Saturday, 13 January 2018

ലങ്കാവിയുടെ വശ്യതയില്‍


ലങ്കാവിയുടെ വശ്യതയില്‍..

താജ് ആലുവ

മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടിയെത്തിയിരുന്നത്. അതിനാല്‍ത്തന്നെ മലേഷ്യയിലേക്കൊരു അവധിക്കാല യാത്ര പ്ലാ൯ ചെയ്തപ്പോള്‍ ഉറപ്പാക്കിയത് ക്വലാലംപൂരില്‍ പരമാവധി സമയം കഴിച്ചുകൂട്ടുകയും അവിടത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദ൪ശിക്കുകയും ചെയ്യുകയെന്നതായിരുന്നു. എന്നാല്‍, മുമ്പ് അവിടം സന്ദ൪ശിച്ച ഒരു സുഹൃത്ത് ഇടപെട്ടാണ് നി൪ബന്ധമായും ലങ്കാവി കൂടി യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നി൪ദേശിച്ചത്. അങ്ങിനെ അഞ്ചുദിവസം ക്വലാലംപൂരും രണ്ട് ദിവസം ലങ്കാവിയും എന്ന് തീരുമാനിച്ച് പ്ലാ൯ തിരുത്തി. അവസാനം രണ്ടുദിവസത്തെ ലങ്കാവി സന്ദ൪ശനം കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു, തിരിച്ചാണ് ഷെഡ്യൂള്‍ വേണ്ടിയിരുന്നത്.

നഗരജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി, പൂ൪ണമായും മരതകപ്പച്ചയണിഞ്ഞ 104 ദ്വീപുകളുടെ സമുഛയമായ ലങ്കാവി ആരെയും ഹഠാദാക൪ഷിക്കും. വശ്യമനോഹരമായ ആ ദ്വീപുകളില്‍ ഏതാനും ചിലതില്‍ മാത്രമേ നാം സമയം ചെലവഴിക്കുന്നുള്ളൂവെങ്കിലും, അവിടെ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷവും അസാമാന്യമായ പ്രകൃതിഭംഗിയുടെ അവാച്യമായ അനുഭൂതിയില്‍ നാം ലയിച്ചുചേരുന്നു. തണുപ്പും ചൂടും അമിതമല്ലാത്ത കാലാവസ്ഥയുടെ ആനുകൂല്യത്തില്‍ ദിവസം മുഴുവ൯ പ്രകൃതിയില്‍ സ്വഛന്ദം വിഹരിക്കാ൯ സാധിക്കുന്നുവെന്നതാണ് ലങ്കാവിയെ യാത്രക്കാരുടെ പ്രിയങ്കരമായ ലക്ഷ്യസ്ഥാനമാക്കുന്നത്. സാധാരണഗതിയില്‍ മിക്കദിവസവും അല്‍പമെങ്കിലും മഴ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. കോണ്‍ക്രീറ്റ് കാടുകളോ വാഹനങ്ങളുടെ ആധിക്യമോ അവയുടെ ശബ്ദമലിനീകരണമോ ഫാക്ടറികളുടെ പുകക്കുഴലുകളോ ഇല്ലാതെ പ്രകൃതി അതിന്റെ എല്ലാവിധ മനോഹാരിതകളോടും കൂടി മുന്നില്‍ വന്ന് നില്‍ക്കുന്ന പ്രതീതിയാണ് ഇവിടത്തെ ഓരോ പ്രദേശവും സമ്മാനിക്കുന്നത്. തെളിഞ്ഞ വെള്ളവും മിനുത്ത മണല്‍ത്തരികളുമുള്ള കടല്‍ത്തീരങ്ങള്‍, വൃത്തിയോടും വെടിപ്പോടും കൂടി സൂക്ഷിച്ച തെരുവുകള്‍, ഇടതൂ൪ന്ന കാടുകളും ഹരിതാഭമായ മലകളും പച്ചപ്പുല്‍മേടുകളും അവയുടെ തനിമയില്‍ നിലനിറുത്തിയിരിക്കുന്നു...

മലേഷ്യയുടെ വടക്ക് പടിഞ്ഞാറ൯ തീരത്ത് നിന്ന് 30 കിലോമീറ്റ൪ മാറി, കേദ പ്രവിശ്യയുടെ ഭാഗമായി ആന്തമാ൯ സമുദ്രത്തിലാണ് ലങ്കാവി ദ്വീപ് സമൂഹം നിലകൊള്ളുന്നത്. ‘കേദയുടെ രത്നം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലങ്കാവിയുടെ ജനസംഖ്യ കേവലം 65,000 മാത്രമാണ്. മലായ് ഭാഷയില്‍ കഴുകന് പറയുന്ന ‘എലെങ്’ ലോപിച്ച് ‘ലങ്’ എന്നാവുകയും ചുവപ്പുകല൪ന്ന തവിട്ടുനിറത്തിലുള്ള പാറക്ക് പറയുന്ന ‘ഖാവി’യും ചേ൪ന്നാണ് ലങ്കാവിയുടെ ഉദ്ഭവം. ഈ പേരിനെ അന്വ൪ഥമാക്കിക്കൊണ്ട് ഒരു കൂറ്റ൯ കഴുകന്റെ രൂപം കുവാ പട്ടണത്തിലെ ഈഗിള്‍ സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്. തികഞ്ഞ നിശ്ശബ്ദതയാണ് ലങ്കാവിയുടെ സവിശേഷത. പച്ചപ്പുല്‍മേടുകള്‍ അതിരുകള്‍ തീ൪ത്ത റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ നിശ്ശബ്ദത വല്ലാതെ നമ്മെ ആക൪ഷിക്കും. കൊമ്പുകുലുക്കിപ്പായുന്ന മദയാനകണക്കെ ചീറിപ്പായുന്ന വാഹനങ്ങളും അവയുടെ ക൪ണകഠോരമായ ഹോണ്‍ മുഴക്കങ്ങളും കണ്ടും കേട്ടും ശീലിച്ച നാടുകളില്‍ നിന്ന് വരുന്നവ൪ക്ക് ഇത് പ്രദാനം ചെയ്യുന്ന ഹൃദയശാന്തത വലുതാണ്. ഇവിടുത്തെ ചെറുതെങ്കിലും മനോഹരമായ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍, വിശാലമായ ഒരു പാ൪ക്കിലെത്തിപ്പെട്ടതു പോലെയുള്ള അനുഭവം.

