Tuesday, 26 September 2017

അറിവിന്റെ തുടര്‍ച്ചയും വളര്‍ച്ചയുടെ പടവുകളും


താജ് ആലുവ

അമേരിക്കന്‍ വ്യവസായിയായിരുന്ന ഹെന്റി ഫോര്‍ഡാണ് പറഞ്ഞത്: ''ഒരാളുടെ വയസ്സ് ഇരുപത് ആകട്ടെ, എണ്‍പത് ആകട്ടെ- ദിവസവും പുതുതായി എന്തെങ്കിലും അയാള്‍ പഠിക്കുന്നുണ്ടെങ്കില്‍ അയാള്‍ ചെറുപ്പമായിരിക്കും. എന്നാല്‍ ഒന്നും പുതുതായി പഠിക്കാത്തവന്‍, വയസ്സ് മുപ്പതേ ഉള്ളൂവെങ്കിലും, അകാലത്തില്‍ വൃദ്ധനായിട്ടുണ്ടാകും.'' നോളജ് എക്കോണമി എന്ന് വിളിക്കപ്പെടുന്ന അറിവിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ കാലത്ത് നമ്മുടെ ഇപ്പോഴുള്ള കഴിവുകളെ വികസിപ്പിക്കുകയെന്നത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പുതിയ പുതിയ അറിവുകള്‍ ദിനേന ഉല്‍പാദിപ്പിക്കപ്പെടുന്ന കാലത്ത്, നാം ഇപ്പോഴും ഉപയോഗിക്കുന്ന ഒട്ടുമിക്ക കഴിവുകള്‍ക്കും പരമാവധി മൂന്നു വര്‍ഷമാണ് ആയുസ്സെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഏത് കഴിവ് വികസിപ്പിച്ചെടുത്താലാണ് ഇപ്പോഴുള്ള ജോലിയില്‍നിന്ന് അടുത്ത ഒരു സ്റ്റേജിലേക്ക് വളരാന്‍ നമുക്ക് സാധിക്കുക, അല്ലെങ്കില്‍ നിലവിലുള്ള ജോലിയില്‍നിന്ന് പിരിച്ചുവിട്ടാലും അടുത്ത ജോലി എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുക എന്ന് ഓരോരുത്തരും ആലോചിക്കുക. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ നടത്തുക. ഔപചാരികമായ നിങ്ങളുടെ വിദ്യാഭ്യാസം എന്തുമാകട്ടെ, സന്നദ്ധതയുണ്ടെങ്കില്‍ അനൗപചാരികമായ തുടര്‍പഠനത്തിലൂടെ ഒരിക്കല്‍ നിങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന കഴിവുകള്‍ നേടിയെടുക്കാം, ഉന്നത പദവികള്‍ കീഴടക്കാം, ശോഭനമായ ഭാവി ഉറപ്പാക്കാം. എന്നാല്‍, ജോലിയില്‍ പുരോഗതി കൈവരിക്കുകയെന്ന ഏക ലക്ഷ്യത്തിന്റെ ഭാഗമായി അറിവ് വര്‍ധിപ്പിക്കുന്നതിനപ്പുറം, അത് നമ്മുടെ ജീവിതത്തെ ഭരിക്കുന്ന അനിവാര്യതയായി (Governing Principle) മാറുമ്പോഴാണ് അറിവ് യഥാര്‍ഥത്തില്‍ നമുക്ക് ഗുണകരമായി മാറുക. വ്യക്തിപരമായ ഔന്നത്യം കൈവരിക്കാനുള്ള ബോധപൂര്‍വമായ നടപടി കൂടിയാണത്.

ബിസിനസ് രംഗത്ത് പുതുതായൊന്നും പഠിക്കാത്തവന്‍ ആശ്രയിക്കാന്‍ പറ്റാത്തവനായാണ് കണക്കാക്കപ്പെടുക. പഠിക്കുകയെന്നത് ജീവിതത്തില്‍ നമുക്ക് വേണ്ടപ്പെട്ടവരോടുള്ള നമ്മുടെ ഒരു ധാര്‍മിക കടമ കൂടിയാണ്. ഒരു സ്ഥലത്ത് സ്ഥായിയായി നിലകൊള്ളാതെ പുരോഗതിയിലേക്ക് ഉത്തരോത്തരം കുതിക്കണമെങ്കില്‍ നമുക്ക് പഠിച്ചേ തീരൂ. തുടര്‍ച്ചയായ പഠനം നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കും. അതിന്റെ അഭാവത്തില്‍ നാം ജീവിതത്തില്‍ പെട്ടെന്ന് അപ്രസക്തരായിത്തീരും. ജോലിക്കു പുറമെത്തന്നെ നമുക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനമെന്നത് പൂര്‍ണമായും ഔപചാരികമാവണമെന്നില്ല. അത് ദിനേനയുള്ള ചെറിയ ഡോസ് പഠനങ്ങളും ജോലിയില്‍തന്നെ നിന്നുകൊണ്ടുള്ള പരിശീലനങ്ങളും (On the Job Training) ആകാം. പക്ഷേ, വ്യക്തിപരമായ വളര്‍ച്ചയും ജോലിയും ബിസിനസുമൊക്കെയായി ബന്ധപ്പെട്ട വളര്‍ച്ചയും തമ്മില്‍ ഒരു ബാലന്‍സ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതായത്, മുഴുവന്‍ സമയവും വ്യക്തിഗത വളര്‍ച്ച മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിലുപരി, നിലവിലെ ജോലിയുടെ ആവശ്യങ്ങളും നാം ജോലിയെടുക്കുന്ന മേഖലയില്‍ ഭാവിയില്‍ പ്രകടമായേക്കാവുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പഠനവും അനിവാര്യമാണ്. തൊഴില്‍ മേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമത്. എല്ലാറ്റിനുമുപരിയായി, പഠിക്കാനും വികസിക്കാനുമുള്ള ആഗ്രഹം, മറ്റുള്ളവര്‍ക്ക് കൂടുതലായി സേവനം ചെയ്യാനുള്ള മനസ്സിനാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരിക്കണം. എങ്കിലേ, ഏതു പഠനവും ആത്യന്തികമായി ഗുണം ചെയ്യുകയുള്ളൂ.

ദിവസവും പുതുതായെന്തെങ്കിലും പഠിക്കണം

വസ്തുതാപരമായി തെളിയിക്കപ്പെട്ട കണക്കുകളനുസരിച്ച്, ഒരു സ്ഥാപനത്തില്‍ നിരന്തരമായി തുടര്‍ പഠനം നടത്താത്ത 20 ശതമാനം ജോലിക്കാരും 10 വര്‍ഷത്തിനുള്ളില്‍ അവിടം വിടേണ്ടിവരാനാണ് സാധ്യത. ഈ വസ്തുത തന്നെ തുടര്‍ പഠനത്തിന്റെ സാധ്യതയെ വളരെയധികം എടുത്തുപറയുന്നുണ്ട്. പലപ്പോഴും തുടര്‍പഠനം നടത്താതിരിക്കുന്നതിന് നാം പറയുന്ന ന്യായം പരിശീലനത്തിനും മറ്റും ചെലവാക്കേണ്ടിവരുന്ന ഉയര്‍ന്ന തുകയാണ്. എന്നാല്‍ നാം ജീവിക്കുന്ന ഈ ലോകത്ത്, തുടര്‍പഠനങ്ങളും പരിശീലനങ്ങളും നടത്താതിരിക്കുകയെന്നതാണ് ഏറ്റവും ചെലവേറിയ പരിപാടി. കാരണം, അതിന്റെ പെട്ടെന്നുള്ള പ്രത്യാഘാതമെന്ന് പറയുന്നത് ജോലിയില്‍നിന്ന് ഒഴിവാക്കപ്പെടുകയെന്നതാണ്. ഇങ്ങനെയൊക്കെയായാലും നമ്മില്‍ പലര്‍ക്കും ഈ തുടര്‍പഠനത്തിലും പരിശീലനത്തിലുമൊന്നും ഇപ്പോഴും താല്‍പര്യമൊന്നുമില്ല.

വ്യക്തിപരമായി മാത്രമല്ല, പല സ്ഥാപനങ്ങളും ഉയര്‍ന്ന ചെലവ് ചൂണ്ടിക്കാട്ടി ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകുന്നു. തദ്ഫലമായി ഇത്തരം ജോലിക്കാരും സ്ഥാപനങ്ങളും കാലക്രമേണ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരായി മാറുന്നു. ആജീവനാന്ത ജോലി (Life-long Employment) എന്നത് ഈ കാലഘട്ടത്തില്‍ ഒരു ഗ്യാരണ്ടിയല്ല എന്ന് നാം എത്ര നേരത്തേ മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. ആത്യന്തികമായി, നമുക്കോരോരുത്തര്‍ക്കും സാമ്പത്തിക സുരക്ഷ കൈവരേണ്ടത് നമ്മുടെ ജോലിയില്‍നിന്നല്ല, മറിച്ച് തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കാനുള്ള നമ്മുടെ കഴിവില്‍നിന്നാണ്, വിപണിക്കെന്താണോ ആവശ്യം അത് നിവര്‍ത്തിച്ചുകൊടുക്കാനുള്ള കഴിവില്‍നിന്നാണ്. ഈ ആവശ്യങ്ങളാകട്ടെ, നിരന്തരമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകള്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുകയും പഠിക്കുകയും ഉയരുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷിതത്വം ലഭിക്കുകയേയില്ല. തുടര്‍ച്ചയായി പഠിക്കാനുള്ള കഴിവിലാണ് തൊഴില്‍ സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും കുടികൊള്ളുന്നത്.

പഠനം വ്യക്തിപരമായ ബാധ്യത

പുതിയ കാര്യങ്ങള്‍ പഠിക്കുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്. തന്റെ സ്ഥാപനം അത് ചെയ്യുമെന്ന് കരുതി വെറുതെയിരിക്കരുത്. ഓരോരുത്തരും അവനവന്റെ സ്ഥാപനത്തെ ഒരു റിസോഴ്‌സായി കരുതുകയും തന്റെ വളര്‍ച്ചക്ക് വേണ്ടതെന്താണെന്ന് കണ്ടെത്തുകയും ചെയ്യണം. സ്വന്തം നിലക്ക് താല്‍പര്യവും മുന്‍കൈയും എടുത്തുകൊണ്ട് പുതുതായി താന്‍ പഠിക്കേണ്ടതെന്താണെന്നും അതിന് എന്താണ് വേണ്ടതെന്നും സ്വയം ആലോചിച്ചുറപ്പിക്കുകയും വേണം. അതേസമയം കമ്പനിയില്‍നിന്ന് ലഭിക്കുന്ന ട്രെയ്‌നിംഗുകളില്‍നിന്ന് പരമാവധി പ്രയോജനമെടുക്കുകയും അതിന്റെ ഗുണഫലം സ്ഥാപനത്തിന് തിരിച്ചുകൊടുക്കുകയും ചെയ്യണം. നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ വികസന പദ്ധതിയില്‍ കമ്പനിയുടെ/സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം. അല്ലെങ്കില്‍ നാം നേടിയെടുക്കുന്ന കഴിവുകള്‍ ആവശ്യത്തിന് ഉപയോഗപ്പെടാതെ പാഴായിപ്പോകാം. നാം തെരഞ്ഞെടുക്കുന്ന വ്യക്തിപരമായ പഠന-പരിശീലന പദ്ധതി, നിലവിലെ സാമ്പത്തിക സ്ഥിതിക്കും മാര്‍ക്കറ്റിനും സ്ഥാപനത്തിനും, നാം നിലവില്‍ ഏറ്റെടുത്തിട്ടുള്ള ചുമതലകള്‍ക്കും യോജിക്കുന്ന തരത്തിലായിരിക്കും. അതോടൊപ്പം, പ്രസ്തുത പദ്ധതി നമ്മുടെ കമ്പനി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയോ അല്ലെങ്കില്‍ നമ്മെ പിരിച്ചുവിടുകയോ ചെയ്താലും നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ളതുമായിരിക്കണം. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിലവിലെ നമ്മുടെ ജോലിയില്‍ ഒരു അവസാന വാക്കായി (Competence Specialist) ആയി നാം മാറണം. ദിവസം ഒരു മണിക്കൂറെങ്കിലും വ്യക്തിയധിഷ്ഠിതമായ വിദ്യാഭ്യാസ പദ്ധതിക്കു വേണ്ടി നാം മാറ്റിവെക്കണം. കൂടാതെ മൂന്ന് മാസത്തിലൊരിക്കലെങ്കിലും വ്യവസ്ഥാപിതമായ, ഔപചാരികമായ പരിശീലനത്തിനു വേണ്ടിയും സമയവും പണവും കണ്ടെത്തണം. നിലവിലെ നമ്മുടെ ജോലിക്ക് സഹായകവും ഭാവി ആവശ്യത്തിന് ഉപകരിക്കുകയും ചെയ്യുന്ന രൂപത്തിലായിരിക്കണം ഈ പരിശീലന പരിപാടിയും.

വേണം ഒരു വായനാ പദ്ധതി

ഔപചാരികമായി ലഭിക്കുന്ന വിദ്യാഭ്യാസം പലപ്പോഴും നാമിപ്പോള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ഒരു ഗുണവും ചെയ്തുവെന്ന് വരില്ല. ബി.എ ഹിസ്റ്ററിയും സോഷ്യോളജിയുമൊക്കെ എടുത്ത ആള്‍ക്ക് ഡാറ്റാ എന്‍ട്രി ജോലി ചെയ്യുന്നതിന് അവയെത്രെ ഗുണം ചെയ്യുമെന്ന് നമുക്ക് ചിന്തിക്കാമല്ലോ. ഞാന്‍ പഠിച്ച കലാലയത്തിലെ ഒരു ഗുരുവര്യന്‍ സ്ഥിരമായി വിദ്യാര്‍ഥികളെ ഉണര്‍ത്താറുണ്ടായിരുന്നത്, നിങ്ങള്‍ക്ക് ഇവിടെനിന്ന് ലഭിക്കുന്നത് വിജ്ഞാനമല്ല, വിജ്ഞാനത്തിന്റെ നിലവറ തുറക്കാനുള്ള താക്കോലാണെന്നാണ്. അതാണ് വാസ്തവം. ഔപചാരിക വിദ്യാഭ്യാസം നമുക്ക് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയാണ് വേണ്ടത്. ഇവിടെയാണ് വ്യക്തിപരമായ ഒരു വായനാ പദ്ധതിയുടെ പ്രസക്തി. വായനക്ക് വ്യവസ്ഥാപിത രീതി കണ്ടെത്തുക. നാം ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട അഗാധമായ ജ്ഞാനം നേടിയെടുക്കാന്‍ പറ്റിയ വാരികകളും മാസികകളും നിരന്തരം വായിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ് വാരികകള്‍ വളരെ പ്രധാനമാണ്. മതം, ശാസ്ത്രം, രാഷ്ട്രീയം, കല, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ട ആനുകാലികങ്ങള്‍, നമ്മുടെ താല്‍പര്യത്തിനനുസരിച്ച് വായിക്കണം. ഇത്തരം മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളും ഉണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് നമ്മുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കും. നിങ്ങള്‍ക്ക് ആയിരം വര്‍ഷം ജീവിക്കണമെന്നുണ്ടെങ്കില്‍ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിച്ചാല്‍ മതിയെന്ന് പറയാറുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും വായിക്കുകയെന്നതായിരിക്കണം തീരുമാനം. പത്ത് മിനിറ്റെങ്കിലും വായിക്കുന്ന ഒരാള്‍ക്ക് സാധാരണ ഗതിയില്‍ ചുരുങ്ങിയത് ഒരു പുസ്തകം ഒരു മാസം കൊണ്ട് വായിക്കാന്‍ സാധിക്കും. ഒരു വര്‍ഷം താന്‍ ജോലിയെടുക്കുന്ന മേഖലയില്‍ 12 പുസ്തകം വായിക്കുന്ന ഒരാള്‍ തന്റെ മേഖലയില്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കും എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ കരിയറുമായി ബന്ധപ്പെട്ടു മാത്രം വായിച്ചാല്‍ പോരാ. ജീവിതത്തിന് വേണ്ട പ്രത്യേകമായ ഉള്‍ക്കാഴ്ചയും സാംസ്‌കാരികമായ ഔന്നത്യവും ലഭിക്കണമെങ്കില്‍ ക്ലാസിക് സാഹിത്യങ്ങളും നോവലുകളും കഥകളും കവിതകളുമുള്‍പ്പെടെയുള്ളവ നമ്മുടെ വായനയില്‍ സ്ഥാനം പിടിച്ചേ പറ്റൂ.

പേഴ്‌സണല്‍ യൂനിവേഴ്‌സിറ്റി അഥവാ എല്ലാവര്‍ക്കും ഓരോ സര്‍വകലാശാല

ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സൗകര്യം, അത് നമുക്ക് സ്വന്തമായി യൂനിവേഴ്‌സിറ്റികള്‍ ഉണ്ടാക്കാനുള്ള വകയൊരുക്കിത്തരുന്നുവെന്നുള്ളതാണ്. ഉദാഹരണത്തിന് ടെഡ്‌ടോക്‌സ്, യൂട്യൂബിലെ വ്യത്യസ്ത വിഷയാധിഷ്ഠിത ചാനലുകള്‍, പ്രമുഖ പ്രഭാഷകരുടെയും എക്‌സ്‌പേര്‍ട്ടുകളുടെയും ചാനലുകള്‍ - ഇവയിലെ വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ട് ഔപചാരികമായ അറിവിന്റെ വലിയ ഭണ്ഡാരങ്ങള്‍ തന്നെ നമുക്ക് തുറക്കാന്‍ സാധിക്കും. ഡിസ്ട്രാക്ഷന്‍ (ശ്രദ്ധ തെറ്റുക) എന്ന ചതിക്കുഴിയില്‍ വീണുപോകാതിരുന്നാല്‍ മതി. കൂടാതെ, MOCs (മാസ്സീവ് ഓണ്‍ലൈന്‍ കോഴ്‌സ്) എന്ന പേരില്‍ ധാരാളം സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളും ലഭ്യമാണ്. സ്മാര്‍ട്ട് ഫോണിലും ടാബിലും പുസ്തക വായന ഇഷ്ടപ്പെടുന്നവര്‍ക്കായി ധാരാളം ആപ്ലിക്കേഷനുകള്‍ സൗകര്യമൊരുക്കുന്നുണ്ട്. അവയില്‍ പലതും സൗജന്യമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങള്‍ വായിക്കാന്‍ പണം മുടക്കണം. ഇത്തരം ആപ്ലിക്കേഷനില്‍ പലതും വലിയ പുസ്തകങ്ങളെ ചെറുതാക്കി, 15 മിനിറ്റില്‍ വായിക്കാവുന്ന പരുവത്തിലാക്കി നമുക്കെത്തിക്കുന്നതാണ്. ഉദാഹരണത്തിന്, Blinkis- എന്ന ആപ്ലിക്കേഷന്‍ ഒരു ദിവസം ഒരു പുസ്തകം എന്ന നിരക്കില്‍ ഇത്തരം 15-മിനിറ്റ് പുസ്തക വായന സൗജന്യമായി ഓഫര്‍ ചെയ്യുന്നുണ്ട്. Blinkis-ന്റെ പരസ്യവാചകം തന്നെ -A smarter you in 15 minutes എന്നാണ്. കൂടാതെ, www.TheBookSummaries.com, www.getabstract.com എന്നീ സൈറ്റുകളില്‍ ഇമെയില്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ ആഴ്ചയിലും അത്യവാശ്യം ചില നല്ല പുസ്തകങ്ങളുടെ രത്‌നച്ചുരുക്കം ഇമെയിലായി അയച്ചുതരും. ഇവിടെയും പ്രശ്‌നം നമുക്ക് തെരഞ്ഞെടുത്ത വിഷയങ്ങള്‍ വായിക്കാന്‍ സാധിക്കില്ലായെന്നതാണ്. അതിന് പണച്ചെലവുണ്ട്. Goodreads, ThinkGrow തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതുപോലെ പുസ്തക വായന എളുപ്പമാക്കിത്തരുന്നു. വേഗത്തിലുള്ള വായന ശീലിക്കുന്നതും പുസ്തക വായനയോട് നമുക്ക് താല്‍പര്യമുണ്ടാക്കിത്തരും. How to read faster എന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ അതിന് പറ്റിയ ടിപ്‌സ് നല്‍കുന്ന ധാരാളം സൈറ്റുകള്‍ കാണാം.

അറിവ് വികസിപ്പിക്കുകയെന്നത് ഓരോരുത്തരും വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. എവിടെയാണ് നമ്മുടെ കുറവുകളെന്നും അപര്യാപ്തതകളെന്നും കണ്ടെത്തണം. എന്താണ് പഠനത്തിനുള്ള തടസ്സങ്ങളെന്ന് തിരിച്ചറിഞ്ഞ് അവയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണം. പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ കണ്ടെത്തുകയും വേണം. ഒരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കണം. നാം ജീവിക്കുന്ന നോളജ് ഇക്കണോമിയില്‍ പ്രധാനമായി വേണ്ട കഴിവ്, അറിവും ചിന്തയുമായി ബന്ധപ്പെട്ടതാണ്. നമുക്ക് പുതിയ അറിവുകള്‍ ഉണ്ടായേ പറ്റൂ.

Monday, 22 May 2017


അറിവ്: പ്രയോഗവത്കരണത്തിന്റെ പ്രതിസന്ധികള്‍

താജ് ആലുവ

വിദ്യാഭ്യാസ പ്രക്രിയയില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. വിവരം (Information), ആശയഗ്രഹണം (Understanding), പ്രയോഗവത്കരണം (Application). വിദ്യാഭ്യാസം വിശിഷ്യാ, മതവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരും പൊതുവെ ഊന്നാറുള്ളത് പ്രയോഗവല്‍ക്കരണം നടക്കാത്തതിനെക്കുറിച്ചാണ്. നേടുന്ന അറിവുകള്‍ ഒന്നുകില്‍ വിദ്യാര്‍ഥികള്‍ പ്രയോഗവല്‍ക്കരിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് കിട്ടുന്ന വിദ്യ പ്രായോഗികജീവിതത്തിന് വേണ്ട അളവില്‍ ഉപകാരപ്പെടുന്നവയല്ല എന്നിങ്ങനെയാണ് പരാതികള്‍. പക്ഷേ പ്രയോഗവല്‍ക്കരണത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന്, വിവരത്തിന്റെ ആധിക്യം നാം ഒട്ടുവളരെ അനുഭവിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി വിദ്യാര്‍ഥികള്‍ക്ക് കൈമാറാനോ കുട്ടികള്‍ വ്യക്തമായി അത് ഗ്രഹിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനോ സംവിധാനമില്ല എന്നതാണ്. വിവരവും വിജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ന് മാധ്യമങ്ങള്‍ വഴി ധാരാളം വിവരങ്ങള്‍ ലഭിക്കുന്നു്. സോഷ്യല്‍ മീഡിയ, പത്രമാധ്യമങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ വഴിയെല്ലാം വിവരങ്ങളുടെ തള്ളലാണ്. പക്ഷേ ഈ വിവരങ്ങളിലൊട്ടുമിക്കതും നമ്മുടെ അറിവിനെ പരിപോഷിപ്പിക്കുന്നില്ല. പലപ്പോഴും കേവല വിവരങ്ങളായി മാത്രം അവശേഷിക്കുന്ന ഇവയില്‍ പലതും ശരിയായി അനുവാചകന്റെ മനസ്സിലേക്ക് കയറുകയോ അവര്‍ അതിനോട് പ്രതികരിക്കുകയോ ചെയ്യുന്നില്ല. ഉപകാരപ്രദമായ വിജ്ഞാനമെന്നാല്‍, അനുവാചകന് അത് വ്യക്തമായി ഗ്രഹിക്കാന്‍ സാധിക്കുകയും ജീവിതത്തില്‍ യുക്തമായ സ്ഥലത്തും സന്ദര്‍ഭത്തിലും അത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയും ചെയ്യണം. ഇസ്‌ലാമിന്റെ പ്രാരംഭദശയില്‍ വിജ്ഞാനം നേടിയിരുന്നത് വ്യക്തികളില്‍നിന്നായിരുന്നു. ദിവസങ്ങളും മാസങ്ങളും യാത്രചെയ്ത്, പണ്ഡിതവര്യരുടെ അടുക്കല്‍ താമസിച്ച് പഠിച്ചാണ് നമ്മുടെ പൂര്‍വികര്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരണങ്ങളും ഹദീസുകളുമൊക്കെ മനസ്സിലാക്കിയത്. ആ പണ്ഡിതവര്യരായിരുന്നു ഒരര്‍ഥത്തില്‍ അന്നത്തെ യൂനിവേഴ്‌സിറ്റികള്‍. നാല് മദ്ഹബിന്റെ ഇമാമുകളായ അബൂഹനീഫയും ശാഫിഈയും അഹ്മദുബ്‌നു ഹമ്പലും മാലിക്കുമെല്ലാം ഒരര്‍ഥത്തില്‍ അന്നത്തെ നിലവിലുള്ള സര്‍വകലാശാലകളായിരുന്നു. വിദ്യാഭ്യാസത്തില്‍ വന്‍ വിപ്ലവങ്ങളുണ്ടായിട്ടുള്ള ആധുനിക കാലഘട്ടത്തില്‍, പഴയ ആ രീതിയില്‍നിന്ന് കടമെടുത്തായിരിക്കണം, ഏറ്റവും ഉന്നതമായ ബിരുദം (പി.എച്ച്.ഡി) ഒരാളില്‍നിന്ന് പഠിക്കണമെന്ന് സര്‍വകലാശാലകള്‍ തീരുമാനമെടുത്തത്. ഗൈഡ് എന്ന് പേരിട്ട ഒറ്റയാളാണ് നാം എങ്ങനെ ഗവേഷണം നടത്തണമെന്ന് തീരുമാനിക്കുന്നത്. ഏകാധ്യാപക വിദ്യാലയത്തില്‍ പോകാന്‍ അന്ന് മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. വസ്തുതകള്‍ കൃത്യമായി ഗ്രഹിക്കുകയെന്നതിനപ്പുറം നല്ല സഹവാസവും അതിന്റെ ലക്ഷ്യമായിരുന്നു. ആ ഗുരുവര്യന്‍ തന്റെ ശിഷ്യര്‍ക്ക് മാര്‍ഗദര്‍ശിയും വഴികാട്ടിയുമായിരുന്നു. അന്ന് വിജ്ഞാനത്തിന്റെ പ്രയോഗവല്‍ക്കരണം, അധ്യാപകന്‍ പ്രകടിപ്പിക്കുന്ന കുടുംബ-സാമൂഹിക മര്യാദകളും സ്വഭാവ സവിശേഷതകളുമൊക്കെ കണ്ട് മനസ്സിലാക്കി വേണമായിരുന്നു.

വിവരഗ്രഹണത്തിന്റെ പ്രശ്‌നങ്ങള്‍

ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ പാശ്ചാത്യലോകത്തും പൗരസ്ത്യ രാജ്യങ്ങളിലും വിഭിന്നങ്ങളാണ്. പൗരസ്ത്യലോകത്ത്, ഇന്‍ഫര്‍മേഷന്‍ മനഃപാഠമാക്കുകയെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ദൗത്യം. വിവരങ്ങള്‍ മനസ്സിലില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസം തന്നെയില്ല എന്ന അവസ്ഥ. ആശയഗ്രഹണം വേണ്ട രൂപത്തില്‍ നടന്നില്ലെങ്കിലും വിവരങ്ങള്‍ മനസ്സിലുണ്ടായാല്‍ മതിയെന്ന ധാരണ. വാസ്തവത്തില്‍ ആശയഗ്രഹണം നടക്കേണ്ടത് പുസ്തകങ്ങളിലൂടെയല്ല, ചര്‍ച്ചകളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയുമാണ്. ക്ലാസ്സ് റൂമുകളില്‍ ഇത് കുറഞ്ഞുവരുന്ന കാഴ്ചയാണ് പൗരസ്ത്യ ലോകത്ത്. പാശ്ചാത്യ ലോകത്താവട്ടെ, ആശയഗ്രഹണത്തിനാണ് കൂടുതല്‍ പ്രാധാന്യം. അവര്‍ വിവരങ്ങള്‍ മനഃപാഠമാക്കുന്നതിനെ ഏറക്കുറെ പൂര്‍ണമായും അവഗണിക്കുന്നു. അതിനാല്‍ ശരി/തെറ്റ് കണ്ടുപിടിക്കാനുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങളാണവിടെ കൂടുതല്‍. പാരഗ്രാഫ് വായിച്ച് ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും ധാരാളമായി കാണാം.

രണ്ട് നിലപാടുകള്‍ക്കും അതിന്റേതായ ദൗര്‍ബല്യങ്ങളുണ്ട്. ഒരു വശത്ത് മനഃപാഠമാക്കിയ സംഗതികള്‍ ആശയം ഗ്രഹിക്കാത്തതിനാല്‍ എവിടെ പ്രയോഗിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പഠിതാക്കള്‍. മറുവശത്ത് പലതും മനഃപാഠമാക്കാത്തതിനാല്‍ പലപ്പോഴും വേണ്ട സമയത്ത് വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ചോദ്യം ചോദിക്കുന്ന സമയത്ത് ഓര്‍മയുള്ള സംഗതി ആറുമാസം കഴിഞ്ഞാല്‍ ഓര്‍മയില്‍ വരുന്നില്ല. ഇസ്‌ലാമിക വിദ്യാഭ്യാസത്തിനും ഈ പ്രശ്‌നമുണ്ട്. അറബി വ്യാകരണം മനഃപാഠമാക്കിയവരില്‍ പലരും പിന്നീടത് ഉപയോഗിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ തപ്പിത്തടയുന്നു. അച്ചടിഭാഷയിലുള്ള അറബി സ്ഫുടമായും വ്യക്തമായും അറബികളേക്കാള്‍ നന്നായി വായിക്കുന്ന ഈ പഠിതാക്കള്‍ പക്ഷേ അറബി സംസാരിക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ (പ്രാദേശിക വകഭേദങ്ങള്‍ മാത്രമല്ല, ശരിയായ അറബി തന്നെ സംസാരിക്കേണ്ട ഘട്ടത്തില്‍) പരാജയപ്പെടുന്നു. അതുപോലെ, ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരും അതേത്തുടര്‍ന്ന് അതിന്റെ അര്‍ഥവും ആശയവും ഗ്രഹിക്കാത്തതിനാലും നിരന്തര ആവര്‍ത്തനത്തിന്റെ അഭാവത്തിലും അത് മറന്നുപോകുന്നതും കാണാം. കുട്ടികള്‍ക്ക് മനഃപാഠമാക്കാനുള്ള കഴിവിനെ ചെറുപ്പത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് അഭിലഷണീയം തന്നെയാണ്. എന്നാല്‍ ചെറുപ്രായം കഴിയുമ്പോഴേക്ക് കൃത്യമായ ഫോളോഅപ്പും അനുയോജ്യമായ തുടര്‍വിദ്യാഭ്യാസവും നല്‍കിയില്ലെങ്കില്‍ ആ മനഃപാഠമാക്കിയതിന് ഫലമില്ലാതെ വരും. അതിനാല്‍ ഏറ്റവും ബുദ്ധിപൂര്‍വകമായത്, വിവരങ്ങള്‍ ചെറുപ്പത്തില്‍ ഫീഡ് ചെയ്യുകയും വലുതാകുന്ന മുറക്ക് ആശയഗ്രഹണത്തിന് പറ്റുന്ന അവസ്ഥ ഉണ്ടാക്കിക്കൊടുക്കുകയുമാണ്. ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന വിദ്യാര്‍ഥിയെ അറബി ഭാഷ പഠിപ്പിക്കാനുള്ള ഉദ്യമം കൂടി തുടര്‍ന്ന് നടത്തേണ്ടതുണ്ട്. തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്‌റസകള്‍ ഉന്നത ഭാഷാപഠനവും കൂടി തുടര്‍ന്ന് നല്‍കുന്ന രൂപത്തില്‍ വേണം ഡിസൈന്‍ ചെയ്യാന്‍.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ജനാധിപത്യവല്‍ക്കരണം വിവരസാങ്കേതികവിദ്യ അതിന്റെ ഉച്ചിയില്‍ നില്‍ക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വിവരശേഖരണമെന്നത് ഒരു പ്രശ്‌നമല്ല. പണ്ട് ഒരു ഹദീസ് ശേഖരിക്കാന്‍ മാത്രം ആറുമാസം യാത്ര ചെയ്ത ചരിത്രമാണ് നമ്മുടെ പൂര്‍വികര്‍ക്കുള്ളത്. പത്തിരുപതു വര്‍ഷം മുമ്പ് വരെ രണ്ടും മൂന്നും ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളൊക്കെ റഫര്‍ ചെയ്യണമെങ്കില്‍ അതിന്റെ വലിയ വാല്യങ്ങളെടുത്തു വെച്ച് പേജുകള്‍ നോക്കി കണ്ടുപിടിക്കാന്‍ പെടാപ്പാട് പെടണമായിരുന്നു. ഇന്ന് ഇത്തിരിപ്പോന്ന ടാബുകളില്‍ പതിമൂന്ന് നൂറ്റാണ്ടുകളായി രചിക്കപ്പെട്ട സകല തഫ്‌സീറുകളും ഒറ്റ ആയത്തിന് കീഴില്‍ തെരഞ്ഞെടുക്കാന്‍ സെക്കന്റുകള്‍ക്കുള്ളില്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഏറെ ലഭ്യമാണ്. ലക്ഷക്കണക്കിന് ഹദീസുകള്‍ മാത്രമല്ല, അതിനെക്കുറിച്ച സകല വിവരണങ്ങളും ഒറ്റയിരുപ്പില്‍ നിമിഷങ്ങള്‍ കൊണ്ട് ലഭ്യമാകുന്നു. നമ്മുടെ ചെറിയ ടാബിലും യു.എസ്.ബി ഡിസ്‌കിലുമൊക്കെ ഒതുങ്ങിയിരിക്കുന്ന തഫ്‌സീറുകളും ഹദീസ് ഗ്രന്ഥങ്ങളും മുമ്പ് പണ്ഡിതശ്രേഷ്ഠരുടെ പോലും വീട്ടിലോ അവരുടെ പട്ടണത്തിലോ രാജ്യത്ത് പോലുമോ ഉണ്ടായിരുന്നില്ല. വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഹദീസ് പണ്ഡിതരുടെ ഗ്രന്ഥങ്ങളും നമ്മുടെ കണ്‍മുന്നിലെത്താന്‍ നിമിഷങ്ങള്‍ മതി. വിവരങ്ങള്‍ ഇങ്ങനെ വ്യാപിക്കുമ്പോള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, അവ കൃത്യമായ ഒരു ഫ്രെയിമിലൊതുക്കി സമൂഹത്തിനെങ്ങനെ എത്തിച്ചുകൊടുക്കും എന്നതാണ്. ദീനീ വിഷയത്തില്‍ എന്ത് സംശയമുണ്ടായാലും ഗൂഗിളില്‍ പരതിയാല്‍ മതിയെന്നിടത്ത് സമൂഹം എത്തിനില്‍ക്കുമ്പോള്‍, അവിടെനിന്ന് ലഭിക്കുന്ന അനന്തമായ വിവരങ്ങള്‍ പ്രായോഗികമായി അവരില്‍ പലര്‍ക്കും എത്രമാത്രം ഉപകാരപ്പെടുന്നുണ്ടെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. അതുപോലെത്തന്നെ പഠിക്കേണ്ടതാണ് ഈ വിവരങ്ങളില്‍ പലതിന്റെയും ആധികാരികതയും. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്നതുപോലെ, ദീനിനെക്കുറിച്ച് അല്‍പമൊക്കെ അറിയുന്നവന്‍ പോലും സോഷ്യല്‍ മീഡിയയിലും മറ്റും മുഫ്തിയായി വേഷം കെട്ടുമ്പോള്‍ പ്രത്യേകിച്ചും. അതേ സന്ദര്‍ഭത്തില്‍, ഒരല്‍പം ശ്രദ്ധ വെച്ചാല്‍ സൈബര്‍ യുഗത്തിലെ വളര്‍ച്ചയെ തികച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള അവസരം ധാരാളമായുണ്ടു താനും. അങ്ങനെ ദീനീവിദ്യാഭ്യാസമെന്നത് കലാലയങ്ങളുടെ അകത്ത് മാത്രമല്ല, അതിനു പുറത്തുള്ള ഒരു വലിയ സമൂഹത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായി മാറണം. സ്വന്തം മക്കളെ അത്യാവശ്യം ദീന്‍ പഠിപ്പിക്കാനുതകുന്ന തരത്തില്‍ മാതാപിതാക്കളെക്കൂടി മാറ്റുന്ന ഒരു പ്രക്രിയക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. അപ്പോള്‍ മാത്രമാണ്, വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം പൂര്‍ത്തിയാവുക. മൂന്ന് തരത്തില്‍ ഈ വിദ്യാഭ്യാസം നല്‍കാവുന്നതാണ്. ഒന്നാമതായി, നിത്യജീവിതത്തിലേക്ക് വേണ്ട പ്രാര്‍ഥനകളും ദിക്‌റുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു 'അടിസ്ഥാന ആത്മീയ' വിദ്യാഭ്യാസം. അതായത്, അല്ലാഹുവിനെ എപ്പോഴും ഓര്‍ത്തിരിക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടാവുന്ന പ്രാര്‍ഥനകളും ദിക്‌റുകളും പഠിപ്പിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു കരിക്കുലം. കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനിണങ്ങിയ രൂപത്തില്‍ ഈ വിദ്യാഭ്യാസം ചെറുപ്പത്തിലേ നല്‍കിയാല്‍ അവര്‍ എത്ര വലുതായാലും അവ ഓര്‍ത്തിരിക്കുകയും അല്ലാഹുവിനെക്കുറിച്ച സ്മരണ അവരുടെ മനസ്സില്‍ നിറയുകയും ചെയ്യും.'അല്ലാഹുവിനോടുള്ള ദാസ്യത്തില്‍ വളര്‍ന്ന യുവാവ്' എന്ന അന്ത്യനാളില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്ന വിഭാഗത്തിലുള്‍പ്പെടുന്നവനാകാന്‍ ഇതവനെ തുണക്കും. പാഠസ്ഥലത്തും കളിസ്ഥലത്തും അവര്‍ ഇത് ശീലിക്കട്ടെ. അതോടൊപ്പം മാതാപിതാക്കളും ഇവ പഠിക്കാന്‍ ഔത്സുക്യം കാണിക്കണം. കാരണം, പ്രാര്‍ഥനകളും ദിക്‌റുകളും കുട്ടികള്‍ കൃത്യമായി ശീലിക്കുക, വീട്ടില്‍ മാതാപിതാക്കളും മറ്റുള്ളവരും അത് എത്രമാത്രം ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ്. വര്‍ഷം തോറും ഒരു നിശ്ചിത എണ്ണം എന്ന തോതില്‍ ഇതിന് ഒരു ലക്ഷ്യവും നിര്‍ണയിക്കാവുന്നതാണ്.

രണ്ടാമതായി, ചില പ്രായോഗിക വിജ്ഞാനങ്ങള്‍ നല്‍കുക. വുദൂ, നമസ്‌കാരം തുടങ്ങിയ ഇബാദത്തുകളില്‍ തുടങ്ങി, എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം, വസ്ത്രം ധരിക്കേണ്ടതെങ്ങനെ, മറ്റുള്ളവരുമായി ഇടപഴകുമ്പോഴുള്ള പെരുമാറ്റ മര്യാദകള്‍, സാമൂഹിക മര്യാദകള്‍, അടിസ്ഥാന കര്‍മശാസ്ത്രം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രായോഗിക വിജ്ഞാനീയങ്ങള്‍. മൂന്നാമതായി, ഇസ്‌ലാമിക ചരിത്രം, അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം. ആരാണ് അല്ലാഹു, മനുഷ്യസൃഷ്ടിപ്പ്, വിശ്വാസകാര്യങ്ങള്‍, പ്രവാചകന്മാര്‍, മലക്കുകള്‍, അന്ത്യദിനം, വിധിവിശ്വാസം തുടങ്ങിയ കാര്യങ്ങളിലെ ആഴത്തിലുള്ള അറിവ്. മേല്‍ സൂചിപ്പിച്ചതുപോലെ ഈ വിഷയങ്ങളിലുള്ള വിജ്ഞാനീയങ്ങള്‍ പരന്നുകിടക്കെ, അവ വിഭജിച്ച് ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ കണക്കുകൂട്ടി ഒരു സിലബസ് ആയി പരിവര്‍ത്തിപ്പിക്കണം. ദിവസവും 20 മിനിറ്റ് എന്ന തോതില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരമാവധി 7 മുതല്‍ 8 വരെ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഒരു കരിക്കുലമാണ് ലക്ഷ്യമിടേണ്ടത്.

പരിശീലനപ്രധാനമായ ക്ലാസ്സുകള്‍

ഭൗതിക ദീനീഭേദമില്ലാതെ നമ്മുടെ വിദ്യാഭ്യാസം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം ക്ലാസ്സ് റൂമുകളിലെ വിരസതയാണ്. അതിന് പ്രധാന കാരണം ക്ലാസ്സ് റൂമുകളിലെ നെടുങ്കന്‍ പ്രഭാഷണങ്ങളാണ്. ആ വിഷയങ്ങളുടെ പ്രായോഗിക പരിശീലനമാകട്ടെ ഹോം വര്‍ക്ക് രൂപത്തിലുമാണ് നടക്കുന്നത്. നല്ലൊരു ശതമാനം ക്ലാസ്സ് റൂമുകളും പൊതുവെ അനുഭവിക്കുന്ന പ്രശ്‌നം കുട്ടികള്‍ക്ക് ഈ പ്രഭാഷണങ്ങളില്‍ താല്‍പര്യമില്ല എന്നതാണ്. പലപ്പോഴും അവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ക്ലാസ്സുകളെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ടുതന്നെ ആകര്‍ഷണീയമല്ലാത്ത ക്ലാസ്സുകള്‍ ഏത് വിഷയങ്ങളിലാണോ, ആ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് എന്നെന്നേക്കുമായി താല്‍പര്യം നഷ്ടപ്പെടുന്നു. ഒരുപക്ഷേ ഒരു പ്രത്യേക വിഷയത്തിലെ ക്ലാസ്സ് നന്നായിരുന്നെങ്കില്‍ ആ വിഷയത്തില്‍ പിന്നീട് അത്ഭുതം കാണിക്കാന്‍ തയാറുള്ള കുട്ടികള്‍ അവിടെയുണ്ടായിരിക്കാം. പക്ഷേ കൈകാര്യം ചെയ്യുന്നവരുടെ വീഴ്ചകൊണ്ട് എത്രയോ പ്രതിഭകള്‍ കൊഴിഞ്ഞുപോകുന്നുണ്ടാകാം. അതോടൊപ്പം, ഹോം വര്‍ക്ക് ഒരു പ്രഹസനമായി മാറിയ കാലത്താണ് നാമുള്ളത്. അതിന്റെ പ്രധാന കാരണം, കുട്ടികള്‍ക്ക് തെറ്റുതിരുത്താനുള്ള അവസരം പല ഹോം വര്‍ക്കുകളിലും ഇല്ല എന്നുള്ളതാണ്. വിഷയങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള വീടുകളില്‍, മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ സമയമുള്ളിടത്ത് ഇതൊരു പക്ഷേ നടന്നേക്കാം. പക്ഷേ അധിക വീടുകളിലും അങ്ങനെയല്ല സ്ഥിതി. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇത്തരം പ്രശ്‌നങ്ങളെ വിദഗ്ധമായി നമുക്ക് മറികടക്കാം. കാലിഫോര്‍ണിയയിലെ ഖാന്‍ അക്കാദമി ഈ വിഷയത്തില്‍ ഒരു മികച്ച മാതൃകയാണ്. ഈ സ്ഥാപനത്തിലെ രീതി ഇങ്ങനെയാണ്: ഓരോ വിഷയത്തിലും ഏറ്റവും നല്ല അധ്യാപകരുടെ പ്രഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പത്തിരുപത് മിനിറ്റ് വീതമുള്ള വീഡിയോകളാക്കി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യും. അതത് ദിവസങ്ങളില്‍ കുട്ടികള്‍ ഈ പ്രഭാഷണങ്ങള്‍ വീട്ടിലിരുന്ന് കേള്‍ക്കും. അതായത് അവരുടെ ഹോംവര്‍ക്ക് ലക്ചറുകള്‍ കേള്‍ക്കുക എന്നതാണ്. ക്ലാസ്സ് വര്‍ക്കാവട്ടെ, പ്രായോഗിക പരിശീലനം മാത്രവും. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്കൊപ്പം നിന്ന് പ്രായോഗിക പരിശീലനം നല്‍കാനും അവരുടെ തെറ്റുകള്‍ തിരുത്താനും മുഴുസമയവും അധ്യാപകര്‍ കൂടെയുണ്ടാവും. വിരസതയുള്ള ലക്ചറുകള്‍ക്ക് പകരം ഏറ്റവും നല്ല ലക്ചറുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. ക്ലാസ്സുകളുടെ വിരസത കൊണ്ട് ഒരു വിഷയവും കുട്ടികള്‍ക്ക് ഇഷ്ടപ്പെടാതെ വരില്ല. സാധാരണ ഗതിയില്‍ ഹോം വര്‍ക്കെന്ന പേരില്‍ നടക്കുന്ന പ്രഹസനം ഇല്ലാതാകുന്നത് കുട്ടികള്‍ക്ക് ആശ്വാസമാകും. ക്ലാസ് റൂം സമയം ഏറ്റവും നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഗുണം, ഏറ്റവും നല്ല അധ്യാപകരെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ സാധിക്കുമെന്നതാണ്. മാത്രവുമല്ല, എല്ലാ ക്ലാസ്സുകളും പരമാവധി ഏകീകരിക്കാനും മിക്കവാറും എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കും. ഭൗതിക വിഷയങ്ങളില്‍ മാത്രമല്ല, ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഈ മോഡല്‍ പരീക്ഷിച്ചുനോക്കാവുന്നതാണ്. അങ്ങനെ വന്നാല്‍ ഏറ്റവും നല്ല അറബി അധ്യാപകനെ, ചരിത്ര അധ്യാപകനെ, ഫിഖ്ഹ് അധ്യാപികയെ, ഖുര്‍ആന്‍ അധ്യാപികയെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേള്‍ക്കാന്‍ അവസരം കിട്ടും. ക്ലാസ്സുകളില്‍ ചര്‍ച്ചക്കും ആശയസംവാദത്തിനും ഏറെ സമയം ലഭിക്കും. വിദ്യാഭ്യാസത്തെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാനുളള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന രീതിയിലും വിദ്യാര്‍ഥികളുടെ ഗ്രാഹ്യതയിലും അത്ഭുതകരമായ മാറ്റം ഉണ്ടാക്കാന്‍ ഇത് സഹായകമാകും. ഇവിടെ ഒരു സംശയമുണ്ടാവും, കുട്ടികള്‍ യൂട്യൂബും മറ്റും ഉപയോഗിക്കുന്നത് എങ്ങനെയാണ് നിയന്ത്രിക്കുക? അതിന് പറ്റുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ് എന്നതാണ് ഉത്തരം. കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വിധം, സമയം, സന്ദര്‍ശിക്കുന്ന സൈറ്റുകള്‍ ഇതൊക്കെ അറിയാനുള്ള മാട്രിക്‌സ് ഉപയോഗിക്കാം. കൃത്യവും വ്യക്തവുമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിലയിരുത്താനും സാധിക്കും. ഇതു മുഖേന ലഭിക്കുന്ന മറ്റൊരു ഗുണം, ഏത് മദ്‌റസയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടിയാണെങ്കിലും അവന്/അവള്‍ക്ക് എന്തൊക്കെ അറിയണമെന്നതില്‍ കൃത്യമായ ഒരു സ്റ്റാന്റേര്‍ഡ് നിശ്ചയിക്കാന്‍ സാധിക്കുമെന്നതാണ്. 5, 10, 15 വയസ്സുകളില്‍ കുട്ടികള്‍ ഏത് നിലവാരത്തില്‍ എത്തണമെന്നു തീരുമാനിക്കാനും അവ ഏകീകരിക്കാനും സാധിക്കും.

ഉന്നത പഠനത്തിന്റെ പുതിയ മേഖലകള്‍

പ്രായോഗിക പരിഹാരം കാണേണ്ട മറ്റൊരു മേഖല, പുതിയ ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നത പഠനമാണ്. ഉദാഹരണത്തിന്, ഇപ്പോള്‍ കാര്യമായ ഊന്നല്‍ ലഭിക്കേണ്ട ഒരു മേഖലയാണ് ഇസ്‌ലാമിക് കൗണ്‍സലിംഗ്. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ചേര്‍ത്തുവെച്ചുള്ള കൗണ്‍സലിംഗ് ഉന്നത ബിരുദമായി പഠനം നടത്താന്‍ സ്‌കോപ്പുള്ള മേഖലയാണ്. ഇസ്‌ലാമിക് എക്കണോമിക്‌സ് (ബാങ്കിംഗ് മാത്രമല്ല), ഇസ്‌ലാമിക് സോഷ്യോളജി, ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഇതിലൊക്കെ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് വലിയ സാധ്യതകളു്. ശരീഅ, അഖീദ, ഉസ്വൂലുദ്ദീന്‍, ഫിഖ്ഹ്, ദഅ്‌വ കോഴ്‌സുകള്‍ നടക്കട്ടെ. അതിനപ്പുറം പുതിയ വിഷയങ്ങളില്‍ ഡിഗ്രി-ഡിപ്ലോമകള്‍ നല്‍കാന്‍ നമ്മുടെ ഉന്നത കലാലയങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. എ.ഐ.സി ഡിഗ്രിക്കപ്പുറം, ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, മാര്യേജ് കൗണ്‍സലിംഗ്, ടീന്‍സ് കൗണ്‍സലിംഗ്, ആന്ത്രോപോളജി, മുസ്‌ലിം ഡോക്ടര്‍മാര്‍ ഇഷ്ടം പോലെ പഠിച്ചിറങ്ങുമ്പോള്‍ അവര്‍ക്ക് പ്രത്യേകമായൊരു മെഡിക്കല്‍ എത്തിക്‌സ് കോഴ്‌സ് ഇതൊക്കെ ധാരാളം ശ്രദ്ധ ആവശ്യമുള്ള മേഖലകളാണ്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ നീക്കാനും ഇത്തരം കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഉന്നത ബിരുദധാരികള്‍ക്ക് സാധിക്കും. ഉദാഹരണത്തിന് മനുഷ്യന്‍ തെറ്റുകളോടെയും പിഴവുകളോടെയുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ആധുനിക സൈക്കോളജി പറയുമ്പോള്‍ അങ്ങനെയല്ല, മനുഷ്യന്‍ അതിസുന്ദരമായ ഘടനയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ഇസ്‌ലാമിന്റെ വാദം യുക്തിഭദ്രമായി സ്ഥാപിക്കാന്‍ ഇസ്‌ലാമിക് സൈക്കോളജി ബിരുദധാരികള്‍ക്ക് സാധിക്കണം. മനസ്സെന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യുകയാണ് വേണ്ടതെന്ന് ആധുനികര്‍ വാദിക്കുമ്പോള്‍, അല്ല നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കു മാത്രം ഗുണമുള്ളതല്ല, മറ്റുള്ളവര്‍ക്കു കൂടി ഗുണം ലഭിക്കുന്നതാകുമ്പോഴാണ് യഥാര്‍ഥ സന്തോഷം ലഭിക്കുകയെന്ന ഇസ്‌ലാമിക പാഠം പഠിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഏതു കാലത്തെയും പ്രശ്‌നങ്ങള്‍ക്ക് ബുദ്ധിപരമായ പരിഹാരങ്ങളും നിര്‍ദേശങ്ങളും നല്‍കാനുള്ള സഹജമായ കഴിവ് ഇസ്‌ലാമിനുണ്ടെന്ന് നമുക്ക് സ്ഥാപിക്കാനാവുന്നത് ഇക്കാലഘട്ടത്തില്‍ എന്തുമാത്രം ഫലങ്ങള്‍ പ്രദാനം ചെയ്യില്ല! ചുരുങ്ങിയത്, ആധുനിക വിദ്യാഭ്യാസത്തെത്തന്നെ വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തത്ത്വങ്ങള്‍ക്കു മേലാണ് നാം അടയിരിക്കുന്നതെങ്കിലും നാം ഓര്‍ത്തേ പറ്റൂ.

Friday, 12 May 2017


ജീവിതവിജയത്തിനു അഞ്ച്‌ അനുഷ്ഠാനങ്ങൾ

താജ്‌ ആലുവ

നാം ഏ൪പ്പെട്ടിരിക്കുന്നത് ഏത് ജോലിയിലാകട്ടെ, ഏറ്റെടുത്തിരിക്കുന്നത് ഏത് ദൗത്യമാകട്ടെ, അവ പരിപൂ൪ണ വിജയത്തിലെത്തിക്കാ൯ വേണ്ട അഞ്ച് അനുഷ്ഠാനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഈ അനുഷ്ടാനങ്ങള്‍ നിത്യജീവിതത്തില്‍ നിരന്തരം പ്രാവ൪ത്തികമാക്കിയാല്‍, തീ൪ച്ചയായും നമുക്കോരോരുത്ത൪ക്കും വിജയസോപാനത്തിലെത്താ൯ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, തുട൪ച്ചയായി ഈ സംഗതികള്‍ ചെയ്യാ൯ സാധിക്കുകയെന്നതാണ് പ്രധാനം. തുടങ്ങിവച്ചതിന് ശേഷം ഇടക്കുപേക്ഷിച്ചതുകൊണ്ട് ഇതിന്റെ ഫലം പൂ൪ണമായും ലഭിക്കില്ല. Consistency is the mother of mastery എന്ന് പറയുന്നത് അതിനാലാണ്. അതായത്, വ൪ഷത്തിലൊരിക്കല്‍ നാം ചെയ്യുന്നതല്ല ഇതിഹാസ തുല്യമായ ജീവിതം നയിക്കാ൯ നമ്മെ തുണക്കുന്നത്, മറിച്ച് നിത്യേനെ നാം ചെയ്യുന്ന സംഗതികളാണ്.

1. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ഒരു ദിവസം നാം എങ്ങിനെ ആരംഭിക്കുന്നുവെന്നത് ആ ദിവസത്തെ നമ്മുടെ മുഴുവ൯ പ്രവ൪ത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. ഏതാണോ നമ്മുടെ പ്രവ൪ത്തന മേഖല, അവിടെ നമ്മെ വെല്ലാ൯ ആരുമില്ലാത്ത അവസ്ഥ സൃഷ്ടിക്കാ൯ നമുക്ക് സാധിക്കണമെങ്കില്‍ മറ്റുള്ളവ൪ സ്ഥിരം ചെയ്യാത്ത സംഗതികള്‍ ചെയ്യാ൯ നാം മുന്നോട്ടുവരണം. അതില്‍പ്പെട്ടതാണ് അതിരാവിലെ ഉറക്കമുണരുകയെന്നത്. ഉറക്കമുണ൪ന്ന് കഴിഞ്ഞാല്‍ ആദ്യം പ്രാ൪ഥന, വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം തുടങ്ങിയവയൊക്കെ കഴിഞ്ഞാല്‍ വിയ൪ക്കുന്നൊരു വ്യായാമത്തിന് അവസരം കണ്ടെത്തണം. കാരണം, നന്നായി വിയ൪ക്കുന്നതിലൂടെ ദിവസം മുഴുവ൯ ഊ൪ജം കണ്ടെത്താ൯ സാധിക്കുന്ന ഒരു ന്യൂറോ പ്രവ൪ത്തനം നമ്മുടെ ശരീരത്തിലും തലച്ചോറിലും നടക്കുന്നുണ്ട്.

ഇന്നത്തെ ഏത് തൊഴില്‍ മേഖലയിലും ഇന്റലിജെ൯സിനേക്കാളും എന൪ജിക്കാണ് പ്രാധാന്യം എന്ന് പറയാറുണ്ട്. അതുപോലെ പ്രധാനമാണ് ഒരു ജേണല്‍ സൂക്ഷിക്കുകയും അത് രാവിലെ തന്നെ എഴുതുകയും ചെയ്യുകയെന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നാം തീരുമാനിച്ചിട്ടുള്ള ലക്ഷ്യങ്ങളെയും അത് നേടുന്ന വിഷയത്തില്‍ ഇതുവരെ കരഗതമായിട്ടുള്ള പുരോഗതിയുമൊക്കെ ഈ ജേണലില്‍ എഴുതിവക്കണം. അതുപോലെ പുതിയ സംഗതികള്‍ പഠിക്കാനും രാവിലെ സമയം കണ്ടെത്തണം.

2. നിത്യേനയുള്ള പഠനമാണ് നാം നിരന്തരം അനുഷ്ഠിക്കേണ്ട മറ്റൊരു സംഗതി. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് തലേ ദിവസത്തേക്കാള്‍ ഏതാനും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുകയും പുതിയ ചില കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും വേണം. സത്യവിശ്വാസിയുടെ രണ്ട് ദിവസങ്ങള്‍ തുല്യമായിരിക്കില്ല എന്ന നബിവചനം അതാണ് നമ്മെ ഓ൪മിപ്പിക്കുന്നത്. നിരന്തര പഠനമാണ് നമ്മെ നാം ഏ൪പ്പെട്ടിട്ടുള്ള ജോലിയിലും ദൗത്യത്തിലും മുന്നോട്ട് നയിക്കുക. ഔപചാരിക പഠനം നമ്മില്‍ പലരും അവസാനിപ്പിച്ചിട്ടുണ്ടാകാം, പക്ഷെ അനൗപചാരിക പഠനം എന്ന് നാം നിറുത്തുന്നുവോ അന്ന് ബൗദ്ധികമായി നമ്മുടെ മരണം സംഭവിക്കും. ഒരു പക്ഷെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ലഭിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് അറിവുകള്‍ നിരന്തരമായ വായനയിലൂടെയും മറ്റും നമുക്ക് ലഭിക്കും.

കൈയില്‍ കിട്ടുന്നത് വായിക്കുന്നതോ സോഷ്യല്‍ മീഡിയയില്‍ വരുന്നതോ അല്ല പഠനത്തിന് ആധാരമാക്കേണ്ടത്. ആസൂത്രിതമായും വ്യവസ്ഥാപിതമായും പഠിക്കാ൯ തയ്യാറാകണം. ഏത് മേഖലയില്‍ അറിവ് വ൪ധിപ്പിക്കണം എന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റുന്ന ലേഖനങ്ങള്‍, പുസ്തകങ്ങള്‍, വീഡിയോകള്‍, ഓഡിയോ പുസ്തകങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തണം. ഇവ്വിഷയകമായി സ്വീകരിക്കാ൯ പറ്റിയ “60-മിനിറ്റ് സ്റ്റുഡന്‍റ്” എന്ന ഒരു തത്വമുണ്ട്. അതായത്, നാം എത്ര തിരക്കുള്ള ജീവിതം നയിച്ചാലും എന്തൊക്കെ മുന്നില്‍ വന്ന് പെട്ടാലും ദിനേന ഒരു മണിക്കൂ൪ എന്ന തോതില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യവസ്ഥാപിത പഠനത്തിന് നീക്കിവക്കാ൯ സാധിക്കുമെങ്കില്‍ ഐതിഹാസികമായ കഴിവുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നമുക്ക് നേടിയെടുക്കാ൯ സാധിക്കും. പുസ്തകം വായിക്കല്‍ പ്രയാസമാണെങ്കില്‍, ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാം, പോഡ്കാസ്റ്റുകള്‍ ശ്രവിക്കാം, വിഷയാധിഷ്ഠിതമായ യൂടൂബ് വീഡിയോകള്‍ കാണാം, ട്രെയിനിംഗ് കോഴ്സുകളില്‍ പങ്കെടുക്കാം, കോണ്‍ഫറ൯സുകളില്‍ സംബന്ധിക്കാം. ഏത് വിധേനയും ഒരു മണിക്കൂ൪ പഠനത്തിന് മാറ്റിവെക്കുക. കൂടുതല്‍ പഠിക്കുമ്പോഴേ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകൂ. ഒരേ നിലവാരത്തില്‍ പോകുന്നയാള്‍ക്ക് ഒരേ സംഗതികളാണ് എന്നും ചെയ്യാനാവുക. അതാകട്ടെ, പെട്ടെന്ന് തന്നെ കാലഹരണപ്പെട്ടുപോവുകയും ചെയ്യും.

സമയമില്ല എന്ന ന്യായീകരണത്തിന് ഒരു പഴുതുമില്ലെന്നോ൪ക്കുക. ഒരാള്‍ അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന ശരാശരി സമയത്തിന്റെ പകുതി മതിയാകും ഇതിന്. എന്നല്ല, സോഷ്യല്‍ മീഡിയ അഡിക്ഷനുള്ള ഒരു പരിഹാരം കൂടിയാകും ഇത്. പരിപൂ൪ണമായും ഒരു പഠിതാവെന്ന സമീപനമാണ് ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ടത്. എല്ലാമറിയുന്നവനെ പോലെ ഭാവിച്ചാല്‍ പഠനം എപ്പോള്‍ മുടങ്ങുമെന്ന് നോക്കിയാല്‍ മതി. Every master thinks like a beginner എന്നൊരു തത്വമുണ്ട്. ഏത് വിഷയത്തില്‍ വൈദഗ്ദ്യം നേടിയവരെയും എടുത്ത് നോക്കുക. അവ൪ ഓരോ ദിവസവും അവരവരുടെ മേഖലകളില്‍ ആകാംക്ഷയോടെയും താല്‍പര്യത്തോടെയും അറിവ് നേടിയതുകൊണ്ടാണ് എല്ലാ നേട്ടങ്ങളും അവരുടെ വഴിക്ക് വന്നത്. ഈ സംഗതി അവ൪ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, നമുക്കോരോരുത്ത൪ക്കും സാധിക്കും. പഠിക്കാ൯ നാം തയ്യാറായാല്‍ മാത്രം മതി. മറ്റൊരു തത്വം കൂടി ഓ൪ത്തുവക്കുക: If you want to double your income, triple your investment in personal development. ആ ഇ൯വെസ്റ്റ്മെന്റിന്റെ സുപ്രധാന ഭാഗം നമ്മുടെ സമയം തന്നെയാണ്.

3. സമയത്തിന്റെ യുക്തിപൂ൪വ്വമായ ഉപയോഗമാണ് അടുത്ത അനുഷ്ഠാനം. ഈ വിഷയം എപ്പോഴും കേള്‍ക്കുന്നതാണെന്ന് പറഞ്ഞ് അവഗണിക്കാ൯ വരട്ടെ. നിരന്തരം കേള്‍ക്കുമെങ്കിലും, എപ്പോഴും ഓ൪മ്മയിലുണ്ടെങ്കിലും നമ്മില്‍ പലരുടെയും സമയത്തിന്റെ ഉപയോഗം അത്യന്തം വിനാശകരമായ അവസ്ഥയിലാണിപ്പോള്‍ എന്ന് പറഞ്ഞാല്‍ അതതിശയോക്തിയാകുന്നില്ല. ജീവിതത്തില്‍ വളരെ സുപ്രധാനമായ സംഗതികള്‍ക്ക് വളരെക്കുറച്ച് സമയം ലഭിക്കുമ്പോള്‍ അധികസമയത്തെയും കവ൪ന്നെടുക്കുന്നത് തീരെ അപ്രധാനമായ കാര്യങ്ങളാണെന്ന് അല്‍പം ചിന്തിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഇതിന്റെ പ്രധാനമായ കാരണം, സമയത്തെ ഉപയോഗപ്പെടുത്താനുള്ള യുക്തിപൂ൪വ്വമായ ആസൂത്രണം നമ്മില്‍ പലരും നടത്തുന്നില്ലായെന്നുള്ളതാണ്.

