ഈജിപ്ത്: മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍
താജ് ആലുവ
അര നൂറ്റാണ്ടോളം നീണ്ട പീഡനപര്‍വത്തിന് ശേഷം ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന് ഇത് വിജയാഹ്ളാദത്തിന്റെ അസുലഭാവസരം. സ്വേഛാധിപത്യത്തിന്റെ നുകത്തില്‍ നിന്ന് മോചനം ലഭിച്ച ഒന്നാമത്തെ അവസരത്തില്‍ തന്നെ, മീഡിയയുടെയും സൈനിക-രാഷ്ട്രീയ-ബിസിനസ് മാഫിയകളുടെയും വ്യാപകമായ കുപ്രചാരണങ്ങളുടെ വലിയ ഒരു മല തന്നെ മറികടന്ന്, അത്രയൊന്നും അറിയപ്പെടാത്ത സൌമ്യനായ ഒരു പ്രസിഡന്റിനെ ജയിപ്പിച്ചെടുക്കാനായത് ബ്രദര്‍ഹുഡിനെ സംബന്ധിച്ചേടത്തോളം ചരിത്ര നേട്ടം തന്നെ.
എന്നാല്‍ ബ്രദര്‍ഹുഡ് രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ചെയര്‍മാന്‍ മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രഥമ സിവിലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വിചാരിച്ചിരുന്നത്ര എളുപ്പത്തിലായിരുന്നില്ല. കഴിഞ്ഞ ആറു ദശകങ്ങളിലായി നാലു സൈനിക പ്രസിഡന്റുമാര്‍ വാണ നൈലിന്റെ നാട്ടില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പെന്നത് ഇതുവരെ കേട്ടുകേള്‍വിയായിരുന്നു. 99.99 ശതമാനം വോട്ടുകള്‍ നേടി സൈനിക ജനറലുമാര്‍ എതിരില്ലാതെ വാണിരുന്ന നാട്ടില്‍ ജനാധിപത്യപരമായി വോട്ടവകാശം വിനിയോഗിക്കുകയെന്നതും സമാധാനപരമായ അന്തരീക്ഷത്തില്‍ അത് നേടിയെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുകയെന്നതുമൊക്കെ ആദ്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. വിജയിക്കുന്ന വിപ്ളവത്തിന് അവകാശികള്‍ കൂടുതലുണ്ടാവുകയെന്നത് സ്വാഭാവികമാണെങ്കിലും മറ്റുള്ളവരെയെല്ലാം മാറ്റിനിര്‍ത്തി എല്ലാം തന്റേതാക്കാനുള്ള ഭാവവുമായി ചിലരെങ്കിലും രംഗത്ത് വന്നത് വിപ്ളവനാന്തര രാഷ്ട്രീയത്തെ എല്ലാ അര്‍ഥത്തിലും കലുഷിതമാക്കി. ഒപ്പം അവസാന റൌണ്ടില്‍ ബ്രദര്‍ഹുഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ലിബറലുകളും ഇടതന്മാരും കോപ്റ്റിക്കുകളും കളിച്ച കളികള്‍ വളരെ വൃത്തികെട്ടതായിരുന്നു. പഴയ ഭരണകൂടത്തിന്റെ അവശിഷ്ടമായ അഹ്മദ് ശഫീഖ് ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയേക്കാള്‍ നല്ല സ്ഥാനാര്‍ഥിയായി പലര്‍ക്കും 'അനുഭവപ്പെടുകയും' അങ്ങനെത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തു.
