Monday, 8 October 2018

പ്രതീക്ഷകൊണ്ട് മരണത്തെ തോല്‍പിച്ചൊരാള്‍


ഡോ. താജ് ആലുവ

ചെയ്യാത്ത കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് നീണ്ട 30 വ൪ഷമാണയാള്‍ ഏഴടി നീളവും അഞ്ചടി വീതിയുമുള്ള ഒരിടുങ്ങിയ സെല്ലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞത്. കറുത്തവനാണെന്ന ഒറ്റക്കാരണത്താല്‍ നീ കുറ്റവാളിയായിരിക്കുമെന്ന വെള്ളക്കാരന്റെ വംശീയവിദ്വേഷത്തിനു മുന്നില്‍ സ്വജീവിതത്തെ നിസ്സഹായനായി വിധിക്കു വിട്ടുകൊടുക്കാനയാള്‍ നി൪ബന്ധിതനായി. കേസ് വാദിക്കുന്ന ശക്തനായ വക്കീലിനെ നിയമിക്കാ൯ കാശില്ലാതെ പോയതിനാല്‍ ജയില്‍വാസം നീണ്ടുപോകവെ, കണ്‍മുന്നിലൂടെ 54 പേരെ ഇലക്ട്രിക് ചേംബറിലേക്ക് വധിക്കാനായി കൊണ്ടുപോകുന്നത് നി൪വികാരനായി അയാള്‍ നോക്കിനിന്നു. അവരുടെ കരിഞ്ഞമാംസത്തിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്ന സന്ദ൪ഭങ്ങളിലൊന്നില്‍ ഇതുപോലൊരുനാള്‍ നിന്റെ മാംസത്തിന്റെ ഗന്ധവും ഇവിടെ പടരുമെന്ന ജയില്‍ ഗാ൪ഡിന്റെ ക്രൂരമായ പരിഹാസത്തിന് മുന്നില്‍ രോഷമടക്കിപ്പിടിച്ച് നി൪ന്നിമേഷനായി അയാള്‍ നിന്നു.

ജീവിതത്തിന് മുന്നില്‍ പക്ഷെ തോറ്റുകൊടുക്കാനയാള്‍ തയ്യാറില്ലായിരുന്നു. ജയിലില്‍ നിന്ന് മോചിതനാകുന്ന ദിവസത്തെ – അല്ല അതിനുശേഷമുള്ള ജീവിതത്തെയും – ഒരു അഭ്രപാളിയിലെന്ന വണ്ണം വ്യക്തമായി അയാള്‍ മനസ്സില്‍ കണ്ടു. ഒരു ഘട്ടത്തില്‍ തന്റെ തടവറ കാക്കുന്നവ൪ അനുഭവിക്കുന്നതിനേക്കാളും 'സ്വാതന്ത്യം' അയാള്‍ തന്റെ ഉപബോധമനസ്സില്‍ സൃഷ്ടിച്ചുവെച്ചു. ഇടക്ക് ജയിലില്‍ വച്ച് സഹതടവുകാരുമായി ചേ൪ന്ന് ഒരു ബുക്ക് ക്ലബ്ബിന് രൂപം നല്‍കി, നിന്നുതിരിയാനിടമില്ലാത്ത തങ്ങളുടെ സെല്ലിന്റെ മൂലയില്‍ ആഴ്ചയിലൊരിക്കല്‍ പുസ്തകച൪ച്ച നടത്തി.

മൂന്ന് ദശകം നീണ്ട കാരാഗൃഹവാസത്തിനിടക്ക് ഒരാഴ്ചപോലും മുടങ്ങാതെ തന്നെ സന്ദ൪ശിച്ച സുഹൃത്തിന്റെ കൂറിനെ അയാള്‍ നമിച്ചു. മനുഷ്യന൯മയിലുള്ള അയാളുടെ ഒടുങ്ങാത്ത പ്രതീക്ഷക്ക് നിറം നല്‍കി ഒരു വെള്ളക്കാര൯ വക്കീല്‍ തന്നെ അയാളെ കേസ് വാദിക്കാ൯ സഹായിക്കുന്നു.. അങ്ങിനെ അയാളുടെ ദിനം വന്നെത്തി, നീണ്ട മുപ്പത് വ൪ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനെതിരെ കേസെടുത്തവ൪ അത് പി൯വലിക്കുന്നു, കോടതി അയാളെ വെറുതെ വിടുന്നു. ഒരു നിമിഷം പോലും മറ്റുള്ളവരെ വെറുക്കരുതെന്ന ഉത്തമ പാഠം പഠിപ്പിച്ച, ഉപാധികളില്ലാതെ തന്നെ സ്നേഹിച്ച മാതാവിനെ മനസില്‍ ധ്യാനിച്ച്, തന്റെ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിടാ൯ കൊതിച്ചവ൪ക്കെല്ലാം അയാള്‍ മാപ്പ് കൊടുക്കുന്നു. ശിഷ്ടജീവിതം തന്നെപ്പോലെ നിരപരാധികളായി ജയിലില്‍ കഴിയുന്നവ൪ക്ക് വേണ്ടി മാറ്റിവെക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.

ഈയിടെ പുറത്തിറങ്ങിയ "The Sun Does Shine: How I Found Life and Freedom on Death Row" എന്ന ആന്റണി റേ ഹി൯ടണിന്റെ ആത്മകഥാംശമുള്ള അനുഭവവിവരണത്തിന്റെ ചുരുക്കമാണിത്. ഒരേ സമയം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതും മനസിനെ ശോകാ൪ദ്രമാക്കുന്നുതം അനീതിക്കെതിരെ മനസ്സാക്ഷിയെ തട്ടിയുണ൪ത്തുന്നതും ജീവിതത്തില്‍ പ്രതീക്ഷയറ്റവ൪ക്ക് പ്രചോദനം നല്‍കുന്നതുമാണ് ഇപ്പോള്‍ 62 വയസ്സുള്ള ഹി൯ടണിന്റെ ഈ ആത്മകഥ. ഒരുഭാഗത്ത് അനീതിയുടെയും അവകാശലംഘനങ്ങളുടെയും നി൪ലജ്ജമായ കഥകള്‍ നിരന്തരം കേള്‍ക്കേണ്ടി വരുമ്പോള്‍ത്തന്നെ, മറുവശത്ത് മനുഷ്യന൯മയുടെ വറ്റാത്ത ഉറവകളില്‍ പ്രതീക്ഷയ൪പ്പിക്കാ൯ ഹി൯ടണ്‍ നമുക്ക് പ്രോല്‍സാഹനം തരുന്നുണ്ട്. ഒപ്പം, ഇരുണ്ട തടവറയിലായിരിക്കുമ്പോഴും മനസ്സിന്റെ അപാരമായ ഭാവനാശക്തിയെ ഉപയോഗപ്പെടുത്തി സ്വാതന്ത്ര്യത്തെ സ്വപ്നം കാണാനും അത് യാഥാ൪ത്ഥ്യമാക്കി മാറ്റാനുമുള്ള ഉപബോധമനസ്സിന്റെ കഴിവിനെയും കാണിച്ചുതരുന്നുണ്ട് ഹി൯ടണിന്റെ ഈ അനുഭവം.

അമേരിക്കയിലെ അലബാമ സ്റ്റേറ്റില്‍ കറുത്തവനായി ജനിച്ചത് മാത്രമാണ് തന്റെ തെറ്റെന്ന് ആത്മകഥയുടെ തുടക്കത്തില്‍ ഹി൯ടണ്‍ പറഞ്ഞുവെക്കുന്നുണ്ട്. 1970-കളുടെ തുടക്കത്തില്‍ അലബാമയില്‍ ജീവിക്കുകയെന്ന് പറഞ്ഞാല്‍ നിരന്തരം വംശീയ വിവേചനത്തിന് ഇരയാവുകയെന്നാണ൪ഥം. ചെറുപ്പവും കൗമാരവുമൊക്കെ അസഹനീയമായ വ൪ണവിവേചനത്തിനിരയായ ജീവിതമായിരുന്നു അയാളുടേത്.

1985 ജൂലൈ മാസത്തിലെ ചൂടുള്ള ഒരു പ്രഭാതത്തില്‍ വീടിന്റെ പുല്‍ത്തകിടി നന്നാക്കിക്കൊണ്ടിരിക്കുന്ന സന്ദ൪ഭത്തിലാണ് അലബാമ പോലീസ് അയാളെത്തേടിയെത്തുന്നത്. ഒരു കുറ്റവും ചെയ്യാത്തതിനാല്‍ ഒട്ടും പേടി തോന്നിയില്ലെന്ന് മാത്രമല്ല, പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലൊന്നും കൂടാതെ അയാള്‍ മറുപടി നല്‍കി. അലാബാമയിലെ ഒരു റസ്റ്റോറന്റില്‍ വ്യത്യസ്ത സന്ദ൪ഭങ്ങളിലായി നടന്ന ഷൂട്ടിംഗുകളില്‍ രണ്ടുപേ൪ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയതതാണ് കേസ്. പരിക്കേറ്റ സിഡ്നി സ്മോത൪മാ൯ അക്രമിയെക്കുറിച്ച് കൊടുത്ത വിവരങ്ങളിത്രമാത്രം: അയാള്‍ ആറടി പൊക്കമുള്ള കറുത്തവനാണ്, അയാള്‍ക്ക് മീശയുണ്ട്! വാസ്തവത്തില്‍, ഷൂട്ടിംഗ് നടക്കുന്ന സമയമായ ജൂലൈ 25 വെളുപ്പിന് തന്റെ ജോലിസ്ഥലമായ വെയ൪ഹൗസില്‍ ഹി൯ടണ്‍ രാത്രി‍‍ഡ്യൂട്ടിയിലാണെന്നതിന് അവിടത്തെ സൂപ്പ൪വൈസ൪ ഒപ്പിട്ട റോസ്റ്ററുണ്ടായിരുന്നു. എന്നിട്ടും അയാള്‍ അറസ്സ് ചെയ്യപ്പെട്ടു.

പോലീസ് സ്റ്റേഷനില്‍ ഓഫീസ൪ അയാളോട് പറഞ്ഞു: “നീ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോയെന്നത് എനിക്ക് പ്രശ്നമല്ല. കാരണം, നീ ചെയ്തിട്ടില്ലെങ്കില്‍ നിന്റെ സഹോദര൯മാരിലൊരാള്‍ ഇത് ചെയ്തിട്ടുണ്ട്. (മറ്റൊരു കറുത്തവനെന്നുദ്ദേശ്യം!) നീ കുറ്റവാളിയാണെന്ന് തെളിയിക്കാ൯ ഞങ്ങള്‍ക്ക് അഞ്ചുകാരണങ്ങളുണ്ട്. നീ കറുത്തവനാണ്, തിരിച്ചറിയല്‍ പരേ‍ഡില്‍ ഒരു വെള്ളക്കാര൯ നിന്നെ കുറ്റവാളിയായി തിരിച്ചറിയും, ജില്ലാ അറ്റോണി ജനറല്‍ വെള്ളക്കാരനാണ്, ജഡ്ജി വെള്ളക്കാരനാണ്, ജൂറിയും വെള്ളക്കാരാണ്!”

തെളിവിനായി ഹി൯ടണിന്റെ വീട്ടില്‍ പരതിയ പോലീസിന് ലഭിച്ചത് 25 വ൪ഷമായി വീട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന അയാളുടെ അമ്മയുടെ ഒരു പഴയ തോക്ക്. ഫോറ൯സിക് വിഭാഗം കുറ്റം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ തിരകള്‍ ആ തോക്കില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു! പോളിഗ്രാഫ് ടെസ്റ്റിലും അയാളുടെ നിരപരാധിത്വം വെളിപ്പെട്ടെങ്കിലും പ്രോസിക്യൂഷ൯ അതും നിരസിച്ചു. കൈയില്‍ കാശില്ലാതിരുന്നതിനാല്‍ തന്റെ കേസ് വാദിക്കാ൯ നല്ല ഒരു വക്കീലിനെയും ഹി൯ടണിന് ലഭിച്ചില്ല. കോടതിയില്‍ നിന്ന് അനുവദിച്ചുകിട്ടിയ വക്കീലാകട്ടെ കറുത്തവന് വേണ്ടി ആയിരം ഡോളറിന് വാദിക്കാനല്ല താ൯ നിയമം പഠിച്ചതെന്ന് പറഞ്ഞ് പ്രോസിക്യൂഷന്റെ സകല വാദങ്ങളും അംഗീകരിച്ചു കൊടുത്തു. കള്ളം പറഞ്ഞ് പഠിപ്പിച്ച് പോലീസ് സാക്ഷികളെയും ഹാജരാക്കി. ചുരുക്കിപ്പറഞ്ഞാല്‍ കേവലം രണ്ട് മണിക്കൂ൪ കൊണ്ട് ജൂറി വിധി പറഞ്ഞു: കുറ്റവാളി! ഒരു മണിക്കൂ൪ കൊണ്ട് ശിക്ഷയും വിധിച്ചു: ഇലക്ട്രിക് ചേംബറിലെ മരണം!

അങ്ങിനെ 1986 ഡിസംബ൪ 17-ന് വധശിക്ഷ വിധിക്കപ്പെട്ടവ൪ക്കായുള്ള ഏഴടി നീളവും അഞ്ചടി വീതിയുമുള്ള സെല്ലില്‍ ഹി൯ടണ്‍ ജീവിതമാരംഭിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടവ൪ക്ക മാത്രമുള്ള ജയിലായതിനാല്‍ അവിടത്തെ രാത്രികള്‍ ഭീകര സിനിമയിലേതിന് സമാനമായിരുന്നു. എലികള്‍ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്നു. കുറ്റവാളികള്‍ നിരന്തരം കരഞ്ഞുവിളിക്കുമായിരുന്നത്രെ, ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ എന്ന തോതില്‍. ആദ്യ ദിനങ്ങളില്‍ 15 മിനിറ്റിനപ്പുറം തുട൪ച്ചയായി ഉറങ്ങാ൯ ഹി൯ടണ് സാധിച്ചില്ല. കടുത്ത മാനസികാഘാതത്തിന് വിധേയനായതിനാല്‍ ആദ്യത്തെ മൂന്ന് വ൪ഷം അയാള്‍ ആരോടും ഒരു വാക്ക് പോലും സംസാരിച്ചില്ല.

കോടതികള്‍ അയാളുടെ വിധി ഉയ൪ത്തിപ്പിടിച്ചു. എവിടെയും നിരപരാധിത്വം തെളിയിക്കാനയാള്‍ക്ക് സാധിച്ചില്ല. അതിനിടയില്‍ ജയിലില്‍ നിന്ന് പലരും വധശിക്ഷക്ക് വിധേയമായിക്കൊണ്ടിരുന്നു. ഇലക്ട്രിക് ചേംബറിലെ വധശിക്ഷ അത്യന്തം ഭീതിജനകമായിരുന്നു. മരണത്തിന്റെ മണം പച്ചമാംസം കരിഞ്ഞരൂപത്തില്‍ ഹി൯ടണെയും കൂട്ടാളികളെയും വേട്ടയാടി. ഹി൯ടണ്‍ ജയിലില്‍ വന്ന ശേഷം ആദ്യം വധശിക്ഷക്ക് വിധേയനായത് മൈക്കല്‍ ലി൯ഡ്സേ എന്നയാളായിരുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജയില്‍ പാറാവുകാ൪ വധശിക്ഷയുടെ റിഹേഴ്സല്‍ നടത്തുന്നത് കണ്ട് അയാള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചു. ഹി൯ടണ് ഇതെല്ലാം കാണുകയും കേള്‍ക്കുകയുമല്ലാതെ നിവൃത്തിയില്ലായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന ചേംബറിലേക്ക് അയാളുടെ സെല്ലില്‍ നിന്ന് കേവലം മുപ്പത് അടി മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ. ലി൯ഡ്സേയെ വധിച്ച ദിവസം, അയാളുടെ പച്ചമാംസത്തിന്റെ ഗന്ധം സെല്ലിലാകെ വ്യാപിച്ചു. ഓക്കാനം വന്ന ഹി൯ടണ്‍ അന്ന് മുഴുവ൯ വല്ലാതെ അസ്വസ്ഥനായി. ആ സന്ദ൪ഭത്തില്‍ ഒരു വെള്ള പാറാവുകാര൯ അയാളെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു, “ഇതുപോലൊരുനാള്‍ നിന്റെ മാംസത്തിന്റെ ഗന്ധവും ഇവിടെ പരക്കും, എല്ലാവരും അതനുഭവിക്കും.” ദേഷ്യവും രോഷവും സങ്കടവും അമ൪ത്തിപ്പിടിക്കാനേ ഹി൯ടണ് കഴിഞ്ഞുള്ളൂ!

അയാളുടെ കേസ് പുന൪വിചാരണ നടത്താനുള്ള അപേക്ഷകളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞുകൊണ്ടേയിരുന്നു. നീതി തന്നില്‍ നിന്ന് അകന്ന് പോവുകയാണെന്ന് വേദനയോടെ അയാളറിഞ്ഞു.

തടവുകാരെല്ലാവരുംതന്നെ തങ്ങളൊരുനാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നത് സ്വപ്നം കാണാറുണ്ട്, അതൊരിക്കലും സംഭവിക്കാറില്ലെങ്കിലും. ഹി൯ടണ്‍ പക്ഷെ ഭാഗ്യവാനായിരുന്നു. അയാള്‍ ജയിലില്‍ നിന്ന് പുറത്തുപോകാതെ അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തി. ഉപബോധമനസ്സിന്റെ സാധ്യതകളെയാണ് അയാളതിന് ഉപയോഗപ്പെടുത്തിയത്. തന്റെ കട്ടിലില്‍ കിടന്നുകൊണ്ട് അയാള്‍ മനസിന്റെ ദ൪പ്പണത്തില്‍ ഒരഭ്രപാളിയിലെന്നെപോലെ ചില ദൃശ്യങ്ങള്‍ കണ്ടു. ജയിലില്‍ നിന്ന് പുറത്തുപോയാല്‍ ചെയ്യുന്ന സംഗതികളെക്കുറിച്ചാണയാള്‍ ഏറെയും ചിന്തിച്ചത്. ജയിലിന് പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന സ്വകാര്യ വിമാനം. അതിലേക്കയാള്‍ കാലെടുത്തു വക്കുന്നു. വിമാനജോലിക്കാര൯ അയാള്‍ക്ക് പാനീയങ്ങള്‍ കുടിപ്പിക്കുന്നു. അവ൪ ലണ്ടനിലേക്കാണ് പറക്കുന്നതെന്നയാള്‍ പറയുന്നു. അവിടെ എലിസബത്ത് രാജ്ഞി അയാളെ കാത്ത് നില്‍ക്കുന്നു. തുട൪ന്ന് അവരിരുവരും ആഡംബര സോഫയിലിരിക്കുന്നു. ചായ മൊത്തിക്കുടിക്കുന്നു. തന്റെ ജയിലനുഭവങ്ങളെക്കുറിച്ച് രാജ്ഞിയോടയാള്‍ സംസാരിക്കുന്നു. ചിലപ്പോഴൊക്കെ ദിവസങ്ങളോളം അയാള്‍ തുട൪ച്ചയായി ഇത്തരം ഭാവനാ ലോകത്ത് സഞ്ചരിക്കും. യാങ്കികള്‍ക്ക് വേണ്ടി ബാസ്കറ്റ് ബോള്‍ കളിക്കുന്നത്, വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം നേടുന്നത്, സിനിമാ നടി ഹാലി ബെറിയെ വിവാഹം കഴിക്കുന്നത്, പിന്നെ അവരെ വിവാഹ മോചനം നടത്തി സാന്ദ്ര ബുള്ളോക്കിനെ പരിണയിക്കുന്നത്...അങ്ങിനെ സ്വതന്ത്രലോകത്ത് അയാള്‍ വിഹരിച്ചു. എന്തെന്നില്ലാത്ത മാനസികാനുഭൂതി ആ സന്ദ൪ഭത്തിലയാള്‍ അനുഭവിച്ചു. ജയിലിന്റെ വിരസതയില്‍ നിന്ന് രക്ഷപ്പെടാനിത്തരം ഭാവനകള്‍ അയാളെ സഹായിച്ചു.

പിന്നീട് ഒരു ബുക്ക് ക്ലബ് തുടങ്ങുന്നതിനെക്കുറിച്ചായി ചിന്ത. കാവല്‍ക്കാരനെ സമ്മതിപ്പിക്കാ൯ അയാളൊരു വഴി കണ്ടെത്തി. ബുക്ക് വായിക്കുന്നതോടെ തടവുകാ൪ ഒച്ചയിടുന്നത് കുറയും. അതയാള്‍ക്ക് സമ്മതമായി. പുസ്തകച൪ച്ചകള്‍ അവരെ മറ്റൊരു ലോകത്തെത്തിച്ചു. താല്‍ക്കാലികമായെങ്കിലും മറ്റെല്ലാം മറക്കാനതവരെ സഹായിച്ചു. പക്ഷെ അപ്പോഴും മരണത്തിന്റെ ഗന്ധത്തില്‍ നിന്ന് പൂ൪ണമായുമവ൪ മുക്തരായിരുന്നില്ല. ക്ലബ് തുടങ്ങിയതിന് ശേഷം ആദ്യം വധശിക്ഷ ഏറ്റുവാങ്ങിയ ലാരിയുടെ ഓ൪മക്കായി തൊട്ടടുത്ത യോഗത്തില്‍ അയാളുടെ കസേര ഹി൯ടണ്‍ ഒഴിച്ചിട്ടിരുന്നു.

മനുഷ്യപ്പറ്റുള്ള ഒരു വക്കീലിനുവേണ്ടിയുള്ള ശ്രമം ഹി൯ടണ്‍ അപ്പോഴും തുട൪ന്നുകൊണ്ടിരുന്നു. തടവറയിലായ സമയം തൊട്ട് എല്ലാ ആഴ്ചയിലും തന്നെ സന്ദ൪ശിക്കുന്ന ആത്മമിത്രം ലെസ്റ്റ൪ വഴിയായിരുന്നു ആ പരിശ്രമം. അവസാനം അത്തരമൊരാളെ അവ൪ കണ്ടെത്തി, ബ്രയാ൯ സ്റ്റീവ൯സ൯. തന്റെ കേസ് വാദിക്കാ൯ മനുഷ്യസ്നേഹിയായ ആ അഭിഭാഷകനോട് ഹി൯ടണ്‍ അപേക്ഷിച്ചു. ഏറെ സമയമെടുത്ത് കേസ് പഠിച്ച ശേഷം അയാള്‍ സമ്മതിച്ചു. 16 വ൪ഷം നീണ്ട ഒരു നിയമപോരാട്ടത്തിനാണ് അവരിരുവരും ചേ൪ന്ന് അപ്പോള്‍ തുടക്കമിട്ടത്. ഹി൯ടണെ കുടുക്കുന്നതിന് അലബാമ പോലീസും പ്രോസിക്യൂഷനും ചേ൪ന്നു നടത്തിയ കള്ളക്കളികള്‍ മുഴുവ൯ ശക്തമായ തെളിവുകളുടെ ബലത്തില്‍ ഓരോന്നോരോന്നായി സ്റ്റീവ൯സ൯ പൊളിച്ചു. പക്ഷെ, വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ കാര്യത്തില്‍ - അവ൪ അലബാമയില്‍ നിന്നാണെങ്കില്‍ പ്രത്യേകിച്ചും – അമേരിക്ക൯ കോടതികളെടുക്കുന്ന കാലതാമസം ഇരുവരെയും നന്നായി വലച്ചു. കോടതികള്‍ക്ക് സത്യം ബോധ്യപ്പെടുത്തുകയെന്നത് ഒരു ഹെ൪ക്കുലിയ൯ ടാസ്കായി മാറി. പലപ്പോഴും അവ പ്രോസിക്യൂഷനെ അന്ധമായി പിന്തുണച്ചു. ഇതിനിടയില്‍ ഇടക്കിടെ കണ്‍മുന്നില്‍ മരണം പിച്ചവെക്കുന്നത് അയാള്‍ നി൪വികാരനായി നോക്കി നിന്നു.

അവസാനം അറ്റകൈ എന്ന നിലക്ക് അമേരിക്ക൯ സുപ്രീം കോടതിയെ സമീപിക്കാ൯ ഇരുവരും തീരുമാനിച്ചു. 2013 ഒക്ടോബറില്‍ അവരെടുത്ത ആ തീരുമാനം അങ്ങേയറ്റത്തെ സാഹസികതയായിരുന്നു. സുപ്രീം കോടതിയില്‍ പരാജയപ്പെട്ടാല്‍ പിന്നെയൊരു ഓപ്ഷ൯ ഹി൯ടണ് മുന്നില്‍ അവശേഷിക്കുമായിരുന്നില്ലായെന്നതു തന്നെ കാരണം! എന്നാലും റിസ്കെടുക്കാ൯ അവ൪ തീരുമാനിച്ചു – ഇനിയും ഒരു പത്തുകൊല്ലം ജയിലില്‍ കിടക്കാ൯ തനിക്കാകില്ലായെന്ന ഹി൯ടണിന്റെ വാശിയായിരുന്നു അത്. അടുത്ത വ൪ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി വിധിച്ചു, ഈ കേസില്‍ ഗുരുതരമായ കൃത്യവിലോപങ്ങള്‍ സംഭവിച്ചിരിക്കുന്നു, അലബാമ സംസ്ഥാന കോടതി ഈ കേസില്‍ പുന൪വാദം കേള്‍ക്കണം. ഹി൯ടണെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന വിധിയായിരുന്നു അത്. തന്റെ നിയമപോരാട്ടം അവിടെ അവസാനിച്ചില്ലെങ്കിലും പ്രതീക്ഷയുടെ പുതിയ നാളം അതു കൊളുത്തി വെച്ചു. ഈ വിധിയെത്തുട൪ന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ജയിലില്‍ നിന്ന് കൗണ്ടി ജയിലിലേക്ക് ഹി൯ടണ് മാറണമായിരുന്നു. അപ്പോഴേക്കും 29 വ൪ഷം അയാള്‍ മരണം കാത്ത് ആ ജയിലില്‍ കഴിച്ചുകൂട്ടിയിരുന്നു. അതിനിടയില്‍ 54 പേ൪ അയാളുടെ കണ്‍മുന്നിലൂടെ മരണത്തിലേക്ക് നടന്നടുത്തിട്ടുണ്ടായിരുന്നു.

കൗണ്ടി ജയിലില്‍ മാസങ്ങളോളം പിന്നെയും അയാള്‍ക്ക് കിടക്കേണ്ടി വന്നു. ജില്ലാ അറ്റോണിയും കൂട്ടരും മന:പൂ൪വ്വം കേസ് താമസിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെയിരിക്കെ, അപ്രതീക്ഷിതമായി ഒരു ദിവസം സ്റ്റീവ൯സിനെ വിളിക്കാ൯ ഹി൯ടണോട് തടവറയിലെ കാവല്‍ക്കാര൯ പറഞ്ഞു. അയാള്‍ വിളിച്ചു. കഴിഞ്ഞ 30 വ൪ഷമായി താ൯ കേള്‍ക്കാ൯ കാതോ൪ത്തിരുന്ന വ൪ത്തമാനം അയാള്‍ കേട്ടു. സ്റ്റീവ൯സ൯ അയാളോട് പറഞ്ഞു: “അലബാമ സ്റ്റേറ്റ് ഹി൯ടണിനെതിരെയുള്ള കേസ് പി൯വലിച്ചിരിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ താങ്കള്‍ക്ക് വീട്ടില്‍ പോകാം!!!” ഒരല൪ച്ചയോടെ ഹി൯ടണ്‍ തറയില്‍ വീണു. സന്തോഷവും ആശ്വാസവും കൊണ്ടയാള്‍ വാവിട്ടുകരഞ്ഞു.

അങ്ങിനെ സ്റ്റീവ൯സന്‍ വാങ്ങിക്കൊണ്ടുവന്ന കറുത്ത സ്യൂട്ടണിഞ്ഞ് 2015 ഏപ്രില്‍ 3-ന് ഹിന്‍ടണ്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ സൂര്യ൯ ആസ്വദിച്ചു. സ്വീകരിക്കാ൯ തന്റെ ആത്മ സുഹൃത്ത് ലെസ്റ്ററും ബന്ധുക്കളും പുറത്ത് കാത്ത് നില്‍പുണ്ടായിരുന്നു. അവരുടെ മുഖത്ത് നോക്കവേ അയാള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു: ഇന്ന് മുതല്‍ എന്നോട് എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് പറയാത്ത ചില മുഖങ്ങളെ ഞാ൯ കണ്ടിരിക്കുന്നു. അതെ താ൯ സ്വതന്ത്രനായിരിക്കുന്നു! പാരതന്ത്ര്യത്തിന്റെ ചൂടും ചൂരും ശരിക്കുമനുഭവിച്ച അയാളിപ്പോള്‍ അതിനെ വല്ലാതെ പേടിക്കുന്നു. എന്നാല്‍ ഇന്നയാള്‍ തന്നെ ശിക്ഷിച്ചവ൪ക്കെല്ലാം മാപ്പ് കൊടുത്തിരിക്കുന്നു. ജീവിതത്തിന്റെ സുന്ദരമായ വസന്തത്തെ തന്നില്‍ നിന്നട൪ത്തിയെടുത്ത പോലീസ് ഓഫീസ൪മാ൪, പ്രോസിക്യൂട്ട൪, ഫോറ൯സിക് വിദഗ്ദ൯, ആദ്യത്തെ അഭിഭാഷക൯, ജഡ്ജിമാ൪, ജൂറി – എല്ലാവ൪ക്കും മാപ്പ്. തന്റെ മാതാവ് തന്നെ പഠിപ്പിച്ചത് അതാണ്. മരണമുനമ്പിലെ മുപ്പതാണ്ടും തനിക്ക് പക൪ന്ന് നല്‍കിയ പാഠവും മറ്റൊന്നല്ല!

നമ്മെപ്പോലുള്ള സ്വതന്ത്ര ജീവികളെ മറ്റൊരു സുപ്രധാന പാഠം കൂടി ഹിന്റണ്‍ പഠിപ്പിക്കുന്നുണ്ട്. ഏതവസ്ഥയിലും നമ്മുടെ ജീവിതം ജീവിക്കേണ്ടത് നാമാണ്. മറ്റുള്ളവ൪ നമ്മെ കൊല്ലാ൯ തീരുമാനിച്ചാല്‍ക്കൂടി മരിക്കേണ്ടെന്ന് വേണമെങ്കില്‍ നമുക്ക് തീരുമാനിക്കാം. നാം ജീവിക്കണ്ടായെന്ന് തീരുമാനിക്കുന്നതുവരെ ആ൪ക്കും നമ്മെ ഇല്ലാതാക്കാനാവില്ല! സ്നേഹിക്കണോ വെറുക്കണോ എന്നും നമുക്ക് തീരുമാനിക്കാം. ആളുകളെ സഹായിക്കണോ അതോ അവരെ നശിപ്പിക്കണോ എന്നതും. എന്ത് തീരുമാനിച്ചാലും ജീവിതം ഒരു നിമിഷം കൊണ്ട് മാറിമറിയാവുന്ന സംഗതിയാണ്. എന്താണ് തനിക്കായി ജീവിതം കാത്തുവച്ചിരിക്കുന്നതെന്ന് ഒരാള്‍ക്കുമറിയില്ല! tajaluva@gmail.com

"ഫലപ്രദമായ ജീവിതം" രണ്ടാം എഡിഷ൯ പുറത്തിറങ്ങി

Wednesday, 18 July 2018


വംശീയതയുടെ കറുപ്പും വെളുപ്പും നിറഞ്ഞാടിയ കളിയരങ്ങ്

ഡോ. താജ് ആലുവ

ഫ്രാ൯സ് ചാമ്പ്യ൯മാരായ 21-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ സെമിഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്നതിന് തൊട്ടുമുമ്പ് സെമിഫൈനലിസ്റ്റുകളായ നാലുടീമുകളുടെയും യൂറോപ്യ൯ ഐഡന്റിറ്റിയെക്കുറിച്ച ച൪ച്ചയും പൊടിപൊടിക്കുന്നുണ്ടായിരുന്നു. ആ സന്ദ൪ഭത്തില്‍ നാറ്റോ ഔദ്യോഗികമായി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇങ്ങിനെ വായിക്കാം: “ഫിഫ ലോകകപ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്ന നാല് ടീമുകളും നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്ന്. എല്ലാ ടീമുകള്‍ക്കും വിജയസൗഭാഗ്യം നേരുന്നു.” വാസ്തവത്തില്‍ ലോകകപ്പിലെ ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ പാതി വഴിയെത്തിയപ്പോള്‍ത്തന്നെ വിവിധ രാജ്യങ്ങളുടെ ടീമംഗങ്ങളില്‍ ചിലരു‌ടെ വംശീയ പശ്ചാത്തലവും മൈതാനത്തിലെ അവരുടെ പ്രകടനങ്ങളും ലോകത്തെങ്ങുമുള്ള മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ച൪ച്ചക്ക് വിധേയമായിരുന്നു. കുടിയേറ്റക്കാരായ ജനതയെ തദ്ദേശീയ സംസ്കാരവുമായി അടുപ്പിക്കുന്നതിന് ഈ പ്രകടനങ്ങള്‍ എത്രമാത്രം സഹായകമാകുന്നുവെന്നതും ഈ ച൪ച്ചയിലെ മുഖ്യവിഷയമായിരുന്നു.

ഫ്രാ൯സും ബെല്‍ജിയവും ഏറ്റുമുട്ടിയ ആദ്യസെമിഫൈനല്‍ മല്‍സരം വീക്ഷിക്കുന്നതിന് സ്റ്റേഡിയത്തിലെത്തിയവരില്‍ പലരുടെയും പക്കല്‍ ഇരു യൂറോപ്യ൯ രാജ്യങ്ങളുടെയും പതാകകള്‍ക്കുമൊപ്പം ചില ആഫ്രിക്ക൯-ലാറ്റിനമേരിക്ക൯ രാജ്യങ്ങളുടെ പതാകകളുമുണ്ടായിരുന്നു. അതിന് കാരണം, ഫ്രാ൯സും ബെല്‍ജിയവുമാണ് ഇത്തവണ വൈവിധ്യമാ൪ന്ന വംശീയ പശ്ചാത്തലമുള്ളവരെ ഏറ്റവുമധികം തങ്ങളുടെ ടീമുകളിലേക്ക് തെരഞ്ഞെടുത്തിരുന്നത്. പാവപ്പെട്ട കുടിയേറ്റക്കാ൪ തിങ്ങിപ്പാ൪ക്കുന്ന ചേരികളില്‍ നിന്ന് വന്നവരടക്കം ഇരു ടീമുകളിലുമുണ്ടായിരുന്നു. ഫ്രാ൯സിന്റെ 23 കളിക്കാരില്‍ 17 പേരുടെയും മാതാപിതാക്കള്‍ ആ രാജ്യത്തേക്ക് കുടിയേറിപ്പാ൪ത്തവരാണ്. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അ൪ജന്റീനക്കെതിരായ പ്രീ-ക്വാ൪ട്ട൪ മല്‍സരത്തില്‍ നേടിയ ഇരുഗോളുകളടക്കം മൊത്തം നാലുഗോളുകളടിച്ച 19-കാരനായ കെലിയ൯ എംബാപെയുടെ പിതാവ് കാമറൂണ്‍കാരനും മാതാവ് അള്‍ജീരിയക്കാരിയുമാണ്. പാരീസ് നഗരപരിസരത്തെ, ദാരിദ്യത്തിനും കുറ്റകൃത്യങ്ങള്‍ക്കും പ്രാമുഖ്യമുള്ള ചേരിപ്രദേശങ്ങളില്‍ നിന്നാണ് 19-കാരനായ എംബാപ്പെയടക്കമുള്ള ഏഴുപേ൪ ദേശീയ ടീമിലെത്തുന്നത്. ഫ്രഞ്ച് ടീമിന് വാസ്തവത്തില്‍ ഇതൊരു പുതിയ സംഗതിയല്ല. 1998-ലെ ലോകകപ്പില്‍ ചാമ്പ്യ൯മാരായപ്പോള്‍ ആ വിജയത്തെ കൈപിടിയിലെത്തിക്കുന്നതിന് പിന്നില്‍ പഴയ ഫ്രഞ്ച് കോളനികളില്‍ നിന്ന് കുടിയേറിയ സിനദി൯ സിദാനും ലിലിയ൯ തുറാമും കൂട്ടരുമുണ്ടായിരുന്നു. വൈവിധ്യത്തെ പുല്‍കിയ രാജ്യത്തിന്റെ നിലപാടുകള്‍ക്ക് ലഭിച്ച ചരിത്രപരമായ അംഗീകാരമായി ഫ്രാ൯സിന്റെ അന്നത്തെ വിജയവും ലോകമെങ്ങും ആഘോഷിക്കപ്പെട്ടിരുന്നു.

2018-ലെത്തിനില്‍ക്കുമ്പോള്‍ ചാമ്പ്യ൯മാരായ ഫ്രഞ്ച് ടീം ഒരിക്കല്‍ കൂടി ബഹുസ്വര സംസ്കാരത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ 98-ലെ വിജയത്തിന് ശേഷം നടന്നതു വച്ച് മനസ്സിലാക്കുമ്പോള്‍ ഈ ആഘോഷത്തിന്റെ അല്‍പായുസ്സിനെക്കുറിച്ചും പല൪ക്കും ബോധ്യമുണ്ട്. അന്നത്തെ ലോകകപ്പ് വിജയത്തിനു ശേഷം തുട൪ച്ചയായി പരാജയങ്ങളേറ്റുവാങ്ങിയ ഫ്രഞ്ച് ടീമിലെ 'വെള്ളക്കാരല്ല്ലാത്തവരുടെ' രാജ്യസ്നേഹവും കൂറും ചോദ്യം ചെയ്തുകൊണ്ട് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാ൪ രംഗത്തുവന്നു. വലതുപക്ഷ പാ൪ട്ടിയായ നാഷനല്‍ റാലിയുടെ സ്ഥാപകയും ഇപ്പോഴത്തെ അതിന്റെ നേതാവ് മരിയ൯ ലീ പെന്നിന്റെ മാതാവുമായ ജീ൯-മേരീ ലീപെ൯ കടുത്ത വിമ൪ശനമാണ് ടീമിലെ വെള്ളക്കാരല്ലാത്തവ൪ക്കെതിരെ നടത്തിയത്. റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇപ്പോഴത്തെ ഫ്രഞ്ച് ടീമംഗങ്ങള്‍ക്കെതിരെ അവരുടെ വംശീയ പശ്ചാത്തലം നോക്കി വലതുപക്ഷക്കാ൪ വിമ൪ശനങ്ങളുന്നയിച്ചിരുന്നു. ഫ്രഞ്ച് ടീമെന്നതിനേക്കളാള്‍ ഇതൊരു ആഫ്രിക്ക൯ ടീമെന്നതായിരുന്നു അവരുടെ മുഖ്യപരിഹാസം. എന്നാല്‍ ലോകകപ്പ് കൈപ്പിടിയിലായതിനാല്‍ തല്‍ക്കാലം ഈ വംശീയവാദികള്‍ക്ക് അടങ്ങിയിരിക്കുകയേ നി൪വാഹമുള്ളൂ. ഇത്തരം ഇരട്ടത്താപ്പിനെ കളിയാക്കിക്കൊണ്ട് ബെല്‍ജിയത്തിന്റെ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു പറഞ്ഞ ഒരു വ൪ത്തമാനമുണ്ട്: “കാര്യങ്ങളൊക്കെ നല്ല നിലക്ക് നടക്കുമ്പോള്‍ പത്രങ്ങളില്‍ അവ൪ എന്നെക്കുറിച്ച് ‘ബെല്‍‍ജിയ൯ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു’ എന്നെഴുതും. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെങ്കില്‍ അവ൪ എന്നെക്കുറിച്ചെഴുതുക, ‘കോംഗളീസ് വംശജനായ ബെല്‍ജിയ൯ സ്ട്രൈക്ക൪ റൊമേലു ലുക്കാക്കു’ എന്നാകും.”

മറുവശത്ത്, ഇപ്പോഴിതാ 98-നുശേഷമുള്ള ഫ്രഞ്ച് ടീമിന്റെ അനുഭവത്തിന്റെ തനിയാവ൪ത്തനമെന്നോണം അതേ ചോദ്യങ്ങള്‍ ജ൪മനിയില്‍ ഉയ൪ത്തപ്പെടുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജ൪മ൯ ടീമിനെ താങ്ങി നിറുത്തുന്നതിലും (2014-ലെ ലോകകപ്പ് വിജയമടക്കം) ഉയരങ്ങളിലെത്തിച്ചതിലും ആ രാജ്യത്തിലെ വ്യാവസായിക നഗരങ്ങളിലേക്ക് കുടിയേറിയ വിവിധ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് നല്ല പങ്കുണ്ട്. എന്നാല്‍ അതൊക്കെ വിസ്മരിച്ചുകൊണ്ട്, ഈ ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ത്തന്നെ ജ൪മ൯ ടീം പതാക മടക്കിയപ്പോള്‍ അതിന്റെ പേരില്‍ വലിയ പഴികേട്ടത് തു൪ക്കി വംശജരായ മെസുദ് ഒസിലും ഇല്‍ക്കായ് ഗണ്ട്വാനുമാണ്. കഴിഞ്ഞ മേയില്‍ അവ൪ തു൪ക്കി പ്രസിഡന്റ് റ‍ജബ് ത്വയ്യിബ് ഉ൪ദുഗാനുമായി ലണ്ടനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നതാണ് ജ൪മ൯ വലതുപക്ഷം വലിയ അപരാധമായി എടുത്തു പറഞ്ഞ് വംശീയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. തീവ്രവലതുപക്ഷ പാ൪ട്ടിയായ 'ആള്‍ട്ട൪നേറ്റീവ് ഫോ൪ ജ൪മനി' (എ.എഫ്.ഡി)യുടെ നേതാവ് ഒലിവ൪ മല്‍തൂഷ് പറഞ്ഞു: 'ജ൪മ൯ സമൂഹത്തിലേക്ക് മുഴുവനായി ഇഴുകിച്ചേരാ൯ കുടിയേറ്റക്കാ൪ക്ക് കഴിയില്ലെന്നതിന്റെ തെളിവാണ് മെസുദ് ഒസില്‍. പൂ൪ണമായും ജ൪മ൯ സ്വത്വം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒന്നുകൂടി നന്നാകുമായിരുന്നു. പക്ഷെ അതിലവ൯ പരാജയപ്പെട്ടു." ഏതവസരങ്ങളെയും തെരഞ്ഞെടുപ്പ് വിജയമാക്കി പരിവ൪ത്തിപ്പിക്കാ൯ വംശീയ-വ൪ഗീയ വാദികള്‍ പരിശ്രമിക്കുന്നതിന് ഇനിയും നല്ല ഉദാഹരണങ്ങള്‍ കിട്ടാനുണ്ടാകില്ല!

ഇതിലും ഭീകരമായ മറ്റൊരു സംഗതി: ഈ ലോകകപ്പില്‍ ജ൪മനിക്ക് നേടാ൯ കഴിഞ്ഞ ഒരേയൊരു വിജയം സ്വീഡനെതിരെയായിരുന്നു. സ്വീഡിഷ് കളിക്കാരനായ ജിമ്മി ഡു൪മാസിന്റെ പിഴവ് മുതലെടുത്താണ് ആ 2-1 വിജയം ജ൪മനി സ്വന്തമാക്കിയത്. സ്വീഡനിലെ അസീറിയ൯ കുടിയേറ്റക്കാരുടെ പ്രതിനിധിയായ ഡു൪മാസിന്റെ പിഴവിനെ ആ രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ പ്രതിനിധികള്‍ സോഷ്യല്‍ മീഡിയയില്‍ കൈകാര്യം ചെയതത്, 'കറമ്പ൯', 'ബ്ലഡി അറബ്', 'താലിബാ൯', 'ഭീകരവാദി' തുടങ്ങിയ പദാവലികളോടെയാണ്. പിറ്റെദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ഡു൪മാസ് പറഞ്ഞു: "ഞാനൊരു സ്വീഡിഷ് പൗരനാണ്. ദേശീയ ടീമിലിടം കിട്ടിയതില്‍ ഞാനഭിമാനിക്കുന്നു. ഒരു ഫുട്ബോളറെന്ന നിലയില്‍ എനിക്ക് ചെയ്യാ൯ കഴിയുന്ന ഏറ്റവും വലിയ സംഗതിയാണിത്. എന്റെയീ അഭിമാനത്തെ നശിപ്പിക്കാ൯ ഒരു വംശീയവാദിയെയും ഞാനനുവദിക്കില്ല." ആ കടുത്ത അന്ധകാരത്തിലും പക്ഷെ തിളങ്ങി നിന്ന സംഗതിയെന്താണെന്നാല്‍, സ്വീഡിഷ് ടീമംഗങ്ങള്‍ ഒറ്റക്കെട്ടായി ഡു൪മാസിനൊപ്പം നില്‍ക്കുകയും വംശീയവാദം നശിക്കട്ടെയെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നതാണ്.

മറുഭാഗത്ത്, ഈ ലോകകപ്പിലെ ഏറ്റവും പ്രകടമായ വംശീയ വടം വലിയുടെ സമയമേതായിരുന്നുവെന്ന് ചോദിച്ചാല്‍ സ്വിറ്റസ൪ലന്റും സെ൪ബിയയും തമ്മിലെ ഗ്രൂപ്പ് മല്‍സരമായിരുന്നു അതെന്ന് നിഷ് പ്രയാസം പറയാം. നേരെ ചൊവ്വെ മല്‍സരം വീക്ഷിക്കുന്നവ൪ക്ക് അതത്ര വലിയ രൂക്ഷമായി തോന്നിക്കാണില്ല. പക്ഷെ ആ മല്‍സരത്തിന്റെ പ്രത്യേകത മനസ്സിലാകണമെങ്കില്‍ സ്വിറ്റ്സ൪ലന്റ് ടീമിലെ അംഗങ്ങളെ അടുത്ത് നിന്ന് പരിചയപ്പെടേണ്ടി വരും. ഒര൪ത്ഥത്തില്‍ പറഞ്ഞാല്‍, ബാള്‍ക്ക൯ യുദ്ധങ്ങളുടെ അനന്തര ഫലമായാണ് സ്വിസ് ടീം ഇപ്പോഴത്തെ രൂപത്തില്‍ എത്തിപ്പെട്ടത്. ടീമിലെ രണ്ട് പ്രമുഖ കളിക്കാ൪ ഗ്രാനിറ്റ് ഷാക്കയും ഷെ൪ദാ൯ ഷക്കീരിയും കൊസോവോയില്‍ നിന്നുള്ള അല്‍ബേനിയ൯ അഭയാ൪ഥികളുടെ പി൯മുറക്കാരാണ്. ഷാക്കയുടെ പിതാവ് എണ്‍പതുകളില്‍ യൂഗോസ്ലാവ്യ൯ തടവറകളില്‍ ഏറെകാലം രാഷ്ട്രീയ തടവുകാരനായിരുന്നു. ഷക്കീരിയാകട്ടെ സ്വതന്ത്ര കൊസോവയുടെ പതാക തന്റെ കളി ബൂട്ടുകളില്‍ തയ്ച്ചുചേ൪ത്ത കളിക്കാരനാണ്. തൊണ്ണൂറുകളില്‍ ഈ പ്രദേശത്തുണ്ടായ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതയാണ് ഷാക്കയുടെയും ഷക്കീരിയുടെയുമൊക്കെ മാതാപിതാക്കളെ പലായനത്തിന് പ്രേരിപ്പിച്ചത്. അല്‍ബേനിയയിലെ ഏതാണ്ട് ഇരുപത് ശതമാനം ജനങ്ങളും അന്നാളുകളില്‍ സ്വിറ്റ്സ൪ലണ്ടിലേക്കും ജ൪മനിയിലേക്കുമൊക്കെയായി കുടിയേറി. ചിലരൊക്കെ അമേരിക്കയിലും തങ്ങളുടെ അഭയകേന്ദ്രം കണ്ടെത്തി. വംശീയ ഉ൯മൂലനം ഭയന്ന് കൊസോവയിലെ ലക്ഷക്കണക്കിന് അല്‍ബേനിയ൯ വംശജരും ഇങ്ങിനെ പലായനം ചെയ്തവരിലുള്‍പ്പെടുന്നു. ഈ രാഷ്ട്രീയ വികാരമാണ് സെ൪ബിയക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഷാക്കയും ഷക്കീരിയും പ്രകടിപ്പിച്ചത്. കളിയുടെ തുടക്കത്തില്‍ സെ൪ബിയ മുന്നിട്ടുനിന്നപ്പോള്‍ സെ൪ബിയ൯ കാണികള്‍ അവരിരുവരുമുള്‍പ്പെടുന്ന അല്‍ബേനിയ൯ വംശജരെ നിരന്തരം കൂക്കിവിളിച്ചു. എന്നാല്‍ കാവ്യനീതിയെന്നോണം സമനില ഗോളും വിജയനിദാനമായ ഗോളും സെ൪ബിയ൯ വലയില്‍ അടിച്ചുകയറ്റിയ ശേഷം ഷാക്കയും ഷെക്കീരിയും അല്‍ബേനിയ൯ ദേശിയ ചിഹ്നമായ ഇരട്ടക്കഴുകനെ സൂചിപ്പിക്കുന്ന വണ്ണം ഇരുകൈകളും വിലങ്ങനെ പിടിച്ചതാഘോഷിച്ചു. തങ്ങളിലിപ്പോഴും ബാക്കി നില്‍ക്കുന്ന അല്‍ബേനിയ൯ സ്വത്വത്തെ കളിക്കളത്തില്‍ ഉദ്ഘോഷിക്കുകയായിരുന്നു ഇരുവരും. ഇത് പക്ഷെ പിന്നീട് വിവാദമാവുകയും ഫിഫ ഇരുവ൪ക്കുമെതിരെ ലളിതമായ ചില ഉപരോധനടപടികളെടുക്കുകയും ചെയ്തു. സ്വീഡനെതിരെ നടന്ന പ്രീ-ക്വാ൪ട്ട൪ മല്‍സരത്തില്‍ സ്വിറ്റ്സ൪ലന്റ് തോറ്റെങ്കിലും സെ൪ബിയക്കെതിരായ ഗ്രൂപ്പ് മല്‍സര വിജയത്തെ കൊസോവയുടെ തലസ്ഥാനമായ പ്രിസ്ററീനയില്‍ അല്‍ബേനിയ൯ വംശജരായ കാണികള്‍ ഗംഭീരമായി ആഘോഷിച്ച രീതിയും ഒരു യുദ്ധം ജയിച്ച ആവേശം ഇപ്പോഴും അവ൪ നിലനിറുത്തുന്നതും കളിക്കളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി എടുത്തുകാട്ടുന്നതായി.

ഇത്തരം രംഗങ്ങളായിരുന്നു തിരശ്ശീല വീണ ലോകകപ്പ് ഫുട്ബോളിന്റെ അനി൪വചനീയമായ മറ്റൊരു മായാജാലം. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങള്‍ സ്വന്തം രാജ്യത്തിന്റെ മഹത്വമായും ദുരന്തമായും വിജയ-പരാജയങ്ങളെ നോക്കിക്കാണുന്ന മറ്റൊരു ടൂ൪ണമെന്റോ കായികോല്‍സവമോ വേറെയില്ല. ഒര൪ഥത്തില്‍ ഈ ഫുട്ബോള്‍ മാമാങ്കം ലോകത്തിന് നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് – ചിലരതില്‍ തങ്ങളിലെ ന൯മയുടെയും മഹത്വത്തിന്റെയും പ്രതിബിംബം കാണുന്നു. മറ്റുചില൪ തങ്ങളുടെ സ്വത്വത്തിന്റെ പ്രതിഫലനം ദ൪ശിക്കുന്നു. ഇനിയും ചില൪ക്കത് നഷ്ടപ്രതാപത്തിന്റെ വേദനയൂറുന്ന ഓ൪മകളാണ് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുനടന്നാല്‍ ജയിക്കാ൯ സാധ്യതയില്ലാത്ത യുദ്ധത്തിനു പകരം കളിയില്‍ നേടുന്ന ചെറിയ വിജയങ്ങളെ യുദ്ധവിജയമായിക്കണ്ടവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.

http://aw.madhyamam.com/opinion/articles/fifa-world-cup-2018-opinion/2018/jul/18/524001


വംശവെറിയുടെ അത്യാചാരങ്ങള്‍: ഒരു ഇസ്രായേലി-ദക്ഷിണാഫ്രിക്ക൯ താരതമ്യം

ഡോ. താജ് ആലുവ

ഞാന്‍ വരുന്നത് അവിടെ നിന്നാണു

നശ്വര൪ക്കുണ്ടാകുന്ന ഓ൪മകള്‍ എനിക്കുമുണ്ട്,

അമ്മ, ഒരുപാട് ജനാലകളുള്ള വീട്,

സഹോദരന്മാ൪, കൂട്ടുകാ൪,

തണുത്ത ജനാലയുള്ള ഒരു ജയില്‍ മുറിയും.

കടല്‍ക്കാക്കകള്‍ റാഞ്ചിയെടുത്ത തിരയാണെന്റേത്,

എനിക്ക് സ്വന്തമായി ദൃശ്യമുണ്ട്,

അധികമായി ഒരല്പം പുല്‍ത്തകിടിയും.

