Friday, 13 May 2011

ബിന്‍ലാദിന്‍യുഗം അവസാനിക്കുമ്പോള്‍

താജ് ആലുവ
http://www.prabodhanam.net/detail.php?cid=95&tp=1

ജീവിതത്തിലെന്ന പോലെ മരണത്തിലും നിഗൂഢതകള്‍ ബാക്കിവെച്ച് ഉസാമ ബിന്‍ ലാദിന്‍ നാടുനീങ്ങുമ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധി. ആരുടെ പ്രശ്‌നങ്ങളെ താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് ബിന്‍ ലാദിന്‍ ആണയിട്ടു പറഞ്ഞിരുന്നുവോ ആ ജനത അവരുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ വിപ്ലവ വസന്തത്തിലൂടെ കടന്നുപോകുമ്പോള്‍, അതില്‍ പ്രത്യേകിച്ച് ഒരു പങ്കും വഹിക്കാത്ത ഉസാമയുടെ മരണം അദ്ദേഹം പ്രതിനിധാനം ചെയ്ത അതിതീവ്ര ആശയങ്ങളുടെ കൂടി മരണമായി കണക്കാക്കുന്നതാണ് ഭംഗി. ഈ മരണത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവര്‍, അതിന് തെരഞ്ഞെടുത്ത സമയം നടേ പറഞ്ഞ കാരണത്താല്‍ ഒരല്‍പം തെറ്റിപ്പോയി എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതും കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനേ തല്‍ക്കാലം ആ ജനതക്ക് നിവൃത്തിയുള്ളൂ.


പ്രശസ്ത പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് പറഞ്ഞത് പോലെ, 'പാകിസ്താനില്‍ ഒരു മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടുവെന്നതില്‍ കൂടുതലായി മറ്റൊരു പ്രാധാന്യവും ഇല്ലാത്ത സംഭവ'ത്തെ ചരിത്ര നേട്ടമായും വൈകിയെത്തിയ നീതിയായുമൊക്കെ വ്യാഖ്യാനിച്ച് ആഘോഷിക്കുന്നത് സ്ഥാപിത താല്‍പര്യക്കാരുടെ ആവേശം മാത്രമായിക്കാണുന്നതാണ് നല്ലത്. അല്‍പമൊന്നാലോചിച്ചാല്‍ നമ്മുടെ മുംബൈയിലെ അധോലോക രാജാക്കന്മാര്‍ ദിനേനയെന്നോണം നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ അടുത്തുപോലും വരാത്ത ഒരു സംഗതിയാണ് പത്ത് വര്‍ഷത്തിന് ശേഷം ലോകപോലീസിന്റെ റോള്‍ വഹിക്കുന്ന അമേരിക്ക നിര്‍വഹിച്ചത്. ലോകത്തെവിടെയുമുള്ള എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവര്‍ക്കും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് ഉയര്‍ത്തിക്കാണിക്കാന്‍ വേണം. ബുഷിനും ക്ലിന്റണുമൊക്കെ അത് യുദ്ധങ്ങളായിരുന്നുവെങ്കില്‍ യുദ്ധത്തെ എതിര്‍ത്തുകൊണ്ട് പടികയറി വന്ന ഒബാമക്ക് ഉസാമയെക്കാളും പറ്റിയ വിഷയം വേറെയെന്തുണ്ട്! പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചേടത്തോളം യുദ്ധമുണ്ടാകേണ്ട പല രാജ്യങ്ങളിലും ഇനിയൊരു യുദ്ധത്തിന്റെ ആവശ്യകതയേയില്ലാതാക്കിക്കൊണ്ട് അറബ് യുവത രംഗത്തുവന്ന സമയത്ത് പ്രത്യേകിച്ചും!


