https://www.madhyamam.com/opinion/articles/black-listed-companies-article/652051
ഡോ. താജ് ആലുവ
ആഗോളാടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളും ബാങ്കുകളും ഇതര ധനകാര്യസ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്ന അനഭിമതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക രൂപപ്പെടുന്നത് ഒരേ സമയം കൗതുകവും ഞെട്ടലുമുളവാക്കുന്നതാണ്. ഈയിടെ ‘അൽജസീറ’ അറബി ചാനൽ പുറത്തുവിട്ട ഒരു മണിക്കൂ൪ നീണ്ട റിപ്പോർട്ടിൽനിന്ന് തുടങ്ങാം. ‘ഒളിഞ്ഞിരിക്കുന്നതാണു ഭീകരം’ (മാഖഫിയ അഅ്ളം) എന്ന തലക്കെട്ടില്‍, അന്വേഷണാത്മകറിപ്പോർട്ടുകൾ മാത്രം സംപ്രേഷണം ചെയ്യുന്ന ചാനൽ പരിപാടിയിൽ ലണ്ടൻ ആസ്ഥാനമായ ‘വേൾഡ് ചെക്’ എന്ന സ്വകാര്യസ്ഥാപനത്തെ പരിചയപ്പെടുത്തുന്നതായിരുന്നു റിപ്പോർട്ട്. പലതരം വിവരസ്രോതസ്സുകളെ ആധാരമാക്കി ലോകത്തെങ്ങുമുള്ള സാമ്പത്തിക കുറ്റവാളികളെയും ഭീകരരെയും കണ്ടെത്തി തയാറാക്കുന്ന പ്രത്യേകപട്ടിക, തങ്ങളുടെ വരിക്കാർക്ക് കൈമാറുകയാണ് സ്ഥാപനത്തിെൻറ പ്രധാന സേവനം. പ്രശസ്ത വാർത്ത ഏജൻസി ‘റോയിട്ടേഴ്സി’െൻറ സഹോദരസ്ഥാപനമായ തോംസണ്‍ റോയിട്ടേഴ്സാണ് കമ്പനിയുടെ യഥാർഥ മുതലാളി. അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ച 50 വൻകിട ബാങ്കുകളില്‍ 49 എണ്ണവും 10 പ്രമുഖ നിയമസ്ഥാപനങ്ങളില്‍ ഒമ്പതെണ്ണവും ഏതാണ്ട് മുന്നൂറിലധികം സുരക്ഷാസേന വിഭാഗങ്ങളും കുറ്റാന്വേഷണ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ഈ കമ്പനി കൊടുക്കുന്ന പട്ടിക അനുസരിച്ചാണ് അനഭിമത വ്യക്തികള്‍ക്ക് യാത്രാനുമതിയും സാമ്പത്തിക ഇടപാടുകളും മറ്റും നിഷേധിക്കുന്നത്. അറബ് രാജ്യങ്ങളിലെയും അമേരിക്കൻ-യൂറോപ്യൻ വൻകരകളിലെയും രാജ്യങ്ങളിലേതുള്‍പ്പെടെ ഏതാണ്ട് 40 ലക്ഷം വ്യക്തികളെയും നൂറുകണക്കിന് സംഘടനകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അതിവിപുലമായ കരിമ്പട്ടികയാണ് കമ്പനി തയാറാക്കിയിട്ടുള്ളത്.
പട്ടികയിലെ പൊള്ളത്തരങ്ങള്‍
ഭീകരത, കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവുമായി ബന്ധമുള്ളവരെ കണ്ടുപിടിക്കാനെന്ന പേരില്‍, സൂക്ഷ്മമായ ഗവേഷണ-താരതമ്യപഠനങ്ങൾക്കുശേഷം മാത്രം തയാറാക്കിയതെന്ന് അവകാശപ്പെടുന്ന പട്ടികയിൽ പക്ഷേ, പതിനായിരക്കണക്കിന് നിരപരാധികളുടെ രോദനങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട് ഈ ബ്ലാക്ക് ലിസ്റ്റിൽ ഉള്‍പ്പെട്ട 10 ലക്ഷത്തോളം വ്യക്തികളിലും സ്ഥാപനങ്ങളിലും 90 ശതമാനവും മുസ്ലിംകളാണെന്നത് എന്തുമാത്രം ഏകപക്ഷീയവും മുൻധാരണകളിൽ അധിഷ്ഠിതവുമാണീ പട്ടികയെന്ന് സൂചിപ്പിക്കുന്നു.