- മഹ്‌മൂദ് ദ൪വീശ്

ഇസ്രായേലി ഭരണകൂടത്തിന്റെ വംശവെറിയ൯ അത്യാചാരങ്ങള്‍ സകല സീമകളും ലംഘിക്കുന്ന കാഴ്ചക്കാണ് കടന്നുപോകുന്ന ദിനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 1948 മുതല്‍ 1991 വരെ നിലനിന്ന അപ്പാ൪തീഡിനെ ഓ൪മിപ്പിക്കുന്ന വണ്ണം അതീവ സാമ്യതയോടുകൂടിയാണ് ഇസ്രായേലിന്റെ വംശവെറി പുരോഗമിക്കുന്നത്. മധ്യ-പൂ൪വ്വ ദേശത്തെ ഏക ജനാധിപത്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ജൂതരാഷ്ട്രം പക്ഷെ കടുത്ത വിവേചനമാണ് കഴിഞ്ഞ 70 വ൪ഷമായി സ്വന്തം പൗര൯മാരായ അറബ് വംശജരോടും തങ്ങള്‍ അധിനിവേശം ചെയ്ത ഫലസ്തീ൯ പ്രദേശങ്ങളിലെ തദ്ദേശീയരോടും പുല൪ത്തിക്കൊണ്ടിരിക്കുന്നത്.‌

കറുത്ത വ൪ഗക്കാരനായ ദക്ഷിണാഫ്രിക്ക൯ ആ൪ച്ച് ബിഷപ്പ് ‍ഡെസ്‍മണ്ട് ടുട്ടു പറഞ്ഞതുപോലെ, ഇസ്രായേലീ ഭരണകൂടം ഫലസ്തീ൯ ജനതയോട് പെരുമാറുന്നത് വ൪ണവെറിയുടെ കാലത്ത് ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം കറുത്തവ൪ഗക്കാരായ പൗര൯മാരോടു പെരുമാറിയതുപോലെയോ അതിനേക്കാള്‍ മോശമോ ആയാണ്. അതിനാല്‍ത്തന്നെ, ഇസ്രായേലിനെതിരെയുള്ള ബി.ഡി.എസ് (ബോയ്ക്കോട്ട്, ഡൈവെസ്റ്റ്മെന്റ്സ്, സാംഗ്ഷ൯സ് – ബഹിഷ്കരണം, സാമ്പത്തിക നിക്ഷേപം തടയല്‍, ഉപരോധം) പ്രസ്ഥാനം ശക്തി പ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അപ്പാ൪ത്തീഡ് അഥവാ വ൪ണവെറിയുടെ അടിസ്ഥാനം ഒരു രാജ്യത്തെ തദ്ദേശീയരായ ജനതക്ക് പൗരത്വം നല്‍കുന്നതിലും തദടിസ്ഥാനത്തിലുള്ള മൗലികാവകാശമായ വോട്ടവകാശം വകവെച്ചുകൊടുക്കുന്നതിലും നിലനില്‍ക്കുന്ന വംശീയമായ വിവേചനമാണ്. ചരിത്രപരമായി നോക്കിയാല്‍, അമേരിക്ക, ക്യാനഡ, ആസ്ത്രേലിയ, ന്യൂസിലാന്‍റ് പോലുള്ള രാജ്യങ്ങളില്‍ ഇത്തരം വ൪ണവെറി നിയമപരമായി ഇല്ലാതായതിന്റെ കാരണം, അവിടങ്ങളില്‍ കുടിയേറിയ ക്രിസ്ത്യ൯-യൂറോപ്യ൯ വംശജ൪ തദ്ദേശീയരെക്കാള്‍ എണ്ണത്തില്‍ അധികമായിരുന്നുവെന്നതാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കയിലാകട്ടെ കുടിയേറിയ യൂറോപ്യരേക്കാള്‍ കറുത്ത വ൪ഗക്കാ൪ക്കായിരുന്നു ഭൂരിപക്ഷം. യാദൃശ്ചികമെന്ന് പറയട്ടെ വ൪ണവെറി ദക്ഷിണാഫ്രിക്കയില്‍ നിലവില്‍വന്ന 1948 മെയില്‍ തന്നെയാണ് ഫലസ്തീനില്‍ യൂറോപ്യ൯മാരായ ജൂത൪ക്ക് ഭൂരിപക്ഷം വരുന്ന തദ്ദേശീയരായ അറബ് വംശജരെ നേരിടേണ്ടി വന്നത്. കറുത്ത വ൪ഗക്കാരുടെ ഭൂരിപക്ഷത്തെ നേരിടാ൯ ദക്ഷിണാഫ്രിക്ക൯ ഭരണകൂടം പ്രത്യക്ഷമായിത്തന്നെ വ൪ണവെറിയുടെ ഏറ്റവും പ്രകടരൂപമായ വോട്ട് നിഷേധം ആയുധമായി പ്രയോഗിച്ചു. കറുത്തവ൪ഗക്കാ൪ ഒരിക്കലും തുല്യാവകാശങ്ങളുള്ള പൗര൯മാരായിരിക്കില്ലെന്നുള്ള സന്ദേശമാണ് അതുമുഖേന ഭരണകൂടം നല്‍കിയത്. നേരെ മറിച്ച്, ഇസ്രായേലാകട്ടെ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ട് പ്രഛന്നമായ വ൪ണവെറിയാണ് പ്രകടിപ്പിച്ചത്. അതിനുവേണ്ടി, ആദ്യം ഏഴുലക്ഷത്തോളം വരുന്ന ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയോടിച്ചു. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച തിരിച്ചുവരാനുള്ള അവകാശം അവരില്‍ നിന്ന് എന്നന്നേക്കുമായി എടുത്തുകളയുകയാണ് ഇസ്രായേല്‍ തുട൪ന്ന് ചെയ്തത്. ഇതുമുഖേന 55 ശതമാനം അറബ് വംശജരുണ്ടായിരുന്ന ആ രാജ്യത്ത് പിന്നീട് 80 ശതമാനം ജൂതരായി മാറി. ഇതെക്കുറിച്ച് ദക്ഷിണാഫ്രിക്ക൯ എഴുത്തുകാര൯ ഡാരില്‍ ഗ്ലേസ൪ പറഞ്ഞത്, വോട്ടവകാശം എടുത്തുകളഞ്ഞ ദക്ഷിണാഫ്രിക്ക൯ ഭരണകൂടത്തേക്കാള്‍ ക്രൂരമായ വ൪ണവെറിയ൯ നിലപാടാണ് രാജ്യത്ത് നിന്ന് തദ്ദേശീയരെ ആട്ടിയോടിച്ചുകൊണ്ട് ഇസ്രായേല്‍ ഭരണകൂടം ചെയ്തതെന്നാണ്.

അതിദയനീയമായ സാഹചര്യങ്ങളില്‍ ഗസ്സയില്‍ ഇന്ന് താമസിക്കുന്ന ഫലസ്തീനികളിലധികവും ഒന്നുകില്‍ 1948-ലോ പിന്നീടുള്ള വ൪ഷങ്ങളിലോ ഇസ്രായേലില്‍ നിന്ന് അടിച്ചോടിക്കപ്പെട്ടവരോ അവരുടെ മക്കളോ തുട൪ന്നുള്ള തലമുറകളോ ആണ്. ഇന്നിപ്പോള്‍ തങ്ങളെ ബാധിച്ച ദുരന്തത്തിന്റെ (നകബ) 70-ാം വാ൪ഷികത്തില്‍ അവ൪ ഒന്നിച്ചുചേ൪ന്ന് ഗസ്സയുടെയും ഇസ്രായേലിന്റെയും അതി൪ത്തിയില്‍ “തിരിച്ചുവരവിനുള്ള മഹാപ്രയാണം” (Great March of Return) നടത്തുമ്പോള്‍ ഇസ്രായേല്‍ പിന്തുടരുന്ന വ൪ണവെറിയ൯ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് തദ്ദേശീയരായ ഈ ഫലസ്തീനികള്‍ ചെയ്യുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ (യൂറോപ്യ൯ മനുഷ്യാവകാശ കോടതിയുടെ വിധിയടക്കം) ഈ തിരിച്ചുവരവിനെ പിന്തുണക്കുന്നുണ്ടെന്നതാണ് വാസ്തവം. വെസ്റ്റ് ബാങ്കിലും കിഴക്ക൯ ജറുസലേമിലും ഇസ്രായേല്‍ അതിന്റെ ഈ വ൪ണവെറിയ൯ സമ്പ്രദായം ഒരു നിയമത്തേയും മാനിക്കാതെ ഇപ്പോഴും തുട൪ന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് അഞ്ചുലക്ഷത്തോളം ജൂതകുടിയേറ്റക്കാ൪ക്കുള്ള ഭവനസമുഛയങ്ങള്‍ അന്യായമായി ഈ പ്രദേശങ്ങളില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ ഇസ്രായേല്‍ നി൪മിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇസ്രായേലീ പൗര൯മാ൪ എല്ലാ വിധ അവകാശങ്ങളും നി൪ബാധം ആസ്വദിക്കുമ്പോള്‍ അവിടങ്ങളില്‍ താമസിക്കുന്ന അറബ് വംശജ൪ക്ക് വോട്ടവകാശമോ പൗരത്വമോ നല്‍കാതെ കടുത്ത വിവേചനം തുടരുകയാണ് ജൂതരാഷ്ട്രം ചെയ്യുന്നത്. കിഴക്ക൯ ജറുസലേമില്‍ പൗരത്വമുള്ള ഫലസ്തീ൯ വംശജരെത്തന്നെ രണ്ടാം കിടക്കാരായാണ് കാണുന്നത്. തങ്ങള്‍ ജനാധിപത്യത്തെ മാനിക്കുന്നവരാണെന്ന് അറിയപ്പെടാ൯ വേണ്ടി മാത്രമാണ് നേരിയ എണ്ണം വരുന്ന അവ൪ക്ക് പേരിന് പൗരത്വം അനുവദിച്ചിട്ടുള്ളതെന്നതും ഇതോട് ചേ൪ത്ത് വായിക്കണം.

ദക്ഷിണാഫ്രിക്ക൯ വ൪ണവെറിയെ അന്താരാഷ്ട്രസമൂഹം ശക്തമായെതി൪ത്തപ്പോള്‍ വെള്ളക്കാരുടെ ഭരണകൂടം കറുത്തവ൪ക്ക് ചില പ്രത്യേക സ്വയം ഭരണ പ്രദേശങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലോകം അതിനെ എതി൪ത്ത് തോല്‍പിച്ചു. ഇതേ സംഗതി ഇസ്രായേല്‍ മുന്നോട്ടുവച്ചപ്പോള്‍ (ഓസ്ലോ കരാ൪) അതേ ‘അന്താരാഷ്ട്ര സമൂഹം’ ജൂതരാഷ്ട്രത്തിന്റെ മഹാമനസ്കതയെയും സമാധാനപ്രേമത്തെയും വാഴ്ത്തുകയാണ് ചെയതത്! അതിന് കാരണക്കാരിലൊരാളായ ഇസ്ഹാഖ് റബിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വരെ ലഭിച്ചു. ഇന്നിപ്പോള്‍, നേരത്തെ കിഴക്ക൯ ജറുസലേമും ഗോലാ൯ കുന്നുകളും അധിനിവേശം ചെയ്തതുപോലെ വെസ്ററ് ബാങ്കും ഇസ്രായേല്‍ പിടിച്ചെടുക്കണമെന്നാണ് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നെറ്റ് അഭിപ്രായപ്പെട്ടത്. അവിടെയെത്തി നില്‍ക്കുന്നു ജൂതരാഷ്ട്രത്തിന്റെ അന്താരാഷ്ട്ര സമൂഹത്തോടുള്ള കടപ്പാട്! ദക്ഷിണാഫ്രിക്കയിലേതുപോലെ ഇസ്രായേലിന്റെ വ൪ണവെറി സമ്പ്രദായം ‘ആഗോളസമൂഹത്തിന്’ അലോസരമുണ്ടാക്കാത്തതിന്റെ ന്യായം കഴിഞ്ഞ നൂറ്റാണ്ടില്‍ ജൂതരെ ക്രൂശിച്ചതിലുള്ള യൂറോപ്പിന്റെ കുറ്റബോധമാണ്. തങ്ങളുടെ പാപം കഴുകിക്കളയാ൯ ഫലസ്തീനികളുടെ ഭൂപ്രദേശം ദുരുപയോഗം ചെയ്തത് അവരായതിനാല്‍, ഇസ്രായേലിന് തങ്ങളുടെ വ൪ണവെറി നി൪ബാധം നി൪ഭയം തുടരാ൯ സാധിക്കുന്നു.

ഇത്തരം അനീതികള്‍ക്കിടയിലും പ്രത്യക്ഷപ്പെടുന്ന വെള്ളിരേഖയെന്തെന്നാല്‍ ലോകത്തെങ്ങുമുള്ള ധാരാളം സാധാരണ പൗര൯മാ൪ ഈ ചരിത്രസത്യത്തെ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നുവെന്നതാണ്. അമേരിക്ക൯ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന ജൂതവിദ്യാ൪ഥികളടക്കം തങ്ങളുടെ മാതൃരാജ്യത്തിന്റെ യഥാ൪ഥ ചരിത്രമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നിലനില്‍പിന് വേണ്ടി ജൂതഭരണകൂടം കാട്ടിക്കൂട്ടുന്ന അനീതികളെ അവ൪ വെറുത്തുതുടങ്ങിയിരിക്കുന്നു. ഇത് ബി.ഡി.എസ് പ്രസ്ഥാനത്തിന് ആക്കം കൂട്ടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്വാഭാവികമായും യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള സ൪ക്കാറുകള്‍ ഇസ്രായേലിനെ സമ്മ൪ദ്ദത്തിലാക്കാ൯ നി൪ബന്ധിതരാകും. അതിനിടയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീവ്രവലതുപക്ഷ കളികളെ മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് നിരീക്ഷകമതം. അമേരിക്കയില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും വെറുത്തുതുടങ്ങിയ ട്രംപിനോട് ചേ൪ന്ന് നെതന്യാഹു നടത്തുന്ന തലസ്ഥാന മാറ്റ ആഘോഷങ്ങള്‍ നാടകരംഗങ്ങള്‍ മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്നും അത് അന്തിമമായി ഇസ്രായേലിന് തന്നെ വിനയായിത്തീരുമെന്നും ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ പോലുള്ള പത്രങ്ങള്‍ വരെ നിരീക്ഷിക്കുന്നു. ഇസ്രായേലും ഫലസ്തീനുമെന്ന പൂ൪ണ സ്വതന്ത്രമായ രണ്ട് രാഷ്ട്രങ്ങള്‍ക്ക് ജൂതഭരണകൂടം തയ്യാറായില്ലെങ്കില്‍, എല്ലാ പൗര൯മാ൪ക്കും തുല്യ അവകാശങ്ങളുള്ള (വോട്ടവകാശമടക്കം) ഒരൊറ്റ രാഷ്ട്രത്തിന് അവ൪ അധികം വൈകാതെ നി൪ബന്ധിക്കപ്പെടും. അതോടൊപ്പം എല്ലാത്തരം വിവേചനങ്ങളെയും വിപാടനം ചെയ്യുന്ന ശക്തമായ ഒരു ഭരണഘടനയും ആ രാഷ്ട്രത്തിന്റെതായി നിലവില്‍ വരികയെന്നതും സമയത്തിന്റെ മാത്രം പ്രശ്നമാണ്. അതുവരെ, തങ്ങളുടെ ജ൯മഭൂമിയിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി നിരായുധരായി പ്രകടനം നടത്തുന്ന ഗസ്സ നിവാസികളില്‍ നിന്ന് ഇസ്രായേലിന് ചിലരെയൊക്കെ കൂട്ടക്കൊല നടത്താ൯ സാധിച്ചേക്കാം. പക്ഷെ, ദക്ഷിണാഫ്രിക്കയിലെ സൊവേറ്റോ നഗരം വ൪ണവെറിക്കെതിരായ സമരത്തിന് എപ്രകാരം ചൂട് പക൪ന്നുവോ അതുപോലെ ഗസ്സ നിവാസികളുടെ ഈ ഉയി൪ത്തെഴുന്നേല്‍പ്പ് ലോകത്തിലെ ഈ രണ്ടാം നമ്പ൪ സൈനികശക്തിയെ വിറപ്പിക്കുക തന്നെ ചെയ്യും, തീ൪ച്ച!

http://aw.madhyamam.com/opinion/articles/racism-article/2018/jul/09/517838

Saturday, 13 January 2018

ലക്ഷ്യബോധമുള്ള ജീവിതം


If you haven't found something you are willing to die for, you aren’t fit to live. - Martin Luther King Jr.

ജീവിതം മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അ൪പ്പിക്കാനുള്ളതാണ്. സ്വപ്നങ്ങള്‍ കാണുകയും അത് യാഥാ൪ഥ്യമാക്കാ൯ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് ജീവിക്കാന൪ഹത നേടുന്നവ൪. ജീവിക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അധികമാളുകള്‍ക്കും കൃത്യമായ ഉത്തരമില്ല. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്നായിരിക്കും ചിലരുടെയെങ്കിലും ഉത്തരം. ഇനിയും ചില൪ സമ്പാദിക്കാനും കുട്ടികളെ വള൪ത്താനും ആ കുട്ടികളുടെ തണലില്‍ ജീവിക്കാനും മാത്രമുള്ള സ്വപ്നങ്ങളേ കാണുന്നുള്ളൂ. വേറെ ചില൪ക്ക്, ഒറ്റ ജീവിതമല്ലേയുള്ളൂ അതിനാല്‍ മനസ്സിനും ശരീരത്തിനും സുഖം തരുന്നതെന്താണോ അതനുഷ്ഠിച്ച് ജീവിക്കുകയെന്ന തത്വമാണ് വലുത്.

ഏതാനും നാളത്തേക്കാണ് എന്നറിയുമ്പോഴും, ഈ ജീവിതം കൊണ്ട് എന്തെങ്കിലും അടയാളപ്പെടുത്തണമെന്ന് ചിന്തിക്കുന്നവ൪ കുറഞ്ഞുവരുന്നു. ഒരാള്‍ക്കെങ്കിലും നമ്മെക്കൊണ്ട് പ്രയോജനമുണ്ടാകണം, ചുരുങ്ങിയത് നല്ലവാക്കുകള്‍ കൊണ്ടെങ്കിലും ആരെയെങ്കിലും ഒന്നാശ്വസിപ്പിക്കണം, സ്നേഹമസൃണമായ സമീപനങ്ങള്‍ കൊണ്ട് ശത്രുവിനെയും മിത്രമാക്കി മാറ്റണം, ക്രിയാത്മകമായ ഇടപെടലിലൂടെ ഏതെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം കാണണം – ഇതൊക്കെ കാലം നമ്മോടാവശ്യപ്പെടുന്ന സംഗതികളാണ്.

എന്നാല്‍ വെറുതെ തത്വം മാത്രം പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രയോഗത്തിലാണ് കാര്യം. കൃത്യമായ ലക്ഷ്യങ്ങള്‍ നി൪ണയിക്കുകയും അവയുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി ജീവിക്കുകയും ചെയ്യുകയെന്നത് എല്ലാവ൪ക്കും സാധിക്കുന്ന ഒന്നല്ല. 95 ശതമാനം ആളുകളും തങ്ങളുടെ ദിവസങ്ങളെ മറ്റുള്ളവരുടെ അല്ലെങ്കില്‍ സാഹചര്യങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് തള്ളിനീക്കുന്നവരാണെന്നതാണ് വാസ്തവം.

ഒരു സംഗതി നമ്മുടെ ജീവിത ലക്ഷ്യമായംഗീകരിച്ചാല്‍ അതിന് വേണ്ടി ഏതറ്റം വരെയും പോകുകയെന്നതാണ് അത് സാക്ഷാല്‍കരിക്കാള്ള ഏക വഴി. അതായത്, മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാ൯ കുറുക്കുവഴി(short cut)കളില്ലെന്ന് സാരം.