2006-ലെ ബലിപെരുന്നാള്‍ ദിവസം സദ്ദാം ഹുസൈനെ തൂക്കിലേറ്റാനും അതിന്റെ വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടാനും തീരെ ആലോചിക്കേണ്ടി വന്നില്ലാത്ത യാങ്കികള്‍ക്ക് ബിന്‍ ലാദിന്റെ അന്ത്യനിമിഷത്തിലെ ആ ഭീകരചിത്രങ്ങള്‍ പുറത്തുവിടാനും വലിയ പ്രയാസമുണ്ടാകേണ്ടതില്ല (ഒരു പക്ഷേ, ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേക്കും അത്തരം ചിത്രങ്ങളില്‍ ചിലത് നമുക്ക് ലഭിക്കുകയും ചെയ്‌തേക്കാം. തങ്ങളതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ ഭരണകൂട വക്താക്കള്‍ പറയുന്നത്). ഉസാമക്കെതിരിലുള്ള 'ഓപറേഷന്‍ ഗെറോനിമോ' (അതാണത്രെ അതിന്റെ പേര്!) 'നേവി സീല്‍' എന്ന അതിവിദഗ്ധ വിഭാഗത്തില്‍പ്പെട്ട സൈനികന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സാറ്റലൈറ്റ് വഴി വൈറ്റ് ഹൗസിലിരുന്ന് കണ്ട ഒബാമയും ജോ ബിഡനും ഹിലരിയുമടങ്ങുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നത സംഘത്തിന് നിഗൂഢമായ ഈ ഓപറേഷനെതിരെയുയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനെങ്കിലും അത് വേണ്ടിവരും.


ഓപ്പറേഷനെക്കുറിച്ച് ഒട്ടനവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. യാങ്കി ഭരണകൂടം വാദിക്കുന്നത് പോലെ ഇതൊരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നോ? അമേരിക്ക അതിന്റെ ഏറ്റവും ശക്തമായ ചാരവലയം ഉപയോഗിച്ച് ബിന്‍ ലാദിന്റെ താമസസ്ഥലം കണ്ടെത്തുകയായിരുന്നോ? എന്നിട്ട് അതിവിദഗ്ധമായ ആസൂത്രണത്തിലൂടെ, കടുകിട തെറ്റാത്ത ഓപ്പറേഷനിലൂടെ അയാളെ വകവരുത്തുകയായിരുന്നോ? ജീവനോടെ പിടികൂടാമായിരുന്നിട്ടും എന്തുകൊണ്ട് അതിന് വേണ്ടി ശ്രമിച്ചില്ല? ഭീകരവിരുദ്ധ യുദ്ധത്തില്‍ തങ്ങളുടെ സന്തത സഹചാരിയായ പാക് ഭരണകൂടത്തെ എന്തുകൊണ്ട് ഈ വിഷയത്തില്‍ അമേരിക്ക വിശ്വാസത്തിലെടുത്തില്ല? ഇത്തരം സംശയങ്ങളുയരുന്നതിന്റെ പ്രധാന കാരണം, പാകിസ്താന്റെ 'സാന്‍ഡ്‌ഹേഴ്‌സ്റ്റ്' (ബ്രിട്ടനിലെ സൈനിക അക്കാദമിയോട് ചേര്‍ത്തു പറയുന്ന പേര്) എന്നറിയപ്പെടുന്ന അബറ്റാബാദിലെ സൈനികപട്ടണത്തിന് ഒത്ത നടുവില്‍ത്തന്നെയുള്ള വീടാണ് കഴിഞ്ഞ ആറേഴ് വര്‍ഷമായി താമസിക്കാന്‍ ലാദിന്‍ തെരഞ്ഞെടുത്തതെന്നതാണ്. തലക്ക് രണ്ടരക്കോടി ഡോളര്‍ വിലയുള്ള, ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഒന്നിച്ചന്വേഷിക്കുന്ന ഈ കൊടും കുറ്റവാളി പാകിസ്താന്‍ സൈന്യത്തിന്റെ മൂക്കിന് താഴെ വന്ന് ഇങ്ങനെ താമസിക്കുമെന്നത് വിശ്വസിക്കണോ അവിശ്വസിക്കണോ? അതോ ഇതും ഒരു ഒത്തുകളിയായിരുന്നോ? ആര്‍ക്കറിയാം.


