Sunday, 9 January 2011

സുഡാനെ വെട്ടിമുറിക്കുമ്പോള്‍

Published in Madhyamam Newspaper on Sunday, January 9, 2011 (http://www.madhyamam.com/news/33923/110109)

താജ് ആലുവ


ഇന്ന്, ജനുവരി ഒമ്പതിന്, തെക്കന്‍ സുഡാനിലെ ജനങ്ങള്‍ ചരിത്രത്തിലേക്ക് ബാലറ്റ് തൊടുക്കുകയാണ്. മധ്യാഫ്രിക്കയില്‍ മഹത്തായ വൈവിധ്യങ്ങളുടെ നാടായ സുഡാനെ തെക്കും വടക്കുമായി മുറിക്കണോ എന്ന് 39 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇന്ന് മറുപടി പറയും. മൊത്തം 80 ലക്ഷം ജനങ്ങളുള്ള ദക്ഷിണ സുഡാന്‍ മൂന്നരക്കോടിയോളം ജനങ്ങളുള്ള മാതൃരാജ്യത്തില്‍ നിന്ന് വേര്‍പിരിയണമെന്ന് വാദമുള്ളവര്‍ ഹിതപരിശോധനയില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നുതന്നെയാണ് മാധ്യമങ്ങളടക്കം ഉറപ്പ് പറയുന്നത്. ഒരാഴ്ചയോളം സമയം വേണ്ടിവരുന്ന ഹിതപരിശോധന സമാധാനപരമാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ആശങ്ക കലര്‍ന്ന ജാഗ്രതയാണ് പൊതുവെയുള്ളതെന്ന് പറയാം.
ഏകദേശം 20 ലക്ഷം മനുഷ്യരുടെ അന്ത്യത്തിന് കാരണമായ, 22 വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം 2005ല്‍ ഒപ്പിട്ട സമാധാന സന്ധിയുടെ ഭാഗമായി നടക്കുന്ന ഈ റഫറണ്ടം എല്ലാ അര്‍ഥത്തിലും സമാധാനപൂര്‍ണമായ ഒരു പുതിയ സ്വതന്ത്ര രാജ്യത്തിന് വഴി തെളിയിക്കുമെന്ന് തെക്കുള്ളവര്‍ വിശ്വസിക്കുമ്പോള്‍ ഐക്യത്തിലാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും ഭിന്നത തെരഞ്ഞെടുക്കുന്നവര്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് വടക്കുള്ളവരുടെ നിലപാട്. എന്നാല്‍, ഈയിടെ ദക്ഷിണ സുഡാന്‍ സന്ദര്‍ശിച്ച സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസനുല്‍ ബശീര്‍ പറഞ്ഞത് വേറിട്ടുപോകാനാണ് ദക്ഷിണ സ്‌റ്റേറ്റുകാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് വേണ്ട എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നാണ്.
ദശകങ്ങളോളം പട്ടിണിയും ക്ഷാമവുമായി കഴിഞ്ഞിരുന്ന സുഡാനില്‍ 1970ല്‍ എണ്ണ കണ്ടുപിടിച്ചിരുന്നെങ്കിലും അത് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്തു തുടങ്ങുന്നതും 2000 ആദ്യത്തില്‍ മാത്രമാണ്. തെക്കന്‍ സുഡാനിലെ അബിയെയിലാണ് എണ്ണയുടെ പ്രഭവസ്ഥാനമെന്നത് പണ്ടേ സംഘര്‍ഷത്തിലായിരുന്ന ഇരുവിഭാഗങ്ങളെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര എണ്ണക്കമ്പനികളും ഇതില്‍ കാര്യമായ പങ്ക് വഹിച്ചു.
400ഓളം ഭാഷ സംസാരിക്കുന്ന ഏതാണ്ട് 600ഓളം ഗോത്രങ്ങള്‍, അറബി സംസാരിക്കുന്ന മുസ്‌ലിംകളും നുബിയന്‍ വര്‍ഗക്കാരും, ചെങ്കടല്‍ തീരത്ത് നിന്നു വന്ന ബെജാ വംശക്കാര്‍, ദാര്‍ഫുറിലെ ബഗര്‍റാ നാടോടികള്‍, വിശേഷിപ്പിക്കാന്‍ കഴിയാത്ത വൈവിധ്യങ്ങളുള്ള നാട്ടില്‍ ആരാണ് അസമാധാനത്തിന്റെ വിത്തുകള്‍ വിതച്ചത്?ചരിത്രകാരന്മാരെ വിശ്വസിക്കാമെങ്കില്‍, പഴയ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനാണ് 1922ല്‍ മുസ്‌ലിം-ക്രിസ്ത്യന്‍ മതില്‍ക്കെട്ട് സൃഷ്ടിച്ചത്. തെക്കും വടക്കും തമ്മില്‍ ബന്ധപ്പെട്ടുകൂടെന്ന വാശി അവര്‍ക്കുണ്ടായിരുന്നു. ഇരുസംസ്‌കാരങ്ങളെയും പരസ്‌പരം അടുപ്പിക്കുന്നതിനും അന്യോന്യം ഹൃദയം തുറന്ന് ആശയവിനിമയം നടത്തുന്നതിനും അവസരം കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ആഫ്രിക്കയിലെന്നല്ല, ലോകത്തിനുതന്നെ സുഡാന്‍ ഒരു മികച്ച മാതൃകയാകുമായിരുന്നു.
എന്നാല്‍, കുറ്റം പൂര്‍ണമായും ബ്രിട്ടീഷുകാരുടെ മുതുകില്‍വെച്ച് കൈകഴുകാന്‍ കഴിഞ്ഞ 55 വര്‍ഷമായി സുഡാന്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും കഴിയില്ല. തെക്കന്‍ പ്രദേശത്തുകാരെ വിശ്വാസത്തിലെടുക്കാനും വികസനത്തിന്റെ സമതുലിത കാഴ്ചപ്പാട് പുലര്‍ത്താനും സാമൂഹിക നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വടക്കന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരവസ്ഥയുണ്ടാകാതെ കാക്കാമായിരുന്നു. ഫ്രാന്‍സിന്റെ അത്ര വിസ്തൃതിയുള്ള തെക്കന്‍ സുഡാനില്‍ 50 കിലോമീറ്റര്‍ മാത്രമേ ടാറിട്ട റോഡുള്ളൂ. സ്ത്രീസാക്ഷരത വെറും ഒറ്റ അക്കം. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ അപൂര്‍വം-ഇതൊക്കെ നീതിനിഷേധത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്, നവസാമ്രാജ്യത്വ ശക്തികളുടെ കുതന്ത്രങ്ങള്‍. ഇന്തോനേഷ്യക്കു ശേഷം പടിഞ്ഞാറ് ഇത്ര കൊണ്ടുപിടിച്ച മറ്റൊരു വിഭജനമുണ്ടാകില്ല. രാഷ്ട്രീയനേതൃത്വത്തിനുപുറമെ മുഴുവന്‍ അമേരിക്കന്‍ മാധ്യമങ്ങളും ധാരാളം നയതന്ത്രജ്ഞരും ക്രൈസ്തവ ഇവാഞ്ചലിസ്റ്റ് സംഘങ്ങളും 'സന്നദ്ധ സേവന' സംഘടനകളുമൊക്കെ ഒത്തുചേര്‍ന്നിരിക്കുന്നു.
സുഡാനിലും സാമ്രാജ്യത്യ കണ്ണ് തെക്കന്‍ പ്രദേശങ്ങളിലെ എണ്ണയിലാണ്. രാജ്യത്തെ മൊത്തം എണ്ണശേഖരം 6.7 ബില്യന്‍ ബാരലാണ്. ഇതിന്റെ 80 ശതമാനവും തെക്കന്‍ സുഡാനിലെ അബിയെ പ്രവിശ്യയിലാണ്. എന്നാല്‍, വെറും വിഭജനം കൊണ്ടുമാത്രം എണ്ണയുടെ പൂര്‍ണ ആധിപത്യം പാശ്ചാത്യശക്തികള്‍ക്ക് കൈവന്നുകൊള്ളണമെന്നില്ല. പൈപ്പ്‌ലൈനുകളും റിഫൈനറികളും വടക്കന്‍ സുഡാനിലാണ്. മാത്രവുമല്ല, അബിയെ പൂര്‍ണമായും തെക്കന്‍ സുഡാനോടൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. രണ്ടു പ്രധാനഗോത്രങ്ങളായ ഡിങ്ക നഗോക്ക്, മിസരിയ്യ എന്നിവയില്‍ ആദ്യഗോത്രത്തിനു മാത്രമാണ് അബിയെയെ തെക്കന്‍ സുഡാനോട് ചേരാന്‍ താല്‍പര്യം. മിസരിയ്യ വടക്കിനോട് ഒട്ടി നില്‍ക്കുമ്പോള്‍ത്തന്നെ അബിയെയില്‍ ഇപ്പോഴുള്ള അതേ സ്വാതന്ത്ര്യം അനുവദിച്ച് കിട്ടണമെന്ന് വാശിപിടിക്കുന്നു. രാജ്യത്തെ മൊത്തം 105 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ ഭൂരിഭാഗവും തെക്കാണ്. നൈല്‍ നദിയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്ന 149 ബില്യന്‍ ക്യുബിക് മീറ്റര്‍ വെള്ളത്തിലധികവും തെക്കന്‍ സുഡാനിലാണ് ലഭിക്കുന്നത്. അങ്ങനെ വെള്ളവും എണ്ണയും ചേര്‍ന്നൊരുക്കുന്ന ഒരുപാട് പ്രതിസന്ധികള്‍ക്കുചുറ്റുമാണ് വിഭജനം. റഫറണ്ടം എത്ര സമാധാനപരമായി നടന്നാലും ശേഷമുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല.
ഇതിനിടയിലാണ് പ്രസിഡന്റ് ബശീറിന്റെ പഴയ ഗുരുവും ഇപ്പോള്‍ കഠിന വിമര്‍ശകനുമായ ഡോ. ഹസന്‍ തുറാബിയുടെ പ്രതിപക്ഷ നീക്കങ്ങള്‍. സമാധാനപരമായ വഴികളിലൂടെ തങ്ങള്‍ ഉമറുല്‍ ബശീറിനെ മറിച്ചിടുമെന്നാണ് തുറാബി പറയുന്നത്. ദീര്‍ഘകാലം നീണ്ടുനിന്ന സംഭാഷണങ്ങളില്‍ ഇനി വിശ്വാസമില്ലെന്നും ഹിതപരിശോധന കഴിയുന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നുമാണ് തുറാബിയുടെ പോപ്പുലര്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സാദിഖുല്‍ മഹ്ദിയുടെ ഉമ്മ പാര്‍ട്ടിയും കണക്കുകൂട്ടുന്നത്. അക്രമരഹിതമായിരിക്കും പ്രതിപക്ഷ നീക്കങ്ങളെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെങ്കിലും ജനങ്ങളെ തെരുവിലിറക്കുന്നതിനെതിരെ സുഡാന്‍ ഗവണ്‍മെന്റും ബശീര്‍ തന്നെയും പ്രതിപക്ഷത്തെ താക്കീത് ചെയ്ത് കഴിഞ്ഞു. മറുവശത്ത്, തലസ്ഥാനമായ ഖര്‍ത്തൂമില്‍ മാത്രം ഒതുങ്ങുന്നതല്ല ജനങ്ങളുടെ പ്രതിഷേധമെന്നും അത് മുഴുവന്‍ സുഡാനും വ്യാപിക്കുന്നതായിരിക്കുമെന്നുമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബശീര്‍, തുറാബിയെ ജയിലിലടച്ചിരുന്നു. ഗവണ്‍മെന്റിനെ മറിച്ചിടുക ക്ഷിപ്രസാധ്യമല്ലെന്ന് തുറാബിയടക്കമുള്ളവര്‍ക്ക് അറിയാം. പ്രതിപക്ഷത്തിന് കൂടുതല്‍ സ്വാതന്ത്ര്യമനുഭവിക്കാനെങ്കിലും ഈ നീക്കം കാരണമായേക്കുമെന്ന പ്രതീക്ഷയേ പരമാവധി അവര്‍ പുലര്‍ത്തുന്നുള്ളൂ. തെക്കന്‍ സുഡാന്‍ വേര്‍പെട്ടുപോകുന്നത് ഹൃദയഭേദകമാണെങ്കിലും അതൊരു യാഥാര്‍ഥ്യമായി തുറാബി സ്വീകരിക്കുന്നു. ബശീറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഈ പതനത്തിലെത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹിതപരിശോധനക്ക് ശേഷം തെക്കും വടക്കും തമ്മില്‍ ഒരു യുദ്ധത്തിന് സാധ്യത കാണുന്നില്ലെങ്കിലും ദാര്‍ഫുറും കിഴക്കുഭാഗത്തുള്ള ചില്ലറ ആഭ്യന്തരപ്രശ്‌നങ്ങളുമൊക്കെ ഗവണ്‍മെന്റിന് ഇനിയും തലവേദന സൃഷ്ടിക്കുമെന്ന അഭിപ്രായക്കാരനാണ് തുറാബി.
സുഡാന്‍ വിഭജനം ആഫ്രിക്കക്ക് വന്‍പ്രത്യാഘാതങ്ങളാണ് വരുത്തിവെക്കുക. സുഡാന്റെ ഗതി ആഫ്രിക്കയുടെ ഭൂമിശാസ്ത്ര, രാഷ്ട്രീയ ഘടനയെ അപകടത്തിലാക്കുമെന്ന സംശയം പല നേതാക്കളും പ്രകടിപ്പിച്ചുതുടങ്ങി. അറബ് രാഷ്ട്രങ്ങളെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ഈ വിഭജനത്തോടെ ഇസ്രായേലിന് ചെങ്കടലില്‍ ലഭിച്ചേക്കാവുന്ന ആധിപത്യത്തെക്കുറിച്ച് ഈയിടെ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചെയര്‍മാന്‍ ഡോ.മുഹമ്മദ് ബദീഅ് ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രങ്ങളുടെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം അറബ് ഭരണാധികാരികളെ ഓര്‍മിപ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്. പ്രമുഖ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയും വെള്ളിയാഴ്ച പ്രഭാഷണത്തില്‍ വിഭജനത്തിന് കൂട്ടുനില്‍ക്കരുതെന്ന് മുസ്‌ലിംകളെ ആഹ്വാനം ചെയ്തതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

tajaluva@gmail.com

Sunday, 2 January 2011

ഓപറേഷന്‍ കാസ്റ്റ് ലീഡിന് രണ്ടുവര്‍ഷം

താജ് ആലുവ

കേവലം ഒരു മിനിറ്റു സമയം കൊണ്ടാണ് ഇബ്രാഹീം സമൂനിക്ക് ഭാര്യയും അഞ്ച് മക്കളും നഷ്ടമായത്. 2008 ഡിസംബറിലെ ഒരു പാതിരാവില്‍ അതിശക്തമായ ബോംബാക്രമണത്തില്‍ സഹധര്‍മിണിയും പിഞ്ചുമക്കളും പിടഞ്ഞു മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടി വന്നു. തുടര്‍ന്നുള്ള 17 ദിവസം അവര്‍ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നതും പിന്നീടവരുടെ ചീഞ്ഞളിഞ്ഞ ഭൗതികശരീരം പുറത്തെടുത്ത് മറമാടിയതുമൊക്കെ നെഞ്ചുരുകുന്ന വേദനയോടെ മാത്രമേ അദ്ദേഹത്തിന് ഓര്‍ക്കാനാവുന്നുള്ളൂ. അന്നത്തെ ഒറ്റദിവസം കൊണ്ട് ഗസ്സയിലെ സെയ്ത്തൂന്‍ പ്രദേശത്തുകാരായ സമൂനി കുടുംബത്തിലെ 22 പേരാണ് പരലോകം പൂകിയത്. 'ആ കെട്ടിടം നിന്നിരുന്ന സ്ഥലത്തിനടുത്തുകൂടി പിന്നീട് നടന്നുപോകുമ്പോഴൊക്കെ എനിക്കെന്റെ പ്രിയതമയെയും കുഞ്ഞുങ്ങളെയും ഓര്‍മ വരുന്നു' വെന്ന് ഇബ്രാഹീം പറയുമ്പോള്‍ ആ ഹൃദയവേദന കൊണ്ടറിയാത്ത ആരുണ്ടാകും?
രണ്ടുവര്‍ഷം മുമ്പ് അരങ്ങേറിയ ഇസ്രായേലിന്റെ അതിക്രൂരമായ ഗസ്സ അധിനിവേശത്തിന്റെ ബാക്കി പത്രങ്ങളിലൊന്നു മാത്രമാണ് ഇബ്രാഹീം സമൂനി. അധിനിവിഷ്ടഭൂമിയില്‍ നരകിച്ചു കഴിഞ്ഞ പച്ചമനുഷ്യരുടെ തലക്കുമുകളില്‍ മാരക ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിക്കുകയും അവരുടെ ഭവനങ്ങള്‍ ഇടിച്ചുനിരത്തുകയും ചെയ്ത ക്രൂരതക്ക് ഇപ്പോഴും പ്രായശ്ചിത്തം ചെയ്യാന്‍ ജൂതരാഷ്ട്രത്തിനോ സ്‌പോണ്‍സര്‍മാര്‍ക്കോ കഴിഞ്ഞിട്ടില്ല. എന്നല്ല, നിസ്സഹായരായ ആ ജനതയുടെ ഭക്ഷണവും കുടിവെള്ളവും മരുന്നുമൊക്കെ തടയുന്നതിലാണ് 'അന്താരാഷ്ട്രസമൂഹ'മെന്ന് സ്വയം പേരിട്ടുവിളിച്ചവര്‍ ഇന്ന് ഹരം കണ്ടെത്തുന്നത്. അങ്ങനെയാണവര്‍ 'ഭീകരവിരുദ്ധയുദ്ധം' ജയിപ്പിച്ചെടുക്കുന്നത്.
2008 ഡിസംബര്‍ 27 മുതല്‍ മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രായേലി ആക്രമണത്തില്‍ 1419 ഫലസ്തീനികള്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ജീവാപായത്തേക്കാളുപരി ഫലസ്തീനികളുടെ സാമ്പത്തികവും സാമൂഹികവുമായ നിലനില്‍പ് അപകടത്തിലാക്കുന്ന അജണ്ടയാണ് സയണിസ്റ്റുരാഷ്ട്രത്തിനുള്ളത്. ലോകത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമെന്ന വിശേഷണമുള്ള ഗസ്സ ചീന്ത് പൂര്‍ണമായും തകര്‍ത്തു. നേരത്തേ തന്നെ തകര്‍ച്ചയിലായിരുന്ന അവിടത്തെ ജല, വൈദ്യുതി വിതരണ സംവിധാനം ഏതാണ്ട് മുഴുവനായും നശിപ്പിച്ചു. കൃഷിയെ, വ്യവസായത്തെ പ്രത്യേകം ലക്ഷ്യമിട്ടു. ആയിരക്കണക്കിനാളുകള്‍ മേല്‍ക്കൂരയില്ലാതെ കഴിയുന്ന ഗസ്സയിലേക്ക് കെട്ടിടനിര്‍മാണ സാമഗ്രികള്‍ കടത്തിവിടാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നില്ല. ഗസ്സ പുനര്‍നിര്‍മാണത്തിന് വ്യത്യസ്ത രാഷ്ട്രങ്ങള്‍ സംഭാവന ചെയ്ത 700 കോടി ഡോളറാകട്ടെ, അമേരിക്കന്‍ പിന്തുണയുള്ള അബ്ബാസ് ഭരണകൂടത്തിന്റെ കടുംപിടിത്തം കാരണം അവിടേക്കെത്തിയിട്ടില്ല. സന്നദ്ധസംഘടനകളുടെ സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഗസ്സയിലെ ഹമാസ് ഭരണകൂടം ഇതുവരെ ചില കെട്ടിടങ്ങള്‍ നന്നാക്കിയിട്ടുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതൊന്നും പര്യാപ്തമല്ല. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ റീസൈക്കിള്‍ ചെയ്താണ് പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ 43 വര്‍ഷത്തെ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ക്രൂരമായിരുന്നു ഇസ്രായേലി അതിക്രമങ്ങളെന്നും അവ മനുഷ്യത്വത്തിന്റെ സകല അതിരുകളും ഭേദിച്ചുവെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും 'ബെത്‌സലേം' പോലുള്ള ഇസ്രായേലി സന്നദ്ധ സംഘടനകളും സമര്‍ഥിച്ചതാണ്. ആകെ മരിച്ചവരില്‍ 83 ശതമാനം പേരും സിവിലയന്‍മാരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതാണ്. യു.എന്‍ തന്നെ നിയോഗിച്ച ദക്ഷിണാഫ്രിക്കന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്‌സ്‌റ്റോണിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം സയണിസ്റ്റ്‌രാഷ്ട്രത്തിന്റെ യുദ്ധക്കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അത്യധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പോലും മാരകമായ വൈറ്റ് ഫോസ്ഫറസ് പുകമറ ഉപയോഗിച്ചതും സിവിലയന്‍മാരെ മനുഷ്യകവചമായി ഉപയോഗപ്പെടുത്തി ആക്രമണങ്ങള്‍ സംഘടിപ്പിച്ചതുമൊക്കെ അതില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ മൂന്ന് ഇസ്രായേലി പട്ടാളക്കാര്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് വിധേയരായത്. സ്വതന്ത്ര അന്വേഷണങ്ങള്‍ക്കുള്ള എല്ലാത്തരം ആഹ്വാനങ്ങളെയും തള്ളിക്കളഞ്ഞ് നിയമവ്യവസ്ഥയെ അപമാനിക്കുന്ന നിലപാടാണ് ഇസ്രായേല്‍ കൈക്കൊള്ളുന്നത്.
അതിനാല്‍ അടുത്തുതന്നെ മറ്റൊരു വലിയ ആക്രമണത്തിന് ഇസ്രായേല്‍ കരുക്കള്‍ ഒരുക്കൂട്ടുകയാണെന്ന സംശയത്തിന് ആക്കം കൂടി വരുകയാണ്. അഹങ്കാരം മുഖമുദ്രയാക്കിയ സയണിസ്റ്റ് രാഷ്ട്രത്തിന് എക്കാലത്തെയും കൂട്ടുകാരിയായ ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലുള്ളിടത്തോളം കാലം ആരെയും ഭയക്കേണ്ട ആവശ്യമില്ല. മിസിസ് ക്ലിന്റണ് ഇസ്രായേല്‍ ചട്ടമ്പിയെ തൊടാന്‍ പേടിയാണ്. അതിന്റെ തെളിവാണ് അധിനിവിഷ്ടഭൂമിയില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നത് ഇസ്രായേല്‍ നിര്‍ത്തണമെന്ന അമേരിക്കയുടെ നയത്തില്‍ നിന്ന് ഈയിടെ അവര്‍ പിറകോട്ട് പോയത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ നീതിപൂര്‍വം മാധ്യസ്ഥം വഹിക്കുന്നതിനുള്ള അവകാശമാണ് ഇതിലൂടെ അമേരിക്കന്‍ ഭരണകൂടം കളഞ്ഞുകുളിച്ചത്. ഇനിയങ്ങോട്ട് അഭയാര്‍ഥികളുടെ വിഷയത്തിലും ജറൂസലമിന് മേലുള്ള അവകാശത്തിന്റെ വിഷയത്തിലുമൊക്കെ അമേരിക്കന്‍ നയം എപ്രകാരമായിരിക്കുമെന്നുള്ളതിന്റെ സാമ്പിള്‍ ഡോസ് കൂടിയായിരുന്നു അത്.
'ഓപറേഷന്‍ കാസ്റ്റ് ലീഡ്' എന്ന് പേരിട്ട ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികവേളയിലും ഇരകള്‍ തീരാ ദുഃഖത്തില്‍ത്തന്നെയാണ്. ഫലസ്തീന്‍ മുഴുക്കെ അധിനിവേശം ചെയ്ത ശക്തിയെന്ന നിലയില്‍ മുഴുവന്‍ ഗസ്സ നിവാസികളുടെയും സുരക്ഷയിലും ക്ഷേമത്തിലും ആ രാജ്യത്തിന് പങ്കുണ്ടെന്നത് അന്താരാഷ്ട്ര നിയമമാണ്. ലോകം അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളനുസരിച്ചും പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ഇസ്രായേലിന് ബാധ്യതയുണ്ട്. സംഘര്‍ഷസമയങ്ങളില്‍ സിവിലിയന്‍മാരുള്‍പ്പെടെ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, മുറിവേറ്റവര്‍ തുടങ്ങിയവരെ സംരക്ഷിക്കാനും അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഈ വിഷയങ്ങളിലൊക്കെ ഒരുവിധ നിയമവും ബാധകമല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. 2008ലെ ഓപറേഷന്റെ ഫലമായി ഇപ്പോഴും 20,000 ഫലസ്തീനികളാണ് വാടക വീടുകളിലും ടെന്റുകളിലും ബന്ധുക്കളുടെ ഒപ്പവുമൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്നത്.
കടുത്ത ഉപരോധംമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഗസ്സ നിവാസികള്‍ക്ക് അന്യമാണ്. ദിവസവും 12 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ അപര്യാപ്തത നിമിത്തം ആരോഗ്യരക്ഷാ സംവിധാനം താറുമാറാണ്. ഗുരുതരമായ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. മലിനജലം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ അങ്ങനെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയിലാണ് ഫലസ്തീനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്കിപ്പോള്‍ സ്വതന്ത്രലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട്. സംഘടിതരല്ലെങ്കിലും മിക്ക രാജ്യങ്ങളിലെയും നിഷ്പക്ഷരായ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനായി അണിചേര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെന്നതാണ് നിസ്സഹായരായ ആ ജനതയുടെ ഏക ആശ്വാസം.

tajaluva@gmail.com

(As published in today's Madhyamam Op-Ed Page: http://www.madhyamam.com/news/30922/110102)

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...