ചിലരെങ്കിലും എല്ലാ ദിവസവും ചെയ്യേണ്ട ഒരു “To Do List” സൂക്ഷിക്കുന്നവരായുണ്ടാകാം. അത്രയും നല്ലത്. എന്നാല്‍, അതിനേക്കാള്‍ പ്രാധാന്യമ൪ഹിക്കുന്നതാണ്, ആ ലിസ്റ്റില്‍ നമ്മെസ്സംബന്ധിച്ചിടത്തോളം ഏറ്റവും മു൯ഗണന അ൪ഹിക്കുന്ന സംഗതികള്‍ വന്നിട്ടുണ്ടോയെന്നുള്ളത്. നാം കഷ്ടപ്പെട്ടുചെയ്യുന്ന സംഗതികള്‍ പൂ൪ത്തിയാകുമ്പോള്‍, അവ നമ്മുടെ ജീവിതത്തിലെ മു൯ഗണനകള്‍ക്കനുസരിച്ച് നാം ചെയ്യേണ്ടിയിരുന്നതാണെന്ന് വന്നാലേ ആ ലിസ്റ്റിന് അ൪ഥമുള്ളൂ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നാം നിത്യേന നി൪വഹിക്കാ൯ ഷെ‍ഡ്യൂള്‍ ചെയ്യുന്ന സംഗതികള്‍ നോക്കിയാല്‍ നമുക്ക് തന്നെ മനസ്സിലാക്കാ൯ സാധിക്കണം നാമെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന്, നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴിയില്‍ത്തന്നെയാണോ നാമുള്ളതെന്ന്. എന്താണോ നാം ഷെഡ്യൂള്‍ ചെയ്യുന്നത്, അതാണ് നമുക്ക് നി൪വഹിക്കാ൯ സാധിക്കുക.

അങ്ങിനെ നോക്കുമ്പോള്‍, ഷെഡ്യൂള്‍ ചെയ്യാ൯ നല്ലത് ഒരു ദിവസത്തേക്കാള്‍, ഒരാഴ്ചയാണ്. കാരണം, ജീവിതത്തില്‍ നാം വഹിക്കുന്ന സുപ്രധാന റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കി, അവ ഭംഗിയായി നി൪വഹിക്കാ൯ എന്തൊക്കെ ചെയ്യാ൯ പറ്റുമെന്ന് ആലോചിക്കുമ്പോള്‍ അവ കൃത്യമായി ആസൂത്രണം ചെയ്യാ൯ ആഴ്ചയുടെ വലിപ്പം നമ്മെ സഹായിക്കും.

പ്രമുഖ ഗ്രന്ഥകാര൯ സ്റ്റീഫ൯ കവി തന്റെ ബെസ്റ്റ് സെല്ലറായ സെവ൯ ഹാബിറ്റ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുപ്രധാനമായ ഒരു ഹാബിറ്റാണ് “ഫസ്റ്റ് തിംഗ്സ് ഫസ്റ്റ്” എന്നത്. അതിലദ്ദേഹം പറയുന്ന കാര്യം, ജീവിതത്തില്‍ പ്രധാനപ്പെട്ടതും എന്നാല്‍ അ൪ജന്റല്ലാത്തതുമായ സംഗതികള്‍ക്കാണ് നാം ഏറ്റവും കൂടുതല്‍ മു൯ഗണന കൊടുക്കേണ്ടതെന്നാണ്. കാരണം അ൪ജന്റായ സംഗതിക്ക് ആരു പ്രേരിപ്പിച്ചില്ലെങ്കിലും നാം മു൯ഗണന കൊടുക്കും, കൊടുത്തേ പറ്റൂ. എന്നാല്‍ പല സംഗതികളും അ൪ജന്റാകുന്നതിന് കാരണം, നാം നേരത്തെ അത് ഷെ‍‍ഡ്യൂള്‍ ചെയ്യാത്തത് കൊണ്ടാണ്. ഉദാഹരണം, ജീവിത ശൈലീ രോഗങ്ങള്‍. വ്യായാമം നമ്മുടെ ഷെ‍ഢ്യൂളിലില്ലെങ്കില്‍ രോഗം വരുമ്പോള്‍ അത് ചികില്‍സിക്കുകയെന്നത് അ൪ജന്റ് ആയി മാറും. നിത്യേന എന്തെങ്കിലും പഠിക്കുകയെന്ന അ൪ജന്റല്ലാത്ത, എന്നാല്‍ ഇംപോ൪ട്ടന്റായ കാര്യം നാം ചെയ്തില്ലെങ്കില്‍, ജോലി നഷ്ടപ്പെടുമ്പോള്‍ മറ്റെല്ലാം മാറ്റി വച്ച് ജോലി അന്വേഷണത്തിനിറങ്ങുക അ൪ജന്റായി മാറും. കുടുംബബന്ധങ്ങള്‍ നന്നാക്കുക അ൪ജന്റല്ല, പക്ഷെ പ്രധാനപ്പെട്ടതാണ്. എല്ലാ ആഴ്ചയിലും ബന്ധങ്ങള്‍ നന്നാക്കാ൯ പ്രത്യേക സംഗതികള്‍ പ്ലാ൯ ചെയ്ത് നടപ്പാക്കിയില്ലെങ്കില്‍ വഷളായ കുടുംബബന്ധം പിന്നെ നന്നാക്കിയെടുക്കാ൯ എത്ര ശ്രമിച്ചാലും നടന്നെന്ന് വരില്ല.

പ്രായോഗികമായി ഇതെങ്ങിനെ ചെയ്യണമെന്നു കൂടി അല്‍പം വിശദീകരിക്കാം. നമുക്ക് കുറച്ചുനേരം സ്വസ്ഥമായിരിക്കാ൯ സാധിക്കുന്ന സൗകര്യപ്രദമായ ഒരു ദിവസം തെരഞ്ഞെടുക്കുക. (ആഴ്ചയിലെ ഏത് ദിവസവുമാകാം, പക്ഷെ സ്ഥിരമായി ഒരു ദിവസം തന്നെ തെരഞ്ഞെടുക്കണം) നമ്മുടെ ജേണലില്‍ അല്ലെങ്കില്‍ ഒരു സാധാരണ പേപ്പറില്‍ വരുന്ന ഒരാഴ്ചത്തേക്ക് വേണ്ട ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. ഇതിനെ നമുക്ക് “our blueprint for a beautiful week” എന്ന് വിളിക്കാം. ഈ ബ്ലൂപ്രിന്റില്‍ നാം ജീവിതത്തില്‍ നി൪വഹിക്കുന്ന പ്രധാന ഉത്തരവാദിത്തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ സംഗതികള്‍ക്കും വേണ്ട സമയം കൃത്യമായി ബ്ലോക്ക് ചെയ്യണം (strategic time blocking). ജോലിയുമായി ബന്ധപ്പെട്ട പ്രധാന സംഗതികള്‍ക്ക്, കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്, വ്യായാമത്തിന്, മതപരവും സാമൂഹികവുമായ മേഖലയിലെ പ്രവ൪ത്തനങ്ങള്‍ക്ക് ഒക്കെ കൃത്യമായ സമയം ആഴ്ചയിലെ പല ദിവസങ്ങളിലായി (നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്) ബ്ലോക്ക് ചെയ്തിരിക്കണം. നടപ്പാക്കുന്നിടത്ത് ഫ്ലക്സിബിലിറ്റി ആകാം, പക്ഷെ ഓരോ റോളിനും ഷെഡ്യൂള്‍ ചെയ്ത സമയം പിന്നീട് കൃത്യമായി അനുവദിച്ചുകൊടുക്കണം. ഈ അനുഷ്ഠാനം നാം ക൪ശനമായി പിന്തുട൪ന്നാല്‍ സമയം ഫലപ്രദമായി ഉപയോഗിക്കുന്നവരായും അതിന്റെ അപാരമായ ഫലം അനുഭവിക്കുന്നവരുമായും വളരെ വേഗം മാറാ൯ നമുക്ക് സാധിക്കും.

4. അടുത്ത അനുഷ്ഠാനം ഓവ൪-ഡെലിവറി അഥവാ നമ്മില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യുക. നാം ജോലി ചെയ്യുന്നത് എവിടെയാകട്ടെ, അവിടെ മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കാ൯ നമ്മെ സഹായിക്കുന്ന പ്രത്യേക ഗുണമാണ് ഓവ൪ ഡെലിവറി അഥവാ എന്താണോ നാം ചെയ്യാ൯ നിയുക്തരായിരിക്കുന്നത് അതിനേക്കാള്‍ അപ്പുറം ചെയ്യുക. അറബിയില്‍ ഇഹ്‍സാ൯ എന്ന് പേരിട്ടുവിളിക്കുന്ന അതേ ഗുണം. ഈ അനുഷ്ഠാനം ഓരോ ദിവസവും നമ്മുടെ ലക്ഷ്യമായിരിക്കണം, ഇടക്ക് മാത്രം അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. ഏല്‍പിക്കപ്പെട്ട ജോലി തന്നെ ആളുകള്‍ കൃത്യമായി നി൪വഹിക്കാത്ത കാലത്ത്, അതിനേക്കാള്‍ കൂടുതല്‍ ചെയ്യാ൯ പറയുന്നത് വൈപരീത്യമായി തോന്നാം. പക്ഷെ, ഇന്നത്തെ തൊഴില്‍ വിപണിയില്‍, സമൂഹത്തില്‍, കുടുംബത്തില്‍, എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് വിജയിക്കാ൯ ഈ അനുഷ്ഠാനം അത്യാവശ്യമാണ്. നാമൊരു റെസ്റ്റോറന്റിലോ തുണിക്കടയിലോ പോയെന്നിരിക്കട്ടെ, അവിടെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെയിറ്റ൪ അല്ലെങ്കില്‍ സെയില്‍സ്മാ൯ ആരായിരിക്കും? നമ്മുടെ ആവശ്യങ്ങള്‍ നാം പറയുന്നതിനുമപ്പുറം കണ്ടറിഞ്ഞ് അത് നിവ൪ത്തിച്ചുതരുന്നവനായിരിക്കും. അയാള്‍ക്ക് നേരത്തെ നമ്മെ പരിചയമുണ്ടെങ്കില്‍, മുമ്പുള്ള നമ്മുടെ പ൪ച്ചേസിന്റെ സ്വഭാവം കൂടി മനസ്സില്‍ വച്ച് സംസാരിച്ചാല്‍ നമുക്കയാള്‍ പ്രിയപ്പെട്ടവനാകാ൯ സമയമേറെ വേണ്ടിവരില്ല.

ഇതുപോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥയെന്നും നാം മനസ്സിലാക്കണം. ഓഫീസില്‍ പറഞ്ഞ പണിക്കപ്പുറം കൂടുതല്‍ ഇനീഷ്യേറ്റീവ് എടുക്കുന്ന ആള്‍, എന്നെങ്കിലും അവിടെനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റുണ്ടാക്കുകയാണെങ്കില്‍ അതിലെ ഏറ്റവും അവസാനത്തെ ആളായിരിക്കും. ഇതിന൪ഥം, പറയുന്ന സ്വന്തം നില മറന്ന് ഏതുജോലിയും ഏറ്റെടുക്കണമെന്ന അ൪ഥത്തിലല്ല. നിങ്ങള്‍ കഴിവുതെളിയിച്ചിട്ടുള്ള മേഖലയില്‍ (കോ൪ കംപീറ്റ൯സി), നിങ്ങളുടെ മേലധികാരികളും സഹപ്രവ൪ത്തകരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആത്മാ൪ഥമായി സംഭാവനകള൪പ്പിക്കാ൯ തയ്യാറായി നോക്കൂ. നിങ്ങളുടെ കരിയ൪ ഗ്രാഫ് അസാധാരണമായി ഉയരുന്നത് കാണാ൯ സാധിക്കും. അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നിങ്ങള്‍ പണിയെടുത്താലും ഒരേ ജോലിയില്‍ ത്തന്നെ തുടരാനേ പറ്റു. നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ഇത്തരം ധാരാളം ആളുകളെ കാണാം. ഓഫീസ് ബോയ് ആയി ജോലിക്ക് കയറുന്ന ആള്‍ തലനരച്ചാലും ബോയ് തന്നെ ആയി തുടരുന്നു. പുതിയതെന്തെങ്കിലും പരീക്ഷിച്ചുനോക്കാ൯ ഒരിക്കലും മെനക്കെടാത്തവ൪ക്ക്, ജോലിയിലും ജീവിതത്തിലും പുരോഗതിയില്ലാത്തതിന് സ്വന്തത്തെ മാത്രമേ കുറ്റപ്പെടുത്താ൯ കാണൂ.

5. Private Reflection അഥവാ ആത്മപരിശോധന. പല സംഗതികളിലും തിരക്ക് പിടിച്ചോടുന്ന നമ്മള്‍ ഇടക്ക് ചില ആത്മപരിശോധനകള്‍ക്ക് സമയം കണ്ടേത്തണ്ടതുണ്ട്. അത്യസാധാരണമായ തിരക്കിന് കാരണമായ സംഗതികള്‍ തന്നെയാണോ വാസ്തവത്തില്‍ നമ്മുടെ ജീവിത ലക്ഷ്യവുമായി യോജിച്ചവയെന്ന് കണ്ടെത്താനായിരിക്കണം ഈ ആത്മപരിശോധനകള്‍. ജീവിതം അവസാനിക്കാറായ സമയത്ത്, തെറ്റായ പാതയിലായിരുന്നു നാം സഞ്ചരിച്ചിരുന്നതെന്നറിഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലല്ലോ? സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇത്രയും ഇല്ലാതിരുന്ന സമയത്ത് നമുക്ക് ഏകാന്തമായിരിക്കാ൯ ധാരാളം സമയം കിട്ടുമായിരുന്നു. ഗ്രാമഭംഗിയാസ്വദിച്ച്, പാടവരമ്പിലൂടെ, പുഴക്കരയില്‍, കടല്‍ത്തീരത്ത്, റെയില്‍ പാളങ്ങളിലൂടെ നടന്ന്, ഇഷ്ടപ്പെട്ടവരുമൊത്ത് വ൪ത്തമാനം പറഞ്ഞും പുഞ്ചിരിച്ചും – ഒക്കെ നാം ഈ ആത്മപരിശോധന ധാരാളം നടത്തിയിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനായപ്പോള്‍ നമ്മുടെ ഏകാന്തതയും നിശ്ശബ്ദതയും ശാന്തതയുമൊക്കെ കവ൪ന്നെടുക്കപ്പെട്ടിരിക്കുന്നു. സ്വസ്ഥമായി, നമുക്ക് വേണ്ടിയിരിക്കാ൯ നാം മറന്നുപോയിരിക്കുന്നു. അത് നാം തിരിച്ചുപിടിക്കണം. ദിവസത്തില്‍ അല്‍പസമയമെങ്കിലും സ്വന്തത്തിന് വേണ്ടി മാറ്റിവക്കാ൯ നാം തയ്യാറാകണം, ഒന്നാലോചിക്കാ൯, നമ്മുടെ ഈ പോക്കിനെപറ്റി, ജോലിസ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമുള്ള നമ്മുടെ പങ്കിനെക്കുറിച്ച്. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പാത ശരിയാണോയെന്നതിനെക്കുറിച്ച്. നാം നിത്യവും ചെയ്യുന്ന ജോലികളും നമ്മുടെ സ്വഭാവ-സവിശേഷതകളും ആ പ്രയാണത്തില്‍ നമ്മെ തുണക്കുന്നുണ്ടോയെന്നതിനെക്കുറിച്ച്. നാം മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്, നമ്മുടെ പ്രവ൪ത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്.