ലങ്കാവിയില്‍ ആസ്വദിക്കാനും കണ്ടുതീ൪ക്കാനും വളരെയധികമുണ്ട്. ഈഗിള്‍ സ്ക്വയ൪ ഒരു പ്രധാന ആക൪ഷണമാണ്. ദ്വീപിന്റെ പേരു കൊത്തിവച്ച ഇവിടെ സഞ്ചാരികള്‍ ഫോട്ടോയെടുക്കാ൯ മല്‍സരിക്കുന്നു. ഈ ദ്വീപ് സമുഛയത്തിലെത്തിയാല്‍ ഒരിക്കലും മറക്കാതെ ചെയ്യേണ്ട രണ്ട് സംഗതികളുണ്ട്. ഐലന്റ് ഹോപ്പിംഗ് എന്ന, വ്യത്യസ്ത ദ്വീപുകളിലേക്കുള്ള ആസ്വാദ്യകരമായ ബോട്ടുയാത്രയും ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ സ്കൈ ക്യാബ് എന്ന് വിശേഷിപ്പിക്കുന്ന കേബിള്‍ കാ൪ യാത്രയും. ഏതാണ്ടെല്ലാ ടൂ൪ ഓപ്പറേറ്റ൪മാരും അവരുടെ യാത്രാപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഐലന്റ് ഹോപ്പിംഗ്. അത്രക്ക് ജനപ്രീതിയുള്ളതാണ് ഈ യാത്ര. ‘തെലുക്ക് ബാരി’ ജെട്ടിയില്‍ നിന്നാണ് സാധാരണഗതിയില്‍ ഇതാരംഭിക്കുക. ആദ്യം പോകുന്നത് ‘ദയാംഗ് ബണ്ടിംഗ്’ ദ്വീപിലേക്കാണ്. ഗ൪ഭിണിയായ ഒരു സ്ത്രീ മല൪ന്നു കിടക്കുന്ന രൂപത്തില്‍ ഇവിടത്തെ മലനിരകള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ ദ്വീപിന് ‘പ്രെഗ്നന്റ് ലേഡി’ എന്നൊരു വിളിപ്പേരുമുണ്ട്. ജെട്ടിയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റ് സഞ്ചരിച്ചാലാണ് ഇവിടെയെത്തുക. ബോട്ട് യാത്ര ഒട്ടുവളരെ ചെയ്തിട്ടുണ്ടെങ്കിലും എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് അവിസ്മരണീയമായ ഇവിടത്തെ ബോട്ട് യാത്ര സമ്മാനിച്ചത്. ഏതാണ്ട് 20 പേ൪ക്കിരിക്കാവുന്ന അത്രെയൊന്നും ആക൪ഷണീയമല്ലാത്ത ഒരു ബോട്ട്. അതില്‍ അസാമാന്യ സാമ൪ഥ്യമുള്ള മലേഷ്യ൯ ഡ്രൈവറും. വല്ലാതെ കലുഷമല്ലാതിരുന്നിട്ടും, സാമാന്യം ഉയരത്തില്‍ പതഞ്ഞുപൊന്തിയ തിരമാലകളെ വകഞ്ഞുമാറ്റി, വെള്ളത്തിനു മുകളിലൂടെ ബോട്ട് കുതിക്കുകയായിരുന്നില്ല, അക്ഷരാ൪ഥത്തില്‍ ചാടുകയായിരുന്നു. ഉള്ളില്‍ അല്‍പം ഭയം തോന്നാതിരുന്നില്ല. പ്രത്യേകിച്ചും ചെറിയ കുട്ടികളും സ്ത്രീകളുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കെ. പക്ഷെ യാത്ര എല്ലാവരും ആസ്വദിച്ചു. ചുറ്റുപാടും പച്ചപുതച്ച മലകള്‍ ഉയ൪ന്ന് നില്‍ക്കുന്ന ചെറിയ ദ്വീപുകള്‍ക്കിടയിലൂടെയായിരുന്നു ബോട്ട് കുതിച്ച് പാഞ്ഞത്. ദയാംഗ് ബണ്ടിംഗ് ദ്വീപില്‍ ബോട്ടെത്തുമ്പോള്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ചെങ്കുത്തായ ഒരു കുന്ന് കയറിയിറങ്ങിയാല്‍, നല്ല ശുദ്ധമായ തണുത്ത വെള്ളമുള്ള ഒരു തടാകമാണ്. വഴിയുടെ ഇരുവശവും ഇടതിങ്ങിനില്‍ക്കുന്ന കാട്. വഴിയിലുടനീളം കുരങ്ങുകള്‍ സഞ്ചാരികളുടെ കൈയില്‍നിന്നെന്തെങ്കിലും തട്ടിപ്പറിക്കാനാകുമെന്ന ‘പ്രതീക്ഷയോടെ’ കാത്തുനില്‍ക്കുന്നു.. കുരങ്ങുകളുടെ ശല്യത്തിലൊന്നും അധികം പെടാതെ ഞങ്ങള്‍ തടാകത്തിലെത്തിച്ചേ൪ന്നു. തടാകത്തിന് ചുറ്റം ഇടതൂ൪ന്ന കാടുകളാല്‍ സമ്പന്നമായ മലനിരകള്‍. വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ ഗുഹ തക൪ന്ന് വീണാണത്രെ ഈ തടാകം രൂപപ്പെട്ടത്. ചുണ്ണാമ്പുകല്ലുകളാല്‍ രൂപപ്പെട്ട വ൯ കുന്നുകളുടെ നിരകളും ഇവിടെ നിന്നാല്‍ കാണാം. യുനെസ്കോയുടെ ആഗോള പൈതൃക ജൈവപാ൪ക്കുകളില്‍പ്പെട്ട ഈ ദ്വീപില്‍ ഞങ്ങള്‍ ഏതാണ്ട് ഒരു മണിക്കൂറോളം നീന്തലും ബോട്ട് സവാരിയുമൊക്കെയായി കഴിച്ചുകൂട്ടി. കരഭാഗത്ത് നിന്ന് തന്നെ ഏതാണ്ട് 50 അടി താഴ്ചയുള്ള തടാകം ഒരേ സമയം ആക൪ഷണീയതയും ഭയവും പ്രദാനം ചെയ്തു. ഡൈവുചെയ്ത് നീന്താ൯ പറ്റിയ ആവേശവും, വല്ലാതെ ദൂരേക്ക് നീന്തിയാല്‍ ആഴമുള്ള കയങ്ങളില്‍പ്പെടുമോയെന്ന ആധിയുമാണ് ഞങ്ങളെ നിയന്ത്രിച്ചത്. നീന്താമെന്നതിന് പുറമെ, കാലുകള്‍ കൊണ്ട് തുഴഞ്ഞുപോകാവുന്ന രണ്ടുപേ൪ക്ക് വീതം ഇരിക്കാവുന്ന ബോട്ടുകള്‍, പ്രത്യേക സ്ഥലങ്ങളില്‍ ക്യാറ്റ് ഫിഷിനെ ഉപയോഗപ്പെടുത്തിയുള്ള സ്പാ, കാടിലൂടെ നടക്കാനുള്ള സൗകര്യം – ഇതൊക്കെയായിരുന്നു ഈ ദീപിന്റെ പ്രത്യേകതകള്‍. ഒന്നുമില്ലെങ്കില്‍ തടാകത്തിന്റെ അരികില്‍ കൂട്ടിയിട്ടിരിക്കുന്ന മരപ്പലകയിലൂടെ വെറുതെ നടക്കാം.

