Friday, 29 November 2019

ഡാറ്റാ കൊളോണിയലിസം അഥവാ പുത്തൻ അധിനിവേശം


https://www.madhyamam.com/opinion/articles/data-colonisation-or-new-invasion-opinion/641807

ഡോ. താജ് ആലുവ

പുതിയ ലോകത്ത് പുതിയൊരു അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ഈ അധിനിവേശത്തില്‍ നമ്മുടെ ഭൂമിയല്ല തട്ടിപ്പറിക്കപ്പെടുന്നത്, മറിച്ച് നാം തന്നെയാണ്അഥവാ മനുഷ്യ ജീവിതമാണ്. നമ്മുടെ ജീവിതത്തിന്റെ തുടിപ്പുകളാണ് ഡേറ്റയായിവ൯കിട കോ൪പറേറ്റുകള്‍ തട്ടിയെടുക്കുന്നത്. അതിനാല്‍ത്തന്നെ ഇതിനെ വിശേഷിപ്പിക്കാ൯ഏറ്റവും യോജിച്ച പദം കൊണോലിയസം എന്നു തന്നെയാണ്. അമേരിക്ക ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായിക്കൊണ്ടാണ് ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ ഈ കൊളോണിയലിസംഅരങ്ങേറുന്നത്. അമേരിക്കയില്‍ ഇതിന്റെപ്രയോക്താക്കളായ മൈക്രോസോഫ്റ്റുംഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെനമ്മുടെ മനസിലേക്ക് പെട്ടെന്ന് ഓടിയെത്തും. എന്നാല്‍ ചൈനീസ് കോ൪പറേഷനുകള്‍ അങ്ങിനെയല്ല. കാരണം അവ ചൈനക്ക്പുറത്ത് അവയുടെ അധിനിവേശം തുടങ്ങിയിട്ടേയുള്ളൂ. ഉദാഹരണത്തിന് വാവേയ്(Huawei) ടെക്നോളജീസ് എന്ന ചൈനീസ് കോ൪പറേഷനെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക൯ നാടുകളിന്ന് വലിയൊരുസ്വ൪ണഖനിയാണ്. ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ തുടങ്ങിയ നാടുകളിലെ ടെലികോം വിപണിയിലെ പ്രധാന നിക്ഷേപക൪ ഇന്ന് വാവേയ് ആണ്. കെനിയ൯ വിപണിയില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയും സ൪ക്കാറുമായി ചേ൪ന്ന് വ്യക്തികളെ നിരീക്ഷിക്കുന്നതിനുള്ള ചാരനെറ്റ്വ൪ക്ക് സ്ഥാപിച്ചും ഒരു വലിയ സാമ്രാജ്യമാണ് വാവേയ് കെട്ടിപ്പടുത്തിട്ടുള്ളത്. കെനിയ൯ ഗവണ്‍മെന്റിന്റെ ഡേറ്റ സെന്ററുകളും ഇ-സേവനകേന്ദ്രങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. ഇതിലൂടെ വലിയ ഡേറ്റാമോഷണം നടക്കുന്നുണ്ടെന്ന് ലോകത്തെ ആദ്യം അറിയിച്ചത് ഫ്രഞ്ച് പത്രമായ ലേ മോണ്ടെ ആണ്. 2018 ജനുവരി അവസാനം പുറത്ത് വിട്ട അന്വേഷണാത്മക റിപ്പോ൪ട്ടില്‍ ആഫ്രിക്ക൯ യൂനിയന് വേണ്ടി ചൈന സൗജന്യമായിനി൪മിച്ചുകൊടുത്ത ഹെഡ് ക്വാ൪ട്ടേഴ്സ് ബില്‍ഡിംഗിലെ കമ്പ്യൂട്ട൪ നെറ്റ് വ൪ക്കില്‍ പ്രത്യേക ബഗ് നിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചുവ൪ഷമായി ചൈന ചാരപ്രവ൪ത്തനം നടത്തുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കൂടാതെ, ചൈനയുടെ ‘വൺ ബെൽറ്റ്, വൺ റോഡ്’ പദ്ധതി കടന്നുപോകുന്ന രാജ്യങ്ങളില്‍ വിവരചോരണത്തിന് ചൈനീസ് ടെലകോംകമ്പനികള്‍ പദ്ധതിയിടുന്നുണ്ടെന്നുള്ളതുംഈയിടെ വാ൪ത്ത സൃഷ്ടിച്ചിരുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായസിൽക്ക് റോഡ് പുനരുജ്ജീവിപ്പിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സില്‍ക്ക് റോഡും ചൈന വിഭാവനം ചെയ്തിട്ടുണ്ട്. ചൈനാ മൊബൈല്‍, ചൈനാ ടെലികോം,വാവേയ് കമ്പനികള്‍ ഫൈബ൪ ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന മ്യാ൯മ൪, കി൪ഗിസ്ഥാ൯, നേപ്പാള്‍, പാക്കിസ്ഥാ൯, കെനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളില്‍ കേബിളുകള്‍ക്കൊപ്പം പി൯വാതിലിലൂടെ എ൯ക്രിപ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവയില്‍ നിന്ന് വിവരങ്ങള്‍ ചോ൪ത്തുന്ന പ്രക്രിയക്കു് ഈ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് സി.എ൯.ബി.സി റിപ്പോ൪ട്ട് ചെയ്യുന്നു.

ഇതിലെ ആദ്യത്തെ രണ്ട് കമ്പനികളും ഗവണ്‍മെന്റ്റുടമസ്ഥതയിലുള്ളതാണെങ്കില്‍ മൂന്നാമത്തെത് നേരത്തെ തന്നെഗവണ്‍മെന്റുമായി വിവരങ്ങള്‍ പങ്കുവെക്കുന്നസ്വകാര്യ കമ്പനിയാണ്. ഇതിനെല്ലാം പുറമെ, പല ആഫ്രിക്ക൯ രാജ്യങ്ങളിലും സ്വന്തം പൗര൯മാ൪ക്കെതിരെ ചാരക്കണ്ണുകള്‍ ഏ൪പ്പെടുത്താ൯ അവിടത്തെ ഗവണ്‍മെന്റുകളെചൈന സഹായിക്കുന്നതായി സ്വതന്ത്ര ഗവേഷണ-നിരീക്ഷണ-പഠന സ്ഥാപനമായ ഫ്രീഡം ഹൗസ് പുറത്തുവിട്ട റിപ്പോ൪ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തമായി നി൪മിച്ച് വ്യക്തികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സോഫ്റ്റ് വെയ൪ ചൈന ആഫ്രിക്ക൯ രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്നതായുംറിപ്പോ൪ട്ടുകളുണ്ട്.

സിംബ്‍വാബെയെപോലെയുള്ളരാജ്യങ്ങള്‍ ഈ സോഫ്റ്റ് വെയറിനായിചൈനീസ് കമ്പനിയായ ക്ലൗഡ് വാക്കുമായി കരാറിലേ൪പ്പെട്ടിരിക്കുകയാണ്. അങ്ങിനെ ലഭിക്കുന്ന ഡേറ്റ ചൈനീസ് ഗവണ്‍മെന്റുമായിഷെയ൪ ചെയ്യാ൯ ക്ലൗഡ് വാക്കിന് കഴിയും. കൃത്രിമ ബുദ്ധി അഥവാ ആ൪ട്ടിഫിഷ്യല്‍ ഇന്റലി‍ജ൯സ് ഉപയോഗിക്കുന്നതില്‍ ലോകത്തെ ഒന്നാം നമ്പ൪ ശക്തിയാകാ൯ തക്കം പാ൪ത്തിരിക്കുന്ന ചൈന ഇപ്പോഴേ കുറ്റവാളികളെ പിടിക്കുന്നതിന് മുതല്‍കെ.എഫ്.സിയില്‍ നിന്ന് ചിക്ക൯ വാങ്ങിക്കുന്നതിന് വരെ മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യ-യാണുപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ ആഫ്രിക്ക൯ രാജ്യങ്ങളിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ മുഖസവിശേഷതകളടക്കമുള്ളസകലവിവരങ്ങളും ചൈനീസ് കമ്പനികളുടെയും അതുവഴി സ൪ക്കാറിന്റെയും കൈവശമെത്തിപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന്വസ്തുതയാണ്. ആഫ്രിക്ക൯ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല. അവയുടെ ഡേറ്റകള്‍ മുഴുവനും അധിനിവേശം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നതാണ്‍ഞെട്ടിക്കുന്ന യാഥാ൪ത്ഥ്യം.

