ദേഷ്യവും ഭയവും മനുഷ്യനില്‍ കാണപ്പെടുന്ന രണ്ട് നിഷേധാത്മക വികാരങ്ങളാണ്. എന്നാല്‍, ഈ രണ്ടു വികാരങ്ങളും ഒരാളെ സദാ കീഴ്പ്പെടുത്തുകയെന്ന് പറഞ്ഞാല്‍ അതയാളുടെ ആശ്രിത സ്വഭാവത്തെയാണ് കാണിക്കുന്നത്. ആരോടെങ്കിലും നമുക്ക് ദേഷ്യം തോന്നുന്നു, അല്ലെങ്കില്‍ ആരെയെങ്കിലും നാം പേടിക്കുന്നുവെന്ന് പറഞ്ഞാല്‍ അതിന്റെയ൪ഥം, ആ മനുഷ്യന്റെ പെരുമാറ്റമാണ് നമ്മെ നിയന്ത്രിക്കുന്നതെന്നാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ അപരന്റെ പെരുമാറ്റത്തെ ആശ്രയിച്ചാണ് അവിടെ നാം നമ്മുടെ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്നത്. വാസ്തവത്തില്‍, നമുക്ക് നമ്മുടെതായ ഒരു ജീവിതമൂല്യമുണ്ടെങ്കില്‍, അപരരുടെ പെരുമാറ്റം നമ്മില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. നമുക്ക് ചുറ്റുമുള്ള ആളുകള്‍ പല രൂപത്തിലും കോലത്തിലും നമുക്ക് മുന്നിലവതരിക്കാം. പക്ഷെ, അതൊന്നുമായിരിക്കില്ല നാമയാളോട് എങ്ങിനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നത്. നമുക്ക് നമ്മുടേതായ ജീവിത തത്വങ്ങളുണ്ടാകണം. ആ തത്വങ്ങളായിരിക്കണം അപരരോടുള്ള നമ്മുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനം. പറയുന്നത്ര എളുപ്പമല്ല ഇതെന്നായിരിക്കാം ചിലരുടെയെങ്കിലും ഉള്ളിലിപ്പോള്‍. വാസ്തവത്തില്‍, ഇതാണ് ഒരാള്‍ക്ക് ഫലപ്രദമായ ജീവിതം നയിക്കാ൯ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല വഴി.
ജീവിതവഴിയില്‍ ദേഷ്യപ്പെടേണ്ട ധാരാളം സാഹചര്യങ്ങളുണ്ടാകാം. എന്നല്ല, ചിലപ്പോഴൊക്കെ കോപമെന്നത് ഒരു ക്രിയാത്മകഗുണവുമാണ്. ചുറ്റും നടക്കുന്ന അരുതായ്മകളോട് നല്ല അളവില്‍ ദേഷ്യം തോന്നിയാല്‍ മാത്രമേ അതിനെ ചെറുക്കുന്നതിന് കാര്യമായെന്തെങ്കിലും ചെയ്യാ൯ നമുക്ക് സാധിക്കൂ. ദേഷ്യം നിഷേധാത്മകമാകുന്നത്, അത് നമുക്ക് ഒരു തരത്തിലും ഗുണകരമാകാതിരിക്കുമ്പോഴാണ്. വാഹനമോടിച്ച് വഴിയെ പോകുമ്പോള്‍ വേറൊരുത്ത൯ ലൈ൯ കട്ട് ചെയ്താലോ, നമ്മുടെ മുന്നിലേക്ക് നിയമം തെറ്റിച്ച് കടന്നുവന്നാലോ ദേഷ്യം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ മനസ്സാന്നിധ്യം വേണ്ട ഡ്രൈവിംഗ് സമയത്ത് അത്തരം ‘തി൯മ’കള്‍ പൊറുത്തുകൊടുക്കുന്നതാണ് ബുദ്ധി. ഒന്നുകില്‍ ക്ഷമ തീരെയില്ലാത്തവരോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യങ്ങളുള്ളവരോ ഒക്കെയാകാം അങ്ങിനെ ചെയ്യുന്നത്. എന്തുതന്നെയായാലും, വിട്ടുകൊടുക്കുന്നതാണ് ആ൪ക്കും കേടില്ലാതെ നാം പോകുന്നിടത്ത് കൃത്യസമയത്തെത്താനുള്ള വഴി. എന്നാല്‍ അതിന്റെ മറുവശം, “റോഡ് റേജ്” എന്നത് ദേഷ്യത്തിന്റെ അതീവഗുരുതരമായ ഒരിനമാണ്. അതുപിടിപെട്ടവ൯, മറ്റവനെ ട്രാഫിക് നിയമം പഠിപ്പിച്ചിട്ടേ അടങ്ങൂവെന്ന വാശിയില്‍ വാഹനം തന്നെ തന്റെ ദേഷ്യത്തിന്റെ ഉപകരണമാക്കും. ആത്മനിയന്ത്രണം നഷ്ടപ്പെടാ൯ വേറെ എവിടെയും പോകേണ്ടിവരില്ല. അതിന്റെ അവസാനത്തില്‍ തോക്കെടുക്കുന്നവരെ വരെ കാണാം. ചെറുതായി തുടങ്ങുന്ന ഒരു കലഹം, അങ്ങേയറ്റം കൊലപാതകത്തിലും ഗുരുതരമായ നഷ്ടത്തിലുമൊക്കെ കൊണ്ടെത്തിക്കും. ചൈനയില്‍ രണ്ട് ആഡംബരകാറിന്റെ ഉടമകള്‍, ഒരു ചെറിയ ഉരസലിന്റെ പേരില്‍ തുടങ്ങിയ കശപിശ അവസാനം പരസ്പരം കാറുകൊണ്ട് കൂട്ടിയിടിക്കുന്നതിലേക്കും ഇരുകാറുകള്‍ക്കും അങ്ങേയറ്റം നാശം സംഭവിക്കുന്നതുമായ വീഡിയോ യൂടൂബില്‍ പോപ്പുലറാണ്. ബ്രിട്ടനില്‍ ഒരു കാറുടമ തന്റെ കാറിലുരസിയ മറ്റൊരു കാറിന്റെ ഡ്രൈവറെ വാഹനം കൊണ്ടിടിച്ചിട്ടതും ഈയിടെയാണ്.
No comments:
Post a Comment