http://www.madhyamam.com/news/232202/130628
സമകാലിക ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനപര്‍വത്തിലൂടെ കടന്നുപോവുന്ന സിറിയന്‍ ജനത, അവരുടെ പ്രതിസന്ധിയുടെ ഏറ്റവും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണിപ്പോള്‍. മേഖലയിലെ പുതുവസന്തത്തിന്റെ മുല്ലപ്പൂ പരിമളം ആസ്വദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സമരരംഗത്തേക്കെടുത്തുചാടിയ അവരെ കാത്തിരുന്നത് ഇത്ര വലിയ ദുരന്തമാണെന്ന് ആ ജനത സ്വപ്നേപി നിനച്ചിട്ടുണ്ടാകില്ല. പൗരസ്വാതന്ത്ര്യത്തിനും ഭരണപങ്കാളിത്തത്തിനും വേണ്ടിയുള്ള അവരുടെ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ തീരുമാനിച്ച ബശ്ശാര്‍ അല്‍അസദും പിണിയാളുകളും രണ്ടു വര്‍ഷംകൊണ്ട് ഒരു ലക്ഷത്തോളം പേരെ പരലോകത്തേക്കയച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലും ദശലക്ഷങ്ങള്‍ ആശ്രയമില്ലാതെ മധ്യപൂര്‍വദേശത്തിന്‍ന്റെ മൊത്തം സമാധാനം കെടുത്താന്‍ പാകത്തില്‍ സിറിയന്‍ പ്രതിസന്ധി വളര്‍ന്നിരിക്കുന്നു. എല്ലാവരും ആശങ്കപ്പെട്ടിരുന്ന ശിയാ-സുന്നി സംഘര്‍ഷമായിത്തീരാനുള്ള എല്ലാ ചേരുവകളും ഇപ്പോള്‍ ഈ പ്രശ്നത്തിലുള്‍ച്ചേര്‍ന്നിരിക്കുന്നു. ഹിസ്ബുല്ലക്കെതിരെ ലബനാനിലെയും ജോര്‍ഡനിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സുന്നി ഗ്രൂപ്പുകള്‍ രംഗത്തുവന്നതും ചിലരെങ്കിലും പോരാളിസംഘങ്ങളെ സിറിയയിലേക്കയച്ചുകൊണ്ടിരിക്കുന്നെന്ന വാര്‍ത്തകളും ആശങ്കയുളവാക്കുന്നതാണ്. സിറിയന്‍ പ്രശ്നത്തില്‍ പ്രത്യക്ഷമായി ഇടപെടാന്‍ ഹിസ്ബുല്ലക്കുള്ള ന്യായം ഇതാണ്: സിറിയയാണ് ഇസ്രായേലിനെതിരായ പോരാട്ടങ്ങളില്‍ തങ്ങളെ സഹായിച്ചതും സഹായിച്ചുകൊണ്ടിരിക്കുന്നതും. ബശ്ശാര്‍ ഭരണകൂടം വീണാല്‍ ഇസ്രായേല്‍ ദക്ഷിണ ലബനാന്‍ വീണ്ടും കീഴടക്കും. അതിനാല്‍ സിറിയന്‍ ഭരണകൂടത്തെ പിന്തുണക്കേണ്ടത് തങ്ങളുടെ നിലനില്‍പിന്റെകൂടി ആവശ്യമാണ്. വിമതര്‍ വിജയിച്ചാല്‍ അവര്‍ ലബനാനിലേക്ക് കടന്നുകയറുകയും ഹിസ്ബുല്ല അടക്കമുള്ള ശിയാ ഗ്രൂപ്പുകളെ നേരിടുകയും ചെയ്യുമെന്നതും ഉറപ്പാണെന്ന് സംഘടന പറയുന്നു. സിറിയന്‍ യുദ്ധം ലബനാനിലേക്ക് വ്യാപിക്കാതിരിക്കാനാണ് തങ്ങള്‍ അവിടേക്ക് പോരാളികളെ അയച്ചതെന്നാണ് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല പ്രസ്താവിച്ചത്. സിറിയയല്ല, ഇറാനാണ് ഹിസ്ബുല്ലയുടെ പിന്നാമ്പുറ ശക്തിയെന്നിരിക്കെ ഇസ്രായേല്‍ തങ്ങളെ ആക്രമിക്കും എന്ന് പറയുന്നത് മുടന്തന്‍ ന്യായമാണെന്ന് വ്യക്തമാണെന്നാണ് എതിര്‍വാദം. അതിനുപുറമെ, ഈ ന്യായവാദത്തിലടങ്ങിയ അപകടം കൃത്യമായി വിശകലനം ചെയ്യാന്‍ മേഖലയുടെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍വെച്ച് ഹിസ്ബുല്ലയും അതിന്റെ പ്രായോജകരായ ഇറാനും തുനിയേണ്ടതായിരുന്നു. ലബനാനാണ് ഹിസ്ബുല്ലയുടെ നിലപാടിന്‍െറ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത്. അവിടെ ഇപ്പോള്‍തന്നെ ആഭ്യന്തരയുദ്ധത്തിന്‍െറ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് ഈ അര്‍ഥത്തില്‍ വേണം നോക്കിക്കാണാന്‍. കൂടാതെ, ഹിസ്ബുല്ല തങ്ങളുടെ പോരാളികളെ സിറിയയില്‍നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ലബനാനിലെ അവരുടെ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് സിറിയന്‍ വിമതരും ആണയിടുന്നുണ്ട്. നേരത്തേതന്നെ ഹെര്‍മല്‍ പോലുള്ള പട്ടണങ്ങളില്‍ അവര്‍ റോക്കറ്റാക്രമണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ബെക്ക താഴ്വരയില്‍ വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സിവിലിയന്മാരടക്കം കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ വാദങ്ങള്‍ പൂര്‍ണരൂപത്തില്‍ വിഴുങ്ങാന്‍ കൂട്ടാക്കാത്തവര്‍ ലബനാനിലെ ശിയാ വിഭാഗത്തില്‍ത്തന്നെയുണ്ട്. ഉദാഹരണ ത്തിന്, സംഘടനയുടെ രൂപവത്കരണത്തില്‍ പങ്കുവഹിക്കുകയും 15 വര്‍ഷം മുമ്പ് വിഘടിച്ചുപോവുകയും ചെയ്ത ശൈഖ് സുബ്ഹി അല്‍ തുഫൈലി പറയുന്നത് ഇറാന്റെ കളിപ്പാവ മാത്രമാണ് ഹിസ്ബുല്ലയെന്നാണ്. ഇറാന്റെ തീട്ടൂരം നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ഹസന്‍ നസ്റുല്ല ചെയ്തിട്ടുള്ളത്. എന്നാല്‍, സംഘടനയുടെ തീരുമാനം നാശത്തിനാണെന്നത് നേതൃത്വത്തിനുതന്നെ ബോധ്യമുള്ള സംഗതിയാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ ഒരു വലിയ ശിയാ-സുന്നി സംഘര്‍ഷത്തിന് മേഖല സാക്ഷ്യംവഹിച്ചേക്കാം. ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിനിത് കാരണമാകാം. ലബനാനില്‍നിന്ന് ഹിസ്ബുല്ലയുടെ പോരാളികള്‍ സിറിയയിലേക്ക് യുദ്ധത്തിന് പോകുന്നത് പുറത്തുനിന്ന് മറ്റുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാനുള്ള തുറന്ന ക്ഷണമാണ്. ഹിസ്ബുല്ലക്കകത്തുതന്നെ സിറിയന്‍ ഇടപെടലില്‍ എതിരഭിപ്രായമുള്ളവരുണ്ടെന്നും തുഫൈലി പറയുന്നു. ഏതാനും