പക്കാരില്‍ മിക്കവരെയും പോലെ അവരും വിരസത മാറ്റുന്നത് ഇന്റര്‍നെറ്റിലെ സൌഹൃദകൂട്ടായ്മകളിലേക്ക് ഊളിയിട്ടുകൊണ്ടാണ്. ദിവസത്തിന്റെ നല്ലൊരു ഭാഗം അവര്‍ ഇതിനായി മാറ്റി വച്ചിരിക്കുന്നു. അവരിലൊരു വിഭാഗവുമായി സംവദിച്ച അദ്ദേഹം അവര്‍ക്കുമുന്നില്‍ ഒരു 'ബദല്‍' നിര്‍ദേശിച്ചുകൊടുത്തു. തീരെ ജനപ്രീതിയില്ലാതെ കിടന്നിരുന്ന ഒരു ഇസ്ലാമിക വെബ്സൈറ്റിന്റെ പുനരുജ്ജീവനം! അവരുടെ ഭാവനക്കും സാങ്കേതിക ജ്ഞാനത്തിനും അദ്ദേഹത്തിന്റെ മത വിജ്ഞാനത്തിനുമനുസരിച്ച് ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് അതിന് ജീവന്‍ ലഭിച്ചപ്പോള്‍, അതിന്റെ ഫലം ഗംഭീരമായിരുന്നു. അടിപൊളി! മാസം തോറും ആയിരക്കണക്കിന് സന്ദര്‍ശകര്‍. ഒരു കൊല്ലം കൊണ്ട് ഏതാനും പേരുടെ ഇസ്ലാശ്ലേഷത്തിന് വരെ ആ സൈറ്റ് കാരണമായി!

അപ്പോള്‍ അതാണ് പ്രശ്നം. നമ്മില്‍ പലര്‍ക്കും വേണ്ടത്ര ബദലുകളില്ല. ക്രിയാത്മകമായ ബദലുകള്‍ക്ക് വേണ്ടി ആരും ശ്രമിക്കാറുമില്ല. കുട്ടികള്‍ക്ക് പലതും നിഷിദ്ധമാക്കുമ്പോള്‍ പകരം എന്തെങ്കിലും കൊടുക്കാനുണ്ടോയെന്ന് നാമാരും നോക്കാറില്ല. എവിടെയും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം. വെറുതെയാണോ പുതിയ ലോകത്തെ കുട്ടികള്‍ മാതാപിതാക്കള്‍ക്ക് അന്യരാകുന്നത്?

തീര്‍ച്ചയായും ജീവിതത്തെ മാറ്റി മറിച്ചവര്‍ പുതിയ വഴികള്‍ തേടിയവരാണ്. ചിരപരിചിതമായ വഴികളില്‍ നിന്ന് മാറി നടന്നവര്‍. ചരിത്രത്തെ പുനര്‍നിര്‍മിച്ചത് അങ്ങിനെയുള്ളവരാണ്. പ്രവാചകന്‍മാരെ നോക്കുക. നിലവിലുള്ള രീതികളെ അവര്‍ എതിര്‍ത്തു. കാക്കകാരണവന്‍മാരായി തുടര്‍ന്നുപോന്ന പഴഞ്ചന്‍ ശൈലികളെ അവര്‍ ചോദ്യം ചെയ്തു. പുതുമ നിറഞ്ഞ ജീവിതശൈലിയും ചിന്താസരണികളും അവര്‍ അവതരിപ്പിച്ചു. പാരമ്പര്യത്തെ മുറുകെപ്പിടിച്ചവര്‍ അതിനെ ചോദ്യം ചെയ്തെങ്കിലും അവര്‍ തരിമ്പും വ്യതിചലിച്ചില്ല. സ്വന്തം ജീവനും ജീവിതവും ത്യാഗം ചെയ്തവര്‍ ഉജ്വല മാതൃകകള്‍ സൃഷ്ടിച്ചു. അബ്രഹാം ലിങ്കണിന്റെ ആ വാക്കുകള്‍ എത്ര ശരി: It's not the years in your life that count, but it's the life in your years! തീര്‍ച്ചയായും നിങ്ങള്‍ എത്ര വര്‍ഷം ജീവിച്ചുവെന്നല്ല, മറിച്ച് ആ വര്‍ഷങ്ങളില്‍ എത്ര ജീവിതമുണ്ടായിരുന്നുവെന്നതാണ് കാര്യം!