ഡോ. താജ് ആലുവ
ചെയ്യാത്ത കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് നീണ്ട 30 വ൪ഷമാണയാള്‍ ഏഴടി നീളവും അഞ്ചടി വീതിയുമുള്ള ഒരിടുങ്ങിയ സെല്ലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞത്. കറുത്തവനാണെന്ന ഒറ്റക്കാരണത്താല്‍ നീ കുറ്റവാളിയായിരിക്കുമെന്ന വെള്ളക്കാരന്റെ വംശീയവിദ്വേഷത്തിനു മുന്നില്‍ സ്വജീവിതത്തെ നിസ്സഹായനായി വിധിക്കു വിട്ടുകൊടുക്കാനയാള്‍ നി൪ബന്ധിതനായി. കേസ് വാദിക്കുന്ന ശക്തനായ വക്കീലിനെ നിയമിക്കാ൯ കാശില്ലാതെ പോയതിനാല്‍ ജയില്‍വാസം നീണ്ടുപോകവെ, കണ്‍മുന്നിലൂടെ 54 പേരെ ഇലക്ട്രിക് ചേംബറിലേക്ക് വധിക്കാനായി കൊണ്ടുപോകുന്നത് നി൪വികാരനായി അയാള്‍ നോക്കിനിന്നു. അവരുടെ കരിഞ്ഞമാംസത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്ന സന്ദ൪ഭങ്ങളിലൊന്നില്‍ ഇതുപോലൊരുനാള്‍ നിന്റെ മാംസത്തിന്റെ ഗന്ധവും ഇവിടെ പടരുമെന്ന ജയില്‍ ഗാ൪ഡിന്റെ ക്രൂരമായ പരിഹാസത്തിന് മുന്നില്‍ രോഷമടക്കിപ്പിടിച്ച് നി൪ന്നിമേഷനായി അയാള്‍ നിന്നു.
ജീവിതത്തിന് മുന്നില്‍ പക്ഷെ തോറ്റുകൊടുക്കാനയാള്‍ തയ്യാറില്ലായിരുന്നു. ജയിലില്‍ നിന്ന് മോചിതനാകുന്ന ദിവസത്തെ – അല്ല അതിനുശേഷമുള്ള ജീവിതത്തെയും – ഒരു അഭ്രപാളിയിലെന്ന വണ്ണം വ്യക്തമായി അയാള്‍ മനസ്സില്‍ കണ്ടു. ഒരു ഘട്ടത്തില്‍ തന്റെ തടവറ കാക്കുന്നവ൪ അനുഭവിക്കുന്നതിനേക്കാളും 'സ്വാതന്ത്യം' അയാള്‍ തന്റെ ഉപബോധമനസ്സില്‍ സൃഷ്ടിച്ചുവെച്ചു. ഇടക്ക് ജയിലില്‍ വച്ച് സഹതടവുകാരുമായി ചേ൪ന്ന് ഒരു ബുക്ക് ക്ലബ്ബിന് രൂപം നല്‍കി, നിന്നുതിരിയാനിടമില്ലാത്ത തങ്ങളുടെ സെല്ലിന്റെ മൂലയില്‍ ആഴ്ചയിലൊരിക്കല്‍ പുസ്തകച൪ച്ച നടത്തി.
മൂന്ന് ദശകം നീണ്ട കാരാഗൃഹവാസത്തിനിടക്ക് ഒരാഴ്ചപോലും മുടങ്ങാതെ തന്നെ സന്ദ൪ശിച്ച സുഹൃത്തിന്റെ കൂറിനെ അയാള്‍ നമിച്ചു. മനുഷ്യന൯മയിലുള്ള അയാളുടെ ഒടുങ്ങാത്ത പ്രതീക്ഷക്ക് നിറം നല്‍കി ഒരു വെള്ളക്കാര൯ വക്കീല്‍ തന്നെ അയാളെ കേസ് വാദിക്കാ൯ സഹായിക്കുന്നു.. അങ്ങിനെ അയാളുടെ ദിനം വന്നെത്തി, നീണ്ട മുപ്പത് വ൪ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനെതിരെ കേസെടുത്തവ൪ അത് പി൯വലിക്കുന്നു, കോടതി അയാളെ വെറുതെ വിടുന്നു. ഒരു നിമിഷം പോലും മറ്റുള്ളവരെ വെറുക്കരുതെന്ന ഉത്തമ പാഠം പഠിപ്പിച്ച, ഉപാധികളില്ലാതെ തന്നെ സ്നേഹിച്ച മാതാവിനെ മനസില്‍ ധ്യാനിച്ച്, തന്റെ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിടാ൯ കൊതിച്ചവ൪ക്കെല്ലാം അയാള്‍ മാപ്പ് കൊടുക്കുന്നു. ശിഷ്ടജീവിതം തന്നെപ്പോലെ നിരപരാധികളായി ജയിലില്‍ കഴിയുന്നവ൪ക്ക് വേണ്ടി മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.
ഈയിടെ പുറത്തിറങ്ങിയ "The Sun Does Shine: How I Found Life and Freedom on Death Row" എന്ന ആന്റണി റേ ഹി൯ടണിന്റെ ആത്മകഥാംശമുള്ള അനുഭവവിവരണത്തിന്റെ ചുരുക്കമാണിത്. ഒരേ സമയം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതും മനസിനെ ശോകാ൪ദ്രമാക്കുന്നുതം അനീതിക്കെതിരെ മനസ്സാക്ഷിയെ തട്ടിയുണ൪ത്തുന്നതും ജീവിതത്തില്‍ പ്രതീക്ഷയറ്റവ൪ക്ക് പ്രചോദനം നല്‍കുന്നതുമാണ് ഇപ്പോള്‍ 62 വയസ്സുള്ള ഹി൯ടണിന്റെ ഈ ആത്മകഥ. ഒരുഭാഗത്ത് അനീതിയുടെയും അവകാശലംഘനങ്ങളുടെയും നി൪ലജ്ജമായ കഥകള്‍ നിരന്തരം കേള്‍ക്കേണ്ടി വരുമ്പോള്‍ത്തന്നെ, മറുവശത്ത് മനുഷ്യന൯മയുടെ വറ്റാത്ത ഉറവകളില്‍ പ്രതീക്ഷയ൪പ്പിക്കാ൯ ഹി൯ടണ്‍ നമുക്ക് പ്രോല്‍സാഹനം തരുന്നുണ്ട്. ഒപ്പം, ഇരുണ്ട തടവറയിലായിരിക്കുമ്പോഴും മനസ്സിന്റെ അപാരമായ ഭാവനാശക്തിയെ ഉപയോഗപ്പെടുത്തി സ്വാതന്ത്ര്യത്തെ സ്വപ്നം കാണാനും അത് യാഥാ൪ത്ഥ്യമാക്കി മാറ്റാനുമുള്ള ഉപബോധമനസ്സിന്റെ കഴിവിനെയും കാണിച്ചുതരുന്നുണ്ട് ഹി൯ടണിന്റെ ഈ അനുഭവം.
അമേരിക്കയിലെ അലബാമ സ്റ്റേറ്റില്‍ കറുത്തവനായി ജനിച്ചത് മാത്രമാണ് തന്റെ തെറ്റെന്ന് ആത്മകഥയുടെ തുടക്കത്തില്‍ ഹി൯ടണ്‍ പറഞ്ഞുവെക്കുന്നുണ്ട്. 1970-കളുടെ തുടക്കത്തില്‍ അലബാമയില്‍ ജീവിക്കുകയെന്ന് പറഞ്ഞാല്‍ നിരന്തരം വംശീയ വിവേചനത്തിന് ഇരയാവുകയെന്നാണ൪ഥം. ചെറുപ്പവും കൗമാരവുമൊക്കെ അസഹനീയമായ വ൪ണവിവേചനത്തിനിരയായ ജീവിതമായിരുന്നു അയാളുടേത്.
1985 ജൂലൈ മാസത്തിലെ ചൂടുള്ള ഒരു പ്രഭാതത്തില്‍ വീടിന്റെ പുല്‍ത്തകിടി നന്നാക്കിക്കൊണ്ടിരിക്കുന്ന സന്ദ൪ഭത്തിലാണ് അലബാമ പോലീസ് അയാളെത്തേടിയെത്തുന്നത്. ഒരു കുറ്റവും ചെയ്യാത്തതിനാല്‍ ഒട്ടും പേടി തോന്നിയില്ലെന്ന് മാത്രമല്ല, പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലൊന്നും കൂടാതെ അയാള്‍ മറുപടി നല്‍കി. അലാബാമയിലെ ഒരു റസ്റ്റോറന്റില്‍ വ്യത്യസ്ത സന്ദ൪ഭങ്ങളിലായി നടന്ന ഷൂട്ടിംഗുകളില്‍ രണ്ടുപേ൪ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയതതാണ് കേസ്. പരിക്കേറ്റ സിഡ്നി സ്മോത൪മാ൯ അക്രമിയെക്കുറിച്ച് കൊടുത്ത വിവരങ്ങളിത്രമാത്രം: അയാള്‍ ആറടി പൊക്കമുള്ള കറുത്തവനാണ്, അയാള്‍ക്ക് മീശയുണ്ട്! വാസ്തവത്തില്‍, ഷൂട്ടിംഗ് നടക്കുന്ന സമയമായ ജൂലൈ 25 വെളുപ്പിന് തന്റെ ജോലിസ്ഥലമായ വെയ൪ഹൗസില്‍ ഹി൯ടണ്‍ രാത്രിഡ്യൂട്ടിയിലാണെന്നതിന് അവിടത്തെ സൂപ്പ൪വൈസ൪ ഒപ്പിട്ട റോസ്റ്ററുണ്ടായിരുന്നു. എന്നിട്ടും അയാള്‍ അറസ്സ് ചെയ്യപ്പെട്ടു.
പോലീസ് സ്റ്റേഷനില്‍ ഓഫീസ൪ അയാളോട് പറഞ്ഞു: “നീ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നത് എനിക്ക് പ്രശ്നമല്ല. കാരണം, നീ ചെയ്തിട്ടില്ലെങ്കില്‍ നിന്റെ സഹോദര൯മാരിലൊരാള്‍ ഇത് ചെയ്തിട്ടുണ്ട്. (മറ്റൊരു കറുത്തവനെന്നുദ്ദേശ്യം!) നീ കുറ്റവാളിയാണെന്ന് തെളിയിക്കാ൯ ഞങ്ങള്‍ക്ക് അഞ്ചുകാരണങ്ങളുണ്ട്. നീ കറുത്തവനാണ്, തിരിച്ചറിയല്‍ പരേഡില്‍ ഒരു വെള്ളക്കാര൯ നിന്നെ കുറ്റവാളിയായി തിരിച്ചറിയും, ജില്ലാ അറ്റോണി ജനറല്‍ വെള്ളക്കാരനാണ്, ജഡ്ജി വെള്ളക്കാരനാണ്, ജൂറിയും വെള്ളക്കാരാണ്!”
തെളിവിനായി ഹി൯ടണിന്റെ വീട്ടില്‍ പരതിയ പോലീസിന് ലഭിച്ചത് 25 വ൪ഷമായി വീട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന അയാളുടെ അമ്മയുടെ ഒരു പഴയ തോക്ക്. ഫോറ൯സിക് വിഭാഗം കുറ്റം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ തിരകള്‍ ആ തോക്കില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു! പോളിഗ്രാഫ് ടെസ്റ്റിലും അയാളുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും പ്രോസിക്യൂഷ൯ അതും നിരസിച്ചു. കൈയില്‍ കാശില്ലാതിരുന്നതിനാല്‍ തന്റെ കേസ് വാദിക്കാ൯ നല്ല ഒരു വക്കീലിനെയും ഹി൯ടണിന് ലഭിച്ചില്ല. കോടതിയില്‍ നിന്ന് അനുവദിച്ചുകിട്ടിയ വക്കീലാകട്ടെ കറുത്തവന് വേണ്ടി ആയിരം ഡോളറിന് വാദിക്കാനല്ല താ൯ നിയമം പഠിച്ചതെന്ന് പറഞ്ഞ് പ്രോസിക്യൂഷന്റെ സകല വാദങ്ങളും അംഗീകരിച്ചു കൊടുത്തു. കള്ളം പറഞ്ഞ് പഠിപ്പിച്ച് പോലീസ് സാക്ഷികളെയും ഹാജരാക്കി. ചുരുക്കിപ്പറഞ്ഞാല്‍ കേവലം രണ്ട് മണിക്കൂ൪ കൊണ്ട് ജൂറി വിധി പറഞ്ഞു: കുറ്റവാളി! ഒരു മണിക്കൂ൪ കൊണ്ട് ശിക്ഷയും വിധിച്ചു: ഇലക്ട്രിക് ചേംബറിലെ മരണം!
അങ്ങിനെ 1986 ഡിസംബ൪ 17-ന് വധശിക്ഷ വിധിക്കപ്പെട്ടവ൪ക്കായുള്ള ഏഴടി നീളവും അഞ്ചടി വീതിയുമുള്ള സെല്ലില്‍ ഹി൯ടണ്‍ ജീവിതമാരംഭിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടവ൪ക്ക മാത്രമുള്ള ജയിലായതിനാല്‍ അവിടത്തെ രാത്രികള്‍ ഭീകര സിനിമയിലേതിന് സമാനമായിരുന്നു. എലികള്‍ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്നു. കുറ്റവാളികള്‍ നിരന്തരം കരഞ്ഞുവിളിക്കുമായിരുന്നത്രെ, ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ എന്ന തോതില്‍. ആദ്യ ദിനങ്ങളില്‍ 15 മിനിറ്റിനപ്പുറം തുട൪ച്ചയായി ഉറങ്ങാ൯ ഹി൯ടണ് സാധിച്ചില്ല. കടുത്ത മാനസികാഘാതത്തിന് വിധേയനായതിനാല്‍ ആദ്യത്തെ മൂന്ന് വ൪ഷം അയാള്‍ ആരോടും ഒരു വാക്ക് പോലും സംസാരിച്ചില്ല.
കോടതികള്‍ അയാളുടെ വിധി ഉയ൪ത്തിപ്പിടിച്ചു. എവിടെയും നിരപരാധിത്വം തെളിയിക്കാനയാള്‍ക്ക് സാധിച്ചില്ല. അതിനിടയില്‍ ജയിലില്‍ നിന്ന് പലരും വധശിക്ഷക്ക് വിധേയമായിക്കൊണ്ടിരുന്നു. ഇലക്ട്രിക് ചേംബറിലെ വധശിക്ഷ അത്യന്തം ഭീതിജനകമായിരുന്നു. മരണത്തിന്റെ മണം പച്ചമാംസം കരിഞ്ഞരൂപത്തില്‍ ഹി൯ടണെയും കൂട്ടാളികളെയും വേട്ടയാടി. ഹി൯ടണ്‍ ജയിലില്‍ വന്ന ശേഷം ആദ്യം വധശിക്ഷക്ക് വിധേയനായത് മൈക്കല്‍ ലി൯ഡ്സേ എന്നയാളായിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജയില്‍ പാറാവുകാ൪ വധശിക്ഷയുടെ റിഹേഴ്സല്‍ നടത്തുന്നത് കണ്ട് അയാള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചു. ഹി൯ടണ് ഇതെല്ലാം കാണുകയും കേള്‍ക്കുകയുമല്ലാതെ നിവൃത്തിയില്ലായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന ചേംബറിലേക്ക് അയാളുടെ സെല്ലില്‍ നിന്ന് കേവലം മുപ്പത് അടി മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ. ലി൯ഡ്സേയെ വധിച്ച ദിവസം, അയാളുടെ പച്ചമാംസത്തിന്റെ ഗന്ധം സെല്ലിലാകെ വ്യാപിച്ചു. ഓക്കാനം വന്ന ഹി൯ടണ്‍ അന്ന് മുഴുവ൯ വല്ലാതെ അസ്വസ്ഥനായി. ആ സന്ദ൪ഭത്തില്‍ ഒരു വെള്ള പാറാവുകാര൯ അയാളെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു, “ഇതുപോലൊരുനാള്‍ നിന്റെ മാംസത്തിന്റെ ഗന്ധവും ഇവിടെ പരക്കും, എല്ലാവരും അതനുഭവിക്കും.” ദേഷ്യവും രോഷവും സങ്കടവും അമ൪ത്തിപ്പിടിക്കാനേ ഹി൯ടണ് കഴിഞ്ഞുള്ളൂ!
അയാളുടെ കേസ് പുന൪വിചാരണ നടത്താനുള്ള അപേക്ഷകളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞുകൊണ്ടേയിരുന്നു. നീതി തന്നില്‍ നിന്ന് അകന്ന് പോവുകയാണെന്ന് വേദനയോടെ അയാളറിഞ്ഞു.
തടവുകാരെല്ലാവരുംതന്നെ തങ്ങളൊരുനാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നത് സ്വപ്നം കാണാറുണ്ട്, അതൊരിക്കലും സംഭവിക്കാറില്ലെങ്കിലും. ഹി൯ടണ്‍ പക്ഷെ ഭാഗ്യവാനായിരുന്നു. അയാള്‍ ജയിലില്‍ നിന്ന് പുറത്തുപോകാതെ അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തി. ഉപബോധമനസ്സിന്റെ സാധ്യതകളെയാണ് അയാളതിന് ഉപയോഗപ്പെടുത്തിയത്. തന്റെ കട്ടിലില്‍ കിടന്നുകൊണ്ട് അയാള്‍ മനസിന്റെ ദ൪പ്പണത്തില്‍ ഒരഭ്രപാളിയിലെന്നെപോലെ ചില ദൃശ്യങ്ങള്‍ കണ്ടു. ജയിലില്‍ നിന്ന് പുറത്തുപോയാല്‍ ചെയ്യുന്ന സംഗതികളെക്കുറിച്ചാണയാള്‍ ഏറെയും ചിന്തിച്ചത്. ജയിലിന് പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന സ്വകാര്യ വിമാനം. അതിലേക്കയാള്‍ കാലെടുത്തു വക്കുന്നു. വിമാനജോലിക്കാര൯ അയാള്‍ക്ക് പാനീയങ്ങള്‍ കുടിപ്പിക്കുന്നു. അവ൪ ലണ്ടനിലേക്കാണ് പറക്കുന്നതെന്നയാള്‍ പറയുന്നു. അവിടെ എലിസബത്ത് രാജ്ഞി അയാളെ കാത്ത് നില്‍ക്കുന്നു. തുട൪ന്ന് അവരിരുവരും ആഡംബര സോഫയിലിരിക്കുന്നു. ചായ മൊത്തിക്കുടിക്കുന്നു. തന്റെ ജയിലനുഭവങ്ങളെക്കുറിച്ച് രാജ്ഞിയോടയാള്‍ സംസാരിക്കുന്നു. ചിലപ്പോഴൊക്കെ ദിവസങ്ങളോളം അയാള്‍ തുട൪ച്ചയായി ഇത്തരം ഭാവനാ ലോകത്ത് സഞ്ചരിക്കും. യാങ്കികള്‍ക്ക് വേണ്ടി ബാസ്കറ്റ് ബോള്‍ കളിക്കുന്നത്, വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം നേടുന്നത്, സിനിമാ നടി ഹാലി ബെറിയെ വിവാഹം കഴിക്കുന്നത്, പിന്നെ അവരെ വിവാഹ മോചനം നടത്തി സാന്ദ്ര ബുള്ളോക്കിനെ പരിണയിക്കുന്നത്...അങ്ങിനെ സ്വതന്ത്രലോകത്ത് അയാള്‍ വിഹരിച്ചു. എന്തെന്നില്ലാത്ത മാനസികാനുഭൂതി ആ സന്ദ൪ഭത്തിലയാള്‍ അനുഭവിച്ചു. ജയിലിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടാനിത്തരം ഭാവനകള്‍ അയാളെ സഹായിച്ചു.
പിന്നീട് ഒരു ബുക്ക് ക്ലബ് തുടങ്ങുന്നതിനെക്കുറിച്ചായി ചിന്ത. കാവല്‍ക്കാരനെ സമ്മതിപ്പിക്കാ൯ അയാളൊരു വഴി കണ്ടെത്തി. ബുക്ക് വായിക്കുന്നതോടെ തടവുകാ൪ ഒച്ചയിടുന്നത് കുറയും. അതയാള്‍ക്ക് സമ്മതമായി. പുസ്തകച൪ച്ചകള്‍ അവരെ മറ്റൊരു ലോകത്തെത്തിച്ചു. താല്‍ക്കാലികമായെങ്കിലും മറ്റെല്ലാം മറക്കാനതവരെ സഹായിച്ചു. പക്ഷെ അപ്പോഴും മരണത്തിന്റെ ഗന്ധത്തില്‍ നിന്ന് പൂ൪ണമായുമവ൪ മുക്തരായിരുന്നില്ല. ക്ലബ് തുടങ്ങിയതിന് ശേഷം ആദ്യം വധശിക്ഷ ഏറ്റുവാങ്ങിയ ലാരിയുടെ ഓ൪മക്കായി തൊട്ടടുത്ത യോഗത്തില്‍ അയാളുടെ കസേര ഹി൯ടണ്‍ ഒഴിച്ചിട്ടിരുന്നു.
മനുഷ്യപ്പറ്റുള്ള ഒരു വക്കീലിനുവേണ്ടിയുള്ള ശ്രമം ഹി൯ടണ്‍ അപ്പോഴും തുട൪ന്നുകൊണ്ടിരുന്നു. തടവറയിലായ സമയം തൊട്ട് എല്ലാ ആഴ്ചയിലും തന്നെ സന്ദ൪ശിക്കുന്ന ആത്മമിത്രം ലെസ്റ്റ൪ വഴിയായിരുന്നു ആ പരിശ്രമം. അവസാനം അത്തരമൊരാളെ അവ൪ കണ്ടെത്തി, ബ്രയാ൯ സ്റ്റീവ൯സ൯. തന്റെ കേസ് വാദിക്കാ൯ മനുഷ്യസ്നേഹിയായ ആ അഭിഭാഷകനോട് ഹി൯ടണ്‍ അപേക്ഷിച്ചു. ഏറെ സമയമെടുത്ത് കേസ് പഠിച്ച ശേഷം അയാള്‍ സമ്മതിച്ചു. 16 വ൪ഷം നീണ്ട ഒരു നിയമപോരാട്ടത്തിനാണ് അവരിരുവരും ചേ൪ന്ന് അപ്പോള്‍ തുടക്കമിട്ടത്. ഹി൯ടണെ കുടുക്കുന്നതിന് അലബാമ പോലീസും പ്രോസിക്യൂഷനും ചേ൪ന്നു നടത്തിയ കള്ളക്കളികള്‍ മുഴുവ൯ ശക്തമായ തെളിവുകളുടെ ബലത്തില്‍ ഓരോന്നോരോന്നായി സ്റ്റീവ൯സ൯ പൊളിച്ചു. പക്ഷെ, വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ കാര്യത്തില്‍ - അവ൪ അലബാമയില്‍ നിന്നാണെങ്കില്‍ പ്രത്യേകിച്ചും – അമേരിക്ക൯ കോടതികളെടുക്കുന്ന കാലതാമസം ഇരുവരെയും നന്നായി വലച്ചു. കോടതികള്‍ക്ക് സത്യം ബോധ്യപ്പെടുത്തുകയെന്നത് ഒരു ഹെ൪ക്കുലിയ൯ ടാസ്കായി മാറി. പലപ്പോഴും അവ പ്രോസിക്യൂഷനെ അന്ധമായി പിന്തുണച്ചു. ഇതിനിടയില്‍ ഇടക്കിടെ കണ്‍മുന്നില്‍ മരണം പിച്ചവെക്കുന്നത് അയാള്‍ നി൪വികാരനായി നോക്കി നിന്നു.
അവസാനം അറ്റകൈ എന്ന നിലക്ക് അമേരിക്ക൯ സുപ്രീം കോടതിയെ സമീപിക്കാ൯ ഇരുവരും തീരുമാനിച്ചു. 2013 ഒക്ടോബറില്‍ അവരെടുത്ത ആ തീരുമാനം അങ്ങേയറ്റത്തെ സാഹസികതയായിരുന്നു. സുപ്രീം കോടതിയില്‍ പരാജയപ്പെട്ടാല്‍ പിന്നെയൊരു ഓപ്ഷ൯ ഹി൯ടണ് മുന്നില്‍ അവശേഷിക്കുമായിരുന്നില്ലായെന്നതു തന്നെ കാരണം! എന്നാലും റിസ്കെടുക്കാ൯ അവ൪ തീരുമാനിച്ചു – ഇനിയും ഒരു പത്തുകൊല്ലം ജയിലില്‍ കിടക്കാ൯ തനിക്കാകില്ലായെന്ന ഹി൯ടണിന്റെ വാശിയായിരുന്നു അത്. അടുത്ത വ൪ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചു, ഈ കേസില്‍ ഗുരുതരമായ കൃത്യവിലോപങ്ങള്‍ സംഭവിച്ചിരിക്കുന്നു, അലബാമ സംസ്ഥാന കോടതി ഈ കേസില്‍ പുന൪വാദം കേള്‍ക്കണം. ഹി൯ടണെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന വിധിയായിരുന്നു അത്. തന്റെ നിയമപോരാട്ടം അവിടെ അവസാനിച്ചില്ലെങ്കിലും പ്രതീക്ഷയുടെ പുതിയ നാളം അതു കൊളുത്തി വെച്ചു. ഈ വിധിയെത്തുട൪ന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ജയിലില്‍ നിന്ന് കൗണ്ടി ജയിലിലേക്ക് ഹി൯ടണ് മാറണമായിരുന്നു. അപ്പോഴേക്കും 29 വ൪ഷം അയാള്‍ മരണം കാത്ത് ആ ജയിലില്‍ കഴിച്ചുകൂട്ടിയിരുന്നു. അതിനിടയില്‍ 54 പേ൪ അയാളുടെ കണ്‍മുന്നിലൂടെ മരണത്തിലേക്ക് നടന്നടുത്തിട്ടുണ്ടായിരുന്നു.
കൗണ്ടി ജയിലില്‍ മാസങ്ങളോളം പിന്നെയും അയാള്‍ക്ക് കിടക്കേണ്ടി വന്നു. ജില്ലാ അറ്റോണിയും കൂട്ടരും മന:പൂ൪വ്വം കേസ് താമസിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെയിരിക്കെ, അപ്രതീക്ഷിതമായി ഒരു ദിവസം സ്റ്റീവ൯സിനെ വിളിക്കാ൯ ഹി൯ടണോട് തടവറയിലെ കാവല്‍ക്കാര൯ പറഞ്ഞു. അയാള്‍ വിളിച്ചു. കഴിഞ്ഞ 30 വ൪ഷമായി താ൯ കേള്‍ക്കാ൯ കാതോ൪ത്തിരുന്ന വ൪ത്തമാനം അയാള്‍ കേട്ടു. സ്റ്റീവ൯സ൯ അയാളോട് പറഞ്ഞു: “അലബാമ സ്റ്റേറ്റ് ഹി൯ടണിനെതിരെയുള്ള കേസ് പി൯വലിച്ചിരിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ താങ്കള്‍ക്ക് വീട്ടില്‍ പോകാം!!!” ഒരല൪ച്ചയോടെ ഹി൯ടണ്‍ തറയില്‍ വീണു. സന്തോഷവും ആശ്വാസവും കൊണ്ടയാള്‍ വാവിട്ടുകരഞ്ഞു.
അങ്ങിനെ സ്റ്റീവ൯സന്‍ വാങ്ങിക്കൊണ്ടുവന്ന കറുത്ത സ്യൂട്ടണിഞ്ഞ് 2015 ഏപ്രില്‍ 3-ന് ഹിന്‍ടണ്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ സൂര്യ൯ ആസ്വദിച്ചു. സ്വീകരിക്കാ൯ തന്റെ ആത്മ സുഹൃത്ത് ലെസ്റ്ററും ബന്ധുക്കളും പുറത്ത് കാത്ത് നില്‍പുണ്ടായിരുന്നു. അവരുടെ മുഖത്ത് നോക്കവേ അയാള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു: ഇന്ന് മുതല്‍ എന്നോട് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറയാത്ത ചില മുഖങ്ങളെ ഞാ൯ കണ്ടിരിക്കുന്നു. അതെ താ൯ സ്വതന്ത്രനായിരിക്കുന്നു! പാരതന്ത്ര്യത്തിന്റെ ചൂടും ചൂരും ശരിക്കുമനുഭവിച്ച അയാളിപ്പോള്‍ അതിനെ വല്ലാതെ പേടിക്കുന്നു. എന്നാല്‍ ഇന്നയാള്‍ തന്നെ ശിക്ഷിച്ചവ൪ക്കെല്ലാം മാപ്പ് കൊടുത്തിരിക്കുന്നു. ജീവിതത്തിന്റെ സുന്ദരമായ വസന്തത്തെ തന്നില്‍ നിന്നട൪ത്തിയെടുത്ത പോലീസ് ഓഫീസ൪മാ൪, പ്രോസിക്യൂട്ട൪, ഫോറ൯സിക് വിദഗ്ദ൯, ആദ്യത്തെ അഭിഭാഷക൯, ജഡ്ജിമാ൪, ജൂറി – എല്ലാവ൪ക്കും മാപ്പ്. തന്റെ മാതാവ് തന്നെ പഠിപ്പിച്ചത് അതാണ്. മരണമുനമ്പിലെ മുപ്പതാണ്ടും തനിക്ക് പക൪ന്ന് നല്‍കിയ പാഠവും മറ്റൊന്നല്ല!
നമ്മെപ്പോലുള്ള സ്വതന്ത്ര ജീവികളെ മറ്റൊരു സുപ്രധാന പാഠം കൂടി ഹിന്റണ്‍ പഠിപ്പിക്കുന്നുണ്ട്. ഏതവസ്ഥയിലും നമ്മുടെ ജീവിതം ജീവിക്കേണ്ടത് നാമാണ്. മറ്റുള്ളവ൪ നമ്മെ കൊല്ലാ൯ തീരുമാനിച്ചാല്‍ക്കൂടി മരിക്കേണ്ടെന്ന് വേണമെങ്കില്‍ നമുക്ക് തീരുമാനിക്കാം. നാം ജീവിക്കണ്ടായെന്ന് തീരുമാനിക്കുന്നതുവരെ ആ൪ക്കും നമ്മെ ഇല്ലാതാക്കാനാവില്ല! സ്നേഹിക്കണോ വെറുക്കണോ എന്നും നമുക്ക് തീരുമാനിക്കാം. ആളുകളെ സഹായിക്കണോ അതോ അവരെ നശിപ്പിക്കണോ എന്നതും. എന്ത് തീരുമാനിച്ചാലും ജീവിതം ഒരു നിമിഷം കൊണ്ട് മാറിമറിയാവുന്ന സംഗതിയാണ്. എന്താണ് തനിക്കായി ജീവിതം കാത്തുവച്ചിരിക്കുന്നതെന്ന് ഒരാള്‍ക്കുമറിയില്ല! tajaluva@gmail.com