പലതരം കടമ്പകള്‍ കടന്ന് ജയിച്ചുവന്ന മുര്‍സിക്ക് മുന്നിലെ വെല്ലുവിളികള്‍ ചില്ലറയല്ല. ഒന്നാമതായി സൈന്യത്തിന്റെ ഔദാര്യത്തില്‍ കഴിയേണ്ട പ്രസിഡന്റിന്റെ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. ഹുസ്നി മുബാറക് കൈവശം വെച്ച അത്ര വിപുലമായ അധികാരം കൈയാളുകയെന്നത് മുര്‍സിയുടെ ലക്ഷ്യമല്ലെങ്കിലും ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന നിലക്കുള്ള സ്വതന്ത്രാധികാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്. അത് തടയാനാണ് സ്കാഫ് (സുപ്രീം കൌണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സ്) തുനിയുന്നതെങ്കില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കും ഫലം. പിന്നീട് അത് മറയാക്കി മുര്‍സിയെ പുകച്ചുപുറത്ത് ചാടിക്കാനും സ്കാഫ് തുനിഞ്ഞേക്കും. പാര്‍ലമെന്റ് പിരിച്ചുവിട്ടത് സൂചിപ്പിക്കുന്നത് അതാണ്. പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ കൈവക്കാന്‍ തുനിഞ്ഞ സ്കാഫിനെ സ്പീക്കര്‍ സഅദ് അല്‍ കത്താത്ത്നി തടഞ്ഞതും ചില വിഷയങ്ങളില്‍ അദ്ദേഹമെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് പാര്‍ലമെന്റിനെ പിരിച്ചുവിടാന്‍ കോടതിയെ പ്രേരിപ്പിച്ചത്. അതിനാല്‍ത്തന്നെ കരുതലോടെയായിരിക്കും മുര്‍സിയുടെ മുന്നോട്ടുള്ള നീക്കം. ജാഗ്രതയാണീ വിഷയത്തില്‍ പ്രധാനമെന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തില്‍ നിന്നും മാധ്യമ വിമര്‍ശനങ്ങളില്‍ നിന്നും വ്യക്തമായ പാഠങ്ങള്‍ ബ്രദര്‍ഹുഡിന് ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് തുല്യ പ്രധാന്യമുള്ള സംഗതിയാണ്. ശരാശരി ഈജിപ്ഷ്യന്റെ ജീവിതനിലവാരത്തില്‍ കുറഞ്ഞകാലം കൊണ്ടുതന്നെ മാറ്റം പ്രകടമായിട്ടില്ലെങ്കില്‍ തഹ്രീര്‍ സ്ക്വയര്‍ വീണ്ടും സജീവമാവും. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എട്ടരക്കോടി ജനങ്ങളില്‍ മുപ്പത് ശതമാനം പേരും ദാരിദ്യ്രരേഖക്ക് താഴെയാണ്. തൊഴിലില്ലായ്മ 9.7 ശതമാനം. ഇതിന് കാരണമായ ഭരണകൂട അഴിമതി ഇല്ലായ്മ ചെയ്യാന്‍ സാമൂഹിക നീതിയുടെ പ്ളാറ്റ്ഫോമില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുര്‍സിക്ക് സാധിക്കുമെന്ന് കരുതാം. അധികാരമേറ്റെടുത്ത ഉടനെ തനിക്ക് ശമ്പളം ആവശ്യമില്ലെന്ന് പ്രസിഡന്റ് മുര്‍സി പ്രഖ്യാപിച്ചത് അതാണ് സൂചിപ്പിക്കുന്നത്. തന്നെ അഭിനന്ദിച്ചുകൊണ്ട് പത്രങ്ങളില്‍ വന്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. താനും കുടുംബവും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താമസിക്കില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നുമുള്ള മുര്‍സിയുടെ പ്രസ്താവനകളും നല്ല ദിശയിലുള്ള കാല്‍വെപ്പുകളാണ്. തനിക്ക് പ്രഥമ വനിതയെന്ന സ്ഥാനം വേണ്ടെന്നും താന്‍ സാധാരണക്കാരോടൊപ്പമായിരിക്കും നിലകൊള്ളുകയെന്നും അദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞിട്ടുണ്ട്.
നിലവിലെ അവസ്ഥയില്‍ രാഷ്ട്രത്തിന്റെ 39 ശതമാനം സമ്പത്തും കൈയടക്കിവെച്ചിരിക്കുന്നത് 20 ശതമാനം വരുന്ന സമ്പന്നവര്‍ഗമാണ്. ഒരുഭാഗത്ത് വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുകയും മക്കളെ വിദേശത്ത് സ്കൂളുകളിലും സര്‍വകലാശാലകളിലും അയച്ചു പഠിപ്പിക്കുകയും ചെയ്യുന്ന സമ്പന്ന വര്‍ഗം സര്‍വവിധ സുഖാഡംബരങ്ങളിലും മുഴുകി ജീവിക്കുമ്പോള്‍ മറുഭാഗത്ത് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദിവസം രണ്ട് ഡോളര്‍ പോലും സമ്പാദിക്കാനാകാതെ, ഭക്ഷണമോ വിദ്യാഭ്യാസമോ മറ്റടിസ്ഥാന സൌകര്യങ്ങളോ ഇല്ലാതെ ജീവിതം തള്ളി നീക്കുന്നവരെയും തലസ്ഥാനമായ കയ്റോയില്‍ ധാരാളമായി കാണാം. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരികയെന്നത് പുതിയ പ്രസിഡന്റിന്റെ മുന്‍ഗണനയില്‍ വരേണ്ട കാര്യമാണ്.
തെരഞ്ഞെടുപ്പോടു കൂടി വിഭജിക്കപ്പെട്ടുപോയ ഈജിപ്ഷ്യന്‍ സമൂഹത്തെ യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയെന്ന ദൌത്യമാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഷയം. അവസാനറൌണ്ടില്‍ ബ്രദര്‍ഹുഡും 'ഫുലൂലും'(മുബാറക് ഭരണകൂട അവശിഷ്ടങ്ങള്‍) മാത്രം ബാക്കിയായപ്പോള്‍ വിപ്ളവത്തില്‍ പങ്കെടുത്തവരില്‍ തന്നെ പലരും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമാറ് ശക്തമായ ബ്രദര്‍ഹുഡ് വിരോധം കൊണ്ടുനടന്നവര്‍ പലരുമുണ്ടായിരുന്നു. ഇവര്‍ മുഖേന ഒരു ഘട്ടത്തില്‍ അഹ്മദ് ശഫീഖ് കരപറ്റുമോയെന്ന് വരെ ആശങ്കപ്പെട്ട ഘട്ടത്തില്‍ പരസ്പരധാരണക്ക് മുര്‍സി മുന്‍കൈയെടുത്തെങ്കിലും പല അവസരങ്ങളിലും നിരാശയായിരുന്നു ഫലം. വിപ്ളവത്തില്‍ നേരിട്ട് പങ്കാളികളായ ചില ഈജിപ്ഷ്യന്‍ യുവാക്കളുമായി നേരിട്ട് സംവദിച്ച ഈ ലേഖകനോട് അവരില്‍ ചിലരുടെയെങ്കിലും മറുപടി, തങ്ങള്‍ ആഗ്രഹിച്ച മാറ്റം ഇതായിരുന്നില്ലായെന്നായിരുന്നു. ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് ഒരു നവ ഈജിപ്തിനെക്കുറിച്ച തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലീകരിക്കുമോയെന്നതായിരുന്നു ഈ യുവാക്കളുടെ ആശങ്ക.
വിദേശ നയവുമായി ബന്ധപ്പെട്ട് ഇസ്രയേലുമായുള്ള ക്യാമ്പ് ഡേവിഡ് കരാറിനെക്കുറിച്ചാണ് അമേരിക്കയടക്കമുള്ള മിക്ക വന്‍ശക്തികളുടെയും ആശങ്ക. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടത്തിയ ടെലിവിഷന്‍ സംഭാഷണത്തില്‍ രാജ്യത്തിന്റെ എല്ലാ അന്തര്‍ദേശീയ സന്ധികളും മാനിക്കുമെന്ന മുര്‍സിയുടെ പ്രഖ്യാപനം ഇത് സംബന്ധിച്ച ആശങ്കളകറ്റുന്നതായിരുന്നു.
ജനാധിപത്യത്തിലേക്ക് പിച്ചവെക്കുന്ന ഈജിപ്തിന്റെ പ്രശ്ന കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍, ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടെങ്കിലും തങ്ങളുടെ പ്രസിഡന്റില്‍ നിന്ന് ഈജിപ്ഷ്യന്‍ ജനത ഒരുപാട് പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷകള്‍ സഫലീകരിക്കുന്നതിനനുസരിച്ചിരിക്കും പുതിയ പ്രസിഡന്റിന് ജനങ്ങളിലുള്ള സ്വീകാര്യതയും ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയഭാവിയും. tajaluva@gmail.com