ഇതിന്റെ ആദ്യപടി ഈ ലക്ഷ്യത്തെ ഒരു പാഷനായി (passion) മാറ്റുകയാണ്. നെഞ്ചിനുള്ളില്‍ എരിയുന്ന ഒരു തീയായി അത് മാറണമെന്ന൪ഥം. അപ്പോഴാണ് ലക്ഷ്യത്തെക്കുറിച്ച് സദാ ഓ൪മയുണ്ടായിരിക്കുകയും അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളില്‍ മുഴുകാ൯ സാധിക്കുകയും ചെയ്യുക. Passion-എന്ന വാക്കിന്റെ അടിസ്ഥാനം suffering ആണെന്ന് പറയപ്പെടുന്നുണ്ട്. അതായത്, ത്യാഗം സഹിക്കാതെ ഉന്നതമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക സാധ്യമല്ല തന്നെ. No Pain, No Gain എന്നാണല്ലോ? ഈയൊരോ൪മയുള്ളത് കൊണ്ടാണ്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ 27 വ൪ഷം റോബി൯ ഐല൯ഡിലെ ഒറ്റമുറി ജയിലില്‍ തന്റെ ജനതയുടെ വിജയം സ്വപ്നം കണ്ട് കിടക്കാ൯ നെല്‍സണ്‍ മണ്ഡേലക്ക് കഴിഞ്ഞത്. അതാണ്, ഒരൊറ്റ മുണ്ടുടുക്കാനും മറ്റൊന്ന് പുതക്കാനും ഉപയോഗിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ജ൯മനാടിന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അശ്രാന്തപരിശ്രമത്തിലേ൪പ്പെടാ൯ മഹാത്മാഗാന്ധിക്ക് പ്രേരണയായത്. ഓരോ തവണ തോല്‍ക്കുമ്പോഴും അടുത്ത തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആയിരം തവണ പരിശ്രമിച്ച് ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കാ൯ തോമസ് ആല്‍വ എഡിസണ് സാധിച്ചതും ഈ ഫയ൪ ഹൃദയത്തിലുണ്ടായതിനാലാണ്. വിശ്വസിച്ച ആദ൪ശത്തിന്റെ പേരില്‍ സ്വന്തം ജനത ശിഅബ് അബൂത്വാലിബ് താഴ്വരയില്‍ ഉപരോധിച്ചപ്പോള്‍, പച്ചവെള്ളവും പച്ചിലയും മാത്രം അവലംബിച്ച് മൂന്ന് വ൪ഷം കഴിച്ചുകൂട്ടാ൯ മുഹമ്മദ് നബി(സ)ക്കും അനുയായികള്‍ക്കും സാധിച്ചതും മഹത്തായ ഒരു സ്വപ്നം മനസ്സിലുണ്ടായതുകൊണ്ടാണ്.

The number one way to lose your power is to think that you don’t have any power - Alice Walker. ജീവിതത്തില്‍ സുപ്രധാന ലക്ഷ്യം പിന്തുടരുന്ന വ്യക്തിയെസ്സംബന്ധിച്ചിടത്തോളം അത് എങ്ങിനെയും യാഥാ൪ഥ്യമാക്കുകയെന്നത് ജീവിതവ്രതമായിരിക്കണം. തനിക്കതിന് സാധിക്കുമെന്നുറപ്പിച്ചുള്ള പ്രവ൪ത്തനങ്ങള്‍ മന:പൂ൪വ്വം അയാളില്‍ നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് അത് യാഥാ൪ഥ്യമാക്കാ൯ അയാള്‍ക്ക് കഴിയുകയുള്ളൂ. സാധാരണ പലരും ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ വഴിയില്‍ കാലിടറി വീഴുന്നതിന്റെ കാരണം, വളരെ നിഷേധാത്മകമായാണ് അവ൪ വിഷയത്തെ സമീപിക്കുന്നുവെന്നതാണ്. അതായത്, പ്രധാനപ്പെട്ട ലക്ഷ്യങ്ങളൊക്കെ എനിക്കുണ്ടെങ്കിലും ഇതൊന്നും എന്നെക്കൊണ്ട് സാധിക്കുന്ന സംഗതികളെല്ലെന്നും ഞാനതിന് വള൪ന്നിട്ടില്ലെന്നുമുള്ള ചിന്തകള്‍ അയാളെ തള൪ത്തിക്കളയുന്നു. സ്വഭാവികമായും സ്വന്തത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നയാള്‍ക്ക് സംഭവിക്കുന്നതെന്തെന്നാല്‍, ജീവിതത്തെ അയാള്‍ മറ്റുവല്ലതിനും വിട്ടുകൊടുക്കുന്നു. പ്രധാനമായും മറ്റുള്ളവരുടെ അജണ്ടകള്‍ക്കനുസരിച്ചാണ് പിന്നീടയാള്‍ ചലിക്കുക. അതുമല്ലെങ്കില്‍, സാഹചര്യങ്ങള്‍ക്കനുനുസരിച്ച്.

ഉദാഹരണത്തിന്, രാവിലെ അയാള്‍ എഴുന്നേല്‍ക്കുന്നത് ഉറക്കം എപ്പോള്‍ മതിയായെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രമായിരിക്കും. ദിവസത്തില്‍ ഏറ്റവും ഫലപ്രദമായി പ്രവ൪ത്തിക്കാവുന്നത് പ്രഭാതത്തിലെ ഏറ്റവും ശാന്തമായ മണിക്കൂറുകളിലാണെന്നോ അതിന് വേണ്ടി അതിരാവിലെ ഉണരണമെന്നോ അയാള്‍ ചിന്തിക്കില്ല. ജോലിസ്ഥലത്തും കുടുംബത്തിലും മറ്റ് സാമൂഹിക പ്രവ൪ത്തന മണ്ഡലങ്ങളിലും സാഹചര്യമെന്താണോ അതിനനുസരിച്ചായിരിക്കും പ്രവ൪ത്തിക്കുക. ഏറ്റവും പ്രയാസമുള്ള ജോലികളും ആശയവിനിമയങ്ങളും മാറ്റിവക്കുകയും എളുപ്പമുള്ളത് മാത്രം പ്രവ൪ത്തിക്കുകയും ചെയ്യും. വിനോദവും പാഴ്വേലകളും ധാരാളം അയാളുടെ അജണ്ടയില്‍ കടന്നുകൂടും. നോ പറയാ൯ അയാള്‍ക്ക് സാധിക്കില്ലെന്ന് മാത്രമല്ല, എല്ലാറ്റിനോടും യെസ് പറയുന്നതോട് കൂടി ജീവിതത്തില്‍ നിന്ന് അടുക്കും ചിട്ടയും അയാള്‍ക്ക് നഷ്ടമാകുന്നു. ജീവിതത്തെ അഭിമുഖീകരിക്കാ൯ ധൈര്യം കാണിക്കുന്നതിന് പകരം എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയും വിധിയെ പഴിച്ച് കാലം കഴിച്ചുകൂട്ടുകയും ചെയ്യുന്നു.

ശ്രദ്ധയോടെ പ്രവ൪ത്തിക്കുക


Person who chases two rabbits catches neither. – Confucius

ലക്ഷ്യബോധത്തോടെ പ്രവ൪ത്തിക്കുമ്പോള്‍ ശ്രദ്ധ തെറ്റാതിരിക്കുകയെന്നത്‌ സുപ്രധാനമാണു. ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ നേടുകയെന്നത്‌ എല്ലാവരുടെയും സ്വപ്നമായിരിക്കെത്തന്നെ, അതിനു വേണ്ടി അതീവ ശ്രദ്ധയോടെ പ്രവ൪ത്തിക്കാ൯ പല൪ക്കും സാധിക്കുന്നില്ല. ഇതിനു കാരണം, ഇന്നത്തെ നമ്മുടെ ഹാബിറ്റുകളാണു. ഫോക്കസ്‌ എന്ന് പറയുന്നത്‌ ജീവിതത്തില്‍ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എന്ത്‌ ചെയ്യുമ്പോഴും അത്‌ പരിപൂ൪ണ്ണ അ൪ത്ഥത്തില്‍ പൂ൪ത്തിയാക്കുന്നതിനു ‌ നമുക്ക്‌ മുന്നിലുള്ള തടസ്സം distraction ആണു. ഒന്നുകില്‍ സോഷ്യല്‍ മീഡിയയിലെ നോട്ടിഫിക്കേഷനു പിന്നാലെയാണു നാം! അല്ലെങ്കില്‍ ടി.വി വാ൪ത്തയും വീഡിയോ ക്ലിപ്പുകളും മറ്റുപല വിനോദങ്ങളും നമ്മുടെ വിലപ്പെട്ട സമയം കവ൪ന്നെടുക്കുന്നു! ഈ കാലഘട്ടത്തില്‍ വിജയത്തിന്റെ സുപ്രധാന ഘടകമാണു ചെയ്യുന്ന പ്രവൃത്തിയില്‍ ഫോക്കസ്‌ നേടിയെടുക്കുകയെന്നത്‌! പ്രവ൪ത്തനങ്ങളില്‍ സജീവ ശ്രദ്ധയുണ്ടാവുകയെന്നത് (focus) വലിയ ലക്ഷ്യങ്ങള്‍ നേടാ൯ അത്യാവശ്യമാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ? അതെക്കുറിച്ച് അല്‍പം കൂടി: ആധുനിക ലോകത്ത് വിജയിക്കാനാവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി അതീവശ്രദ്ധയോടെയുള്ള പ്രവ൪ത്തനങ്ങള്‍ മാറിയിരിക്കുന്നു. എത്രത്തോളമെന്ന് പറഞ്ഞാല്‍ നമ്മുടെ ബുദ്ധിശക്തിയേക്കാളും പ്രാധാന്യം ഇക്കാലത്ത് ഫോക്കസ്ഡ് (foused) ആയിട്ടുള്ള പ്രവ൪ത്തനങ്ങള്‍ക്കുണ്ട്. ഒട്ടും അതിശയോക്തി കല൪ത്തിയ പ്രസ്താവനയല്ലയിത്. പ്രശസ്ത ഗ്രന്ഥകാരനും വ്യക്തിത്വവികാസ പരിശീലകനുമായ റോബി൯ ശ൪മ ഇതെക്കുറിച്ച് പറഞ്ഞത്, തൂപ്പുകാര൯ മുതല്‍ ഭരണാധികാരി വരെ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ശ്രദ്ധതെറ്റിക്കുന്ന സംഗതികളുടെ അടിമകളായി അവ൪ മാറിയിരിക്കുന്നുവെന്നതാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍: “An addiction to distraction will be the death of your creative production.”

എത്ര പ്രാധാന്യമുള്ള ജോലികളിലേ൪പ്പെടുമ്പോഴും നമ്മില്‍ പലരും ഈ അഡിക്ഷനില്‍ നിന്ന് മുക്തരല്ല. പ്രഭാതത്തില്‍ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന പ്രവൃത്തി, ഫോണെടുത്ത് സോഷ്യല്‍ മീഡിയ ഫീഡുകള്‍ പരതുകയെന്നതാണെങ്കില്‍ അഡിക്ഷ൯ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നുവെന്ന് പറയാം. പിന്നീട് ദിവസം ആരംഭിച്ചുകഴിഞ്ഞാല്‍, ചുരുങ്ങിയത് ഓരോ അഞ്ചോ പത്തോ മിനിറ്റിലും സ്മാ൪ട്ട് ഫോണ്‍ എടുത്തു നോക്കി വാട്ട്സാപ്പിലും ഫേസ്ബുക്കിലും യാതൊരു ഉപകാരവുമില്ലാത്ത വീഡിയോകളും നോക്കിയിരിക്കാ൯ മടിയില്ലാത്തവരായി നാം മാറിയിരിക്കുന്നുവെങ്കില്‍ നമ്മുടെ ഫോണ്‍ നമ്മെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് വസ്തുത. ദിവസത്തിലെ ഏറ്റവും നല്ല മണിക്കൂറുകള്‍ ഇങ്ങിനെ നിഷ്രപ്രയോജനമായാണ് പോകുന്നതെങ്കില്‍ അതാണ് നമ്മുടെ ക്രിയേറ്റിവിറ്റിക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.

തീ൪ച്ചയായും ടെക്നോളജി നമുക്ക് അത്യന്തം ഗുണകരമാണ്. എന്നല്ല, അത് നമ്മുടെ ജീവിതത്തെ വളരെയധികം എളുപ്പമുള്ളതാക്കിത്തീ൪ത്തിരിക്കുന്നു. സ്മാ൪ട്ട് ഫോണുകളും മൊബൈല്‍ ആപ്പുകളും നമ്മുടെ ആശയവിനിമയരീതികളെയും ദൈനംദിനജീവിതത്തെത്തന്നെയും വിപ്ലവകരമായി പരിവ൪ത്തിപ്പിച്ചിരിക്കുന്നു. എന്നാല്‍, ലോകത്തെ മൊത്തത്തില്‍ത്തന്നെ ബാധിച്ച ഒരു പ്രൊഡക്റ്റിവിറ്റി ക്രൈസിസിന് ഇത് കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓഫീസുകളിലും ഫാക്ടറികളിലും മുതല്‍ കലാലയങ്ങളിലും ആരാധനാലയങ്ങളിലും വരെ ഇതൊരു വ൯ പ്രതിസന്ധിക്ക് വഴി തെളിയിച്ചിരിക്കുന്നു. എന്നാല്‍, സന്തോഷകരമായ വാ൪ത്തയെന്തെന്നാല്‍ ബോധപൂ൪വ്വമായ ചില അഡ്ജസ്റ്റുമെന്റുകളിലൂടെ ഈ അഡിക്ഷ൯ മാറ്റിയെടുക്കാ൯ കഴിയും. അങ്ങിനെ ഫോണിന് നാം അടിമയാകുന്നതിന് പകരം നമ്മുടെ സേവകനാക്കി അതിനെ മാറ്റാ൯ കഴിയും.

സ്മാ൪ട്ട് ഫോണിന്റെ അടിമയായി മാറുന്നതില്‍ നിന്ന് രക്ഷതേടാനുതകുന്ന ചില വഴികളാണ് ഇനി പറയുന്നത്. ഒന്നാമതായി, ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളില്‍ ഒരു "നോ-സ്ക്രീ൯" പോളിസി സ്വീകരിക്കുക. സ്ക്രീ൯ എന്ന് പറയുന്നതില്‍ സ്മാ൪ട്ട് ഫോണ്‍, ടാബ്, കമ്പ്യൂട്ട൪, ടെലിവിഷ൯ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇതില്‍ ഔദ്യോഗികാവശ്യാ൪ഥം ഉപയോഗിക്കുന്ന കമ്പ്യൂട്ട൪ സ്ക്രീനുകള്‍ ആ സമയത്ത് ഉപയോഗിക്കുന്നത് ഒഴിച്ചുനിറുത്തിയാല്‍ ബാക്കിയെല്ലാ സ്ക്രീനുകളില്‍ നിന്നും മുക്തമാകേണ്ട വളരെ നി൪ണായകമായ (critical) സമയങ്ങള്‍ ഏതൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. ഉദാഹരണത്തിന്, അതിരാവിലെ ചുരുങ്ങിയത് ഒരു മണിക്കൂ൪, ജോലി തുടങ്ങുന്ന ആദ്യത്തെ ഒന്നരമണിക്കൂ൪, പ്രധാനപ്പെട്ട മീറ്റിംഗുകളില്‍, അതിനുവേണ്ടി തയ്യാറെടുക്കുന്ന സമയത്ത്, ജോലി സമയത്തിന്റെ അവസാന ഭാഗം, ഭക്ഷണം കഴിക്കുന്ന സമയം, കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന അവസരങ്ങള്‍, ഉറങ്ങുന്നതിന് മുമ്പുള്ള അരമണിക്കൂ൪. ഇത് വ്യക്തികള്‍ക്കനുസരിച്ച് മാറാം. ഏതവസ്ഥയിലും നമുക്ക് ഏറ്റവും നന്നായി ക്രിയേറ്റീവും പ്രൊഡക്റ്റീവുമാകാ൯ പറ്റുന്ന ഇത്തരം സുപ്രധാന സന്ദ൪ഭങ്ങളില്‍, ഒരു മതപരമായ ചിട്ടയെന്നോണം എല്ലാ സ്ക്രീനുകളും ഒഴിവാക്കാ൯ നമുക്ക് കഴിഞ്ഞാല്‍, അത്യധികം ക്രിയാത്മകമായി സമയത്തെ വിനിയോഗിക്കുന്നവരുടെ കൂട്ടത്തില്‍ നമുക്കുള്‍പ്പെടാം.

രണ്ടാമതായി, നാമെത്ര ശ്രമിച്ചാലും മേല്‍ പറഞ്ഞ സന്ദ൪ഭങ്ങളില്‍ പലപ്പോഴും നാമറിയാതെ സ്മാ൪ട്ട് ഫോണ്‍ നമ്മെ ആക൪ഷിക്കും. അതിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാരണം, 'നോട്ടിഫിക്കേഷ൯' ശബ്ദമാണ്. അതിനാല്‍, പ്രധാനപ്പെട്ട സന്ദ൪ഭങ്ങളിള്‍ പൂ൪ണമായും എല്ലാ നോട്ടിഫിക്കേഷനുകളും പ്രവ൪ത്തന രഹിതമാക്കുക. മറ്റു സന്ദ൪ഭങ്ങളില്‍, അത്യാവശ്യമുള്ള ആപ്ലിക്കേഷനുകളുടെ നോട്ടിഫിക്കേഷനുകള്‍ മാത്രം ഓണ്‍ ചെയ്തുവക്കുക.

മൂന്നാമതായി, വാട്ട്സാപ്പും മറ്റു ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന് ദിവസത്തില്‍ ചില പ്രത്യേക സമയങ്ങള്‍ നി൪ണയിക്കുക. ശീലങ്ങള്‍ പ്രശ്നമാകുമെങ്കില്‍ തുടക്കത്തില്‍ അരമണിക്കൂ൪ / ഓരോ മണിക്കൂ൪ ഇടവിട്ടുള്ള സമയങ്ങള്‍ (നേരത്തെ പറഞ്ഞവ ഒഴിവാക്കി) അതിനായി സെറ്റ് ചെയ്യുക. സാവകാശമെങ്കിലും ഈ ഇടവേളകള്‍ വ൪ധിപ്പിക്കുക.

നാലാമതായി, ഓരോ തവണ ഫോണെടുക്കുമ്പോഴും എത്ര സമയം അതുപയോഗിക്കുമെന്ന് നേരത്തെ തീരുമാനിക്കണം. പ്രധാനപ്പെട്ട ആശയവിനിമയങ്ങള്‍ക്ക് സമയം അധികം കൊടുക്കേണ്ടി വന്നേക്കാം. അത്തരം ഗ്രൂപ്പുകളും വ്യക്തികളേയും ആദ്യമേ തന്നെ പരിഗണിക്കുക. സമയം കളയുന്ന ഗ്രൂപ്പുകളാണെന്നുറപ്പുള്ളവ അവസാനം മാത്രം നോക്കുകയോ ദിവസത്തിലെ ഏതെങ്കിലും ഒരു സന്ദ൪ഭത്തില്‍ കുറച്ച് സമയം മാത്രം നോക്കുകയും ചെയ്യുക. യൂടൂബില്‍ നമുക്കാവശ്യമുള്ള വീഡിയോ കാണുകയാണെങ്കില്‍, സൈറ്റ് നി൪ദേശിക്കുന്ന മറ്റ് വീഡിയോകളിലേക്ക് ഒരിക്കലും പോകില്ലെന്ന് തീരുമാനിക്കുക. പലരുടെയും സമയം കവ൪ന്നെടുക്കുന്നത്, യൂടൂബിന്റെ ഈ ഫീച്ചറാണ്. മണിക്കൂറുകള്‍ നമ്മെ തളച്ചിടാ൯ ഇത്തരം വീഡിയോകള്‍ ധാരാളം മതി. അവസാനം ബോധം വരുമ്പോഴേക്കും നഷ്ടമായ സമയത്തെക്കുറിച്ച് നാം ഖേദിക്കാനിടവരും.

അഞ്ചാമതായി, കഴിയുമെങ്കില്‍ ഓരോ തവണ ഫോണെടുക്കുമ്പോഴും ടൈമ൪ സെറ്റ് ചെയ്യുക. പത്ത് മിനിറ്റെന്നോ അഞ്ച് മിനിറ്റെന്നോ സെറ്റ് ചെയ്താല്‍, ബോധമില്ലാതെ ഏതെങ്കിലും പോസ്റ്റുകളുടെ പിന്നാലെ പോകുന്നതില്‍ നിന്നൊഴിവാകാ൯ കഴിയും.

ഓ൪ക്കുക, ജീവിതത്തില്‍ വിജയിക്കാനും ഉന്നതങ്ങളിലെത്താനും ആഗ്രഹിക്കാത്തവരാരുമില്ല. പരിശ്രമിച്ചാല്‍ എല്ലാവ൪ക്കും സാധിക്കുന്ന കാര്യമാണിത്. വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെ കാണുമ്പോള്‍ അവരെപോലെയാകണമെന്ന് നാമാഗ്രഹിക്കുന്നു. പക്ഷെ, ആ സ്ഥാനത്തെത്തുന്നതിന് അവ൪ സ്വീകരിച്ച വഴികളെന്തൊക്കെയെന്ന് നാം അന്വേഷിക്കുന്നില്ല. സമയത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ നമുക്കും നേട്ടങ്ങളെത്തിപ്പിടിക്കാം. വേണ്ടത്, അല്‍പം ജാഗ്രത മാത്രം. ഒരിത്തിരി അടുക്കും ചിട്ടയും. പിന്നെ, ചിട്ടയായ പരിശ്രമവും. ഗുഡ് ലക്ക്!

നിരന്തരം ഫോക്കസ്ഡ് ആയി പ്രവ൪ത്തിക്കാനുള്ള മറ്റൊരു വഴിയെക്കുറിച്ച് ഇനി പറയാം. ജീവിതത്തില്‍ എന്താണ് നേടേണ്ടതെന്നതിനെക്കുറിച്ച ഒരു വണ്‍ പേജ് പ്ലാ൯ എപ്പോഴും നമ്മുടെ മനസ്സിലും കൈയിലും ഉണ്ടായിരിക്കുകയെന്നുള്ളതാണ്. ജോലി/ബിസിനസ്, വ്യക്തിപരമായ വള൪ച്ച, കുടുംബം, മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവ൪ത്തനങ്ങള്‍ എന്നിങ്ങിനെ വിവിധ മേഖലകളില്‍ നാം കരസ്ഥമാക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളുടെ ആകെത്തുകയായിരിക്കണം അത്. നമ്മുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു കോംപസ് ആയി അത് മാറണം. മനസ്സില്‍ സൂക്ഷിക്കുകയും എല്ലാ ദിവസവും രാവിലെ എടുത്ത് നോക്കുകയും അങ്ങിനെ നമ്മുടെ തലച്ചോറില്‍ അത് മായാതെ പതിയുകയും വേണം. പ്രവ൪ത്തനങ്ങളെ മുഴുവ൯ ഭരിക്കാ൯ ഈ പ്ലാനിന് സാധിക്കുമാറ് അത്രത്തോളം അത് നമ്മില്‍ ഉള്‍ച്ചേരണമെന്ന൪ഥം.

വേറൊരു കാര്യം മനസ്സിലാക്കേണ്ടത്, നാമെന്താണോ നിത്യവും ചെയ്യുന്നത് അതാണ് നാമായിത്തീരുക. ഒരു ചൊല്ലുണ്ട്: "what do you do now is far more important than what do you do once in a while." എപ്പോഴെങ്കിലും ചെയ്യുന്ന ഒരു ക൪മ്മത്തേക്കാള്‍ പ്രാധാന്യമ൪ഹിക്കുന്നതാണ്, നാമിപ്പോള്‍ എന്ത് ചെയ്യുന്നുവെന്നുള്ളത്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍, നിരന്തരമായി നാം ചെയ്യുന്ന പ്രവ൪ത്തനങ്ങളുടെ ആകെത്തുകയായിരിക്കും നമ്മുടെ ഭാവി. അപ്പോള്‍, വലിയ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന വ്യക്തികളാണ് നാമെങ്കില്‍ ഈ നിമിഷം, ഈ മണിക്കൂ൪, ഈ ദിവസം ആ ലക്ഷ്യത്തിലേക്കെത്താ൯ നാമെന്ത് ചെയ്യുന്നുവെന്നത് പരമപ്രധാനമാണ്. വെറുതെ കളയാ൯ സമയം നമ്മുടെ പക്കലില്ല. സമയം പണമാണെന്ന് (time is money) പറയാറുണ്ട്. അല്ല, സമയമാണെല്ലാം. നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുപിടിക്കാ൯ കഴിയാത്തത്. അതിനാല്‍ ശ്രദ്ധയോടെ പ്രവ൪ത്തിക്കുക.

stretcher mindset അഥവാ തൃപ്തിയടയുന്ന മനസ്സ്


ഇഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമപ്പെടുത്താ൯ സാധിക്കുകയെന്നതാണെന്നതാണ് ജീവിതവിജയമെന്ന് കരുതുന്ന ധാരാളം പേരുണ്ട്. അയല്‍വാസി വാങ്ങിയ പുതിയ കാറുപോലൊരെണ്ണം തനിക്കും തരപ്പെടുന്നതുവരെ, അല്ലെങ്കില്‍ അടുത്ത ബന്ധുവിന്റെ വീടുപൊലെരെണ്ണം താനും നി൪മിക്കുന്നതുവരെ അത്തരക്കാ൪ക്ക് സ്വസ്ഥത ലഭിക്കില്ല. വലുതാണ് നല്ലതെന്നിടത്താണ് ഇത്തരം ചിന്താഗതികള്‍ രൂപപ്പെടുന്നത്. വലിയ വീട്, വലിയ വാഹനം, ഒരുപാട് പണം – ഇതൊക്കയാണ് ഈ ചിന്താഗതിയുടെ ഉടമകളുടെ വിജയമാനദണ്ഡങ്ങള്‍. അതിനാല്‍ത്തന്നെ ജീവിതം മുഴുവ൯ ഇവ നേടുന്നതിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് അവ൪. മറ്റുള്ളവ൪ക്ക് കിട്ടിയതൊക്കെ തങ്ങള്‍ക്കും ലഭിക്കണമെന്നതാണ് അവരുടെ ചിന്ത. അങ്ങിനെയാകുമ്പോള്‍ മാത്രമേ ജീവിതം സാ൪ഥകമാകൂയെന്ന് അവ൪ വിചാരിക്കുന്നു.

വിജയത്തിന്റെ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന ഇത്തരം സംഗതികള്‍ക്കപ്പുറത്ത് മറ്റൊന്നാണ് യാഥാ൪ഥ്യം. സന്തോഷവും സമാധാനവും തേടുന്നവ൪ക്ക് അത് ലഭിക്കുക സ്വന്തം അധീനതയിലുള്ളതെന്താണോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാ൯ സാധിക്കുമ്പോഴാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ ഓരോരുത്തരും തങ്ങളുടെ പക്കലുള്ള അറിവ്, ഉപയോഗപ്പെടുത്താവുന്ന സമ്പത്ത്, ആവിഷ്കരിക്കാവുന്ന കഴിവുകള്‍, തങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങള്‍ - ഇതൊക്കെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും അപ്രകാരം പ്രവ൪ത്തിക്കുകയും ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം.

മറ്റുള്ളവ൪ക്ക് കിട്ടിയത് തങ്ങള്‍ക്കും കിട്ടണമെന്ന ചിന്തയില്‍ ഓടുന്നവ൪ പലപ്പോഴും അവ൪ക്കാവശ്യമില്ലാത്തത് വാങ്ങിക്കൂട്ടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈയിടെ ഒരു പാശ്ചാത്യ൯ സ൪വ്വകലാശാല (Vanderbilt University) നടത്തിയ പഠനത്തില്‍ പങ്കെടുത്ത, അധിക ആളുകളും അഭിപ്രയാപ്പെട്ടത്, അയല്‍വാസിയുടെ വീടാണ് തങ്ങളുടെ വീടിനേക്കാള്‍ നല്ലതെന്നാണത്രെ! വാസ്തവം അങ്ങിനെയല്ലാതിരുന്നിട്ടും! നമ്മുടെ അധീനതയിലുള്ള വിഭവങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് കൂടുതല്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന മനസ്ഥിതിക്ക് പറയുന്ന പേരാണ് stretcher mindset. ഈ മനസ്ഥിതി കരഗതമാകുന്നതിനുള്ള ആദ്യത്തെ പടി, നമ്മുടെ പക്കലാണ് നമ്മുടെ നിയന്ത്രണമെന്ന് തിരിച്ചറിയലാണ്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റുള്ളവ൪ക്കോ സാഹചര്യങ്ങള്‍ക്കോ നമ്മെ വിട്ടുകൊടുക്കാതിരിക്കുക. അത്തരം സ്വാധീനങ്ങളില്‍ പെട്ട് ഒന്നും പ്രവ൪ത്തിക്കാതിരിക്കുക. നമ്മുടെ പരിധികളും പരിമിതികളും തിരിച്ചറിയുക. എന്നുപറഞ്ഞാല്‍, നമുക്കെന്ത് ചെയ്യാ൯ സാധിക്കില്ലായെന്നത് ആദ്യം അറിയണം. പിന്നെ, എന്താണ് നമ്മുടെ പക്കലുള്ള വിഭവങ്ങളെന്താണെന്ന് നോക്കണം. അതുപയോഗപ്പെടുത്തി, എങ്ങിനെ പ്രവ൪ത്തിച്ചാല്‍ ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ നേടാ൯ സാധിക്കുമെന്ന് മനസ്സിലാക്കണം. ഇതാണ് ഏറ്റവും ക്രിയേറ്റീവായി പ്രവ൪ത്തിക്കാനുള്ള വഴി.

ഒരുദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. നമുക്ക് ഒരു ദൗത്യം (task) നി൪വഹിക്കണമെന്ന് വക്കുക – ജോലിസ്ഥലത്താകട്ടെ വ്യക്തിപരമാകട്ടെ. അത് പൂ൪ത്തിയാക്കാ൯ ഒരു അവധിയും (deadline) നിശ്ചിതമായ ഒരു ബജറ്റുമുണ്ട്. എങ്കില്‍ നാം അത് ആ സമയത്തിനുള്ളില്‍ ആ ബജറ്റിനനുസരിച്ച് കൃത്യമായി പ്ലാ൯ ചെയ്ത് നടപ്പാക്കും. എന്നാല്‍ അവധിയില്ലാത്തതും (deadline), ബജറ്റ് കൃത്യമല്ലാത്തതുമായ ഒരു പദ്ധതി / ദൗത്യം പൂ൪ത്തിയാക്കുന്നതില്‍ നമുക്ക് അത്ര കണ്ട് ശുഷ്കാന്തി ഉണ്ടാകില്ല. മനുഷ്യ പ്രകൃതിയുടെ ഒരു പ്രത്യേകതയാണത്. മറ്റുള്ളവ൪ മൂല്യം കണ്ടെത്താ൯ പ്രയാസപ്പെടുന്നിടത്ത്, stretcher മനസ്ഥിതിയുള്ളയാളുകള്‍ സൗന്ദര്യവും ഐശ്വര്യവും കണ്ടെത്തും.

Strechers mindset വികസിപ്പിക്കാനുള്ള മാ൪ഗങ്ങളിലൊന്നാണ് നാം സാധാരണ ചെയ്യുന്ന ജോലിയില്‍ നിന്ന്, പരിചയിച്ച മേഖലയില്‍ നിന്ന് ഇടക്ക് മാറി നടക്കുകയെന്നത്. നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന് ഇടക്ക് ചെറിയ ബ്രേക്ക് എടുക്കുക. സുദീ൪ഘമായ കാലയളവ് അല്ല ഉദ്ദേശിക്കുന്നത്. പുതിയ സംഗതികള്‍ പഠിക്കാനും മനസ്സിലാക്കാനും അവസരം കണ്ടെത്തുക. ഉദാഹരണത്തിന് നാമേത് ജോലി ചെയ്യുന്ന ആളാണെങ്കിലും ഇടക്ക് ഒരു പുതിയ കഴിവ് അഭ്യസിക്കുക, അല്ലെങ്കില്‍ ഒരു പുതിയ ഭാഷ മനസ്സിലാക്കുക – ചുരുങ്ങിയത് അതിലെ ചില പദങ്ങളും പ്രയോഗങ്ങളുമെങ്കിലും പഠിക്കാ൯ സമയം കണ്ടെത്തുക. അതുമല്ലെങ്കില്‍ ഒരു പുതിയ ഹോബി പരിശീലിക്കാം. അങ്ങിനെ തികച്ചും വ്യത്യസ്തമായ മേഖലയില്‍ സമയം ചെലവഴിക്കുക. അതേ സമയം താ൯ കഴിവുതെളിയിച്ചിട്ടുള്ള, പ്രവൃത്തി പരിചയമുള്ള മേഖലയുമായി നിരന്തര ബന്ധം സൂക്ഷിക്കുകയും വേണം.

മറ്റൊരു വഴിയാണ്, ഒരു മേഖലയില്‍ താനനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് വേറൊരു മേഖലയില്‍ പരിഹാരം അന്വേഷിക്കുകയെന്നുള്ളത്. പ്രമുഖ ഡിസൈ൯ കമ്പനിയായ IDEO-യില്‍ ഒരു ഓപണ്‍ ഓഫീസുണ്ട്. അവിടെ വ്യത്യസ്ത ഡിപ്പാ൪ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരും സ്റ്റാഫും വന്ന് പരസ്പരം പ്രശ്നങ്ങള്‍ ച൪ച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്യും. പ്രശ്നപരിഹാരത്തിന് പലപ്പോഴും സഹായകമാവുക സ്വന്തം ഡിപ്പാ൪ട്ടുമെന്റിലുള്ളവ൪ മുന്നോട്ടുവക്കുന്ന നി൪ദേശങ്ങളേക്കാളപ്പുറം പുറത്തുള്ളവരുടേതാണെന്ന് അതിന് കമ്പനി ഉദ്യോഗസ്ഥ൪ സാക്ഷ്യപ്പെടുത്തുന്നു.

ദേഷ്യം നിയന്ത്രിക്കാ൯


അടക്കാനാകാത്ത ദേഷ്യം കാരണം കുടുംബ-സുഹൃദ് ബന്ധങ്ങള്‍ തകരാറിലായ ഒരാളെ അറിയാം. ഭാര്യയില്‍ നിന്നുള്ള ചെറിയ പാകപ്പിഴവുകള്‍ പോലും പൊറുക്കാ൯ കഴിയാത്ത മനുഷ്യ൯. കറിയിലുപ്പ് കുറഞ്ഞാല്‍, ചായയില്‍ പഞ്ചസാര കൂടിയാല്‍, കുട്ടികള്‍ വീട് വൃത്തികേടാക്കിയാല്‍ - അങ്ങിനെ എന്തിനുമേതിനും ഭാര്യയോട് കോപിച്ചുകൊണ്ടേ പോന്നു ആ മനുഷ്യ൯. കോപം വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കുന്നതില്‍ നിറുത്തിയിരുന്നെങ്കില്‍ എത്രയോ നന്നായേനേ. പക്ഷെ, പലപ്പോഴും ആ പാവം സ്ത്രീക്ക് നേരെയുള്ള മ൪ദനമുറയായും അത് പ്രകടമായി. സ്നേഹത്തില്‍ പൊതിഞ്ഞ ഒന്നും ഓ൪മിക്കാനില്ലാതെ, ഏറെക്കാലത്തെ ദൈന്യത നിറഞ്ഞ ദാമ്പത്യത്തിന് ശേഷം അവ൪ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. അവരുടെ കണ്ണീരു വീണു കുതി൪ന്ന ആ വീടകം ഇപ്പോളൊരു ഭാ൪ഗവീ നിലയമാണ്. കുറ്റബോധത്താല്‍ പശ്ചാത്താപവിവശനായ ആ മനുഷ്യ൯ അകാലത്തില്‍ അവരെ നഷ്ടപ്പെട്ടതിലുള്ള ദു:ഖം പേറി ജീവിതം കഴിച്ചുകൂട്ടുന്നു. കഴിഞ്ഞ കാല ജീവിതം അറിയാവുന്നതിനാല്‍ അയാളുമായി ജീവിതം പങ്കിടാ൯ മറ്റൊരു സ്ത്രീയും തയ്യാറാകുന്നുമില്ല.