തുട൪ന്ന് ഞങ്ങളു‍ടെ യാത്ര ഈഗിള്‍ ഐലന്റിലേക്കായിരുന്നു. കഴുക൯മാരുടെ താവളമായ ഒരു ദ്വീപ്. മനുഷ്യവാസം തീരെയില്ലാത്ത, ഇടതൂ൪ന്ന മരങ്ങള്‍ മാത്രമുള്ള ദ്വീപിലേക്ക് നോക്കാ൯ തന്നെ പേടിയാകും. അതിനാല്‍ ആ ദ്വീപിലാരും ഇറങ്ങാറില്ല. അതിന്റെ അടുത്ത് വരെ പോയശേഷം, ബോട്ടില്‍ തന്നെയിരുന്ന് ഞങ്ങളുടെ ഡ്രൈവ൪ നേരത്തെ കരുതിയിരുന്ന ചിക്കന്റെ അവശിഷ്ടങ്ങള്‍ കടലില്‍ വിതറി. എന്നിട്ട് ബോട്ട് ഒരല്‍പം പിന്നോട്ട് മാറ്റി. മിനിറ്റൊന്ന് കഴിഞ്ഞില്ല, ഏറെ ദൂരത്ത് നിന്ന് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് സിഗ്നല്‍ ലഭിച്ച കഴുക൯മാ൪ ഓരോന്നോരോന്നായി അത് കൊത്തിയെടുക്കാ൯ തുടങ്ങി. നല്ല കുറെ ഫോട്ടോകളും വീ‍ഡിയോകളും ലഭിച്ച അനുഭവം ഞങ്ങള്‍ക്കോരോരുത്ത൪ക്കും.

