Sunday, 20 March 2011

ലിബിയയില്‍ പിറക്കാനിരിക്കുന്ന `പിശാചിന്റെ കസേരകള്‍'

താജ്‌ ആലുവ
http://www.prabodhanam.net/Issues/19.3.2011/thajaluva.html

കുറച്ചു മുമ്പ്‌ അല്‍ജസീറ ചാനലുമായി നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെ കളിയാക്കിക്കൊണ്ട്‌ കേണല്‍ മുഅമ്മര്‍ ഖദ്ദാഫി പറഞ്ഞു, അത്‌ (ഡെമോക്രസി) പിശാചുക്കള്‍ ഇരിക്കുന്ന കസേരകളാണെന്ന്‌! തന്റെ സ്വതസിദ്ധമായ ഭ്രാന്തന്‍ നിര്‍വചനമാണ്‌ അയാള്‍ അതിന്‌ നല്‍കിയത്‌: `ഡെമോ' എന്നാല്‍ ഡെമണ്‍സ്‌ അഥവാ പിശാചുക്കള്‍. `കറാസി'യെന്ന്‌ അറബിയില്‍ പറഞ്ഞാല്‍ കസേരകള്‍! ഇത്തരം കിറുക്കന്‍ ജല്‍പനങ്ങളുടെ ആകെത്തുകയായിരുന്നു കഴിഞ്ഞ 42 വര്‍ഷത്തെ ലിബിയന്‍ ജനതയുടെ ജീവിതം. അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭത്തിന്റെ വേലിയേറ്റത്തിനു നടുവിലും മതിഭ്രമം ബാധിച്ച കുറെ ജല്‍പനങ്ങളുടെ പ്രവാഹമാണ്‌ ആ നാവില്‍ നിന്നുതിര്‍ന്നു വീണുകൊണ്ടിരിക്കുന്നത്‌. വിചിത്രമായ വേഷവിധാനവും അതിലേറെ അമ്പരിപ്പിക്കുന്ന സ്വഭാവചേഷ്‌ടകളുമായി അറബ്‌ ലോകത്തും അന്താരാഷ്‌ട്ര വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഈ വികൃത വ്യക്തിത്വം ലിബിയക്കാരെ സംബന്ധിച്ചേടത്തോളം ഭരണാധികാരിയെന്നതിനേക്കാളുപരി വെറുമൊരു ബഫൂണ്‍ മാത്രമായിരുന്നു.
ഇന്നിപ്പോള്‍ സ്വന്തം ജനങ്ങളാലും ഇതുവരെ താങ്ങിനിര്‍ത്തിയ പാശ്ചാത്യശക്തികളാലും വെറുക്കപ്പെട്ട്‌ ട്രിപ്പോളി നഗരത്തിലെ തന്റെ കൊട്ടാരത്തിനകത്ത്‌ മാത്രം സഞ്ചാര സ്വാതന്ത്ര്യമുള്ളയാളായി ഒതുക്കപ്പെട്ടിരിക്കുന്നു മരുഭൂമിയുടെ ഈ പുത്രന്‍ (വിശേഷണത്തിന്‌ ഖദ്ദാഫിയോടുതന്നെ കടപ്പാട്‌). അധികാരം നിലനിര്‍ത്തുന്നതിന്‌ വേണ്ടി സ്വന്തം ജനതയെ എത്ര വേണമെങ്കിലും കൊന്നൊടുക്കാന്‍ യാതൊരു മടിയുമില്ലെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ഖദ്ദാഫി. വെറും എലികളായി താന്‍ കാണുന്ന ജനാധിപത്യ പ്രക്ഷോഭകാരികളില്‍ നിന്ന്‌ ലിബിയയെ ശുദ്ധീകരിക്കാന്‍ വീടു-വീടാന്തരം കേറി വേണ്ടിവന്നാല്‍ എല്ലാവരെയും വാലു തൂക്കി എറിയുമെന്ന്‌ പരസ്യമായി പ്രഖ്യാചിച്ചിരിക്കുകയാണയാള്‍. നേരത്തെ തന്നെ അധികാരം ജനങ്ങളുടെ `കോണ്‍ഗ്രസുകള്‍'ക്ക്‌ വിട്ടുകൊടുത്തതിനാല്‍ താന്‍ രാജാവോ പ്രസിഡന്റോ അല്ലെന്നും അതുകൊണ്ടുതനെ അധികാരം ഒഴിയേണ്ട ആവശ്യമില്ലെന്നുമുള്ള പുതിയ കിറുക്കും ഇടക്കിടെ മൊഴിയുന്നുണ്ട്‌.
