Monday, 26 July 2010

നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരാളുമില്ലേ?

http://www.prabodhanam.net/Issues/24.7.2010/taj.html

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.
tajaluva@gmail.com

Tuesday, 6 July 2010

ഇന്ത്യയുടെ യൂനിയന്‍ കാര്‍ബൈഡ്, അമേരിക്കയുടെ ബി.പി

താജ് ആലുവ

Appeared in Madhyamam Newspaper on Monday, July 5, 2010

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ബ്രിട്ടീഷ് പെട്രോളിയത്തോട് പ്രകടിപ്പിച്ച ഉശിര് ഇന്ത്യന്‍ഭരണാധികാരികള്‍ ശ്രദ്ധിച്ചുവോ ആവോ? മെക്‌സിക്കോ കടലിടുക്കില്‍ ബി.പിയുടെ റിഗ് പൊട്ടിത്തെറിച്ച് ദിനേന 30,000 മുതല്‍ 80,000 വരെ ബാരല്‍ എണ്ണ ചോര്‍ന്നുകൊണ്ടിരിക്കുന്ന സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ആ കമ്പനി ഏറ്റെടുക്കണമെന്നും പരിസ്ഥിതിക്കും പൊതുജനങ്ങള്‍ക്കും ഇതുവരെ ഉണ്ടായതും ഇനിയങ്ങോട്ട് ഉണ്ടായേക്കാവുന്നതുമായ എല്ലാത്തരം കഷ്ടനഷ്ടങ്ങള്‍ക്കും പ്രായശ്ചിത്തം അവര്‍തന്നെ ചെയ്യണമെന്നുമാണ് കമ്പനി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ശക്തിയായി ആവശ്യപ്പെട്ടത്. കമ്പനി ഉടന്‍ പ്രതികരിച്ചു. 20 ബില്യന്‍ ഡോളര്‍ ഈയവശ്യാര്‍ഥം രൂപവത്കരിച്ച ഫണ്ടിലേക്ക് അടക്കാന്‍ സമ്മതിച്ചു. ഷെയറുടമകളുടെ ഈ വര്‍ഷത്തെ ഡിവിഡന്റ് റദ്ദാക്കിയാണ് ഈ തീരുമാനം കമ്പനി എടുത്തത്.

ബ്രിട്ടനിലെ പെന്‍ഷന്‍ പറ്റുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന നല്ലൊരു വിഭാഗം ഓഹരി ഉടമകളുടെ അതൃപ്തി ഏറ്റുവാങ്ങിയാണ് ഈ തീരുമാനത്തിലേക്ക് കമ്പനി അധികൃതര്‍ എത്തിച്ചേരുന്നത്. അതിനാല്‍ത്തന്നെ ഒബാമയുടെ വാശി ഒരു ഘട്ടത്തില്‍ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വടംവലിയോളം എത്തിയിരുന്നു. ബ്രിട്ടീഷ് പെട്രോളിയം ബ്രിട്ടന്റെ മാത്രം കമ്പനിയല്ലെന്നും ഓഹരി ഉടമകളില്‍ ധാരാളം അമേരിക്കക്കാരുണ്ടെന്നും പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന് ഒബാമയെ ഓര്‍മിപ്പിക്കേണ്ടി വന്നു. പിന്നീട് ഒബാമയും വാക്കുകള്‍ മയപ്പെടുത്തിയതോടെ കൂടുതല്‍ വഷളാകാതെ ആ തര്‍ക്കം അവിടെ അവസാനിച്ചെങ്കിലും ബി.പി.ക്കെതിരിലുള്ള കര്‍ശന നിലപാടുകള്‍ ഒബാമയും അമേരിക്കന്‍ സെനറ്റും തുടരുകയാണ്.