മുതിര്‍ന്ന നേതാക്കളടക്കം ഇതിലുള്‍പ്പെടുന്നു. എന്നാല്‍, ഇറാനില്‍നിന്ന് യുദ്ധം അവരുടെ മേല്‍ അടിച്ചേല്‍പിക്കപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം ആണയിടുന്നു. നേതാക്കളുടെ എതിരഭിപ്രായത്തിന് കാരണം അത്തരമൊരു ഇടപെടല്‍ മേഖലയിലുണ്ടാക്കിയേക്കാവുന്ന വിവരണാതീതമായ ദുരന്തഫലങ്ങള്‍ തന്നെയാണ്. അത് സുന്നി-ശിയാ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കും. ഇറാനെയും ഹിസ്ബുല്ലയെയും അപലപിച്ചുകൊണ്ടുള്ള അറേബ്യന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രസ്താവനയും സിറിയയില്‍ ജിഹാദില്‍ പങ്കെടുക്കാനുള്ള പ്രമുഖ പണ്ഡിതന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ആഹ്വാനവും ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല മേധാവിയും ഹിസ്ബുല്ലയെയും ഇറാനെയും കടുത്തഭാഷയില്‍ അപലപിച്ച് പ്രസ്താവനയിറക്കി. നേരത്തേതന്നെ ഹിസ്ബുല്ലയെ നഖശിഖാന്തം എതിര്‍ത്തുപോരുന്ന ലബനാനിലെ സുന്നി പണ്ഡിതന്‍ ശൈഖ് അഹ്മദ് അല്‍ അസീറിനെ പോലെയുള്ളവരും ഇത്തരം ആഹ്വാനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈ പ്രസ്താവനകളും ആഹ്വാനങ്ങളും പല സംഘങ്ങളിലും സ്വാധീനം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. അവരില്‍ പലരും സിറിയയില്‍ വിമതരോടൊപ്പം പോരാടാനായി ചെറുസംഘങ്ങളെ അയച്ചുകഴിഞ്ഞു. ഹിസ്ബുല്ല ലബനാനിന്റെ ഭാവിയാണ് ഈ നീക്കത്തിലൂടെ അപകടത്തിലാക്കിയതെന്ന് ദോഹയിലെ ബ്രൂക്കിങ്സ് സെന്‍റര്‍ ഡയറക്ടര്‍ സല്‍മാന്‍ ശൈഖ് പറയുന്നു. ലബനാന് അതിന്റെ പരമാധികാരം നഷ്ടപ്പെടുത്തുന്ന അപകടകരവും യുദ്ധസമാനവുമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് ‘ദ ചലഞ്ച് ഓഫ് സിറിയന്‍ യൂനിറ്റി’ എന്ന പേരില്‍ ബ്രൂക്കിങ്സ് സെന്‍റര്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. മുന്‍ ലബനീസ് പ്രധാനമന്ത്രി ഫുആദ് സിനിയോരയും ഹിസ്ബുല്ലയുടെ ഇടപെടലിനെ അത്യന്തം അപകടകരമെന്നാണ് വിശേഷിപ്പിച്ചത്. അത് ഉടന്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം സംഘടനയോടാവശ്യപ്പെട്ടു. തങ്ങളുടെ വര്‍ത്തമാനവും ഭാവിയും നശിപ്പിക്കാന്‍ ഹിസ്ബുല്ലയുടെ യുക്തിരഹിതമായ നടപടികളിലൂടെ അനുവദിക്കില്ലെന്ന് അദ്ദേഹം തുറ ന്നടിച്ചു. ലബനീസ് ജനത നിശ്ശബ്ദരായിരിക്കില്ല. സിറിയന്‍ ഭരണകൂടവും അവിടത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടത്തിന് ചാവേറുകളെ അയക്കുന്ന താവളമാകാന്‍ ലബനാന് പറ്റില്ല. എല്ലാതരം വിഭജനപദ്ധതികള്‍ക്കും തങ്ങള്‍ എതിരാണ്. മറ്റു രാജ്യങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ തങ്ങളുടെ നാട്ടിലേക്ക് കയറ്റി അയക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, വിമതരെ ആയുധമണിയിക്കുമെന്ന് അമേരിക്കയും ബ്രിട്ടനുമൊക്കെ പറയുമ്പോഴും തീരുമാനം വൈകുകയാണ്. പോരാട്ടത്തിന്റെ ഒന്നാം ദിനം തന്നെ ആയുധവിതരണം സംബന്ധിച്ച് ചര്‍ച്ചചെയ്തതാണെങ്കിലും ആയുധങ്ങള്‍ ആരുടെയൊക്കെ കൈയിലെത്തിപ്പെടുന്നതിനെക്കുറിച്ച ആശങ്ക നിലനില്‍ക്കുന്നതാണ് അമേരിക്കന്‍ തീരുമാനം വൈകുന്നതിന്റെ കാരണമെന്ന് പറയപ്പെടുന്നു. അതോടൊപ്പം, മിഡിലീസ്റ്റിലെ ഏത് പ്രശ്നത്തിലുമെന്നപോലെ സിറിയന്‍ പ്രശ്നത്തിലും പൂര്‍ണമായും ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്കാണ് അമേരിക്കയും സഖ്യകക്ഷികളും മുന്‍തൂക്കം നല്‍കുന്നത്. സിറിയന്‍ സംഘര്‍ഷത്തില്‍ നയമില്ലായ്മ അമേരിക്ക സ്വീകരിക്കുന്നത് ബോധപൂര്‍വമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കാരണം, ഈ പ്രശ്നം ശിയാ-സുന്നി സംഘര്‍ഷമായി വ്യാപിക്കുന്നത് അന്തിമാര്‍ഥത്തില്‍ ഇസ്രായേലിന് ഗുണം ചെയ്യുമെന്നാണ് ഒബാമ ഭരണകൂടത്തിന്‍െറ കണക്കുകൂട്ടല്‍. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഫസറായ ബോബ് ഫ്രീഡ്മാന്റെ അഭിപ്രായത്തില്‍ സിറിയന്‍ സംഘര്‍ഷത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ഇസ്രായേലിനെയായിരിക്കും. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇത് ജൂതരാഷ്ട്രത്തിന് ഗുണകരമായി ഭവിക്കുമെന്ന് ‘ദ ജ്യൂയിഷ് ഡെയ്ലി ഫോര്‍വേഡ്’ എന്ന ഇസ്രായേലി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ജൂതരാഷ്ട്രത്തിന് കനത്ത ഭീഷണിയായ ഹിസ്ബുല്ലയുടെ ശ്രദ്ധ തല്‍ക്കാലത്തേക്കെങ്കിലും സിറിയയിലേക്ക് തിരിയുന്നത് ഇസ്രായേലിന് ഗുണം ചെയ്യും. ഉത്തര ഇസ്രായേല്‍ വരെയെത്തുന്ന റോക്കറ്റുകളും മിസൈലുകളും സ്വന്തമായുള്ള ഹിസ്ബുല്ല അതെല്ലാം ഇനി പുതിയ ‘എതിരാളികളെ’ നേരിടാന്‍ തിരിച്ചുവെക്കുന്നത് തെല്ലൊന്നുമല്ല ഇസ്രായേലിനെ സന്തോഷിപ്പിക്കുന്നത്. ഇതുവരെ അറബ് ലോകത്ത് ഹിസ്ബുല്ലക്കുണ്ടായിരുന്ന പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്നതും പ്രശ്നത്തിന്റെ ബാക്കിപത്രമാണ്. സിറിയയില്‍ അവരുടെ പോരാളികള്‍ മരിച്ചുവീഴുന്നതും