യുദ്ധക്കൊതിയന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിന് സദാ അനിവാര്യമായ ശത്രുക്കുപ്പായത്തിലേക്ക് അവര്‍പോലും ആവശ്യപ്പെടാത്ത വേഗത്തില്‍ നിന്നുകൊടുത്തുവെന്നതായിരുന്നു ഉസാമ ബിന്‍ ലാദിന്‍ ഇങ്ങനെ വെറുക്കപ്പെടാന്‍ കാരണം. സോവിയറ്റ് റഷ്യക്കെതിരെ തന്നെ ഉപയോഗപ്പെടുത്തിയ അമേരിക്കക്കെതിരെ, തന്റെ രണ്ടാം പടപ്പുറപ്പാടിന് തയാറായപ്പോള്‍ ആ നീക്കത്തിന്റെ ഗൗരവത്തെക്കുറിച്ച് ഉത്തമബോധ്യം വേണ്ടിയിരുന്ന ബിന്‍ ലാദിന് അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പകരം ചോദിക്കാനിറങ്ങിയയാള്‍ പലപ്പോഴും അവര്‍ക്കെതിരെ നിലകൊള്ളുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരമുള്ള ശത്രുക്കളെക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തിലെ ആളുകളെ ഉസാമക്ക് കൊല്ലേണ്ടിവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി (റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍) വൃക്കരോഗം ബാധിച്ച്, പല്ലുകൊഴിഞ്ഞ സിംഹമായി മാറിയ ഉസാമയെ ആളുകള്‍ മറന്നുതുടങ്ങിയ സമയത്താണ് അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ അമേരിക്ക നമുക്ക് മുന്നില്‍ കൊണ്ടുവന്നിടുന്നത്.


ഒഴിയാബാധയായി മാറിയ അഫ്ഗാനിസ്താനിലെ യുദ്ധത്തില്‍ നിന്ന് കഴിയും വേഗം പിന്മാറണമെന്ന അമേരിക്കയുടെ ഉദ്ദേശ്യമായിരിക്കാം ഇപ്പോഴത്തെ ഉസാമ വധം ആട്ടക്കലാശത്തിന്റെ പൊരുള്‍ എന്ന് വാദിക്കുന്നവരുണ്ട്. അതിനവര്‍ നിരത്തുന്ന ന്യായം അമേരിക്കയെപ്പോലൊരു വന്‍ശക്തിക്ക് തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വരുത്താതെ മുന്‍കൂട്ടി നിശ്ചയിച്ചൊരു പിന്മാറ്റം അഫ്ഗാനിസ്താനില്‍ നിന്ന് സാധ്യമല്ലെന്നുള്ളതാണ്. അത് ശരിയുമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തി ഒരു ദശകത്തോളം വിടാതെ പിന്നാലെ നടന്നിട്ടും ഉസാമയെപ്പോലൊരാളെ കിട്ടിയില്ലെന്ന് പറഞ്ഞാല്‍ അതില്‍പ്പരം നാണക്കേട് മറ്റെന്തുണ്ട്? അതുകഴിയാതെ യുദ്ധം അവസാനിപ്പിക്കുകയെന്ന് പറഞ്ഞാല്‍ അതതിനേക്കാളും വലിയ മാനക്കേടുതന്നെയാകും.


ഒരുപക്ഷേ, ബിന്‍ ലാദിനെ വളരെ നേരത്തെതന്നെ അഫ്ഗാനില്‍ നിന്ന് പിടികൂടി പാകിസ്താനില്‍ ഇങ്ങനെയൊരു നാടകം കളിച്ചതുമാകാം. അവിടെയും ലക്ഷ്യം ഒന്നുതന്നെ: എത്രയും പെട്ടെന്ന് അഫ്ഗാനില്‍ നിന്ന് തലയൂരുക. പക്ഷേ അതിന് മുമ്പ് പാകിസ്താനെ ഒരു പാഠം പഠിപ്പിച്ചിട്ടുവേണം പോകാന്‍. ബിന്‍ ലാദിന് ഇത്രയും നല്ല പഞ്ചനക്ഷത്ര താമസവും സുരക്ഷിതത്വവും നല്‍കിയ കുറ്റത്തില്‍ നിന്ന് ഇനിയെങ്ങനെ പാകിസ്താന് തലയൂരാനാകും? സൈനിക അക്കാദമിയുടെ അടുത്ത് 10 ലക്ഷം ഡോളര്‍ വിലയുള്ള മൂന്ന് നില ബംഗ്ലാവില്‍ തങ്ങള്‍ തേടുന്ന കൊടും കുറ്റവാളിയെ ആറുവര്‍ഷത്തിലധികം താമസിപ്പിച്ചതിന് ഇനിയുള്ള കാലം പാകിസ്താന്‍ അമേരിക്കയുടെ മുന്നില്‍ എത്ര ഏത്തമിട്ടാലും മതിയാകില്ലെന്ന് ഭാവി സംഭവവികാസങ്ങള്‍ തെളിയിക്കും. സി.ഐ.എ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ ടൈം മാഗസിനോട് പറഞ്ഞതില്‍ നിന്നുള്ള സൂചന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാകിസ്താനെ അറിയിക്കാതെ 'ഓപറേഷന്‍ ഗെറോനിമോ' നടത്തിയതിന് കാരണം, അവര്‍ വിവരങ്ങള്‍ ഉസാമ ബിന്‍ ലാദിന് ഒറ്റുകൊടുക്കുമോയെന്ന് ഭയന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയുണ്ട് പാകിസ്താനി ഫ്രണ്ട്‌സുമായുള്ള ഒബാമയുടെ വാര്‍ ഓണ്‍ ടെറര്‍ കോഓപറേഷന്‍! കരളുപറിച്ചു കൊടുത്താലും ചെമ്പരത്തിപ്പൂവാണെന്നേ അമേരിക്കക്കാര്‍ പറയൂവെന്ന് ഇപ്പോഴെങ്കിലും സര്‍ദാരിമാര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ!


പാകിസ്താന്റെ കാര്യത്തില്‍ ഇനിയുമുണ്ട് പ്രശ്‌നങ്ങള്‍. ഒരു പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുമതി കൂടാതെ ഹെലികോപ്റ്ററുകളുമായി പാഞ്ഞുചെന്ന് ആരെയെങ്കിലും കൊല്ലുന്നത് ഒന്നാം ലോകവും മൂന്നാം ലോകവുമായുള്ള വ്യത്യാസമായി മാത്രം മനസ്സിലാക്കിയാല്‍ മതിയാകും. എന്നാല്‍, അതിന് ശേഷം ഇപ്പോള്‍ അവിടെ നടക്കുന്ന വന്‍ ഭൂകമ്പത്തില്‍ പ്രസിഡന്റ് സര്‍ദാരിയും പ്രധാനമന്ത്രി ഗീലാനിയുമൊക്കെ വിറച്ചിരിപ്പാണ്. തങ്ങളുടെ ഭരണാധികാരികള്‍ക്കിതെന്താണ് പണിയെന്നാണ് സാധാരണ ജനം ചോദിക്കുന്നത്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് കേവലം 61 കിലോമീറ്റര്‍ മാത്രമുള്ള അബറ്റാബാദിലെ സൈനിക അക്കാദമിക്ക് മൂക്കിന് താഴെ 40 മിനിറ്റ് ഹെലികോപ്റ്റര്‍ പറന്നിട്ടും അക്ഷരാര്‍ഥത്തില്‍ പൊടിപാറിയ വെടിവെപ്പ് നടന്നിട്ടും രാജ്യസുരക്ഷക്ക് നിയുക്തരായവര്‍ ഏതടുപ്പില്‍ പോയി കിടക്കുകയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. പ്രധാനമന്ത്രിയും പ്രസിഡന്റും വിദേശകാര്യ വക്താവും പറയുന്നതിലൊക്കെ പ്രകടമായ വൈരുധ്യങ്ങള്‍. സര്‍ദാരി പറയുന്നു ഓപറേഷനെക്കുറിച്ച് തങ്ങള്‍ക്ക് തീരെ അറിയില്ലെന്ന്, ഗീലാനി പറയുന്നു തങ്ങളുടെ കൂടി സഹകരണത്തോടെയാണ് ബിന്‍ ലാദിന്റെ കോമ്പൗണ്ടിനടുത്തേക്ക് അമേരിക്കന്‍ സൈന്യം എത്തിയതെന്ന്, വിദേശകാര്യ വക്താവ് പറയുന്നു ദീര്‍ഘനാളത്തെ സഹകരണത്തിന്റെ ഫലമാണ് ഇപ്പോഴത്തെ വിജയമെന്ന്! ഏതായാലും ജനങ്ങള്‍ കാത്തിരിക്കുന്നത് ഇനി ഒരേയൊരു സംഗതിയാണ്: അമേരിക്കയുമായുള്ള ഈ സഹകരണം സര്‍ദാരിയും കൂട്ടരും ഇതേ രൂപത്തില്‍ തുടരുമോ? തുടര്‍ന്നാല്‍, അത് ശക്തമായ ജനരോഷത്തിന് കാരണമാകും, തുടര്‍ന്നില്ലെങ്കില്‍ അമേരിക്കയുടെ സൗഹൃദവും സഹായവും സര്‍ദാരിക്ക് നഷ്ടമാകും.


