Sunday 9 January 2011

സുഡാനെ വെട്ടിമുറിക്കുമ്പോള്‍

Published in Madhyamam Newspaper on Sunday, January 9, 2011 (http://www.madhyamam.com/news/33923/110109)

താജ് ആലുവ


ഇന്ന്, ജനുവരി ഒമ്പതിന്, തെക്കന്‍ സുഡാനിലെ ജനങ്ങള്‍ ചരിത്രത്തിലേക്ക് ബാലറ്റ് തൊടുക്കുകയാണ്. മധ്യാഫ്രിക്കയില്‍ മഹത്തായ വൈവിധ്യങ്ങളുടെ നാടായ സുഡാനെ തെക്കും വടക്കുമായി മുറിക്കണോ എന്ന് 39 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്ന് മറുപടി പറയും. മൊത്തം 80 ലക്ഷം ജനങ്ങളുള്ള ദക്ഷിണ സുഡാന്‍ മൂന്നരക്കോടിയോളം ജനങ്ങളുള്ള മാതൃരാജ്യത്തില്‍ നിന്ന് വേര്‍പിരിയണമെന്ന് വാദമുള്ളവര്‍ ഹിതപരിശോധനയില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നുതന്നെയാണ് മാധ്യമങ്ങളടക്കം ഉറപ്പ് പറയുന്നത്. ഒരാഴ്ചയോളം സമയം വേണ്ടിവരുന്ന ഹിതപരിശോധന സമാധാനപരമാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ആശങ്ക കലര്‍ന്ന ജാഗ്രതയാണ് പൊതുവെയുള്ളതെന്ന് പറയാം.
ഏകദേശം 20 ലക്ഷം മനുഷ്യരുടെ അന്ത്യത്തിന് കാരണമായ, 22 വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം 2005ല്‍ ഒപ്പിട്ട സമാധാന സന്ധിയുടെ ഭാഗമായി നടക്കുന്ന ഈ റഫറണ്ടം എല്ലാ അര്‍ഥത്തിലും സമാധാനപൂര്‍ണമായ ഒരു പുതിയ സ്വതന്ത്ര രാജ്യത്തിന് വഴി തെളിയിക്കുമെന്ന് തെക്കുള്ളവര്‍ വിശ്വസിക്കുമ്പോള്‍ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും ഭിന്നത തെരഞ്ഞെടുക്കുന്നവര്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് വടക്കുള്ളവരുടെ നിലപാട്. എന്നാല്‍, ഈയിടെ ദക്ഷിണ സുഡാന്‍ സന്ദര്‍ശിച്ച സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസനുല്‍ ബശീര്‍ പറഞ്ഞത് വേറിട്ടുപോകാനാണ് ദക്ഷിണ സ്‌റ്റേറ്റുകാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നാണ്.
ദശകങ്ങളോളം പട്ടിണിയും ക്ഷാമവുമായി കഴിഞ്ഞിരുന്ന സുഡാനില്‍ 1970ല്‍ എണ്ണ കണ്ടുപിടിച്ചിരുന്നെങ്കിലും അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്തു തുടങ്ങുന്നതും 2000 ആദ്യത്തില്‍ മാത്രമാണ്. തെക്കന്‍ സുഡാനിലെ അബിയെയിലാണ് എണ്ണയുടെ പ്രഭവസ്ഥാനമെന്നത് പണ്ടേ സംഘര്‍ഷത്തിലായിരുന്ന ഇരുവിഭാഗങ്ങളെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര എണ്ണക്കമ്പനികളും ഇതില്‍ കാര്യമായ പങ്ക് വഹിച്ചു.
400ഓളം ഭാഷ സംസാരിക്കുന്ന ഏതാണ്ട് 600ഓളം ഗോത്രങ്ങള്‍, അറബി സംസാരിക്കുന്ന മുസ്‌ലിംകളും നുബിയന്‍ വര്‍ഗക്കാരും, ചെങ്കടല്‍ തീരത്ത് നിന്നു വന്ന ബെജാ വംശക്കാര്‍, ദാര്‍ഫുറിലെ ബഗര്‍റാ നാടോടികള്‍, വിശേഷിപ്പിക്കാന്‍ കഴിയാത്ത വൈവിധ്യങ്ങളുള്ള നാട്ടില്‍ ആരാണ് അസമാധാനത്തിന്റെ വിത്തുകള്‍ വിതച്ചത്?ചരിത്രകാരന്മാരെ വിശ്വസിക്കാമെങ്കില്‍, പഴയ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനാണ് 1922ല്‍ മുസ്‌ലിം-ക്രിസ്ത്യന്‍ മതില്‍ക്കെട്ട് സൃഷ്ടിച്ചത്. തെക്കും വടക്കും തമ്മില്‍ ബന്ധപ്പെട്ടുകൂടെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. ഇരുസംസ്‌കാരങ്ങളെയും പരസ്‌പരം അടുപ്പിക്കുന്നതിനും അന്യോന്യം ഹൃദയം തുറന്ന് ആശയവിനിമയം നടത്തുന്നതിനും അവസരം കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ആഫ്രിക്കയിലെന്നല്ല, ലോകത്തിനുതന്നെ സുഡാന്‍ ഒരു മികച്ച മാതൃകയാകുമായിരുന്നു.
എന്നാല്‍, കുറ്റം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ മുതുകില്‍വെച്ച് കൈകഴുകാന്‍ കഴിഞ്ഞ 55 വര്‍ഷമായി സുഡാന്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും കഴിയില്ല. തെക്കന്‍ പ്രദേശത്തുകാരെ വിശ്വാസത്തിലെടുക്കാനും വികസനത്തിന്റെ സമതുലിത കാഴ്ചപ്പാട് പുലര്‍ത്താനും സാമൂഹിക നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വടക്കന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരവസ്ഥയുണ്ടാകാതെ കാക്കാമായിരുന്നു. ഫ്രാന്‍സിന്റെ അത്ര വിസ്തൃതിയുള്ള തെക്കന്‍ സുഡാനില്‍ 50 കിലോമീറ്റര്‍ മാത്രമേ ടാറിട്ട റോഡുള്ളൂ. സ്ത്രീസാക്ഷരത വെറും ഒറ്റ അക്കം. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ അപൂര്‍വം-ഇതൊക്കെ നീതിനിഷേധത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്, നവസാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍. ഇന്തോനേഷ്യക്കു ശേഷം പടിഞ്ഞാറ് ഇത്ര കൊണ്ടുപിടിച്ച മറ്റൊരു വിഭജനമുണ്ടാകില്ല. രാഷ്ട്രീയനേതൃത്വത്തിനുപുറമെ മുഴുവന്‍ അമേരിക്കന്‍ മാധ്യമങ്ങളും ധാരാളം നയതന്ത്രജ്ഞരും ക്രൈസ്തവ ഇവാഞ്ചലിസ്റ്റ് സംഘങ്ങളും 'സന്നദ്ധ സേവന' സംഘടനകളുമൊക്കെ ഒത്തുചേര്‍ന്നിരിക്കുന്നു.
സുഡാനിലും സാമ്രാജ്യത്യ കണ്ണ് തെക്കന്‍ പ്രദേശങ്ങളിലെ എണ്ണയിലാണ്. രാജ്യത്തെ മൊത്തം എണ്ണശേഖരം 6.7 ബില്യന്‍ ബാരലാണ്. ഇതിന്റെ 80 ശതമാനവും തെക്കന്‍ സുഡാനിലെ അബിയെ പ്രവിശ്യയിലാണ്. എന്നാല്‍, വെറും വിഭജനം കൊണ്ടുമാത്രം എണ്ണയുടെ പൂര്‍ണ ആധിപത്യം പാശ്ചാത്യശക്തികള്‍ക്ക് കൈവന്നുകൊള്ളണമെന്നില്ല. പൈപ്പ്‌ലൈനുകളും റിഫൈനറികളും വടക്കന്‍ സുഡാനിലാണ്. മാത്രവുമല്ല, അബിയെ പൂര്‍ണമായും തെക്കന്‍ സുഡാനോടൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. രണ്ടു പ്രധാനഗോത്രങ്ങളായ ഡിങ്ക നഗോക്ക്, മിസരിയ്യ എന്നിവയില്‍ ആദ്യഗോത്രത്തിനു മാത്രമാണ് അബിയെയെ തെക്കന്‍ സുഡാനോട് ചേരാന്‍ താല്‍പര്യം. മിസരിയ്യ വടക്കിനോട് ഒട്ടി നില്‍ക്കുമ്പോള്‍ത്തന്നെ അബിയെയില്‍ ഇപ്പോഴുള്ള അതേ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടണമെന്ന് വാശിപിടിക്കുന്നു. രാജ്യത്തെ മൊത്തം 105 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ ഭൂരിഭാഗവും തെക്കാണ്. നൈല്‍ നദിയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്ന 149 ബില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളത്തിലധികവും തെക്കന്‍ സുഡാനിലാണ് ലഭിക്കുന്നത്. അങ്ങനെ വെള്ളവും എണ്ണയും ചേര്‍ന്നൊരുക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ക്കുചുറ്റുമാണ് വിഭജനം. റഫറണ്ടം എത്ര സമാധാനപരമായി നടന്നാലും ശേഷമുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല.
ഇതിനിടയിലാണ് പ്രസിഡന്റ് ബശീറിന്റെ പഴയ ഗുരുവും ഇപ്പോള്‍ കഠിന വിമര്‍ശകനുമായ ഡോ. ഹസന്‍ തുറാബിയുടെ പ്രതിപക്ഷ നീക്കങ്ങള്‍. സമാധാനപരമായ വഴികളിലൂടെ തങ്ങള്‍ ഉമറുല്‍ ബശീറിനെ മറിച്ചിടുമെന്നാണ് തുറാബി പറയുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന സംഭാഷണങ്ങളില്‍ ഇനി വിശ്വാസമില്ലെന്നും ഹിതപരിശോധന കഴിയുന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നുമാണ് തുറാബിയുടെ പോപ്പുലര്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സാദിഖുല്‍ മഹ്ദിയുടെ ഉമ്മ പാര്‍ട്ടിയും കണക്കുകൂട്ടുന്നത്. അക്രമരഹിതമായിരിക്കും പ്രതിപക്ഷ നീക്കങ്ങളെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെങ്കിലും ജനങ്ങളെ തെരുവിലിറക്കുന്നതിനെതിരെ സുഡാന്‍ ഗവണ്‍മെന്റും ബശീര്‍ തന്നെയും പ്രതിപക്ഷത്തെ താക്കീത് ചെയ്ത് കഴിഞ്ഞു. മറുവശത്ത്, തലസ്ഥാനമായ ഖര്‍ത്തൂമില്‍ മാത്രം ഒതുങ്ങുന്നതല്ല ജനങ്ങളുടെ പ്രതിഷേധമെന്നും അത് മുഴുവന്‍ സുഡാനും വ്യാപിക്കുന്നതായിരിക്കുമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബശീര്‍, തുറാബിയെ ജയിലിലടച്ചിരുന്നു. ഗവണ്‍മെന്റിനെ മറിച്ചിടുക ക്ഷിപ്രസാധ്യമല്ലെന്ന് തുറാബിയടക്കമുള്ളവര്‍ക്ക് അറിയാം. പ്രതിപക്ഷത്തിന് കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കാനെങ്കിലും ഈ നീക്കം കാരണമായേക്കുമെന്ന പ്രതീക്ഷയേ പരമാവധി അവര്‍ പുലര്‍ത്തുന്നുള്ളൂ. തെക്കന്‍ സുഡാന്‍ വേര്‍പെട്ടുപോകുന്നത് ഹൃദയഭേദകമാണെങ്കിലും അതൊരു യാഥാര്‍ഥ്യമായി തുറാബി സ്വീകരിക്കുന്നു. ബശീറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഈ പതനത്തിലെത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹിതപരിശോധനക്ക് ശേഷം തെക്കും വടക്കും തമ്മില്‍ ഒരു യുദ്ധത്തിന് സാധ്യത കാണുന്നില്ലെങ്കിലും ദാര്‍ഫുറും കിഴക്കുഭാഗത്തുള്ള ചില്ലറ ആഭ്യന്തരപ്രശ്‌നങ്ങളുമൊക്കെ ഗവണ്‍മെന്റിന് ഇനിയും തലവേദന സൃഷ്ടിക്കുമെന്ന അഭിപ്രായക്കാരനാണ് തുറാബി.
സുഡാന്‍ വിഭജനം ആഫ്രിക്കക്ക് വന്‍പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക. സുഡാന്റെ ഗതി ആഫ്രിക്കയുടെ ഭൂമിശാസ്ത്ര, രാഷ്ട്രീയ ഘടനയെ അപകടത്തിലാക്കുമെന്ന സംശയം പല നേതാക്കളും പ്രകടിപ്പിച്ചുതുടങ്ങി. അറബ് രാഷ്ട്രങ്ങളെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ഈ വിഭജനത്തോടെ ഇസ്രായേലിന് ചെങ്കടലില്‍ ലഭിച്ചേക്കാവുന്ന ആധിപത്യത്തെക്കുറിച്ച് ഈയിടെ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് ബദീഅ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രങ്ങളുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അറബ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്. പ്രമുഖ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും വെള്ളിയാഴ്ച പ്രഭാഷണത്തില്‍ വിഭജനത്തിന് കൂട്ടുനില്‍ക്കരുതെന്ന് മുസ്‌ലിംകളെ ആഹ്വാനം ചെയ്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

tajaluva@gmail.com

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...