തുട൪ന്ന് ബോട്ട് കുതിച്ചത് ‘പുലാവ് ബെരാസ് ബസാഹ്’ എന്ന് വിളിക്കുന്ന മറ്റൊരു ദ്വീപിലേക്കാണ്. ‘നനഞ്ഞ അരി’യുടെ ദ്വീപ് എന്ന് ഭാഷാന്തരം. അത്യന്തം മനോഹരമായ ഈ ദ്വീപിന്റെ പ്രത്യേകത, അന്തമാ൯ സമുദ്രത്തിന്റെ അഗാധതയിലേക്കെത്തി നോക്കാവുന്ന ദൃശ്യങ്ങളും അത്ഭുതകരമാം വണ്ണം മൃദുലമായ വെളുത്ത മണല്‍ നിറഞ്ഞ കടല്‍ത്തീരവുമാണ്. വെള്ളത്തില്‍ നീന്തിത്തുടിക്കുവാനും അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെറുതെ കാറ്റുകൊള്ളുവാനുമൊക്കെ യോജിച്ച ദ്വീപ്. ബനാന ബോട്ടിംഗ്, ജെറ്റ് സകീയിംഗ്, പാരസൈലിംഗ് തുടങ്ങിയവയും ഇവിടെ ഉപയോഗപ്പെടുത്താം. എല്ലാ അ൪ഥത്തിലും ഒരു ആശ്വാസതീരത്താണ് നാമെത്തിയതെന്ന പ്രതീതി ഇവിടെയുണ്ടാകും. ഒരേയൊരു പ്രശ്നമേ സാധാരണ ഗതിയില്‍ നിങ്ങളിവിടെ അനുഭവിക്കേണ്ടി വരൂ: അത് നമ്മുടെ ഭക്ഷണം തട്ടിയെടുക്കാ൯ വരുന്ന കുരങ്ങുകളാണ്. അവരെ കരുതിയിരിക്കുക. കുറച്ച് അവ൪ക്കും നല്‍കുന്നത് നല്ലതാണെങ്കിലും ബാക്കികൂടി അവ൪ കൊണ്ടുപോകാതെ നോക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ ഏതാണ്ട് ഒരു മണിക്കൂറാണ് ടൂ൪ ഓപറേറ്റ൪മാ൪ ഇവിടെ ചെലവഴിക്കാ൯ നല്‍കുക, അത് നമുക്ക് മതിയാകില്ലെങ്കിലും. ചുണ്ണാമ്പുകല്ലുകളുള്ള മലകള്‍ തലയുയ൪ത്തി നില്‍ക്കുന്ന സമുദ്രത്തിലെ ഓളങ്ങളെ തള്ളിനീക്കി കുതിക്കുന്ന ബോട്ടില്‍ തിരിച്ച് ജെട്ടിയിലേക്കുള്ള യാത്രയും അതേ അവേശം നല്‍കുന്നതാണ്.

ഇനിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കേബിള്‍ കാറിലൂടെയുള്ള സഞ്ചാരം. ലങ്കാവിയില്‍ നിങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ഒരിക്കലും നഷ്ടപ്പെടാ൯ പാടില്ലാത്ത ഒരു ആക൪ഷണീയതയാണിത്. അത്യന്തം ഉദ്വേഗഭരിതവും അസാധാരണമായ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ് അവിസ്മരണീയമായ ഈ അനുഭവം. മാറ്റ് സി൯കാംഗെന്ന മലയുടെ താഴ്വാരത്ത് നിനാരംഭിച്ച് ഏതാണ്ട് കാല്‍മണിക്കൂറിനുള്ളില്‍ 708 മീറ്റ൪ ഉയരത്തില്‍ മലമുകളിലേക്ക് കുത്തനെ കയറുന്ന അനുഭവം സമാനതകളില്ലാത്തതാണ്. ഒരേ സമയം മലകള്‍, താഴ്വരകള്‍, ദ്വീപുകള്‍, ആന്തമാ൯ സമുദ്രം എന്നിവയുടെ ഇമ്പവും ഹൃദയം തുടിപ്പിക്കുന്നതുമായ കാഴ്ചകള്‍ ഇവ പ്രദാനം ചെയ്യുന്നു. പടായി കോക് എന്ന് വിളിക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഓറിയന്റല്‍ വില്ലേജില്‍ നിന്നാണ് ഈ അത്ഭുതസഞ്ചാരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കരസ്ഥമാക്കേണ്ടത്. സീസണനുസരിച്ച് ക്യൂവിന്റെ നീളം വ്യത്യാസപ്പെടാം. പക്ഷെ ഓരോ അരമിനിറ്റിലും എത്തുന്ന കേബിള്‍ കാ൪ ആറുപേരെയും വഹിച്ചുകൊണ്ട് ഇടതടവില്ലാതെ പ്രയാണം തുടരുന്നതിനാല്‍ വരി നില്‍ക്കല്‍ വലിയ ഒരു പ്രയാസമായി അനുഭവപ്പെടില്ല. ശ്രദ്ധിക്കേണ്ട സംഗതി, കേബിള്‍ കാ൪ നമുക്കായി നിറുത്തിത്തരില്ല, പതുക്കെ അത് ചലിച്ചുകൊണ്ടേയിരിക്കുമെന്നതിനാല്‍ സൂക്ഷിച്ച് അതിനകത്തേക്ക് കാലെടുത്തുവക്കണം. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന൪ഥം. പുറപ്പെടുന്നതിന് മുമ്പ്, വാതിലുകള്‍ സ്വയം തന്നെ അടഞ്ഞുകൊള്ളും, എല്ലാവിധ സുരക്ഷിതത്വവും ഉറപ്പിച്ചുകൊണ്ട്. ക്യാബിന് മുകളിലുള്ള ചെറിയ കിളിവാതിലിലൂടെ അത്യാവശ്യം വേണ്ട വെന്റിലേഷ൯ ഉറപ്പിക്കുന്നുണ്ട്. യാത്ര ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ നാം ശ്വാസമടക്കിപ്പിടിക്കേണ്ട കുത്തനെയുള്ള കയറ്റമുണ്ട്. ലോകത്ത് കേബിള്‍ കാറുകളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ചരിഞ്ഞുകയറുന്ന സ്ഥലം (42 ഡിഗ്രി) ഇതാണെന്നാണ് വിവരം. മലമുകളിലേക്കെത്തുന്നതിന് മുമ്പ് ആദ്യം ഒരു മിഡില്‍ സ്റ്റേഷനില്‍ കാ൪ നിറുത്തും. അവിടെ വേണ്ടവ൪ക്ക് ഇറങ്ങി കാഴ്ചകള്‍ ആസ്വദിക്കാം. എന്നാല്‍ വരാനിരിക്കുന്ന അതിമനോഹരമായ കാഴ്ചകളുടെ ആസ്വാദ്യത കുറക്കാതിരിക്കാ൯ അധികമാരും അവിടെ ഇറങ്ങാറില്ല. കേബിള്‍ കാറുകള്‍ പിന്നെയും ഉയരത്തിലേക്ക് പോകുമ്പോള്‍, അന്തരീക്ഷ താപം കുറഞ്ഞുവരുന്നത് നമുക്കനുഭവവേദ്യമാകും. ഒരു തണുത്ത ഇളംകാറ്റ് ക്യാബിന് മുകളിലൂടെ നമ്മെ തഴുകിയെത്തും. മലമുകളിലേക്കുള്ള യാത്രയില്‍ താഴെ ഓറിയന്റല്‍ വില്ലേജിലെ കെട്ടിടങ്ങള്‍ കാണെക്കാണെ പൊട്ടുപോലെയാകുന്നതും, മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം രൂപപ്പെടുത്തിയ നീ൪ചാലുകളും ഇടതൂ൪ന്ന മഴക്കാടുകളും ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളും അനേകം പക്ഷിക്കൂട്ടങ്ങളുമൊക്കെച്ചേ൪ന്നൊരുക്കുന്ന ദൃശ്യവിഭവങ്ങള്‍ വാക്കുകളില്‍ വിവരിക്കുക അസാധ്യം. ഏതാണ്ട് 2.1 കിലോമീറ്ററാണ് യാത്രയുടെ മൊത്തം ദൈ൪ഘ്യം.

കാഴ്ചകള്‍ കാണാ൯ രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ഒന്ന്, സ്റ്റേഷന് ഏറ്റവും മുകളിലെത്തുമ്പോഴും രണ്ടാമത്തെത്, സ്റ്റേഷന് വലതുവശത്തുകൂടെ നടന്നെത്താവുന്ന ദൂരത്തും. രണ്ട് സ്ഥലത്തേക്കും ചെറിയ ഏണിപ്പടികള്‍ കയറിവേണം എത്തിപ്പെടാ൯. ഇവിടെ 360 ഡിഗ്രിയില്‍ കാഴ്ചകാണാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. ആകാശം അനുകൂലമാകുമെങ്കില്‍ ആന്തമാ൯ സമുദ്രത്തിലങ്ങിങ്ങ് പരന്നുകിടക്കുന്ന ധാരാളം മനോഹരമായ ചെറുദ്വീപുകളെ നീലനിറത്തിലുള്ള വെള്ളത്തില്‍ നമുക്ക് ദ൪ശിക്കാം. ഒപ്പം ഉയ൪ന്ന് നില്‍ക്കുന്ന മാമലകളും ഗുഹകളും ഇപ്പോള്‍ വീഴുമെന്ന് തോന്നിക്കുന്ന വണ്ണം നിലകൊള്ളുന്ന ചെങ്കുത്തായ മലനിരകളെയും ധാരാളമായി കാണാം. തെക്കുപടിഞ്ഞാറായി ഇന്തോനേഷ്യയുടെ ചിലഭാഗങ്ങളും വടക്ക് തായ്‍ലന്റും കാണാം.

സ്റ്റേഷന്റെ മറ്റൊരു വശത്താണ് പ്രസിദ്ധമായ ലങ്കാവി തൂക്കുപാലം നിലകൊള്ളുന്നത്. സ്കൈ ബ്രിഡ്ജെന്നറിയപ്പെടുന്ന ഈ പാലത്തിന്റെ നി൪മാണം, അതീവ എഞ്ചിനീയറിംഗ് വൈദഗ്ദ്യം ആവശ്യപ്പെടുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ ബോധ്യപ്പെടും. പാലത്തിന് മുകളിലൂടെ നടന്നാല്‍ മാത്രമേ അത് ഏതുതരത്തിലുള്ള നി൪മാണപ്രക്രിയയിലൂടെയാണ് കടന്നുപോന്നിരിക്കുന്നതെന്ന് സ്വയം ബോധ്യപ്പെടാനാകൂ. കൂടാതെ, ലങ്കാവിയുടെ വശ്യസൗന്ദര്യം കൂടുതല്‍ അടുത്ത് നിന്ന് അനുഭവിക്കാ൯ ഈ യാത്രകൊണ്ട് സാധിക്കും.

അല്‍പമൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവ൪ക്ക്, മുകളിലെത്തെ സ്റ്റേഷനില്‍ നിന്ന് മധ്യത്തിലേക്കുള്ള സ്റ്റേഷനിലേക്കും തുട൪ന്ന് താഴെ ബേസ് സ്റ്റേഷനിലേക്കും ‘തെലാഗ തുജു’ (സപ്ത ജലാശയങ്ങള്‍) വെള്ളച്ചാട്ടത്തിലേക്കും ഒരു കാല്‍നടയാത്രയാകാം. അതിനുപറ്റിയ ഒരു ആകാശപാത (sky trail) ഇവിടെയൊരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടേകാല്‍ കിലോമീറ്ററോളം ആകെ ദൈ൪ഘ്യം വരുന്ന ഈ പാത ഉപയോഗപ്പെടുത്തി കാടിന് നടുവിലേക്കും അല്‍പം സഞ്ചരിക്കാം. എന്നാല്‍, ഇറങ്ങാ൯ അത്ര പ്രയാസമില്ലെങ്കിലും ഇതിലൂടെ തിരിച്ചുകയറുകയെന്നത് ഇത്തിരി സാഹസമാണ്.

കേബിള്‍ കാറിന്റെ ബേസ് സ്റേറഷ൯ ഒരു പൗരാണിക പൗരസ്ത്യ ഗ്രാമത്തിന്റെ രൂപത്തിലാണ് ഡിസൈ൯ ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും കുട്ടികള്‍ക്ക് ആസ്വദിക്കാ൯ കഴിയുന്ന പലതരത്തിലുള്ള ഗെയിമുകളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. റസ്റ്റോറന്‍റുകളും ചെറിയ സുവനീ൪ ഇനങ്ങള്‍ മുതല്‍ പലവക സാധനങ്ങള്‍ ലഭിക്കുന്ന ഇടത്തരം ഷോപ്പുകളും ധാരാളം. ഒരു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ധാരാളം പേ൪ ഒന്നിച്ചുചെന്ന് സാധനങ്ങള്‍ എടുത്തതിന് ശേഷം വിലകൊടുക്കുന്നതിന് പകരം വില തിട്ടപ്പെടുത്തി ആദ്യം കൊടുത്തതിന് ശേഷം സാധനങ്ങള്‍ കൈവശപ്പെടുത്തുകയാണ് ഇവിടത്തെ കടക്കാ൪ താല്പര്യപ്പെടുന്നത്! അല്ലെങ്കില്‍ അവ൪ ദേഷ്യപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാ൯ സാധിക്കും!

ഇവിടെത്തന്നെ വാനലോകത്തെക്കുറിച്ചുള്ള തിയേറ്റ൪ കാഴ്ചകളും ഒരുക്കിയിരിക്കുന്നു. ഏതാണ്ട് പതിനൊന്ന് മീറ്റ൪ വ്യാസമുള്ള വലിയ ആകാശഗോപുരത്തിന്റെ (Skydome) മാതൃകയില്‍ ഡിസൈ൯ ചെയ്തിട്ടുള്ള ഈ തിയേറ്ററില്‍ 50 പേ൪ക്കിരുന്ന് വാനലോകത്തിന്റെയും പ്രപഞ്ചത്തിന്‍റെയും 360 ഡിഗ്രി കാഴ്ചകള്‍ കാണാം. 12 പ്രൊജക്റ്ററുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ മായാക്കാഴ്ചകള്‍ നമ്മിലേക്കെത്തിക്കുന്നത്. പത്തുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഷോയിലൂടെ കേബിള്‍ കാറിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയം ഫലപ്രദമായ അറിവുകള്‍ കരസ്ഥമാക്കാ൯ ഉപയോഗിക്കാം.

കാഴ്ചകള്‍ ലങ്കാവിയില്‍ ഇനിയുമേറെയുണ്ട്. ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് മലേഷ്യ൯ അധികൃത൪. അതിന്റെ ഏറ്റവും വലിയ നിദ൪ശനമാണ്, ഒരിക്കല്‍ സന്ദ൪ശിച്ചവ൪ വീണ്ടും വീണ്ടും എത്തിപ്പെടാനാഗ്രഹിക്കുന്ന ഈ മനോഹര ദ്വീപ് സമുഛയം.

tajaluva@gmail.com

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...