കമ്പനിയുടെ സി.ഇ.ഒ ടോണി ഹേവാഡിനെ സെനറ്റംഗങ്ങള്‍ നിര്‍ത്തിപ്പൊരിച്ചു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവേ ഹേവാഡ് രാജിവച്ചു. എന്നാല്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും നീണ്ടുനിന്നേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ എല്ലാ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കാമെന്ന് സമ്മതിച്ചതോടെയാണ് സെനറ്റംഗങ്ങളുടെ രോഷം അല്‍പമെങ്കിലും തണുത്തത്. ലോകത്തെ ഏറ്റവും ആഴമേറിയ എണ്ണക്കിണറെന്ന (Deep Water Horizon) റെക്കോഡ് നേട്ടത്തിനിറങ്ങിയ ബി.പിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ പിഴക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇനി നമ്മുടെ സ്വന്തം ഭോപാലിലേക്ക് വരിക. 20,000 മനുഷ്യര്‍ പുഴുക്കളെപ്പോലെ പിടഞ്ഞുമരിച്ച ഈ ദുരന്തത്തിന്റെ രക്തസാക്ഷികളായി ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നരകിച്ചുകൊണ്ടിരിക്കുന്നു. (മെക്‌സിക്കോ കടലിടുക്കിലെ റിഗ് പൊട്ടിത്തെറിയില്‍ 11 പേരാണ് മരിച്ചത്.) പ്രദേശമൊന്നാകെ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിവെള്ളത്തില്‍ വരെ വിഷം കലരുന്ന അവസ്ഥയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമ്മമാര്‍ വികലാംഗരായ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. വിവിധ തരം കാന്‍സറുകള്‍ ബാധിച്ച അംഗങ്ങളുള്ളവരാണ് ഭോപാലിലെ ഓരോ കുടുംബവും. വികസനത്തിന്റെ പേരില്‍ ബഹുരാഷ്ട്ര കുത്തകകളെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നതില്‍ അത്യന്തം ഉല്‍സാഹം കാണിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ നമ്മുടെ നാടിന്റെ വിഭവങ്ങള്‍ മാത്രമല്ല, നാട്ടുകാരെയും വിദേശികള്‍ക്ക് പണയം വെച്ചതിന്റെ ഒന്നാന്തരം തെളിവായിരുന്നു ഭോപാല്‍ദുരന്തം. പരലോകം പുല്‍കിയ ഇത്രയധികം മനുഷ്യമക്കള്‍ക്കും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലുള്ള ബാക്കി പൗരന്‍മാര്‍ക്കും നീതിക്ക് വേണ്ടി വാദിക്കാന്‍ സാമ്രാജ്യത്വ ദാസ്യത്താല്‍ ആന്ധ്യം ബാധിച്ച ഭരണാധികാരികള്‍ തയാറായില്ല. അധിനിവേശം സൈനികമായി മാത്രമേ നടക്കാതുള്ളൂ, പക്ഷേ, നമ്മുടെ അധികാരികളുടെ മനസ്സ് ഇപ്പോഴും സായ്പിന്റെ കാല്‍ചുവട്ടില്‍ തന്നെയെന്നതിന് തെളിവുകള്‍ ഏറെ വേണ്ടതില്ല. എന്നിട്ടിപ്പോള്‍ കോടതി വിധി വിവാദമായപ്പോള്‍ മന്ത്രിമാര്‍ പത്ത് ലക്ഷത്തിന്റെ പുതിയ നഷ്ടപരിഹാരവുമായി വന്നിരിക്കുന്നു. അതെന്തിനെന്നത് പകല്‍ പോലെ വ്യക്തം. സ്വന്തം പൗരന്‍മാരെ കൊലക്ക് കൊടുത്തവരുടെ (ഈ വിഷയത്തില്‍ നമ്മുടെ മുന്‍ പ്രധാനമന്ത്രി വരെ പ്രതിക്കൂട്ടിലാണ്) അന്തഃപുര നാടകങ്ങള്‍ ഓരോ ദിവസവും ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്നു. അത് മൗനത്തിന്റെ വല്‍മീകത്തിലൊളിപ്പിക്കാന്‍ സാധ്യമല്ലാത്തവണ്ണം കാര്യങ്ങള്‍ പുറത്ത്‌വിടുന്നത് മാധ്യമങ്ങള്‍ മാത്രമല്ല, അന്നതിന്റെയൊക്കെ ഗുണഫലമനുഭവിച്ച, പല കളികള്‍ക്കും ചുക്കാന്‍ പിടിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. തൊലി വെളുത്ത ആഢ്യന്‍മാരുടെ മുന്നില്‍ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ച് അവരെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ രാവിന്റെ മറവില്‍ പണിയെടുത്തവര്‍ ഇപ്പോള്‍ അതേ ആളുകളെ കുറ്റവാളികളായി തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്നത് നമ്മള്‍ വിശ്വസിക്കണം പോലും! ലാഭം കൊയ്ത ബഹുരാഷ്ട്ര കമ്പനി തങ്ങളുടെ ആസ്തിവകകളൊക്കെ വിറ്റ് വേറൊരു കമ്പനിക്ക് ബാധ്യതകളൊക്കെ കൈമാറിയപ്പോള്‍പോലും അനങ്ങാതിരുന്ന നമ്മുടെ രാഷ്ട്രീയ നേതൃതം, ഇപ്പോള്‍ രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് (അഥവാ നികുതിദായകരുടെ പണത്തില്‍ നിന്ന്) നഷ്ടപരിഹാരം കൊടുക്കാന്‍ അല്‍പം പോലും ലജ്ജയില്ലാതെ മുന്നോട്ടുവന്നിരിക്കുന്നു. ഇവരുടെയൊക്കെ ആത്മാര്‍ഥതയെ ഇനിയും സംശയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സംഗതികളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. അമേരിക്കയുമായുള്ള ആണവകരാറിലും ഇത്തരം കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അമേരിക്കക്ക് ബി.പിയില്‍ നിന്ന് ലഭിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി വേണം മനസ്സിലാക്കാന്‍. മുതലാളിത്ത വ്യവസ്ഥിതിയുടെ കൂടപ്പിറപ്പായ ലാഭക്കൊതിമൂലം അമേരിക്കന്‍ കോര്‍പറേഷനുകള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ വിതച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക, മാനുഷിക ദുരന്തങ്ങളുടെ ഒരു വന്‍പതിപ്പാണ് അലബാമയുടെയും ലൂസിയാനയുടെയുമൊക്കെ തീരങ്ങളിലിപ്പോള്‍ കറുത്തിരുണ്ട എണ്ണപ്പാടയുടെ രൂപത്തില്‍ വന്നടിയുന്നത്. കുവൈത്ത് അധിനിവേശകാലത്ത് സദ്ദാംഹുസൈന്‍ തീക്കൊടുത്ത എണ്ണക്കിണറുകളില്‍ നിന്ന് ഒഴുകിപ്പരന്ന എണ്ണപ്പാടയില്‍ ഒരു ഫെ്‌ളമിംഗോ പക്ഷി കൈകാലിട്ടടിക്കുന്നത് അന്ന് ലോകത്തെ ഞെട്ടിച്ച ഇമേജായിരുന്നെങ്കില്‍ ഇന്ന് നൂറുകണക്കിന് പെലികണുകള്‍ ക്രൂഡോയിലില്‍ മുങ്ങിക്കുളിക്കുന്നതും അതിനെ രക്ഷപ്പെടുത്താന്‍ പ്രകൃതിസംരക്ഷകര്‍ പാടുപെടുന്നതും എത്രപേര്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്? മെക്‌സിക്കന്‍ കടലിടുക്കിന്റെ തീരങ്ങളില്‍ നീന്തരുതെന്ന മുന്നറിയിപ്പ് ബോഡുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഫോട്ടോ എത്ര പത്രങ്ങളില്‍ വന്നു? ഇങ്ങനെ ഒളിച്ചുവെക്കാന്‍ കഴിയുന്നതാണോ ഈ വന്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍?

ഇതോടൊപ്പം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ കൂടിയുണ്ട്. സ്വന്തം നാട്ടുകാരുടെ ക്ഷേമത്തിലും നാടിന്റെ പരിസ്ഥിതി സംരക്ഷണത്തിലും താല്‍പര്യം പൂണ്ട് ബ്രിട്ടീഷ് പെട്രോളിയത്തോട് ബില്യണുകള്‍ ഭീഷണിപ്പെടുത്തി വാങ്ങുന്ന ഒബാമ, ഈ ആവേശത്തിന്റെ പത്തിലൊരംശം എന്ത് കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ അമേരിക്കയുടെ സ്വന്തം യൂനിയന്‍ കാര്‍ബൈഡ് വിതച്ച വിനാശത്തിന്റെ വിഷയത്തില്‍ കാണിക്കുന്നില്ല? ചുരുങ്ങിയത് ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഈ വ്യവസായ ദുരന്തത്തിന്റെ കാരണക്കാരനായ ആ വ്യക്തിയെ ഒന്ന് ഇങ്ങോട്ട് നാട് കടത്തുകയെങ്കിലും ചെയ്യുമോ? വെറുക്കപ്പെട്ട ആ വ്യക്തിക്ക് ഇനിയും ചുവപ്പ് പരവതാനി വിരിക്കാന്‍ കഴിയില്ലെന്നറിയാവുന്ന നമ്മുടെ മന്‍മോഹനും കൂട്ടരും അങ്ങനെയെങ്കിലും പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം വാങ്ങിക്കൊടുക്കട്ടെ. 11 അമേരിക്കക്കാരുടെ ജീവന് തുല്യമല്ലെങ്കിലും ഇത്രയധികം ഇന്ത്യക്കാരുടെ ജീവനും അല്‍പമെങ്കിലും വിലയുണ്ടെന്ന് സമ്മതിക്കാനുളള സുവര്‍ണാവസരമാണിത് ഒബാമക്ക്.
tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...