പലപ്പോഴും ഇസ്രായേലിനെയും ഈജിപ്തിനെയും പോലുള്ള രാജ്യങ്ങള്‍ നല്‍കുന്ന വിവരങ്ങളെയും പത്ര-മാധ്യമങ്ങളില്‍ വരുന്ന നിഷേധാത്മകറിപ്പോർട്ടുകളെയും കണ്ണടച്ച് ആശ്രയിച്ചാണ് കമ്പനി ഈ പട്ടിക തയാറാക്കുന്നതെന്നതിനാല്‍ വൻ അബദ്ധങ്ങളാണ് അതില്‍ കടന്നുകൂടിയിരിക്കുന്നത്. ഇസ്ലാമോഫോബിയ വളർത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഡാനിയല്‍ പൈപ്സിനെപോലുള്ളവരുടെ ലേഖനങ്ങളും സ്വന്തം രാജ്യങ്ങളിലെ പ്രതിപക്ഷനേതാക്കളെയും രാഷ്ട്രീയ എതിരാളികളെയും അകറ്റിനിർത്തുന്ന അറബ് ഭരണകൂടങ്ങള്‍ പുറത്തുവിടുന്ന പട്ടികയുമൊക്കെയാണ് ഇതിെൻറ അവലംബങ്ങൾ. പലയിടത്തും അതു വെറും കോപ്പി പേസ്റ്റിലേക്ക് താഴ്ന്നുപോയെന്ന് സാക്ഷ്യപ്പെടുത്തുന്നത് യൂറോപ്പിലെ മുസ്ലിം സംഘടനകളുടെ ഏകോപനവേദിയായ ഫെഡറേഷൻ ഓഫ് ഇസ്ലാമിക് ഓർഗനൈസേഷൻസ് ഇൻ യൂറോപ്പിെൻറ ചെയർമാനായ സമീർ ഫലാഹാണ്. അതിലേറെ വിചിത്രം തങ്ങളുണ്ടാക്കിയിരിക്കുന്ന ലിസ്റ്റിലെ വിവരങ്ങളുടെ കൃത്യതക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ‘വേള്‍ഡ് ചെക്’ കൈ കഴുകുന്നതാണ്. അതായത്, കൃത്യത ഉറപ്പുവരുത്തേണ്ടത് വിവരം ഉപയോഗിക്കുന്നവരോ, കേസ് മുന്നില്‍വന്നാല്‍ കോടതിയോ ആണെന്ന്!
നിരപരാധികളുടെ കണ്ണീർ
ഭീകരതയുമായി പുലബന്ധം പോലുമില്ലാത്ത ധാരാളം വ്യക്തികളും സ്ഥാപനങ്ങളും തികച്ചും യാദൃച്ഛികമായാണ് തങ്ങൾ ഇൗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നറിയുക. ചികിത്സക്കും മറ്റുമായി വിദേശയാത്രക്കൊരുങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ ഹീനമായ പെരുമാറ്റത്തിന് വിധേയരായി തിരിച്ചുപോരേണ്ടിവന്ന പലരുടെയും കഥകള്‍ ‘അല്‍ ജസീറ’ വിവരിക്കുന്നുണ്ട്. മറ്റു ചില വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകള്‍ തടയപ്പെട്ടതിെൻറ പേരില്‍ വൻ കഷ്ടതകൾ അനുഭവിക്കുന്നു.
ലിസ്റ്റിലുള്‍പ്പെട്ട വിവരം അറിഞ്ഞതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. അത്തരക്കാരില്‍ പലരും യൂറോപ്യൻനാടുകളിലെ കോടതികളെ സമീപിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിട്ടുപോലും എച്ച്.എസ്.ബി.സിയെ പോലുള്ള ബാങ്കുകള്‍ അവരുടെ ഉപരോധം നീക്കിക്കൊടുത്തിട്ടില്ല. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫലസ്തീൻ റിട്ടേണ്‍ സെൻററിെൻറ (പി.ആർ.സി) മേധാവി മാജിദ് അല്‍സീർ കഴിഞ്ഞ ജനുവരിയില്‍ ലണ്ടൻ ഹൈകോടതിയില്‍നിന്ന് ഇത്തരമൊരു വിധി നേടി. 15,000 ഡോളർ നഷ്ടപരിഹാരവും വക്കീല്‍ ഫീസും അടക്കം കമ്പനി അദ്ദേഹത്തിന് കൊടുക്കണമെന്നായിരുന്നു വിധി. എന്നാല്‍, ഫലസ്തീൻ അഭയാർഥികളുടെ തിരിച്ചുവരവിനായി പ്രയത്നിക്കുന്ന പി.ആർ.സി ഇസ്രായേലി സർക്കാറിെൻറ റിപ്പോർട്ടനുസരിച്ച് ‘ഭീകര’സംഘടനയായതിനാല്‍ ‘വേള്‍ഡ് ചെക്’ അദ്ദേഹത്തിെൻറ പേർ ഇപ്പോഴും പട്ടികയില്‍ നിന്ന് പൂർണമായും നീക്കിയിട്ടില്ല. 2009ലും 2015 ലും രണ്ടു തവണ അദ്ദേഹത്തിെൻറ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. അതിനും മാറ്റമൊന്നുമില്ല.
ഭീകരത മുദ്രയെന്ന അഴിയാക്കുരുക്ക്
യൂറോപ്യൻ നാടുകളില്‍ താമസിക്കുന്നവർക്ക് കോടതിയെയെങ്കിലും സമീപിക്കാമെന്ന അവസ്ഥയുള്ളപ്പോള്‍ അറബ് നാടുകളിലുള്ളവ൪ക്ക് സ്വന്തം സർക്കാറുകള്‍ തന്നെ പാരയാകുന്ന അനുഭവമാണുണ്ടായത്. അതിൽപെട്ടയാളാണ് നാലു തവണ ‘ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദ ഇയർ’ പുരസ്കാരം സ്വന്തമാക്കിയ ഈജിപ്ഷ്യൻ ഫുട്ബാള്‍ താരം മുഹമ്മദ് അബൂതരീഖ. ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുൻപ്രസിഡൻറ് മുഹമ്മദ് മുർസിയെ പിന്തുണച്ചതാണ് അബൂതരീഖയുടെ അപരാധം.
മുൻ അമേരിക്കൻ പ്രസിഡൻറ് ജോ൪ജ് ഡബ്ല്യു. ബുഷിനൊപ്പം 2001 സെപ്റ്റംബ൪ 11 ലെ ഭീകരാക്രമണങ്ങളെ അപലപിക്കുന്ന വാർത്തസമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട, കൗണ്‍സില്‍ ഓണ്‍ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസിെൻറ (CAIR)എക്സിക്യൂട്ടിവ് ഡയറക്ട൪ നിഹാദ് അവദ് ‘വേള്‍ഡ് ചെക്കി’െൻറ ഭീകരത പട്ടികയിലുള്‍പ്പെട്ടു. പ്രമുഖ സാമ്പത്തിക വിദഗ്ധനെന്നനിലക്ക് ബ്രിട്ടീഷ് രാജ്ഞി ആദരിച്ച നിഹാദ് മാത്രമല്ല, സംഘടന ‘കെയറും’ കരിമ്പട്ടികയിലുണ്ട്. പല ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെയും ഉപദേശകനും ഭീകരതക്കെതിരില്‍ ‘ക്വിലിയം’ എന്ന ഗവേഷണ-പഠന സ്ഥാപനം നടത്തുകയും ചെയ്യുന്ന ലിബറല്‍ ഡെമോക്രാറ്റ് പാർട്ടിക്കാരനായ മാജിദ് നവാസും ലോകബാങ്കിെൻറയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിെൻറയും മുൻ ഉപദേശകനായിരുന്ന മുഹമ്മദ് ഇഖ്ബാല്‍ അസാരിയയും പട്ടികയിലെ പ്രമുഖരാണ്. വളരുന്ന കമ്പനി, നീളുന്ന ലിസ്റ്റ്
1999 ലാണ് ‘വേള്‍ഡ് ചെക്’ ആരംഭിക്കുന്നത്. അന്നുമുതല്‍ അഭൂതപൂർവമായ വള൪ച്ചയാണ് കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലുണ്ടായത്. 2007 നുശേഷം പട്ടികയിലുള്‍പ്പെടുത്തിയവരുടെ എണ്ണം അഞ്ചിരട്ടി വർധിച്ചു. ആയിരക്കണക്കിനാളുകളുടെ ഭാവി എളുപ്പം കൊട്ടിയടക്കുന്ന ഈ കമ്പനിക്ക് പക്ഷേ, സുതാര്യതയെന്നൊന്നില്ല. കമ്പനി മേധാവികള്‍ മീഡിയക്കോ പൊതുസമൂഹത്തിനോ മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. പലപ്പോഴും നിയമത്തിെൻറ പിടിയില്‍നിന്ന് എളുപ്പം രക്ഷപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ പട്ടികയെ കരിമ്പട്ടികയെന്നു വിളിക്കരുതെന്നും ഇതുസംബന്ധമായി എന്തെങ്കിലും വാർത്ത പുറത്തുവിട്ടാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ‘അല്‍ ജസീറ’യുടെ താമിർ അല്‍ മിസ്ഹാലിനെ ‘വേള്‍ഡ് ചെക്’ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹം അതില്‍ വിരണ്ടില്ലെന്നു മാത്രമല്ല, ഒരു മണിക്കൂറോളം നീളുന്ന അന്വേഷണ റിപ്പോ൪ട്ടിലൂടെ ‘വേള്‍ഡ് ചെക്കി’െൻറ സകല ദൗർബല്യങ്ങളും പുറത്തുകൊണ്ടുവന്നു.
ഒരിക്കല്‍ ഇത്തരമൊരു ലിസ്റ്റിലുള്പ്പെട്ടുകഴിഞ്ഞാല് പിന്നെ കോടതി വിധിയുണ്ടായാലും ബാങ്കുകള്‍ സാമ്പത്തിക ഇടപാടുകള്‍ നിഷേധിക്കുന്നതും സുരക്ഷാ ഏജൻസികള്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെക്കുന്നതും പതിവായിരിക്കുന്നു. എവിടെയും രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാ൯ ഈയൊരൊറ്റ തന്ത്രം മതി. ജാഗ്രത മാത്രമാണ് ഇതിനുള്ള പ്രതിവിധി.
No comments:
Post a Comment