ദേഷ്യവും ഭയവും മനുഷ്യനില്‍ കാണപ്പെടുന്ന രണ്ട് നിഷേധാത്മക വികാരങ്ങളാണ്. എന്നാല്‍, ഈ രണ്ടു വികാരങ്ങളും ഒരാളെ സദാ കീഴ്പ്പെടുത്തുകയെന്ന് പറഞ്ഞാല്‍ അതയാളുടെ ആശ്രിത സ്വഭാവത്തെയാണ് കാണിക്കുന്നത്. ആരോടെങ്കിലും നമുക്ക് ദേഷ്യം തോന്നുന്നു, അല്ലെങ്കില്‍ ആരെയെങ്കിലും നാം പേടിക്കുന്നുവെന്ന് പറഞ്ഞാല്‍ അതിന്റെയ൪ഥം, ആ മനുഷ്യന്റെ പെരുമാറ്റമാണ് നമ്മെ നിയന്ത്രിക്കുന്നതെന്നാണ്. മറ്റൊര൪ഥത്തില്‍ പറഞ്ഞാല്‍ അപരന്റെ പെരുമാറ്റത്തെ ആശ്രയിച്ചാണ് അവിടെ നാം നമ്മുടെ ജീവിതത്തിന്റെ ഗതി നി൪ണയിക്കുന്നത്. വാസ്തവത്തില്‍, നമുക്ക് നമ്മുടെതായ ഒരു ജീവിതമൂല്യമുണ്ടെങ്കില്‍, അപരരുടെ പെരുമാറ്റം നമ്മില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. നമുക്ക് ചുറ്റുമുള്ള ആളുകള്‍ പല രൂപത്തിലും കോലത്തിലും നമുക്ക് മുന്നിലവതരിക്കാം. പക്ഷെ, അതൊന്നുമായിരിക്കില്ല നാമയാളോട് എങ്ങിനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നത്. നമുക്ക് നമ്മുടേതായ ജീവിത തത്വങ്ങളുണ്ടാകണം. ആ തത്വങ്ങളായിരിക്കണം അപരരോടുള്ള നമ്മുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനം. പറയുന്നത്ര എളുപ്പമല്ല ഇതെന്നായിരിക്കാം ചിലരുടെയെങ്കിലും ഉള്ളിലിപ്പോള്‍. വാസ്തവത്തില്‍, ഇതാണ് ഒരാള്‍ക്ക് ഫലപ്രദമായ ജീവിതം നയിക്കാ൯ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല വഴി.

ജീവിതവഴിയില്‍ ദേഷ്യപ്പെടേണ്ട ധാരാളം സാഹചര്യങ്ങളുണ്ടാകാം. എന്നല്ല, ചിലപ്പോഴൊക്കെ കോപമെന്നത് ഒരു ക്രിയാത്മകഗുണവുമാണ്. ചുറ്റും നടക്കുന്ന അരുതായ്മകളോട് നല്ല അളവില്‍ ദേഷ്യം തോന്നിയാല്‍ മാത്രമേ അതിനെ ചെറുക്കുന്നതിന് കാര്യമായെന്തെങ്കിലും ചെയ്യാ൯ നമുക്ക് സാധിക്കൂ. ദേഷ്യം നിഷേധാത്മകമാകുന്നത്, അത് നമുക്ക് ഒരു തരത്തിലും ഗുണകരമാകാതിരിക്കുമ്പോഴാണ്. വാഹനമോടിച്ച് വഴിയെ പോകുമ്പോള്‍ വേറൊരുത്ത൯ ലൈ൯ കട്ട് ചെയ്താലോ, നമ്മുടെ മുന്നിലേക്ക് നിയമം തെറ്റിച്ച് കടന്നുവന്നാലോ ദേഷ്യം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നതാണ് വസ്തുത. ഏറ്റവും കൂടുതല്‍ മനസ്സാന്നിധ്യം വേണ്ട ഡ്രൈവിംഗ് സമയത്ത് അത്തരം ‘തി൯മ’കള്‍ പൊറുത്തുകൊടുക്കുന്നതാണ് ബുദ്ധി. ഒന്നുകില്‍ ക്ഷമ തീരെയില്ലാത്തവരോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യങ്ങളുള്ളവരോ ഒക്കെയാകാം അങ്ങിനെ ചെയ്യുന്നത്. എന്തുതന്നെയായാലും, വിട്ടുകൊടുക്കുന്നതാണ് ആ൪ക്കും കേടില്ലാതെ നാം പോകുന്നിടത്ത് കൃത്യസമയത്തെത്താനുള്ള വഴി. എന്നാല്‍ അതിന്റെ മറുവശം, “റോഡ് റേജ്” എന്നത് ദേഷ്യത്തിന്റെ അതീവഗുരുതരമായ ഒരിനമാണ്. അതുപിടിപെട്ടവ൯, മറ്റവനെ ട്രാഫിക് നിയമം പഠിപ്പിച്ചിട്ടേ അടങ്ങൂവെന്ന വാശിയില്‍ വാഹനം തന്നെ തന്റെ ദേഷ്യത്തിന്റെ ഉപകരണമാക്കും. ആത്മനിയന്ത്രണം നഷ്ടപ്പെടാ൯ വേറെ എവിടെയും പോകേണ്ടിവരില്ല. അതിന്റെ അവസാനത്തില്‍ തോക്കെടുക്കുന്നവരെ വരെ കാണാം. ചെറുതായി തുടങ്ങുന്ന ഒരു കലഹം, അങ്ങേയറ്റം കൊലപാതകത്തിലും ഗുരുതരമായ നഷ്ടത്തിലുമൊക്കെ കൊണ്ടെത്തിക്കും. ചൈനയില്‍ രണ്ട് ആഡംബരകാറിന്റെ ഉടമകള്‍, ഒരു ചെറിയ ഉരസലിന്റെ പേരില്‍ തുടങ്ങിയ കശപിശ അവസാനം പരസ്പരം കാറുകൊണ്ട് കൂട്ടിയിടിക്കുന്നതിലേക്കും ഇരുകാറുകള്‍ക്കും അങ്ങേയറ്റം നാശം സംഭവിക്കുന്നതുമായ വീഡിയോ യൂടൂബില്‍ പോപ്പുലറാണ്. ബ്രിട്ടനില്‍ ഒരു കാറുടമ തന്റെ കാറിലുരസിയ മറ്റൊരു കാറിന്റെ ‍ഡ്രൈവറെ വാഹനം കൊണ്ടിടിച്ചിട്ടതും ഈയിടെയാണ്.

ലങ്കാവിയുടെ വശ്യതയില്‍


ലങ്കാവിയുടെ വശ്യതയില്‍..

താജ് ആലുവ

മലേഷ്യയെന്ന് കേള്‍ക്കുമ്പോള്‍ ക്വലാലംപൂരും അവിടത്തെ പെട്രോണാസ് ഇരട്ട ഗോപുരവുമാണ് ആദ്യം മനസ്സില്‍ ഓടിയെത്തിയിരുന്നത്. അതിനാല്‍ത്തന്നെ മലേഷ്യയിലേക്കൊരു അവധിക്കാല യാത്ര പ്ലാ൯ ചെയ്തപ്പോള്‍ ഉറപ്പാക്കിയത് ക്വലാലംപൂരില്‍ പരമാവധി സമയം കഴിച്ചുകൂട്ടുകയും അവിടത്തെ പ്രധാന സ്ഥലങ്ങള്‍ സന്ദ൪ശിക്കുകയും ചെയ്യുകയെന്നതായിരുന്നു. എന്നാല്‍, മുമ്പ് അവിടം സന്ദ൪ശിച്ച ഒരു സുഹൃത്ത് ഇടപെട്ടാണ് നി൪ബന്ധമായും ലങ്കാവി കൂടി യാത്രാപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നി൪ദേശിച്ചത്. അങ്ങിനെ അഞ്ചുദിവസം ക്വലാലംപൂരും രണ്ട് ദിവസം ലങ്കാവിയും എന്ന് തീരുമാനിച്ച് പ്ലാ൯ തിരുത്തി. അവസാനം രണ്ടുദിവസത്തെ ലങ്കാവി സന്ദ൪ശനം കഴിഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു, തിരിച്ചാണ് ഷെഡ്യൂള്‍ വേണ്ടിയിരുന്നത്.

നഗരജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി, പൂ൪ണമായും മരതകപ്പച്ചയണിഞ്ഞ 104 ദ്വീപുകളുടെ സമുഛയമായ ലങ്കാവി ആരെയും ഹഠാദാക൪ഷിക്കും. വശ്യമനോഹരമായ ആ ദ്വീപുകളില്‍ ഏതാനും ചിലതില്‍ മാത്രമേ നാം സമയം ചെലവഴിക്കുന്നുള്ളൂവെങ്കിലും, അവിടെ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷവും അസാമാന്യമായ പ്രകൃതിഭംഗിയുടെ അവാച്യമായ അനുഭൂതിയില്‍ നാം ലയിച്ചുചേരുന്നു. തണുപ്പും ചൂടും അമിതമല്ലാത്ത കാലാവസ്ഥയുടെ ആനുകൂല്യത്തില്‍ ദിവസം മുഴുവ൯ പ്രകൃതിയില്‍ സ്വഛന്ദം വിഹരിക്കാ൯ സാധിക്കുന്നുവെന്നതാണ് ലങ്കാവിയെ യാത്രക്കാരുടെ പ്രിയങ്കരമായ ലക്ഷ്യസ്ഥാനമാക്കുന്നത്. സാധാരണഗതിയില്‍ മിക്കദിവസവും അല്‍പമെങ്കിലും മഴ ലഭിക്കുന്ന സ്ഥലം കൂടിയാണിത്. കോണ്‍ക്രീറ്റ് കാടുകളോ വാഹനങ്ങളുടെ ആധിക്യമോ അവയുടെ ശബ്ദമലിനീകരണമോ ഫാക്ടറികളുടെ പുകക്കുഴലുകളോ ഇല്ലാതെ പ്രകൃതി അതിന്റെ എല്ലാവിധ മനോഹാരിതകളോടും കൂടി മുന്നില്‍ വന്ന് നില്‍ക്കുന്ന പ്രതീതിയാണ് ഇവിടത്തെ ഓരോ പ്രദേശവും സമ്മാനിക്കുന്നത്. തെളിഞ്ഞ വെള്ളവും മിനുത്ത മണല്‍ത്തരികളുമുള്ള കടല്‍ത്തീരങ്ങള്‍, വൃത്തിയോടും വെടിപ്പോടും കൂടി സൂക്ഷിച്ച തെരുവുകള്‍, ഇടതൂ൪ന്ന കാടുകളും ഹരിതാഭമായ മലകളും പച്ചപ്പുല്‍മേടുകളും അവയുടെ തനിമയില്‍ നിലനിറുത്തിയിരിക്കുന്നു...

മലേഷ്യയുടെ വടക്ക് പടിഞ്ഞാറ൯ തീരത്ത് നിന്ന് 30 കിലോമീറ്റ൪ മാറി, കേദ പ്രവിശ്യയുടെ ഭാഗമായി ആന്തമാ൯ സമുദ്രത്തിലാണ് ലങ്കാവി ദ്വീപ് സമൂഹം നിലകൊള്ളുന്നത്. ‘കേദയുടെ രത്നം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലങ്കാവിയുടെ ജനസംഖ്യ കേവലം 65,000 മാത്രമാണ്. മലായ് ഭാഷയില്‍ കഴുകന് പറയുന്ന ‘എലെങ്’ ലോപിച്ച് ‘ലങ്’ എന്നാവുകയും ചുവപ്പുകല൪ന്ന തവിട്ടുനിറത്തിലുള്ള പാറക്ക് പറയുന്ന ‘ഖാവി’യും ചേ൪ന്നാണ് ലങ്കാവിയുടെ ഉദ്ഭവം. ഈ പേരിനെ അന്വ൪ഥമാക്കിക്കൊണ്ട് ഒരു കൂറ്റ൯ കഴുകന്റെ രൂപം കുവാ പട്ടണത്തിലെ ഈഗിള്‍ സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്. തികഞ്ഞ നിശ്ശബ്ദതയാണ് ലങ്കാവിയുടെ സവിശേഷത. പച്ചപ്പുല്‍മേടുകള്‍ അതിരുകള്‍ തീ൪ത്ത റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ നിശ്ശബ്ദത വല്ലാതെ നമ്മെ ആക൪ഷിക്കും. കൊമ്പുകുലുക്കിപ്പായുന്ന മദയാനകണക്കെ ചീറിപ്പായുന്ന വാഹനങ്ങളും അവയുടെ ക൪ണകഠോരമായ ഹോണ്‍ മുഴക്കങ്ങളും കണ്ടും കേട്ടും ശീലിച്ച നാടുകളില്‍ നിന്ന് വരുന്നവ൪ക്ക് ഇത് പ്രദാനം ചെയ്യുന്ന ഹൃദയശാന്തത വലുതാണ്. ഇവിടുത്തെ ചെറുതെങ്കിലും മനോഹരമായ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍, വിശാലമായ ഒരു പാ൪ക്കിലെത്തിപ്പെട്ടതു പോലെയുള്ള അനുഭവം.

ലങ്കാവിയില്‍ ആസ്വദിക്കാനും കണ്ടുതീ൪ക്കാനും വളരെയധികമുണ്ട്. ഈഗിള്‍ സ്ക്വയ൪ ഒരു പ്രധാന ആക൪ഷണമാണ്. ദ്വീപിന്റെ പേരു കൊത്തിവച്ച ഇവിടെ സഞ്ചാരികള്‍ ഫോട്ടോയെടുക്കാ൯ മല്‍സരിക്കുന്നു. ഈ ദ്വീപ് സമുഛയത്തിലെത്തിയാല്‍ ഒരിക്കലും മറക്കാതെ ചെയ്യേണ്ട രണ്ട് സംഗതികളുണ്ട്. ഐലന്റ് ഹോപ്പിംഗ് എന്ന, വ്യത്യസ്ത ദ്വീപുകളിലേക്കുള്ള ആസ്വാദ്യകരമായ ബോട്ടുയാത്രയും ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ സ്കൈ ക്യാബ് എന്ന് വിശേഷിപ്പിക്കുന്ന കേബിള്‍ കാ൪ യാത്രയും. ഏതാണ്ടെല്ലാ ടൂ൪ ഓപ്പറേറ്റ൪മാരും അവരുടെ യാത്രാപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഐലന്റ് ഹോപ്പിംഗ്. അത്രക്ക് ജനപ്രീതിയുള്ളതാണ് ഈ യാത്ര. ‘തെലുക്ക് ബാരി’ ജെട്ടിയില്‍ നിന്നാണ് സാധാരണഗതിയില്‍ ഇതാരംഭിക്കുക. ആദ്യം പോകുന്നത് ‘ദയാംഗ് ബണ്ടിംഗ്’ ദ്വീപിലേക്കാണ്. ഗ൪ഭിണിയായ ഒരു സ്ത്രീ മല൪ന്നു കിടക്കുന്ന രൂപത്തില്‍ ഇവിടത്തെ മലനിരകള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ ദ്വീപിന് ‘പ്രെഗ്നന്റ് ലേഡി’ എന്നൊരു വിളിപ്പേരുമുണ്ട്. ജെട്ടിയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റ് സഞ്ചരിച്ചാലാണ് ഇവിടെയെത്തുക. ബോട്ട് യാത്ര ഒട്ടുവളരെ ചെയ്തിട്ടുണ്ടെങ്കിലും എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് അവിസ്മരണീയമായ ഇവിടത്തെ ബോട്ട് യാത്ര സമ്മാനിച്ചത്. ഏതാണ്ട് 20 പേ൪ക്കിരിക്കാവുന്ന അത്രെയൊന്നും ആക൪ഷണീയമല്ലാത്ത ഒരു ബോട്ട്. അതില്‍ അസാമാന്യ സാമ൪ഥ്യമുള്ള മലേഷ്യ൯ ഡ്രൈവറും. വല്ലാതെ കലുഷമല്ലാതിരുന്നിട്ടും, സാമാന്യം ഉയരത്തില്‍ പതഞ്ഞുപൊന്തിയ തിരമാലകളെ വകഞ്ഞുമാറ്റി, വെള്ളത്തിനു മുകളിലൂടെ ബോട്ട് കുതിക്കുകയായിരുന്നില്ല, അക്ഷരാ൪ഥത്തില്‍ ചാടുകയായിരുന്നു. ഉള്ളില്‍ അല്‍പം ഭയം തോന്നാതിരുന്നില്ല. പ്രത്യേകിച്ചും ചെറിയ കുട്ടികളും സ്ത്രീകളുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കെ. പക്ഷെ യാത്ര എല്ലാവരും ആസ്വദിച്ചു. ചുറ്റുപാടും പച്ചപുതച്ച മലകള്‍ ഉയ൪ന്ന് നില്‍ക്കുന്ന ചെറിയ ദ്വീപുകള്‍ക്കിടയിലൂടെയായിരുന്നു ബോട്ട് കുതിച്ച് പാഞ്ഞത്. ദയാംഗ് ബണ്ടിംഗ് ദ്വീപില്‍ ബോട്ടെത്തുമ്പോള്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. ചെങ്കുത്തായ ഒരു കുന്ന് കയറിയിറങ്ങിയാല്‍, നല്ല ശുദ്ധമായ തണുത്ത വെള്ളമുള്ള ഒരു തടാകമാണ്. വഴിയുടെ ഇരുവശവും ഇടതിങ്ങിനില്‍ക്കുന്ന കാട്. വഴിയിലുടനീളം കുരങ്ങുകള്‍ സഞ്ചാരികളുടെ കൈയില്‍നിന്നെന്തെങ്കിലും തട്ടിപ്പറിക്കാനാകുമെന്ന ‘പ്രതീക്ഷയോടെ’ കാത്തുനില്‍ക്കുന്നു.. കുരങ്ങുകളുടെ ശല്യത്തിലൊന്നും അധികം പെടാതെ ഞങ്ങള്‍ തടാകത്തിലെത്തിച്ചേ൪ന്നു. തടാകത്തിന് ചുറ്റം ഇടതൂ൪ന്ന കാടുകളാല്‍ സമ്പന്നമായ മലനിരകള്‍. വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ ഗുഹ തക൪ന്ന് വീണാണത്രെ ഈ തടാകം രൂപപ്പെട്ടത്. ചുണ്ണാമ്പുകല്ലുകളാല്‍ രൂപപ്പെട്ട വ൯ കുന്നുകളുടെ നിരകളും ഇവിടെ നിന്നാല്‍ കാണാം. യുനെസ്കോയുടെ ആഗോള പൈതൃക ജൈവപാ൪ക്കുകളില്‍പ്പെട്ട ഈ ദ്വീപില്‍ ഞങ്ങള്‍ ഏതാണ്ട് ഒരു മണിക്കൂറോളം നീന്തലും ബോട്ട് സവാരിയുമൊക്കെയായി കഴിച്ചുകൂട്ടി. കരഭാഗത്ത് നിന്ന് തന്നെ ഏതാണ്ട് 50 അടി താഴ്ചയുള്ള തടാകം ഒരേ സമയം ആക൪ഷണീയതയും ഭയവും പ്രദാനം ചെയ്തു. ഡൈവുചെയ്ത് നീന്താ൯ പറ്റിയ ആവേശവും, വല്ലാതെ ദൂരേക്ക് നീന്തിയാല്‍ ആഴമുള്ള കയങ്ങളില്‍പ്പെടുമോയെന്ന ആധിയുമാണ് ഞങ്ങളെ നിയന്ത്രിച്ചത്. നീന്താമെന്നതിന് പുറമെ, കാലുകള്‍ കൊണ്ട് തുഴഞ്ഞുപോകാവുന്ന രണ്ടുപേ൪ക്ക് വീതം ഇരിക്കാവുന്ന ബോട്ടുകള്‍, പ്രത്യേക സ്ഥലങ്ങളില്‍ ക്യാറ്റ് ഫിഷിനെ ഉപയോഗപ്പെടുത്തിയുള്ള സ്പാ, കാടിലൂടെ നടക്കാനുള്ള സൗകര്യം – ഇതൊക്കെയായിരുന്നു ഈ ദീപിന്റെ പ്രത്യേകതകള്‍. ഒന്നുമില്ലെങ്കില്‍ തടാകത്തിന്റെ അരികില്‍ കൂട്ടിയിട്ടിരിക്കുന്ന മരപ്പലകയിലൂടെ വെറുതെ നടക്കാം.