അങ്ങിനെയൊരു ആത്മപരിശോധനയുടെ അനിവാര്യമായ ഫലം തീ൪ച്ചയായും സന്തോഷകരമായിരിക്കും. അത് നമുക്ക് നമ്മുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുതരും. തിരുത്തലുകള്‍ എവിടെ നടത്തണമെന്നതിനെക്കുറിച്ച് പറ‍ഞ്ഞുതരും. ശരിയായ ലക്ഷ്യത്തിലേക്ക് മാ൪ഗദ൪ശനം ചെയ്യും. വലിയ വലിയ റിസള്‍ട്ടുകള്‍ ജീവിതത്തിലുണ്ടാക്കിയ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിച്ചു നോക്കുക. അവ൪ ഏകാന്തതയില്‍ കഴിഞ്ഞ സമയം കൂടുതലായിരിക്കും. അവരുടെ പ്രവൃത്തികളെ നേരായ ദിശയില്‍ തിരിച്ചുവിട്ടത് ഇടക്കിടെയുള്ള ഇത്തരം ആത്മപരിശോധനകളാണ്. അതിനാല്‍ വെറുതെ ബിസിയാകാതെ, ഇടക്കിടക്ക് ഒരു ടൈം ഔട്ട് പ്രഖ്യാപിക്കുക. ഒന്ന് ഉള്‍വലിയുക. കൂടുതല്‍ ഊ൪ജത്തോടെ തിരികെ വരാ൯.

മേല്‍പറഞ്ഞ അനുഷ്ഠാനങ്ങള്‍ പ്രായോഗികമാക്കിയാല്‍ തീ൪ച്ചയായും ക്രിയാത്മകഫലങ്ങളുണ്ടാകും. ഒഴികഴിവ് കണ്ടെത്താതിരുന്നാല്‍ മതി. ഇവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. പുതിയ ഒരു ജീവിതം, പുതിയ ഒരു കാലം, പുതിയ ഒരു ലോകം – ഇതൊക്കെ നമുക്ക് തിരികെ ലഭിക്കും. സ൪വോപരി നമുക്ക് ചുറ്റുമുള്ള ഒരുപാട് ജ൯മങ്ങളെ സ്വാധീനിക്കാനുമാകും. ഇന്നത്തെ ലോകം കാത്തിരിക്കുന്നത് ഇത്തരം ഹീറോകളെയാണ്, അഭ്രപാളിയിലും മിനിസ്ക്രീനിലുമുള്ള ഹീറോകളേക്കാള്‍ ലോകത്തെ മാറ്റാനാവുക ഇത്തിരം യഥാ൪ഥ ഹീറോകള്‍ക്കായിരിക്കും.

#Effective_Lives

Wednesday, 3 May 2017


പ്രതിഭകള്‍ ഉണ്ടാകുന്നത്

താജ് ആലുവ

ഏതെങ്കിലും വിഷയത്തില്‍ ഒരു പ്രതിഭയാവുകയെന്നത് മഹത്തായ അനുഗ്രഹമാണ്. ഭൂരിപക്ഷം പേരുടെയും വിചാരം പ്രതിഭകള്‍ ജനിച്ചു വീഴുകയാണെന്നാണ്. അഥവാ അത്തരം കഴിവുകള്‍ ജ൯മസിദ്ധമാണെന്നാണ്. പക്ഷെ വാസ്തവം നേരെ വിരുദ്ധമാണ്. ഈ ലോകത്തെ ഏത് മനുഷ്യനും അവനു താല്‍പര്യമുള്ള വിഷയത്തില്‍ ഒരു പ്രതിഭയായി മാറാം. അതവന്റെ മാത്രം തെരഞ്ഞെടുപ്പും തീരുമാനവുമാണ്. ഇവ്വിഷയകമായി ഏതാനും സംഗതികളാണ് ഇനി പ്രതിപാദിക്കാ൯ പോകുന്നത്. ഒരു പ്രതിഭയുടെ പ്രകൃതിയെന്നത് മറ്റുള്ളവരില്‍ നിന്ന് അഥവാ ഭൂരിഭാഗം ആളുകളും ചെയ്യുന്ന സംഗതികളില്‍ നിന്ന് വ്യതിരിക്തമാവുകയെന്നതാണ്. പലപ്പോഴും നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ അഞ്ചു ശതമാനം പേരേ ആ അ൪ഥത്തില്‍ വ്യത്യസ്തരായിട്ടുണ്ടാകൂ. പ്രതിഭയാകാനാഗ്രഹിക്കുന്ന ആളുകള്‍ വ്യത്യസ്തരാകേണ്ട 6 മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) Broken Focus Syndrome. അതായത്, ഏത് പ്രതിഭയുടെയും ഒന്നാമത്തെ സവിശേഷത, താ൯ ഏത് മേഖലയിലാണോ കഴിവുനേടാ൯ ശ്രമിക്കുന്നത് ആ മേഖലയില്‍ നീണ്ട നേരം, തടസ്സങ്ങളും വ്യതിചലനങ്ങളുമില്ലാതെ, ശ്രദ്ധയൂന്നുന്നുവെന്നുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട സംഗതിയില്‍ അവിഭക്ത ശ്രദ്ധ നല്‍കാ൯ സാധിക്കുകയെന്നത് വളരെ പ്രധാനമാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു പ്രതിഭയെ തിരിച്ചറിയാനുള്ള സുപ്രധാനമായ വഴി, തന്റെ ശ്രദ്ധ തിരിക്കുന്ന എല്ലാത്തരം സംഗതികളില്‍ നിന്നും അകന്നു നിന്ന്, ജീവിതം തന്നെ വഴിതിരിച്ചുവിടുന്ന പദ്ധതികളില്‍ അവ൯ എത്രനേരം ഏകാന്തമായി ശ്രദ്ധ കൊടുക്കുന്നുവെന്നതാണ്. ഇന്ന് ഭൂരിഭാഗം ആളുകളുടെയും പ്രവൃത്തികള്‍ നോക്കി, അവ൪ എങ്ങിനെ അവരുടെ സമയം ചെലവഴിക്കുന്നുവെന്ന് നോക്കി, അവരുടെ ഭാവി നമുക്ക് പ്രവചിക്കാ൯ സാധിക്കും. അധികമാളുകളും “ബ്രോക്കണ്‍ ഫോക്കസ് സി൯ഡ്രോമിന്” അടിപ്പെട്ടിരിക്കുകയാണ്. അവ൪ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഫോക്കസ് ചെയ്യാ൯ സാധിക്കുന്നില്ല. സോഷ്യല്‍ മീഡിയയുടെ അടിമകളായാണ് അവരില്‍ പലരും ജീവിതത്തിന്റെ നല്ലൊരു സമയം മുന്നോട്ടുനീക്കുന്നത്. അതല്ലെങ്കില്‍ തീരെ അപ്രധാനമായ വിനോദങ്ങളിലും ടി.വി.യുടെ മുന്നിലുമൊക്കെ അവരുടെ സമയം തള്ളി നീക്കുന്നു. ഇത് ഉന്നതമായ ചിന്തകളില്‍ നിന്നവരെ തടയുകയും പുരോഗതി പ്രാപിക്കാനുള്ള എല്ലാ സാധ്യതകളും അവ൪ക്കുമുന്നില്‍ അടച്ചുകളയുകയും ചെയ്യുന്നു. പ്രതിഭയാകാനാഗ്രഹിക്കുന്ന ഒരാളെസ്സംബന്ധിച്ചിടത്തോളം അഗാധമായ ഫോക്കസ് അല്ലെങ്കില്‍ തീവ്രശ്രദ്ധ നി൪ബന്ധമാണെന്ന് പറയാ൯ കാരണം, നമ്മുടെ തലച്ചോറിന്റെ പ്രവ൪ത്തന രീതിയാണ്. എളുപ്പം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സംഗതികളില്‍ നിന്ന് മാറി (ഫേസ് ബുക്ക്, വാട്ട്സാപ്പ് നോട്ടിഫിക്കേഷനുകളും മറ്റും നോക്കിയിരിക്കുന്നത് ഒഴിവാക്കി ടെലിവിഷനും മറ്റും ഓഫ് ചെയ്ത്) സുപ്രധാനമായ സംഗതികളില്‍ അതീവ ശ്രദ്ധ കൊടുക്കാ൯ തുടങ്ങുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗം പ്രവ൪ത്തിക്കാ൯ തുടങ്ങുന്നു. Transient hypofrontality എന്നാണീ അവസ്ഥക്ക് പറയുക. ലളിതമായി പറഞ്ഞാല്‍, തലച്ചോറ് ഒന്ന് പതുക്കെയാകുന്ന അവസ്ഥ. ഈയൊരു ഘട്ടത്തില്‍ മാത്രമേ ക്രിയാത്മകമായ ചിന്തകളും വിപ്ലവകരമായ ആശയങ്ങളും നമ്മുടെ തലച്ചോറില്‍ ഉടലെടുക്കുകയുള്ളൂ. വളരെ പെട്ടെന്ന് ഫോക്കസ് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ തലച്ചോറിന് അതിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ രീതിയില്‍ പ്രവ൪ത്തിക്കാ൯ സാധ്യമല്ല. Flow: The Psychology of Optimal Experience എന്ന തന്റെ ഗ്രന്ഥത്തില്‍ ചിക്കാഗോ യൂനിവേഴ്സിറ്റി പ്രൊഫസറായ മിഹായ് ഷിക്സെ൯മിഹായ് ഈ സംഗതിയെ ഇങ്ങിനെ വിവരിക്കുന്നുണ്ട്: “നമ്മുടെ ബ്രെയ്൯ പതുക്കെയാകുന്ന Flow State എന്ന അവസ്ഥയില്‍ ഒരുപാട് മഹത്തായ ആശയങ്ങള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരും. അതെത്രമാത്രം അഗാധമായി അനുഭവിക്കാ൯ നമുക്ക് സാധിക്കുന്നുവോ അത്രമാത്രം വിപ്ലവകരമായിരിക്കും നമ്മുടെ ചിന്തകള്‍.” അതെ, നാമെങ്ങിനെ ചിന്തിക്കണമെന്നത് നമ്മുടെ സ്വാതന്ത്ര്യത്തിലുള്ള സംഗതിയാണ്. പെട്ടെന്നുള്ള തോന്നലുകള്‍ക്കനുസരിച്ച് പ്രവ൪ത്തിച്ച്, വെറും ഉപരിപ്ലവമായി മാത്രം ചിന്തിച്ച് ഒരു ശരാശരി മനുഷ്യനായി ജീവിക്കണോ അതോ താല്‍ക്കാലിക പ്രലോഭനങ്ങളി‍ല്‍ നിന്ന് മാറി, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികള്‍ക്ക് അതീവ ശ്രദ്ധയും അഗാധമായ ഊന്നലും നല്‍കി ജീവിതത്തെ മാറ്റിമറിക്കാനുതകുന്ന ആശയങ്ങളിലൂടെ കടന്നുപോകണോ? ഈ ലോകത്തെ ഓരോ മനുഷ്യനും സാധ്യമാകുന്നതാണ് ഇതുരണ്ടും. ഏത് വേണമെന്നത് നാമോരോരുത്തരുടെയും ചോയ്സ് മാത്രമാണ്.

2) leave the crowd. അഥവാ മറ്റുള്ളവ൪ ചിന്തിക്കുന്നതിനും പ്രവ൪ത്തിക്കുന്നതിനും പിന്നാലെ പോകാതെ, സ്വന്തമായ ചിന്തകളും പ്രവൃത്തികളും ഉണ്ടാവുകയെന്നതാണ് പ്രതിഭകളുടെ മറ്റൊരു സുപ്രധാന ലക്ഷണം. ഇന്നത്തെ ലോകത്ത് അധികമാളുകളും സ്വന്തത്തിനുവേണ്ടി അധികമൊന്നും ചിന്തിക്കുന്നില്ല. മറ്റുള്ളവ൪ എന്തുചെയ്യുന്നുവോ അത് അപ്പടി അന്ധമായി അനുകരിക്കുന്നതിലാണവരുടെ താല്‍പര്യം. ആളുകള്‍ ഇഷ്ടപ്പെടുന്ന റസ്റ്റോറന്‍റ് അവരും ഇഷ്ടപ്പെടുന്നു, അവിടത്തെ ഭക്ഷണം അവ൪ക്ക് ഒരു പക്ഷെ ഇഷ്ടമല്ലെങ്കിലും. ആളുകള്‍ക്കിഷ്ടപ്പെട്ട സിനിമയെന്നതാണ് അവ൪ക്ക് ഏതെങ്കിലും സിനിമ കാണാ൯ പ്രചോദനം. തങ്ങള്‍ക്കിഷ്ടപ്പെട്ട വേഷ, ഹാവ, ഭാവങ്ങളുടെ അടിസ്ഥാനം ഏതോ സിനിമാ-കായികതാരങ്ങള്‍ അങ്ങിനെയാണിരിക്കുന്നതെന്നതായിരിക്കും. ഇന്നത്തെ ലോകത്തിന് പറ്റിയ ആളെന്ന് തെളിയിക്കുന്നതിന് വേണ്ടി അവ൪ എന്തും ചെയ്യുന്നു. എന്നാല്‍ പ്രതിഭകള്‍ ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തരാണ്. അവ൪ ഉപരിപ്ലവമായല്ല കാര്യങ്ങള്‍ ചെയ്യുക. മറിച്ച് ലക്ഷ്യബോധമുള്ള സംഗതികളിലാണവ൪ ഏ൪പ്പെടുക. ഗൗരവപ്പെട്ട പുസ്തകങ്ങള്‍ അവ൪ വായിക്കും. മറ്റുള്ളവരുടെ ഗോസിപ്പുകള്‍ക്ക് പകരം തങ്ങളുടെ ജീവിതത്തിന്റെ ദൗത്യങ്ങളിലായിരിക്കും അവ൪ക്ക് താല്‍പര്യം. ഒരു പഴ‍ഞ്ചാല്ലുണ്ട്: “Small minds discuss people, average minds discuss events and great minds discuss ideas.” അതെ, മറ്റുള്ളവ൪ തങ്ങള്‍ക്കു ചുറ്റുമുള്ള സംഭവങ്ങളെയും ആളുകളെയും കുറിച്ചുമൊക്കെ ച൪ച്ച ചെയ്ത് സമയം കളയുമ്പോള്‍ തങ്ങളുടെ വിലപ്പെട്ട സമയം സ്വന്തത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ആശയങ്ങള്‍ ച൪ച്ച ചെയ്യാ൯ മഹത്തായ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ സാധിക്കൂ. അവ൪ പരാതി പറയുന്നതിന് പകരം അത് തീ൪ക്കാ൯ തങ്ങള്‍ക്ക് എന്തുചെയ്യാ൯ സാധിക്കുമെന്ന് അന്വേഷിക്കുന്നവരാണ്. നിഷേധാത്മകമായി ചിന്തിക്കുന്നതിന് പകരം സദാ ക്രിയാത്മകമായി കാര്യങ്ങളെ വിലയിരുത്തുന്നവരാണ്. അവരുടെ മൊത്തം മാനസികാവസ്ഥ തങ്ങള്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റത്തിനനുസൃതമായിരിക്കും. അതായത്, പ്രതിഭകള്‍ ആള്‍ക്കൂട്ടത്തിനനുസരിച്ചല്ല ചലിക്കുക, അവരുടെതായ വഴികള്‍ അവ൪ സ്വയം വെട്ടിത്തെളിച്ച് അതിലൂടെ മുന്നോട്ടുപോകും.

3) തിരിച്ചടികള്‍ക്കു മുന്നില്‍ കീഴടങ്ങാതിരിക്കുക. ചിലരെ കാണാം. ചിന്തിച്ചുറപ്പിച്ചെടുത്ത തീരുമാനം നടപ്പാക്കുന്നതിനിടയില്‍ നേരിടുന്ന നിസ്സാരമായ തടസ്സങ്ങള്‍ക്ക് മുന്നില്‍ പോലും അവ൪ പെട്ടെന്ന് ആയുധം വച്ച് കീഴടങ്ങും. എന്നാല്‍ സ്വപ്നങ്ങളെ താലോലിക്കുന്ന പ്രതിഭകള്‍ അവ യാഥാ൪ഥ്യമാക്കുന്നതുവരെ ആ വഴിയില്‍ പാറപോലെ ഉറച്ചു നില്‍ക്കും. പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സഹനശക്തിയും ആത്മവിശ്വാസമാകുന്ന ഉള്‍ക്കരുത്തുമാണ് അവരെ അതിന് സഹായിക്കുക. നമ്മുടെ ശരീരത്തിലെ മസിലുകള്‍ പോലെയാണ് മനസ്സിലെ ഇഛാശക്തിയും. മസിലുകള്‍ നിരന്തര വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുന്നതുപോലെ, പ്രതിസന്ധികളില്‍ ഉറച്ചുനിന്ന് ഇളകാത്ത ഇഛാശക്തി നേടിയെടുക്കാ൯ സാധിക്കും. ചില൪ പരാതി പറയുന്നത് കേള്‍ക്കാം, എനിക്ക് പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അതിനുള്ള ആത്മവിശ്വാസമില്ലായെന്ന്. അല്ലെങ്കില്‍, എത്ര പരിശ്രമിച്ചിട്ടും അത് ചെയ്തു തുടങ്ങാ൯ കഴിയുന്നില്ലെന്ന്. അവരോട് പറയാനുള്ളത്, നിരന്തര പരിശീലനത്തിലൂടെ നേടിയെടുക്കാ൯ കഴിയാത്ത ഒന്നുമില്ലെന്നാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു സംഗതി പതിനായിരം മണിക്കൂ൪ പരിശീലിക്കുമെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് പ്രതിഭയാകാമെന്ന് പറഞ്ഞത് ആന്ദ്രെസ് എറിക്സണാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേകത, ഒരു സമ്പൂ൪ണ പ്രതിഭയെ കാണുന്ന മാത്രയില്‍ അയാളെപ്പോലെയാകാ൯ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ, അയാള്‍ കടന്നുവന്ന പരിശീനത്തിന്റെ വഴികള്‍, ജീവിതത്തില്‍ അയാള്‍ നേരിട്ട പരാജയങ്ങള്‍, പിന്നീട് ആ പരാജയങ്ങളെ കൈമുതലാക്കി അദ്ദേഹം വ൯വിജയങ്ങളിലേക്ക് ചുവടുവച്ചത് – ഇതൊന്നും പലരും കാണാതെ പോകുന്നു. കേവലം 9.58 സെക്കന്റില്‍ ഉസൈ൯ ബോള്‍ട്ട് 100 മീറ്റ൪ ഓട്ടത്തില്‍ സ്വ൪ണം നേടുന്നതേ നാം കാണുന്നുള്ളൂ. അതിലേക്കെത്തുന്നതിനു മുമ്പ് കാല്‍നൂറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ പരിശീലനത്തെക്കുറിച്ച് നാം ഓ൪ക്കുന്നില്ല. ബാസ്കറ്റ് ബോള്‍ ഹരമായ അമേരിക്കയില്‍ ആ കളിയില്‍ ഏറ്റവുമധികം വിജയം വരിക്കുകയും ഏറ്റവുമധികം പ്രതിഫലം പറ്റുകയും ചെയ്യുന്ന മൈക്കല്‍ ജോ൪ഡ൯ ഒരിക്കല്‍ പറഞ്ഞു: “എന്റെ കരിയറില്‍ 9000 ഷോട്ടുകള്‍ എനിക്ക് മിസ്സായിട്ടുണ്ട്. 300 ഗെയിമുകളില്‍ ഞാ൯ തോറ്റിട്ടുണ്ട്. വിന്നിംഗ് ഷോട്ടെടുക്കാ൯ വിശ്വസ്തതയോടെ എന്നെ ഏല്പ‍ിച്ച പല സന്ദ൪ഭങ്ങളിലും ‍ഞാ൯ പരാജയപ്പെട്ടിട്ടുണ്ട്. പല ആവ൪ത്തി ജീവിതത്തില്‍ ഞാ൯ കാലിടറി വീണിട്ടുണ്ട്. ഇതൊക്കെയാണെന്റെ വിജയ രഹസ്യം!”

4) Escape through entertainment. അതായത് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ദിവസത്തിന്റെ നല്ലൊരു ഭാഗം നീക്കി വക്കുന്നത് എന്റ൪ടെയിന്റ്മെന്റിന് വേണ്ടിയാണ്. സമയം കളയാ൯ വേണ്ടി ആരോ പടച്ചുണ്ടാക്കിയ വീഡിയോ ക്ലിപ്പുകള്‍, നൃത്തം ചെയ്യുന്ന പൂച്ചയുടെ രൂപത്തിലും വിലകുറഞ്ഞ തമാശകളുടെ രൂപത്തിലും മുന്നിലേക്ക് കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാനവ൪ക്ക് സാധിക്കുന്നില്ല. പത്തും പതിനഞ്ചും മിനിറ്റുകളല്ല, മണിക്കൂറുകളോളം ഇങ്ങിനെ മറ്റുള്ളവ൪ അയക്കുന്നത്, പോസ്റ്റ് ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കാ൯ യാതൊരു മടിയും അവ൪ക്കില്ല. ഇവിടെയാണ് പ്രതിഭകള്‍ വ്യത്യസ്തരാകുന്നത്. മടിയ൯മാ൪ സമയം കളയാ൯ എന്റ൪ടെയിന്റ്മെന്റിനെ മറയാക്കുമ്പോള്‍, പ്രതിഭകള്‍ തങ്ങള്‍ക്ക് ലഭിച്ച വിലപ്പെട്ട സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ വാട്ട്സ് ആപ്പില്‍ കയറി, ഫേസ് ബുക്കില്‍ പരതി, സമയം പുകച്ചു കളയാ൯ വളരെ എളുപ്പമാണ്. എന്നാല്‍ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്ന മഹത്തായ മാറ്റങ്ങള്‍ വരുത്തുന്നതിന് അല്‍പം പ്രയാസം സഹിക്കേണ്ടി വരും. നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് സ്വപ്നം കാണുന്ന ഊ൪ജം മതിയാകില്ല. ലോകത്ത് നമ്മുടെ അടയാളങ്ങള്‍ പതിക്കുന്നതിന് ഗൗരവതരമായ കാര്യങ്ങള്‍ ചെയ്തേ മതിയാകൂ. ഇംഗ്ലീഷിലെ “passion” എന്ന പദത്തിന്റെ ഉദ്ഭവം “suffer” എന്ന പദത്തില്‍ നിന്നാണെന്ന് പറയാറുണ്ട്. അതായത്, നമുക്കിഷ്ടപ്പെട്ടത് നേടണമെങ്കില്‍ ത്യാഗം അനുഷ്ടിച്ചേ മതിയാകൂ. മുഹമ്മദ് നബി (സ) സ്വപ്നം കണ്ട ലോകം അദ്ദേഹം യാഥാ൪ഥ്യമാക്കിയത് പൂവിരിച്ച പാതയിലൂടെയായിരുന്നില്ല, പ്രയാസങ്ങളുടെ ചെങ്കുത്തായ പാതകള്‍ താണ്ടിയാണ്. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല, മദ൪ തെരേസ ഇവരുടെയൊക്കെ ജീവിതം നോക്കുക. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം മുഴുവ൯ ആനന്ദത്തിലും ആഘോഷത്തിലുമായിരിക്കുമ്പോള്‍, തങ്ങള്‍ വിശ്വാസം അ൪പ്പിച്ച ആദ൪ശത്തിന് വേണ്ടി സമയം ചെലവിട്ടവരാണ് വിജയിച്ച പ്രതിഭകള്‍. ഒരു മഹാ൯ പറഞ്ഞതുപോലെ, “നിങ്ങള്‍ ദിവസവും എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ ആരായിത്തീരുമെന്ന് ‍ഞാ൯ പറഞ്ഞുതരാം.” അതിനാല്‍ വിലകുറഞ്ഞ വിനോദത്തിന് പകരം നമുക്ക് വിലയേറിയ വിദ്യ നേടാം, പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം പരിഹാരം കാണാം, വെറുതെ തിരക്കഭിനയിക്കുന്നതിന് പകരം ക്രിയാത്മകമായ ജീവിതം നയിക്കാം.

5) അനുകരണമെന്ന അപകടം. പൊതുവെ മനുഷ്യരുടെ ഒരു ധാരണ തങ്ങളേ൪പ്പെട്ടിരിക്കുന്ന ജോലി, ബിസിനസ്, അല്ലെങ്കില്‍ താല്‍പര്യമുള്ള കലാ-സാഹിത്യ-കായികാഭിരുചികള്‍ - ഇവിയിലൊക്കെ വിജയിക്കണമെങ്കില്‍ ആ മേഖലയിലെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നവരെ അനുകരിക്കണമെന്നാണ്. എന്നാല്‍ അന്ധമായ ഈ അനുകരണം പരാജയത്തിലേക്കുള്ള കൃത്യമായ ഒരു സൂചകമാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം, നിങ്ങള്‍ക്കൊരിക്കലും മറ്റൊരാളെപ്പോലെയാകാ൯ കഴിയില്ലായെന്നതുതന്നെയാണ്. അയാള്‍ അയാളുടെ മൂല്യം കണ്ടെത്തിയതുപോലെ നിങ്ങള്‍ നിങ്ങളുടെ മൂല്യം കണ്ടെത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന്, ഒരു ചിത്രകാര൯ പിക്കാസോയെ പോലെയുള്ള ചിത്രകാരനാകാനല്ല പരിശ്രമിക്കേണ്ടത്, മറിച്ച് അയാളുടെ പരിശ്രമത്തിന്റെ ഫോക്കസ്, പിക്കാസോ സൃഷ്ടിച്ച ഉന്നത നിലവാരത്തെ മറികടക്കുന്ന ഒരു ആഗോളനിലവാരം സൃഷ്ടിക്കാനാകണം. അതായിരിക്കണം പുതിയ വേള്‍ഡ് ക്ലാസ്സ് പ്രകടനത്തിന്റെ മാനദണ്ഡമെന്ന സ്വപ്നമാണ് അയാള്‍ പുല൪ത്തേണ്ടത്. ഏതെങ്കിലും ബിസിനസില്‍ വിജയിച്ച ആളെ മുന്നില്‍ കണ്ട് അതുപോലൊരു ബിസിനസ് സാമ്രാജ്യം പടുത്തുയ൪ത്താനല്ല ഒരു ബിസിനസുകാര൯ ശ്രമിക്കേണ്ടത്. വിജയിച്ച ആളുകളുടെ സ്റ്റാ൯ഡേഡിനെ മറികടക്കുന്ന ഒരു പുതിയ പെ൪ഫോമ൯സ് സ്റ്റാ൯ഡേഡ് – അത് ലക്ഷ്യം വക്കുമ്പോഴാണ് പ്രതിഭാധനനായ ഒരു ബിസിനസുകാര൯ ജനിക്കുക. ഇത് പറയുന്നത്ര എളുപ്പമല്ലെന്നായിരിക്കും പലരുടെയും ചിന്ത. ശരിയാണ്, എളുപ്പമല്ല. പക്ഷെ, ആദ്യം പറഞ്ഞതിനേക്കാള്‍ എളുപ്പവും നിങ്ങളുടെ മനസ്സിനെത്തന്നെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്താനും സാധിക്കുക ഈ പരിശ്രമത്തിലൂടെയായിരിക്കും. അതിനാദ്യം വേണ്ടത്, നാമോരോരുത്തരം കണ്ടെത്തിയ പ്രവ൪ത്തന മേഖല ഏതാണോ, അവിടെ നാം ലീഡ് ചെയ്യുമെന്ന് തീരുമാനിക്കുകയാണ്, നിലവിലുള്ള സംഗതികളില്‍ത്തന്നെ കെട്ടിക്കുടുങ്ങാതെ അവിടെ ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ്, ആരും ചെയ്യാത്ത സംഗതികളെക്കുറിച്ചാലോചിച്ച് അത് വിപ്ലവകരമായി ചെയ്യാനുറപ്പിക്കുകയാണ്. മറ്റൊര൪ഥത്തില്‍ പറ‍ഞ്ഞാല്‍, മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാകാനുള്ള ധീരതയും ചങ്കുറപ്പും കാണിക്കുക. നമ്മുടെ മേഖലയില്‍ നമ്മെ വെല്ലാ൯ ആരുമില്ലാതിരിക്കുന്ന അവസ്ഥയിലാകാ൯ പരിശ്രമിക്കുക. അങ്ങിനെയുള്ളവ൪ക്ക് ജോലി നഷ്ടത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല. അവരുടെ സേവനം ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. വലിയ കഴിവുകളുള്ളവ൪ക്കോ ഉന്നതമായ ജോലികള്‍ ചെയ്യുന്നവ൪ക്കോ മാത്രമല്ല ഇത് ബാധകം. നിങ്ങള്‍ ഒരു കഫ്റ്റീരിയയില്‍ പണിയെടുക്കുന്നവനാകട്ടെ, ഒരു ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളിയാകട്ടെ, നിങ്ങളാ തൊഴില്‍ അങ്ങേയറ്റത്തെ ആത്മാ൪ഥതയോടെയും ആ മേഖലയിലെ ഏറ്റവും ഉന്നതമായ നിലവാരത്തിലുമാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കപ്പെടുകതന്നെ ചെയ്യും. തൊട്ടടുത്ത ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ക്ക് അധികം താമസിയാതെ ഉയരാ൯ സാധിക്കുകയും ചെയ്യും. പക്ഷെ നമ്മില്‍ പലരുടെയും പ്രശ്നം, നാം ജോലിയെ വെറുമാരു ജോലി മാത്രമായി കാണുകയും അതിനെ ഒരു ക്രാഫ്റ്റായി കാണാതിരിക്കുകയും ചെയ്യുന്നുവെന്നതാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം, ആദ്യത്തെത് നമ്മള്‍ യാന്ത്രികമായി ചെയ്യുമ്പോള്‍ രണ്ടാമത്തെത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്നുവെന്ന് മാത്രം!

6) എളുപ്പത്തിന് പകരം പ്രയാസം തെരഞ്ഞെടുക്കുക. ഇതല്‍പം വിചിത്രമായി തോന്നാം. വിശദീകരിക്കാം. ജീവിതത്തില്‍ ഒരു ആവറേജ് പെ൪ഫോമ൯സാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ജോലിസ്ഥലത്ത് ഏറ്റവും എളുപ്പമുള്ള പണികള്‍, പ്രൊജക്റ്റുകള്‍ മാത്രം ഏറ്റെടുക്കും, വീട്ടില്‍ ഏറ്റവും എളുപ്പമുള്ള സംഗതികളില്‍ മാത്രം ഏ൪പ്പെടും, എളുപ്പമുള്ള വ്യായാമം ചെയ്യും, എളുപ്പമുള്ള ഭക്ഷണം കഴിക്കും, എളുപ്പമുള്ള പാനീയം മാത്രം കുടിക്കും... അങ്ങിനെയങ്ങിനെ... എന്നാല്‍, പ്രതിഭകളുടെ ജീവിതം പരിശോധിച്ചാല്‍ അവ൪ തെരഞ്ഞെടുക്കുന്ന വഴി പ്രയാസത്തിന്റെതാണെന്ന് കാണാം. അതിലവ൪ ഒരു പ്രത്യേക താല്‍പര്യം വള൪ത്തിയെടുക്കും. ഓഫീസില്‍ ആരും ഏറ്റെടുക്കാ൯ തയ്യാറില്ലാത്ത ജോലികള്‍ അവ൪ അതീവ താല്‍പര്യത്തോടെ ഏറ്റെടുക്കും. മറ്റുള്ളവ൪ വായിക്കാ൯ മടി കാണിക്കുമ്പോള്‍ ഗൗരവപ്പെട്ട വായന അവരുടെ ഹോബിയായിരിക്കും. പ്രയാസമുള്ള സംഭാഷണങ്ങളില്‍ നിന്ന് മറ്റുള്ളവ൪ ഒഴിഞ്ഞുമാറുമ്പോള്‍ അവ൪ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. ജീവിതവിജയത്തിലേക്ക് നമ്മെ നയിക്കുന്ന വേള്‍ഡ് ക്ലാസ്സ് പെ൪ഫോമ൯സിന്റെ സുപ്രധാന ചേരുവ, ഏറ്റവും പ്രയാസകരമായത് പിന്തുടരുകയെന്നതാണ്. അന്തരിച്ച ബോക്സിംഗ് താരം മുഹമ്മദലി ക്ലേ ഒരിക്കല്‍ പറഞ്ഞു: “ദിവസവും പരിശീലനത്തിന് പോവുകയെന്നത് എനിക്കേറ്റവും വെറുപ്പുള്ള സംഗതിയായിരുന്നു, എന്നാല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യ൯ പട്ടമെന്ന സ്വപ്നത്തിനുമുന്നില്‍ ആ പ്രയാസമേറിയ വഴി തെരഞ്ഞെടുക്കുകയേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ!” പഴയ ആ ചൊല്ല് ഓ൪മിക്കുക: അലറി വിളിക്കുന്ന ആഴക്കടലുകളാണ് സമ൪ഥരായ നാവികരെ സൃഷ്ടിക്കുന്നത് (Rough seas make great sailors). നമ്മുടെ പരിമിതികളുടെ അങ്ങേയറ്റം വരെ പോയാലാണ് ഇനിയും എത്രദൂരം പോകാ൯ പറ്റുമെന്ന് നമുക്ക് അറിയാ൯ സാധിക്കൂ.

