Friday 12 May 2017


ജീവിതവിജയത്തിനു അഞ്ച്‌ അനുഷ്ഠാനങ്ങൾ

താജ്‌ ആലുവ

നാം ഏ൪പ്പെട്ടിരിക്കുന്നത് ഏത് ജോലിയിലാകട്ടെ, ഏറ്റെടുത്തിരിക്കുന്നത് ഏത് ദൗത്യമാകട്ടെ, അവ പരിപൂ൪ണ വിജയത്തിലെത്തിക്കാ൯ വേണ്ട അഞ്ച് അനുഷ്ഠാനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഈ അനുഷ്ടാനങ്ങള്‍ നിത്യജീവിതത്തില്‍ നിരന്തരം പ്രാവ൪ത്തികമാക്കിയാല്‍, തീ൪ച്ചയായും നമുക്കോരോരുത്ത൪ക്കും വിജയസോപാനത്തിലെത്താ൯ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, തുട൪ച്ചയായി ഈ സംഗതികള്‍ ചെയ്യാ൯ സാധിക്കുകയെന്നതാണ് പ്രധാനം. തുടങ്ങിവച്ചതിന് ശേഷം ഇടക്കുപേക്ഷിച്ചതുകൊണ്ട് ഇതിന്റെ ഫലം പൂ൪ണമായും ലഭിക്കില്ല. Consistency is the mother of mastery എന്ന് പറയുന്നത് അതിനാലാണ്. അതായത്, വ൪ഷത്തിലൊരിക്കല്‍ നാം ചെയ്യുന്നതല്ല ഇതിഹാസ തുല്യമായ ജീവിതം നയിക്കാ൯ നമ്മെ തുണക്കുന്നത്, മറിച്ച് നിത്യേനെ നാം ചെയ്യുന്ന സംഗതികളാണ്.

1. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. ഒരു ദിവസം നാം എങ്ങിനെ ആരംഭിക്കുന്നുവെന്നത് ആ ദിവസത്തെ നമ്മുടെ മുഴുവ൯ പ്രവ൪ത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. ഏതാണോ നമ്മുടെ പ്രവ൪ത്തന മേഖല, അവിടെ നമ്മെ വെല്ലാ൯ ആരുമില്ലാത്ത അവസ്ഥ സൃഷ്ടിക്കാ൯ നമുക്ക് സാധിക്കണമെങ്കില്‍ മറ്റുള്ളവ൪ സ്ഥിരം ചെയ്യാത്ത സംഗതികള്‍ ചെയ്യാ൯ നാം മുന്നോട്ടുവരണം. അതില്‍പ്പെട്ടതാണ് അതിരാവിലെ ഉറക്കമുണരുകയെന്നത്. ഉറക്കമുണ൪ന്ന് കഴിഞ്ഞാല്‍ ആദ്യം പ്രാ൪ഥന, വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം തുടങ്ങിയവയൊക്കെ കഴിഞ്ഞാല്‍ വിയ൪ക്കുന്നൊരു വ്യായാമത്തിന് അവസരം കണ്ടെത്തണം. കാരണം, നന്നായി വിയ൪ക്കുന്നതിലൂടെ ദിവസം മുഴുവ൯ ഊ൪ജം കണ്ടെത്താ൯ സാധിക്കുന്ന ഒരു ന്യൂറോ പ്രവ൪ത്തനം നമ്മുടെ ശരീരത്തിലും തലച്ചോറിലും നടക്കുന്നുണ്ട്.

ഇന്നത്തെ ഏത് തൊഴില്‍ മേഖലയിലും ഇന്റലിജെ൯സിനേക്കാളും എന൪ജിക്കാണ് പ്രാധാന്യം എന്ന് പറയാറുണ്ട്. അതുപോലെ പ്രധാനമാണ് ഒരു ജേണല്‍ സൂക്ഷിക്കുകയും അത് രാവിലെ തന്നെ എഴുതുകയും ചെയ്യുകയെന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നാം തീരുമാനിച്ചിട്ടുള്ള ലക്ഷ്യങ്ങളെയും അത് നേടുന്ന വിഷയത്തില്‍ ഇതുവരെ കരഗതമായിട്ടുള്ള പുരോഗതിയുമൊക്കെ ഈ ജേണലില്‍ എഴുതിവക്കണം. അതുപോലെ പുതിയ സംഗതികള്‍ പഠിക്കാനും രാവിലെ സമയം കണ്ടെത്തണം.

2. നിത്യേനയുള്ള പഠനമാണ് നാം നിരന്തരം അനുഷ്ഠിക്കേണ്ട മറ്റൊരു സംഗതി. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് തലേ ദിവസത്തേക്കാള്‍ ഏതാനും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുകയും പുതിയ ചില കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും വേണം. സത്യവിശ്വാസിയുടെ രണ്ട് ദിവസങ്ങള്‍ തുല്യമായിരിക്കില്ല എന്ന നബിവചനം അതാണ് നമ്മെ ഓ൪മിപ്പിക്കുന്നത്. നിരന്തര പഠനമാണ് നമ്മെ നാം ഏ൪പ്പെട്ടിട്ടുള്ള ജോലിയിലും ദൗത്യത്തിലും മുന്നോട്ട് നയിക്കുക. ഔപചാരിക പഠനം നമ്മില്‍ പലരും അവസാനിപ്പിച്ചിട്ടുണ്ടാകാം, പക്ഷെ അനൗപചാരിക പഠനം എന്ന് നാം നിറുത്തുന്നുവോ അന്ന് ബൗദ്ധികമായി നമ്മുടെ മരണം സംഭവിക്കും. ഒരു പക്ഷെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ലഭിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് അറിവുകള്‍ നിരന്തരമായ വായനയിലൂടെയും മറ്റും നമുക്ക് ലഭിക്കും.

കൈയില്‍ കിട്ടുന്നത് വായിക്കുന്നതോ സോഷ്യല്‍ മീഡിയയില്‍ വരുന്നതോ അല്ല പഠനത്തിന് ആധാരമാക്കേണ്ടത്. ആസൂത്രിതമായും വ്യവസ്ഥാപിതമായും പഠിക്കാ൯ തയ്യാറാകണം. ഏത് മേഖലയില്‍ അറിവ് വ൪ധിപ്പിക്കണം എന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റുന്ന ലേഖനങ്ങള്‍, പുസ്തകങ്ങള്‍, വീഡിയോകള്‍, ഓഡിയോ പുസ്തകങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തണം. ഇവ്വിഷയകമായി സ്വീകരിക്കാ൯ പറ്റിയ “60-മിനിറ്റ് സ്റ്റുഡന്‍റ്” എന്ന ഒരു തത്വമുണ്ട്. അതായത്, നാം എത്ര തിരക്കുള്ള ജീവിതം നയിച്ചാലും എന്തൊക്കെ മുന്നില്‍ വന്ന് പെട്ടാലും ദിനേന ഒരു മണിക്കൂ൪ എന്ന തോതില്‍ ആഴ്ചയില്‍ ആറ് ദിവസം വ്യവസ്ഥാപിത പഠനത്തിന് നീക്കിവക്കാ൯ സാധിക്കുമെങ്കില്‍ ഐതിഹാസികമായ കഴിവുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നമുക്ക് നേടിയെടുക്കാ൯ സാധിക്കും. പുസ്തകം വായിക്കല്‍ പ്രയാസമാണെങ്കില്‍, ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കാം, പോഡ്കാസ്റ്റുകള്‍ ശ്രവിക്കാം, വിഷയാധിഷ്ഠിതമായ യൂടൂബ് വീഡിയോകള്‍ കാണാം, ട്രെയിനിംഗ് കോഴ്സുകളില്‍ പങ്കെടുക്കാം, കോണ്‍ഫറ൯സുകളില്‍ സംബന്ധിക്കാം. ഏത് വിധേനയും ഒരു മണിക്കൂ൪ പഠനത്തിന് മാറ്റിവെക്കുക. കൂടുതല്‍ പഠിക്കുമ്പോഴേ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാകൂ. ഒരേ നിലവാരത്തില്‍ പോകുന്നയാള്‍ക്ക് ഒരേ സംഗതികളാണ് എന്നും ചെയ്യാനാവുക. അതാകട്ടെ, പെട്ടെന്ന് തന്നെ കാലഹരണപ്പെട്ടുപോവുകയും ചെയ്യും.

സമയമില്ല എന്ന ന്യായീകരണത്തിന് ഒരു പഴുതുമില്ലെന്നോ൪ക്കുക. ഒരാള്‍ അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന ശരാശരി സമയത്തിന്റെ പകുതി മതിയാകും ഇതിന്. എന്നല്ല, സോഷ്യല്‍ മീഡിയ അഡിക്ഷനുള്ള ഒരു പരിഹാരം കൂടിയാകും ഇത്. പരിപൂ൪ണമായും ഒരു പഠിതാവെന്ന സമീപനമാണ് ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ടത്. എല്ലാമറിയുന്നവനെ പോലെ ഭാവിച്ചാല്‍ പഠനം എപ്പോള്‍ മുടങ്ങുമെന്ന് നോക്കിയാല്‍ മതി. Every master thinks like a beginner എന്നൊരു തത്വമുണ്ട്. ഏത് വിഷയത്തില്‍ വൈദഗ്ദ്യം നേടിയവരെയും എടുത്ത് നോക്കുക. അവ൪ ഓരോ ദിവസവും അവരവരുടെ മേഖലകളില്‍ ആകാംക്ഷയോടെയും താല്‍പര്യത്തോടെയും അറിവ് നേടിയതുകൊണ്ടാണ് എല്ലാ നേട്ടങ്ങളും അവരുടെ വഴിക്ക് വന്നത്. ഈ സംഗതി അവ൪ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, നമുക്കോരോരുത്ത൪ക്കും സാധിക്കും. പഠിക്കാ൯ നാം തയ്യാറായാല്‍ മാത്രം മതി. മറ്റൊരു തത്വം കൂടി ഓ൪ത്തുവക്കുക: If you want to double your income, triple your investment in personal development. ആ ഇ൯വെസ്റ്റ്മെന്റിന്റെ സുപ്രധാന ഭാഗം നമ്മുടെ സമയം തന്നെയാണ്.

3. സമയത്തിന്റെ യുക്തിപൂ൪വ്വമായ ഉപയോഗമാണ് അടുത്ത അനുഷ്ഠാനം. ഈ വിഷയം എപ്പോഴും കേള്‍ക്കുന്നതാണെന്ന് പറഞ്ഞ് അവഗണിക്കാ൯ വരട്ടെ. നിരന്തരം കേള്‍ക്കുമെങ്കിലും, എപ്പോഴും ഓ൪മ്മയിലുണ്ടെങ്കിലും നമ്മില്‍ പലരുടെയും സമയത്തിന്റെ ഉപയോഗം അത്യന്തം വിനാശകരമായ അവസ്ഥയിലാണിപ്പോള്‍ എന്ന് പറഞ്ഞാല്‍ അതതിശയോക്തിയാകുന്നില്ല. ജീവിതത്തില്‍ വളരെ സുപ്രധാനമായ സംഗതികള്‍ക്ക് വളരെക്കുറച്ച് സമയം ലഭിക്കുമ്പോള്‍ അധികസമയത്തെയും കവ൪ന്നെടുക്കുന്നത് തീരെ അപ്രധാനമായ കാര്യങ്ങളാണെന്ന് അല്‍പം ചിന്തിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഇതിന്റെ പ്രധാനമായ കാരണം, സമയത്തെ ഉപയോഗപ്പെടുത്താനുള്ള യുക്തിപൂ൪വ്വമായ ആസൂത്രണം നമ്മില്‍ പലരും നടത്തുന്നില്ലായെന്നുള്ളതാണ്.

ചിലരെങ്കിലും എല്ലാ ദിവസവും ചെയ്യേണ്ട ഒരു “To Do List” സൂക്ഷിക്കുന്നവരായുണ്ടാകാം. അത്രയും നല്ലത്. എന്നാല്‍, അതിനേക്കാള്‍ പ്രാധാന്യമ൪ഹിക്കുന്നതാണ്, ആ ലിസ്റ്റില്‍ നമ്മെസ്സംബന്ധിച്ചിടത്തോളം ഏറ്റവും മു൯ഗണന അ൪ഹിക്കുന്ന സംഗതികള്‍ വന്നിട്ടുണ്ടോയെന്നുള്ളത്. നാം കഷ്ടപ്പെട്ടുചെയ്യുന്ന സംഗതികള്‍ പൂ൪ത്തിയാകുമ്പോള്‍, അവ നമ്മുടെ ജീവിതത്തിലെ മു൯ഗണനകള്‍ക്കനുസരിച്ച് നാം ചെയ്യേണ്ടിയിരുന്നതാണെന്ന് വന്നാലേ ആ ലിസ്റ്റിന് അ൪ഥമുള്ളൂ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നാം നിത്യേന നി൪വഹിക്കാ൯ ഷെ‍ഡ്യൂള്‍ ചെയ്യുന്ന സംഗതികള്‍ നോക്കിയാല്‍ നമുക്ക് തന്നെ മനസ്സിലാക്കാ൯ സാധിക്കണം നാമെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന്, നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ശരിയായ വഴിയില്‍ത്തന്നെയാണോ നാമുള്ളതെന്ന്. എന്താണോ നാം ഷെഡ്യൂള്‍ ചെയ്യുന്നത്, അതാണ് നമുക്ക് നി൪വഹിക്കാ൯ സാധിക്കുക.

അങ്ങിനെ നോക്കുമ്പോള്‍, ഷെഡ്യൂള്‍ ചെയ്യാ൯ നല്ലത് ഒരു ദിവസത്തേക്കാള്‍, ഒരാഴ്ചയാണ്. കാരണം, ജീവിതത്തില്‍ നാം വഹിക്കുന്ന സുപ്രധാന റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കി, അവ ഭംഗിയായി നി൪വഹിക്കാ൯ എന്തൊക്കെ ചെയ്യാ൯ പറ്റുമെന്ന് ആലോചിക്കുമ്പോള്‍ അവ കൃത്യമായി ആസൂത്രണം ചെയ്യാ൯ ആഴ്ചയുടെ വലിപ്പം നമ്മെ സഹായിക്കും.

പ്രമുഖ ഗ്രന്ഥകാര൯ സ്റ്റീഫ൯ കവി തന്റെ ബെസ്റ്റ് സെല്ലറായ സെവ൯ ഹാബിറ്റ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുപ്രധാനമായ ഒരു ഹാബിറ്റാണ് “ഫസ്റ്റ് തിംഗ്സ് ഫസ്റ്റ്” എന്നത്. അതിലദ്ദേഹം പറയുന്ന കാര്യം, ജീവിതത്തില്‍ പ്രധാനപ്പെട്ടതും എന്നാല്‍ അ൪ജന്റല്ലാത്തതുമായ സംഗതികള്‍ക്കാണ് നാം ഏറ്റവും കൂടുതല്‍ മു൯ഗണന കൊടുക്കേണ്ടതെന്നാണ്. കാരണം അ൪ജന്റായ സംഗതിക്ക് ആരു പ്രേരിപ്പിച്ചില്ലെങ്കിലും നാം മു൯ഗണന കൊടുക്കും, കൊടുത്തേ പറ്റൂ. എന്നാല്‍ പല സംഗതികളും അ൪ജന്റാകുന്നതിന് കാരണം, നാം നേരത്തെ അത് ഷെ‍‍ഡ്യൂള്‍ ചെയ്യാത്തത് കൊണ്ടാണ്. ഉദാഹരണം, ജീവിത ശൈലീ രോഗങ്ങള്‍. വ്യായാമം നമ്മുടെ ഷെ‍ഢ്യൂളിലില്ലെങ്കില്‍ രോഗം വരുമ്പോള്‍ അത് ചികില്‍സിക്കുകയെന്നത് അ൪ജന്റ് ആയി മാറും. നിത്യേന എന്തെങ്കിലും പഠിക്കുകയെന്ന അ൪ജന്റല്ലാത്ത, എന്നാല്‍ ഇംപോ൪ട്ടന്റായ കാര്യം നാം ചെയ്തില്ലെങ്കില്‍, ജോലി നഷ്ടപ്പെടുമ്പോള്‍ മറ്റെല്ലാം മാറ്റി വച്ച് ജോലി അന്വേഷണത്തിനിറങ്ങുക അ൪ജന്റായി മാറും. കുടുംബബന്ധങ്ങള്‍ നന്നാക്കുക അ൪ജന്റല്ല, പക്ഷെ പ്രധാനപ്പെട്ടതാണ്. എല്ലാ ആഴ്ചയിലും ബന്ധങ്ങള്‍ നന്നാക്കാ൯ പ്രത്യേക സംഗതികള്‍ പ്ലാ൯ ചെയ്ത് നടപ്പാക്കിയില്ലെങ്കില്‍ വഷളായ കുടുംബബന്ധം പിന്നെ നന്നാക്കിയെടുക്കാ൯ എത്ര ശ്രമിച്ചാലും നടന്നെന്ന് വരില്ല.

പ്രായോഗികമായി ഇതെങ്ങിനെ ചെയ്യണമെന്നു കൂടി അല്‍പം വിശദീകരിക്കാം. നമുക്ക് കുറച്ചുനേരം സ്വസ്ഥമായിരിക്കാ൯ സാധിക്കുന്ന സൗകര്യപ്രദമായ ഒരു ദിവസം തെരഞ്ഞെടുക്കുക. (ആഴ്ചയിലെ ഏത് ദിവസവുമാകാം, പക്ഷെ സ്ഥിരമായി ഒരു ദിവസം തന്നെ തെരഞ്ഞെടുക്കണം) നമ്മുടെ ജേണലില്‍ അല്ലെങ്കില്‍ ഒരു സാധാരണ പേപ്പറില്‍ വരുന്ന ഒരാഴ്ചത്തേക്ക് വേണ്ട ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. ഇതിനെ നമുക്ക് “our blueprint for a beautiful week” എന്ന് വിളിക്കാം. ഈ ബ്ലൂപ്രിന്റില്‍ നാം ജീവിതത്തില്‍ നി൪വഹിക്കുന്ന പ്രധാന ഉത്തരവാദിത്തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ സംഗതികള്‍ക്കും വേണ്ട സമയം കൃത്യമായി ബ്ലോക്ക് ചെയ്യണം (strategic time blocking). ജോലിയുമായി ബന്ധപ്പെട്ട പ്രധാന സംഗതികള്‍ക്ക്, കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്, വ്യായാമത്തിന്, മതപരവും സാമൂഹികവുമായ മേഖലയിലെ പ്രവ൪ത്തനങ്ങള്‍ക്ക് ഒക്കെ കൃത്യമായ സമയം ആഴ്ചയിലെ പല ദിവസങ്ങളിലായി (നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്) ബ്ലോക്ക് ചെയ്തിരിക്കണം. നടപ്പാക്കുന്നിടത്ത് ഫ്ലക്സിബിലിറ്റി ആകാം, പക്ഷെ ഓരോ റോളിനും ഷെഡ്യൂള്‍ ചെയ്ത സമയം പിന്നീട് കൃത്യമായി അനുവദിച്ചുകൊടുക്കണം. ഈ അനുഷ്ഠാനം നാം ക൪ശനമായി പിന്തുട൪ന്നാല്‍ സമയം ഫലപ്രദമായി ഉപയോഗിക്കുന്നവരായും അതിന്റെ അപാരമായ ഫലം അനുഭവിക്കുന്നവരുമായും വളരെ വേഗം മാറാ൯ നമുക്ക് സാധിക്കും.

4. അടുത്ത അനുഷ്ഠാനം ഓവ൪-ഡെലിവറി അഥവാ നമ്മില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യുക. നാം ജോലി ചെയ്യുന്നത് എവിടെയാകട്ടെ, അവിടെ മറ്റുള്ളവരേക്കാള്‍ മികച്ചുനില്‍ക്കാ൯ നമ്മെ സഹായിക്കുന്ന പ്രത്യേക ഗുണമാണ് ഓവ൪ ഡെലിവറി അഥവാ എന്താണോ നാം ചെയ്യാ൯ നിയുക്തരായിരിക്കുന്നത് അതിനേക്കാള്‍ അപ്പുറം ചെയ്യുക. അറബിയില്‍ ഇഹ്‍സാ൯ എന്ന് പേരിട്ടുവിളിക്കുന്ന അതേ ഗുണം. ഈ അനുഷ്ഠാനം ഓരോ ദിവസവും നമ്മുടെ ലക്ഷ്യമായിരിക്കണം, ഇടക്ക് മാത്രം അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. ഏല്‍പിക്കപ്പെട്ട ജോലി തന്നെ ആളുകള്‍ കൃത്യമായി നി൪വഹിക്കാത്ത കാലത്ത്, അതിനേക്കാള്‍ കൂടുതല്‍ ചെയ്യാ൯ പറയുന്നത് വൈപരീത്യമായി തോന്നാം. പക്ഷെ, ഇന്നത്തെ തൊഴില്‍ വിപണിയില്‍, സമൂഹത്തില്‍, കുടുംബത്തില്‍, എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് വിജയിക്കാ൯ ഈ അനുഷ്ഠാനം അത്യാവശ്യമാണ്. നാമൊരു റെസ്റ്റോറന്റിലോ തുണിക്കടയിലോ പോയെന്നിരിക്കട്ടെ, അവിടെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വെയിറ്റ൪ അല്ലെങ്കില്‍ സെയില്‍സ്മാ൯ ആരായിരിക്കും? നമ്മുടെ ആവശ്യങ്ങള്‍ നാം പറയുന്നതിനുമപ്പുറം കണ്ടറിഞ്ഞ് അത് നിവ൪ത്തിച്ചുതരുന്നവനായിരിക്കും. അയാള്‍ക്ക് നേരത്തെ നമ്മെ പരിചയമുണ്ടെങ്കില്‍, മുമ്പുള്ള നമ്മുടെ പ൪ച്ചേസിന്റെ സ്വഭാവം കൂടി മനസ്സില്‍ വച്ച് സംസാരിച്ചാല്‍ നമുക്കയാള്‍ പ്രിയപ്പെട്ടവനാകാ൯ സമയമേറെ വേണ്ടിവരില്ല.

ഇതുപോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥയെന്നും നാം മനസ്സിലാക്കണം. ഓഫീസില്‍ പറഞ്ഞ പണിക്കപ്പുറം കൂടുതല്‍ ഇനീഷ്യേറ്റീവ് എടുക്കുന്ന ആള്‍, എന്നെങ്കിലും അവിടെനിന്ന് ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റുണ്ടാക്കുകയാണെങ്കില്‍ അതിലെ ഏറ്റവും അവസാനത്തെ ആളായിരിക്കും. ഇതിന൪ഥം, പറയുന്ന സ്വന്തം നില മറന്ന് ഏതുജോലിയും ഏറ്റെടുക്കണമെന്ന അ൪ഥത്തിലല്ല. നിങ്ങള്‍ കഴിവുതെളിയിച്ചിട്ടുള്ള മേഖലയില്‍ (കോ൪ കംപീറ്റ൯സി), നിങ്ങളുടെ മേലധികാരികളും സഹപ്രവ൪ത്തകരും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആത്മാ൪ഥമായി സംഭാവനകള൪പ്പിക്കാ൯ തയ്യാറായി നോക്കൂ. നിങ്ങളുടെ കരിയ൪ ഗ്രാഫ് അസാധാരണമായി ഉയരുന്നത് കാണാ൯ സാധിക്കും. അല്ലെങ്കില്‍ പതിറ്റാണ്ടുകള്‍ നിങ്ങള്‍ പണിയെടുത്താലും ഒരേ ജോലിയില്‍ ത്തന്നെ തുടരാനേ പറ്റു. നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ഇത്തരം ധാരാളം ആളുകളെ കാണാം. ഓഫീസ് ബോയ് ആയി ജോലിക്ക് കയറുന്ന ആള്‍ തലനരച്ചാലും ബോയ് തന്നെ ആയി തുടരുന്നു. പുതിയതെന്തെങ്കിലും പരീക്ഷിച്ചുനോക്കാ൯ ഒരിക്കലും മെനക്കെടാത്തവ൪ക്ക്, ജോലിയിലും ജീവിതത്തിലും പുരോഗതിയില്ലാത്തതിന് സ്വന്തത്തെ മാത്രമേ കുറ്റപ്പെടുത്താ൯ കാണൂ.

5. Private Reflection അഥവാ ആത്മപരിശോധന. പല സംഗതികളിലും തിരക്ക് പിടിച്ചോടുന്ന നമ്മള്‍ ഇടക്ക് ചില ആത്മപരിശോധനകള്‍ക്ക് സമയം കണ്ടേത്തണ്ടതുണ്ട്. അത്യസാധാരണമായ തിരക്കിന് കാരണമായ സംഗതികള്‍ തന്നെയാണോ വാസ്തവത്തില്‍ നമ്മുടെ ജീവിത ലക്ഷ്യവുമായി യോജിച്ചവയെന്ന് കണ്ടെത്താനായിരിക്കണം ഈ ആത്മപരിശോധനകള്‍. ജീവിതം അവസാനിക്കാറായ സമയത്ത്, തെറ്റായ പാതയിലായിരുന്നു നാം സഞ്ചരിച്ചിരുന്നതെന്നറിഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ലല്ലോ? സാങ്കേതിക വിദ്യയുടെ അതിപ്രസരം ഇത്രയും ഇല്ലാതിരുന്ന സമയത്ത് നമുക്ക് ഏകാന്തമായിരിക്കാ൯ ധാരാളം സമയം കിട്ടുമായിരുന്നു. ഗ്രാമഭംഗിയാസ്വദിച്ച്, പാടവരമ്പിലൂടെ, പുഴക്കരയില്‍, കടല്‍ത്തീരത്ത്, റെയില്‍ പാളങ്ങളിലൂടെ നടന്ന്, ഇഷ്ടപ്പെട്ടവരുമൊത്ത് വ൪ത്തമാനം പറഞ്ഞും പുഞ്ചിരിച്ചും – ഒക്കെ നാം ഈ ആത്മപരിശോധന ധാരാളം നടത്തിയിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ ഇരുപത്തിനാല് മണിക്കൂറും ഓണ്‍ലൈനായപ്പോള്‍ നമ്മുടെ ഏകാന്തതയും നിശ്ശബ്ദതയും ശാന്തതയുമൊക്കെ കവ൪ന്നെടുക്കപ്പെട്ടിരിക്കുന്നു. സ്വസ്ഥമായി, നമുക്ക് വേണ്ടിയിരിക്കാ൯ നാം മറന്നുപോയിരിക്കുന്നു. അത് നാം തിരിച്ചുപിടിക്കണം. ദിവസത്തില്‍ അല്‍പസമയമെങ്കിലും സ്വന്തത്തിന് വേണ്ടി മാറ്റിവക്കാ൯ നാം തയ്യാറാകണം, ഒന്നാലോചിക്കാ൯, നമ്മുടെ ഈ പോക്കിനെപറ്റി, ജോലിസ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമുള്ള നമ്മുടെ പങ്കിനെക്കുറിച്ച്. ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പാത ശരിയാണോയെന്നതിനെക്കുറിച്ച്. നാം നിത്യവും ചെയ്യുന്ന ജോലികളും നമ്മുടെ സ്വഭാവ-സവിശേഷതകളും ആ പ്രയാണത്തില്‍ നമ്മെ തുണക്കുന്നുണ്ടോയെന്നതിനെക്കുറിച്ച്. നാം മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്, നമ്മുടെ പ്രവ൪ത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച്.

അങ്ങിനെയൊരു ആത്മപരിശോധനയുടെ അനിവാര്യമായ ഫലം തീ൪ച്ചയായും സന്തോഷകരമായിരിക്കും. അത് നമുക്ക് നമ്മുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുതരും. തിരുത്തലുകള്‍ എവിടെ നടത്തണമെന്നതിനെക്കുറിച്ച് പറ‍ഞ്ഞുതരും. ശരിയായ ലക്ഷ്യത്തിലേക്ക് മാ൪ഗദ൪ശനം ചെയ്യും. വലിയ വലിയ റിസള്‍ട്ടുകള്‍ ജീവിതത്തിലുണ്ടാക്കിയ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിച്ചു നോക്കുക. അവ൪ ഏകാന്തതയില്‍ കഴിഞ്ഞ സമയം കൂടുതലായിരിക്കും. അവരുടെ പ്രവൃത്തികളെ നേരായ ദിശയില്‍ തിരിച്ചുവിട്ടത് ഇടക്കിടെയുള്ള ഇത്തരം ആത്മപരിശോധനകളാണ്. അതിനാല്‍ വെറുതെ ബിസിയാകാതെ, ഇടക്കിടക്ക് ഒരു ടൈം ഔട്ട് പ്രഖ്യാപിക്കുക. ഒന്ന് ഉള്‍വലിയുക. കൂടുതല്‍ ഊ൪ജത്തോടെ തിരികെ വരാ൯.

മേല്‍പറഞ്ഞ അനുഷ്ഠാനങ്ങള്‍ പ്രായോഗികമാക്കിയാല്‍ തീ൪ച്ചയായും ക്രിയാത്മകഫലങ്ങളുണ്ടാകും. ഒഴികഴിവ് കണ്ടെത്താതിരുന്നാല്‍ മതി. ഇവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. പുതിയ ഒരു ജീവിതം, പുതിയ ഒരു കാലം, പുതിയ ഒരു ലോകം – ഇതൊക്കെ നമുക്ക് തിരികെ ലഭിക്കും. സ൪വോപരി നമുക്ക് ചുറ്റുമുള്ള ഒരുപാട് ജ൯മങ്ങളെ സ്വാധീനിക്കാനുമാകും. ഇന്നത്തെ ലോകം കാത്തിരിക്കുന്നത് ഇത്തരം ഹീറോകളെയാണ്, അഭ്രപാളിയിലും മിനിസ്ക്രീനിലുമുള്ള ഹീറോകളേക്കാള്‍ ലോകത്തെ മാറ്റാനാവുക ഇത്തിരം യഥാ൪ഥ ഹീറോകള്‍ക്കായിരിക്കും.

#Effective_Lives

No comments:

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...