ആയുധങ്ങള്‍ ഉപയോഗിച്ചുതീരുന്നതും മാത്രമല്ല ഹിസ്ബുല്ലയുടെ പ്രശ്നമെന്ന് ബ്രാന്‍ൈറസ് സര്‍വകലാശാലയിലെ ക്രൗണ്‍ സെന്‍റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസിലെ ഷായ് ഫെല്‍ഡ്മാന്‍ അഭിപ്രായപ്പെടുന്നു. ലബനാനിലെ രാഷ്ട്രീയ എതിരാളികളും അറബ് ലോകത്തെ പ്രമുഖ രാഷ്ട്രീയ, മത, സാംസ്കാരിക നായകരുമൊക്കെ ഹിസ്ബുല്ലക്കെതിരാണിപ്പോള്‍. ‘ദൈവത്തിന്റെ പാര്‍ട്ടി’യെ (ഹിസ്ബുല്ലയെന്ന അറബി പദത്തിന്‍െറ അര്‍ഥം) പിശാചിന്റെ പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ചാക്ഷേപിക്കുന്നത് അറബ് മുസ്ലിം നേതാക്കള്‍തന്നെയാകുമ്പോള്‍ ഇസ്രായേലി നേതാക്കളുടെ കാതില്‍ അത് സംഗീതമായാണ് മുഴങ്ങുന്നത്. ഇതിനൊക്കെപ്പുറമെ, തല്‍ക്കാലത്തേക്കെങ്കിലും മൊത്തം ലോകത്തിന്‍െറ ശ്രദ്ധ ഫലസ്തീനില്‍നിന്ന് സിറിയയിലേക്ക് തിരിയുന്നതും ജൂതരാഷ്ട്രത്തിന് തെല്ലൊന്നുമല്ല ഗുണം ചെയ്യുക. സിറിയന്‍ പ്രതിപക്ഷത്തെ പിന്തുണക്കുന്ന ഹമാസിന് ഇറാനില്‍നിന്ന് ലഭിച്ചിരുന്ന രാഷ്ട്രീയ പിന്തുണക്കും സാമ്പത്തികസഹായത്തിനും ഇടിവ് വരുമെന്നതും ഇസ്രായേലിനെ ആഹ്ളാദിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍, പൂര്‍ണമായും സമാധാനമടയാന്‍ ഇസ്രായേലിന് കഴിയില്ലെന്നതാണ് വസ്തുത. സിറിയന്‍ അതിര്‍ത്തിയിലെ ജൂലാന്‍ കുന്നുകളുടെ സുരക്ഷയെക്കുറിച്ച ആശങ്ക ആ രാഷ്ട്രത്തെ വലച്ചുകൊണ്ടിരിക്കും. സിറിയന്‍ സൈന്യം സ്വന്തം ജനതക്കെതിരെ ശൗര്യം കാണിക്കുന്നുണ്ടെങ്കിലും ഇസ്രായേലിനെതിരെ വിരലനക്കാന്‍ മടിക്കുന്നവരാണെന്ന ധൈര്യം ഇതുവരെ ജൂതരാഷ്ട്രത്തിന് കൂട്ടിനുണ്ടായിരുന്നു. എന്നാല്‍, വിപ്ളവത്തിന്‍െറ പരിണതി എന്തായാലും ജൂലാന്‍ കുന്നുകളില്‍ അസ്വസ്ഥത വിതക്കാന്‍ സിറിയയിലെ ഏതെങ്കിലും ഒരു വിഭാഗം ഉണ്ടായിരിക്കുമെന്ന വസ്തുത ഇസ്രായേലിനെ അലട്ടുന്ന വിഷയമാണ്. സിറിയന്‍ സര്‍ക്കാറിന് രാസായുധങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതും ഒരു പ്രശ്നമായി ഇസ്രായേല്‍ മനസ്സിലാക്കുന്നു. സിറിയന്‍ പ്രശ്നം അങ്ങനെ അത്യന്തം നിര്‍ണായകമാവുകയാണ്. മേഖലയില്‍ എല്ലാവരും താല്‍പര്യത്തോടെ ഉറ്റുനോക്കുന്നു, ആരാണ് ജയിക്കുകയെന്ന്. ഇതിനെല്ലാമിടയില്‍, നിരപരാധരായ ഒരു ജനത സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായു ശ്വസിക്കാന്‍ ആഗ്രഹിച്ചുപോയ ആ അഭിശപ്ത നിമിഷത്തെ ഇപ്പോള്‍ ശപിക്കുന്നുണ്ടാകും.
tajaluva@gmail.com