ജനാധിപത്യത്തെ ഇങ്ങനെ അപമാനിക്കുന്നതില്‍ ഇയാള്‍ ഒറ്റക്കായിരുന്നില്ല. മൂത്ത പുത്രന്‍ സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫി, 2008-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ (LSE) നിന്നെടുത്ത ഡോക്‌ടറേറ്റ്‌ തീസിസിന്റെ ശീര്‍ഷകം നോക്കുക: ആഗോള ഭരണസ്ഥാപനങ്ങള്‍ ജനാധിപത്യവത്‌കരിക്കുന്നതില്‍ പൗരസമൂഹത്തിന്റെ പങ്ക്‌ (The Role of Civil Society in the Democratisation of Global Governance Institutions)! 400 പേജ്‌ വരുന്ന ഈ തീസിസിലെ പല `ഗവേഷണങ്ങളും' ഇവ്വിഷയകമായി നേരത്തെ നടത്തപ്പെട്ട പഠന-ഗവേഷണങ്ങളില്‍ നിന്ന്‌ പകര്‍ത്തിയെഴുതിയാണെന്നതിന്റെ പഴിയവിടെ നില്‍ക്കട്ടെ. സ്വന്തം തറവാട്‌ നോക്കാത്തവനാണ്‌ ലോകം നന്നാക്കാന്‍ നടക്കുന്നതെന്ന്‌ പറഞ്ഞ്‌ LSE ഇപ്പോള്‍ ഡോക്‌ടറേറ്റ്‌ തിരിച്ചുവാങ്ങിക്കാനുള്ള പുറപ്പാടിലാണ്‌. ഒപ്പം അയാള്‍ സ്ഥാപനത്തിന്‌ നല്‍കിയ പതിനഞ്ച്‌ ലക്ഷം പൗണ്ടിന്റെ സംഭാവനയും അവര്‍ തിരിച്ചടക്കും. ജനാധിപത്യത്തിലോ പൗരാവകാശങ്ങളിലോ തരിമ്പും വിശ്വാസമില്ലാത്തവനായിരുന്നു സൈഫുല്‍ ഇസ്‌ലാം എന്നതിന്‌ ഇപ്പോഴത്തെ ബഹുജനപ്രക്ഷോഭത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ നടത്തിയ ടെലിവിഷന്‍ പ്രഭാഷണം മതിയായ തെളിവാണ്‌. അയാള്‍ പറഞ്ഞു: ``പിതാവിനെതിരായ സമരം നയിക്കുന്നത്‌ മയക്കുമരുന്നിന്റെ അടിമകളും ഗോത്രപക്ഷപാതികളും ഇസ്‌ലാമിസ്റ്റുകളുമാണ്‌. ഏക ലിബിയയുടെ സ്ഥാനത്ത്‌ 15 ഇസ്‌ലാമിക എമിറേറ്റുകള്‍ സ്ഥാപിക്കാനാണ്‌ അവര്‍ ഉദ്ദേശിക്കുന്നത്‌. ഈ പോരാട്ടം അവര്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ ആഭ്യന്തരയുദ്ധമായിരിക്കും ഫലം. പിതാവിനെ അനുകൂലിക്കുന്നവര്‍ വെറുതെയിരിക്കുമെന്ന്‌ കരുതരുത്‌.'' സ്വേഛാധിപതികളുടെ അവസാനത്തെ അടവുകള്‍ എത്ര പരിതാപകരമാണെന്ന്‌ നോക്കുക!
അറബ്‌ ലോകത്ത്‌ സൂനാമിയായി പടര്‍ന്നുകയറിയ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇരയാണ്‌ ഖദ്ദാഫി. തുനീഷ്യയിലെയും ഈജിപ്‌തിലെയും തന്റെ `സഹോദരങ്ങളി'ല്‍നിന്നും വ്യത്യസ്‌തമായി അധികാരത്തില്‍ തുടരാന്‍ വന്‍ രക്തച്ചൊരിച്ചിലിനുതന്നെ അയാള്‍ മുന്‍കൈയെടുത്തു. സ്വന്തം സൈന്യത്തെയും സുരക്ഷാസേനയെയും വിശ്വാസമില്ലാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഇറക്കുമതി ചെയ്‌ത ഗുണ്ടകളെക്കൊണ്ടാണ്‌ ആയിരക്കണക്കിന്‌ വരുന്ന സ്വന്തം നാട്ടുകാരെ അയാള്‍ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയത്‌. താന്‍ വര്‍ഷങ്ങളായി സഹായം കൊടുക്കുന്ന സിംബാബ്‌വെയെപ്പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ്‌ ഈ ഗുണ്ടകളെ അയാള്‍ക്ക്‌ ലഭിച്ചത്‌. ഇതിന്‌ പ്രേരകമായതോ ലിബിയ തന്റെ തറവാട്ടുസ്വത്താണെന്ന ധാര്‍ഷ്‌ട്യവും. തന്നെ ഭരിക്കാനനുവദിച്ചില്ലെങ്കില്‍, ലിബിയയെ കത്തുന്ന നരകമാക്കുമെന്നാണ്‌ ഒരു ഘട്ടത്തില്‍ ഖദ്ദാഫി ഭീഷണി മുഴക്കിയത്‌. അതിന്‌ വേണ്ടി എല്ലാ ഗോത്രങ്ങള്‍ക്കും രാജ്യത്തിന്റെ ആയുധപ്പുര തുറന്നുകൊടുക്കുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാലമത്രയും അള്ളിപ്പിടിച്ചിരുന്ന സിംഹാസനത്തില്‍ നിന്ന്‌ പൂച്ചയെപ്പോലെ ചെവിക്കുന്നി പിടിച്ച്‌ ധീരരായ ലിബിയന്‍ യുവാക്കള്‍ അയാളെ പുറത്തിടുന്നത്‌ ഇനി കേവലം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്‌. തലസ്ഥാനമായ ട്രിപ്പോളി ഒഴികെയുള്ള പ്രധാനപ്പെട്ട നഗരങ്ങളെല്ലാം പ്രക്ഷോഭകാരികളായ യുവാക്കളുടെ പിടിയിലാണിപ്പോള്‍.
എണ്ണ സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുള്ളതിനാല്‍, ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാഷ്‌ട്രങ്ങളിലൊന്നാണ്‌ ലിബിയ. പക്ഷേ, എണ്ണവരുമാനത്തിന്റെ സിംഹഭാഗവും ഖദ്ദാഫിയും 9 മക്കളുമടങ്ങുന്ന കുടുംബവും ധൂര്‍ത്തടിക്കുകയായിരുന്നു. ബ്രിട്ടനിലെ എക്‌സറ്റര്‍ യൂനിവേഴ്‌സിറ്റിയിലെ മധ്യ-പൂര്‍വ രാഷ്‌ട്രീയകാര്യ വിദഗ്‌ധനായ ടിം നിബ്ലോക്ക്‌, കഴിഞ്ഞ കാലങ്ങളില്‍ ലിബിയക്ക്‌ എണ്ണയില്‍ നിന്ന്‌ കിട്ടിയ വരുമാനവും ഗവണ്‍മെന്റ്‌ ചെലവിട്ട തുകയും തമ്മില്‍ താരതമ്യ പഠനം നടത്തിയിരുന്നു. ബില്യന്‍ കണക്കിന്‌ ഡോളറുകളുടെ കുറവാണ്‌ ഓരോ വര്‍ഷവും ഈ വകയില്‍ അദ്ദേഹം കണ്ടെത്തിയത്‌. അതെല്ലാം ഖദ്ദാഫി കുടുംബം ദുബൈയിലും ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമുള്ള രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ നിബ്ലോക്ക്‌ പറയുന്നത്‌. ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ നമൂറയിലെ മുതിര്‍ന്ന രാഷ്‌ട്രീയകാര്യ നിരീക്ഷകനായ അലിസ്‌റ്റൈര്‍ ന്യൂട്ടണിന്റെ അഭിപ്രായവും ഇത്തരത്തില്‍ ബില്യന്‍ കണക്കിന്‌ ഡോളറുകള്‍ ഖദ്ദാഫിയും കുടുംബവും നാട്ടില്‍ നിന്ന്‌ കടത്തിയിട്ടുണ്ടാകാമെന്നാണ്‌. രഹസ്യ ബാങ്കക്കൗണ്ടുകള്‍ക്കു പുറമെ പലതരം റിയല്‍ എസ്റ്റേറ്റുകളായും ഈ സ്വത്ത്‌ വ്യാപിച്ചുകിടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. സൈഫുല്‍ ഇസ്‌ലാം ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റിക്കുള്ള 70 ബില്യന്‍ ഡോളര്‍ മൂലധനം മാത്രമാണ്‌ ഈയിനത്തില്‍ കണക്കില്‍പ്പെട്ടിട്ടുള്ളത്‌. അതുതന്നെയും നിക്ഷേപം നടത്തിയിരുന്നത്‌ വ്യക്തിതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിറുത്തിയായിരുന്നു. ഒരര്‍ഥത്തില്‍ ഇത്രയും കാലം ഖദ്ദാഫിയെ അധികാരത്തില്‍ തുടരാന്‍ സഹായിച്ചത്‌ യൂറോപ്യന്‍ രാജ്യങ്ങളുമായും അമേരിക്കയുമായും നിലനിര്‍ത്തിപ്പോന്നിരുന്ന വിപുലമായ ബിസിനസ്‌ ബന്ധങ്ങളാണ്‌. രാജ്യത്തിന്റെ എണ്ണ സമ്പത്ത്‌ വഴിതിരിച്ച്‌ വിട്ടുകൊണ്ട്‌ ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്‌ മാത്രമാണ്‌ അയാള്‍ മുന്‍ഗണന നല്‍കിയിരുന്നത്‌. 1986-ല്‍ ജര്‍മനിയിലെ നിശാക്ലബ്ബില്‍ ബോംബ്‌ സ്‌ഫോടനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക ആ വര്‍ഷം ഏപ്രിലില്‍ ലിബിയയില്‍ നടത്തിയ ബോംബുവര്‍ഷത്തില്‍ നിന്നും ലോക്കര്‍ബി വിമാനദുരന്തത്തെത്തുടര്‍ന്നുള്ള ഉപരോധത്തില്‍ നിന്നുമൊക്കെ തലയൂരാനായി ഖദ്ദാഫി ഉപയോഗപ്പെടുത്തിയത്‌ എണ്ണയാണ്‌. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയാണ്‌ ഖദ്ദാഫിയുടെ വിശ്വസ്‌തനായ ബിസിനസ്‌ പാര്‍ട്‌ണര്‍. ലിബിയയുടെ എണ്ണ സമ്പത്തിന്റെ 25 ശതമാനവും പ്രകൃതിവാതകത്തിന്റെ 15 ശതമാനവും പോകുന്നത്‌ ഇറ്റലിയിലേക്കാണ്‌. പകരം ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനി ഓയില്‍ കോര്‍പറേഷനിലും ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസിലും കാര്‍നിര്‍മാണ കമ്പനിയായ ഫിയറ്റിലും ഖദ്ദാഫിക്ക്‌ ഷെയറുണ്ട്‌.
ഇതിനൊക്കെപ്പുറമെയാണ്‌ ഖദ്ദാഫി കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ധൂര്‍ത്തുകള്‍. പുത്രന്‍ സൈഫുല്‍ ഇസ്‌ലാം 2009-ല്‍ തന്റെ 37-ാമത്തെ ജന്മദിനത്തിന്‌ തെക്കു-കിഴക്കന്‍ മോണ്‍ടിനീഗ്രോയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക്‌ കോടീശ്വരന്മാരെയും കലാകാരന്മാരെയും സ്വകാര്യവിമാനങ്ങളില്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‌ മുമ്പ്‌ സെയ്‌ന്റ്‌ ട്രോപ്പെസിലും മൊണാക്കോയിലുമൊക്കെ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവത്രെ! മകള്‍ ആഇശ ഖദ്ദാഫിയാകട്ടെ ഏറ്റവും പുതിയ വസ്‌ത്രങ്ങളുടെയും ആഭരണങ്ങളുടെയും പിന്നാലെയാണ്‌. ഓരോ അവസരത്തിലേക്കുമുള്ള തന്റെ വസ്‌ത്രം ഡിസൈന്‍ ചെയ്യുന്നതിന്‌ നാട്ടിലും മറുനാട്ടിലും പ്രത്യേകം ഡിസൈനര്‍മാരെ നിയമിച്ചിട്ടുണ്ട്‌. പോപ്‌ മ്യൂസിക്കിലും കമ്പമുള്ള ആഇശ, പ്രശസ്‌ത പോപ്‌ ഗായിക ശാക്കിറ കഴിഞ്ഞ വര്‍ഷം തുനീഷ്യയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക്‌ വന്‍ സംഘവുമായി പോയത്‌ വിവാദമായിരുന്നു. ഖദ്ദാഫിയുടെ അറിയപ്പെടുന്ന മറ്റുമക്കളായ ഹാനിബാളും മുഅ്‌ത്തസിമുമൊക്കെ ഇതുപോലെ ധൂര്‍ത്തിന്‌ പേരുകേട്ടവരാണ്‌. വിദേശങ്ങളില്‍ കറങ്ങിനടക്കുകയും രാജ്യത്തിന്റെ സമ്പത്ത്‌ തോന്നുംപോലെ ചെലവഴിക്കുകയുമാണ്‌ അവരുടെ രീതി.
ലിബിയന്‍ ജനത അവരുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്‌. നാല്‌ ദശകത്തോളം ചുമന്നുനിന്ന ഏകാധിപത്യത്തിന്റെ നുകം താഴെ വെക്കാന്‍ ലഭിച്ച അസുലഭാവസരം അവര്‍ പാഴാക്കുകയില്ലെന്നുതന്നെ ഉറപ്പിക്കാം. അല്ലെങ്കിലും ചരിത്രത്തിന്‌ ഫുള്‍സ്റ്റോപ്പിട്ട ഖദ്ദാഫി കാലയളവിലൊഴിച്ച്‌ സാമ്രാജ്യത്വാധിനിവേശത്തെയും സ്വേഛാപ്രമത്തതകളെയും സധീരം നേരിട്ട ഒരു പാരമ്പര്യമുണ്ട്‌ ലിബിയക്ക്‌. മുസോളിനിയുടെ ഇറ്റലിയെ കൊമ്പുകുത്തിച്ച ഉമര്‍ മുഖ്‌താറിന്റെ അനുയായികള്‍ക്ക്‌, അഭിനവ സ്വേഛാധിപതികളെ കീഴടക്കാനുള്ള ധൈര്യവും കരുത്തുമുണ്ട്‌. 1931-ല്‍ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇറ്റാലിയന്‍ സൈനികരോട്‌ ഉമര്‍ മുഖ്‌താര്‍ പറഞ്ഞത്‌ അവരെങ്ങനെ മറക്കും: ``ഞങ്ങള്‍ കീഴടങ്ങുകയില്ല. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം. ഇതൊരവസാനമല്ല, എനിക്ക്‌ ശേഷം വരാനിരിക്കുന്ന തലമുറകളോട്‌ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും പോരാടേണ്ടി വരും. എന്നെ സംബന്ധിച്ചേടത്തോളം എന്റെ പ്രായം, എന്നെ തൂക്കിക്കൊല്ലുന്നവനേക്കാളും എന്തായാലും കൂടുതലായിരിക്കുകയും ചെയ്യും.'' 70-ാമത്തെ വയസ്സില്‍ മരണക്കുരുക്കിലേക്ക്‌ പുഞ്ചിരിയോടെ നടന്നടുത്ത ആ മരുഭൂമിയിലെ സിംഹത്തെപ്പോലെ ഒരുപാട്‌ സിംഹങ്ങളെ നേരിട്ടുകൊണ്ടല്ലാതെ നവസാമ്രാജ്യത്വശക്തികളുടെ പിണിയാളായ ഖദ്ദാഫിക്ക്‌ പിടിച്ചുനില്‍ക്കാനാവില്ല.
tajaluva@gmail.com

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...