അറബ് ലോകത്തെ സംബന്ധിച്ചേടത്തോളം തികഞ്ഞ അസംബന്ധമെന്ന നിലക്കാണ് അവിടത്തെ യുവത ഈ സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ഗത്തിലെ കട്ടുറുമ്പായി ബിന്‍ ലാദിന്‍ ഇങ്ങനെ കയറിവരുമെന്ന് അവര്‍ നിനച്ചതേയുണ്ടായിരുന്നില്ല. ഭീകരവിരുദ്ധ യുദ്ധത്തില്‍ ബുഷിന്റെ പങ്കാളികളായിരുന്ന പലരും ഒന്നുകില്‍ സിംഹാസനം തെറിച്ച്, രക്തസമ്മര്‍ദം കൂടി ഇപ്പോള്‍ ഐ.സി.യുവിലാണ്. അല്ലെങ്കില്‍ എപ്പോഴാണ് ഈ സൂനാമി തന്നെയും തന്റെ കുടുംബത്തെയും ഇതുവരെ തങ്ങള്‍ വാരിക്കൂട്ടിയതിനെയൊക്കെയും കടപുഴക്കിയെറിയുന്നതെന്ന് പേടിച്ച് വിറച്ച് സ്വന്തം കൊട്ടാരത്തില്‍ത്തന്നെ ഉയര്‍ന്ന ഹൃദയമിടിപ്പുമായി കഴിഞ്ഞുകൂടുകയാണ്. ഒരര്‍ഥത്തില്‍ ചരിത്രത്തിന്റെ കാവ്യനീതിയാണ് പുലര്‍ന്നിരിക്കുന്നത്. മുബാറകിനെയും ബിന്‍ അലിയെയും ഖദ്ദാഫിയെയുമൊക്കെ കെട്ടുകെട്ടിക്കാമെന്ന് മോഹിപ്പിച്ചാണ് ഉസാമ ബിന്‍ ലാദിന്‍ ഒരു കാലത്ത് അറബ് യുവതയില്‍ ചിലരെയെങ്കിലും വരുതിയിലാക്കിയതെങ്കില്‍ അല്‍ഖാഇദയുടെയും അമേരിക്കയുടെയും സഹായമില്ലാതെ തന്നെ തങ്ങള്‍ക്കതിന് സാധിച്ചിരിക്കുന്നുവെന്ന് അറബ് ജനതയൊന്നടങ്കം തെളിയിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. തോക്കെടുത്തിരുന്നുവെങ്കില്‍ 28 നൂറ്റാണ്ട് കഴിഞ്ഞാലും സംഭവിക്കില്ലാത്ത വിപ്ലവം, തോക്കിനുമുന്നില്‍ വിരിമാറ് കാണിക്കാനുള്ള ഇഛാശക്തിയുടെയും സൈബര്‍ ലോകത്തിന്റെ അനന്ത സാധ്യതകളുടെയും മുന്നില്‍ 28 ദിവസം കൊണ്ട് സംഭവിക്കുന്ന അത്ഭുതത്തിനാണ് അവര്‍ സാക്ഷ്യം വഹിച്ചത്. ജനതയുടെ ഇഛാശക്തിക്ക് മുന്നില്‍ ഇടഞ്ഞുനിന്നിരുന്ന ഫലസ്ത്വീന്‍ ഗ്രൂപ്പുകള്‍ വരെ ഐക്യപ്പെടുകയും സയണിസ്റ്റ് ശക്തിയെ ഒന്നായി വെല്ലുവിളിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് അവര്‍ ചെവികൊടുക്കവെയാണ് ഈ ഈച്ച അവരുടെ മൂക്കിന് മുകളില്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായും അതിനെ കൈകൊണ്ട് വീശിമാറ്റി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയും, കഴിയേണ്ടതുണ്ട്. ഇനിയും ഭീകരത, തീവ്രവാദം എന്നൊക്കെപ്പറഞ്ഞ് പറ്റിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് അത്യുച്ചത്തില്‍ വിളിക്കാന്‍ പാകത്തില്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ അവര്‍ തയാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


tajaluva@gmail.com

1 comment:

SOFIA BEEGUM said...

Read and agreed

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...