Thursday, 5 January 2017

റഷ്യന്‍ താരോദയം, വീണ്ടും


താജ് ആലുവ

2017നെ സ്വാഗതംചെയ്ത് പ്രസിദ്ധീകരണത്തിന് നല്‍കിയ സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു: ‘‘കഴിഞ്ഞവര്‍ഷം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. എന്നാല്‍, നമ്മുടെ കഴിവുകളിലും ദേശത്തിലുമുള്ള വിശ്വാസം ധാരാളം നേട്ടങ്ങള്‍ നമുക്ക് നേടിത്തന്ന വര്‍ഷംകൂടിയായിരുന്നു അത്. മഹത്ത്വമാര്‍ന്ന, സുന്ദരമായ ഈ നാടിന് ഇനിയും സമാധാനവും അഭിവൃദ്ധിയും കൈവരുമെന്ന് നമുക്ക് പ്രത്യാശിക്കുക!” അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ അവരുടെ സര്‍ക്കാറിന്‍െറ പിന്തുണയോടെ ശ്രമിച്ചെന്ന സി.ഐ.എയുടെ ആരോപണത്തെ തുടര്‍ന്ന് 35 റഷ്യന്‍ നയതന്ത്രജ്ഞരെ ഒബാമ ഭരണകൂടം പുറത്താക്കിയതിന്‍െറ പിറ്റേദിവസമായിരുന്നു പുടിന്‍െറ ഈ പ്രസ്താവന. പുറത്താക്കപ്പെട്ട നയതന്ത്രജ്ഞരും അവരുടെ കുടുംബാംഗങ്ങളും പുതുവര്‍ഷത്തലേന്ന് മോസ്കോയിലേക്ക് വിമാനംകയറിയ ഉടനെ, സ്വാഭാവികമായും ഒരു പ്രതിപ്രവര്‍ത്തനമെന്നോണം കുറച്ചെങ്കിലും അമേരിക്കന്‍ നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും റഷ്യയും പുറത്താക്കുമെന്ന് സകലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. കാരണം വളരെ വ്യക്തം: ജനുവരി 20ന് ഡോണള്‍ഡ് ട്രംപിന്‍െറ അധികാരാരോഹണത്തോടെ ഈ വിഷയം കെട്ടടങ്ങുമെന്ന് പുടിന് ഉറപ്പുണ്ട്.

അതേ, ഇതാണ് പുതിയ അമേരിക്ക. ഒരുകാലത്ത് ലോകത്തുനടന്ന സകല ജനാധിപത്യ തെരഞ്ഞെടുപ്പുകളിലും (പ്രത്യേകിച്ച് തങ്ങളുടെ കോര്‍പറേറ്റ്, സൈനിക, രാഷ്ട്രീയ താല്‍പര്യങ്ങളുള്ളിടങ്ങളില്‍) രഹസ്യമായോ അത്ര രഹസ്യമല്ലാതെയോ ഇടപെട്ടുപോന്നിരുന്ന യാങ്കികള്‍ക്ക് കാലത്തിന്‍െറ വിചിത്രമായ കറക്കങ്ങള്‍ക്കിടയില്‍, തങ്ങള്‍ നയതന്ത്രപരമായും സൈനികമായും തോല്‍പിച്ചു തുന്നംപാടിച്ചുവിട്ട സോവിയറ്റ് യൂനിയന്‍െറ പുതിയ പതിപ്പില്‍നിന്ന് അതേ നാണയത്തില്‍ തിരിച്ചടി ലഭിച്ചിട്ടും ഒരു ചുക്കും ചെയ്യാനാകാതെ നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നിരിക്കുന്നു! സൂപ്പര്‍ പവറെന്ന പദവി വ്ളാദിമിര്‍ പുടിന്‍െറ റഷ്യ ഏറ്റെടുത്തിരിക്കുന്നു.

റഷ്യയുടെ ഈ പുതിയ താരോദയത്തിന്‍െറ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നതിന് മുമ്പ്, എന്തായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലെന്നത് ചെറുതായൊന്ന് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ കയറിക്കൂടുകയും സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെതിരെജനാഭിപ്രായം സ്വരൂപിക്കുന്ന വിധത്തില്‍ പലരുടെയും ഇ-മെയിലുകള്‍ ചോര്‍ത്തി വിക്കിലീക്സ് വഴി പുറത്തുവിടുകയും ചെയ്തതാണ് സംഭവത്തിന്‍െറ ആകത്തുക (ഈ ദൗത്യത്തിന് പ്രതിഫലമായി വിക്കിലീക്സിന് റഷ്യന്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള പ്രചാരണ വിഭാഗത്തില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു). പരസ്യസംവാദങ്ങളില്‍ ട്രംപിനെ മലര്‍ത്തിയടിച്ച് മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളിലും ഹിലരി മുന്നേറിക്കൊണ്ടിരിക്കെയാണ് ഈ സൈബര്‍ ആക്രമണം നടന്നത്. ഹിലരിയുടെ ഇലക്ഷന്‍ കാമ്പയിന്‍ ചെയര്‍മാന്‍ ജോണ്‍ പൊഡെസ്റ്റെയുടേതടക്കം പല വമ്പന്മാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തി നടത്തിയ അപ്രതീക്ഷിത ആക്രമണം അക്ഷരാര്‍ഥത്തില്‍ ഹിലരി ക്യാമ്പിനെ വിറകൊള്ളിച്ചിരുന്നു. കൂടാതെ, ഹിലരിക്കെതിരെ ധാരാളം കൃത്രിമവാര്‍ത്തകളും പടച്ചുവിടുന്നതില്‍ റഷ്യ മുഖ്യപങ്കുവഹിച്ചു.

ഇതോടൊപ്പം, ഹിലരി വിദേശകാര്യ സെക്രട്ടറിയായിരിക്കെ സുപ്രധാനമായ ഒൗദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിലും തുടര്‍ന്ന് എഫ്.ബി.ഐ പ്രഖ്യാപിച്ച അന്വേഷണത്തിലുമൊക്കെ നിഗൂഢ റഷ്യന്‍ കരങ്ങളുണ്ടായിരുന്നെന്ന സംശയവും ഇപ്പോള്‍ വ്യാപകമാണ്. ഈ വിഷയത്തില്‍ സംശയാസ്പദമായ ഒന്നുമില്ളെന്ന് എഫ്.ബി.ഐ പിന്നീട് കണ്ടത്തെിയെങ്കിലും ഹിലരിയെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുന്നതിലും തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ മാറ്റം സൃഷ്ടിക്കുന്നതിലും ഈ പ്രചാരണവും സഹായിച്ചിരുന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക് ടൈംസും വിലയിരുത്തിയത്.

എന്തായാലും ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയെന്ന വളരെ കൃത്യമായ ലക്ഷ്യത്തോടെ ആസൂത്രിതമായി റഷ്യ ഇലക്ഷനില്‍ ഇടപെട്ടെന്നതും അത് വിജയം കണ്ടെന്നതും ഇപ്പോള്‍ അമേരിക്കന്‍ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പത്രമാധ്യമങ്ങള്‍ മുഴുക്കെ ഈ ‘റഷ്യന്‍ ആധിപത്യ’ത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് വാര്‍ത്തകളും എഡിറ്റോറിയലുകളും വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹിലരിയുടെ ഇ-മെയില്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ റഷ്യയോട് ആവശ്യപ്പെടുന്ന ട്രംപിന്‍െറ വിഡിയോ ഉയര്‍ത്തിക്കാണിച്ച് ഈ പ്രശ്നത്തില്‍ നീതിയുക്തമായ ഒരു സമീപനം അടുത്ത പ്രസിഡന്‍റില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ളെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്‍െറ എഡിറ്റോറിയല്‍ പറയുന്നു.

പഴയ ശീതയുദ്ധത്തിന്‍െറ അലയൊലികള്‍ ഇതില്‍ ദര്‍ശിക്കുന്നവരുണ്ട് കൂട്ടത്തില്‍. പക്ഷേ, ശീതയുദ്ധ കാലഘട്ടത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വം റിപ്പബ്ളിക്കന്‍- ഡെമോക്രാറ്റിക് വ്യത്യാസമന്യേ സോവിയറ്റ് യൂനിയന്‍െറ അധിനിവേശമോഹങ്ങളെ ചെറുക്കാന്‍ ഒറ്റക്കെട്ടായിനിന്നെങ്കില്‍ ഇന്ന് നിയുക്ത റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ്, തന്‍െറ വിജയത്തില്‍ പങ്കുവഹിച്ച നവ റഷ്യന്‍ സ്വേച്ഛാധിപതി പുടിനെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തിരക്കിലാണ്. അമേരിക്കന്‍ എക്സെപ്ഷനലിസത്തെ (മറ്റുള്ളവരില്‍നിന്ന് വ്യത്യാസപ്പെട്ടുനില്‍ക്കുന്ന അവസ്ഥ) വിമര്‍ശിച്ച് ന്യൂയോര്‍ക് ടൈംസിന്‍െറ എഡിറ്റോറിയല്‍ പേജില്‍ പുടിന്‍ എഴുതിയ ലേഖനത്തെ ട്രംപ് വിളിച്ചത് ‘മാസ്റ്റര്‍ പീസ്’ എന്നാണ്.

വിദേശനയത്തിന്‍െറ കാര്യത്തിലും സ്വന്തം സൈനിക-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലും അമേരിക്ക മുടന്തിനില്‍ക്കുന്ന സാഹചര്യമാണ് റഷ്യ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതെന്നത് വ്യക്തം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, മറ്റുപല പാശ്ചാത്യ ജനാധിപത്യ പ്രക്രിയകളിലും റഷ്യന്‍ ഹാക്കര്‍മാര്‍ ഇതേ തന്ത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഭരണഘടന ഹിതപരിശോധനയില്‍ ഇവര്‍ സജീവമായിരുന്നു. ഇപ്പോള്‍ ജര്‍മനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കാമ്പയിന്‍ തടസ്സപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നതായി ജര്‍മന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍തന്നെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. കൂടാതെ, ഒരു ദശകമായി യൂറോപ്പില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയകക്ഷികളെ ശക്തിപ്പെടുത്തുന്നതിന് റഷ്യ കാര്യമായി ശ്രമിക്കുന്നു. ഫ്രാന്‍സില്‍, പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ മരീന്‍ ലെ പെന്നിന് ഭീമമായ തുക കടം കൊടുത്ത് അവരുടെ കാമ്പയിന്‍ സജീവമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതും പുടിനാണ്. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ് കോനി ഊര്‍ജ മേഖലയില്‍ റഷ്യയുമായുണ്ടാക്കിയ വിവിധ കരാറുകളില്‍നിന്ന് ധാരാളം ലാഭമുണ്ടാക്കിയതായും വാര്‍ത്തകളുണ്ട്. ഇതിനെക്കാള്‍ അപകടകരമായ കളി പുടിന്‍ കളിക്കുന്നത് യൂറോപ്യന്‍ യൂനിയനില്‍നിന്നും നാറ്റോയില്‍നിന്നുമൊക്കെതാന്താങ്ങളുടെ രാഷ്ട്രങ്ങള്‍ പുറത്തുവരണമെന്ന് വാദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പിന്തുണയിലൂടെയാണ്.

ഈ സംഭവവികാസങ്ങളില്‍നിന്ന് രണ്ടു കാര്യങ്ങളാണ് ആഗോള രാഷ്ടീയത്തിന്‍െറ ഗതി നിര്‍ണയിക്കുന്നതായി തെളിഞ്ഞുവരുന്നത്. ഒന്ന്, വളരെ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കപ്പെട്ടുപോന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുപോലും മറ്റൊരു രാജ്യത്തിരുന്ന് തന്നിഷ്ടം കൈകടത്താവുന്ന ഒന്നാണെന്ന് വരുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ മൂല്യങ്ങള്‍ക്കേല്‍പിക്കുന്ന പരിക്ക് വലുതാണ്. അതിന്‍െറ വ്യാപ്തിയും പ്രത്യാഘാതങ്ങളും അമേരിക്കയുടെ നിലനില്‍പിനുതന്നെ ഭീഷണിയായി മാറുന്നുവെന്നത് നിസ്തര്‍ക്കമാണ്. രണ്ടാമതായി, ആഗോള രാഷ്ട്രീയ-സൈനിക ഭൂപടത്തില്‍ റഷ്യയുടെ ഈ താരോദയം സൃഷ്ടിക്കുന്നത് അപരിഹാര്യമായ പ്രത്യാഘാതങ്ങളാണ്. ഉദാഹരണമായി, സിറിയപോലെ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അത്യധികം നയതന്ത്രപ്രധാനമായ ഒരു രാജ്യത്ത് ഒരു അന്താരാഷ്ട്ര നിയമവും മാനിക്കാതെ, മനുഷ്യാവകാശത്തിനോ നിരപരാധികളുടെ രോദനങ്ങള്‍ക്കോ തീരെ ചെവികൊടുക്കാതെ വ്യക്തമായ സൈനിക അധിനിവേശമാണിപ്പോള്‍ റഷ്യ നടത്തുന്നത്. പുടിനെ സംബന്ധിച്ചിടത്തോളം ഇതൊരു ടെസ്റ്റ് ഡോസാണ്. അമേരിക്കയില്ലാത്ത, നാറ്റോയില്ലാത്ത, യൂറോപ്യന്‍ യൂനിയനോ ഏഷ്യനാഫ്രിക്കന്‍ എതിര്‍പ്പുകളോ ഇല്ലാത്ത പുതിയ ആഗോള ഭൂപടത്തിന്‍െറ നിര്‍മിതിയില്‍ താനെത്രമാത്രം വിജയിക്കാന്‍ പോകുന്നുവെന്നതിന്‍െറ ലിറ്റ്മസ് ടെസ്റ്റ് ‘പുടിനിസം’ (Putinism) എന്ന തന്‍െറ പുസ്തകത്തില്‍ റഷ്യന്‍ ചരിത്രകാരനായ വാള്‍ട്ടര്‍ ലാക്വറര്‍ പറഞ്ഞതുപോലെ, ‘റഷ്യന്‍ ദേശീയതയുടെ ഈ നവസൂര്യോദയത്തില്‍ തെളിഞ്ഞുകാണുന്നത് പാശ്ചാത്യന്‍ ലിബറല്‍ ജനാധിപത്യത്തിന്‍െറ നാശത്തില്‍നിന്ന് ലോകത്തെ രക്ഷിച്ചെടുക്കാനുള്ള’ പുടിന്‍െറ വ്യഗ്രതയായിരിക്കാം.

tajaluva@gmail.com

2017 ജനുവരി 5-ലെ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത് (http://www.madhyamam.com/opinion/articles/russia-us-relationship/2017/jan/05/240201)