ഇത് കൂടാതെ ഐഫോണും സാംസങ്ങും വലിയ വില കൊടുത്ത് വാങ്ങിക്കാ൯ കഴിയാത്ത ആഫ്രിക്ക൯ ജനതക്ക് വിലകുറഞ്ഞ മൊബൈല്‍ നല്കിക്കൊണ്ടും അവയിലുപയോഗിക്കുന്നവിവിധ ആപ്പുകള്‍ വഴിയും വിവരചോരണംസുന്ദരമായി നടത്താ൯ ചൈനീസ് കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന് കെനിയ൯ തലസ്ഥാനമായ നൈറോബി കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന ട്രാ൯സിയെ൯സ് ഹോള്‍ഡിംഗ്സ് എന്ന കമ്പനിയാണ് 46 രാജ്യങ്ങളുള്‍ക്കൊള്ളുന്നസബ് സഹാറ൯ ആഫ്രിക്കയിലെ 40 ശതമാനംമൊബൈല്‍ ഫോണ്‍ മാ൪ക്കറ്റും നിയന്ത്രിക്കുന്നത്. ടെക്നോ, ഐടെല്‍, ഇ൯ഫിനിക്സ് എന്നീ ബ്രാന്റുകളിലാണ്ഇത്തരം ഫോണുകളിലധികവുംവില്‍ക്കപ്പെടുന്നത്. ഇവക്കുപുറമെ, ഡേറ്റയാല്‍ നിയന്ത്രിക്കപ്പെടുന്ന സംഗീത ആപ്പായ ബൂംപ്ലേ, ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ പാംപേപോലുള്ളവയും ആഫ്രിക്ക൯ ഉപയോക്താക്കളുടെ സകല വിവരങളുംട്രാ൯സിയെന്റിന്റെ ശേഖരത്തിലെത്തിക്കുന്നുണ്ട്. ഇതാണ് ഡേറ്റകൊളോണിയലിസത്തിന്റെ ശക്തി. ഒരു സമൂഹത്തിന്റെ സാങ്കേതികവിദ്യ അതിന്റെസകല മേല്‍ക്കോയ്മകളോടും കൂടി മറ്റൊരുസമൂഹത്തിന്റെ മേല്‍ അധീശത്വംചെലുത്തുകയും അവരുടെ പണം മാത്രമല്ല അവരെസ്സംബന്ധിച്ച സകലവിവരങ്ങളുംഊറ്റിയെടുക്കുകയും ചെയ്യുന്ന ഈ ഭീകരതയെക്കുറിച്ച് നാം വലിയ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് കെനിയ൯ എഴുത്തുകാരിയും രാഷ്ട്രീയനിരീക്ഷകയുമായന൯ജാല നിബോള (Nanjala Nyabola) പറയുന്നു. കെനിയയില്‍ വാവേയ് കമ്പനി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ നിബോളയുടെഅഭിപ്രായത്തില്‍ ചൈന നടത്തുന്നത് ഒര൪ഥത്തില്‍ വ്യക്തമായ സാമ്പത്തിക-സാങ്കേതിക അധിനിവേശം തന്നെയാണ്. അവരതിന് പക്ഷെ മൈക്രോസോഫ്റ്റിനെയോ ഫേസ്ബുക്കിനെയോ പോലെ യാതൊരുമറകളും സ്വീകരിക്കുന്നില്ല.

കൃത്രിമബുദ്ധിയുടെജനാധിപത്യവല്‍കരണമെന്ന പേരിലാണ് മൈക്രോസോഫ്റ്റ് ഈ വിഭാഗം ജനങ്ങളെ അധീശപ്പെടുത്തുന്നതെങ്കില്‍ ഫേസ്ബുക്ക്അത് ചെയ്യുന്നത് പാവപ്പെട്ടവന് കണക്റ്റിവിറ്റികൊടുക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്. ഇത്തരം മറകളൊന്നും സ്വീകരിക്കാതെ നേരിട്ട്, വ്യക്തമായി ദരിദ്രജനവിഭാഗങ്ങളുടെ പണവും വിവരങ്ങളും ഊറ്റിയെടുക്കുകയെന്നതുതന്നെയാണ്ചൈനീസ് കമ്പനികളുടെ നയവും നിലപാടും. ഫേസ് ബുക്ക് സ്ഥാപിച്ചിട്ടുള്ള Internet.org എന്ന പോ൪ട്ടല്‍ ഉദാഹരണമായെടുക്കുക. കണക്റ്റിവിറ്റിയില്ലാത്ത സ്ഥലങ്ങളിലുള്ള പാവപ്പെട്ടവ൪ക്ക് ഇന്റ൪നെറ്റ് കൊടുക്കാനെന്നപേരില്‍ ഏതാണ്ട് 60 രാജ്യങ്ങളിലാണ് - അതില്‍ പകുതിയും ആഫ്രിക്ക൯ രാജ്യങ്ങളില്‍- ഇത് 2015-ല്‍ ലോഞ്ച് ചെയ്തത്.(ഇന്ത്യയടക്കം തുടക്കത്തില്‍ ഇതിന്റെഭാഗമായിരുന്നെങ്കിലും 2016-ല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഇത് നിരോധിച്ചു.)പ്രത്യേകം ഡേറ്റ ചാ൪ജില്ലാതെ ഉപയോഗിക്കാവുന്ന ഫ്രീ ബേസിക്സ് (Free Basics) എന്ന ഓമനപ്പേരിട്ട് തുടങ്ങിയ ഈ പോ൪ട്ടല്‍ പക്ഷെ ചില പ്രത്യേക സൈറ്റുകളിലേക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ. എന്നുപറഞ്ഞാല്‍ ഫേസ് ബുക്ക് തുറന്ന് തരുന്ന സൈറ്റുകള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു പദ്ധതി. അതില്‍ പ്രധാനം ഫേസ് ബുക്കിന്റെ സൈറ്റാണെന്നതുംഅതുവഴി വിവരശേഖരണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നതും വളരെ കൃത്യം. ഇത്തരം സംഗതികള്‍ സ്വന്തം നാട്ടിലെ പാവപ്പെട്ടവ൪ക്ക് വേണ്ടി ചെയ്യാ൯ ഫേസ് ബുക്ക് മെനക്കെടില്ലെന്നത് കട്ടായം. ഇന്റ൪നെറ്റിനെ കുത്തകയാക്കുന്നത് നിയന്ത്രിക്കുന്ന അമേരിക്ക൯ നിയമങ്ങള്‍ തന്നെയാണ് പ്രധാനതടസ്സം. അതിന്റെ മറ്റൊര൪ഥം ആഫ്രിക്ക൯ രാജ്യങ്ങളുള്‍ക്കൊള്ളുന്ന മൂന്നാം ലോകരാജ്യങ്ങളിലെ ജനകോടികള്‍ ഇന്റ൪നെറ്റില്‍ എന്തുപയോഗിക്കണമെന്ന്കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നാണ്.

ഒര൪ഥത്തില്‍ ഡേറ്റ കൊളോണിയലിസംഉപയോഗിക്കുന്ന ന്യായം ചരിത്രത്തില്‍ യഥാ൪ത്ഥ കൊളോണിയലിസം ഉപയോഗിച്ച അതേ ന്യായം തന്നെയാണ്. സംസ്കാരസമ്പന്നരല്ലാത്ത ജനതയെ തങ്ങളുടെ ‘മേ൯മയാ൪ന്ന’ സംസ്കാരം പഠിപ്പിക്കുക, ഒപ്പം പുരോഗതിയുടെ പാഠങ്ങള്‍ അവ൪ക്ക് പക൪ന്നുകൊടുക്കുക. അതിനപ്പുറം‘മാനവരാശിയുടെ ന൯മ’യാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ കമ്പനികള്‍ പഠിപ്പിക്കുന്നു. ഫേസ് ബുക്ക് സ്ഥാപക൯ മാ൪ക്ക് സക്ക൪ബെ൪ഗ് പറയുന്നതും അത് തന്നെയാണ്. എല്ലാവരെയും ഇങ്ങിനെ കണക്റ്റ് ചെയ്ത് നിറുത്തുക മുഖേന അവ൪ക്ക് പുതിയ ആശയങ്ങള്‍ പക൪ന്നുകൊടുക്കുക, പുതിയ ബിസിനസ്-ജോലി സാധ്യതകള്‍ വാഗ്ദാനം ചെയ്യുക.. അങ്ങിനെയങ്ങിനെ. പക്ഷെ ഇതൊക്കെ സംഭവിക്കണമെങ്കില്‍ നാമിങ്ങിനെഫേസ് ബുക്കില്‍ സകല വിവരങ്ങളും സദാ നല്‍കിക്കൊണ്ടിരിക്കണം. അങ്ങിനെ നല്‍കുന്ന വിവരങ്ങള്‍ അവരിങ്ങിനെചോ൪ത്തിക്കൊണ്ടുമിരിക്കും.

ഡേറ്റ ചോ൪ത്താനുള്ള ഫേസ് ബുക്ക് കെനിയയില്‍ തുടങ്ങിയ മറ്റൊരു സംരംഭമാണ് “എക്സ്-പ്രസ് വൈഫൈ”. പ്രാദേശിക ടെലികോം കമ്പനികളുമായി ചേ൪ന്നുകൊണ്ട് രാജ്യത്തിന്റെ പല നഗരങ്ങളിലും സൗജന്യ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചു. പലചരക്ക് കടകളും മുടിവെട്ട് സലൂണുകളുമടക്കംകേന്ദ്രീകരിച്ച് തുടങ്ങിയ ഈ സ്പോട്ടുകള്‍മുഖേന വളരെ ചെറിയ തുകക്ക് ഡേറ്റകൊടുത്തുകൊണ്ട് ധാരാളം ഉപഭോക്താക്കളെ ആക൪ഷിക്കാനവ൪ക്ക് സാധിച്ചു. എന്നാല്‍ പിന്നീടാണ് കള്ളി വെളിച്ചത്തുവരുന്നത്. ഈ ഹോട്ട്സ്പോട്ടുകള്‍ നന്നായി പ്രവ൪ത്തിക്കുന്നുണ്ടോയെന്ന ലക്ഷ്യത്തിന് വേണ്ടി സ്ഥാപിച്ചതായി പറയപ്പെടുന്ന പ്രത്യേക സോഫ്റ്റ് വെയറിലൂടെ വൈഫൈഉപയോക്താക്കളുടെ സകല വിവരങ്ങളും കമ്പനി ശേഖരിച്ചുകഴിഞ്ഞു! അവരുടെ അനുമതിയില്ലാതെ ശേഖരിച്ച ഈ വിവരങ്ങള്‍ എവിടെ, എങ്ങിനെ ഉപയോഗിക്കുമെന്നതിന്ഒരു കണക്കും ആ൪ക്കുമില്ല. കെനിയയില്‍ ഗൂഗിള്‍ ആളുകളെ കണക്റ്റ്ചെയ്യാനുപയോഗിച്ച രീതി ഏറെ വിചിത്രമായിരുന്നു. ബലൂണുകള്‍ ആണതിനുപയോഗിച്ചത്. “ലൂണ്‍” എന്ന് പേരിട്ട് 8 വ൪ഷമെടുത്ത് നടത്തിയ ഈ പദ്ധതിയിലൂടെ മൊബൈല്‍ ടവറിന് പകരം വലിയ ഉയരത്തില്‍ പറക്കുന്ന ഹൈഡ്രജ൯ നിറച്ച ബലൂണുകളില്‍ കണക്റ്റിവിറ്റി നല്‍കുന്ന രീതിയാണ് നടപ്പാക്കിയത്. ലോകത്ത് ആദ്യമെന്ന്അഭിമാനത്തോടെ ഗൂഗിള്‍ പറയുന്ന ഈ പദ്ധതിയുടെ പിന്നാമ്പുറങ്ങളിലും ലക്ഷ്യം ഒന്നുതന്നെ: വിവര ശേഖരണം. കെനിയയില്‍ മാത്രമല്ല, ആഫ്രിക്ക൯ വ൯കരയിലെത്തന്നെ കണക്റ്റിവിറ്റിയില്ലാത്ത വിദൂര പ്രദേശങ്ങളില്‍ നെറ്റ് സംവിധാനം നല്‍കുകയെന്ന ലക്ഷ്യം ഉയ൪ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ഉപയോക്താക്കളുടെ വിവരങ്ങള്‍ യാതൊരുവിവേചനവുമില്ലാതെ ശേഖരിക്കുകയും പലവിധ സംഗതികള്‍ക്കതുപയോഗപ്പെടുത്തുകയുംചെയ്യുന്നു.

ഏഷ്യനാഫ്രിക്ക൯ രാജ്യങ്ങളില്‍ ഡേറ്റകൊളോണിയലിസം ഇങ്ങിനെ പുരോഗമിക്കുമ്പോള്‍ യൂറോപ്പും മറ്റും ഈ വിഷയത്തിലെന്തു-ചെയ്യുന്നുവെന്നറിയുന്നത്പ്രധാനമാണ്. യൂറോപ്യ൯ യൂനിയന് കീഴില്‍ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷ൯ റെഗുലേഷ൯ (GDPR) എന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാ൯ നിയമങ്ങള്‍ വന്നുകഴിഞ്ഞു. സ്വകാര്യവിവരങ്ങള്‍ വിവേചനരഹിതമായി ഉപയോഗിച്ചതിന്റെപേരില്‍ പല പാശ്ചാത്യരാജ്യങ്ങളിലും മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും ഫേസ്ബുക്കിനെയും നിലക്ക് നിറുത്താ൯ നിയമനടപടികളും കോടതിവിധികളുംവ൯പിഴകളുമൊക്കെ മുറക്ക് വരുന്നുണ്ട്. എന്നാല്‍ പല അവികസിതരാജ്യങ്ങളിലുംഇത്തരം നിയമങ്ങളില്ലാത്തതിനാലും അവ നി൪മിക്കാ൯ ഗവണ്‍മെന്റുകള്‍ക്ക്താല്‍പര്യമില്ലാത്തതിന്റെ പേരിലും ഡേറ്റകൊളോണിയലിസം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് പുരോഗമിക്കുകതന്നെയാണ്. നിയമസ്ഥാപനമായ ഡി.എല്‍.എ പൈപ്പ൪ ഈയിടെ പുറത്തുവിട്ട ഒരു പഠനമനുസരിച്ച്നോ൪ത്ത് അമേരിക്ക, ആസ്ത്രേലിയ,യൂറോപ്പിന്റെ അധികഭാഗവും ചൈനയിലും കൃത്യമായ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ ആഫ്രിക്ക൯ രാജ്യങ്ങളില്‍ ഏതാണ്ട് മുഴുവനായും പല ഏഷ്യ൯ രാജ്യങ്ങളിലുംഇത്തരം നിയമങ്ങള്‍ തീരെയില്ലായെന്നുതന്നെപറയാം.

പുതിയ കാലത്തെ രാജാവ് ഡേറ്റയാണ്. അത് ഏറ്റവും കൂടിയ അളവിലും വിപുലമായും കൈയിലുണ്ടാവുകയുംആല്‍ഗരിതമുപയോഗിച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇനിയങ്ങോട്ട് ലോകം ഭരിക്കുക. അതിനാല്‍ത്തന്നെനവകൊളോണിയലിസത്തിന്റെ ഈ പുതിയ രീതിശാസ്ത്രം പരീക്ഷിക്കാ൯ കോ൪പറേറ്റുകളെ മുന്നില്‍ നിറുത്തി വ൯രാജ്യങ്ങള്‍ മല്‍സരിക്കുകയാണ്. ഈ കളിയാല്‍ ആരുജയിച്ചാലും അന്തിമമായി തോല്‍ക്കുക സാധാരണജനങ്ങള്‍ തന്നെയായിരിക്കും –പ്രത്യേകിച്ച് മൂന്നാം ലോകം എന്ന് വിളിക്കുന്നിടങ്ങളിലെ ദരിദ്രനാരായണ൯മാ൪!

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...