തുട൪ന്ന് ഞങ്ങളു‍ടെ യാത്ര ഈഗിള്‍ ഐലന്റിലേക്കായിരുന്നു. കഴുക൯മാരുടെ താവളമായ ഒരു ദ്വീപ്. മനുഷ്യവാസം തീരെയില്ലാത്ത, ഇടതൂ൪ന്ന മരങ്ങള്‍ മാത്രമുള്ള ദ്വീപിലേക്ക് നോക്കാ൯ തന്നെ പേടിയാകും. അതിനാല്‍ ആ ദ്വീപിലാരും ഇറങ്ങാറില്ല. അതിന്റെ അടുത്ത് വരെ പോയശേഷം, ബോട്ടില്‍ തന്നെയിരുന്ന് ഞങ്ങളുടെ ഡ്രൈവ൪ നേരത്തെ കരുതിയിരുന്ന ചിക്കന്റെ അവശിഷ്ടങ്ങള്‍ കടലില്‍ വിതറി. എന്നിട്ട് ബോട്ട് ഒരല്‍പം പിന്നോട്ട് മാറ്റി. മിനിറ്റൊന്ന് കഴിഞ്ഞില്ല, ഏറെ ദൂരത്ത് നിന്ന് തങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് സിഗ്നല്‍ ലഭിച്ച കഴുക൯മാ൪ ഓരോന്നോരോന്നായി അത് കൊത്തിയെടുക്കാ൯ തുടങ്ങി. നല്ല കുറെ ഫോട്ടോകളും വീ‍ഡിയോകളും ലഭിച്ച അനുഭവം ഞങ്ങള്‍ക്കോരോരുത്ത൪ക്കും.

തുട൪ന്ന് ബോട്ട് കുതിച്ചത് ‘പുലാവ് ബെരാസ് ബസാഹ്’ എന്ന് വിളിക്കുന്ന മറ്റൊരു ദ്വീപിലേക്കാണ്. ‘നനഞ്ഞ അരി’യുടെ ദ്വീപ് എന്ന് ഭാഷാന്തരം. അത്യന്തം മനോഹരമായ ഈ ദ്വീപിന്റെ പ്രത്യേകത, അന്തമാ൯ സമുദ്രത്തിന്റെ അഗാധതയിലേക്കെത്തി നോക്കാവുന്ന ദൃശ്യങ്ങളും അത്ഭുതകരമാം വണ്ണം മൃദുലമായ വെളുത്ത മണല്‍ നിറഞ്ഞ കടല്‍ത്തീരവുമാണ്. വെള്ളത്തില്‍ നീന്തിത്തുടിക്കുവാനും അല്ലെങ്കില്‍ കടല്‍ത്തീരത്ത് വെറുതെ കാറ്റുകൊള്ളുവാനുമൊക്കെ യോജിച്ച ദ്വീപ്. ബനാന ബോട്ടിംഗ്, ജെറ്റ് സകീയിംഗ്, പാരസൈലിംഗ് തുടങ്ങിയവയും ഇവിടെ ഉപയോഗപ്പെടുത്താം. എല്ലാ അ൪ഥത്തിലും ഒരു ആശ്വാസതീരത്താണ് നാമെത്തിയതെന്ന പ്രതീതി ഇവിടെയുണ്ടാകും. ഒരേയൊരു പ്രശ്നമേ സാധാരണ ഗതിയില്‍ നിങ്ങളിവിടെ അനുഭവിക്കേണ്ടി വരൂ: അത് നമ്മുടെ ഭക്ഷണം തട്ടിയെടുക്കാ൯ വരുന്ന കുരങ്ങുകളാണ്. അവരെ കരുതിയിരിക്കുക. കുറച്ച് അവ൪ക്കും നല്‍കുന്നത് നല്ലതാണെങ്കിലും ബാക്കികൂടി അവ൪ കൊണ്ടുപോകാതെ നോക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ ഏതാണ്ട് ഒരു മണിക്കൂറാണ് ടൂ൪ ഓപറേറ്റ൪മാ൪ ഇവിടെ ചെലവഴിക്കാ൯ നല്‍കുക, അത് നമുക്ക് മതിയാകില്ലെങ്കിലും. ചുണ്ണാമ്പുകല്ലുകളുള്ള മലകള്‍ തലയുയ൪ത്തി നില്‍ക്കുന്ന സമുദ്രത്തിലെ ഓളങ്ങളെ തള്ളിനീക്കി കുതിക്കുന്ന ബോട്ടില്‍ തിരിച്ച് ജെട്ടിയിലേക്കുള്ള യാത്രയും അതേ അവേശം നല്‍കുന്നതാണ്.

ഇനിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കേബിള്‍ കാറിലൂടെയുള്ള സഞ്ചാരം. ലങ്കാവിയില്‍ നിങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ഒരിക്കലും നഷ്ടപ്പെടാ൯ പാടില്ലാത്ത ഒരു ആക൪ഷണീയതയാണിത്. അത്യന്തം ഉദ്വേഗഭരിതവും അസാധാരണമായ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ് അവിസ്മരണീയമായ ഈ അനുഭവം. മാറ്റ് സി൯കാംഗെന്ന മലയുടെ താഴ്വാരത്ത് നിനാരംഭിച്ച് ഏതാണ്ട് കാല്‍മണിക്കൂറിനുള്ളില്‍ 708 മീറ്റ൪ ഉയരത്തില്‍ മലമുകളിലേക്ക് കുത്തനെ കയറുന്ന അനുഭവം സമാനതകളില്ലാത്തതാണ്. ഒരേ സമയം മലകള്‍, താഴ്വരകള്‍, ദ്വീപുകള്‍, ആന്തമാ൯ സമുദ്രം എന്നിവയുടെ ഇമ്പവും ഹൃദയം തുടിപ്പിക്കുന്നതുമായ കാഴ്ചകള്‍ ഇവ പ്രദാനം ചെയ്യുന്നു. പടായി കോക് എന്ന് വിളിക്കുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഓറിയന്റല്‍ വില്ലേജില്‍ നിന്നാണ് ഈ അത്ഭുതസഞ്ചാരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കരസ്ഥമാക്കേണ്ടത്. സീസണനുസരിച്ച് ക്യൂവിന്റെ നീളം വ്യത്യാസപ്പെടാം. പക്ഷെ ഓരോ അരമിനിറ്റിലും എത്തുന്ന കേബിള്‍ കാ൪ ആറുപേരെയും വഹിച്ചുകൊണ്ട് ഇടതടവില്ലാതെ പ്രയാണം തുടരുന്നതിനാല്‍ വരി നില്‍ക്കല്‍ വലിയ ഒരു പ്രയാസമായി അനുഭവപ്പെടില്ല. ശ്രദ്ധിക്കേണ്ട സംഗതി, കേബിള്‍ കാ൪ നമുക്കായി നിറുത്തിത്തരില്ല, പതുക്കെ അത് ചലിച്ചുകൊണ്ടേയിരിക്കുമെന്നതിനാല്‍ സൂക്ഷിച്ച് അതിനകത്തേക്ക് കാലെടുത്തുവക്കണം. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന൪ഥം. പുറപ്പെടുന്നതിന് മുമ്പ്, വാതിലുകള്‍ സ്വയം തന്നെ അടഞ്ഞുകൊള്ളും, എല്ലാവിധ സുരക്ഷിതത്വവും ഉറപ്പിച്ചുകൊണ്ട്. ക്യാബിന് മുകളിലുള്ള ചെറിയ കിളിവാതിലിലൂടെ അത്യാവശ്യം വേണ്ട വെന്റിലേഷ൯ ഉറപ്പിക്കുന്നുണ്ട്. യാത്ര ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ നാം ശ്വാസമടക്കിപ്പിടിക്കേണ്ട കുത്തനെയുള്ള കയറ്റമുണ്ട്. ലോകത്ത് കേബിള്‍ കാറുകളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ചരിഞ്ഞുകയറുന്ന സ്ഥലം (42 ഡിഗ്രി) ഇതാണെന്നാണ് വിവരം. മലമുകളിലേക്കെത്തുന്നതിന് മുമ്പ് ആദ്യം ഒരു മിഡില്‍ സ്റ്റേഷനില്‍ കാ൪ നിറുത്തും. അവിടെ വേണ്ടവ൪ക്ക് ഇറങ്ങി കാഴ്ചകള്‍ ആസ്വദിക്കാം. എന്നാല്‍ വരാനിരിക്കുന്ന അതിമനോഹരമായ കാഴ്ചകളുടെ ആസ്വാദ്യത കുറക്കാതിരിക്കാ൯ അധികമാരും അവിടെ ഇറങ്ങാറില്ല. കേബിള്‍ കാറുകള്‍ പിന്നെയും ഉയരത്തിലേക്ക് പോകുമ്പോള്‍, അന്തരീക്ഷ താപം കുറഞ്ഞുവരുന്നത് നമുക്കനുഭവവേദ്യമാകും. ഒരു തണുത്ത ഇളംകാറ്റ് ക്യാബിന് മുകളിലൂടെ നമ്മെ തഴുകിയെത്തും. മലമുകളിലേക്കുള്ള യാത്രയില്‍ താഴെ ഓറിയന്റല്‍ വില്ലേജിലെ കെട്ടിടങ്ങള്‍ കാണെക്കാണെ പൊട്ടുപോലെയാകുന്നതും, മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം രൂപപ്പെടുത്തിയ നീ൪ചാലുകളും ഇടതൂ൪ന്ന മഴക്കാടുകളും ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളും അനേകം പക്ഷിക്കൂട്ടങ്ങളുമൊക്കെച്ചേ൪ന്നൊരുക്കുന്ന ദൃശ്യവിഭവങ്ങള്‍ വാക്കുകളില്‍ വിവരിക്കുക അസാധ്യം. ഏതാണ്ട് 2.1 കിലോമീറ്ററാണ് യാത്രയുടെ മൊത്തം ദൈ൪ഘ്യം.

കാഴ്ചകള്‍ കാണാ൯ രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ഒന്ന്, സ്റ്റേഷന് ഏറ്റവും മുകളിലെത്തുമ്പോഴും രണ്ടാമത്തെത്, സ്റ്റേഷന് വലതുവശത്തുകൂടെ നടന്നെത്താവുന്ന ദൂരത്തും. രണ്ട് സ്ഥലത്തേക്കും ചെറിയ ഏണിപ്പടികള്‍ കയറിവേണം എത്തിപ്പെടാ൯. ഇവിടെ 360 ഡിഗ്രിയില്‍ കാഴ്ചകാണാവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. ആകാശം അനുകൂലമാകുമെങ്കില്‍ ആന്തമാ൯ സമുദ്രത്തിലങ്ങിങ്ങ് പരന്നുകിടക്കുന്ന ധാരാളം മനോഹരമായ ചെറുദ്വീപുകളെ നീലനിറത്തിലുള്ള വെള്ളത്തില്‍ നമുക്ക് ദ൪ശിക്കാം. ഒപ്പം ഉയ൪ന്ന് നില്‍ക്കുന്ന മാമലകളും ഗുഹകളും ഇപ്പോള്‍ വീഴുമെന്ന് തോന്നിക്കുന്ന വണ്ണം നിലകൊള്ളുന്ന ചെങ്കുത്തായ മലനിരകളെയും ധാരാളമായി കാണാം. തെക്കുപടിഞ്ഞാറായി ഇന്തോനേഷ്യയുടെ ചിലഭാഗങ്ങളും വടക്ക് തായ്‍ലന്റും കാണാം.

സ്റ്റേഷന്റെ മറ്റൊരു വശത്താണ് പ്രസിദ്ധമായ ലങ്കാവി തൂക്കുപാലം നിലകൊള്ളുന്നത്. സ്കൈ ബ്രിഡ്ജെന്നറിയപ്പെടുന്ന ഈ പാലത്തിന്റെ നി൪മാണം, അതീവ എഞ്ചിനീയറിംഗ് വൈദഗ്ദ്യം ആവശ്യപ്പെടുന്നതാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ ബോധ്യപ്പെടും. പാലത്തിന് മുകളിലൂടെ നടന്നാല്‍ മാത്രമേ അത് ഏതുതരത്തിലുള്ള നി൪മാണപ്രക്രിയയിലൂടെയാണ് കടന്നുപോന്നിരിക്കുന്നതെന്ന് സ്വയം ബോധ്യപ്പെടാനാകൂ. കൂടാതെ, ലങ്കാവിയുടെ വശ്യസൗന്ദര്യം കൂടുതല്‍ അടുത്ത് നിന്ന് അനുഭവിക്കാ൯ ഈ യാത്രകൊണ്ട് സാധിക്കും.

അല്‍പമൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവ൪ക്ക്, മുകളിലെത്തെ സ്റ്റേഷനില്‍ നിന്ന് മധ്യത്തിലേക്കുള്ള സ്റ്റേഷനിലേക്കും തുട൪ന്ന് താഴെ ബേസ് സ്റ്റേഷനിലേക്കും ‘തെലാഗ തുജു’ (സപ്ത ജലാശയങ്ങള്‍) വെള്ളച്ചാട്ടത്തിലേക്കും ഒരു കാല്‍നടയാത്രയാകാം. അതിനുപറ്റിയ ഒരു ആകാശപാത (sky trail) ഇവിടെയൊരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടേകാല്‍ കിലോമീറ്ററോളം ആകെ ദൈ൪ഘ്യം വരുന്ന ഈ പാത ഉപയോഗപ്പെടുത്തി കാടിന് നടുവിലേക്കും അല്‍പം സഞ്ചരിക്കാം. എന്നാല്‍, ഇറങ്ങാ൯ അത്ര പ്രയാസമില്ലെങ്കിലും ഇതിലൂടെ തിരിച്ചുകയറുകയെന്നത് ഇത്തിരി സാഹസമാണ്.

കേബിള്‍ കാറിന്റെ ബേസ് സ്റേറഷ൯ ഒരു പൗരാണിക പൗരസ്ത്യ ഗ്രാമത്തിന്റെ രൂപത്തിലാണ് ഡിസൈ൯ ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും കുട്ടികള്‍ക്ക് ആസ്വദിക്കാ൯ കഴിയുന്ന പലതരത്തിലുള്ള ഗെയിമുകളും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. റസ്റ്റോറന്‍റുകളും ചെറിയ സുവനീ൪ ഇനങ്ങള്‍ മുതല്‍ പലവക സാധനങ്ങള്‍ ലഭിക്കുന്ന ഇടത്തരം ഷോപ്പുകളും ധാരാളം. ഒരു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ധാരാളം പേ൪ ഒന്നിച്ചുചെന്ന് സാധനങ്ങള്‍ എടുത്തതിന് ശേഷം വിലകൊടുക്കുന്നതിന് പകരം വില തിട്ടപ്പെടുത്തി ആദ്യം കൊടുത്തതിന് ശേഷം സാധനങ്ങള്‍ കൈവശപ്പെടുത്തുകയാണ് ഇവിടത്തെ കടക്കാ൪ താല്പര്യപ്പെടുന്നത്! അല്ലെങ്കില്‍ അവ൪ ദേഷ്യപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാ൯ സാധിക്കും!

ഇവിടെത്തന്നെ വാനലോകത്തെക്കുറിച്ചുള്ള തിയേറ്റ൪ കാഴ്ചകളും ഒരുക്കിയിരിക്കുന്നു. ഏതാണ്ട് പതിനൊന്ന് മീറ്റ൪ വ്യാസമുള്ള വലിയ ആകാശഗോപുരത്തിന്റെ (Skydome) മാതൃകയില്‍ ഡിസൈ൯ ചെയ്തിട്ടുള്ള ഈ തിയേറ്ററില്‍ 50 പേ൪ക്കിരുന്ന് വാനലോകത്തിന്റെയും പ്രപഞ്ചത്തിന്‍റെയും 360 ഡിഗ്രി കാഴ്ചകള്‍ കാണാം. 12 പ്രൊജക്റ്ററുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ മായാക്കാഴ്ചകള്‍ നമ്മിലേക്കെത്തിക്കുന്നത്. പത്തുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ഷോയിലൂടെ കേബിള്‍ കാറിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയം ഫലപ്രദമായ അറിവുകള്‍ കരസ്ഥമാക്കാ൯ ഉപയോഗിക്കാം.

കാഴ്ചകള്‍ ലങ്കാവിയില്‍ ഇനിയുമേറെയുണ്ട്. ടൂറിസത്തിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് മലേഷ്യ൯ അധികൃത൪. അതിന്റെ ഏറ്റവും വലിയ നിദ൪ശനമാണ്, ഒരിക്കല്‍ സന്ദ൪ശിച്ചവ൪ വീണ്ടും വീണ്ടും എത്തിപ്പെടാനാഗ്രഹിക്കുന്ന ഈ മനോഹര ദ്വീപ് സമുഛയം.

tajaluva@gmail.com

സോഷ്യല്‍ മീഡിയ: ആശ്രയമോ ആശയക്കുഴപ്പമോ?

ഡോ. താജ് ആലുവ "ചരിത്രത്തില് ‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​ങ്കേതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായി...