വിജയത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന ഇത്തരം സംഗതികള്‍ക്കപ്പുറത്ത് മറ്റൊന്നാണ് യാഥാ൪ഥ്യം. സന്തോഷവും സമാധാനവും തേടുന്നവ൪ക്ക് അത് ലഭിക്കുക സ്വന്തം അധീനതയിലുള്ളതെന്താണോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ൯ സാധിക്കുമ്പോഴാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും തങ്ങളുടെ പക്കലുള്ള അറിവ്, ഉപയോഗപ്പെടുത്താവുന്ന സമ്പത്ത്, ആവിഷ്കരിക്കാവുന്ന കഴിവുകള്‍, തങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ - ഇതൊക്കെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും അപ്രകാരം പ്രവ൪ത്തിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം.
മറ്റുള്ളവ൪ക്ക് കിട്ടിയത് തങ്ങള്‍ക്കും കിട്ടണമെന്ന ചിന്തയില്‍ ഓടുന്നവ൪ പലപ്പോഴും അവ൪ക്കാവശ്യമില്ലാത്തത് വാങ്ങിക്കൂട്ടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈയിടെ ഒരു പാശ്ചാത്യ൯ സ൪വ്വകലാശാല (Vanderbilt University) നടത്തിയ പഠനത്തില്‍ പങ്കെടുത്ത, അധിക ആളുകളും അഭിപ്രയാപ്പെട്ടത്, അയല്‍വാസിയുടെ വീടാണ് തങ്ങളുടെ വീടിനേക്കാള്‍ നല്ലതെന്നാണത്രെ! വാസ്തവം അങ്ങിനെയല്ലാതിരുന്നിട്ടും! നമ്മുടെ അധീനതയിലുള്ള വിഭവങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന മനസ്ഥിതിക്ക് പറയുന്ന പേരാണ് stretcher mindset. ഈ മനസ്ഥിതി കരഗതമാകുന്നതിനുള്ള ആദ്യത്തെ പടി, നമ്മുടെ പക്കലാണ് നമ്മുടെ നിയന്ത്രണമെന്ന് തിരിച്ചറിയലാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റുള്ളവ൪ക്കോ സാഹചര്യങ്ങള്‍ക്കോ നമ്മെ വിട്ടുകൊടുക്കാതിരിക്കുക. അത്തരം സ്വാധീനങ്ങളില്‍ പെട്ട് ഒന്നും പ്രവ൪ത്തിക്കാതിരിക്കുക. നമ്മുടെ പരിധികളും പരിമിതികളും തിരിച്ചറിയുക. എന്നുപറഞ്ഞാല്‍, നമുക്കെന്ത് ചെയ്യാ൯ സാധിക്കില്ലായെന്നത് ആദ്യം അറിയണം. പിന്നെ, എന്താണ് നമ്മുടെ പക്കലുള്ള വിഭവങ്ങളെന്താണെന്ന് നോക്കണം. അതുപയോഗപ്പെടുത്തി, എങ്ങിനെ പ്രവ൪ത്തിച്ചാല്‍ ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ നേടാ൯ സാധിക്കുമെന്ന് മനസ്സിലാക്കണം. ഇതാണ് ഏറ്റവും ക്രിയേറ്റീവായി പ്രവ൪ത്തിക്കാനുള്ള വഴി.
ഒരുദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. നമുക്ക് ഒരു ദൗത്യം (task) നി൪വഹിക്കണമെന്ന് വക്കുക – ജോലിസ്ഥലത്താകട്ടെ വ്യക്തിപരമാകട്ടെ. അത് പൂ൪ത്തിയാക്കാ൯ ഒരു അവധിയും (deadline) നിശ്ചിതമായ ഒരു ബജറ്റുമുണ്ട്. എങ്കില്‍ നാം അത് ആ സമയത്തിനുള്ളില്‍ ആ ബജറ്റിനനുസരിച്ച് കൃത്യമായി പ്ലാ൯ ചെയ്ത് നടപ്പാക്കും. എന്നാല്‍ അവധിയില്ലാത്തതും (deadline), ബജറ്റ് കൃത്യമല്ലാത്തതുമായ ഒരു പദ്ധതി / ദൗത്യം പൂ൪ത്തിയാക്കുന്നതില്‍ നമുക്ക് അത്ര കണ്ട് ശുഷ്കാന്തി ഉണ്ടാകില്ല. മനുഷ്യ പ്രകൃതിയുടെ ഒരു പ്രത്യേകതയാണത്. മറ്റുള്ളവ൪ മൂല്യം കണ്ടെത്താ൯ പ്രയാസപ്പെടുന്നിടത്ത്, stretcher മനസ്ഥിതിയുള്ളയാളുകള്‍ സൗന്ദര്യവും ഐശ്വര്യവും കണ്ടെത്തും.
Strechers mindset വികസിപ്പിക്കാനുള്ള മാ൪ഗങ്ങളിലൊന്നാണ് നാം സാധാരണ ചെയ്യുന്ന ജോലിയില്‍ നിന്ന്, പരിചയിച്ച മേഖലയില്‍ നിന്ന് ഇടക്ക് മാറി നടക്കുകയെന്നത്. നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന് ഇടക്ക് ചെറിയ ബ്രേക്ക് എടുക്കുക. സുദീ൪ഘമായ കാലയളവ് അല്ല ഉദ്ദേശിക്കുന്നത്. പുതിയ സംഗതികള്‍ പഠിക്കാനും മനസ്സിലാക്കാനും അവസരം കണ്ടെത്തുക. ഉദാഹരണത്തിന് നാമേത് ജോലി ചെയ്യുന്ന ആളാണെങ്കിലും ഇടക്ക് ഒരു പുതിയ കഴിവ് അഭ്യസിക്കുക, അല്ലെങ്കില്‍ ഒരു പുതിയ ഭാഷ മനസ്സിലാക്കുക – ചുരുങ്ങിയത് അതിലെ ചില പദങ്ങളും പ്രയോഗങ്ങളുമെങ്കിലും പഠിക്കാ൯ സമയം കണ്ടെത്തുക. അതുമല്ലെങ്കില്‍ ഒരു പുതിയ ഹോബി പരിശീലിക്കാം. അങ്ങിനെ തികച്ചും വ്യത്യസ്തമായ മേഖലയില്‍ സമയം ചെലവഴിക്കുക. അതേ സമയം താ൯ കഴിവുതെളിയിച്ചിട്ടുള്ള, പ്രവൃത്തി പരിചയമുള്ള മേഖലയുമായി നിരന്തര ബന്ധം സൂക്ഷിക്കുകയും വേണം.
മറ്റൊരു വഴിയാണ്, ഒരു മേഖലയില്‍ താനനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വേറൊരു മേഖലയില്‍ പരിഹാരം അന്വേഷിക്കുകയെന്നുള്ളത്. പ്രമുഖ ഡിസൈ൯ കമ്പനിയായ IDEO-യില്‍ ഒരു ഓപണ്‍ ഓഫീസുണ്ട്. അവിടെ വ്യത്യസ്ത ഡിപ്പാ൪ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരും സ്റ്റാഫും വന്ന് പരസ്പരം പ്രശ്നങ്ങള്‍ ച൪ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് പലപ്പോഴും സഹായകമാവുക സ്വന്തം ഡിപ്പാ൪ട്ടുമെന്റിലുള്ളവ൪ മുന്നോട്ടുവക്കുന്ന നി൪ദേശങ്ങളേക്കാളപ്പുറം പുറത്തുള്ളവരുടേതാണെന്ന് അതിന് കമ്പനി ഉദ്യോഗസ്ഥ൪ സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment